top of page

കാനാന്‍കാരിയുടെ വിശ്വാസം

Sep 1, 2017

2 min read

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

faith in god

വിശുദ്ധ മത്തായിയുടെ സുവിശേഷം 15 -ാമദ്ധ്യായത്തില്‍ കാനാന്‍കാരിയുടെ വിശ്വാസതീക്ഷ്ണതയെക്കുറിച്ചു വിവരിക്കുന്നുണ്ട്. മലയെ മാറ്റുന്ന വിധത്തിലുള്ള വിശ്വാസദാര്‍ഢ്യമാണ് അവളില്‍ നാം കാണുന്നത്! വിശ്വാസം വഴി നടക്കുന്ന അത്ഭുതങ്ങള്‍ ധാരാളമായി ബൈബിളില്‍ വിവരിക്കുന്നുണ്ടല്ലോ. സംഖ്യാ പുസ്തകം 13:20 ല്‍ വിശ്വാസത്തിനു മുമ്പില്‍ കാനാന്‍റെ കരുത്ത് കടപുഴകി വീഴുന്നതായി നാം കാണുന്നു. ദാനിയേല്‍ 13: 17 ല്‍ ആളിക്കത്തുന്ന അഗ്നിനാളങ്ങള്‍ക്കിടയിലൂടെ 3 ബാലന്മാര്‍ പൊള്ളലേല്ക്കാതെ നില്‍ക്കുന്നു. അഗ്നി പന്തലിനെ കുളിര്‍പന്തലാക്കി മാറ്റുന്ന കാഴ്ച. ദിവസങ്ങളോളം വിശന്നുപൊരിഞ്ഞ സിംഹങ്ങള്‍ ദാനിയേലിന്‍റെ വിശ്വാസത്തിനു മുമ്പില്‍ വായ്പൂട്ടി നിന്നു. ഉണങ്ങിയ കൈയില്‍ ഉണക്കവടിയുമായി മോശ നിന്നപ്പോള്‍ ചെങ്കടല്‍ രണ്ടായി പിളര്‍ന്നു മാറി. നോഹയുടെ വിശ്വാസത്തിനു മുമ്പില്‍ പ്രളയജലം വഴിമാറി പോയി. ശക്തനായ ഗോലിയാത്തിനെ കൊല്ലുവാന്‍ ദാവീദിന്‍റെ ഉറച്ച വിശ്വാസം സഹായകമായി. വിശ്വസിക്കുന്നവര്‍ക്ക് എല്ലാം സാദ്ധ്യമാണെന്ന് കര്‍ത്താവു നമ്മെ പഠിപ്പിക്കുന്നു. ഞാന്‍ കൂടെയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എല്ലാം സാധ്യമാണ് എന്ന തിരുവചനത്തെ ധ്യാനിക്കുക.

കാനാന്‍കാരി സ്ത്രീയുടെ വിശ്വാസത്തെപ്പറ്റിയാണ് നാം ഇവിടെ ധ്യാനിക്കുന്നത്. "കര്‍ത്താവേ, ദാവീദിന്‍റെ പുത്രാ, എന്നില്‍ കനിയണമേ" എന്നാണ് അവള്‍ പ്രാര്‍ത്ഥിക്കുന്നത്. രക്ഷ ദൈവത്തിന്‍റെ ദാനമാണെന്നും തന്‍റെ അവകാശമല്ലെന്നും അവള്‍ ഏറ്റുപറയുന്നു. ദൈവത്തിന്‍റെ കാരുണ്യത്തിലാശ്രയിക്കുക എന്നത് വിശ്വാസത്തിന്‍റെ ആദ്യ തലമാണ്. മനുഷ്യന്‍റെ ബുദ്ധികൊണ്ടും യുക്തി കൊണ്ടും വിശ്വാസത്തില്‍ വളരാനാവില്ല. ബുദ്ധിമാന്മാരില്‍ നിന്നും വിവേകമതികളില്‍ നിന്നും മറച്ചുവച്ചിരിക്കുന്നതെല്ലാം ശിശുക്കള്‍ക്കു വെളിപ്പെടുത്തുന്ന ദൈവത്തെയാണ് വേദപുസ്തകത്തില്‍ നാം കാണുന്നത്. "കര്‍ത്താവേ, ഞങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കണമേ" എന്ന ശിഷ്യന്മാരുടെ പ്രാര്‍ത്ഥനയിലും ഈ ബോദ്ധ്യം മറഞ്ഞിരിപ്പുണ്ട്. വിശ്വാസവളര്‍ച്ചയുടെ ആദ്യചുവടു ദൈവത്തില്‍ നിന്നാരംഭിക്കുന്നു. അതിനോടു മനുഷ്യന്‍ സഹകരിച്ചാല്‍ ദൈവത്തിന്‍റെ അത്ഭുതങ്ങള്‍ കാണുവാന്‍ കഴിയും. എത്ര വായിച്ചാലും ചിന്തിച്ചാലും ലഭിക്കാത്ത മനോഹരമായ ഉള്‍ക്കാഴ്ചകള്‍ വിശ്വാസം വഴി നമുക്കു ലഭിക്കുന്നു. "കര്‍ത്താവേ, ഞാന്‍ കളിമണ്ണാണ്, നീ കുശവനാണ്" എന്ന തിരിച്ചറിവു വിശ്വാസത്തിന്‍റെ ആദ്യപടിയാണ്. വിശുദ്ധാത്മാക്കളെല്ലാം അങ്ങനെ ജീവിച്ചവരാണ്. കാനാന്‍കാരിയും ഈ ചിന്തയാണ് നമുക്കു നല്‍കുന്നത്

