ജോര്‍ജ് വലിയപാടത്ത്
Oct 25
കാഴ്ചയില്ലായ്മ, കേള്‍വിയില്ലായ്മ, ശബ്ദമില്ലായ്മ, ബലമില്ലായ്മ, തന്‍റേടമില്ലായ്മ, കൂട്ടില്ലായ്മ എന്നിങ്ങനെ എണ്ണമറ്റ ഇല്ലായ്മകളില്‍ ഒന്നുമാത്രമല്ല ദാരിദ്ര്യം. മനുഷ്യന്‍റെ ആന്തരികസത്തയ്ക്കുമേല്‍ സമൂഹം നടത്തുന്ന ആക്രമണമാണ്, അധിനിവേശമാണ്. ലോകവുമായി ഓരോ മനുഷ്യനും ഉണ്ടാവേണ്ട സഹജമായ ജൈവബന്ധത്തെ ദാരിദ്ര്യം വലിയൊരളവില്‍ പ്രതിരോധിക്കുന്നു. ഭക്ഷണം കഴിക്കാന്‍, വയറുനിറയെ ആഹാരം കഴിച്ച് ഒരേമ്പക്കത്തോടെ ലോകത്തോട് സമരസപ്പെടാന്‍ അവസരം നിഷേധിക്കപ്പെടുമ്പോള്‍ ഒരാള്‍ പണ്ടൊരു കവി പറഞ്ഞതുപോലെ സ്വന്തംവീട്ടില്‍ അന്യനാവുന്നു; സ്വദേശത്ത് പരദേശിയും. കേരളത്തെ സംബന്ധിച്ച് കാലം ചെല്ലുംതോറും ദാരിദ്ര്യം എന്ന അനുഭവത്തോടുള്ള സാമാന്യ പ്രതികരണം രൂക്ഷവും കര്‍ക്കശവുമായിക്കൊണ്ടിരിക്കുകയാണ്. അമ്പതുവയസ്സിനു മുകളിലുള്ള എല്ലാ മലയാളികള്‍ക്കും പ്രത്യക്ഷമായോ പരോക്ഷമായോ ദാരിദ്ര്യത്തെക്കുറിച്ചുള്ള നേരറിവുകള്‍ ഉണ്ടായിരിക്കണം. സാമൂഹിക ജീവിതത്തില്‍ ഒഴിവാക്കാനാവാത്ത ഒരു പ്രതിഭാസമെന്ന നിലയില്‍ അന്ന് ദാരിദ്ര്യത്തിന് രാഷ്ട്രീയാംഗീകാരമുണ്ടായിരുന്നു. വലിയ മനുഷ്യരുടെ ജീവിതത്തില്‍പ്പോലും ഒഴിവാക്കാനാവാത്ത യാഥാര്‍ത്ഥ്യമായിരുന്നു അത്. ദരിദ്രനായി അഥവാ ദരിദ്രയായി ജീവിച്ചുകൊണ്ടുതന്നെ ഒരാള്‍ക്ക് പൊതുവായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി പോരാടുവാനുള്ള അവസരവും അവകാശവും അക്കാലത്ത് നിഷേധിക്കപ്പെട്ടിരുന്നില്ല. അവരുടെ പോരാട്ടങ്ങള്‍ക്ക് ജനകീയമായ പിന്തുണ ലഭിക്കുന്നതിന് ദാരിദ്ര്യം ഒരു തരത്തിലും തടസ്സമായില്ല. പക്ഷേ ഇന്നോ? ഇന്ന് നിങ്ങള്‍ ദരിദ്രനാണെങ്കില്‍ നിങ്ങള്‍ക്ക് സാമൂഹികമായി യാതൊരംഗീകാരവും സമൂഹത്തിന്‍റെ ഒരു കോണില്‍നിന്നും ലഭിക്കാനിടയില്ല. നിങ്ങളുടെ സത്യസന്ധതയ്ക്കോ ഉദ്ദേശശുദ്ധിക്കോ യാതൊരു വിലയും ആരും കല്പിക്കുമെന്ന് പ്രതീക്ഷിക്കുകയും വേണ്ട. ജീവിതത്തിന്‍റെ സമസ്തവ്യവഹാരങ്ങളിലും ചവിട്ടിയരയ്ക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയുമാവും നിങ്ങളുടെ വിധി. ദാരിദ്ര്യം എന്ന യാഥാര്‍ത്ഥ്യം അത്ര മേല്‍ അശ്ലീലമായിക്കഴിഞ്ഞ കാലത്താണ് നാമെല്ലാം ജീവിച്ചുകൊണ്ടിരിക്കുന്നത്.
