top of page

വൈവിധ്യം

Oct 1, 2010

4 min read

ഫാ. ബോബി ജോസ് കട്ടിക്കാട്
Image : Diversity around the globe

കാണക്കാണെ കാല്‍വട്ടത്തിലുള്ള പലതും മറയുകയാണ്. തുമ്പയെപ്പോലും കാണുന്നില്ല. വാമനന്‍റെ പാദങ്ങളെ ഓര്‍മ്മിപ്പിക്കുന്ന അതിന്‍റെ കുഞ്ഞിപ്പൂക്കള്‍ പണ്ട് പൂക്കളത്തിലൊഴിവാക്കാനാവുമായിരുന്നില്ല. ചോരപൊടിഞ്ഞാലുടനെ പിഴിഞ്ഞൊഴിക്കുന്ന ആ അപ്പച്ചെടിയെവിടെപ്പോയി? ചെറിയൊരു കൈത്തോടുണ്ടായിരുന്നു വീടിനോടുചേര്‍ന്ന്. ചൂണ്ടയില്‍ കിട്ടിയിരുന്ന പല മീനുകളുടെയും പേരുകള്‍പോലും ഇപ്പോള്‍ കേള്‍ക്കാനില്ല. ഇരുന്നുമുഷിയാന്‍ നമ്മളെ അനുവദിക്കാതെ ചൂണ്ടക്കൊളുത്തിലേക്ക് സ്നേഹപൂര്‍വ്വം ആത്മഹത്യചെയ്യുവാനെത്തിയിരുന്ന കരിങ്കണ്ണി, ചെമ്പല്ലി, ഉറക്കംതൂങ്ങി, വട്ടാന്‍, വ്ളാങ്ക് ഒന്നും ഇല്ലായിപ്പോള്‍... ഓരോ വര്‍ഷവും നൂറോളം ജൈവവംശങ്ങള്‍ ഈ ഭൂതലത്തുനിന്ന് പൂര്‍ണ്ണമായി കളം കാലിയാക്കുന്നുവെന്നാണ് കണക്ക്. കടലിലാവട്ടെ മൂന്നില്‍രണ്ടോളം മത്സ്യത്തരങ്ങള്‍ ഇപ്പോളില്ലത്രേ. ഭൂതലത്തിനു മീതെ ഒരു വംശവും നശിച്ചുകൂടായെന്ന ദൈവത്തിന്‍റെ നിശ്ചയത്തെ എല്ലാവരുംകൂടി തോല്‍പ്പിക്കുകയാണ്. ഒരു പ്രളയത്തില്‍പ്പോലും ദൈവമതു ശ്രദ്ധിക്കുന്നുണ്ട്. നോഹയുടെ പെട്ടകത്തിന്‍റെ കഥ മറ്റെന്താണ്?

ദൈവത്തിനറിയാം ഭൂമിയുടെ ചന്തം കുടിയിരിക്കുന്നത് അതിന്‍റെ വൈവിധ്യങ്ങളിലാണെന്ന്. എവിടെയുമത് അങ്ങനെതന്നെയാണ്. ഉദാഹരണത്തിന് ഭാരതീയദര്‍ശനങ്ങളുടെ ചാരുതയെന്താണ്? എല്ലാ വിശ്വാസങ്ങള്‍ക്കും വിചാരധാരകള്‍ക്കും അത് ഇടം കൊടുത്തുവെന്നല്ലാതെ. അത്ഭുതംതോന്നുന്നു, ഓരോ കല്ലിലും വൃക്ഷത്തിലും ദൈവത്തെ കണ്ടെത്തി നമസ്കരിക്കുന്ന ഈ ദേശത്ത് ദൈവനിഷേധത്തിന്‍റെ തത്ത്വശാസ്ത്രവും സജീവമായി ഉണ്ടായിരുന്നു -ചര്‍വാക. ഒരളവില്‍ ബുദ്ധമതം പോലുമതാണ്. ദൈവത്തെ നിഷേധിക്കാതിരിക്കുമ്പോഴും ദൈവത്തെ നിതാന്തതെമ്മാടിയെന്നു (eternal scoundral) വിളിക്കാന്‍ ചങ്കൂറ്റം ഉള്ള ആചാര്യന്മാരും ഇവിടെ ഉണ്ടായിരുന്നു. എന്നിട്ടും ഒരുമിച്ചുള്ള നിലനില്‍പ്പുകള്‍ അസാധ്യമാകുംവിധം ജീവിതം കഠിനമാകുന്നുവെന്നാരും പരാതിപറഞ്ഞില്ല. പകരം അത്തരം വൈവിധ്യങ്ങളുടെ ഇടയിലും ഏകതയുടെ ഒരു പൊന്‍നൂല് കണ്ടെത്തി. കൊസാംബിയൊക്കെ നിരീക്ഷിക്കുന്നതുപോലെ ഒരുതരം യൂണിറ്റി ഇന്‍ ഡൈവേഴ്സിറ്റി.

