top of page

മെഡിക്കല്‍ മിഷന്‍സന്യാസസഭ (MMS) ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍

Sep 10

5 min read

സി. മിനി ഒറ്റപ്ലാക്കല്‍ MMS
Marygiri Hospital Bharananganam
മേരി​ഗിരി ആശുപത്രി

ആതുരസേവനം ദൗത്യമായി ഏറ്റെടുത്ത മെഡിക്കല്‍ മിഷന്‍ സന്യാസസഭ (MMS) അതിന്‍റെ സ്ഥാപനത്തിന്‍റെ ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍ സന്യാസ സഭാസ്ഥാപനവും കേരളത്തില്‍ ഈ സഭയുടേയും മേരിഗിരി ആശുപത്രിയുടേയും തുടക്കവും വളര്‍ച്ചയും ഒന്ന് തിരിഞ്ഞുനോക്കുന്നത് ഉചിതമാണ്. സ്കോട്ലാന്‍റ് സ്വദേശിനിയായിരുന്ന ഒരു പ്രസ്ബിറ്റേറിയന്‍ വനിത ഡോ. ആഗ്നസ് മക്ലാരന്‍ സ്വാതന്ത്ര്യത്തിനു മുമ്പ് ഇന്ത്യയുടെ ഭാഗമായിരുന്ന പാക്കിസ്ഥാനില്‍ മുസ്ലീം വനിതകള്‍ പ്രസവത്തോടെയും അല്ലാതെയും ചികിത്സ ലഭിക്കാതെ മരിക്കുകയും ഏറെ യാതനകള്‍ അനുഭവിക്കുകയും ചെയ്യുന്നു എന്ന് നേരിട്ട് മനസ്സിലാക്കുവാന്‍ ഇടയായി. അറുപത്തിയൊന്നാം വയസ്സില്‍ കത്തോലിക്കാ സഭയില്‍ ചേര്‍ന്ന ഡോ. ആഗ്നസ് മക്ലാരന്‍, സന്യസ്തരെ ആതുരശുശ്രൂഷാരംഗത്ത് പ്രവര്‍ത്തിക്കുന്നത് തടയുന്ന കാനന്‍ നിയമം 139 റദ്ദാക്കിക്കിട്ടുന്നതിനായി പലതവണ ക്രൈസ്തവ സഭാകേന്ദ്രമായിരുന്ന റോമിലേക്ക് യാത്ര ചെയ്യുകയും മാര്‍പാപ്പയോട് അപേക്ഷിക്കുകയും ചെയ്തെങ്കിലും അനുകൂല നടപടി കാണാതെ 1913-ല്‍ നിത്യതയിലേയ്ക്ക് യാത്രയായി.

Mother Anna Dengal
മദര്‍ അന്ന ഡെങ്കല്‍

പാക്കിസ്ഥാനിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വൈദ്യസഹായം നല്‍കുന്നതിന് വനിതാ ഡോക്ടറുടെ സേവനം മാത്രമെ സഹായകമാകൂ എന്ന് മനസ്സിലാക്കിയ ഡോ. ആഗ്നസ് മക്ലാരന്‍ മിഷനറി പ്രവര്‍ത്തനത്തിനു താല്‍പര്യമുള്ള ഒരു യുവതിയെ മെഡിസിന്‍ പഠിക്കുന്നതിന്, ആഹ്വാനം ചെയ്തുകൊണ്ട് ഒരു ഇംഗ്ലീഷ് മാസികയില്‍ പരസ്യം ചെയ്തു. ഈ പരസ്യം കാണാനിടയായ ഓസ്ട്രിയക്കാരിയായ അന്ന ഡങ്കല്‍ എന്ന പെണ്‍കുട്ടി, ഡോ. ആഗ്നസ് മക്ലാരന്‍റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയാവുകയും മെഡിസിന്‍ പഠിക്കുന്നതിനും ഇന്ത്യയില്‍ മിഷന്‍ പ്രവര്‍ത്തനം നടത്തുന്നതിനുമുള്ള തന്‍റെ താല്‍പര്യം ഉടന്‍തന്നെ മക്ലാരനെ അറിയിക്കുകയും ചെയ്തു. അങ്ങനെ അന്ന ഡങ്കല്‍ 1919-ല്‍ അയര്‍ലന്‍റിലെ കോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടി. 1920-ല്‍ ഇന്ത്യയില്‍ വന്ന അന്ന റാവല്‍പിണ്ടിയിലെ സെന്‍റ്. കാതറിന്‍സ് ഹോസ്പിറ്റലിന്‍റെ ചുമതല ഏറ്റെടുത്തു.