ഉത്തരകേരളത്തിലെ ഒരു കുഗ്രാമത്തില്‍ ഒരധ്യാപികയുടെ മകനായി മധ്യവര്‍ഗ്ഗകുടുംബത്തില്‍ ജനിച്ചുവെങ്കിലും ദാരിദ്ര്യത്തിന്‍റെ തിക്തത കുട്ടിക്കാലത്ത് വേണ്ടുവോളം ഞാന്‍ അനുഭവിച്ചിട്ടുണ്ട്. എല്ലാ മനുഷ്യരും പൊതുവായി പങ്കുവച്ച യാഥാര്‍ത്ഥ്യമെന്ന നിലയില്‍ ദാരിദ്ര്യത്തെ ഒഴിച്ചുനിര്‍ത്തുക തൊണ്ണൂറ് ശതമാനം പേര്‍ക്കും അന്ന് അസാദ്ധ്യമായിരുന്നു. ഒന്നും കഴിക്കാന്‍ ഇല്ലാത്ത അവസ്ഥ ഉണ്ടായിരുന്നില്ലെങ്കിലും നല്ല ഭക്ഷണം എന്നത് ബാല്യകാലത്ത് സ്വപ്നം മാത്രമായിരുന്നു. ഓണം, വിഷു, കര്‍ക്കിടകവാവ് എന്നിങ്ങനെ അപൂര്‍വ്വമായെത്തുന്ന വിശേഷദിവസങ്ങള്‍ക്കായി അരവയറും തീരാക്കൊതിയുമായി ഞങ്ങള്‍ കാത്തിരുന്നു. കൊല്ലത്തോടുകൊല്ലം ഉണ്ണാനുള്ള നെല്ല് പത്തായങ്ങളില്‍ സൂക്ഷിച്ച ധനികരായ കൃഷിക്കാരുടെ വീടുകളിലൊഴിച്ച് ബാക്കി കുടുംബങ്ങളിലെല്ലാം ദാരിദ്ര്യം പ്രച്ഛന്നവേഷങ്ങളില്‍ കയറിയിറങ്ങി. ഒട്ടും വരുമാനമില്ലാത്ത താഴെത്തട്ടിലെ കുടുംബങ്ങളില്‍ ദാരിദ്ര്യത്തിന്‍റെ വേതാളനൃത്തം ഭീകരമായിരുന്നു. വാരിയെല്ലിന് താഴെ അര്‍ദ്ധചന്ദ്രാകൃതിയില്‍ ഒരു കുഴിയുമായി, എഴുന്നേറ്റുനടക്കാന്‍ ത്രാണിയില്ലാതെ, എന്‍റെ അടുക്കളപ്പുറത്ത് വന്ന് അമ്മയോട് കഞ്ഞിവെള്ളം വാങ്ങിക്കുടിക്കുന്ന സമപ്രായക്കാരനായ ഒരു സുഹൃത്തിന്‍റെ ദയനീയരൂപം കണ്‍വെട്ടത്തുനിന്ന് എനിക്ക് ഒരിക്കലും മായ്ച്ചുകളയാന്‍ സാധിച്ചിട്ടില്ല.
