top of page

ഒത്തുതീര്‍പ്പുകളും ഒത്തുകളികളുമില്ലാത്ത സാധാരണക്കാരന്‍

Feb 1, 2014

5 min read

ജക
Arvind Kejriwal

സുഹൃത്തുക്കളില്‍ ഒരാള്‍ ഈയിടെയായി ആം ആദ്മിയെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. "എന്താ ആം ആദ്മിക്കുള്ളില്‍ കയറിപ്പറ്റിയോ?" എന്ന ചോദ്യത്തിന്, "ഇല്ല ആം ആദ്മിക്കുള്ളില്‍ കയറിപ്പറ്റിയില്ല; കുറച്ച് നാളായി ആം ആദ്മി എന്‍റെ ഉള്ളില്‍ കയറിപ്പറ്റിയിരിക്കുകയാണ്" എന്നായിരുന്നു മറുപടി. അല്പം സാമൂഹികവും രാഷ്ട്രീയവുമായി ചിന്തിക്കുന്ന മിക്ക സാധാരണ ഇന്ത്യക്കാരന്‍റെ മനസ്സിലും കുറച്ചുനാളായി ആം ആദ്മി പാര്‍ട്ടി (AAP) വലിയൊരാവേശമായി നിറയുകയാണ്.


ഒരു വര്‍ഷം മുന്‍പ് അണ്ണാ ഹസാരെ ടീമില്‍ നിന്ന് കെജ്റിവാളും കൂട്ടരും അകന്ന് മാറി ഒരു രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുമ്പോള്‍ ദോഷൈകദൃക്കുകളും സംശയാലുക്കളുമായ ഏതൊരിന്ത്യക്കാരനെപ്പോലെയും ചിന്തിച്ചത് അധികാരക്കൊതി മൂത്ത ഒരുപറ്റം ന്യൂജനറേഷന്‍റെ അരാഷ്ട്രീയ മുന്നേറ്റം എന്നുമാത്രമാണ്. എന്നാല്‍ 2013 ഡിസംബര്‍ 8 അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പിച്ചുകളഞ്ഞു. 70 അംഗങ്ങളുള്ള ഡല്‍ഹി അസംബ്ലിയില്‍ 29 സീറ്റുകള്‍ നേടിക്കൊണ്ട് ഒറ്റവര്‍ഷം മാത്രം രാഷ്ട്രീയചരിത്രമുള്ള ഒരു പാര്‍ട്ടി വിജയം കൊയ്തപ്പോള്‍ മാത്രമാണ് ഡല്‍ഹിയില്‍ എന്താണ് സംഭവിച്ചുകൊണ്ടിരുന്നത് എന്ന് ഇന്ത്യ മുഴുവനും അന്താരാഷ്ട്രസമൂഹവും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഇത് ആധുനിക വിദ്യാഭ്യാസം നേടിയ പുത്തന്‍തലമുറയുടെ വിജയമായിരുന്നില്ല. മറിച്ച് ഡല്‍ഹിയിലെ തൂപ്പുകാരും ചായയടിക്കുന്നവരും ഓട്ടോക്കാരുമടങ്ങുന്ന ഓരോ സാധാരണ ഡല്‍ഹിക്കാരന്‍റെയും വിജയമായിരുന്നു. അതുകൊണ്ടാണ് "ഇന്ത്യയിലെ ഏറ്റവും തരംതാണ ആളുകളാണ് ആം ആദ്മിയില്‍ ഉള്ളത്" എന്ന് ടൈ കെട്ടി കോട്ടിട്ട സായിപ്പിന്‍റെ വെളുപ്പും ശരീരഭാഷയുമുള്ള നമ്മുടെ 'മാന്യനായ' വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞത്.


