

ക്രിസ്തീയ സ്നേഹം സത്യത്തില്‍ സാധ്യമോ എന്ന ചോദ്യം നാമെല്ലാവരുടെയും മനസ്സുകളില്‍ ഉള്ളതാണ്. സാര്‍വത്രികമായി സ്നേഹിക്കുവാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? അമ്മക്കു കുഞ്ഞിനോടും, ആണിനും പെണ്ണിനും പരസ്പരവും ഉള്ള സ്നേഹങ്ങളെ മാത്രം വാഴ്ത്തുന്ന സാഹിത്യങ്ങളും കലകളും ചലച്ചിത്രങ്ങളും എന്നും വളരും വിധം, അത്രത്തോളം ചുരുങ്ങിയ രൂപത്തില്‍ പുരോഗതി പ്രാപിക്കുന്ന ഈ ലോകത്ത്, ക്രിസ്തീയ സ്നേഹത്തിനു പ്രസക്തിയുണ്ടോ?
യേശു സാര്‍വത്രിക സ്നേഹം പ്രവര്‍ത്തിച്ചു കാണിച്ചുവെങ്കില്‍, യേശു പ്രാര്‍ത് ഥിച്ച വിധവും അതുതന്നെ ആയിരിക്കുമല്ലോ. അതു കണ്ടെത്തി പഠിച്ചെടുത്തുകൊണ്ട് നാമതൊന്നു ശ്രമിച്ചാലോ? ഇതാണ് ക്രിസ്തുമതത്തിന്‍റെ കാതലെങ്കിലോ? വി. ഫ്രാന്‍സിസ് അസ്സീസി (എല്ലാ വിശുദ്ധരും) പ്രാവര്‍ത്തികമാക്കുവാനും പ്രാര്‍ത്ഥിക്കുവാനും ശ്രമിച്ചത് ഇതുതന്നെയാണെങ്കിലോ? ആദര്‍ശം വെറും യുട്ടോപ്യ (Greek, utopia: ou, "no" + topos, "place") അഥവാ ഇല്ലാത്ത സ്ഥലം (അവസ്ഥ) ആണെന്നു വാദിച്ചാല്‍, അതിലേക്കുള്ള അനുസ്യൂത വളര്‍ച്ചക്കുള്ള സാധ്യതയെ നിഷേധിക്കാനാവുമോ?
1. സ്നേഹങ്ങളുടെ പ്രകൃതിയും പ്രസക്തിയും
ജീവിതത്തിലെ സ്നേഹങ്ങളിലെയും ജീവിത യാഥാര്‍ത്ഥ്യങ്ങളോടു ബന്ധപ്പെട്ട ചിന് തകളിലെയും വികാരങ്ങളിലെയും സാധാരണ ഗതിയിലുള്ള പരിണാമത്തിന്‍റെ പൊതുക്രമം താഴെപ്പറയുന്നവയാണ് എന്നു പറയാം:
(1)യൗവനാദ്യത്തിലും യൗവനത്തിലും എല്ലാവരും ഒരുപോലെ, ഏറ്റവുമരികെയും അകലങ്ങളിലും പലപ്പോഴും മനുഷ്യര്‍ക്ക് അസാധ്യമെന്നു തോന്നുന്ന കാര്യങ്ങളില്‍പ്പോലും പ്രതീക്ഷയോടെ അന്വേഷിക്കുന്ന നേട്ടങ്ങളും ആനന്ദങ്ങളും ദുഃഖങ്ങളും,
(2) പില്‍ക്കാലത്ത് നാമെല്ലാം സത്യമെന്നു ദര്‍ശിക്കുവാന്‍ തുടങ്ങുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളെ സംബന്ധിക്കുന്ന ബോധ്യങ്ങളും,
(3) വൈകി ജീവിതത്തില്‍ പ്രത്യക്ഷപ്പെടുന്ന തിരിഞ്ഞു നോട്ടങ്ങളും ചില സര്‍വകാല ദുഖങ്ങളും.
