top of page

ശരണാലയം

Jul 15

3 min read

ബോബി ജ��ോസ് കട്ടിക്കാട്

സഞ്ചാരിയുടെ നാള്‍വഴി

A man in Deep meditation

1

തെളിഞ്ഞ ബുദ്ധിയായിരുന്നു അയാളുടെ പ്രശ്നം. അതു കൊണ്ടാണ് ഒമ്പതു വയസു തൊട്ടേ തന്‍റെ പരിസരം തന്നോട് ഒരിക്കലും ഫെയറല്ലെന്ന് പിടുത്തം കിട്ടിയത്. ദാഹിക്കുമ്പോൾ പ്യൂണിനോട് പറഞ്ഞാ മതി എന്ന് പറയുമ്പോള്‍, കിണറ്റിലെ വെള്ളം തൊട്ട് അശുദ്ധമാക്കാതിരിക്കുന്നുള്ള മുന്‍ കരുതലായിട്ടാണ് അവനതറിയുന്നത്.

വിദേശത്ത് പോയി പഠിച്ചു വന്നതൊന്നും കാര്യങ്ങളെ മെച്ചപ്പെടുത്തിയില്ല. ബറോഡയില്‍ താഴ്ന്ന ജാതിയെന്ന പേരില്‍ താമസം നിഷേധിക്കപ്പെട്ടപ്പോള്‍ പാഴ്സിയായി കള്ളം പറഞ്ഞ് അവരുടെ ഒരു സത്രത്തില്‍ ഇടം കണ്ടെത്തിയത് പൊളിഞ്ഞപ്പോള്‍ ആ സമുദായം അയാളെ കായികമായിട്ടാണ് നേരിട്ടത്.

മഹാരാഷ്ട്ര ഗവര്‍ണ്‍മെന്‍റ് ആവശ്യപ്പെട്ടതനുസരിച്ചാണ് നാട്ടില്‍ വരുന്നത്. അയാള്‍ക്ക് ഓട്ടം പോകാന്‍ വണ്ടിക്കാര്‍ തയ്യാറാകുന്നില്ല. പിന്നെ അയാളുടെ സമുദായക്കാര്‍ ഒരു കുതിരവണ്ടി ഒപ്പിച്ച് കൂടെ കൂട്ടി. അവര്‍ക്കത് പരിചയമില്ലാത്ത പണിയായതു കൊണ്ട് വണ്ടിയും കുതിരയും നദിയിലേക്കും അയാള്‍ കലുങ്കിലേക്കും തെറിച്ചു വീണു, കൂടുതല്‍ അപമാനത്തില്‍ മുടന്തി. ഇതെല്ലാം അയാള്‍ എഴുതി വെക്കും. ആറു ചെറിയ കുറിപ്പുകളാണ്.


മരണത്തിനും കുറെക്കാലത്തിന് ശേഷമാണ് അത് പ്രസിദ്ധീകരിക്കപ്പെട്ടത്. അതിന്‍റെ തലക്കെട്ടിലാണ് നമ്മള്‍ പരിഭ്രമിക്കുന്നത്. Waiting for a Visa ദേശത്തിന്‍റെ ഭരണഘടന തയ്യാറാക്കിയ മനുഷ്യനാണ്! പുറത്ത് കാത്ത് നില്ക്കുകയാണ്.

ആരുടെ ആത്മരേഖയ്ക്കാണീ ശീര്‍ഷകം വഴങ്ങാത്തത്. He came unto his own, and his own received him not എന്നാണ് യേശുവിനെക്കുറിച്ച് ബൈബിള്‍ പറയണത്.

2

നല്ലൊരു നിരീക്ഷണമാണ് ഒരു കാല്‍ നൂറ്റാണ്ട് കൊണ്ട് ഉണ്ടായ വ്യത്യാസം. പള്ളിയിലോ ക്ഷേത്രത്തിലോ മനുഷ്യര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ അവരുടെ ഏറ്റവും വലിയ ആശങ്ക പടികളില്‍ അഴിച്ചുവെച്ച ചെരുപ്പുകള്‍ അവിടെത്തന്നെയുണ്ടാകുമോ എന്നുള്ളതായിരുന്നു. തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ ചെരുപ്പ് കാക്കാനായി മനുഷ്യര്‍ കൂനിപ്പിടിച്ചിരിക്കുമായിരുന്നു. മഴക്കാലത്ത് കുടയായിരുന്നു പ്രശ്നം. തെങ്ങില്‍നിന്ന് പാതയോരത്തേക്ക് അടര്‍ന്നു വീണ തേങ്ങ വീട്ടുകാര്‍ എത്തും മുന്‍പേ ആരോ കൈക്കലാക്കി. ഇതൊന്നും ഇപ്പോള്‍ സംഭവിക്കുന്നില്ല. ചെരുപ്പും കുടയും തേങ്ങയുമൊക്കെ അതാതിടങ്ങളില്‍ നിങ്ങള്‍ എത്ര വൈകി വന്നാലും അതേപോലെ തന്നെ ഉണ്ടാകും. മറന്നു വച്ച ഒന്നിനെക്കുറിച്ചും പരിഭ്രമിക്കേണ്ട. ഓര്‍മ്മ കിട്ടുമ്പോള്‍ സാവകാശം ചെന്നാല്‍ മതി.


