top of page
2013 മെയ് 23-ന് കേന്ദ്രമന്ത്രിസഭ മലയാളത്തിന് ശ്രേഷ്ഠഭാഷയായി ഔദ്യോഗികാംഗീകാരം നല്‍കിയതിന്‍റെ സന്തോഷം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഭാഷയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണിത്. ഇന്നിന്‍റെയും നാളെയുടെയും ഭാഷയായി മാറുമ്പോഴാണ് ജനകീയതലത്തില്‍ ഭാഷ ക്ലാസിക്കലായി മാറുന്നത്. മതപരവും കോളനിയാനന്തരവുമായ ഭാഷയിലെ പ്രതിനിധാന സ്വാധീന ഘടകങ്ങള്‍ ആത്മവിമര്‍ശനവും സ്വയം തിരുത്തലും നടത്തേണ്ടതും ഇപ്പോള്‍ അനിവാര്യമായിത്തീര്‍ന്നിരിക്കുകയാണ്.
ഭരണതലം
ഭരണവും കോടതിയും ഉന്നത വിദ്യാഭ്യാസവും ബാങ്കിംഗ് ഇടപാടുകളും സ്വന്തം ഭാഷയിലാകുമ്പോഴാണ് സാധാരണക്കാരന് മാതൃഭാഷ ശ്രേഷ്ഠമാകുന്നത്.
കോടതിഭാഷയെ വിദേശഭാഷയില്‍ നിന്ന് മോചിപ്പിക്കാനുള്ള ശ്രമം 1969 മുതല്‍ നടന്നു വരികയാണ്. കോടതി വിധികള്‍ മലയാളത്തിലെഴുതാന്‍ 1973-ല്‍ ഉത്തരവുണ്ടായിട്ടുണ്ട്. സാങ്കേതിക പ്രായോഗിക പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ജുഡീഷ്യറി അതില്‍നിന്ന് ഒഴിഞ്ഞുമാറുകയാണുണ്ടായത്. 1985-ല്‍ നിയമിച്ച ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷന്‍ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി 1987 ല്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിക്കാനായി രൂപീകരിച്ച ഉന്നതതല കമ്മിറ്റി 2007 മാര്‍ച്ചില്‍ ഒരു യോഗം ചേരുകമാത്രമാണുണ്ടായത്. വിചാരണ തടവുകാരുള്‍പ്പെടെയുള്ള കേരളത്തിലെ 90 ശതമാനം തടവുകാരും ഇംഗ്ലീഷ് മനസിലാകാത്തവരാണ്. മനസിലാകാത്ത ഭാഷയില്‍ വിധിയെഴുതി നീതിപീഠങ്ങള്‍പോലും ഇത്തരക്കാരുടെ മനുഷ്യാവകാശത്തെ ഹനിക്കുകയാണ്.