അവിഭക്ത ഇന്ത്യയിലെ പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സ്ഥിതി മെച്ചപ്പെടുത്താന്‍ ഒരു വ്യക്തിയുടെ തനിച്ചുള്ള ശ്രമത്തേക്കാളേറെ ഒരു സംഘടിത ശ്രമം ആവശ്യമാണെന്നു മനസ്സിലാക്കിയ മദര്‍ അന്ന ഡെങ്കല്‍ തല്ക്കാലം തന്‍റെ ദൗത്യം നിര്‍ത്തിവച്ച് നേരെ അമേരിക്കയിലേയ്ക്ക് പോയി. ഏറെ ആലോചനകള്‍ക്കും പ്രാര്‍ത്ഥനയ്ക്കുമൊടുവില്‍ സമാനചിന്താഗതിക്കാരായ മറ്റു മൂന്നു യുവതികളുമായി ചേര്‍ന്ന് (Marie Ulbrich, Mary Evelyn Flieger, Dr. Joanna Lyons) 1925-ല്‍ മെഡിക്കല്‍ മിഷന്‍ സന്യാസ സഭ രൂപീകരിച്ചു.


First Four Pioneers of the Congregation, including Mother Dengal
മദർ അന്ന ഡ‍െങ്കലും ആദ്യ സന്ന്യാസ സഹോദരിമാരും

'കാനന്‍ നിയമം - 139' മാറ്റിക്കിട്ടുവാനുമുള്ള ഡോ. ആഗ്നസ് മക്ലാരന്‍റെ ശ്രമം പൂര്‍ത്തീകരിക്കുന്നതിനായി ഡോ. അന്ന ഡെങ്കല്‍ 3 പ്രാവശ്യം റോമിലേയ്ക്ക് യാത്ര ചെയ്ത് മാര്‍പ്പാപ്പയ്ക്ക് നിവേദനം സമര്‍പ്പിച്ചു. ഒടുവില്‍ ഡോ. അന്ന ഡെങ്കലിന്‍റെയും മറ്റു ചില സന്യസ്തരുടെയും കൂട്ടായ പരിശ്രമഫലമായി 1936 ഫെബ്രുവരി പതിനൊന്നാം തീയതി പതിനൊന്നാം പീയൂസ് മാര്‍പ്പാപ്പ കാനന്‍ നിയമം 139 റദ്ദാക്കുകയും, സന്യസ്തര്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസവും ആതുരശുശ്രൂഷയും അതിന്‍റെ പൂര്‍ണ്ണ നിലയില്‍ നിറവേറ്റുവാന്‍ അനുവദിച്ചുകൊണ്ട് വത്തിക്കാന്‍ ഉത്തരവു പുറപ്പെടുവിക്കുകയും ചെയ്തു. അങ്ങനെ ലോകമെങ്ങുമുള്ള സന്യസ്തര്‍ക്ക് വൈദ്യപഠനവും ആതുരസേവനവും ചെയ്യുന്നതിനുള്ള പാത തുറക്കുന്നതിന് മദര്‍ ഡെങ്കല്‍ കാരണമായി. കത്തോലിക്കാസഭയിലുണ്ടായ ഈ വലിയ തുറവി ആതുരസേവനത്തിനായി മദര്‍ ഡെങ്കല്‍ തുടങ്ങിവച്ച മെഡിക്കല്‍ മിഷന്‍ സന്യാസസഭയ്ക്ക് തങ്ങളുടെ ദര്‍ശനവും, ദൗത്യവും അതിന്‍റെ പൂര്‍ണ്ണതയില്‍ ജനങ്ങളിലേയ്ക്കെത്തിക്കുന്നതിന് സാധ്യമാക്കി.

സന്യാസസഭാസ്ഥാപനത്തിനു മുമ്പുതന്നെ മെഡിക്കല്‍ രംഗത്ത് പ്രൊഷണല്‍ വിദ്യാഭ്യാസം നേടിയ ഡോ. അന്ന ഡെങ്കലിനും ആദ്യ ബാച്ചുകളിലെ സന്യാസിനികള്‍ക്കും കാനന്‍നിയമത്തില്‍ വരുത്തിയ മാറ്റം ഏറെ സഹായകമായി. പാക്കിസ്ഥാനിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി തുടങ്ങിവച്ച മെഡിക്കല്‍ മിഷന്‍ സന്യാസസഭയുടെ വേറിട്ട പ്രവര്‍ത്തനശൈലി ലോകരാജ്യങ്ങളുടെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ചു. എല്ലാ രാജ്യങ്ങളില്‍ നിന്നും തങ്ങളുടെ പ്രദേശത്ത് മെഡിക്കല്‍ മിഷന്‍ സന്യാസസഭയുടെ ശാഖ തുടങ്ങണമെന്ന ആവശ്യം മദര്‍ ഡെങ്കലിന് ലഭിച്ചുതുടങ്ങി. അങ്ങനെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് മെഡിക്കല്‍ മിഷന്‍ സന്യാസ സഭ വ്യാപിച്ചു.