പുതുകാലത്തിന്‍റെ തൊഴില്‍- വ്യാപാര സമ്പ്രദായത്തില്‍പ്പോലും ഇത്തരം വൈവിധ്യങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തിക്കണ്ടിട്ടുണ്ട്. സിനര്‍ജിയെന്ന ഒരു പദംപോലും രൂപപ്പെട്ടു. ഓരോരുത്തരും ഓരോ കാര്യത്തില്‍മാത്രം ഏര്‍പ്പെടുന്ന പഴയ ബ്രിട്ടീഷ് ഓഫീസ് സമ്പ്രദായങ്ങളുടെ പൊളിച്ചെഴുത്താണത്. നാലുപേര്‍ നാലു മേശകളിലിരുന്ന് ഓരോരോ കാര്യങ്ങള്‍ ചെയ്യുന്നതിനുപകരം ഒരുമിച്ച് ഒരേ കാര്യത്തിലേര്‍പ്പെടുമ്പോള്‍ ഏഴുപേരുടെ ഊര്‍ജ്ജമുണ്ടാകുന്നുവെന്ന ഒരു കണക്കുകൂട്ടലാണത്. അതോടുകൂടി ആ പഴയ ഫലിതത്തിന് ഇടമില്ലാതെ പോകുന്നു. നിരത്തില്‍ ഒരാള്‍ കുഴികുഴിക്കുന്നു, മറ്റെയാള്‍ വന്നു മൂടുന്നു. സന്ധ്യയായപ്പോള്‍ നാട്ടുകാര്‍ ഇടപെട്ടു: "എന്താണിത്?" അവര്‍ വിശദീകരിച്ചു: "മൂന്നുപേര്‍ ചെയ്യേണ്ട തൊഴിലാണിത്. മരം വയ്ക്കുന്നയാള്‍ ഇന്ന് ലീവിലാണ്!"

