ജോര്‍ജ് വലിയപാടത്ത്
Oct 4
കെട്ടിടനിര്‍മ്മാണ ചട്ടം എല്ലാ ഗ്രാമപഞ്ചായത്തുകളിലും പ്രാബല്യത്തിലാക്കിയതോടെ പൊതുജനങ്ങള്‍ക്ക് ഒട്ടേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതായി ധാരാളം പരാതികള്‍ പല സ്ഥലങ്ങളില്‍നിന്നും കേള്‍ക്കാറുണ്ട്. എന്നാല്‍ പഞ്ചായത്തുപരിധിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും ധാരാളം ഇളവുകള്‍ ഈ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു. പ്രത്യേകിച്ച് വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ നല്‍കുന്ന ഭവനപദ്ധതികള്‍ക്ക്.
നിര്‍മ്മാണനുമതി വാങ്ങാതെ വീട് / കെട്ടിടം നിര്‍മ്മിച്ചാല്‍ അത് അനധികൃതകെട്ടിടമായി കണക്കാക്കുകയും കെട്ടിടം നിയമപരമായിതന്നെ പൊളിച്ചുനീക്കുന്നതിനും സഹായിക്കുന്ന നിയമം നിലനില്‍ക്കുന്നു. നിര്‍മ്മാണാനുമതി ഇല്ലാതെ പണിയുന്ന കെട്ടിടങ്ങള്‍ക്ക് കെട്ടിട നമ്പര്‍ നല്‍കുന്നതിനു സാധിക്കാതെവരുന്നു. ഈ സാചര്യത്തില്‍ എന്തൊക്കെയായാലും അനധികൃത നിര്‍മ്മാണം അധികാരികളുടെ ശ്രദ്ധയില്‍ വരുന്നു. പിന്നീട് ഉദ്യോഗസ്ഥ/ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകാനുള്ള സാധ്യതയും അഴിമതി/ ക്രമക്കേടിനും വീട്ടുടമയ്ക്ക് ധന/ സമയ/ മാനനഷ്ടങ്ങള്‍ക്കും ഇടയാക്കുന്നു. കെട്ടിടനമ്പര്‍ ഇല്ലാതെ വൈദ്യുതി കണക്ഷനോ, വാടകയ്ക്കോ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കോ ഒന്നും കെട്ടിടം ഉപയോഗിക്കുന്നതിനു സാധിക്കില്ല.
കെട്ടിടം പണിയുന്നയാള്‍ നിര്‍മ്മാണ അനുമതിക്കായി (ബില്‍ഡിങ്ങ് പെര്‍മിറ്റ്) അപേക്ഷ നല്‍കുമ്പോള്‍ സ്ഥലത്തിന്‍റെ ആധാരത്തിന്‍റെ പകര്‍പ്പ് സ്ഥലത്തിന്‍റെ ലൊക്കേഷന്‍ മാപ്പ്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് (6 മാസത്തിനുള്ളിലുള്ളത്) തിരിച്ചറിയല്‍ കാര്‍ഡിന്‍റെ കോപ്പി, അംഗീകൃത എന്‍ജിനീയറുടെ പ്ലാന്‍ എന്നിവ ഉള്‍പ്പെടുത്തി അപേക്ഷ നല്‍കണം. ഇതോടൊപ്പം ഗ്രാമപഞ്ചായത്തുകളില്‍നിന്നും സൗജന്യമായി ലഭിക്കുന്ന കെട്ടിടനിര്‍മ്മാണനുമതിക്കുള്ള അപേക്ഷഫാറം പൂരിപ്പിച്ച് അഞ്ച്രൂപയുടെ കോര്‍ട്ട്ഫീ സ്റ്റാമ്പും പതിച്ച് സമര്‍പ്പിക്കണം. ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
കെട്ടിടം നിര്‍മ്മിക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന് റോഡില്‍നിന്നും നിശ്ചിത അകലം ഉണ്ടായിരിക്കണം. റോഡിന്‍റെ ഇനമനുസരിച്ച് 3 മീറ്റര്‍ മുതല്‍ മുകളിലേയ്ക്ക് അകലം ഉണ്ടായിരിക്കണം. കെട്ടിടവും തൊട്ടടുത്ത അതിര്‍ത്തിക്കാരനും തമ്മില്‍ നാലുവശത്തും ഒരു മീറ്റര്‍ എങ്കിലും അകലം കാണണം. അപകടകരമായ അവസ്ഥയിലുള്ള മണ്‍തിട്ടകള്‍/ വെള്ളക്കെട്ടുകള്‍ തുടങ്ങിയസ്ഥലത്ത് നിര്‍മ്മാണാനുമതി ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. ഗ്രാമ/ബ്ലോക്ക് പഞ്ചായത്തുറോഡുകളില്‍ നിന്നും മൂന്ന് മീറ്ററാണ് നിര്‍മ്മാണത്തിന് ദൂരം പറയുന്നത്. ടി ദൂരം സ്വന്തം പുരയിടത്തിന്‍റെ അതിര്‍ത്തിയില്‍ നിന്നുമാണ് നല്‍കേണ്ടത്. നിലം / പാടം എന്ന് ആധാരത്തിലുള്ളവയ്ക്ക് പ്രത്യേക അനുമതി ഉണ്ടെങ്കില്‍ മാത്രമേ നിര്‍മ്മാണാനുമതി നല്‍കുകയുള്ളൂ.
