

മനുഷ്യോത്പത്തി മുതല്‍ ഇന്നോളം ഒരു മനുഷ്യന്‍ കടന്നുപോകാന്‍ ഇടയുള്ള മുറിവുകളും പേറി, ഒറ്റരാത്രികൊണ്ട് കോടതികള്‍ മാറിമാറി ദേഹവും ദേഹിയും മുറിവേറ്റ, സംരക്ഷിക്കാന്‍ ഏതെങ്കിലും സാധ്യതയുള്ള ഏക മനുഷ്യനും കൈവിട്ട നേരത്ത് കരുണ വറ്റിയ കണ്ണുകളും, ഒത്ത ഇരയെ പാങ്ങിനു കിട്ടിയ വേട്ടക്കാരന്‍റെ സന്തോഷമായി നില്‍ക്കുന്ന ഒരു ജനക്കൂട്ടത്തിന് മുമ്പില്‍ അടിമുടി മുറിവുകളുമായി നില്‍ക്കുന്ന മനുഷ്യനെ വിരല്‍ചൂണ്ടി പറഞ്ഞ അവസാനത്തെ തുള്ളി കരുണയുടെ വാക്ക് 'ഇതാ മനുഷ്യന്‍'.
***
വിലാപങ്ങളുടെ പുസ്തകം
ബൈബിള്‍ താളുകളിലൂടെ കടന്നു പോയപ്പോള്‍ കുരിശിനോളം കരളുടഞ്ഞ മനുഷ്യരുടെ നിലവിളികള്‍ നിറയുന്നുണ്ട് കാതില്‍. സൃഷ്ടിയുടെ മകുടമായി സ്വന്തം ഛായയിലും സാദൃശ്യത്തിലും താന്‍ മെനഞ്ഞെടുത്ത മനുഷ്യന്‍ അവന്‍റെ പാപം കൊണ്ട് പിതൃഹൃദയം മുറിപ്പെടുത്തിപ്പോള്‍, തന്‍റെ ഏക പുത്രനെ പാപ പൊറുതിക്ക് ബലി മൃഗമായി ലോകത്തിന് വെച്ച് നീട്ടിയത് മുതല്‍ അങ്ങോട്ട് കദനം നിറഞ്ഞ വഴിത്താര തുടങ്ങുന്നു.
ഉള്ളില്‍ എന്നോ കൊതിപ്പിച്ച, കനിവരുത്തിയ നഷ്ടത്തിന്‍റെ തേങ്ങലുകളുമായി, കയ്യെത്താ ദൂരത്തുള്ള സ്വാതന്ത്ര്യത്തിന്‍റെ പറുദീസ നഷ്ടത്തിന്‍റെ പരിവേദനവുമായി പൂര്‍വ്വ പിതൃക്കള്‍ നില്‍ക്കുന്നു. വിയപ്പ് തുള്ളികള്‍ വളമാക്കിയ മുള്ളും, മുള്‍ച്ചെടിയും പടര്‍ന്ന കയറിയത് മണ്ണില്‍ ആണെങ്കിലും അതിനേക്കാള്‍ വേരിട്ടത് ഉള്ളിലാണ്. ഒരു നിമിഷം, ആര്‍ത്തിരമ്പിയ കോപത്തിന്‍റെ വില! എത്ര കൊട്ടി അടയ്ക്കാന്‍ ശ്രമിച്ചാലും ആര്‍ത്തിരമ്പുന്ന സഹോദരന്‍റെ നിസ്സഹായതയുടെ നിലവിളിയും, ചോരയുടെ ഗന്ധം വിട്ടുമാറാത്ത കായെന്, ചോദിച്ചു വാങ്ങിയ ദൈവസംരക്ഷണത്തിന്‍റെ മുദ്രയുടെ ഭാരം ജീവിതാവസാനം വരെ ഭാരമുള്ള ഒരു ഓര്‍മ്മയായിരുന്നില്ലേ. ഓര്‍മ്മയുടെ ഭാരം പേറുവാന്‍ മനുഷ്യന്‍ തുടങ്ങിയത് അന്നുമുതലായിരുന്നോ?.
