top of page

ഹരിതരാഷ്ട്രീയം

Oct 1, 2012

3 min read

ഡോ. റോയി തോമസ്
Tiny seedling of a plant.

കുറച്ചു വൈകിയെങ്കിലും നമ്മുടെ രാഷ്ട്രീയക്കാര്‍ ഹരിതരാഷ്ട്രീയത്തെക്കുറിച്ച് സംസാരിച്ചുതുടങ്ങിയിരിക്കുന്നു. (ഒരിക്കലും നടക്കാത്തതിനെക്കാള്‍ നല്ലതാണല്ലോ താമസിച്ചെങ്കിലും സംഭവിക്കുന്നത്.) 2012 റേച്ചല്‍ കാഴ്സന്‍റെ 'നിശ്ശബ്ദവസന്തം' (Silent Spring) എന്ന വിശിഷ്ടഗ്രന്ഥത്തിന്‍റെ 50-ാം വാര്‍ഷികമാണ്. ഹരിതരാഷ്ട്രീയത്തെക്കുറിച്ചുള്ള അഗാധമായ ചര്‍ച്ചകള്‍ നടക്കേണ്ടതിന്‍റെ അനിവാര്യതയാണ് ഈ വാര്‍ഷികം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. സിയാറ്റില്‍ മൂപ്പനും തോറോയും റേച്ചല്‍ കാഴ്സനും വാന്‍ഗാരി മാതായിയും കെന്‍സാരോവിവയും മേധാപട്കറും സുന്ദര്‍ലാല്‍ ബഹുഗുണയും മസനോബു ഫുക്കുവോക്കയും നഞ്ചുണ്ടസ്വാമിയും വന്ദനശിവയും ജോണ്‍സി ജേക്കബും പൊക്കുടനും മയിലമ്മയും ലീലാകുമാരിയമ്മയുമെല്ലാം ഉന്നയിക്കുന്ന രാഷ്ട്രീയത്തെയാണ് ഹരിതരാഷ്ട്രീയം എന്നു വിളിക്കുന്നത്. ഈ രാഷ്ട്രീയം നമ്മുടെ രാഷ്ട്രീയ കക്ഷികള്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയത്തില്‍ നിന്നും തികച്ചും ഭിന്നമാണെന്ന വസ്തുത എടുത്തുപറയേണ്ടതില്ലല്ലോ. അത് ഭൗമരാഷ്ട്രീയമാണ്. മണ്ണും മനുഷ്യനും മരങ്ങളും മറ്റുജീവജാലങ്ങളും സമന്വയിക്കുന്ന ഒരു ദര്‍ശനധാരയാണത്.