സ്വാതന്ത്ര്യസമരകാലത്തിനുശേഷം 'രാഷ്ട്രീയം എന്നത് ഒരു ചീത്ത വാക്കല്ല എന്ന് ഇന്ത്യന്‍ ജനതയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു എന്നതാണ് ഒരുപക്ഷേ ആം ആദ്മിയ്ക്ക് നല്‍കാന്‍ കഴിഞ്ഞ ഏറ്റവും വലിയ രാഷ്ട്രീയ സംഭാവന. 'രാഷ്ട്രീയ'ത്തെ ഒരു ചീത്തവാക്കാക്കിയത് നിലവിലുള്ള തലമൂത്ത നേതാക്കളുടെ വംശവും ജനത്തെ മാനിക്കാത്ത ജനാധിപത്യവ്യവസ്ഥയുമാണ്. ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഗവണ്‍മെന്‍റ് രൂപീകരിക്കാന്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതായപ്പോഴാണ് ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ ഔന്നത്യം ഇന്ത്യന്‍ ജനത അറിയുന്നത്. അധികാരത്തിന്‍റെ അപ്പക്കഷണത്തിനുവേണ്ടി കടിപിടികൂടുകയും ഒത്തുകളി നടത്തുകയും ചെയ്യുന്നവരെ മാത്രമേ അന്നോളം ഇന്ത്യന്‍ ജനത കണ്ടിരുന്നുള്ളു. 28 സീറ്റുകള്‍ മാത്രമുള്ള ആം ആദ്മി പറഞ്ഞു ഞങ്ങള്‍ ക്രിയാത്മക പ്രതിപക്ഷമായിരുന്നുകൊള്ളാം. എന്നാല്‍ ആരെങ്കിലും പിന്തുണയ്ക്കാതെ ഗവണ്‍മെന്‍റ് രൂപീകരിക്കാന്‍ BJP യ്ക്ക് കഴിയാതെ വരികയും ആം ആദ്മിയെ പിന്തുണച്ച് ഗവണ്‍മെന്‍റ് രൂപീകരിക്കാന്‍ സഹായിക്കാമെന്ന വാഗ്ദാനവുമായി കോണ്‍ഗ്രസ് മുന്നോട്ട് വരികയും ചെയ്തു. തുടര്‍ന്ന് വന്ന ദിവസങ്ങളിലാണ് ജനാധിപത്യം എന്തെന്ന് ഡല്‍ഹി ജനത അറിഞ്ഞത്. വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ പതിവുപോലെ തങ്ങളുടെ കടമ കഴിഞ്ഞു എന്ന് വിചാരിച്ചിരുന്ന ഡല്‍ഹി ജനതയുടെ അടുത്തേയ്ക്ക് ആം ആദ്മി വീണ്ടുമെത്തി ചോദ്യവുമായി: "നമ്മള്‍ ഗവണ്‍മെന്‍റ് രൂപീകരിക്കണമോ?" ഗവണ്‍മെന്‍റ് രൂപീകരണവും ഭരണവും തിരഞ്ഞെടുത്ത് വിട്ട ജനപ്രതിനിധികളുടെ തീരുമാനവും വിവേചനവുമാണെന്ന് ധരിച്ചിരുന്ന ജനത ആദ്യമായി ചിന്തിക്കുന്നു ജനാധിപത്യം എന്‍റെ രാഷ്ട്രീയ ചുമതലയാണെന്ന്. ജനസമ്മതത്തോടെ ഗവണ്‍മെന്‍റ് രൂപീകരിക്കാനെത്തിയ ആം ആദ്മി പിന്തുണയ്ക്കാം എന്നു പറഞ്ഞവരോട് നന്ദി പ്രകടനമല്ല നടത്തിയത്. മന്ത്രിസഭയില്‍ അവര്‍ക്ക് മോഹനവാഗ്ദാനങ്ങളൊന്നും കൊടുത്തില്ലെന്ന് മാത്രമല്ല ഭാരപ്പെട്ടതും ഉത്തരവാദിത്വപ്പെട്ടതുമായ ചില രാഷ്ട്രീയ നിബന്ധനകള്‍ മുന്നോട്ട് വയ്ക്കുകയാണ് ഉണ്ടായത്. ഈ നിബന്ധനകള്‍ പാലിച്ചാല്‍ മാത്രം നിങ്ങളുടെ പിന്തുണ സ്വീകരിക്കാം. എന്തൊരു രാഷ്ട്രീയ ഔന്നത്യം! കോണ്‍ഗ്രസ്സിനോട് വ്യക്തമായ ഭാഷയിലാണ് പറഞ്ഞത് ഇത് ആം ആദ്മിയുടെ ഗവണ്‍മെന്‍റാണ്, അല്ലാതെ ഒരു കൂട്ടുമന്ത്രിസഭയല്ല. മന്ത്രിസഭയില്‍ അംഗങ്ങള്‍ ആം ആദ്മിക്കാരും, നടപ്പിലാക്കുന്നത് ആം ആദ്മി ജനങ്ങള്‍ക്ക് കൊടുത്ത വാഗ്ദാനങ്ങളുമായിരിക്കും. ഒത്തുതീര്‍പ്പുകളും ഒത്തുകളികളും ഇല്ലാത്ത ഒരു ഗവണ്‍മെന്‍റിനെ അങ്ങനെ ഇന്ത്യന്‍ ജനത ആദ്യമായി കണ്ടു.