2012-13 വര്‍ഷം ഭരണഭാഷാവര്‍ഷമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേരള സംസ്ഥാനം നിലവില്‍ വന്നപ്പോള്‍തന്നെ ഭരണം മലയാളത്തിലേക്കു മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതാണ്. ഭരണം മലയാളത്തിലാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ക്കായി കോവാട്ടില്‍ അച്യുതമേനോന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച കമ്മിറ്റി ഭരണശബ്ദാവലി തയ്യാറാക്കുകയും വിശദ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു. വര്‍ഷങ്ങളോളം ഇതു നടപ്പിലാക്കാതെ കിടന്നപ്പോള്‍ പൊതുജന പ്രക്ഷോഭമുണ്ടാകുകയും ഭരണം മലയാളത്തിലാക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥനായി മലയാറ്റൂര്‍ രാമകൃഷ്ണനെ നിയമിക്കുകയും ചെയ്തു. അദ്ദേഹം ഭരണശബ്ദാവലി വിപുലമാക്കുകയും ഉടനടി മലയാളം ഭരണഭാഷയാക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. അതും നടപ്പിലായില്ല. 1968-ല്‍ കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ സഹായത്തോടെ കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചതിന്‍റെ ഉദ്ദേശങ്ങളിലൊന്ന് ഭരണ മാധ്യമം മലയാളമാക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കലായിരുന്നു. പക്ഷേ ഇത്തരം പരിശ്രമങ്ങളുമായി സഹകരിക്കാന്‍ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് കടുത്ത വിമുഖതയായിരുന്നുവെന്ന് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടറായിരുന്ന എന്‍. വി. കൃഷ്ണവാര്യര്‍ എഴുതിയിട്ടുണ്ട്. (പ്രതിവാര ചിന്തകള്‍, 1982 നവംബര്‍ 4). 2012-13 ഭരണഭാഷാ വര്‍ഷത്തില്‍ പുറത്തിറങ്ങിയ സര്‍ക്കാര്‍ ഉത്തരവുകളില്‍ 25 ശതമാനവും ഇംഗ്ലീഷ് ആണെന്നത് ഒരു വൈരുദ്ധ്യം മാത്രം. (ജനപക്ഷ ചുവടുകള്‍ 2012-13 ലെ സര്‍ക്കാര്‍ ഉത്തരവുകളുടെ സമാഹാരം 2013 ഏപ്രില്‍).
2011 മെയ് 6-ന് മലയാളത്തെ നിര്‍ബന്ധിത ഒന്നാം ഭാഷയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. 2012 സെപ്റ്റംബര്‍ 1 ന് പുതിയ സര്‍ക്കാര്‍ ഇതിന്‍റെ പുതുക്കിയ ഉത്തരവിറക്കുകയും ചെയ്തു. സംസ്ഥാനത്തെ മിക്ക വിദ്യാഭ്യാസജില്ലകളിലേയും ഉദ്യോഗസ്ഥര്‍ ഈ ഉത്തരവ് നടപ്പിലാക്കാന്‍ താല്പര്യം കാണിച്ചിട്ടില്ല. ഉത്തരവ് പ്രകാരം സ്വകാര്യ ഇംഗ്ലീഷ് മാധ്യമ സ്കൂളുകളില്‍ മലയാളം പഠിപ്പിക്കണമെന്ന നിര്‍ദ്ദേശം മാനേജ്മെന്‍റുകള്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. ഗവണ്‍മെന്‍റിന്‍റെ വക്കീല്‍ കോടതിയില്‍ ഹാജരാകാത്തതിനാല്‍ മാനേജ്മെന്‍റുകള്‍ കേസ് വിജയിക്കുകയായിരുന്നു. പിന്നീട് സുപ്രീം കോടതിയിലെത്തിയ കേസില്‍ 2013 ജൂണ്‍ 14-ാം തീയതി ഒന്നാംഭാഷാ ഉത്തരവിനനുകൂലമായ വിധിയുണ്ടായി. പഞ്ചാബ് തമിഴ്നാട് മാതൃകയില്‍ സമഗ്രമാതൃഭാഷാ നിയമം രൂപീകരിക്കണമെന്ന ആവശ്യവുമായി 2013 ഏപ്രില്‍ മാസത്തില്‍ കെ. പി. രാമനുണ്ണിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നിരാഹാര സമരം നടന്നിരുന്നു. സമരക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ഇഴയുന്നതാണ് പിന്നീട് കണ്ടത്. ഭരണഭാഷ -ഒന്നാംഭാഷ- കോടതിഭാഷാ കാര്യങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ആത്മാര്‍ത്ഥത കാണിക്കേണ്ടതുണ്ട്. കേരളത്തില്‍ സാധാരണക്കാരന്‍റെ ഭാഷ അറിയാവുന്നവര്‍ മാത്രം ഉദ്യോഗസ്ഥരായാല്‍ മതിയെന്ന പി.എസ്.സിയുടെ തീരുമാനം ജനാധിപത്യപരവും യുക്തവുമായ തീരുമാനമായിരുന്നു.