ചെറിയ കെട്ടിടങ്ങള്‍ക്ക് അംഗീകൃത ലൈസന്‍സിയുടെ പ്ലാന്‍ എന്നതില്‍ ചില ഇളവുകള്‍ അനുവദിക്കുന്നുണ്ട്. വലിയ ഷീറ്റില്‍ ഉള്ള പ്ലാനുകള്‍ ഇവയ്ക്ക് നിര്‍ബന്ധമില്ല. ഇവയുടെ പ്ലാനായി സിംഗിള്‍ ലൈന്‍ പ്ലാനുകള്‍ ചെറിയ ഷീറ്റില്‍ നല്കിയാലും മതിയാകും. ഗ്രാമ /ബ്ലോക്ക് / ജില്ല പഞ്ചായത്തുകളുടെ സഹായത്തോടെ നിര്‍മ്മിക്കുന്ന ഭവനങ്ങള്‍ക്ക് ഗ്രാമപഞ്ചായത്തിന്‍റെ എന്‍ജിനീയര്‍/ ഓവര്‍സിയര്‍ തന്നെ പ്ലാന്‍വരച്ചുനല്‍കണം എന്ന നിയമം നിലനില്‍ക്കുന്നുണ്ട്. EMS / IAY പദ്ധതികള്‍ക്കായി തയ്യാറാക്കിയ പ്ലാനുകള്‍ സൗജന്യമായി ഗ്രാമപഞ്ചായത്തുകളില്‍ ലഭ്യമാണ്. കെട്ടിടനിര്‍മ്മാണ അനുമതിക്ക് അപേക്ഷ ലഭിച്ചാല്‍ ഗ്രാമപഞ്ചായത്തിന്‍റെ എന്‍ജിനീയര്‍ / ഓവര്‍സീയര്‍ എന്നിവരോ പഞ്ചായത്ത് സെക്രട്ടറി/ സെക്രട്ടറി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ സ്ഥലം പരിശോധിക്കുകയും റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യുന്നു.
കെട്ടിടനിര്‍മ്മാണത്തിനുവേണ്ട രേഖകളില്‍ സ്ഥലത്തിന്‍റെ രേഖകള്‍ ആധാരം/ പട്ടയത്തിന്‍റെ കോപ്പി ഹാജരാക്കാനില്ലാത്ത പക്ഷം അതതു തഹസീല്‍ദാര്‍മാരുടെ NOC സര്‍ട്ടിഫിക്കറ്റ് നൽകിയാൽ മതിയാകും. നിലം / പാടം ആയിട്ടുള്ള സ്ഥലത്തിന്‍റെ കെട്ടിടനിര്‍മ്മാണത്തിനായി പ്രത്യേക അനുമതിയുണ്ടെങ്കില്‍ പെര്‍മിറ്റ് ലഭിക്കും.
ഇവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ഗ്രാമപഞ്ചായത്തുകളിലെ അക്ഷയ ഹെല്‍പ്ഡെസ്ക്കുകളില്‍നിന്നും ഗ്രാമപഞ്ചായത്താഫീസുകളില്‍നിന്നും ലഭ്യമാണ്.