മുതിര്‍ന്നപ്പോള്‍ മറ്റെല്ലാ മനുഷ്യരെയുംപോലെ ഞാനും ദാരിദ്ര്യത്തെ വിസ്മരിച്ചു. ജീവിതത്തിന്‍റെ മുഖ്യധാരയില്‍ ദാരിദ്ര്യം ഒരു പ്രശ്നമല്ലാതെയായി. അടിത്തട്ടിലെ മനുഷ്യര്‍ക്കിടയില്‍ നീറിപ്പുകഞ്ഞു നിന്ന ദാരിദ്ര്യത്തിന്‍റെ അഗ്നി അടുത്തറിയാനുള്ള അവസരങ്ങള്‍ തുലോം കുറവായി. നമ്മുടെ സ്വസ്ഥജീവിതത്തിന്‍റെ തുരുത്തുകളില്‍നിന്ന് ലോകത്തിന്‍റെ ഇല്ലായ്മകളും ദുരിതങ്ങളും വേദനകളും അകറ്റിനിര്‍ത്താനുള്ള വെമ്പല്‍ മറ്റെല്ലാ മലയാളികളിലുമെന്നപോലെ എന്നിലും വേരുപിടിച്ചു കഴിഞ്ഞിരിക്കണം. അതുകൊണ്ടുതന്നെ ദാരിദ്ര്യവും വിശപ്പുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ അറിയാനുള്ള ഒരേയൊരുറവിടം പുസ്തകങ്ങളായി മാറി. മലയാള സാഹിത്യം, കഥാസാഹിത്യം വിശേഷിച്ചും, പ്രമേയപരമായി ദാരിദ്ര്യത്തില്‍നിന്ന് അകന്നുകഴിഞ്ഞ എഴുപതുകളിലും എണ്‍പതുകളിലും വിദേശകൃതികളില്‍ മാത്രമേ അതിന്‍റെ പ്രതിസ്പന്ദനങ്ങള്‍ വല്ലപ്പോഴും കണ്ടുകിട്ടിയിരുന്നുള്ളൂ. കാസര്‍ഗോഡ് ജില്ലയിലെ കാടകം എന്ന ഗ്രാമത്തില്‍ അധ്യാപകനായി ജോലിചെയ്യുകയായിരുന്നു അക്കാലത്ത് ഞാന്‍. ആയിരത്തിതൊള്ളായിരത്തി എണ്‍പതുകളുടെ ആദ്യത്തിലാണ് കസാന്‍ദ്സാക്കീസ് എന്ന എഴുത്തുകാരന്‍ മലയാളവായനക്കാര്‍ക്കിടയില്‍ പരിചിതനാകുന്നത്. കാടകത്തെ അന്ന് ഞാന്‍ താമസിച്ചുപോന്ന ചെറുകുടിലില്‍ പലപ്പോഴും ശമ്പളമില്ലാത്ത അവധിപോലും എടുത്ത് ഞാന്‍ കസാന്‍ദ്സാക്കീസിന്‍റെ കൃതികള്‍ ഒന്നൊന്നായി വായിച്ചുതീര്‍ത്തു. 'ഗോഡ്സ് പോപ്പര്‍- സെയ്ന്‍റ് ഫ്രാന്‍സിസ് ഓഫ് അസ്സീസി' എന്ന നോവല്‍ വളരെ വൈകിയാണ് എന്നെത്തേടിയെത്തിയത്. 'സെയ്ന്‍റ് ഫ്രാന്‍സിസ്' എനിക്ക് ഒരു വെളിപാടുപോലെയാണ് അനുഭവപ്പെട്ടത.് വളരെ വര്‍ഷങ്ങളായി അടിത്തട്ടിലെ മനുഷ്യരുടെ ജീവിതവും അവരുടെ ദുരിതങ്ങളും ദൈന്യതയും വിസ്മരിച്ചു ജീവിച്ചിരുന്ന എനിക്ക് സെയ്ന്‍റ് ഫ്രാന്‍സിസിന്‍റെ ജീവിതവും അതിന്‍റെ സ്നേഹവായ്പും പുതിയൊരു കാഴ്ചയും കാഴ്ചപ്പാടും തുറന്നുതന്നു. വായന വീഞ്ഞുകുടിച്ചതുപോലുള്ള ഒരു മധുര ലഹരിയായിത്തീരുന്ന അനുഭവം കസാന്‍ദ്സാക്കീസില്‍ അക്കാലത്ത് ഞാനറിഞ്ഞിരുന്നു. ഇപ്പോള്‍ എന്തുകൊണ്ടോ കസാന്‍ദ്സാക്കീസ് എന്നെ ത്രസിപ്പിക്കുന്ന ഒരെഴുത്തുകാരനല്ല എങ്കിലും 'സോര്‍ബ ദ ഗ്രീക്കും' 'സെയ്ന്‍റ് ഫ്രാന്‍സിസും' എന്‍റെ ആത്മപുസ്തകങ്ങള്‍ തന്നെ.