സീറോ മലബാര്‍ സഭയിലെ കത്തോലിക്കാമിഷന്‍ ആശുപത്രികളുടെ മുത്തശ്ശിയായ മേരിഗിരിയെന്നറിയപ്പെടുന്ന ഐ.എച്ച്.എം. (ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി) ഹോസ്പിറ്റലിന്‍റെ ഉത്ഭവവും വളര്‍ച്ചയും മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്സ് എന്ന സന്യാസ സമൂഹത്തിന്‍റെ കേരളത്തിലെ പ്രവര്‍ത്തനങ്ങളുടെ ആരംഭവും വളര്‍ച്ചയുമായി ബന്ധപ്പെട്ടുകിടക്കുന്നു.

ഇന്ത്യയില്‍ ഈ കൊച്ചുകേരളത്തില്‍ ഭരണങ്ങാനം ഇടവകയില്‍പ്പെട്ട വൈദികനായിരുന്ന സെബാസ്റ്റ്യന്‍ പിണക്കാട്ട് ചെറുപ്പം മുതല്‍ മനസ്സില്‍ സൂക്ഷിച്ചിരുന്ന സ്വപ്നമായിരുന്നു ഭരണങ്ങാനത്ത് എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു കത്തോലിക്ക മിഷന്‍ ആശുപത്രി തുടങ്ങുക എന്നത്. ഈയവസരത്തില്‍ പിണക്കാട്ടച്ചന്‍, ഡോ. അന്ന ഡെങ്കല്‍ സ്ഥാപിച്ച മെഡിക്കല്‍ മിഷന്‍ സന്യാസ സഭ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ചെയ്തുവന്നിരുന്ന മികവുറ്റ ആതുരസേവന പ്രവര്‍ത്തനങ്ങളെപ്പറ്റി കേള്‍ക്കാനിടയായി. മദര്‍ ഡെങ്കലിന്‍റെയും കൂട്ടരുടെയും മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏറെ താല്പര്യം തോന്നിയ പിണക്കാട്ടച്ചന്‍ തന്‍റെ മനസ്സിലെ ആഗ്രഹവും അന്നത്തെ ഇന്ത്യയിലെയും കേരളത്തിലേയും ആരോഗ്യ പശ്ചാത്തലവും മദറിനെ കത്തുകളിലൂടെ അറിയിക്കുകയും കേരളത്തില്‍ മേഡിക്കല്‍ മിഷന്‍ സന്യാസ സഭ സ്ഥാപിക്കുന്നതിനും ഭരണങ്ങാനത്ത് ഒരു ആശുപത്രി തുടങ്ങുന്നതിനുമായി മദറിനെ സ്നേഹപൂര്‍വ്വം ക്ഷണിക്കുകയും ചെയ്തു. ആദ്യം ക്ഷണം നിരാകരിച്ചെങ്കിലും ഈ പ്രദേശത്തിന്‍റെ സ്ഥിതി മനസ്സിലാക്കിയ മദര്‍ ആദരണീയനായ സെബാസ്റ്റ്യന്‍ പിണക്കാട്ടച്ചന്‍റെ നിരന്തരമായ അഭ്യര്‍ത്ഥനയുടെ ഫലമായി ഭരണങ്ങാനത്ത് ആശുപത്രി തുടങ്ങാമെന്ന് സമ്മതിച്ചു.