ആം ആദ്മിയുടെ അവഗണിക്കാനാവാത്ത മറ്റൊരു നേട്ടം പണത്തിലും മസ്സില്‍ പവറിലും ജാതി-മത-വര്‍ഗ്ഗ പ്രകടനലേബലുകളിലും ആശ്രയിക്കാതെ നെറിവുള്ള ഒരു തിരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിഞ്ഞു എന്നതാണ്. ഡല്‍ഹി സംസ്ഥാന അസംബ്ലി മത്സരത്തിന് നിശ്ചയിക്കപ്പെട്ടിരുന്ന 16ലക്ഷം രൂപ എന്ന തുകയില്‍ പ്രകടന ചെലവുകളെ ഒതുക്കാന്‍ AAP യ്ക്കു കഴിഞ്ഞു. അതായത് നിയമം അനുശാസിക്കുന്ന രീതിയില്‍ സുഗമമായി ഇന്ത്യയില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്യാം എന്നവര്‍ തെളിയിച്ചു. ഇന്ത്യന്‍ തെരഞ്ഞെടുപ്പിന്‍റെ അലിഖിതനിയമമായി മുഖ്യധാരാ പാര്‍ട്ടികള്‍ എല്ലാം തന്നെ കൊണ്ടുനടക്കുന്ന ചിന്ത ഇവിടെ മത്സരിക്കണമെങ്കില്‍ സ്ഥാനാര്‍ത്ഥികള്‍ കോടീശ്വരന്മാരായിരിക്കണം എന്നതാണ്. അതിന്‍റെ ചെറിയൊരുദാഹരണമാണ് ഡല്‍ഹി തിരഞ്ഞെടുപ്പില്‍ മത്സരിച്ച പാര്‍ട്ടികളില്‍ SAD യുടെ സ്ഥാനാര്‍ത്ഥികള്‍ 100% കോടീശ്വരന്മാരായിരിക്കുമ്പോള്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളില്‍ 87% ബിജെപി 85% കോടീശ്വരന്മാരാണ്. എഎപിയുടെ സ്ഥാനാര്‍ത്ഥികളില്‍ 47% പേര്‍ മാത്രമാണ് കോടീശ്വരന്മാര്‍. എന്നാല്‍ അവരുടെ തിരഞ്ഞെടുപ്പു ചെലവുകള്‍ പൊതുജനത്തില്‍ നിന്ന് സുതാര്യമായി സമ്പാദിച്ച ഈ 16 ലക്ഷത്തിനുള്ളില്‍ മാത്രമാണ്. 2008 ലെ കര്‍ണ്ണാടക ഇലക്ഷനില്‍ 40 കോടിയിലേറെ കള്ളപ്പണമാണ് വിജിലന്‍സ് പിടിച്ചെടുത്തത്. പാര്‍ലമെന്‍റിനുള്ളിലും പുറത്തും കള്ളപ്പണം കൊണ്ടുള്ള കളിയാണ് ജനാധിപത്യം എന്ന് നമ്മുടെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും തെളിയിച്ചിടത്താണ് AAP യുടെ നിയമാനുസൃതവും സത്യസന്ധവുമായ ഈ 16 ലക്ഷത്തിന്‍റെ വില. കോണ്‍ഗ്രസ്സിനും ബി.ജെ.പിയ്ക്കും മറ്റ് പ്രമുഖ പാര്‍ട്ടികള്‍ക്കും ഇലക്ഷന്‍ ചെലവിനുവേണ്ടി കോടികള്‍ കൊടുക്കുന്നത് ഇവിടുത്തെ കോര്‍പ്പറേറ്റുകളും മാഫിയകളുമാണെന്നത് പരസ്യമായ രഹസ്യമാണ്. അവരുടെ പണം പറ്റിയവര്‍ അവര്‍ക്കുവേണ്ടി നിയമനിര്‍മ്മാണം നടത്തുകയും ഭരണസംവിധാനങ്ങളെ സുഗമമാക്കി കൊടുക്കുകയും ചെയ്യുന്നത് പ്രതിനന്ദിയുടെ ഒരു സമവാക്യം മാത്രമാണ്. അങ്ങനെ വന്‍കിട കോര്‍പ്പറേറ്റ് വ്യവസായികളുടേയും മാഫിയകളുടെയും ചരടുവലിക്കനുസരിച്ച് ഇന്ത്യന്‍ ഭരണചക്രത്തെ തിരിക്കുന്ന കളിപ്പാവകളായ രാഷ്ട്രീയപാര്‍ട്ടികള്‍ ഇന്ത്യന്‍ ജനതയേയും ജനാധിപത്യത്തേയും കൂട്ടുകൊടുക്കുമ്പോള്‍ ആം ആദ്മി ഒരു ചില്ലിക്കാശിനുപോലും നമ്മളോട് നുണ പറഞ്ഞില്ല. AAPയുടെ 16 ലക്ഷം ഇന്ത്യന്‍ ജനാധിപത്യ തിരഞ്ഞെടുപ്പിന്‍റെ ചരിത്രത്തില്‍ സത്യസന്ധതയുള്ള വരവുചെലവ് കണക്കാണ്. ആ സത്യസന്ധതയും സുതാര്യതയുമാണ് AAP ഇന്ത്യന്‍ ജനതയ്ക്ക് വാഗ്ദാനം ചെയ്തിരുന്നത്.