പണത്തിന് ഒരു വിലയും കല്പിക്കാതെയാണ് ഇത്രയും കാലം ഞാന്‍ ജീവിച്ചത്. മേലില്‍ അതിന് കഴിയുമെന്നും തോന്നുന്നില്ല. ഒന്ന് ചെലവാക്കേണ്ടിടത്ത് പത്ത് എന്ന നിലയിലാണ് എന്‍റെ ഓട്ടക്കീശയില്‍നിന്ന് പണം ചോര്‍ന്നുകൊണ്ടിരിക്കുന്നത്. നാളെയ്ക്കുവേണ്ടി കരുതിവയ്ക്കാന്‍ കുറെ ഓര്‍മ്മകളും പുസ്തകങ്ങളുമല്ലാതെ മറ്റൊന്നുമില്ലാത്ത നിസ്സ്വനാണ് ഞാന്‍. എങ്കിലും എന്‍റെ ആവശ്യങ്ങള്‍ എങ്ങനെയൊക്കെയോ അപ്പപ്പോള്‍ നിറവേറ്റപ്പെട്ടുകൊണ്ടിരിക്കുന്നു.
കഴിഞ്ഞ പത്തുവര്‍ഷങ്ങളായി സമ്പാദ്യമൊന്നുമില്ലെങ്കിലും വലിയ കടങ്ങളൊന്നുമില്ലാതെ ഞാന്‍ കഷ്ടിച്ച് ജീവിച്ചുപോരുന്നുണ്ട്. ദാരിദ്ര്യത്തെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും ഇപ്പോഴില്ല. എന്നിട്ടും രണ്ടുമൂന്നാഴ്ചകള്‍ക്കു മുമ്പ് കണ്ട ഒരു സ്വപ്നം എന്നെ ശരിക്കും വിസ്മയപ്പെടുത്തി. സ്വപ്നത്തില്‍ ഞാന്‍ തീര്‍ത്തും ദരിദ്രനായിരുന്നു. വീട്ടില്‍ ഞാനും എട്ടൊന്‍പത് വയസ്സായ മകനും മാത്രമാണ് താമസം. മൂന്നുനേരം ഭക്ഷണം കഴിക്കാനോ മാന്യമായി വസ്ത്രംധരിച്ച് പുറത്തിറങ്ങാനോ ഒരു ഗതിയുമില്ല. (സര്‍ക്കാര്‍ വക മാസാമാസം കിട്ടുന്ന പെന്‍ഷന്‍ എവിടെപ്പോയി എന്ന് സ്വപ്നത്തിനിടയില്‍ത്തന്നെ ഞാന്‍ ആ സ്വപ്നത്തെ വിചാരണ ചെയ്യുന്നുമുണ്ട്.) അങ്ങനെയിരിക്കെയാണ് ദരിദ്രര്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഒരു പ്രതിമാസ ധനസഹായത്തെക്കുറിച്ച് പത്രത്തില്‍ വായിച്ചറിയുന്നത്. രണ്ടും കല്പിച്ച് മുഷിഞ്ഞ വസ്ത്രവും 'തെളിയിക്കല്‍ രേഖ'കളടങ്ങിയ സഞ്ചിയുമായി ഞാന്‍ കാലത്തെ പുറപ്പെട്ടു. എത്തിപ്പെട്ട സ്ഥലം സ്വപ്നമായിരുന്നിട്ടുപോലും എനിക്ക് വിചിത്രമായി തോന്നി. ഞാന്‍ പന്ത്രണ്ടു വര്‍ഷക്കാലം ജോലിചെയ്ത് വിരമിച്ച തലശ്ശേരിയിലെ കൊടുവള്ളി ഗവ. ഹൈസ്കൂളിലെ ഒരു ഹാള്‍ ആയിരുന്നു അത്. നിര്‍ദ്ധനരായ ഒട്ടുവളരെപ്പേര്‍ അതിനകം അവിടെ തിങ്ങിക്കൂടിയിരുന്നു. മുക്കാല്‍പങ്കും പ്രായംചെന്ന മുസ്ലീംസ്ത്രീകള്‍. പലരും എന്നോട് പരിചയഭാവത്തില്‍ ചിരിച്ചു. ചിലര്‍ 