ദശകങ്ങള്‍ക്കുമുമ്പാണ് ഫ്രിറ്റ്ജോഫ് കാപ്രയുടെ 'ഗ്രീന്‍ പൊളിറ്റിക്സ്' എന്ന ഗ്രന്ഥം രചിക്കപ്പെട്ടത്. റേച്ചല്‍ കാഴ്സണ്‍ തുടങ്ങിയ പാരിസ്ഥിതികാന്വേഷണം തൊണ്ണൂറുകളിലെത്തുമ്പോള്‍ 'ഗ്രീന്‍ പാര്‍ട്ടി' പോലുള്ള രാഷ്ട്രീയകക്ഷികളിലേക്കു വികസിക്കുന്നു. അതിന്‍റെ പശ്ചാത്തലത്തിലാണ് കാപ്ര, ഹരിതരാഷ്ട്രീയത്തിന്‍റെ സാധ്യതകളും പ്രസക്തിയും അനിവാര്യതയും എടുത്തുപറയുന്നത്. ഇതിനോടു ബന്ധപ്പെട്ടാണ് പച്ചപ്പും ചുവപ്പും ചേര്‍ന്ന് ഒരുക്കുന്ന പുതിയൊരു സോഷ്യലിസ്റ്റ് ദര്‍ശനം ചില വിവേകമതികള്‍ പങ്കുവച്ചത്. ജീവന്‍റെ വല (Web of life) സംരക്ഷിക്കേണ്ടത് ഓരോ മനുഷ്യന്‍റെയും നിലനില്പിന് അത്യാവശ്യമാണ്. 'വെബ് ഓഫ് ലൈഫ്' എന്ന ഗ്രന്ഥത്തില്‍ കാപ്ര അവതരിപ്പിക്കുന്ന കാഴ്ചപ്പാടുകള്‍ ഹരിതരാഷ്ട്രീയത്തിന്‍റെ ചക്രവാള സീമകള്‍ വികസിപ്പിക്കുന്നു. ജീവന്‍റെ വലയില്‍ ഉണ്ടാകുന്ന വിള്ളലുകള്‍ വരുംതലമുറകളെക്കൂടി അന്തമില്ലാത്ത ദുരിതക്കയങ്ങളിലേക്കു വലിച്ചെറിയും എന്ന വസ്തുതയാണ് ഹരിതരാഷ്ട്രീയത്തിന്‍റെ അടിസ്ഥാനം. എല്ലാ പ്രശ്നങ്ങളും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതുകൊണ്ട് എല്ലാ രംഗങ്ങളിലുമുള്ള അഴിച്ചുപണിയിലൂടെ മാത്രമേ പുതിയൊരു ലോകം സൃഷ്ടിക്കാനാവൂ എന്ന് കാപ്ര കരുതുന്നു. "നമ്മുടെ കാലഘട്ടത്തിന്‍റെ പ്രധാന പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരങ്ങളുണ്ട്, ചിലതൊക്കെ വളരെ ലളിതവുമാണ്. പക്ഷേ, അതിന് നമ്മുടെ കാഴ്ചപ്പാടില്‍, ചിന്തയില്‍, മൂല്യങ്ങളില്‍ മൗലികമായ മാറ്റങ്ങള്‍ ആവശ്യമുണ്ട് എന്ന് ഫ്രിറ്റ്ജോഫ് കാപ്ര പറയുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുന്നു. 'സുസ്ഥിരത' എന്ന സങ്കല്പം കാപ്ര ഉയര്‍ത്തിപ്പിടിക്കുന്നു. "ഭാവിതലമുറകളുടെ വളര്‍ച്ചയെ തകര്‍ക്കാതെ സ്വന്തം ആവശ്യങ്ങളെ സംതൃപ്തിപ്പെടുത്തുന്ന ഒരു സമൂഹത്തെ സുസ്ഥിര സമൂഹം എന്ന് വിളിക്കാം" എന്ന ലെസ്റ്റര്‍ ബ്രൗണിന്‍റെ നിര്‍വചനം കാപ്ര പ്രാധാന്യത്തോടെ ഉദ്ധരിക്കുന്നു. ഭാവി തലമുറയെക്കൂടി പരിഗണിച്ചുകൊണ്ടുള്ള ജീവിതമാണ് സുസ്ഥിരതയുടെ കാതല്‍. വി. രാജകൃഷ്ണന്‍റെ 'ശ്രാദ്ധം' എന്ന സിനിമയിലെ സുമം എന്ന കഥാപാത്രം പറയുന്നത് ഇങ്ങനെയാണ്: "പ്രകൃതി അമ്മയാണ്, സര്‍വ്വംസഹയാണ്. നൂറ്റാണ്ടുകളായി അവള്‍ മനുഷ്യന്‍റെ കൊതിയുടെയും ക്രൂരതയുടെയും ഫലം ഏറ്റുവാങ്ങുകയായിരുന്നു. അപമാനിതയായ പ്രകൃതിയുടെ നിലവിളിയാണ് കാട്ടില്‍ മുഴങ്ങിക്കേള്‍ക്കുന്നത്. അതു കേള്‍ക്കാന്‍ കഴിയാത്തവണ്ണം നമ്മുടെ കാതുകള്‍ അടഞ്ഞിരിക്കുന്നു." വികസനത്തിന്‍റെ പേരിലുള്ള കോലാഹലങ്ങള്‍ക്കിടയില്‍ 'ഭൂമിയുടെ നിലവിളി' നമുക്കു കേള്‍ക്കാന്‍ സാധിക്കാതായിരിക്കുന്നു. നമ്മുടെ കാതുകള്‍ അടഞ്ഞിരിക്കുന്നു. ഈ കാതുകളെ തുറക്കുകയാണ് ഹരിതരാഷ്ട്രീയം നേരിടുന്ന പ്രതിസന്ധി. സമഗ്രമായ മാറ്റത്തിന്‍റെ ആഹ്വാനമാണ് കേട്ടുതുടങ്ങേണ്ടത്. ഹരിതരാഷ്ട്രീയം ഉന്നയിക്കുന്ന ദര്‍ശനം അതിനാണു ശ്രമിക്കുന്നത്.