തനിക്ക് വിഹിതമല്ലാത്ത ഒരു കാഴ്ചയെ സ്വന്തമാക്കുവാന്‍ തെറ്റില്‍ നിന്ന് തെറ്റിലേക്ക് യാത്ര ചെയ്ത ഒരു മനുഷ്യന്‍ പിന്നീട് സമസ്ത അപരാധങ്ങളും ഏറ്റുപറഞ്ഞ് പാപ പൊറുതിക്കു വേണ്ടി സങ്കീര്‍ത്തനങ്ങള്‍ പ്രാര്‍ത്ഥിച്ചു. നൂറ്റാണ്ടുക ള്ക്കപ്പുറവും പാപ പൊറുതിക്കുവേണ്ടി കണ്ണീരൊഴുക്ക് പ്രാര്‍ത്ഥിക്കുമ്പോള്‍ ഈ സങ്കീര്‍ത്തനങ്ങളും ഏറ്റുചൊല്ലുവാന്‍ ഇടയാവുന്നുണ്ട് എന്നുള്ളത് ദൈവത്തിന് മാത്രം അറിയാവുന്ന ഒരു നീതി.
***
ദൃഷ്ടാന്തങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങുന്നതല്ല....
പുതിയ നിയമത്തിലേക്ക് എടുത്തുചാടിയാല്‍, ദൈവത്തിനു ആമേന്‍ പറഞ്ഞ നാള്‍ മുതല്‍ കുരിശിന്‍റെ ചുവട്ടില്‍, വാടിയ ചെമ്പില താളുപോലെ ചുരുണ്ടു കൂടിയ പുത്രനെ ഏറ്റവാങ്ങിയതുവരെ വ്യാകുലതകളുടെ കഥ പറയാനുള്ള നസ്രത്തിലെ സ്ത്രീ എന്നെ പ്രത്യാശയോടെ നോക്കുന്നുണ്ട്. ഒളിഞ്ഞും തെളിഞ്ഞും, പറഞ്ഞു കേട്ടുകൊണ്ടിരുന്ന പൂര ്വികരുടെ പാപത്തിന്‍റെയും, ശാപത്തിന്‍റെയും ഭാരവും ഒപ്പം താന്‍ കടന്നുപോകുന്ന അന്ധതയുടെ മുറിവുകളുമായി വഴിയില്‍ കാത്തു നില്‍ക്കുന്ന ഒരു കുരുടനായ മനുഷ്യനെ യോഹന്നാന്‍ കാണിച്ചു തരുന്നുണ്ട്. 'പാപവും ശാപവും എന്നുപറഞ്ഞ് ഭാരപ്പെടേണ്ട കുഞ്ഞേ അവയൊക്കെയും ദൈവമഹത്വത്തിനു വേണ്ടിയായിരുന്നുവെന്ന് പറഞ്ഞ രക്ഷകന്‍റെ വാക്കുകളെ എനിക്ക് ആരെങ്കിലും പറഞ്ഞുതന്നിരുന്നുവെങ്കില്‍.
കൂട്ടംതെറ്റിയ കുഞ്ഞാടിന്‍റെ കഥ കേവലം ഫലിതമായി പറയുന്ന വര്‍ത്തമാനകാലത്തില്‍. കൂട്ടം പിരിഞ്ഞുപോയ കുഞ്ഞാടിനെ മറ്റൊരു കണ്ണില്‍ നോക്കിയാല്‍, കൂട്ടത്തില്‍ കൂട്ടില്ലാത്തവന്‍. തിരികെ വിളിക്കാന്‍ ആരും അവകാശം പറയാനില്ലാത്തവന്‍. തെറ്റിയ വഴികളെ കുറിച്ച് ഓര്‍ത്ത് സ്വയം കുറ്റപ്പെടു ത്താനും, വേദനകളുടെ ക്രൂര മുള്ളൂകളില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ അലിവുള്ള ഇടയനെ മാത്രം കിനാവ് കാണാന്‍ കഴിയുന്ന കുഞ്ഞാട്. എന്‍റെ സ്വസ്ഥതയുടെ രാവുകളെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. എല്ലാവരാലും കൈവിട്ട് തൂങ്ങി നില്‍ക്കുന്ന കുരിശില്‍ നിന്നുകൊണ്ട് ചക്രവാളങ്ങളിലേക്ക് കണ്ണീര് പറ്റിയ മിഴികള്‍ ചായിച്ച് ഇന്നും ദൈവപുത്രന്മാര്‍ 'അപ്പ നീ പോലും കൈവിട്ടോ' എന്ന് ചങ്കുപൊട്ടി നിലവിളിക്കുന്നുണ്ട്. ഇനിയും കഥകള്‍ ഏറെയുണ്ട്. നിങ്ങള്‍, നിങ്ങളെത്തന്നെ തിരിച്ചറിഞ്ഞ കഥാപാത്രങ്ങള്‍ ഇനിയുമില്ലേ....