'മാഷെന്താ ഇവിടെ' എന്ന് വിസ്മയഭാവത്തില്‍ എന്നെ നോക്കി. വൈകാതെ ഓരോരുത്തര്‍ക്കും ഓരോ അപേക്ഷഫാറം വിതരണം ചെയ്യപ്പെട്ടു. ഹാളില്‍ നിരത്തിയിട്ട ബെഞ്ചുകള്‍ക്ക് മേലിരുന്ന് മറ്റുള്ളവരോടൊപ്പം ഞാനും അപേക്ഷാഫാറം പൂരിപ്പിച്ചു. വിദ്യാഭ്യാസം അധികമൊന്നുമില്ലാത്ത അമ്മമാര്‍പോലും അനായാസം ചെയ്യുന്ന ആ പ്രവൃത്തി എനിക്ക് അങ്ങേയറ്റം ശ്രമകരമായിരുന്നു. എന്‍റെ അശ്രദ്ധകൊണ്ട് പിഴവുകളെന്തെങ്കിലും പറ്റി ധനസഹായം ലഭിക്കാതെ പോകുമോ എന്ന ഉത്കണ്ഠ ഓരോ 'കോളം' പൂരിപ്പിക്കുമ്പോഴും എന്നെ അധീരനാക്കി. ഒടുവില്‍ ഒട്ടുവളരെ സമയമെടുത്ത് ഞാനത് പൂരിപ്പിച്ച് തെറ്റില്ലെന്ന് ഉറപ്പുവരുത്തി തിരിച്ചുകൊടുത്തു. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ 'സ്ക്രൂട്ടിനി' ആരംഭിച്ചു. ഹാളിന്‍റെ മുന്നില്‍ വാതിലിനോട് ചേര്‍ത്തിട്ട ഒരു മേശയും കസേരകളും നേരത്തെ ഞാന്‍ കണ്ടിരുന്നു. അവിടെ പ്രൗഢയായ ഒരു മധ്യവയസ്കയും ഒരു യുവതിയും വന്നിരുന്നു. പൂരിപ്പിച്ച ഫോറങ്ങള്‍ ഓരോന്നായി എടുത്ത് പേരുവിളിച്ച് രേഖകള്‍ പരിശോധിച്ചുതുടങ്ങി. അത് സ്കൂളിലെ പ്രധാനാധ്യാപികയും മറ്റൊരു ടീച്ചറുമാണെന്ന് അടുത്തിരുന്ന സ്ത്രീ എന്നോട് അടക്കം പറഞ്ഞു. സ്കൂളിലെ പൂര്‍വ്വാധ്യപകനായിരുന്നിട്ടും എനിക്ക് ആരേയും പരിചയമില്ലല്ലോ എന്നോര്‍ത്ത് വ്യസനം തോന്നി. ഉച്ചസമയത്തെ ഇടവേള വരെ കാത്തിരുന്നിട്ടും എന്‍റെ പേര് വിളിക്കപ്പെട്ടില്ല. മിക്കവാറും എല്ലാവരും അടുത്തുള്ള ഹോട്ടലുകളിലേക്കോ വീടുകളിലേക്കോ ഭക്ഷണം കഴിക്കാനായി പോയിരുന്നു. കയ്യില്‍ പണമില്ലാത്തതില്‍ എനിക്കപ്പോള്‍ ഖേദം തോന്നിയില്ല. എന്‍റെ മകന്‍ പൊരിഞ്ഞ വയറുമായി കാത്തുനില്‍ക്കുന്നുണ്ടാവുമല്ലോ എന്നായിരുന്നു ഞാനപ്പോള്‍ ആലോചിച്ചത്. ടീച്ചര്‍മാര്‍ സ്റ്റാഫ്റൂമില്‍ നിരനിരയായി ഇരുന്ന്, കറികളും വിഭവങ്ങളും പങ്കുവച്ച്, ഇടയ്ക്കിടെ ആര്‍ത്തുചിരിച്ച് ഭക്ഷണം കഴിക്കുന്നതും നോക്കി ഞാന്‍ ഗേറ്റിനരികിലെ ബദാംമരത്തിനുകീഴെ, പുഴയില്‍ നിന്നുള്ള കാറ്റേറ്റ് നിന്നു.