'വിപ്ലവാത്മകമായ' ഒരു രാഷ്ട്രീയമാറ്റമാണ് ആം ആദ്മി മുന്നില്‍ കാണുന്നത് എന്നാണ് അമിതാവേശത്തില്‍ പലരും ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. 'വിപ്ലവാത്മകമായ മാറ്റം' എന്നാല്‍ നിലനില്‍ക്കുന്ന വ്യവസ്ഥിതിയുടെ സമൂലമായ ഉടച്ചുവാര്‍ക്കലാണ്. ഫ്യൂഡലിസത്തിന്‍റെ കാലത്ത് സ്വതന്ത്രസാമ്പത്തിക വിനിമയവും മൂലധനനിക്ഷേപവും വിപ്ലവാത്മകമായ ഒരു മാറ്റത്തിനെയാണ് മുന്നില്‍ കണ്ടത്. സ്വതന്ത്രമൂലധനനിക്ഷേപകാലത്ത് നിന്ന് മാക്സിയന്‍ സോഷ്യലിസം വിപ്ലവാത്മകമായ ഒരു സാമൂഹ്യരാഷ്ട്രീയമാണ് മുന്നില്‍ കണ്ടത്. എന്നാല്‍ ചരിത്രം തെളിയിച്ചത് മറ്റൊന്നാണ്. നിലനില്‍ക്കുന്ന സാമൂഹ്യവ്യവസ്ഥകളെ പൂര്‍ണ്ണമായും തച്ചുടയ്ക്കുക സാധ്യമല്ല. അവയ്ക്ക് ചില രൂപാന്തരീകങ്ങള്‍ നല്കിക്കൊണ്ടുള്ള നവീകരണങ്ങള്‍ മാത്രമാണ് നടപ്പുള്ളത് എന്നാണ്. അല്ലെങ്കില്‍ പിന്നെ 1957 ഏപ്രില്‍ 5 ന് പൊതുതിരഞ്ഞെടുപ്പിലൂടെ ജനാധിപത്യരാജ്യത്ത് ഒരു വിപ്ലവപാര്‍ട്ടി അധികാരത്തില്‍ വന്നു എന്ന് പറയുന്നതിനേക്കാള്‍ വലിയ രാഷ്ട്രീയ തമാശ എന്താണുള്ളത്. ഒരു വ്യവസ്ഥിതിയെ വിപ്ലവാത്മകമായി തകര്‍ക്കേണ്ടവര്‍ തന്നെ ജനപിന്തുണയോടെ ആ വ്യവസ്ഥിതിയുടെ ഭരണചക്രം പിടിക്കുന്നവരാകുന്നു. ലോകത്തെമ്പാടും ചിലയിടങ്ങളില്‍ പൂര്‍ണ്ണ അധികാരവും നിയന്ത്രണങ്ങളും കൈയ്യിലുണ്ടായിരുന്നിട്ടുപോലും വിപ്ലവാത്മകമായ ഒരു മാറ്റം നടത്താനാവില്ലെന്ന് അറിഞ്ഞിട്ടും നിലനില്‍ക്കുന്ന വ്യവസ്ഥിതികളെയൊക്കെ തകര്‍ക്കുന്ന വിപ്ലവം വരുമെന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാനാവാതെ പുലമ്പിക്കൊണ്ടിരിക്കുന്നവരുടെ ഒരു കൂട്ടമായി മാര്‍ക്സിസ്റ്റ് കമ്മ്യൂണിസം മാറിക്കഴിഞ്ഞു. സ്വയം അപഹാസ്യരാകുന്നത് അവര്‍പോലും അറിയുന്നില്ല.