ഇവയ്ക ്കപ്പുറത്തുള്ള നേട്ടങ്ങളെ സ്നേഹിക്കാതെ, അവയ്ക്കായി ശ്രദ്ധയോടെ ശ്രമിക്കാതെ, ആരെങ്കിലും ജീവിതത്തില്‍ തൃപ്തി കണ്ടെത്തീട്ടുണ്ടോ?
ജീവിതത്തിലും പ്രപഞ്ചത്തിലും എല്ലാം കടന്നു പോകുന്നു എന്ന സത്യം വളരെ നേരത്തേ ഗ്രഹിക്കായ്കയാല്‍ ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ചില തെരഞ്ഞെടുപ്പുകളും തീരുമാനങ്ങളും സംഭവിച്ചശേഷം, അവയുടെ നടുവില്‍ ചക്രം ചവിട്ടുന്നവരായാണ് നാം പലപ്പോഴും സ്വയം കാണാറുള്ളത്. ഇത് കുറെയൊക്കെ സത്യവുമാണ്. പക്ഷെ വൈകിയാണെങ്കിലും, അസഹ്യമായ ജീവിതാവസ്ഥകളിലെങ്കിലും നമ്മില്‍ വളരേണ്ട ഒരു അവബോധമാണ് എല്ലാം കടന്നുപോകുന്നു എന്നത്. ഇക്കാര്യത്തെക്കുറിച്ചുള്ള അവബോധമില്ലായ്മക്കു കാരണം സ്നേഹങ്ങളെ ഉദാത്തമാക്കാത്തതാണ് എന്നു പറയാമോ?
വന്‍കാര്യങ്ങളെ മോഹിക്കുവാനും നേടുവാനും സാധിക്കുന്നതിന് ക്രമവും സാധ്യതാപരിധികളും നിശ്ചയിച്ചുകൊണ്ട് പ്രകൃതി നമ്മെ നയിച്ചുകൊണ്ടിരിക്കുന്നു. ഈ പ്രക്രിയയില്‍ സമൂഹത്തിന് വലിയ പങ്കുണ്ട്. പ്രധാനമായും സമൂഹമാണ് നമ്മുടെ മോഹങ്ങള്‍ക്കും ആഗ്രഹ പൂര്‍ത്തീകരണങ്ങള്‍ക്കും അവയുടെ ഫലങ്ങളായി അപൂര്‍വമായി പ്രത്യക്ഷപ്പെടുന്ന വലിയ നേട്ടങ്ങള്‍ക്കുമെല്ലാം അനുസ്യൂതം സ്വാതന്ത്ര്യങ്ങളും അതിരുകളും നിശ്ചയിച്ചുകൊണ്ടിരിക്കു ന്നത്.
ഇവക്കെല്ലാം അപ്പുറം, ആരാലും തടയപ്പെടാതെ, പ്രപഞ്ചത്തിലെ ഒരു ശക്തിയാലും കാര്യമായി വിഘ്നപ്പെടാതെ, എല്ലാ ജീവിതാവസ്ഥകളിലും പാരതന്ത്ര്യങ്ങളിലും നമ്മില്‍ വളര്‍ത്തിയെടുക്കുവാന്‍ സാധിക്കുന്ന ഒന്നുണ്ട്. അതാണ് സ്നേഹം എന്നു വെറുതെയങ്ങ് പറഞ്ഞാല്‍ അതിഭാവുക സാഹിത്യങ്ങളും ആത്മീയതകളും അതപ്പാടെ വിഴുങ്ങുമായിരിക്കും! അതില്‍ കൃത്യതക്കുറവുണ്ട്. സ്നേഹമെന്ന വികാരത്തിലൂടെയും അതിലേക്കു നയിക്കുന്ന തിരിച്ചറിവുകളിലൂടെയും വളരുന്നതും, അങ്ങനെ സാര്‍വത്രികതയിലേക്കു ക്രമമായി വളര്‍ത്തിയെടുക്കാവുന്നതുമായ ക്രമീകൃതസ്നേഹമെന്ന സമീപനരീതി എന്നായിരിക്കണം ശരിയായ ഉത്തരം. ഇതില്‍ സ്നേഹത്തിലെ വൈകാരികത ഇല്ലാത്തതിനാല്‍, ഇതിനെ സമീപനരീതി എന്നേ വിളിക്കാനാകൂ. ഇതു മാത്രമാണ് മനുഷ്യ കുലത്തിന്‍റെയും പ്രകൃതിയുടെയും ആസ്തിക്യത്തില്‍ പൂര്‍ണമായും അധിഷ്ഠിതമായ ഏക സ്വതന്ത്ര നേട്ടവും, നേട്ടങ്ങളുടെ ഏക സ്വതന്ത്ര ലക്ഷ്യവും. ശരീരത്തിനും മനസ്സിനും ആരോഗ്യമുള്ളപ്പോള്‍ ഇത് വളര്‍ത്തിയെടുക്കുന്നവര്‍ ഭാഗ്യമുള്ളവര്‍.