Pioneers of MMS Kerala Foundation
കേരളത്തിൽ MMs ഫൗണ്ടേഷ​ന് തുടക്കം കുറിച്ചവർ

മെഡിക്കല്‍ രംഗത്ത് ഫലപ്രദമായ സേവനം ചെയ്യുന്നതിന് അര്‍പ്പണ മനോഭാവവും സഹാനുഭൂതിയും സേവന സന്നദ്ധതയും മാത്രം പോരാ, പ്രൊഫഷണല്‍ വിദ്യാഭ്യാസവും അനിവാര്യമാണെന്ന് നന്നായി അറിയാമായിരുന്ന മദര്‍ ഡെങ്കല്‍, സന്യാസ ജീവിതത്തോടു താത്പര്യവും പഠനത്തില്‍ സമര്‍ത്ഥരുമായ കത്തോലിക്കാ പെണ്‍കുട്ടികളെ നേഴ്സിംഗ് പഠനത്തിനായി അന്ന് ഇന്ത്യയുടെ ഭാഗമായിരുന്ന പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയിലേയ്ക്കയക്കാന്‍ പിണക്കാട്ടച്ചനോട് ആവശ്യപ്പെട്ടു. അക്കാലത്ത് ഉന്നത കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ നേഴ്സിംഗ് പഠിക്കുന്നത് അപമാനമായി കരുതപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പിണക്കാട്ടച്ചന്‍റെ നിര്‍ദ്ദേശപ്രകാരം പ്രശസ്ത ക്രിസ്ത്യന്‍ കുടുംബങ്ങളിലെ സമര്‍ത്ഥരായ പെണ്‍കുട്ടികള്‍ നേഴ്സിംഗ് പഠനത്തിനും തുടര്‍ന്ന് സന്യാസ പരിശീലനത്തിനുമായി ധൈര്യപൂര്‍വ്വം ഇറങ്ങിത്തിരിക്കുകയും റാവല്‍പ്പിണ്ടിയില്‍ നിന്ന് പ്രൊഫഷണല്‍ ട്രെയിനിങ്ങ് നേടുകയും ചെയ്തത്.

കേരളത്തില്‍ തിരിച്ചെത്തിയ ഇവര്‍ക്ക് അമേരിക്കയില്‍ നിന്നെത്തിയ മെഡിക്കല്‍ മിഷന്‍ സഹോദരിമാര്‍ സന്യാസ പരിശീലനം നല്‍കി. 1944-ല്‍ കേരളത്തില്‍ പാലായിലെ പരുമലക്കുന്നില്‍ മെഡിക്കല്‍ മിഷന്‍ സന്യാസ സഭയ്ക്ക് തുടക്കം കുറിച്ചു.


ഭരണങ്ങാനത്ത് കത്തോലിക്കാ മിഷന്‍ ആശുപത്രി

കേരളത്തില്‍ മെഡിക്കല്‍ മിഷന്‍ മിഷന്‍ സന്യാസ സഭ സ്ഥാപിച്ചതിനു പിന്നാലെ ഭരണങ്ങാനത്ത് ആശുപത്രി തുടങ്ങുന്നതിനുള്ള തീവ്രശ്രമങ്ങള്‍ തുടങ്ങി. നീണ്ട കാത്തിരിപ്പിനും ഒരുക്കങ്ങള്‍ക്കും ശേഷം 12 കിടക്കകളോടെ 1948 മാര്‍ച്ച് 19 ന് Sr. Ann Kayathinkara, Sr. Francis Pullukattu, Sr. John Kuthivalachel, Sr. Xavier Kunnel എന്നീ നാലു ധീരരായ മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്സിന്‍റെ നേതൃത്വത്തില്‍ ഭരണങ്ങാനത്ത് മേരിഗിരിയെന്നറിയപ്പെടുന്ന ഐ.എച്ച്.എം. (ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി) ആശുപത്രിക്ക് തുടക്കം കുറിച്ചു.

Pioneers of IHM Merigiri Hospital Bharananganam
മേരി​ഗിരി ആശുപത്രിയുടെ സ്ഥാപകർ

വികസനം എത്തിനോക്കാതിരുന്ന ഉള്‍നാടന്‍ ഗ്രാമമായിരുന്ന ഭരണങ്ങാനത്ത് മേരിഗിരി ആശുപത്രിക്ക് തുടക്കം കുറിക്കാന്‍ സെബാസ്റ്റ്യന്‍ പിണക്കാട്ടച്ചന്‍റെയും ചങ്ങനാശ്ശേരി രൂപതാദ്ധ്യക്ഷന്‍ സ്നേഹബഹുമാനപ്പെട്ട ജയിംസ് കാളാശ്ശേരി പിതാവിന്‍റെയും, ഭരണങ്ങാനം ഇടവകയുടെയും നല്ലവരായ നാട്ടുകാരുടെയും സംസ്ഥാന ഗവണ്‍മെന്‍റിന്‍റെയും അകമഴിഞ്ഞ പിന്തുണയും സഹായവുമുണ്ടായിരുന്നു. (പാലാ രൂപത നിലവില്‍ വന്നിരുന്നില്ല). ഭരണങ്ങാനത്ത് ശരിയായ യാത്രാ സൗകര്യങ്ങളോ കറന്‍റോ ജലവിതരണ സംവിധാനങ്ങളോ ഒന്നുമില്ലായിരുന്നു. ആദ്യത്തെ നാലുവര്‍ഷങ്ങളില്‍ ടോര്‍ച്ചുവെളിച്ചത്തിന്‍റെ സഹായത്താലാണ് ഓപ്പറേഷനുകള്‍പോലും നടത്തിയത്. ഭരണങ്ങാനത്ത് മേരിഗിരി ആശുപത്രി തുടങ്ങിയതിനുപിന്നാലെ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ചെത്തിപ്പുഴ, തുരുത്തിപ്പുറം, മുണ്ടക്കയം എന്നീ സ്ഥലങ്ങളിലും മെഡിക്കല്‍ മിഷന്‍ സന്യാസസഭ ആശുപത്രികള്‍ തുടങ്ങുകയും തങ്ങളുടെ സേവനം ഏറെ ജനങ്ങളിലേയ്ക്ക് എത്തിക്കുകയും ചെയ്തു. വടക്കേഇന്ത്യന്‍ പ്രോവിന്‍സിന്‍റെ ഭാഗമായി വികസനം എത്തിനോക്കാത്ത ബീഹാര്‍, റാഞ്ചി, മഹാരാഷ്ട്ര(മുംബൈ) ഇന്ത്യന്‍ തലസ്ഥാനമായ ഡല്‍ഹി എന്നിവിടങ്ങളിലും ആശുപത്രികള്‍ സ്ഥാപിച്ച് ഇന്ത്യയിലെ ആതുരശുശ്രൂഷാരംഗത്ത് ഏറെ മാറ്റങ്ങള്‍ വരുത്തി. പിന്നീട് ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളായ ആസാം, മേഘാലയ, നാഗാലാന്‍റ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്സ് തങ്ങളുടെ സേവനം ആരംഭിച്ചു.

