

ജ്യൂറാസിക് പാർക്കിലാണ് ഞങ്ങൾ ജീവിച്ചുകൊണ്ടിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞിട്ട് ഏറെ നാളായില്ല. ഞങ്ങൾ ഇപ്പോൾ ഉള്ള സംസ്ഥാനത്താണ് (മൺടാന) ലോകത്തിൽ ഏറ്റവുമധികം ഡിനോസറുകളുടെ ഫോസ്സിലുകൾ കണ്ടെടുത്തിട്ടുള്ളത്. ഇപ്പോഴും കണ്ടെടുത്തു കൊണ്ടിരിക്കുന്നു. ഈ സംസ്ഥാനത്ത് പലയിടത്തായി ഡിനോസർ മ്യൂസിയങ്ങളും ഡിനോസർ പാർക്കുകളുമായി പതിന്നാലെണ്ണം ഉണ്ട് എന്നത് ഒരു പുതിയ അറിവായിരുന്നു. അങ്ങനെയാണ് മൂന്നു മണിക്കൂർ അകലെയുള്ള ബോസ്മൻ സിറ്റിയിലെ റോക്കീസ് മ്യൂസിയം കാണാൻ കഴിഞ്ഞമാസം പോയത്. 660 ലക്ഷം വർഷങ്ങൾക്കു മുമ്പ് ഞാൻ നടക്കുന്ന ഇതേ മണ്ണിൽ ജീവിച്ചിരുന്ന അതികായന്മാർ! മനുഷ്യർ എന്ന് പറയാവുന്നവർ ഉണ്ടായിട്ട് 3 ലക്ഷം വർഷമേ ആയിട്ടുള്ളൂ എന്നാണ് ശാസ്ത്രം പറയുന്നത്. അതിനും 650 ലക്ഷത്തിലധികം വർഷം മുമ്പ് ജീവിച്ചിരുന്നവരുടെ തിരുശേഷിപ്പുകൾ!!! അതും എത്ര പേരാ!
ഞാൻ ഈ ഇരിക്കുന്ന മണ്ണിനടിയിൽ എത്ര കോടി വർഷങ്ങളിലെ ജീവജാതികളുടെ അവശേഷിപ്പുകൾ സൂക്ഷിക്കപ്പെട്ടിരിക്കുന്നു എന്നാരറിഞ്ഞു!
"അങ്ങ് മനുഷ്യനെ പറ്റി ചിന്തിക്കാൻ അവൻ ആരാണ്!" (സങ്കീ. 8:4)
സങ്കീർത്തനങ്ങളിൽ എങ്ങും ഇത്തരം അത്ഭുതങ്ങളാണ്! "അവിടത്തെ പരിഗണന ലഭിക്കാൻ മനുഷ്യന് എന്ത് അർഹതയുണ്ട്?! മനുഷ്യൻ വെറും ഒരു ശ്വാസത്തിന് തുല്യം" (സങ്കീ. 144:4).
പ്രപഞ്ചത്തിലേക്കും ശൂന്യാകാശത്തിലേക്കും നോക്കേ നാം അനന്തതയെ മുഖാമുഖം കാണുന്നു. എന്നിട്ടും അഹന്ത മുറ്റി നില്ക്കുന്നു, നമ്മിൽ! അറിവിൻ്റെ അഹന്ത; കഴിവിൻ്റെ അഹന്ത; താൻപോരിമയുടെ അഹന്ത!
"പ്രഭാതത്തിൽ മുളനീട്ടുന്ന പുല്ലുപോലെയാണവൻ. പ്രഭാതത്തിൽ അത് തഴയ്ക്കുന്നു; വൈകുന്നേരം അത് വാടിക്കരിയുന്നു" (സങ്കീ. 90:6)
അജ്ഞാനികൾ നാം!





