പൊതുമണ്ഡലം
മാധ്യമങ്ങള്‍ക്കും മതങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും മാതൃഭാഷയെ ജനകീയമാക്കുന്നതില്‍ പങ്കുവഹിക്കുവാനുണ്ട്.
മാധ്യമങ്ങള്‍ക്കും മതങ്ങള്‍ക്കും പൊതുസമൂഹത്തിനും ഭാഷക്കനുകൂലമായി ഉറച്ചശബ്ദം മുഴക്കാനാകാത്തത് സ്വകാര്യതാല്പര്യങ്ങളെ സംരക്ഷിക്കാനുള്ളതിനാലാവണം. അതാണ് ഭാഷ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും. അമ്മയെ കൊന്നും സ്വത്തു സമ്പാദിക്കുന്നവരെപ്പറ്റിയുള്ള പത്രവാര്‍ത്തകളുടെ പൂരകമാണ് മാതൃഭാഷയുടെ കാര്യത്തിലുള്ള നിസ്സംഗതകളും.
ഭാഷാപരമായ അഭിമാനം ഏറ്റവും കുറഞ്ഞ ജനതകളിലൊന്നായിട്ടാണ് കേരളീയര്‍ ഗണിക്കപ്പെടുന്നത്. മാതൃഭാഷ സംസാരിക്കുന്ന ലോകജനസംഖ്യയുടെ എണ്ണക്കണക്കില്‍ 26-ാമത്തെ സ്ഥാനമാണ് മലയാളത്തിനുള്ളത്. മാതൃഭാഷയെന്ന നിലയില്‍ ചൈനീസ്, ഹിന്ദി, സ്പാനിഷ് എന്നിവയ്ക്കുശേഷമാണ് ഇംഗ്ലീഷിന്‍റെ സ്ഥാനം. ഇന്ത്യയില്‍ ഹിന്ദി, തെലുങ്ക്, മറാത്തി, ഗുജറാത്തി എന്നിവ മാത്രമാണ് മലയാളത്തേക്കാള്‍ മുന്നിലുള്ളത്. ഇത്തരം അഭിമാനങ്ങള്‍ മലയാളികള്‍ ഏറ്റെടുക്കാത്തത് സങ്കീര്‍ണപ്രശ്നം തന്നെയാണ്. മലയാളഭാഷ കുറച്ചു നാളായി ചര്‍ച്ചാവിഷയമാകാന്‍ ശ്രേഷ്ഠഭാഷാപദവി മാത്രമല്ല ആസന്നമായ ചില വിനാശസൂചനകളും കാരണമായിട്ടുണ്ട്. അമേരിക്കയിലുള്ള നോബല്‍ സമ്മാനജേതാവായ അമര്‍ത്യാസെന്‍ മകളോട് ബംഗാളിയിലാണ് സംസാരിക്കുന്നത്. അതേ സമയം ഡല്‍ഹിയിലെ പ്രൈമറി സ്കൂള്‍ അധ്യാപികയായ കാസര്‍ഗോഡുകാരി മകളോട് ഇംഗ്ലീഷേ സംസാരിക്കൂ എന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്യുന്നു. മലയാള ഭാഷയെപ്പറ്റി യഥാര്‍ത്ഥ അഭിമാനമില്ലാത്തവര്‍ തമിഴ് മീഡിയത്തില്‍ പഠിച്ച കെ. സേതുരാമന്‍ ഐ.എ.എസ്. എഴുതിയ 'മലയാളത്തിന്‍റെ ഭാവി' (മാതൃഭൂമി ബുക്സ്) എന്ന പുസ്തകം വായിച്ചിരിക്കേണ്ടതാണ്.