നോം ചോംസ്കിയെപ്പോലുള്ളവര്‍ പറയുന്നതു പോലെ ഒരു വ്യവസ്ഥിതിയുടെ നവീകരണം അതിനുള്ളില്‍ നിന്ന് തന്നെ ആരംഭിക്കപ്പെടേണ്ടതാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാംലീലാ മൈതാനത്ത് അഴിമതിവിരുദ്ധ സമരം ആരംഭിച്ചപ്പോള്‍ അന്ന് ഭരണപക്ഷവും പ്രതിപക്ഷവും ഒന്നു ചേര്‍ന്ന് പറഞ്ഞത്: "നിയമങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത് പാര്‍ലമെന്‍റിലാണ് രാം ലീലാ മൈതാനത്തല്ല. ഈ തിരഞ്ഞെടുക്കപ്പെടാത്ത, തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയില്ലാത്തവര്‍ പൊതുജന അഭിപ്രായത്തെ വഴിതെറ്റിച്ച് ജനാധിപത്യത്തിന്‍റെ ശ്രീകോവിലായ പാര്‍ലമെന്‍റിനെ പുച്ഛിക്കുന്നു" എന്നാണ്. അണ്ണാഹസാരെയും കെജ്റിവാളും രാംലീലാ മൈതാനത്തെ ഇന്ത്യന്‍ പാര്‍ലമെന്‍റിന് പകരമാക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല. ജനഹിതമനുസരിച്ച് ഭരിക്കുന്ന സുതാര്യമായ ഒരു ഗവണ്‍മെന്‍റ് ഉണ്ടാകാന്‍ "ലോക്പാല്‍ ബില്‍" പാസ്സാക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടത്. ഇന്ത്യന്‍ ഭരണഘടനയേയും ഭരണസംവിധാനത്തേയും ബഹുമാനിച്ചുകൊണ്ടാണ് കെജ്റിവാളും ആം ആദ്മിയും സത്യപ്രതിജ്ഞ ചെയ്തത്. വ്യവസ്ഥിതിയെ തച്ചുടയ്ക്കുന്നതിലൂടെയല്ല നവീകരിക്കുന്നതിലൂടെയും പ്രാവീണ്യത്തോടുകൂടി കൈകാര്യം ചെയ്യുന്നതിലൂടെയും സാമൂഹ്യപുരോഗതി സാധ്യമാണെന്ന് തെളിയിക്കുകയാണ് ആം ആദ്മി പാര്‍ട്ടി ചെയ്യുന്നത്. അവിടെയാണ് വിപ്ലവമെന്ന ചീറ്റിപ്പോയ പടക്കം വലിച്ചെറിഞ്ഞ് യാഥാര്‍ത്ഥ്യബോധത്തോടെ പാര്‍ലമെന്‍ററി ജനാധിപത്യ രാഷ്ട്രീയത്തില്‍ ഇടപെടേണ്ടതിന്‍റെ ആവശ്യകത വെളിവാകുന്നത്.