***
വര്‍ത്തമാനകാലം
കെട്ടകാലം എന്ന് വിലപിക്കുന്നവരുടെ കൂട്ടത്തില്‍ ഞാനില്ല. പക്ഷേ, കരുണ വറ്റിയ കാലം എന്ന പരിഭവമുണ്ട്. സുഖാന്വേഷണത്തിന്‍റെ വ്യാകരണങ്ങള്‍ക്ക് വറുതി അനുഭവിക്കുന്ന ഒരു കൂട്ടമായി നമ്മള്‍ മാറിയിരിക്കുന്നു. പരിചയ സംഭാഷണത്തില്‍ മഴയ്ക്ക് എന്ത് സ്ഥാനമെന്ന് എനിക്ക് സത്യമായും മനസ്സിലാകുന്നില്ല. വാക്കുകള്‍ ചുരുങ്ങിപ്പോയ, ധ്യാനം ഇല്ലാത്ത ആളുകളുടെ വാക്കുകള്‍ എന്തുമാത്രം നാശനഷ്ടങ്ങള്‍ വരു ത്തുന്നു. നമ്മള്‍ കടന്നുപോകുന്ന മനുഷ്യര്‍ ഹൃദയ ത്തില്‍ പടവെട്ടുന്ന കുരുക്ഷേത്രത്തെക്കുറിച്ച് നിങ്ങള്‍ അറിയുന്നുണ്ടോ. സ്നേഹം എന്ന് ഓമന പേരിട്ടു നിങ്ങള്‍ വിളിക്കുന്ന പ്രകടനങ്ങളിലും, കരുതലുകളുടെയും തടവറയില്‍ ശ്വാസം മുട്ടുന്ന പ്രിയപ്പെട്ടവരെ നിങ്ങള്‍ക്ക് തിരിച്ചറിയാനാവുന്നുണ്ടോ.
പണ്ട്, എപ്പോഴോ ചെയ്തുപോയ ഒരു തെറ്റിന് ജീവിതം മുഴുവന്‍ അതിന്‍റെ പാപഭാരവും ഉള്ളില്‍ ഒതുക്കിയ മനുഷ്യനെ ഒറ്റയ്ക്ക് ആക്കുന്നവര്‍ അറിയുന്നുണ്ടാകുമോ, ദൈവം പോലും ക്ഷമിച്ച മനുഷ്യര്‍, നിങ്ങളോട് ക്ഷമയ്ക്കുവേണ്ടി കേഴുന്നുണ്ടെന്ന്. കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
പ്രാണന്‍റെ പാതിയെ പോലെ തോളോട് തോള്‍ ചേര്‍ന്ന് നടന്നവര്‍ പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ ആരുമില്ലാതായതിന്‍റെയും മറ്റൊരാള്‍ക്ക് വേണ്ടി ഒറ്റയ്ക്കായിട്ട് പോയവരും, ഒരു കാരണം പോലും പറയാതെ പോയവരും. അത് അനുഭവിക്കാന്‍ ബാക്കിയായവര്‍ കടന്നു പോയ രാവുകളെ നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ, ഉറങ്ങാന്‍ മറന്ന രാത്രികളും, രുചി നഷ്ടപ്പെട്ടുപോയ അത്താഴങ്ങളുടെയും, ചിരിക്കാന്‍ മറന്ന പകലുകളുടെയും കാരണങ്ങളും, കാരണക്കാര്‍ക്കും മറന്നു പോയ ഒരു പറ്റം മനുഷ്യരുടെ കഥ, കുരിശിന്‍റെ വഴികള്‍ നടന്ന നസറത്തിലെ സ്നേഹിതന്‍റെ വര്‍ത്തമാന പതിപ്പുകള്‍ തന്നെ.. നമ്മുടെ പരിസരങ്ങളില്‍ കാല്‍വരി കേറുന്നവരെ നിങ്ങള്‍ കണ്ടുമുട്ടുന്നുണ്ട്,അത് കാണാന്‍, ഹൃദയമുള്ള ഒരു കണ്ണ് ഉണ്ടായാല്‍ മതി.