കലയിലും വായനയിലുമൊക്കെ വൈവിധ്യങ്ങളുടെ ആഘോഷം സംഭവിക്കുന്നുണ്ട്. മിഖയില്‍ ബക്തിന്‍റെ പദാവലിയെടുത്താല്‍ ഒരുതരം 'polyphony'യുടെ ദിനങ്ങളാണ് ഇനി വരാനിരിക്കുന്നത്. പലതരം ശബ്ദങ്ങള്‍ എന്നു സാരം. ഡൊസ്റ്റോയെവ്സ്കിയുടെ കഥാപാത്രങ്ങളെ അപഗ്രഥിച്ചാണ് ബക്ത് ആ പദം ഉപയോഗിക്കുന്നത്. അകത്തും പുറത്തുമുള്ള ഭിന്നസ്വരങ്ങളാണ് സൂചിതം. എന്തുകൊണ്ടു കള്ളനും ഗണികയുമൊക്കെ ആത്മകഥയെഴുതുന്നുവെന്നതിന്‍റെ വിശദീകരണമായി ആ പദത്തെ ഉപയോഗപ്പെടുത്താവുന്നതാണ്. റിട്ടയേര്‍ഡ് ജഡ്ജിമാര്‍ മാത്രം ആത്മകഥയെഴുതിയാല്‍ മതിയോ? കോര്‍ട്ടലക്ഷ്യം കൊണ്ട് പേടിപ്പിച്ചിട്ടാവണം, ഒരു ന്യായാധിപന്‍റെ കഥ അതിദീര്‍ഘമായൊരു കാലത്തില്‍ ഒരു മാസികയില്‍ പ്രസിദ്ധീകരിച്ചുകണ്ടു. ചായക്കടയിലെ പറ്റുവരവുപോലെ ശുഷ്കമായ അതില്‍ നിന്നൊരുകാര്യം മനസ്സിലായി, അദ്ദേഹമൊരു സംഭവമാണെന്ന്! കള്ളന്‍ ജീവിക്കുന്നതും ജീവിതമല്ലേ. -കുറച്ചുകൂടി വിപത്കരമായ ജീവിതം. അയാള്‍ രേഖപ്പെടുത്തുന്ന വഴികൂടെ ചേര്‍ന്നതാണ് ഈ പ്രപഞ്ചമെന്ന വിനയമല്ലേ തലയില്‍ ആള്‍ത്താമസമുള്ളവര്‍ക്കു നല്ലത്. ചുരുക്കത്തില്‍, മരം നട്ടാലൊന്നും വനമുണ്ടാവില്ലായെന്നു സാരം. തോട്ടമേ ഉണ്ടാവൂ. വനം മറ്റെന്തോ ആണ്. എണ്ണിയാല്‍ തീരാത്ത ജൈവവൈവിധ്യങ്ങളുടെ ആഘോഷത്തെ വിളിക്കേണ്ട പേരാണത്.

പറഞ്ഞുവരുന്നത് എല്ലായിടത്തും ലാവണ്യവും ധ്യാനവും സമ്മാനിക്കുന്ന ഇത്തരം വൈവിധ്യങ്ങള്‍ മതങ്ങളിലും വിശ്വാസങ്ങളിലും തീരെ ആചരിക്കപ്പെടാതെ പോകുന്നതെന്തുകൊണ്ടെന്നാണ്. ആചാര്യന്മാര്‍ നിലനിര്‍ത്തണമെന്ന് ശഠിച്ച വിശാലത അനുയായികള്‍ അനുഷ്ഠിക്കാതെ പോയതെന്തുകൊണ്ട്? എല്ലാത്തിനെയും രണ്ടായി പകുത്ത ഒരു രീതിയില്‍നിന്നാണ് അപകടമൊക്കെ ആരംഭിച്ചതെന്നു തോന്നുന്നു, നന്മ-തിന്മ, ജീവന്‍-മരണം, മനുഷ്യന്‍-പ്രകൃതി എന്ന മട്ടില്‍. ഇവയ്ക്കിടയില്‍ കൃത്യമായ അതിര്‍വരമ്പുകള്‍ ഒന്നുമില്ലായെന്ന പ്രകാശത്തിന്‍റെ അഭാവം കൊണ്ട് സംഭ വിച്ചതാണിത്. സന്ധ്യയായി, ഉഷസ്സായി എല്ലാം നല്ലതെന്നു ദൈവം കണ്ടു, ഗോതമ്പുമണി നിലത്തുവീണഴിയുന്നില്ലെങ്കില്‍ അതിനു ജീവനുണ്ടാവുകയില്ല, മനുഷ്യനെ ദൈവം മണ്ണില്‍നിന്നു രൂപപ്പെടുത്തി തുടങ്ങിയ വേദഭാഗങ്ങളുടെ മീതെ ധ്യാനമില്ലാതെ പോയതു കൊണ്ടാണിത്. ഞങ്ങളുടെ മതവികാരം വ്രണപ്പെട്ടെന്നാണ് ഓരോരുത്തരും പറഞ്ഞുകൊണ്ടിരിക്കുന്നത്. മതത്തിനെന്താ കൊമ്പുണ്ടോ? ഏറ്റവും ചെറിയ ഉരസലില്‍പ്പോലും തീ പിടിക്കുന്ന വെടിമരുന്നുപുരയെന്ന മട്ടിലുള്ള അതിന്‍റെ നിലനില്‍പ് നീതീകരിക്കപ്പെടേണ്ടതുണ്ടോ?