എല്ലാ ജീവജാലങ്ങളും 'ഭൂമിയുടെ അവകാശികള്‍' ആണെന്ന് ഹരിതരാഷ്ട്രീയം വിശ്വസിക്കുന്നു. "ചുറ്റുപാടും പരന്നു കാണുന്ന പ്രകൃതിക്ക് ദുരൂഹമായ ഒരു ലക്ഷ്യവും ചൈതന്യവുമുണ്ട്. നാമ്പുനീട്ടുന്ന ഓരോ പുല്‍ക്കൊടിയും പുഞ്ചിരിതൂകുന്ന ഓരോ പൂവും പാറിപ്പറക്കുന്ന ഓരോ പക്ഷിയും ജീവന്‍റെ മഹത്തായ സന്ദേശത്തെയാണ് വിളംബരം ചെയ്യുന്നത്. പ്രകൃതിയിലെ സര്‍വത്തിനും, വലുതിനും ചെറുതിനും ഒരുപോലെ, ജീവിക്കാനുള്ള ഇച്ഛയുണ്ട്. ജീവിക്കാനുള്ള ഇച്ഛ - അതാണ് സര്‍വ ജീവജാലങ്ങളെയും പ്രവൃത്തിക്ക് പ്രേരിപ്പിക്കുന്നത്. അതുകൊണ്ട്, ആ ഇച്ഛയ്ക്ക് പ്രതിബന്ധമായി നില്‍ക്കുന്ന എല്ല പ്രവൃത്തികളും പാപമാകാതെ തരമില്ല" എന്ന് ആല്‍ബര്‍ട്ട് ഷ്വൈറ്റ്സര്‍ പറയുമ്പോള്‍ ഭൗമരാഷ്ട്രീയത്തിന്‍റെ സമഗ്രതയാണ് വെളിപ്പെടുന്നത്. പരിസ്ഥിതി നൈതികതയില്‍ നിന്നാണ് ഹരിതരാഷ്ട്രീയത്തിന്‍റെ വളര്‍ച്ചയുണ്ടാകേണ്ടത്. ഈ നൈതികത ഒരു ജീവിതരീതിയാണ്, സംസ്കാരമാണ്, ദര്‍ശനമാണ്. ഈ നൈതികത സ്വന്തമാകുമ്പോഴേ നാം ഇപ്പോള്‍ ജീവിക്കുന്ന ജീവിതം ധര്‍മ്മപാതയില്‍ നിന്ന് വ്യതിചലിച്ചതാണെന്ന് അറിയൂ.

"ഒരിക്കല്‍ ദൈവത്തിനെതിരായ പാപമായിരുന്നു ഏറ്റവും വലിയ പാപം... എന്നാല്‍ ഭൂമിയ്ക്കെതിരായ പാപവും, അജ്ഞാതമായ അപരിമേയ ശക്തിയുമായുള്ള ബാന്ധവത്തെ ഭൂമിയുടെ അര്‍ത്ഥത്തേക്കാള്‍ കൂടുതലായി മാനിക്കുന്നതുമാണ് ഇന്നത്തെ ഭയാനകമായ പാപം" എന്നു പ്രസ്താവിക്കുന്ന നീഷേ ഭൗമരാഷ്ട്രീയത്തെ പ്രവചിക്കുകയായിരുന്നു. ഭൂമിക്കെതിരായ പാപം ഗൗരവതരമെന്നു കാണുമ്പോള്‍ നൈതികമായ ഉണര്‍ച്ചയിലേക്കു നാം സഞ്ചരിക്കും.