യൗവനത്തില്‍ ഇതു സത്യമാണെന്നു സമ്മതിക്കുക വിഷമമായിരിക്കാം. വസ്തുക്കളിലും വ്യക്തിഗത കഴിവുകളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ജീവിതങ്ങള്‍ക്കെല്ലാം ഇതു ഗ്രഹിക്കുകപോലും അസാധ്യമാകാറുണ്ട്. പക്ഷെ, ഇതു മാത്രമാണ് മനുഷ്യജീവനു മുന്നില്‍ ഉയര്‍ന്നു നില്‍ക്കുന്ന സാധ്യമായ ഏക ലക്ഷ്യം എന്ന് ജീവിതത്തിലെ പരിണാമം നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കും. ആ സ്നേഹത്തിന്‍റെ പ്രത്യേകത, അതിലൂടെ വൈകാരിക സുഖം ലഭിക്കില്ല എന്നതാണ്. ദൈവത്തിന് വികാരമോ അതിലെ സുഖമോ ഇല്ല എന്നതും ദൈവത്തില്‍ സ്നേഹമെന്ന വികാരം അനന്തമായതിനാല്‍ അത് അനന്തമായി ക്രമീകരിക്കപ്പെട്ട സ്നേഹസമീപന രീതിയാണ് എന്നതും സത്യമാണല്ലോ! ക്രമീകൃതമായി സാര്‍വത്രികതയിലേക്കു വളരുന്ന സ്നേഹം നമ്മില്‍ സംഭവിക്കുന്നത്, സമൂഹത്തിന്‍റെയും പ്രപഞ്ചത്തിന്‍റെയും ഭാഗത്തു നിന്നുള്ള കാര്യ-കാരണ പശ്ചാത്തലത്തില്‍ തന്നെയാണ്.
ഇത്തരം ഉദാത്തസ്നേഹം യാഥാര്‍ത്ഥ്യമാക്കുവാനാണ് മനുഷ്യന് ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യമുള്ളത് എന്നു വിശ്വസിക്കേണ്ടിയിരിക്കുന്നു: കൈകളും കാലുകളും ചങ്ങലക്കിട്ട അവസ്ഥയിലും മനുഷ്യന് ക്രമമായി ദൈവത്തെയും എല്ലാ മനുഷ്യരെയും പ്രകൃതിയെയും സാര്‍വത്രികമായി സ്നേ ഹിക്കാം! എളുപ്പം നേടാവുന്നതും ആരുടെയും അനുവാദം വേണ്ടിവരാത്തതുമായ ഇത്തരം സ്നേഹം തങ്ങളില്‍ ബോധപൂര്‍വം വളര്‍ത്തിയെടുക്കുന്ന എത്ര മനുഷ്യരെ നിങ്ങള്‍ കണ്ടെത്തീട്ടുണ്ട്? സ്നേഹങ്ങളുടെ പ്രസക്തിതന്നെ, ഇനിയും അവയില്‍ നിന്നു മുന്നോട്ടു വളരാം എന്നതാണല്ലോ! സാര്‍വത്രികസ്നേഹം നമ്മില്‍ എങ്ങനെ വളര്‍ത്തിയെടുക്കും? എന്നും അല്പസമയം വിനിയോഗിക്കാമെങ്കില്‍ ഇതു സാധ്യമാണ്.