ഒടുവിലായല്ല ഏറ്റവും ആദ്യം ഒരു കണ്ണാടി നോക്കി നിങ്ങള്‍ നിങ്ങളോട് തന്നെ പറയണം, നിങ്ങള്‍ കരുണ അര്‍ഹിക്കുന്നുണ്ട്, തന്നെപ്പോലെ എന്ന വാക ്ക് മറന്ന് അയല്‍ക്കാരെ സ്നേഹിക്കാന്‍ ശ്രമിച്ച പ്രിയ സുഹൃത്തേ നിങ്ങള്‍ സ്നേഹം അര്‍ഹിക്കുന്നുണ്ട്...
***
സുവിശേഷം!
ബൈബിളിലെ വിലാപത്തിന്‍റെ പുസ്തകം ശോകമൂകതയുടെ ഭാഷയുണ്ടെങ്കിലും അതിലെന്നെ ഏറെ കൊതിപ്പിച്ച ഒരു വരിയാണ് "ഓരോ പ്രഭാതത്തിലും അവന്‍റെ സ്നേഹം പുതിയതാണ്."
ഉത്തരം തേടുന്ന നിങ്ങളുടെ രാത്രികള്‍ക്ക്, അതിക്രൂര നിശബ്ദതയ്ക്ക് ശേഷം ആ മൂന്നാംപക്ക ഓര്‍മ്മകള്‍ നിങ്ങളെ മോഹിപ്പിക്കേണ്ടതാണ്. എത്ര വേഗത്തിലാണ് പ്രിയപ്പെട്ട മനുഷ്യര്‍ ഭൂതമായി തോന്നി തുടങ്ങിയത്. എല്ലാ സാധ്യതകളുടെയും അവസാന വെട്ടം കേട്ടടങ്ങിയ ഗലീലി കടലിലൂടെ പ്രതീക്ഷയുടെ ആ scared mystery നടന്നടുത്തത് എന്‍റെ ജീവിത വള്ളത്തിലായിരുന്നു. എടുത്തു ചാടാന്‍ എന്ത് സാഹസമായിരുന്നുവെന്നോ,പക്ഷേ ആര്‍ത്തിരമ്പിയ വാക്കുകള്‍ നിരാശയുടെ കണക്കാ യത്തിലേക്ക് കൂപ്പുകുത്താന്‍ അധികം സമയം വേണ്ടിവന്നില്ല. പക്ഷേ ഒരു കരം എന്‍റെ നേരെ നീളമുണ്ടായിരുന്നു അയാള്‍ക്ക് മാത്രം വെച്ച് നീട്ടാന്‍ കഴിയുന്നത്. സങ്കടങ്ങളുടെ എല്ലാ കഥകള്‍ക്കും ഒടുക്കം പ്രതീക്ഷയോടെ ഒരു പുതു വെളിച്ചം കൊളു ത്താതെ ഒരു കഥയും ബൈബിളില്‍ അവസാനി ച്ചിട്ടില്ല.
ഭാരമുള്ള നേരങ്ങളില്‍ മൂന്നാംപക്കം നമ്മെ മോഹിപ്പിക്കുന്ന ഒരു ചിന്തയാണ് തോല്‍വികളെ തോല്‍പ്പിച്ച് ആ 33 കാരന്‍ നേടിയ വിജയം. അത് പലരെയും മോഹിപ്പിച്ചിട്ടുണ്ട്. രണ്ടു പുസ്തകം മറിച്ച് കഴിയുമ്പോള്‍ ഒരാള്‍ ധീരതയോടെ ചോദിക്കുന്നുണ്ട്..'ഹേ മരണമേ, നിന്‍റെ ദംശനം എവിടെ'. വിപ്ലവം പിന്നീടും കേട്ടു, മറ്റൊരു പ്രത്യയ ശാസ്ത്രത്തില്‍ കൊല്ലും പക്ഷേ തോല്‍പ്പിക്കാനാവില്ല...
