top of page

ഉണർന്നവർ

Jul 18

1 min read

George Valiapadath Capuchin
Image of a whistle

ചൂളമടിക്കാർ, ആദ്യ പ്രതികരണക്കാർ (whistleblowers & first responders) എന്നീ രണ്ടു ഗണം മനുഷ്യരെക്കുറിച്ച് സാമൂഹികമായി കൂടുതൽ വികസിതമായ നാടുകളിലെല്ലാം കൂടുതൽ അവബോധം ഇന്ന് ഉണ്ടായിവന്നിട്ടുണ്ട്.


സർക്കാരിലോ ഏതെങ്കിലും സ്വകാര്യ സ്ഥാപനത്തിലോ സമൂഹത്തിലോ നിലവിലുള്ള തെറ്റായ കീഴ്‌വഴക്കങ്ങളെയോ രീതികളെയോ തിന്മകളെയോ അപര്യാപ്തതകളെയോ ബന്ധപ്പെട്ട ഉന്നതാധികാരികളോടോ സമൂഹത്തോടോ വിളിച്ചു പറയുന്നവരാണ് വിസിൽ ബ്ലോവേഴ്സ് (ചൂളമടിക്കാർ).


ഒരു പ്രത്യേക അപകട സാഹചര്യത്തിൽ ഔദ്യോഗിക സന്നാഹവും സഹായവും എത്തുന്നതിനുമുമ്പ് മുന്നിട്ടിറങ്ങി പ്രവർത്തിക്കുന്ന പ്രൊഫഷണലുകളും അല്ലാത്തവരുമായ ആളുകളാണ് ആദ്യ പ്രതികരണക്കാർ.


വിസിൽ ബ്ലോവേഴ്സിനും ഫസ്റ്റ് റിസ്പോണ്ടേഴ്സിനും അവരവരുടേതായ ആപൽസാധ്യതകൾ ഉണ്ട്. തങ്ങളുടെ കണ്ണിലെ കരടായിട്ടായിരിക്കും വിസിൽ ബ്ലോവേഴ്സിനെ സർക്കാരും അധികാരികളും വൻകിട കമ്പനികളുമൊയൊക്കെ കാണുന്നത്. അതുകൊണ്ടുതന്നെ അവർ വലിയ നിന്ദാവമാനങ്ങൾക്കും ഉദ്യോഗ നഷ്ടത്തിനും സൈബർ ബുള്ളിയിങിനും ഒരുവേള, ശാരീരികമായ അക്രമത്തിനുപോലും വശംവദരാകാം.


ഒരു അപകടമോ ആക്രമണമോ പ്രകൃതി ദുരന്തമോ ഉണ്ടാകുമ്പോൾ, അല്ലെങ്കിൽ ഏതെങ്കിലും ഒരു അടിയന്തിര ഘട്ടത്തിൽ വളരെ പെട്ടെന്ന് തന്നെ ഇറങ്ങി സന്നദ്ധമായി സേവനം ചെയ്യുന്നവർ എന്ന നിലയിൽ, അവർ ഡ്യൂട്ടിയിൽ ഇല്ലാത്ത പോലീസുകാരോ പട്ടാളക്കാരോ ഡോക്ടർമാരോ നഴ്സുമാരോ അഗ്നി ശമന സേനാംഗങ്ങളോ നീന്തൽ വിദഗ്ധരോ ഒക്കെ ആണെങ്കിൽപ്പോലും അപകട മുഖത്ത് ഇറങ്ങി പ്രവർത്തിക്കുമ്പോൾ അവർ തങ്ങളുടെ തന്നെ ജീവൻ അപകടത്തിലാക്കുന്നുണ്ട്. എന്നിരിക്കിലും വിസിൽ ബ്ലോവേഴ്സിനും ഫസ്റ്റ് റിസ്പോണ്ടേഴ്സിനും വലിയ ആദരവ് നല്കുന്നുണ്ട് പരിഷ്കൃത സമൂഹങ്ങൾ.


വിസിൽ ബ്ലോവേഴ്സിന് തങ്ങളുടെ പ്രവൃത്തിയാൽത്തന്നെ ഒരു കൂട്ടരുടെ, പ്രത്യേകിച്ച് അധികാരമോ പണമോ സ്വാധീനമോ ഉള്ളവരുടെ ശത്രുത സമ്പാദിക്കേണ്ടി വരുന്നതിനാൽ

പല രാജ്യങ്ങളിലും അവർക്ക് - അവരുടെ ജീവനും തൊഴിലിനും സമ്പത്തിനും സംരക്ഷണം ലഭിക്കത്തക്കവിധം വിസിൽ ബ്ലോവേഴ്സ് നിയമം നിലവിലുണ്ട്. അവ പോലും പലപ്പോഴും ഫലപ്രദങ്ങളല്ല എന്നതാണ് വാസ്തവം.


സമൂഹത്തിൽ ഈ മേഖലയിൽ കൂടുതൽ ഫലപ്രദമായ വിദ്യാഭ്യാസം ഉണ്ടാകേണ്ടതായിട്ടുണ്ട്.


Recent Posts

bottom of page