മേരി​ഗിരി ആശുപത്രി @1948
മേരി​ഗിരി ആശുപത്രി @1948

സ്വതന്ത്ര ഇന്ത്യയില്‍ പട്ടിണിയും, അനാരോഗ്യവും പകര്‍ച്ചവ്യാധികളും സര്‍വ്വസാധാരണമായിരുന്നു. ചികിത്സക്കായി ആകെയുണ്ടായിരുന്നത് ഏതാനും ഗവണ്‍മെന്‍റാശുപത്രികള്‍ മാത്രം. ഈ അവസരത്തില്‍ ഭരണങ്ങാനത്തെ ആശുപത്രി കേന്ദ്ര സംസ്ഥാന ഗവണ്‍മെന്‍റുകള്‍ക്ക് ഒരു ആശ്വാസം തന്നെയായിരുന്നു. മാറി മാറി വന്നുകൊണ്ടിരുന്ന പകര്‍ച്ചവ്യാധികള്‍ക്ക് പരിഹാരം കാണുന്നതിനും രോഗം വരാതിരിക്കുന്നതിനുമുള്ള മാര്‍ഗ്ഗങ്ങള്‍ ജനങ്ങളെ പഠിപ്പിക്കുന്നതിനും പ്രതിരോധ കുത്തിവയ്പുകളും മരുന്നുകളും വേണ്ടവിധം ഈ പ്രദേശത്തെ മനുഷ്യരിലേക്ക് എത്തിക്കുന്നതിനും കത്തോലിക്കാമിഷന്‍ ആശുപത്രിയായ മേരിഗിരിയിലൂടെ സാധിക്കുമെന്ന് ഗവണ്‍മെന്‍റിനു ബോധ്യമുണ്ടായിരുന്നു. നേഴ്സിങ്ങില്‍ ബിരുദം നേടി ആശുപത്രിയില്‍ സേവനം അനുഷ്ഠിച്ചിരുന്ന മെഡിക്കല്‍ മിഷന്‍ സിസ്റ്റര്‍ മൈക്കിള്‍ തകിടിയേല്‍ ഡെല്‍ഹി ലേഡി റീഡിങ്ങ്കോളേജില്‍ നിന്ന് പബ്ലിക് ഹെല്‍ത്ത് നേഴ്സിംഗില്‍ ഡിപ്ലോമ കരസ്ഥമാക്കി. അങ്ങനെ സി. മൈക്കിള്‍, പബ്ലിക്-ഹെല്‍ത്ത് നേഴ്സിംഗില്‍ ഡിപ്ലോമ നേടുന്ന ഇന്ത്യയിലെ ആദ്യത്തെ സന്യാസിനിയായ നേഴ്സായി. ഇത് സി. മൈക്കിളിന്‍റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറി. ഭരണങ്ങാനത്തും ചുറ്റുപാടുമുള്ള ഗ്രാമങ്ങളിലേയ്ക്കും ഇറങ്ങിച്ചെന്ന മൈക്കിളമ്മ ആരോഗ്യരംഗത്ത് മാറ്റത്തിന്‍റെ കാഹളമായി. വ്യക്തിശുചിത്വം, പരിസരശുചിത്വം, പ്രതിരോധ കുത്തിവയ്പുകള്‍, സമീകൃതാഹാരം, വ്യായാമം തുടങ്ങിയ ആശയങ്ങള്‍ സമൂഹത്തിലേയ്ക്കെത്തിച്ച് രോഗത്തിനു ചികിത്സിക്കുന്നതിനുപകരം രോഗം വരാതെ സൂക്ഷിക്കാന്‍ മൈക്കിളമ്മ പഠിപ്പിച്ചു. സി. മൈക്കിളിന്‍റെ ശ്രമഫലമായി ഡോമിസിലിയറി നേഴ്സിംഗ് (Domiciliary Nursing) ഉം ഡോമിസിലിയറി മിഡ്വൈഫറി (Domiciliary Midwifery) യും നേഴ്സിംഗ് പാഠ്യപദ്ധതിയുടെ (Nursing Syllabus) ഭാഗമായി. 1960 കളുടെ തുടക്കത്തില്‍ സന്യാസ വസ്ത്രമണിഞ്ഞ് മോട്ടോര്‍ സൈക്കിളില്‍ ഗ്രാമപ്രദേശങ്ങളിലെ വീടുകള്‍ സന്ദര്‍ശിച്ച് ജനങ്ങള്‍ക്ക് വേണ്ടതായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ശുശ്രൂഷകളും ചെയ്യുന്ന ഒരു കന്യാസ്ത്രീ അക്കാലത്ത് വിസ്മയ കാഴ്ചയായിരുന്നു.