അടിസ്ഥാന ആവശ്യങ്ങള്‍ അഡ്രസ് ചെയ്യപ്പെടുന്ന ഒരു സമൂഹം ധാര്‍മ്മികമായി മെച്ചപ്പെട്ട ഇടമാകുന്നു. വിശക്കുന്ന ഒരാള്‍ക്കൂട്ടത്തെ നോക്കി അവര്‍ വഴിയില്‍ വീണു പോയേക്കുമെന്ന ഒരു താക്കീത് യേശുവിന്‍റേതായി അടയാളപ്പെടുത്തിയിട്ടുണ്ട്. വിശന്ന മനുഷ്യരാണ് മിക്കവാറും ഇടറിപ്പോയ മനുഷ്യരെല്ലാം തന്നെ. ദാരിദ്ര്യത്തില്‍ നിന്നാണ് പകയും വിദ്വേഷവും ഉണ്ടാകുന്നത്.


പണ്ട് പണ്ട് ജീവിതത്തിലൊരിക്കലും പാല് കുടിച്ചിട്ടില്ലാത്ത ഒരു കുട്ടിയുണ്ടായിരുന്നു. കളിക്കൂട്ടുകാര്‍ അവന്‍റെ വിഷമം പരിഹരിക്കാന്‍ തീരുമാനിച്ചു. കുട്ടിയെ മതിയാവോളം കുടിപ്പിച്ചു. അതിനുശേഷം ചുറ്റിനും കിടന്ന് തുള്ളിച്ചാടി അരിമാവ് കലക്കിക്കൊടുത്ത കഥ പറഞ്ഞ് ആര്‍ത്ത് ചിരിച്ചു. മകന്‍ നേരിട്ട പരിഹാസവും നിസ്സഹായനായ അച്ഛനെന്ന നിലയില്‍ അനുഭവിച്ച ആത്മനിന്ദയും ചേര്‍ന്നിട്ടാണ് ദ്രോണര്‍ എന്ന സാത്വികനായ ആചാര്യന്‍റെ ചുവട് പിഴപ്പിക്കുന്നത്. മിക്കവാറും എല്ലാ അധര്‍മ്മങ്ങളുടെയും പിന്നാമ്പുറങ്ങളില്‍ പരിഹാരമില്ലാത്ത ദാരിദ്ര്യത്തിന്‍റെ ഹൃദയഭേദകമായ ഓര്‍മ്മകള്‍ ഉണ്ടായിരിക്കും. വയോധികരുടെ പരിചരണം തുടങ്ങി നമ്മള്‍ വൈകാരികമായി നേരിടുന്ന വര്‍ത്തമാന പ്രതിസന്ധികള്‍ക്കും ഇല്ലായ്മയുടെ പശ്ചാത്തലം നിശ്ചയമായും ഉണ്ടാവും. സ്നേഹവും സന്തോഷവും സമാധാനവുമൊക്കെ ചില അടിസ്ഥാന ആകുലതകള്‍ പരിഹരിക്കപ്പെടുന്ന ഇടത്തില്‍ മാത്രമാണ് ദീര്‍ഘകാലം പാര്‍ക്കാനെത്തുന്നതെന്ന് തോന്നുന്നു.