വിവിധസ്വരങ്ങള്‍ക്ക് ക്രിസ്തു കൊടുത്ത ഇടം നമ്മള്‍ കാണാതെ പോകുന്നതെന്ത്? തങ്ങളെ സ്വീകരിക്കാതെപോയ ഒരു നഗരത്തെ ആകാശത്തുനിന്നു തീയിറക്കി നശിപ്പിക്കുക എന്ന ലളിതമായ പരിഹാരംകൊണ്ട് യോഹന്നാന്‍ നേരിടുമ്പോള്‍ ക്രിസ്തു അയാളെ ശകാരിച്ചു, നിന്നെ ഭരിക്കുന്നത് ഏത് ആത്മാവാണെന്നു ചോദിച്ച്. എതിര്‍സ്വരങ്ങള്‍ക്കു ചെവികൊടുക്കാത്തവര്‍ ഏതു സാത്താനാണ് തങ്ങളുടെ ചെറിയ പ്രാണനെ പണയംവച്ചിരിക്കുന്നത്?

അസഹിഷ്ണുത എന്ന അപകടത്തിനെതിരായി ക്രിസ്തു ഉടനീളം കലഹിച്ചു. നിങ്ങള്‍ക്കെതിരല്ലാത്തവര്‍ ഒക്കെ നിങ്ങള്‍ക്കുവേണ്ടിയാണെന്ന് പറഞ്ഞ് പല പേരിട്ടു വിളിക്കുന്ന നന്മയുടെ പ്രപഞ്ചത്തെ വിശാലമാക്കി. അവന്‍റെ സമൂഹം ബോധപൂര്‍വമൊഴിവാക്കിയ ദേശങ്ങളിലൂടെയും മനുഷ്യരിലൂടെയും നടന്നുപോയി. ഒരതിരുകളിലും അയാള്‍ വിശ്വസിച്ചിരുന്നില്ല. തന്‍റെ ശിഷ്യരെ സുവിശേഷവുമായി അയയ്ക്കുമ്പോള്‍ ലോകത്തിന്‍റെ അതിരുകളെക്കുറിച്ചു മാത്രം സൂചിപ്പിച്ചു. അത് കിഴക്ക് നിബിഡവനങ്ങളും പടിഞ്ഞാറ് കടലുമാണ്. ഇസ്രയേലില്‍ കാണാത്ത വിശ്വാസമെന്നുപറഞ്ഞ് ഇതരസംസ്കാരങ്ങളുടെ അഗാധമായ നിലനില്‍പ്പുകളെ വാഴ്ത്തി. ഒരതിരുകളുമില്ലാതെ കുഞ്ഞുമക്കളെ വളര്‍ത്താന്‍ ധൈര്യമുണ്ടോ എന്നുള്ളതാണ് അവന്‍റെ ചെറിയ അജഗണം ഗൗരവമായി എടുക്കേണ്ട ക്ഷണം. പണ്ടൊരു കുട്ടി അപ്പനോടു ചോദിച്ചതുപോലെ ആരാണ് ഈ ഭൂപടത്തിനുമീതെ കുത്തിവരച്ചത്? സത്യമായിട്ടും ദൈവം അല്ല. ഒന്നോര്‍ത്തുനോക്കൂ, ഈ ഉപഭൂഖണ്ഡത്തില്‍ എന്താണു സംഭവിച്ചത്? ഈ ദേശത്തെ വിട്ടുപോകുമ്പോള്‍ അതിന്‍റെ കങ്കാണികള്‍ ഒരു വര കുറുകെ വരച്ചു: ഇനിമുതല്‍ ഇത് പാക്കിസ്ഥാന്‍, അത് ഹിന്ദുസ്ഥാനി. അങ്ങനെ സഹോദരര്‍ അയല്‍ക്കാരായി. എല്ലാ നല്ല അയല്‍ക്കാരെയുംപോലെ പിന്നെ നിത്യശത്രുക്കളായി. അന്നുതൊട്ടിന്നോളം കാശുള്ളപ്പോള്‍ യുദ്ധത്തിനു പോകുക, കാശില്ലാത്തപ്പോള്‍ ക്രിക്കറ്റു കളിക്കാന്‍ വിളിച്ച് തോല്പിച്ചുവിടുകയെന്ന രണ്ടിനപരിപാടികളുമായി ദീര്‍ഘമായ അറുപതുവര്‍ഷങ്ങള്‍ പിന്നിട്ടു. അല്ല, ഒരു വരയും ദൈവത്തിന്‍റേതല്ല - ഭാഷയുടെയോ ദേശത്തിന്‍റെയോ മതത്തിന്‍റെയോ ഒന്നും.