"വികസനം സമൂഹത്തിന്‍റെയും നാഗരികതയുടെയും നന്മയെയും മേന്മയെയും അടിസ്ഥാനപ്പെടുത്തിയുള്ള ഒന്നായിരിക്കണം. എന്നാല്‍, വികസനമെന്ന പേരില്‍ ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതല്ല. വികസനം വളരെ ചെറിയ ഒരു ന്യൂനപക്ഷത്തിന്‍റെ സൗകര്യത്തിനും സുഖത്തിനുമായി വിഭാവനം ചെയ്യപ്പെടുന്നു." മേധാപട്കര്‍ ഇവിടെ ഉന്നയിക്കുന്നത് വികസനത്തിന്‍റെ രാഷ്ട്രീയമാണ്. സാമ്പത്തിക സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളുമായെല്ലാം ബന്ധപ്പെട്ടുതന്നെയാണ് ഹരിതരാഷ്ട്രീയം മുന്നേറേണ്ടത്. 'എന്‍റെ രാഷ്ട്രീയം' എന്ന കവിതയില്‍ മേതില്‍രാധാഷ്ണന്‍ ഹരിതരാഷ്ട്രീയത്തിന്‍റെ സൂക്ഷ്മചിത്രങ്ങള്‍ ഇപ്രകാരം വരച്ചിടുന്നു.


"എന്‍റെ രാഷ്ട്രീയം

ഒരു വിത്തില്‍നിന്ന് നേരിട്ടു കിളിര്‍ക്കുന്നു.

.....................................................................

എന്‍റെ രാഷ്ട്രീയം ഭൗമികമാകുന്നു.

എല്ലാ രാഷ്ട്രങ്ങളും കൊഴിഞ്ഞാലും

ഒരൊറ്റ പുഴുവിന്‍റെ അവകാശത്തിനുവേണ്ടി

അതു തുടര്‍ന്നുകൊണ്ടിരിക്കും..."


പ്രകൃതിയിലെ ഓരോ സൂക്ഷ്മകണികയും ഭൗമരാഷ്ട്രീയത്തില്‍ പങ്കാളിയാണ്. സമത്വദര്‍ശനത്തെ ഏറെ വികസിപ്പിക്കേണ്ടതുണ്ട് എന്നാണ് മേതിലിന്‍റെ കവിത സൂചിപ്പിക്കുന്നത്.

ഹരിതചിന്തകള്‍ രാഷ്ട്രീയത്തിലും സംസ്കാരത്തിലും സാഹിത്യത്തിലും തത്ത്വചിന്തയിലും ശാസ്ത്രത്തിലും സൗന്ദര്യ ശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലുമെല്ലാം സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഹരിതരാഷ്ട്രീയത്തിന്‍റെ പരിപ്രേക്ഷ്യങ്ങള്‍ അതിവിപുലമാണ്. ലോകമഹായുദ്ധത്തിന്‍റെ, അണുബോംബിന്‍റെ സംഹാരത്മകമുഖം കണ്ട രാജ്യമാണ് ജപ്പാന്‍. സിനിമയിലെ ഷേക്സ്പിയര്‍ എന്നറിയപ്പെടുന്ന അകിറ കുറോസാവയുടെ 'ഡ്രീംസ്' എന്ന സിനിമ ഹരിതരാഷ്ട്രീയത്തിന്‍റെ ദര്‍ശനം സാക്ഷാത്ക്കരിക്കുന്നു. "വിഡ്ഢികളായ മനുഷ്യര്‍ ചെയ്തതാണ് ഇതൊക്കെ. അവര്‍ നമ്മുടെ ഗ്രഹത്തെ വിഷപദാര്‍ത്ഥങ്ങള്‍ വലിച്ചെറിയാനുള്ള ഒരു കുപ്പത്തൊട്ടിയാക്കി മാറ്റി. പ്രകൃതി ഭൂമിയില്‍ നിന്നുതന്നെ അപ്രത്യക്ഷമായി. നമ്മള്‍ ആസ്വദിക്കുന്ന പ്രകൃതി, പക്ഷികള്‍, മൃഗങ്ങള്‍, മത്സ്യങ്ങള്‍ എന്നിവയെല്ലാം നമുക്കു നഷ്ടമായി. കുറച്ച് നാളുകള്‍ക്കു മുന്‍പ്... രണ്ടു മുഖമുള്ള ഒരു മുയലിനെ ഞാന്‍ കണ്ടു... ഒറ്റക്കണ്ണുള്ള പക്ഷി... രോമങ്ങളുള്ള മത്സ്യം" മനുഷ്യന്‍റെ ചെയ്തികള്‍ പ്രകൃതിയിലേല്പിച്ച മുറിവുകളെക്കുറിച്ച് ഒരു കഥാപാത്രം പറയുന്നു.