അധര്‍മ്മം പെരുകുകയും സ്നേഹം തണുത്തുറഞ്ഞ് പോകുകയും ചെയ്യുന്നുവെന്ന യേശുമൊഴിയുണ്ട്. ദാരിദ്ര്യമാണ് ഏറ്റവും വലിയ അനീതി. ഓരോരുത്തര്‍ക്കും അര്‍ഹതയുള്ളത് ഉറപ്പ് വരുത്തുകയാണ് നീതിബോധം. സമൂഹമത് ഉറപ്പുവരുത്താതെ പോകുമ്പോള്‍ മനുഷ്യര്‍ ഉദാരശീലരും ഹൃദയവിശാലതയുള്ളവരുമായി നിലനില്‍ക്കണമെന്ന് ശഠിക്കുന്നതില്‍ കഥയില്ല. പി റ്റി മാഷ് മൈതാനത്തില്‍ വച്ച് സ്പോര്‍ട്സ് ഡേയുടെ ഒടുവില്‍ മുകളിലേക്ക് എറിഞ്ഞുകളിച്ച ഏതാനും മിഠായികളുടെ തുടര്‍ച്ച തന്നെയാണ് ശിഷ്ടജീവിതം. അപ്പോള്‍ ചങ്ങാതിമാരില്ലാതെയായി. കാലില്‍ ചവിട്ടിയും തള്ളിമാറ്റിയും ചോരപൊടിഞ്ഞുമൊക്കെ മാത്രമേ നിലനില്പ് സാധ്യമാവൂ എന്നതാണ് ഇളംബോധത്തില്‍ അവശേഷിക്കുന്ന പാഠം.


സ്നേഹത്തെക്കുറിച്ച് പറയാന്‍ വരട്ടെ. ഒരു വൃക്ഷത്തെ രൂപകമായി എടുക്കുകയാണെങ്കില്‍ നീതിയാണതിന്‍റെ വേര്. ഇലകളും പൂക്കളും സ്നേഹത്തിന്‍റെ തളിര്‍പ്പുകള്‍. പഴത്തെ കരുണയെന്നും വിളിക്കും. വേരുകള്‍ ഇനിയും അഗാധമാകേണ്ടതുണ്ട്.


3

പാര്‍ക്കുന്ന ലോകത്തെക്കുറിച്ചുള്ള നിറമുള്ള സ്വപ്നങ്ങളാണ് പ്രാര്‍ത്ഥനയുടെ സ്പ്രിംഗ് ബോര്‍ഡ്. മറ്റൊരു ലോകം സാധ്യമാണെന്ന ധൈര്യമാണ് അതിന്‍റെ മൂലധനം.

ഏതെങ്കിലുമൊക്കെ അളവുകളില്‍ ഒരു കുറ്റബോധവുമില്ലാതെ ഒരാളും ഈ വാഴ്വിലൂടെ കടന്നുപോകുന്നില്ല. ഒരു പാരന്‍റ് എന്ന നിലയില്‍ പോലും സായന്തനങ്ങളില്‍ നിങ്ങളെന്താണ് ഓര്‍മ്മിച്ചെടുക്കുന്നത്. നമ്മുടെ തര്‍ക്കങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഭീതിയ്ക്കും കുറ്റാരോപണങ്ങള്‍ക്കും ഇടയില്‍, പ്രായത്തിലും കിളരത്തിലും മൂന്നിലൊന്നു പോലുമില്ലാത്ത കുറച്ചു ചെറിയ മനുഷ്യര്‍ നമുക്കിടയില്‍ പാര്‍ക്കാന്‍ വന്ന കാര്യം പോലും മറന്നു പോയി. കുഞ്ഞുങ്ങളുടെ ഏകാന്തത ഒരിക്കലും മുതിര്‍ന്നവരുടെ വിഷയമേയായിരുന്നില്ല. പണ്ടൊരു ചിത്രത്തില്‍ നല്ല കരളുറപ്പ് ഉണ്ടെന്ന് തോന്നിക്കുന്ന ആ സ്ത്രീയുടെ കൈത്തണ്ടയില്‍ ഒരു bugനെ യാണ് പച്ചകുത്തിയിരിക്കുന്നത്. അവളതിന്‍റെ കാരണം പറയുന്നുണ്ട് : അച്ഛനിറങ്ങിപ്പോയതിനു ശേഷം അമ്മ മദ്യത്തിലേയ്ക്ക് തിരിഞ്ഞു. അതിന് കാരണം ഞാനാണെന്ന് സദാ ശകാരിച്ചു കൊണ്ടിരുന്നു. And i missed him a lot, so I'd cry. She got so fed up with the crying that would lock me in the trunk of her car, sometimes for hours. But there was this, a little hole in the trunk and one time a lady bug flew in, kept me company. It made me feel so safe. ഒരു ചെറുജീവിയുടെ പോലും സാന്ത്വനമില്ലാതെ നമ്മുടെ കുഞ്ഞുങ്ങള്‍ വേഗത്തില്‍ വലുതായി.