ആം ആദ്മിയുടെ പോരായ്മകളായി ചൂണ്ടിക്കാണിക്കപ്പെടുന്നത് പ്രധാനമായും മൂന്ന് കാര്യങ്ങളാണ്. ഒന്നാമതായി, ഭരണം ജനകീയമാക്കുന്നതിന്‍റെയും ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള അന്തരം ഇല്ലാതാക്കുന്നതിന്‍റെയും ഭാഗമായി ഭരണസംവിധാനങ്ങള്‍ക്കുള്ളില്‍ പൊതുജനത്തിനനുവദിക്കുന്ന സ്വാതന്ത്ര്യവും തിടുക്കപ്പെട്ട തീരുമാനങ്ങളും കാര്യനിര്‍വ്വഹണവും തോന്ന്യാസവും തമ്മിലുള്ള അതിര്‍വരമ്പ് കാണാന്‍ കഴിയാത്തവിധം അവ്യക്തതകള്‍ സൃഷ്ടിക്കും എന്നതാണ്. ഭരണത്തില്‍ 'മധ്യവര്‍ത്തികളെ' (Middle men) പരമാവധി അകറ്റിനിര്‍ത്തുക എന്നൊരു നയമാണ് ആം ആദ്മി സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നത്. മദ്ധ്യവര്‍ത്തികളായ ഉദ്യോഗസ്ഥവൃന്ദവും പോലീസും അഴിമതി നിറഞ്ഞതാണ് എന്നൊരു ചിന്തയാണ് അതിന് അടിസ്ഥാനമായിരിക്കുന്നത്. വലിയ ഒരു ജനാധിപത്യഭരണവ്യവസ്ഥയില്‍ ഉദ്യോഗവൃന്ദത്തെ ഒഴിവാക്കി ഭരണകര്‍ത്താക്കളും ജനവും തമ്മിലുള്ള നിരന്തരവിനിമയത്തിലൂടെ സുഗമമായ ഒരു ഭരണം സാധ്യമാക്കുക എന്നത് അസംഭവ്യമാണ്. ഒരു പഞ്ചായത്ത് തലത്തിലെ ഭരണം പോലെയല്ല ജില്ലാ സംസ്ഥാന ദേശീയതല ഭരണങ്ങള്‍. അതുകൊണ്ടാണ് ശ്രീമാന്‍ ഉമ്മന്‍ ചാണ്ടി ജനസമ്പര്‍ക്കപരിപാടിയുമായി മുന്നോട്ടിറങ്ങിയപ്പോള്‍ അത് ഭരണാധികാരി എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ പരാജയമായി വ്യാഖ്യാനിക്കപ്പെട്ടത്. പുതുപ്പള്ളി പഞ്ചായത്തില്‍ വീടുവീടാന്തരം കയറിയിറങ്ങി ആളുകളെ നേരില്‍ക്കണ്ട് പ്രശ്നപരിഹാരങ്ങള്‍ നടത്താന്‍ അവിടുത്തെ പഞ്ചായത്ത് പ്രസിഡന്‍റിനായേക്കും, എന്നാല്‍ കേരളസംസ്ഥാനത്തെ മുഖ്യമന്ത്രി ഇവിടുത്തെ കോടിക്കണക്കിന് ജനങ്ങളെ നേരില്‍ കണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നത് അപ്രായോഗികവും ഏതാനും പേരില്‍ മാത്രം എത്തിപ്പെടുന്നതുമാണ്. കൂടാതെ ഭരണാധികാരി എന്ന നിലയില്‍ ഉദ്യോഗസ്ഥരടങ്ങുന്ന ഒരു വലിയ ഭരണസംവിധാനത്തെ അവഗണിക്കുകയും അഴിമതി നിറഞ്ഞ ഭരണവ്യവസ്ഥിതിയെ രാഷ്ട്രീയ ഇച്ഛാശക്തികൊണ്ട് ശുദ്ധീകരിച്ച് ജനസേവനത്തിന് വേണ്ടി പ്രയോജനപ്പെടുത്തുന്നതില്‍ പരാജയപ്പെടുകയുമാണ് ചെയ്യുന്നത്. അതുകൊണ്ടാണ് സാമൂഹ്യസേവനവും രാഷ്ട്രീയപ്രവര്‍ത്തനവും (Social Service and Politics) തമ്മില്‍ വേര്‍തിരിച്ച് മനസ്സിലാക്കേണ്ടി വരുന്നത്.