മാധ്യമം
മാധ്യമ പ്രവര്‍ത്തകരുടേയും മന്ത്രിമാരുടേയും നിയമജ്ഞരുടെയും മക്കള്‍ കോര്‍പ്പറേറ്റുകളുടെ സ്കൂളില്‍ മലയാളത്തെ കുഴിച്ചുമൂടി വിദ്യാഭ്യാസം ചെയ്യുന്നതിനാലാകാം അത്തരമാളുകള്‍ മലയാളത്തിനുവേണ്ടി ശബ്ദിക്കുമ്പോള്‍ നിഷേധഭാവമോ നിസംഗതയോ പ്രകടിപ്പിക്കുന്നത്. ചില ദിനപത്രങ്ങളും മാഗസിനുകളും ഇക്കാര്യത്തിലുള്ള നിലപാടുകള്‍ ലേഖനങ്ങളിലൂടെ പ്രകടിപ്പിക്കാറുണ്ട് എന്നത് സമ്മതിക്കാതെയും വയ്യ. ദൃശ്യമാധ്യമങ്ങളുടെ നിലപാടുകളും മാതൃഭാഷയുടെ കാര്യത്തില്‍ ആശങ്കാജനകമാണ്. യുവജനങ്ങളെ അഭിസംബോധന ചെയ്യാന്‍ ഇംഗ്ലീഷ് ഭാഷയെ ഉപയോഗിക്കാനാണ് അവയ്ക്ക് താല്പര്യം. അടുത്ത കാലത്തിറങ്ങിയ സിനിമകള്‍ പലതും ഇംഗ്ലീഷ് പേരിലാണ് തൃപ്തിനേടിയത്. കല്യാണക്കുറി ഇംഗ്ലീഷിലും മരണക്കുറിപ്പ് മലയാളത്തിലും അച്ചടിക്കുന്ന മലയാളികളുടെ സ്വാഭാവിക രീതി ഭാഷയോടുള്ള സമീപനത്തിന്‍റെ പ്രതീകമായും കാണാനാകും. മലയാളവും ഇംഗ്ലീഷും കൂട്ടിക്കലര്‍ത്തിയ ഒരുതരം ആര്‍പ്പുവിളിപോലെയാണ് ടി. വി. അവതാരകരുടെ ഭാഷാ പ്രയോഗം. മലയാളം ചാനലുകാണുന്നത് മലയാളികളാണ്. അവരോടെന്തിനാണ് മംഗ്ലീഷില്‍ സംസാരിക്കുന്നത്? ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ ഭാഷാ നിയമം പാലിക്കാറുള്ള മലയാളിക്ക് മലയാളത്തില്‍ എഴുതുമ്പോള്‍ ഭാഷാശുദ്ധി പ്രശ്നമല്ല, സാങ്കേതിക വിദ്യയുടെ ലോകത്ത് മലയാളത്തിന്‍റെ ലളിതമായ ഉപയോഗം അസാധ്യമെന്നും കരുതിയിരുന്ന കാലം മാറി. ഫെയ്സ്ബുക്കിലും, ബ്ലോഗിലും ട്വിറ്ററിലും വിക്കിപ്പീഡിയായിലുമെല്ലാം മലയാളം സര്‍വ്വസാധാരണമായിക്കഴിഞ്ഞു. മാതൃഭാഷയില്‍ ഇന്‍റര്‍നെറ്റിലെഴുതുന്നത് വിലകുറഞ്ഞ പണിയാണെന്നു കരുതുന്ന മലയാളികളും ഉണ്ട്.
മതം
രണ്ടുതരത്തിലുള്ള മാതൃഭാഷാ വീണ്ടെടുപ്പുകള്‍ ഇന്നു നടക്കുന്നുണ്ട്. ഒന്ന് - മതപരമായ മര്‍ദ്ദനങ്ങളേറ്റ സമൂഹം മതപരിവേഷമുള്ള ഭാഷയെ തിരികെപിടിക്കാന്‍ നടത്തുന്ന ശ്രമം. രണ്ട് - കൊളോണിയല്‍ ആധിപത്യത്തില്‍ പീഡനമേറ്റ ഭാഷകളുടെ വീണ്ടെടുപ്പിനുള്ള ശ്രമം. സംസ്കൃതത്തിന്‍റെയും ഹീബ്രുവിന്‍റെയും അറബിയുടേയും ചുറ്റുമുള്ള പരിവേഷം മതപരമാണ്. മൂന്നാംലോകത്തു നടക്കുന്ന ഭാഷാ പ്രവര്‍ത്തനത്തിന്‍റെ തലം മതേതരമാണ്.