2. വികാരത്തിനപ്പുറമുള്ള സ്നേഹം പഠിക്കാമോ?
അല്പസമയം നിശ്ശബ്ദമായി ഇരിക്കണം. വേണ്ടത്ര സ്ഥിരതയിലായിരിക്കണം ശരീരവും മനസ്സും, പ്രത്യേകിച്ച് ശ്വസനവും. മനസ്സില്‍ എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്ന ചിന്തകളെയും വികാരങ്ങളെയും ബിംബങ്ങളെയും വിങ്ങലുകളെയും ശരീരത്തിലെ അസ്വസ്ഥതകളെയും വെറുക്കാതെ, അവയെ വെറുതെ നിരീക്ഷിച്ചുകൊണ്ട് കടന്നുപോകുവാന്‍ അനുവദിക്കണം. മനസ്സിലെ ശ്രദ്ധ വിചലിക്കുന്നതിനെയും വെറുക്കരുത്. വെറുപ്പ് തലച്ചോറിലെ വിഷമാണ് എന്നോര്‍ക്കുക. എന്നിട്ട്, പ്രപഞ്ചത്തില്‍ മുഴുവനും നമ്മിലും അനന്ത അളവില്‍ പ്രവര്‍ത്തിക്കുന്ന സ്നേഹശരീരമായ ദൈവത്തെ (ദൈവം ശൂന്യതയല്ല എന്നോര്‍ക്കുക) പ്രതീക്ഷകള്‍ (ഇനിയും കൂടുതല്‍ സ്നേഹം, വെളിപാടുകള്‍, അനുഗ്രഹങ്ങള്‍, ...) മാറ്റിവെച്ചുകൊണ്ട് സ്നേഹിക്കണം. ഈ സ്നേഹം വൈകാരികസുഖം തരുന്നതല്ല എന്നും അതൊരു വികാരമേയല്ല എന്നും ഉടന്‍ മനസ്സിലാകും.
ഇതേ നിശ്ശബ്ദതയില്‍ത്തന്നെ മനുഷ്യരെയും പ്രപഞ്ചത്തെയും സ്നേഹിച്ചുകൊണ്ടിരിക്കണം. വൈകാരിക സുഖങ്ങള്‍ തേടാതെ സ്നേഹിക്കേണ്ടതെങ്ങനെയെന്ന് അങ്ങനെ പഠിച്ചെടുക്കാം. അതോടെ ആത്മീയപാതയിലെ വൈകാരിക പ്രശ്നങ്ങള്‍ നീങ്ങിത്തീരും. ബസ്സിലിരിക്കുമ്പോഴും നടക്കുമ്പോഴും ജോലി ചെയ്യുമ്പോഴും കുറച്ചു സെക്കന്‍ഡുകള്‍ വീതമെങ്കിലും ഇതേ പ്രക്രിയ ആവര്‍ത്തിക്കാം. അങ്ങനെ അതിലുള്ള സുഖകരമായ പരിചയം വര്‍ധിക്കും. ഈ പരിചയം അനന്ത സ്നേഹമായ ദൈവത്തിനോടുള്ളതാണ്, മനുഷ്യരെ സ്നേഹിക്കേണ്ടതെങ്ങനെ എന്ന പരിചയവുമാണ്.
ഇതുതന്നെയല്ലേ എല്ലാ ക്രിസ്തീയ ആത്മീയതയുടെയും കാതലായ ദൈവ-മനുഷ്യ സ്നേഹ പ്രണിധാനം (Contemplative Love). അതോ, പിതാവിനോട് സംസാരവും ചര്‍ച്ചകളും യാചനകളും നടത്തലോ? യേശു പ്രാര്‍ത്ഥിച്ചതും തന്‍റെകൂടെ വന്നുകൊണ്ട് പ്രാര്‍ത്ഥിക്കുവാന്‍ ശിഷ്യന്മാരെ പഠിപ്പിച്ചതും സ്നേഹപ്രണിധാനം ആയിരിക്കുവാനല്ലേ സാധ്യതയേറെ? കുറേ പുതിയ ആശയങ്ങളും ചിന്തകളും വെറുതെ കേള്‍ക്കുവാനും വല്ലപ്പോഴുമൊക്കെ ആവേശം കൊള്ളുവാനും വേണ്ടി ചെറുതും വലുതുമായ ധ്യാനശിബിരങ്ങളില്‍ പോകുന്നതിനു പകരമോ അല്ലെങ്കില്‍ അവയുടെ ഫലമായോ, ഈ പ്രണിധാനമല്ലേ നാം അഭ്യസിക്കേണ്ടത്?