അനുതാപത്തില്‍ നിന്നും കുറ്റബോധത്തിന്‍റെ കനലില്‍ നിന്നും ചില സുകൃതങ്ങള്‍ സംഭവിക്കാറുണ്ട്. അത് ശിഷ്ടകാലത്തെ അഗാധമാക്കാനുള്ള ക്ഷണമാണ്. അങ്ങനെയാണ് സന്ധ്യകളില്‍ യാന്ത്രികമായി ചൊല്ലിക്കൊണ്ടിരുന്ന ആ പ്രാര്‍ത്ഥനയിലെ നിന്‍റെ രാജ്യം വരേണമേ എന്ന വരികള്‍ക്ക് ഇത്രയും മുഴക്കമുണ്ടെന്ന് പിടുത്തം കിട്ടുന്നത്.


മനുഷ്യഭാവനയിലെ deluded ആയ വാക്കായാണ് ഉട്ടോപ്യ ഇന്ന് സങ്കല്പിക്കപ്പെടുന്നത്. അങ്ങനെയായിരുന്നില്ല ആ പദത്തിന്‍റെ ഉത്പത്തി. സര്‍ തോമസ് മൂർ 1516 ല്‍ അതേ പേരിലൊരു പുസ്തകമെഴുതുമ്പോള്‍ അസാധ്യമായ ഒരിടം എന്ന നിലയിലായിരുന്നില്ല അതിനെ കണ്ടത്. പുരാതനഗ്രീക്കിലെ രണ്ടു പദങ്ങളെ വിളക്കിയാണ് No-place എന്നര്‍ത്ഥം വരുന്ന പദമുണ്ടായത്. ആംഗലേയ ഉച്ചാരണത്തില്‍ ഒരേപോലെ ശബ്ദിക്കുന്ന Utopia, Eutopia തമ്മില്‍ പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാകുന്നു. രണ്ടാമത്തേതിന്‍റെ അര്‍ത്ഥം good place നല്ല സ്ഥലം എന്നാണ്. ആ അര്‍ത്ഥത്തിലാണ് ആ പദത്തെ നാം മുന്നോട്ട് കൊണ്ടുപോവേണ്ടത്. വിക്ടര്‍ ഹ്യൂഗോ കരുതുന്നത് പോലെ Utopia today, flesh and blood tomorrow.

ഭേദപ്പെട്ട ഗാര്‍ഹിക, സാമൂഹിക പരിസര ങ്ങള്‍ക്ക് വേണ്ടി ഞങ്ങളെത്തന്നെ അര്‍പ്പിക്കുന്നു വെന്ന ഒരു സന്നദ്ധസ്വഭാവമുണ്ട് നിന്‍റെ രാജ്യം വരേണമേ എന്ന അര്‍ത്ഥനയില്‍. എല്ലാവര്‍ക്കും എല്ലാത്തിനെക്കുറിച്ചും പരാതികളാണ്. അസ്സീസിയിലെ ഫ്രാന്‍സിസിനെക്കുറിച്ച് പറയുന്നത് പോലെ പള്ളിവീഴുന്നു എന്ന നിലവിളിയില്‍ നിന്നാണ് ജീവിതത്തിന്‍റെ രണ്ടാം ഭാഗം ആരംഭിക്കുന്നത്. ചങ്ക് കയ്യിലെടുത്തുകൊണ്ടാണ് മനുഷ്യര്‍ അവന് ചുറ്റും കൂടിയത്. എത്ര അപൂര്‍ണ്ണമായിരിക്കുമ്പോഴും, അതിപ്പോഴും ഒരു നല്ല സ്ഥലം തന്നെയാണ്.


"പള്ളി വീണാല്‍ നമ്മള്‍ എന്ത് ചെയ്യും?"


"ഒരു കല്ല് തരാമോ, ഒരു ചെറിയ കല്ല്. അത്ര കരുത്തോ ഭംഗിയോ ഉള്ളതാവണമെന്നില്ല. നമുക്കിതിനെ പുതുക്കണ്ടേ?"


ദേവാലയം ഉള്‍പ്പെടെയുള്ള എല്ലാ ആലയങ്ങളും - വീട്, വിദ്യാലയം, ആതുരാലയം എല്ലാത്തിന്‍റെയും ചുവരുകളില്‍ വിള്ളല്‍ വീണിട്ടുണ്ട്. ഇച്ഛാശക്തിയുടെയും കഠിനാധ്വാനത്തിന്‍റെയും ഒരു ചെറിയ കല്ല്!

നമുക്കിതിനെ പുതുക്കേണ്ടേ?

ശരണാലയം,

ബോബി ജോസ് കട്ടികാട്

അസ്സീസി മാസിക, ജൂലൈ 2025

Jul 15

5

435

Recent Posts

bottom of page