വ്യത്യസ്ത ശബ്ദങ്ങളുള്ള ചങ്ങാതിക്കൂട്ടത്തിലായിരിക്കുകയെന്ന സുഗന്ധവും ക്രിസ്തുവിന് അവകാശപ്പെട്ടതുതന്നെ. ഒരേയൊരു സൂചനകൊണ്ട് മനസ്സിലാക്കാവുന്നതേയുള്ളൂ അത്. പന്ത്രണ്ടുപേരില്‍ ഒരാള്‍ ചുങ്കംപിരിക്കുന്ന മത്തായിയാണ്. മറ്റൊരാള്‍ എരിവുകാരനായ ശിമയോനും. ആദ്യത്തെയാള്‍ റോമാസാമ്രാജ്യത്തിനുവേണ്ടി യഹൂദനില്‍നിന്ന് കപ്പം പിരിക്കുന്നു. അതിനിടയില്‍ സംഭവിക്കാവുന്ന ഏറ്റവും ചെറിയ അസൗകര്യത്തെപ്പോലും റോമന്‍ പട്ടാളക്കാരുടെ സഹായത്തോടെ അയാള്‍ നേരിടും. ഒറ്റവാക്കില്‍ അയാള്‍ ഒറ്റുകാരനാണ്. ശിമയോന്‍ ആകട്ടെ റോമന്‍ നുകം തകര്‍ക്കുവാന്‍ ഹിംസയില്‍ ഏര്‍പ്പെടുന്ന ആളും. ഒറ്റുകാരനും തീവ്രവാദിക്കും ഒരേ കൂടാരത്തില്‍ ഇടം കൊടുക്കുന്ന ഒരാളുടെ ഹൃദയത്തിന്‍റെ സ്വഭാവമെന്തായിരിക്കും. സെന്‍റ് ഫ്രാന്‍സിസിലൊക്കെ അതിന്‍റെ അനുരണനങ്ങള്‍ ഉണ്ടായി. മിഴിപൂട്ടുമ്പോള്‍ വാനത്തോളം ഉയര്‍ന്നുപോകുന്ന മിസ്റ്റിക്കായ ലിയോയും അബദ്ധങ്ങള്‍മാത്രം ചെയ്യുന്ന കോമാളിയായ ജൂനിപ്പറും അയാളുടെ ഇരുകരങ്ങളിലും പിടിച്ച് യാത്രപോകുന്നതു കാണുന്നില്ലേ?