പ്രാദേശികവും വൈദേശികവുമായ സഹകരണത്തോടെ ബാലാരിഷ്ടതകള്‍ മറികടന്ന് ആശുപത്രി പടിപടിയായി വളര്‍ന്നുവന്നു. രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷം മെഡിക്കല്‍ മിഷന്‍ സന്യാസ സമൂഹം സഭയിലും മേരിഗിരി ആശുപത്രിയിലും 1970 കളുടെ ആദ്യം നടത്തിയ പഠനങ്ങളുടെ വെളിച്ചത്തിലും ഏറെ ചിന്തകള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവിലും മേരിഗിരി ആശുപത്രിയെ സൂപ്പര്‍സ്പെഷ്യാലിറ്റിയിലേയ്ക്ക് ഉയര്‍ത്തേണ്ടതില്ലെന്ന് തീരുമാനിച്ചു. ഒരു ജനറല്‍ ആശുപത്രിയായി നിലനിര്‍ത്തിക്കൊണ്ട് സാധാരണ ജനങ്ങള്‍ക്കും സമൂഹത്തിലെ താഴേക്കിടയിലുള്ളവര്‍ക്കും പ്രാപ്യമായ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളുമായി മുന്നോട്ടുപോകുവാന്‍ നിശ്ചയിച്ചു. മറ്റു സന്യാസസഭകളും, ഗ്രൂപ്പുകളും വ്യക്തികളുമൊക്കെ ആതുരസേവനരംഗത്തേയ്ക്ക് കടന്നു വരികയും ആരോഗ്യരംഗം തികച്ചും ഒരു സേവനരംഗം എന്നതില്‍ നിന്നുമാറി പണത്തിനും പ്രശസ്തിക്കും വേണ്ടിയുള്ള മത്സരരംഗമായി മാറിയപ്പോള്‍ മെഡിക്കല്‍ മിഷന്‍ സന്യാസസമൂഹം തങ്ങളുടെ ആശുപത്രികള്‍ മിക്കവയും രൂപതയ്ക്കോ, മറ്റു സന്യാസസഭകള്‍ക്കോ നിരുപാധികം കൈമാറിക്കൊണ്ട് ഒരു പ്രതിഫലവും കൈപ്പറ്റാതെ സമൂഹത്തില്‍ കൂടുതല്‍ വേദനിക്കുന്ന സഹോദരങ്ങള്‍ക്കാശ്വാസമായിത്തീരാന്‍ ഇറങ്ങിത്തിരിച്ചു. ആതുരശുശ്രൂഷാരംഗം വലിയ കച്ചവട മേഖലയായി മാറിയ ഇന്നത്തെ ലോകത്തിനുമുന്നില്‍ ഈ തീരുമാനം വലിയ വിഢിത്തമായി മുദ്രകുത്തപ്പെട്ടു. എങ്കിലും മെഡിക്കല്‍ മിഷന്‍ സഭയെ സംബന്ധിച്ചിടത്തോളം ക്രിസ്തുവിന്‍റെ സൗഖ്യദായക ശുശ്രൂഷ സാധാരണ ജനങ്ങള്‍ക്കിടയില്‍ ഫലപ്രദമായി നിറവേറ്റാന്‍ ഏറ്റം അനുകൂലമായ തീരുമാനം ആയിരുന്നത്. സൂപ്പര്‍സ്പെഷ്യാലിറ്റികളില്ലാതെ ഇന്നും ഒരു ജനറല്‍ ആശുപത്രിയായി തുടരുന്ന മേരിഗിരിയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുന്നതിന് മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്സ് എന്നും മുന്‍കൈ എടുത്തിരുന്നു. കൂടാതെ ഗുണനിലവാരം നിലനിര്‍ത്തുന്നതിനാല്‍ ബേബി ഫ്രണ്ട്ലി ഹോസ്പിറ്റല്‍, ഐ.എസ്.ഒ., എന്‍.എ.ബി.എച്ച്. തുടങ്ങിയ അംഗീകാരങ്ങള്‍ മേരിഗിരി സ്വന്തമാക്കിയിട്ടുണ്ട്.