"കര്‍ത്താവേ, എന്നെ സഹായിക്കണമേ" എന്നതായിരുന്നു കാനാന്‍കാരിയുടെ രണ്ടാമത്തെ യാചന. തന്നെ സഹായിക്കുവാന്‍ കര്‍ത്താവിനു മാത്രമേ കഴിയൂ എന്നതാണ് വിശ്വാസത്തിന്‍റെ രണ്ടാമത്തെ തലം. ദൈവം മാത്രമാണ് എന്‍റെ സഹായകന്‍, പര്‍വ്വതങ്ങളിലേക്കു ഞാന്‍ കണ്ണുകളുയര്‍ത്തി. എന്‍റെ രക്ഷ അവിടെ നിന്നു വരും എന്ന സങ്കീര്‍ത്തകന്‍റെ മനോഭാവം എത്ര സത്യമാണ്. ലോകത്തില്‍ ആരിലെങ്കിലും ആശ്രയംവച്ചാല്‍ നിരാശയായിരിക്കും ഫലം. മാതാപിതാക്കളിലും മക്കളിലും സുഹൃത്തുക്കളിലും ഒക്കെ ആശ്രയം വയ്ക്കുന്നവരുണ്ട്. സ്വത്തിലും ധനത്തിലും പ്രശസ്തിയിലും ആശ്രയം വയ്ക്കുന്നവരുമുണ്ട്. അതെല്ലാം നിന്നുപോകും. ധൂര്‍ത്തപുത്രന്‍ സ്വത്തിലും സുഹൃത്തുക്കളിലും ആശ്രയം വച്ചു. ധനം തീര്‍ന്നപ്പോള്‍ സ്നേഹിതരും അകന്നുപോയി. പണംകൊണ്ടു നേടുന്നതെല്ലാം പണം തീരുമ്പോള്‍ തീര്‍ന്നുപോകും. സൗന്ദര്യത്തില്‍ ആശ്രയം വച്ച സിറിയന്‍ സൈന്യാധിപന്‍ നാമാന്‍ അതു നഷ്ടപ്പെട്ടപ്പോള്‍ തളര്‍ന്നുപോയി. സ്വന്തം കാലുകളുടെ ബലത്തില്‍ ആശ്രയം വച്ച യാക്കോബ് മുടന്തനായി മാറിയപ്പോള്‍ എല്ലാം തകര്‍ന്നവനെപ്പോലെയായി. സ്വന്തം കഴിവുകളില്‍ വയ്ക്കുന്ന ആശ്രയമെല്ലാം അസ്ഥാനത്താകുമെന്നു ചരിത്രം പഠിപ്പിക്കുന്നു. ദൈവത്തില്‍ ആശ്രയം വച്ച ലാസര്‍ അവസാനം സന്തോഷിക്കുന്നവനായി മാറുന്നു. ജീവിതാനുഭവങ്ങളിലേക്കു തിരിഞ്ഞു നോക്കി ദൈവത്തിലേക്ക് മുഖമുയര്‍ത്തുവാന്‍ കാനാന്‍കാരി നമ്മെ പഠിപ്പിക്കുന്നു. നായ്ക്കളും യജമാനന്‍റെ മേശയില്‍ നിന്നു വീഴുന്ന അപ്പക്കഷണം കൊണ്ടാണല്ലോ ജീവിക്കുന്നത് എന്ന ഏറ്റുപറച്ചിലിലൂടെ അവളുടെ വിശ്വാസസ്ഥിരതയെ നാം കാണുന്നു. പ്രാര്‍ത്ഥിച്ചതും പ്രതീക്ഷിച്ചതും ദൈവത്തില്‍ നിന്നു ലഭിക്കാതെ വരുമ്പോഴും പരിഭവം കൂടാതെ ദൈവത്തോടു ചേര്‍ന്നു നില്‍ക്കുന്നതാണ് വിശ്വാസത്തിന്‍റെ പൂര്‍ണ്ണത. പ്രതീക്ഷിച്ചതുപോലെ കാര്യങ്ങള്‍ നടക്കാതിരുന്നപ്പോഴും അബ്രാഹം ദൈവത്തില്‍ വിശ്വാസം അര്‍പ്പിച്ചു. ശിമയോനും അന്നായുമൊക്കെ ഇപ്രകാരമുള്ള വിശ്വാസത്തിന്‍റെ പ്രതീകങ്ങളാണ്. നമ്മുടെയൊക്കെ അനുദിനജീവിതത്തില്‍ പ്രതീക്ഷിക്കുന്നതു പോലെ കാര്യങ്ങള്‍ നടക്കാതിരിക്കുമ്പോള്‍ ചഞ്ചല ചിത്തരാകരുത്. നമ്മുടെ അറിവിനെയും ബുദ്ധിയെയും അതിലംഘിക്കുന്ന ദൈവത്തിന്‍റെ നിഗൂഢമായ വഴികളില്‍ വിശ്വസിക്കണം. അതിരുകള്‍ കാണുന്ന നമ്മുടെ പരിമിതിയില്‍ നിന്നും അനന്തത കാണുന്ന കര്‍ത്താവിലേക്ക് നാം എത്തിനോക്കുക.

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

0

0

Featured Posts