ഉച്ചകഴിഞ്ഞുള്ള സെഷന്‍ വൈകാതെ തുടങ്ങി. മൂന്നുമണിയായി; നാലുമണിയായി; ഒടുവില്‍ അഞ്ചുമണിയുമായി. എന്‍റെ പേര് മാത്രം വിളിച്ചില്ല. ഞാന്‍ കരച്ചിലിന്‍റെ വക്കിലോളം എത്തിയിരുന്നു. ധൈര്യം സംഭരിച്ച് ഞാന്‍ മേശക്കടുത്തേക്ക് ചെന്നു. ഏറ്റവും ആദ്യം ഫോറം പൂരിപ്പിച്ചു കൊടുത്തിട്ടും എന്നെ ഇതുവരെ വിളിച്ചില്ല എന്ന പരാതി കൂടിനിന്ന സ്ത്രീകളില്‍ ഒരാളെ ഞാന്‍ മടിയോടെ അറിയിച്ചു. അവര്‍ ധൈര്യപൂര്‍വ്വം ഹെഡ്മിസ്ട്രസ്സിനെ അഭിസംബോധന ചെയ്ത് എന്നെ പരിചയപ്പെടുത്തി. തങ്ങളുടെ മക്കളെയും കൊച്ചുമക്കളേയും പഠിപ്പിച്ച അവര്‍ക്ക് ഞാന്‍ പ്രിയങ്കരനായ അധ്യാപകനാണ്. പ്രധാനാധ്യാപിക ഒട്ടൊരലോസരത്തോടെയാണ് എന്നെ നോക്കിയത്. ഫോറം പൂരിപ്പിച്ചു തന്നിരുന്നുവെങ്കില്‍ ഇവിടെയുണ്ടാവേണ്ടേ എന്നായി അവര്‍. എനിക്ക് മറുപടിയുണ്ടായിരുന്നില്ല. ഞാന്‍ നിര്‍ലജ്ജം കരയുകയായിരുന്നു. അതു കണ്ടാവണം അവര്‍ പറഞ്ഞു: "ഇന്ന് ഇനി ഒരു നിവൃത്തിയുമില്ല. നാളെ കാലത്ത് വന്ന് പുതിയൊരപേക്ഷ എഴുതിത്തരൂ, നോക്കാം." ലോകത്തിലെ ഏറ്റവും അപമാനിതനായ മനുഷ്യനെപ്പോലെ ഞാന്‍ ഹാള്‍വിട്ട് റോഡിലേക്കിറങ്ങി.
നേരെ വീട്ടിലേക്കാണ് നടന്നതെങ്കിലും ഞാന്‍ ചെന്നെത്തിയത് തിരക്കുപിടിച്ച ഒരു തെരുവിലായിരുന്നു. തെരുവിന്‍റെ ഒഴിഞ്ഞ ഒരു കോണില്‍ ഒരു കടവരാന്തയില്‍ കുറച്ചുപേര്‍ കൂട്ടംകൂടി നിന്നിരുന്നു. ആരോ എന്നെ പേരുചൊല്ലി വിളിച്ചു. ഞാന്‍ അടുത്തേക്കുചെന്നു. നോമ്പുകാലത്ത് ചിലപ്പോഴൊക്കെ പതിവായിരുന്ന സൗജന്യ ഭക്ഷണവിതരണമായിരുന്നു അവിടെ. നാലു പൊറോട്ടയും നന്നേ ചെറിയ ഒരു പ്ലാസ്റ്റിക് കവറില്‍ കോഴിക്കറിയും എനിക്കു കിട്ടി. അവിശ്വാസിയായ ഞാന്‍ സ്വപ്നത്തില്‍ ദൈവത്തിനും അള്ളാഹുവിനും നന്ദി പറഞ്ഞു. എന്‍റെയും മകന്‍റെയും ഇന്നത്തെ അത്താഴം ഭദ്രമായതിലുള്ള സന്തോഷത്തോടെ ഞാന്‍ വീട്ടിലേക്ക് കുതിച്ചു. ഇറച്ചിക്കറിയുടെ കവര്‍ ഇതിനകം ചൂടുകൊണ്ട് അഴുകി കറി എന്‍റെ കൈവെള്ളയിലേക്ക് ഒഴുകിത്തുടങ്ങിയിരുന്നു. കറി