Marygiri Bharananganam
മേരി​ഗിരി ആശുപത്രി

ഇന്ന് 100 കിടക്കകളോടെ ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, പീഡിയാട്രിക്സ്, ഗൈനക്കോളജി, ഓര്‍ത്തോപീഡിക്സ്, സൈക്യാട്രി, ഇ.എന്‍.റ്റി., അനസ്തീസിയോളജി, ഡെന്‍റല്‍, ആയൂര്‍വ്വേദം, കാര്‍ഡിയോളജി, ന്യൂറോളജി, ടെര്‍മറ്റോളജി, നെഫ്റോളി എന്നീ വിഭാഗങ്ങളുമായി മുന്നോട്ട് പോകുന്നു. കൂടാതെ പൊതുജനാരോഗ്യം, ഓള്‍ട്ടര്‍നേറ്റീവ് തെറാപ്പി, ഫിസിയോതെറാപ്പി, ഡയാലിസിസ്, പാലിയേറ്റിവ് കെയര്‍, കൗണ്‍സിലിംഗ് എന്നീ യൂണിറ്റുകളും എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്നു. ഡോക്ടേഴ്സുള്‍പ്പെടെ 250 ലധികം ജീവനക്കാരാണ് ഇന്ന് മേരിഗിരി കുടുംബത്തില്‍ അംഗങ്ങളായി സേവനം ചെയ്യുന്നത്.

പ്രൊഫഷണല്‍ നേഴ്സിംഗ് വിദ്യാഭ്യാസം നേടിയ മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്സ് 1948 ല്‍ മേരിഗിരി ആശുപത്രിയുടെ തുടക്കം മുതല്‍ അര്‍പ്പണ മനോഭാവത്തിലും സേവനതത്പരതയിലും അടിയുറച്ച് ഗുണനിലവാരത്തിന് ഊന്നല്‍ നല്‍കി ആതുരശുശ്രൂഷ ചെയ്യുമെന്ന് മനസ്സിലാക്കിയ ജനങ്ങള്‍ ഈ സ്ഥാപനത്തില്‍ ആതുരശുശ്രൂഷാ പരിശീലനം (നേഴ്സസ് ട്രയിനിംഗ്) തുടങ്ങണമെന്ന് ആവശ്യപ്പെട്ടുതുടങ്ങി.

അങ്ങനെ 1957 ല്‍ ഡെല്‍ഹി ആര്‍.എ.കെ. കോളേജില്‍നിന്നും നേഴ്സിംഗ് ബിരുദ നേടിയ ബഹു. സി. കബ്രീനി വെട്ടിക്കാപ്പള്ളിയുടെ മേല്‍നോട്ടത്തില്‍ എ.എന്‍.എം. (Auxillary Nurse Midwife) കോഴ്സ് ആരംഭിച്ചു. 1960 ല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതിയോടെ ഈ കോഴ്സ് ജി.എന്‍.എം. (General Nurse Midwife) ആയി മാറ്റി. ബഹു. സി. മാര്‍ഗരറ്റ് മേരി തകടിയേലാണ് ഇതിന്‍റെ ചുക്കാന്‍ പിടിച്ചത്. 64 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ സ്ഥാപനത്തില്‍ 8 മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്സ് പ്രിന്‍സിപ്പല്‍മാരായി സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചു. ഇപ്പോള്‍ സി. എലിസബത്ത് മഞ്ഞളി നഴ്സിംഗ് സ്കൂളിനെ നയിച്ചുകൊണ്ടിരിക്കുന്നു. ഇവരുടെയെല്ലാം സമര്‍പ്പണവും കരുതലും പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മികവുമാണ് ഈ സ്ഥാപനത്തിന്‍റെ വളര്‍ച്ചക്കു മുന്‍പില്‍.