വിവിധ മതവിഭാഗങ്ങള്‍ സംസാരിക്കുന്നവരുടെ മാതൃഭാഷയെന്ന നിലയില്‍ മതസ്വത്വത്തിന്‍റെയല്ല, പകരം മതേതരമായൊരു ആധുനിക സമൂഹത്തിന്‍റെ ചിഹ്നമാണ് മലയാളഭാഷ. മുസ്ലീം-ക്രിസ്ത്യന്‍ പശ്ചാത്തലത്തിലുള്ള മതനവീകരണത്തിന്‍റെയും നവോത്ഥാനത്തിന്‍റെയും അടിസ്ഥാനപരമായ ഭാഗമായിരുന്നു മാതൃഭാഷയെ സംബന്ധിച്ച കാഴ്ചപ്പാട്. ബാലാഭ്യസനം എന്ന പ്രസിദ്ധലേഖനത്തില്‍ (1867) റവ. ജോര്‍ജ് മാത്തന്‍ മാതൃഭാഷില്‍ വിദ്യാഭ്യാസം നടത്തേണ്ടതിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്. എ. ആര്‍. രാജരാജവര്‍മ ഇക്കാര്യം ഉറപ്പിച്ചു പറയുകയും മലയാളത്തിനായി ഒരു സര്‍വ്വകലാശാലക്കുവേണ്ടി വാദിക്കുകയും ചെയ്തിരുന്നു. നവോത്ഥാന നായകനായിരുന്ന മഖ്ദിതങ്ങള്‍ അറബിമാത്രം ശീലിച്ചുവന്ന മുസ്ലീം വിഭാഗത്തോട് മാതൃഭാഷ പഠിക്കാന്‍ ആഹ്വാനം ചെയ്യുകയാണുണ്ടായത്. പിന്നീട് ഭാഷയില്‍ ഖുര്‍ ആന്‍ പരിഭാഷകളുമുണ്ടായി. മാതൃഭാഷയെ മറന്നുകൊണ്ടാണ് ഇന്ന് ആഗോളവത്കരണത്തിന്‍റെ സ്ഥാപനങ്ങള്‍ രൂപംകൊള്ളുന്നത്. മതമോ, ജാതിയോ, ആള്‍ ദൈവങ്ങളോ തുടങ്ങുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇന്ന് ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍. സൗന്ദര്യബോധത്തില്‍ പ്രാകൃതരും ഉപകരണബോധത്തില്‍ ഉത്തരാധുനീകരുമായ ഒരു യുവതലമുറയാണ് ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ കേരളത്തില്‍ ഇന്ന് രൂപപ്പെടുന്നത്. മിഷനറി മലയാളം മലയാളഭാഷയിലെ ഒരു അഭിമാനഘട്ടത്തെ കുറിക്കുമ്പോള്‍ സമകാലിക പാതിരി മലയാളം ഭാഷയിലെ വികലതകളെ പ്രതിനിധികരിക്കുകയാണ്. കോമഡി കാസറ്റുകള്‍ അതിനെ പെരുപ്പിച്ചു കാണിക്കുകയും ചെയ്യുന്നു. സമൂഹനേതൃത്വം വഹിക്കുന്ന വൈദികര്‍ ഭാഷ ആഴത്തില്‍ പഠിക്കാന്‍ തയ്യാറായാല്‍ മാതൃഭാഷക്ക് ഗുണകരമായ സംഭാവനകള്‍ നല്‍കാന്‍ അത് ഇടവരുത്തിയേക്കാം. മലപ്പുറത്തെ അലിഗഡ് സര്‍വ്വകലാശാലാ കേന്ദ്രത്തിനോടുള്ള സ്നേഹം മലയാള സര്‍വ്വകലാശാലയോടും ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ പ്രകടിപ്പിച്ചാല്‍ അത് ഭാഷയെ സഹായിക്കുക തന്നെ ചെയ്യും.