ഒരാളില്‍ത്തന്നെയുള്ള ഭിന്നസ്വഭാവങ്ങളെയും നമ്രതയോടെ കാണാന്‍ അഭ്യസിപ്പിക്കുന്നിടത്താണ് ഈ വിചാരത്തിന്‍റെ പതിനെട്ടാംപടി. കൈക്കുഞ്ഞായ ക്രിസ്തുവിനെ വൈരുദ്ധ്യങ്ങളുടെ അടയാളം എന്ന് ശിമയോന്‍ വിശേഷിപ്പിച്ചിട്ടുണ്ട്. എനിക്കു തോന്നുന്നു, വൈവിധ്യങ്ങളെ ഒരാള്‍ കണ്ട രീതിയുടെ പ്രശ്നമായിരിക്കും അത്. ഒന്നോര്‍ത്താല്‍ ഒന്നും ഒന്നിനും എതിരല്ല, പരസ്പരപൂരകങ്ങളാണ്. നാല്പതുദിവസം ഉപവസിച്ച ക്രിസ്തുവിനെ നാല്പതുവിരുന്നുമേശകളിലെങ്കിലും സുവിശേഷം കണ്ടെത്തുന്നുണ്ട്. ഒരു കാരണംകൊണ്ടും പുരുഷന്‍ സ്ത്രീയെ ഉപേക്ഷിച്ചുകൂടാ എന്നൊക്കെ ഭൂമിയെ പഠിപ്പിച്ചിട്ട് അയാളെന്തുകൊണ്ടു വേളികഴിച്ചില്ല? ഒരു കരണത്തിന് മറുകരണം കാണിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടിട്ട് ഒടുവില്‍ ചാട്ടവാറുയര്‍ത്തി ദേവാലയത്തെ കമ്പോളത്തില്‍നിന്നു മോചിപ്പിക്കണമെന്ന് നിലവിളിച്ചു. മെഴുകുപ്രതിമകളായി ജീവിക്കുകയല്ല, ജീവിതത്തിന്‍റെ ഒരോ അംശത്തിലും ആത്മാര്‍ത്ഥമായി മുഴുകുകയാണ് പ്രധാനമെന്ന് ഗുരുക്കന്മാര്‍ ഇങ്ങനെയൊക്കെയാണാവോ ഭൂമിയെ ഓര്‍മ്മിപ്പിക്കുന്നത്? രണ്ടേരണ്ടു കളങ്ങളിലേക്ക് ജീവിതത്തെ പകുത്തുവച്ചതാണ് മാനവരാശിയുടെ അപരാധം, നന്മ-തിന്മ. അതിന്‍റെ അപകടങ്ങളാണ് നാമിപ്പോള്‍ കൊയ്യുന്നത്.

ആ ക്ലാസ്സിക് ഉപമ ആരെയാണ് പ്രകാശിപ്പിക്കാത്തത്. പാടത്തു കളയുണ്ടെന്നുള്ളതാണ് കാര്യസ്ഥന്‍റെ ആരോപണം. എദന്‍തോട്ടത്തിന്‍റെ ജൈവവൈവിദ്ധ്യങ്ങളില്‍നിന്ന് വയലിന്‍റെ ഏകതാളത്തിലേക്കു ജീവിതം മാറുമ്പോള്‍ നിങ്ങള്‍ വിതയ്ക്കുന്നതൊഴികെ എല്ലാം നിങ്ങള്‍ക്കു കളയാണ്. നിങ്ങള്‍ക്കുപകരിക്കുന്ന മട്ടില്‍ ജീവിതത്തെ കണ്ടുതുടങ്ങുമ്പോള്‍ സംഭവിക്കുന്ന അപകടമാണിത്. ബാക്കിയുള്ളതൊന്നും നിലനില്ക്കേണ്ടെന്നുള്ള ധാര്‍ഷ്ട്യം. ഭൂമിക്കൊന്നും കളയല്ല. ഭൂമിയോളം വികാസംപ്രാപിക്കുന്ന ഹൃദയത്തിനും ഒന്നും കളയല്ല. അതിനുവേണ്ടിയാണ് പ്രാര്‍ത്ഥിക്കേണ്ടത്. ജ്ഞാനിയായ സോളമനു ലഭിച്ചതുപോലെ, എനിക്ക് കടല്‍ത്തീരം കണക്കൊരു മനസ്സുതരണമേ.