ആം ആദ്മി പാര്‍ട്ടിക്ക് വിശ്വസനീയതയുള്ള ഒരുപറ്റം ആളുകള്‍ നേതൃത്വനിരയിലുണ്ടെന്നുള്ളത് വാസ്തവമാണ്. എന്നാല്‍ ഇന്നത്തെ അതിന്‍റെ അവസ്ഥയില്‍, അതില്‍ ചേക്കേറാന്‍ വരുന്നവരില്‍ പല തരക്കാരുണ്ടാകും. വിവിധ കക്ഷികളില്‍, അതൃപ്തരായി തുടങ്ങുന്നവര്‍, വ്യക്തിപരവും രാഷ്ട്രീയവും തത്വശാസ്ത്രപരവും ആയി വിവിധ ലക്ഷ്യങ്ങള്‍ കൊണ്ടുനടക്കുന്നവര്‍ - അങ്ങനെയങ്ങനെ. വിനോദ് കുമാര്‍ ബിന്നിയെപ്പോലുള്ളുവര്‍ക്ക് വളരെ സൂക്ഷ്മതയോടെ സ്ഥാനാര്‍ത്ഥിനിര്‍ണയം നടത്തിയ AAP യുടെ പ്രഥമ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ കയറിപ്പറ്റി വിജയിച്ചു വിലപേശല്‍ നടത്താനായെങ്കില്‍ ഇത് ഒരു സാങ്കല്പിക വിലയിരുത്തല്‍ അല്ല എന്നത് സ്പഷ്ടം. മുരടിച്ച, നിര്‍ജ്ജീവമായ, സ്ഥാപിത താല്‍പര്യക്കാര്‍ കൈയടക്കിയ കക്ഷിരാഷ്ട്രീയത്തില്‍ നിന്ന് വ്യതിരിക്തമായ രാഷ്ട്രീയ പരീക്ഷണത്തില്‍ പങ്കുചേരാന്‍ ജനങ്ങള്‍ കാണിക്കുന്ന അത്യുത്സാഹം സ്വഭാവികം മാത്രം. എന്നാല്‍ കതിരും പതിരും വേര്‍തിരിക്കാനുള്ള സംവിധാനം AAPയില്‍ ഇന്നില്ല. രാഷ്ട്രീയ പ്രവര്‍ത്തനം ക്രിയാത്മകമോ (proactive) പ്രതിഷേധാത്മകമോ (reactive) ആവാം. അവ തമ്മിലുള്ള അന്തരം വലുതാണ്. പാര്‍ട്ടിയില്‍ കയറിക്കൂടാന്‍ ഇപ്പോള്‍ കാണുന്ന തിരക്ക് പ്രതിഷേധാത്മക രാഷ്ട്രീയമാണ് (reactive politics). ദില്ലി തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമായ വിജയം നേടിയില്ലായിരുന്നെങ്കില്‍ ഇവരില്‍ പലരും AAP വിമര്‍ശകരായി രംഗത്ത് വന്നിരുന്നേനെ. (cf. ജോണ്‍ സാമുവല്‍)


