

ചിലർ അസൂയ മൂലം, ചിലർ മാത്സര്യം മൂലം, ചിലർ കപടതയോടെ, ചിലർ വേറെ ചിലരോട് പകവീട്ടാൻ, മറ്റുകുറേപ്പേർ സ്നേഹം മൂലം ആത്മാർത്ഥതയോടെ - ഒക്കെയാണ് ക്രിസ്തുവിനെ പ്രഘോഷിക്കുന്നതത്രേ!
ആത്മാർത്ഥതയോടെയാണെങ്കിലും കാപട്യത്തോടെയാണെങ്കിലും ക്രിസ്തുവാണല്ലോ പ്രഘോഷിക്കപ്പെടുന്നത് എന്നോർത്ത് താൻ സന്തോഷിക്കുന്നു എന്ന് പൗലോസ് എഴുതുന്നുണ്ടെങ്കിലും, തന്നെ വേദനിപ്പിക്കണം എന്ന ഉദ്ദേശ്യത്തോടെ ചിലർ അങ്ങനെ ചെയ്യുന്നത്, തന്നെ ദുഃഖിപ്പിക്കുകയല്ല സന്തോഷിപ്പിക്കുകയാണ് ചെയ്യുന്നത് എന്നു കാണിക്കുന്നതിനായിട്ട് ആവണം.
ഇനി ഏതെങ്കിലും കാരണത്താൽ അങ്ങനെ തന്നെ ഉദ്ദേശിച്ച് പറഞ്ഞതാണെങ്കി ൽപ്പോലും, ഒന്നാം നൂറ്റാണ്ടല്ല ഇരുപത്തൊന്നാം നൂറ്റാണ്ട് എന്നതാണ് സത്യം. ഇക്കാലത്തും പലവിധ ഉദ്ദേശ്യലക്ഷ്യങ്ങളാൽ ആത്മീയ ശുശ്രൂഷകൾ ചെയ്യുന്നവർ ഉണ്ടായിരിക്കും എന്നത് തീർച്ചതന്നെ. ഒന്നാം നൂറ്റാണ്ടിലേതിൽ നിന്ന് വിഭിന്നമായി, ശാസ്ത്ര രംഗത്തും സാങ്കേതിക വിദ്യകളിലും മാത്രമല്ല, ആത്മീയ തിരിച്ചറിവുകളിൽപ്പോലും മനുഷ്യകുലം കാതങ്ങൾ മുന്നോട്ടുപൊയ്ക്കഴിഞ്ഞിരിക്കുന്ന ഇക്കാലത്ത് അസൂയയോ മാത്സര്യമോ മൂലം ആത്മാർത്ഥതയില്ലാതെ ആരെങ്കിലും ക്രിസ്തുശുശ്രൂഷ നടത്തുന്നു എന്നാകിൽ അക്കാലത്തേതിൽ നിന്ന് വിഭിന്നമായി അത് ക്രിസ്തുശരീരത്തെ അത് ദുർബലപ്പെടുത്തുകയേയുള്ളൂ എന്നാണ് ഞാൻ കരുതുന്നത്.



