മലയാളം സര്‍വ്വകലാശാല
മലയാളം സര്‍വ്വകലാശാല മലയാളഭാഷയും സാഹിത്യവും പഠിപ്പിക്കുന്ന അധ്യാപകരുടെ മാത്രം സ്ഥലമാകരുത്. വിജ്ഞാനഭാഷയെന്ന നിലയില്‍ മുന്നോട്ടു കൊണ്ടുപോകുന്നതായിരിക്കണം അത്. ശാസ്ത്ര സാങ്കേതികരംഗമുള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ മലയാളത്തെ വികസിപ്പിക്കുന്നതായിരിക്കണം അതിന്‍റെ ലക്ഷ്യങ്ങളിലൊന്ന്. മാനവിക-ശാസ്ത്ര-സാമൂഹ്യ വിഷയങ്ങള്‍ മലയാളത്തില്‍ പഠിപ്പിക്കുന്നതിനും ഗവേഷണം നടത്തുന്നതിനും സാധ്യമായ സംവിധാനം അവിടെയുണ്ടാകണം. ഇംഗ്ലീഷിനോടുള്ള വിരോധം പ്രചരിപ്പിക്കാനുള്ള വാദമല്ലിത്. ഇംഗ്ലീഷിനെ അതിന്‍റെ ആധിപത്യയുക്തിയില്‍നിന്ന് സ്വതന്ത്രമായി കാണാനും അതിന്‍റെ മൂല്യങ്ങളെ സ്വാംശീകരിക്കാനുമുള്ളതാണ്.
മൂന്നാം ലോകഭാഷകളിലൂടെയും സാഹിത്യത്തിന്‍റെയും സംസ്കാരത്തിന്‍റെയും പഠനത്തിനിവിടെ സാധ്യതയുണ്ടാകണം. മലയാളത്തിലെ വിജ്ഞാനം മറ്റുഭാഷകളിലേക്കും, മറ്റുഭാഷകളിലെ വിജ്ഞാനം മലയാളത്തിലേക്കും വിനിമയം ചെയ്യാനുള്ള ഉപാധികള്‍ ഒരുക്കുമ്പോഴാണ് മലയാളത്തെ ലോകഭാഷയായി ഉയര്‍ത്താന്‍ മലയാളം സര്‍വ്വകലാശാലക്ക് കഴിയുന്നത്. ശാസ്ത്രപഠനത്തെ ജനാധിപത്യവത്കരിക്കാന്‍ ഈ സര്‍വ്വകലാശാലയ്ക്ക് കഴിയണം. ശാസ്ത്രയുക്തിയെ സൗന്ദര്യാത്മകതകൊണ്ട് പൂരിപ്പിച്ചും, സമൂഹത്തിന്‍റെ സൗന്ദര്യശാസ്ത്രപരമായ നേട്ടങ്ങളെ സാമൂഹ്യവത്കരിച്ചും ഈ ജനാധിപത്യവത്കരണം സാധ്യമാകുന്നതാണ്. മലയാളം അധ്യാപകരുടെ ലാവണം എന്നതിനേക്കാള്‍ മലയാളത്തില്‍ വിവിധ ശാസ്ത്രവിഷയങ്ങള്‍ പഠിപ്പിക്കുന്ന കേന്ദ്രമാകണം മലയാളം സര്‍വ്വകലാശാല.
