

ആത്മീയതയുടെ ഏറ്റവും അടിസ്ഥാനപരമായ നിലപാട് എന്ന് പറയുന്നത് തന്നിൽതന്നെയും മറ്റുള്ളവരിലും ചുറ്റുപാടുകളിലും ഒരാൾ ദർശിക്കുന്ന പവിത്രതയാണ്. പവിത്രതയുടെ ദർശനമില്ലെങ്കിൽപ്പിന്നെ ആത്മീയത തീർത്തും പൊള്ളയാണ് എന്ന് പറയേണ്ടിവരും.
അസ്സീസിയിലെ നിസ്വൻ - സഹോദരൻ ഫ്രാൻസിസിനെ നോക്കൂ. എങ്ങും പവിത്രത കാണുകയാണ് അയാൾ. ഒരല്പം അത് കുറവുണ്ടെങ്കിൽ അത് തന്നിൽതന്നെയാണ് എന്നയാൾ തിരിച്ചറിയുന്നു. കല്ലിലും മണ്ണിലും പുല്ലിലും പുഴുവിലും ജലത്തിലും വായുവിലും ആകാശ വിതാനത്തിലും മാത്രമല്ല, ഒരു കടലാസ് തുണ്ടിൽ എഴുതിയ ഒരു കുഞ്ഞക്ഷരത്തിൽപ്പോലും ദിവ്യത കാണുകയാണയാൾ.
നമ്മുടെ കാലത്തെ ആത്മീയതയുടെ ബ്രാൻഡുകളിലൊന്നും ഒത്തിരി കാണാതെ പോകുന്ന ഒന്നാണ് ഈ ദിവ്യതയുടെ അഥവാ പവിത്രതയുടെ ദർശനാവബോധം.
എത്രയോ സന്ന്യാസ സമൂഹങ്ങളാണ് സഭയിലുള്ളത്! ദിവ്യതയുടെ അവബോധവും ദർശനവും തിരിച്ചുപിടിച്ചില്ലെന്നു വരികിൽ മറ്റെന്തെല്ലാം ചെയ്താലും അതെല്ലാം ആത്മീയ പീഡനങ്ങളായി അവസാനിക്കുകയേ ഉള്ളൂ എന്നാണ് തോന്നുന്നത്.
