Nursing Students At IHM
Nursing Students At IHM

സ്കൂളിന്‍റെ ആരംഭത്തില്‍ 10 വിദ്യാര്‍ത്ഥിനികളാണ് ഉണ്ടായിരുന്നത്. ഇന്നത് ജനറല്‍ നേഴ്സിംഗില്‍ 30 ഉം എ.എന്‍.എം. കോഴ്സില്‍ 20 ഉം ആയി മാറി. ഒപ്പം 2012-ല്‍ എല്ലാവര്‍ക്കും തൊഴില്‍ എന്ന കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ പരിപാടിയുടെ ഭാഗമായി BSS നഴ്സിംഗ് അസിസ്റ്റന്‍റ്, എക്സറേ ടെക്നീഷ്യന്‍ കോഴ്സ് എന്നിവ ആരംഭിച്ചു. ഇവിടുത്തെ കുട്ടികള്‍ പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികവുറ്റവരാണ്. ലോകത്തിന്‍റെ വിശാലതയിലേക്ക് കടന്നുചെല്ലാന്‍ വെമ്പുന്ന വിദ്യാര്‍ത്ഥിനികളെ എല്ലാ മേഖലയിലും സ്വയം പര്യാപ്തമാക്കുന്നതിന് ഉപകരിക്കുന്ന വിജ്ഞാനം, കല, സംസ്കാരം, ആധ്യാത്മികത എന്നിവ ഉള്‍പ്പെടുത്തിയുള്ള പരിശീലനം നല്‍കാന്‍ അധികാരികള്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.

ആതുരസേവനം മുഖമുദ്രയാക്കി തുടക്കം കുറിച്ച മെഡിക്കല്‍ മിഷന്‍ സന്യാസ സഭ, രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷം തങ്ങളുടെ മിഷന്‍ പ്രവര്‍ത്തനം അവലോകനം ചെയ്യുകയും ക്രിസ്തുവിന്‍റെ സൗഖ്യദായകശുശ്രൂഷയ്ക്ക് വ്യാപ്തി ഏറെയുണ്ടെന്ന് വിലയിരുത്തുകയും ചെയ്തു. നല്ലൊരു ഭാഗം സഹോദരിമാര്‍ തങ്ങളുടെ കര്‍മ്മമണ്ഡലം ആശുപത്രികളില്‍ മാത്രമൊതുക്കാതെ പുതിയ തലങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. അങ്ങനെ മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്സ് കേരളത്തിനകത്തും പുറത്തും, ആഗോളതലത്തിലും സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ആത്മീയ, മാനസിക, സാമൂഹിക തലങ്ങളില്‍ വേദനിക്കുന്നവര്‍ക്കു സാന്ത്വനമേകുവാനും കാലത്തിന്‍റെ മാറ്റങ്ങള്‍ക്കനുസരിച്ച് ഉയര്‍ന്നുവന്ന ആവശ്യങ്ങള്‍ക്ക് പ്രത്യുത്തരം നല്‍കാനും ശ്രമിച്ചുതുടങ്ങി. ഇതിനാവശ്യമായ പ്രഫഷണല്‍ വിദ്യാഭ്യാസം നേടിയ മെഡിക്കല്‍ മിഷന്‍ സന്യാസിനിമാര്‍ ഉള്‍നാടന്‍ ഗ്രാമങ്ങളിലും മത്സ്യത്തൊഴിലാളികള്‍ക്കിടയിലും പട്ടണ ചേരിപ്രദേശങ്ങളിലും മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവര്‍ക്കിടയിലും എന്നുവേണ്ട നാനാതുറകളില്‍പ്പെട്ട ജനങ്ങള്‍ക്കത്താണിയായി 1970 കളുടെ ആരംഭംമുതല്‍ ക്രിസ്തുവിന്‍റെ സൗഖ്യം ജനങ്ങളിലേയ്ക്കെത്തിച്ചുകൊണ്ട് അവരോടൊപ്പം യാത്രചെയ്യുന്നു. സഭാസ്ഥാപനം മുതല്‍ നാളിതുവരെ ഉയര്‍ച്ചയിലും താഴ്ചയിലും കൈപിടിച്ചു വഴിനടത്തിയ നല്ല ദൈവത്തിനു മുമ്പില്‍ നന്ദിയര്‍പ്പിച്ച് മുന്നോട്ടുള്ള യാത്രയിലും അവിടുന്നു സഭാംഗങ്ങളോരോരുത്തരേയും നയിക്കുകയും ഇനിയുമനേകര്‍ക്ക് സാന്ത്വനസ്പര്‍ശമേകാന്‍ ഇടവരുത്തുകയും ചെയ്യട്ടെ.