"മനുഷ്യര്‍ പ്രകൃതിയുടെ ഭാഗമാണ്. എന്നിട്ടും അവര്‍ തങ്ങള്‍ ആശ്രയിക്കുന്ന പ്രകൃതിയെ നശിപ്പിക്കുന്നു. അവര്‍ വിചാരിക്കുന്നത് ജീവിതം കൂടുതല്‍ സുഖമാക്കാമെന്നാണ്. പ്രത്യേകിച്ചും ശാസ്ത്രജ്ഞര്‍. അവര്‍ മിടുക്കരാണ്. പക്ഷേ അവര്‍ക്ക് പ്രകൃതിയുടെ ഹൃദയമറിയില്ല... അവര്‍ക്കറിയില്ല തങ്ങള്‍ പ്രകൃതിയെ നശിപ്പിക്കുകയാണെന്ന്. അവര്‍തന്നെ നശിക്കാന്‍ പോവുകയാണെന്ന യാഥാര്‍ത്ഥ്യം അവര്‍ കാണുന്നില്ല. ഒരു മനുഷ്യനെ സംബന്ധിച്ച് ഏറ്റവും പ്രധാനം ശുദ്ധവായുവും ശുദ്ധജലവും അവ ഉത്പാദിപ്പിക്കുന്ന മരങ്ങളും ചെടികളുമാണ്. ഇപ്പോള്‍ എല്ലാം മലിനമാക്കപ്പെടുകയാണ്. മലിനജലം... മലിനവായു... മനുഷ്യന്‍റെ ഹൃദയംതന്നെ മലിനം." 'ഡ്രീംസി'ല്‍ കുറോസാവ അവതരിപ്പിക്കുന്ന ദര്‍ശനത്തിന്‍റെ സത്ത യഥാര്‍ത്ഥ ഹരിതരാഷ്ട്രീയത്തിന്‍റെ കാഴ്ചപ്പാടുതന്നെയാണ്. സിയാറ്റില്‍ മൂപ്പന്‍റെ വാക്കിന്‍റെ പ്രതിധ്വനിയാണ് 'ഡ്രീംസി'ല്‍ കേള്‍ക്കുന്നത്.

ഹരിതരാഷ്ട്രീയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വികസിപ്പിക്കേണ്ടത് ഇന്നിന്‍റെയും നാളെയുടെയും ആവശ്യമാണ്. എല്ലാറ്റിനെയും അണച്ചുനിര്‍ത്തുന്ന സമഗ്രതയുടെ ദര്‍ശനത്തെക്കുറിച്ച് ലോകം ചിന്തിക്കേണ്ട കാലമാണിത്. വിപണി അവതരിപ്പിക്കുന്ന ഹിംസാത്മകമായ ഉപഭോഗത്വരയ്ക്കു ബദലായി ഒരു പ്രതിസംസ്കൃതിയാണ് ഹരിതരാഷ്ട്രീയം അവതരിപ്പിക്കുന്നത്. 'ജീവന്‍റെ വല'യെ ആദരിക്കുന്ന നൈതികതയില്‍ നിന്നാണ് യഥാര്‍ത്ഥ ഹരിതരാഷ്ട്രീയം രൂപമെടുക്കുന്നത്. ഇന്നത്തെ ചര്‍ച്ചകള്‍ അതിനുള്ള പശ്ചാത്തലമൊരുക്കുമെന്ന് കരുതാം.

Featured Posts