ആധുനിക തത്വചിന്തയും, സോഷ്യോളജിയും, ആന്ത്രോപ്പോളജിയും, സാമൂഹ്യശാസ്ത്ര പഠനങ്ങളും മലയാളത്തില്‍ വിരളമായേ എഴുതപ്പെട്ടിട്ടുള്ളൂ. ജ്ഞാനോല്പ്പാദനത്തിന്‍റെയും വൈജ്ഞാനിക ഭാഷയുടെയും പ്രതിസന്ധി മലയാളത്തിനുണ്ട്. ശാസ്ത്രവും മലയാളവുമായുള്ള നിരന്തരമായ ബന്ധത്തിലൂടെ മാത്രമേ ആവശ്യമായ പദസമ്പത്ത് നമുക്ക് ആര്‍ജിക്കാന്‍ കഴിയൂ. ബിരുദ-ബിരുദാനന്തര വിദ്യാഭ്യാസം പൂര്‍ണമായും ഇംഗ്ലീഷിലായത് വൈജ്ഞാനികഭാഷയുടെ മുരടിപ്പിന് ഒരു കാരണമായിരുന്നു. വിജ്ഞാനം ജനകീയവത്കരിക്കപ്പെടാന്‍ അതു മാതൃഭാഷയിലാകണം. ഇവിടെയുണ്ടാകുന്ന ഗവേഷണപഠനങ്ങള്‍ മലയാളത്തില്‍ ലഭ്യമാക്കാന്‍ നടപടികള്‍ ഉണ്ടാകണം. വിവര്‍ത്തനങ്ങള്‍ക്കൊണ്ടുമാത്രം മലയാളഭാഷക്ക് നിലനില്‍ക്കാനാകില്ല. മലയാളത്തിലുള്ള സ്വതന്ത്രമായ എഴുത്തുകളും വളര്‍ച്ച കാണിക്കണം. മലയാളത്തെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ സാഹിത്യതലത്തില്‍ മാത്രം ചുരുങ്ങരുത്. തൊഴിലിന്‍റേയും തൊഴിലിടങ്ങളുടേയും ഭാഷ മലയാളമാകണം. ശ്രേഷ്ഠഭാഷാ പദവി ലഭിക്കുകയും മലയാളം സര്‍വ്വകലാശാല നിലവില്‍ വരികയും ചെയ്തു. പക്ഷേ പുതുതലമുറ മലയാളം പഠിക്കാതെ ജീവിതത്തില്‍നിന്നു പുറംതള്ളിയാല്‍ ക്ലാസിക്കല്‍ പദവി ഒരു പൊങ്ങച്ചമായിത്തീരും. ഇംഗ്ലീഷ് പഠിക്കുന്നതല്ല പ്രശ്നം. "ഇംഗ്ലീഷിലൂടെ മാത്രമുള്ള പഠനമാണ് പ്രശ്നം." ശാസ്ത്രസാങ്കേതിക പദങ്ങളുടെ വിവര്‍ത്തനത്തിലുള്ള പ്രയാസം തത്സമപദങ്ങള്‍ക്കൊണ്ട് പരിഹരിക്കുന്നതില്‍ തെറ്റില്ല. ഏതുഭാഷകളില്‍ നിന്ന് വാക്കുകള്‍ കടമെടുത്താലും അത് പദസമ്പത്തിനെ വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ. ഈ പ്രക്രിയ ഭാഷയെ തകര്‍ക്കുംവിധം നിയന്ത്രണംവിട്ടു പോകരുതെന്നു മാത്രം. വിവര്‍ത്തനങ്ങള്‍ വഴി മൂന്നാം ലോകരാജ്യങ്ങളിലെ മാതൃഭാഷകളിലുള്ള വിജ്ഞാനങ്ങളുമായി നേരിട്ടു സംവദിക്കാനും മലയാളത്തിനെ പ്രാപ്തമാക്കാന്‍ മലയാളം സര്‍വ്വകലാശാലക്കു കഴിയണം.