സങ്കടങ്ങളുടെ അവസാനിക്കാത്ത രാവുകളിലും, ഞാന്‍ പഠിക്കുകയാണ് അവനോടുള്ള സ്നേഹത്തില്‍ നിന്ന് ആരെന്നെ വേര്‍പെടുത്തും .......
പ്രിയ സുഹൃത്തിന്‍റെ ഒരു സന്ദേശം ഫോണില്‍ തെളിഞ്ഞു.. 'എത്തേണ്ട ഇടത്ത ോളം പ്രധാനമാണ് കടന്നുവരുന്ന വഴികള്‍ എന്ന്'... ഇന്നും ഞാന്‍ പടവെട്ടുന്നുണ്ട് കുരുങ്ങിപ്പോയ കുഞ്ഞു മനുഷ്യരുടെ വലിയ വാക്കുകളുടെ മേലെ എന്‍റെ ശബ്ദം എത്തിക്കാന്‍.
പെയ്യുവാന്‍ ഇടം കിട്ടാതെ ചുമന്നുകൊണ്ട് നടക്കുന്ന കാര്‍മേഘങ്ങളുമുണ്ട് ഉള്ളില്‍. പക്ഷേ വീണും എഴുന്നേറ്റും സ്ലീവാ പാത പൂര്‍ത്തിയാക്കി ഒരാള്‍ കണ്ണുറുക്കിക്കാട്ടി എന്നെ മോഹിപ്പിക്കുന്നുണ്ട്. ഇവയൊക്കെയും രണ്ട് ഭിക്ഷക്കാരില്‍ ഒരാള്‍ക്ക് വഴിയില്‍ നിന്ന് കിട്ടിയ കനവിന്‍റെ ഇടത്തെക്കുറിച്ച് സഹയാത്രികര്‍ക്ക് പറയുന്നതാണ് ഈ കുറിപ്പ് അതിനപ്പുറം ആത്മീയ ബലം പറയാനാവുന്നില്ല.
ഇത്രയും കോടി മനുഷ്യരുള്ള ഭൂമിയില്‍ ഒറ്റയ്ക്കാണെന്ന് പറയുന്നതിനോളം വലിയ കള്ളമില്ലെന്ന് എനിക്കറിയാം. അര്‍ഹതയില്ലെന്ന് സ്വയംവിചാരിച്ച് ഇറങ്ങിപ്പോന്ന, നിങ്ങള്‍ സ്നേഹത്തോടെ എനിക്ക് മുമ്പില്‍ ഒരുക്കിയ വിരുന്ന് മേശകള്‍ എനിക്ക് മറക്കാവുന്നതല്ലല്ലോ.
കീറേനേക്കാരനായ ശിമയോനും മഗ്ദലനായിലെ മറിയവും ബൈബിളില്‍ മാത്രം കാണുന്ന കഥാപാത്രങ്ങള്‍ അല്ലെന്ന് തിരിച്ചറിയാനാവുന്നുണ്ട് ഇപ്പോള്‍...
പ്രിയ സുഹൃത്തേ നീ ഈ കടന്നുപോകുന്ന ഇരുള്‍മൂടിയ രാവുകളിലും, ഈശോ ഉത്ഥാനത്തിന്‍റെ മഹത്വം കാട്ടി മോഹിപ്പിച്ച് ഒരു പക്ഷേ നിന്നെ വിളിക്കുന്നുണ്ട്. മുറിവുകളില്‍ നിന്ന് ഒളിച്ചോടാതെ, വീണാലും, വീണ്ടും എഴുന്നേറ്റ് നടക്കുവാന്‍. എന്‍റെ ഇത്തി രി മുറിവുകളെ അതിലേറെ മുറിപ്പെട്ടവര്‍ കൂടെ നടന്നു വിളിക്കുന്നു: To become the wounded healers. നിങ്ങള്‍ക്ക് സമാധാനം.
ഇതാ മനുഷ്യന്‍
ജോപ്പന്‍
അസ്സീസി മാസിക, ജൂലൈ 2025



