എല്ലാ മതങ്ങളും ജനത്തിന്, തങ്ങളുടെ സേവനത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും തലങ്ങളിലും, ജീവിതപ്രശ്നങ്ങളുടെ പരിഹാരങ്ങള്‍ സൗകര്യപ്പെടുത്തി കൊടുക്കുന്നതോടു കൂടിയോ അതിനു മുമ്പായോ, തങ്ങളുടെ ബന്ധങ്ങള്‍ക്കും സ്നേഹത്തിനും സേവനത ്തിനും വേണ്ടിയുള്ള യഥാര്‍ത്ഥ പ്രശ്നപരിഹാരമായി സ്നേഹപ്രണിധാന പരിചയം സാധ്യമാക്കുന്നത് ഉചിതമല്ലേ? ഇടവകയിലും കുടുംബത്തിലും സന്ന്യാസഭവനങ്ങളിലും ലഭ്യമാക്കപ്പെടുന്ന പ്രാര്‍ത്ഥനകളില്‍ നാം മടുക്കാതിരിക്കുവാനും, യേശു എങ്ങനെ അവയില്‍ പങ്കെടുക്കുമായിരുന്നോ അപ്രകാരം ചെയ്യുവാനുമുള്ള അനുഭവത്തിനായി ദൈവ-മനുഷ്യ സ്നേഹപ്രണിധാനം പരിചയിക്കുന്നത് അഭികാമ്യമല്ലേ?
ഇപ്രകാരം വൈദിക, സന്ന്യാസ ജീവിതരൂപങ്ങളുടെ അടിസ്ഥാനം സ്നേഹപ്രണിധാനമായി മാറുമെങ്കില്‍, അതില്‍ തൃപ്തിയോടെ നിലനില്‍ക്കുന്നവരുടെയും ആ ജീവിതങ്ങളാല്‍ അതിലേക്ക് ആനയിക്കപ്പെടുന്നവരുടെയും സംഖ്യ വര്‍ധിക്കുവാന്‍ സാധ്യതയേറെ. അര്‍ത്ഥപൂര്‍ണമായ ജീവിതം വാര്‍ധക്യത്തില്‍ അവിടെ ലഭിക്കുമല്ലോ എന്നോര്‍ത്ത് ആരു ം ആനയിക്കപ്പെടില്ല. ഈ ആത്മീയത അവര്‍ ഇടവകകളിലും വൈദികരിലും സന്ന്യസ്തരിലും ദര്‍ശിക്കുന്നുവെങ്കില്‍ ആകൃഷ്ടരാകുക തന്നെ ചെയ്യും.