യജമാനന്‍ കാര്യസ്ഥനെ പ്രകാശിപ്പക്കുന്നുണ്ട്, കളയും വിളയും വേര്‍തിരിക്കാന്‍ അയാളെ ആരും ഏല്‍പ്പിച്ചിട്ടില്ലെന്ന സൂചനയോടെ. ഭൂമിയുടെ നന്മതിന്മകളെ വേര്‍തിരിക്കാന്‍ മാത്രം ആരാണ് നമ്മള്‍? നിങ്ങളെ ഏല്‍പ്പിച്ച ഒരുതുണ്ടു ഭൂമിയെ താരതമ്യങ്ങളോ വേര്‍തിരിവുകളോ വിധിവാചകങ്ങളോ ഇല്ലാതെ കരംകൂപ്പിയും കണ്ണുനിറഞ്ഞും സ്വീകരിക്കാന്‍ പഠിക്കുകയാണുവേണ്ടത്. ആദിയിലേ ദൈവമതു പറഞ്ഞിട്ടുണ്ടായിരുന്നു, തോട്ടത്തിലെ ഒരേയൊരു വൃക്ഷത്തില്‍ നിന്നുമാത്രം കനി ഭക്ഷിച്ചുകൂടാ. നന്മ- തിന്മകളുടെ വൃക്ഷമാണത്. ത്രികാലങ്ങളില്‍ ജീവിക്കുവാന്‍ കെല്പുള്ള ആ പരമചൈതന്യത്തിനുമാത്രമേ നന്മ-തിന്മകളെക്കുറിച്ച് ആത്യന്തികമായ തീര്‍പ്പുകളില്‍ എത്താനാകൂ. ആ പഴം പൊട്ടിക്കുന്നതുവഴി നിങ്ങള്‍ ദൈവത്തെക്കണക്കാകാന്‍ ശ്രമിക്കുകയാണ്. എന്നിട്ടോ നിങ്ങള്‍ ഭേദപ്പെട്ട മനുഷ്യന്‍പോലും ആകുന്നില്ല.

വരട്ടെ ആ കാലം, മാക്സിം ഗോര്‍ക്കിയൊക്കെ സ്വപ്നംകണ്ടതുപോലെ അപരന്‍റെ വാക്കുകള്‍ സംഗീതമാകുന്ന കാലം. കണ്ടില്ലേ നസ്രത്തിലെ ആ യേശു തന്നോടു കലഹിച്ച ചെറുപ്പക്കാരനെക്കുറിച്ച് ഇങ്ങനെ സാക്ഷ്യംപറയുന്നത്, ഇത്രയും നിഷ്കളങ്കനായ ഒരു ഇസ്രയേല്‍ക്കാരനെ ഞാന്‍ കണ്ടിട്ടില്ല. അപരന്‍ എത്ര കഠിനമായി വര്‍ത്തിക്കുമ്പോഴും അയാളുടെയുള്ളില്‍ ഒരു ആത്മാര്‍ത്ഥതയുണ്ട് എന്നു തിരിച്ചറിയുന്നിടത്തിലാണ് വൈവിധ്യങ്ങളുടെ മൂലക്കല്ല്.

എല്ലായിടത്തും ഈ വൈവിധ്യങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്. വിശേഷിച്ചും നമ്മുടെ ഗാര്‍ഹിക പരിസരങ്ങളില്‍. പ്രിയമുള്ളൊരു വീടിന് 'ആര്‍ക്ക്' എന്നാണ് അവര്‍ പേരിട്ടിരിക്കുന്നത്. അതെ, നോഹയുടെ പെട്ടകംതന്നെ. എല്ലാവര്‍ക്കും ഇനിയും ഇടമുള്ള, വിവിധ ശബ്ദങ്ങള്‍ വാദ്യങ്ങളായി മാറുന്ന ദൈവനിശ്ചയ പ്രകാരമുള്ള ഒരു യാനപാത്രംപോലെ നമ്മുടെ ഭവനങ്ങളും രൂപപ്പെടട്ടെയെന്നു പ്രാര്‍ത്ഥിക്കുമ്പോള്‍ മിഴികള്‍ ഈറനാവുന്നതെന്തുകൊണ്ട്? കപ്പൂച്ചിന്‍ സമൂഹത്തോട് ഞാനെങ്ങനെ നന്ദിപറയാതിരിക്കും? വേണമെങ്കില്‍ വിമര്‍ശിക്കപ്പെടുകയോ വെട്ടിയൊരുക്കുകയോ ചെയ്യാമായിരുന്ന ഞങ്ങളുടെ ചില പ്രത്യേകതകളെ ഇളംപ്രായത്തിലേ നിലനിര്‍ത്താന്‍ സഹായിച്ചതിന്‍റെ പേരില്‍ മാത്രമാണ് ഇപ്പോള്‍ നിങ്ങള്‍ക്കറിയാവുന്ന പലരും അവരുടേതായ ചാരുതയോടെ നിലനില്‍ക്കുന്നത്.

Featured Posts