ആം ആദ്മിയ്ക്ക് നേരെയുള്ള മൂന്നാമത്തെ വിമര്‍ശനമാണ് കൂടുതല്‍ ഗൗരവകരമായിട്ടുള്ളത്. അത് പ്രത്യയശാസ്ത്രവുമായി(ideology) ബന്ധപ്പെട്ടതാണ്. 'ഇടത്തേയ്ക്കോ വലത്തേയ്ക്കോ തിരിയാന്‍' ഭയന്ന് പ്രായോഗിക രാഷ്ട്രീയത്തിന്‍റെ വഴിയെയാണ് ആം ആദ്മി മുന്നോട്ട് പോകുന്നത്. ആം ആദ്മിയുടെ നാഷണല്‍ എക്സിക്യൂട്ടീവ് മെമ്പറായ യോഗേന്ദ്ര യാദവ് ആം ആദ്മി ഒരു സോഷ്യലിസ്റ്റ് പാര്‍ട്ടിയാണെന്നതിനെ നിരാകരിച്ചുകൊണ്ട് പറഞ്ഞതിങ്ങനെയാണ്: "ഇടതോ വലതോ എന്ന ഇരുപതാം നൂറ്റാണ്ടിന്‍റെ അധിഷേധ്യമായ രണ്ട് രാഷ്ട്രീയ തിരഞ്ഞെടുപ്പുകള്‍ ഇന്ന് അര്‍ത്ഥവത്തല്ല." പ്രത്യയശാസ്ത്രപരമായ വ്യക്തത വേണമെന്നത് പണ്ഡിതപക്ഷമാണ്, എന്നാല്‍ അണ്ണാഹസാരെയോട് ചേര്‍ന്നുള്ള ഒരു അഴിമതിരഹിത മുന്നേറ്റത്തിന്‍റെ പശ്ചാത്തലം ആം ആദ്മിയ്ക്ക് ഉണ്ടെന്നുള്ളത് മറക്കാനാവില്ല. പ്രത്യയശാസ്ത്രപരമായി ഏതെങ്കിലും രാഷ്ട്രീയപക്ഷം ചേരുന്നതില്‍ ഹസാരെയും വിമുഖനായിരുന്നെങ്കിലും നരേന്ദ്ര മോഡിയെ ഇന്ത്യയിലെ ഏറ്റവും നല്ല മുഖ്യമന്ത്രിയായി പ്രകീര്‍ത്തിച്ച കിരണ്‍ ബേദിയോടും ഹിന്ദുത്വവാദത്തിന്‍റെ പരോക്ഷമായ സൂചനകള്‍ തരുന്ന ബാബ രാംദേവിനുമൊപ്പം കൈകോര്‍ക്കുന്നതില്‍ അദ്ദേഹം തെറ്റൊന്നും കണ്ടിരുന്നില്ല. കെജ്റിവാളിന്‍റേയും അഴിമതി വിരുദ്ധസമരത്തിന്‍റെ ആദ്യകാല സുഹൃത്ത് രാംദേവ് തന്നെയായിരുന്നു. പിന്നീടാണ് അദ്ദേഹം അണ്ണാഹസാരെയിലേയ്ക്ക് കൂടുതല്‍ അടുക്കുന്നത്. ആം ആദ്മിയുടെ രൂപീകരണകാലം മുതല്‍ കെജ്റിവാള്‍ കൂടുതല്‍ പുരോഗമനാത്മകമായ ചിന്താധാരയിലാണ് നീങ്ങിയിട്ടുള്ളത്. ഇങ്ങനെ ചില ചരിത്രപശ്ചാത്തലങ്ങളുള്ള ആം ആദ്മി പ്രത്യയശാസ്ത്രപരമായി തന്നെ പഴമയില്‍ നിന്ന് വ്യക്തമായ വിഭജനവും വഴിപിരിയലും നടത്തേണ്ടതുണ്ട്.


ആം ആദ്മി പാര്‍ട്ടിയ്ക്ക് നേരെ പ്രത്യയശാസ്ത്രവിമര്‍ശനം നടത്തുന്നവരുടെ വാദഗതികള്‍ തീര്‍ത്തും കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് അനുഭാവപൂര്‍വ്വം ചിന്തിക്കുന്നവരിലും തോന്നിത്തുടങ്ങിയിട്ടുണ്ട്. എന്താണ് ആം ആദ്മി പാര്‍ട്ടിയുടെ സാമ്പത്തിക നയം? എന്താണ് പാര്‍ട്ടിയുടെ വികസനസങ്കല്പങ്ങള്‍? ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര ഇന്ത്യ സാക്ഷാത്കരിക്കാനുള്ള പ്രായോഗിക നിലപാടുകള്‍ എന്താണ്? ജാതി പ്രശ്നത്തില്‍ പാര്‍ട്ടി നിലപാടെന്താണ്? സ്ത്രീ, പരിസ്ഥിതി, ദളിത് - ആദിവാസി പ്രശ്നങ്ങളില്‍ പാര്‍ട്ടിക്ക് വ്യക്തമായ നിലപാടുകള്‍ ഉണ്ടോ? നാളേയ്ക്ക് വേണ്ടി വളരെ വ്യക്തമായ വിദ്യാഭ്യാസ-ആരോഗ്യ-കാര്‍ഷിക ദര്‍ശനങ്ങള്‍ ഉണ്ടോ? ഇങ്ങനെയുള്ള കുറേ ചോദ്യങ്ങള്‍ക്ക് വളരെ കൃത്യതയുള്ള ഉത്തരങ്ങള്‍ ലഭിക്കാത്തപക്ഷം 'അഴിമതി, അഴിമതി, അഴിമതി' എന്ന വാതോരണിയില്‍ ഇന്ത്യയുടെ ഭാവിക്കുവേണ്ടിയുള്ള ഒരു രാഷ്ട്രീയസ്വപ്നം മുങ്ങിപ്പോവാന്‍ സാധ്യതയുണ്ട്.

Featured Posts