പൊതിയാന്‍ എന്തെങ്കിലും ഒന്ന്, ഒരു വൃത്തിയുള്ള കടലാസെങ്കിലും, കിട്ടിയിരുന്നുവെങ്കില്‍ എന്ന് ഞാന്‍ വെപ്രാളപ്പെട്ടു. നടത്തത്തിനിടെ ഇന്‍റര്‍നെറ്റ് കഫേപോലെ തോന്നിച്ച ഒരു കെട്ടിടത്തില്‍നിന്ന് ഒരു കടലാസ്ചുരുള്‍ റോഡിലേക്ക് നീണ്ടുവരുന്നത് അപ്പോഴാണ് ഞാന്‍ കാണുന്നത്. ഒരു കമ്പ്യൂട്ടര്‍ പ്രിന്‍ററില്‍നിന്നു വരുന്ന ബില്ലുപോലെ തോന്നിച്ചു അത്. ഞാന്‍ ഭക്ഷണം ഇടതുകൈയിലേക്ക് മാറ്റി വലതുകൈകൊണ്ട് ഒരല്പം കടലാസ് ചീന്തിയെടുക്കാന്‍ ശ്രമിച്ചു. അപ്പോഴാണ് മനസ്സിലാവുന്നത് അത് കടലാസല്ല പ്ലാസ്റ്റിക്പോലുള്ള മറ്റെന്തോ വസ്തുവാണെന്ന്. എത്ര ശ്രമിച്ചിട്ടും അതിലൊരല്പം ചീന്തിയെടുക്കാന്‍ എനിക്കായില്ല. ഈ ബലപ്രയോഗത്തിനിടയില്‍ ഇറച്ചിസഞ്ചി എന്‍റെ ഇടതുകൈയില്‍നിന്ന് ഊര്‍ന്ന് റോഡിലേക്കു വീണു. രണ്ടു വലിയ ഇറച്ചിക്കഷണങ്ങളും ചാറും റോഡില്‍ തെറിച്ചുതൂവി. പൊറോട്ടകള്‍ മരണവെപ്രാളത്തോടെ നെഞ്ചോട് ചേര്‍ത്ത് ഞാന്‍ അന്തിച്ചുനില്‍ക്കുമ്പോള്‍ സ്വപ്നം അവസാനിക്കുന്നു. ഞെട്ടിയുണര്‍ന്ന നിമിഷത്തില്‍ എനിക്കു തോന്നിയ വേദനയും ജാള്യവും എത്രയെന്ന് എഴുതാനാവില്ല. ഈ പ്രായത്തില്‍ ഈ ജീവിതാവസ്ഥയില്‍ ഇത്തരമൊരു സ്വപ്നത്തിന്‍റെ പ്രേരണ എന്താവും എന്ന് ആലോചിക്കാന്‍പോലും ത്രാണിയില്ലാത്ത വിധത്തില്‍ അതിപ്പോഴും എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.
കസാന്‍ദ്സാക്കീസിന്‍റെ 'സെയ്ന്‍റ് ഫ്രാന്‍സിസ്' ഈ കുറിപ്പെഴുതിത്തീരുമ്പോള്‍ എന്തുകൊണ്ടോ വീണ്ടും എന്നെ തോണ്ടി വിളിക്കുന്നു. കഴിഞ്ഞ മുപ്പതുവര്‍ഷങ്ങള്‍ക്കിടയില്‍ രണ്ടോ മൂന്നോ തവണ ഞാനതു വിലകൊടുത്ത് വാങ്ങിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ വാങ്ങിയ കോപ്പി വിജയന്‍ എന്ന എന്‍റെ സുഹൃത്ത് രണ്ടുവര്‍ഷം മുമ്പ് കൊണ്ടുപോവുകയുണ്ടായി. ഇന്ന് രാത്രിതന്നെ ഞാനവനെ വിളിച്ച് ആ മാന്ത്രികപുസ്തകം കൊറിയറില്‍ അയച്ചുതരാന്‍ ആവശ്യപ്പെടും.