മലയാളം അറിവുകൊണ്ടും തൊഴിലുകൊണ്ടും നമ്മെ രക്ഷപ്പെടുത്താന്‍ പ്രാപ്തിയുള്ള ഭാഷയായി വളരുമ്പോള്‍ കൂടുതല്‍ ജനകീയമായ അംഗീകാരം ലഭിക്കും. വായന-സാഹിത്യ-കമ്പ്യൂട്ടര്‍ രംഗങ്ങളില്‍ ഭാഷ വ്യാപകമാകുമ്പോഴാണ് ശ്രേഷ്ഠപദവി പൂര്‍ണ്ണതയുള്ളതാകുന്നത്. ജീവിതം തരുന്ന ഭാഷയാക്കി മലയാളഭാഷയെ ഉയര്‍ത്തണമെങ്കില്‍ ഗുണകരമായ മാറ്റങ്ങള്‍ക്ക് ഇനിയും അവസരമൊരുക്കണം. നൂറുകോടി കണക്കൊപ്പിച്ച് ചെലവഴിച്ച് തലയൂരിയാല്‍ ജനകീയകോടതിയില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ വിചാരണ ചെയ്യപ്പെട്ടേക്കാം. മലയാളഭാഷയുടെ വളര്‍ച്ചക്കുതകുന്ന അക്കാദമിക പദ്ധതികള്‍ തയ്യാറാക്കാനും അവ ജനങ്ങളുടെയും ഭരണാധികാരികളുടേയും മുമ്പില്‍ തുറന്ന ചര്‍ച്ചക്കു വെക്കാനും ഗുണകരമായവ നടപ്പിലാക്കാനും മലയാളം സര്‍വ്വകലാശാലയ്ക്ക് കഴിയണം. ശ്രേഷ്ഠഭാഷയുടെ ജനകീയവത്കരണത്തില്‍ ഫലപ്രദമായ പങ്കുവഹിക്കാന്‍ മലയാളം സര്‍വ്വകലാശാലക്കു കഴിയും. കുറച്ചുപേരുടെ ഉപജീവനമാര്‍ഗ്ഗം മാത്രമായി അത് ചുരുങ്ങിപ്പോകരുത്.
ഉപസംഹാരം
മലയാളം എന്ന പേര് പശ്ചാത്യമിഷനറിമാരുടെ ഭാഷാപരമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് പ്രചാരത്തില്‍ വന്നത്. മലയാളഭാഷ എന്ന പേര് 14-ാം നൂറ്റാണ്ടിലെ ഭീമേശ്വര പുരാണമു എന്ന തെലുങ്കു കാവ്യത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടും മലയാളം എന്ന വാക്ക് ദേശീയമായ ഒരെഴുത്തുകാരനും മിഷനറിമാര്‍ക്കു മുന്‍പ് ഉപയോഗിച്ചിട്ടില്ലത്രേ. ശ്രേഷ്ഠഭാഷാ പദവിയിലൂടെ മലയാളത്തിന്‍റെ പാരമ്പര്യവും കരുത്തും ഇന്ന് അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. മാധ്യമങ്ങളും മതങ്ങളും കോടതിയും ഭരണതലവും പൊതുജനവും ശ്രേഷ്ഠഭാഷാ പദവിയുടെ അര്‍ത്ഥ സമ്പുഷ്ടതക്കായി അല്പംകൂടി ആത്മാര്‍ത്ഥത കാണിക്കുകയും ഊര്‍ജം പകരുകയും ചെയ്താല്‍ മലയാളം ഇനിയും സമ്പന്നമായിത്തീരും. ഔദ്യോഗിക ശ്രേഷ്ഠഭാഷയായിത്തീര്‍ന്ന മലയാളത്തിന് ജനകീയ ശ്രേഷ്ഠഭാഷയിലേക്ക് ഇനിയും കാതങ്ങള്‍ താണ്ടാനുണ്ട്. അതിനുള്ള പ്രയത്നത്തിലാണ് മലയാളം ഭാവിയുടെ ഭാഷയായിത്തീരുന്നത്.