top of page

വിശ്വാസത്തിന്‍റെ മാതൃക

Feb 1, 2013

1 min read

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Abraham and his son Issac from the Old Testament

വിശ്വാസവര്‍ഷത്തിലൂടെ നമ്മള്‍ കടന്നുപോകുകയാണ്. ഈയവസരത്തില്‍ വിശ്വാസികളുടെ പിതാവായ അബ്രാഹത്തെക്കുറിച്ച് നമുക്കൊന്ന് ചിന്തിക്കാം. എല്ലാ അനുഗ്രഹങ്ങളുടെയും ആരംഭം അബ്രാഹത്തില്‍ നിന്ന് തുടങ്ങുമെന്ന് ദൈവം അരുളിച്ചെയ്തു. ഉല്‍പത്തി പുസ്തകത്തിന്‍റെ 12-ാം അദ്ധ്യായത്തില്‍ ദൈവകല്പന പ്രകാരം ഉപേക്ഷയും പുറപ്പാടും നടത്തുന്ന അബ്രാഹത്തെ നാം കാണുന്നു. വിശ്വാസത്തിന്‍റെ അഞ്ചുതലങ്ങള്‍ അബ്രാഹം നമുക്ക് കാണിച്ചു തരുന്നു.

വിശ്വാസം എന്നത് ഒന്നാമതായി ഒരു ഉപേക്ഷയും പുറപ്പാടുമാണ്. അബ്രാഹം സ്വന്തം ഇഷ്ടത്തെയും ശരീരത്തെയും ദൈവത്തിനുവേണ്ടി ഉപേക്ഷിക്കാന്‍ തയ്യാറായി. വര്‍ഷങ്ങളോളം ഒരു അടിമയെപ്പോലെ അലഞ്ഞുനടന്ന് തന്‍റെ അഹംബോധത്തെ അദ്ദേഹം ബലിയര്‍പ്പിച്ചു. തന്‍റെ താല്‍പര്യങ്ങളും ഇഷ്ടങ്ങളുമെല്ലാം ദൈവഹിതത്തിന് സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ചു. ഞാനല്ല, എന്‍റെ ദൈവമാണ് എന്നില്‍ ജീവിക്കുന്നത് എന്ന വിധത്തില്‍ സ്വന്തം ജീവിതത്തെ അദ്ദേഹം ക്രമപ്പെടുത്തി. ദൈവം പറഞ്ഞ വഴികളില്‍, ദൈവം പറഞ്ഞ സമയത്ത് അദ്ദേഹം യാത്ര തിരിച്ചു. ഉപേക്ഷയും പുറപ്പാടും വഴി ദൈവമാണ് തന്‍റെ ഏക ആശ്രയമെന്ന് അബ്രാഹം തെളിയിച്ചു.

രണ്ടാമതായി, ഇരുട്ടിലേയ്ക്ക് എടുത്തുചാടുവാന്‍ അദ്ദേഹം സന്നദ്ധനായി. ഒന്നും വ്യക്തമല്ലാതിരുന്നിട്ടും മുന്‍പില്‍ ശൂന്യതയായിട്ടും ദൈവത്തില്‍ മാത്രം ആശ്രയിച്ച് അദ്ദേഹം തന്‍റെ പ്രയാണം തുടര്‍ന്നു. രക്ഷിക്കുവാന്‍ ആകാത്തവിധം ദൈവത്തിന്‍റെ കരം കുറുകിപ്പോയിട്ടില്ലെന്നും കേള്‍ക്കുവാനാകാത്തവിധം ദൈവത്തിന്‍റെ കാതുകളുടെ ശക്തി ക്ഷയിച്ചിട്ടില്ലെന്നും അബ്രാഹം തിരിച്ചറിഞ്ഞു. നാളയേക്കുറിച്ചുള്ള സകല പദ്ധതികളും അബ്രാഹം ദൈവത്തിന് സമര്‍പ്പിച്ചു. തന്‍റെ നാളെകള്‍ ദൈവകരങ്ങളില്‍ ഭദ്രമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

മൂന്നാമതായി, ദൈവകരങ്ങളില്‍ സമ്പൂര്‍ണ്ണമായി അദ്ദേഹം സമര്‍പ്പണം നടത്തി. സ്വന്തം ശരീരത്തിലും സാറായുടെ ശക്തിയിലും പ്രതീക്ഷയ്ക്ക് വകയുണ്ടായിരുന്നില്ല. അത്യുന്നതന്‍റെ വാഗ്ദാനങ്ങളില്‍ മാത്രം ബലം കണ്ടെത്തിക്കൊണ്ട് അദ്ദേഹം യാത്ര തുടര്‍ന്നു.

നാലാമതായി, സ്വന്തം ബുദ്ധിയുടെ തലത്തിനപ്പുറത്തേയ്ക്ക് അദ്ദേഹം വളര്‍ന്നു. സാറായുടെ ബുദ്ധിയില്‍ നിന്നു ജനിച്ച ഇസ്മായേലിനെ ഉപേക്ഷിച്ചതുവഴി സ്വന്തം തീരുമാനത്തേയും ബുദ്ധിയുടെ തലങ്ങളേയും അബ്രാഹം ദൈവത്തിനു വിട്ടുകൊടുത്തു.

അവസാനമായി, അബ്രാഹം തന്‍റെ സുരക്ഷിതത്വങ്ങളെ ഉപേക്ഷിച്ചു. ഭൂതകാല സുരക്ഷിതത്വം അബ്രാഹം കൈവെടിഞ്ഞു. തിരിഞ്ഞുനോക്കുവാനോ തിരിച്ചു പോകുവാനോ അദ്ദേഹത്തിന് ഒരു സ്ഥലവുമില്ലായിരുന്നു. അന്നന്നത്തെ കാര്യങ്ങള്‍ ദൈവനിശ്ചയത്തിന് പൂര്‍ണ്ണമായി വിട്ടുകൊടുത്തു. അങ്ങനെ വര്‍ത്തമാനകാല സുരക്ഷിതത്വവും അദ്ദേഹം ഉപേക്ഷിച്ചു. ഭാവികാല കാര്യങ്ങള്‍ മുഴുവന്‍ ദൈവനിശ്ചയത്തിന് വിധേയമാക്കി. അങ്ങനെ സകല സുരക്ഷിതത്വങ്ങളും ദൈവഹിതത്തിനു വിധേയമാക്കി വിശ്വാസജീവിതത്തിന് അദ്ദേഹം അടിവരയിട്ടു. ഈ വിശ്വാസവര്‍ഷത്തില്‍ അബ്രാഹാമിന്‍റെ ജീവിതം നമുക്കു മാതൃകയാകട്ടെ.

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

0

0

Featured Posts