സ്നേഹം ലഭിക്കാത്തതിനാല്‍ ക്രൂരമായിപ്പോകുന്ന ജീവിതങ്ങളില്‍ ദൈവസ്നേഹത്തിന്‍റെ നേരിട്ടുള്ള അനുഭവവും അതിലെ വളര്‍ച്ചയും ഫലം ചെയ്യില്ലേ? ലളിതവും പ്രശ്നരഹിതവുമായി ദൈവസ്നേഹം ശീലിക്കുവാനും, പ്രപഞ്ചത്തിലെ പ്രക്രിയകളോടും ശക്തികളോടും ഏകതാനത നേടുവാനും, മനുഷ്യബന്ധങ്ങളില്‍ ആരും കണ്ടിട്ടില്ലാത്ത ആഴം അനുഭവിക്കുവാനും, മാനസികാരോഗ്യം വീണ്ടെടുക്കുവാനും, ഇതെല്ലാം ക്രമേണ വര്‍ധിപ്പിക്കുവാനുമായി എളുപ്പവും ഫലപ്രദവുമായ വേറെ ഏതു വഴിയുണ്ട്? മനുഷ്യത്വത്തിലേക്ക് മടങ്ങിപ്പോകുവാനോ ഇല്ലാതിരുന്ന മനുഷ്യത്വത്തെ നേടിയെടുക്കുവാനോ വേണ്ടി പരിചയിക്കാവുന്ന ഏറ്റവും അടിസ്ഥാനപരമായ വഴിയാണിത്. ജനത്തിനു നീതി ലഭ്യമാക്കുവാന്‍ ജീവിതം (പ്രസംഗങ്ങളും ലേഖനങ്ങളും മാത്രമല്ല) സമര്‍പ്പിക്കുന്നര്‍ തങ്ങളുടെ ശക്തി ഇവിടെയല്ലേ അന്വേഷിക്കേണ്ടത്?
ഇങ്ങനെയൊരു രീതി സാധ്യവും മനസ്സുള്ളവര്‍ക്ക് അനായാസം പഠിക്കാവുന്നതുമാണെന്ന് അല്പമെങ്കിലും അനുഭവിച്ചു കഴിഞ്ഞാല്‍, കുറേക്കാലം നാമതില്‍ തുടരണം. അല്ലാത്തവര്‍, ഇക്കാര്യത്തില്‍ സ്വയം പര്യാപ്തത കൈവരിച്ചവര്‍ എന്ന തോന്നലിലെ മൗഢ്യം താനേ തിരിച്ചറിയും. അതുകൊണ്ട്, പഠിച്ചറിഞ്ഞ പ്രണിധാന മാര്‍ഗത്തില്‍ അനുഭവം നേടിയശേഷം ഇനിയുമതില്‍ ആഴമുള്ള മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടോ എന്നു ചിന്തിക്കുകയാകാം ഉത്തമം.
പൂര്‍ണമായും എത്തിപ്പെടുവാന്‍ സാധിക്കാത്ത യുട്ടോപ്യ എന്ന അവസ്ഥയെ, ശരിയായ വഴിയിലൂടെ അവിടെ എത്തിക്കൊണ്ടിരിക്കുന്നു എന്ന ബോധ്യത്തോടെ, ഇഹലോകത്തില്‍ത്തന്നെ അനുഭവിച്ചു തുടങ്ങുന്നതല്ലേ അഭികാമ്യം? ദൈവം തന്നെ സ്വര്‍ഗമെന്ന അവസ്ഥയാണെങ്കില്‍ നമുക്ക് ദൈവമായി മാറുവാനാകില്ലല്ലോ. അതുകൊണ്ട്, എന്നും സാര്‍വത്രിക സ്നേഹത്തില്‍ വളര്‍ന്നുകൊണ്ട് സ്വര്‍ഗത്തില്‍ ആയിരിക്കുകയെന്നാല്‍, സത്യമായും ഉള്ള ദൈവത്തില്‍ ആയിരിക്കുക എന്നു തന്നെയാണര്‍ത്ഥം. ഇടവകകളിലും സെമിനരിക ളിലും ആശ്രമങ്ങളിലും മഠങ്ങളിലും ഈ മാര്‍ഗമൊന്നു പഠിക്കുവാന്‍ ജനങ്ങള്‍ക്ക് ഒരു ദിവസം വീതമെങ്കിലും ലഭിച്ചെങ്കില്‍! ഇതു തുറന്നു പറയു ന്നത് യേശുമാര്‍ഗത്തിന്‍റെ ഭാഗമാണെന്നു ഞാന്‍ വിശ്വസിക്കുന്നു.
സ്നേഹങ്ങള്‍ക്കപ്പുറമുള്ള സ്നേഹം
ഫാ. റാഫേല്‍ നീലങ്കാവില്‍
അസ്സീസി മാസിക, ഓഗസ്റ്റ് 2025





















