

ആളുകളെല്ലാം വലുതായിപ്പോയിരിക്കുന്നു. എല്ലാവർക്കും വലിയ ഗൗരവമാണ്. കളികൾക്ക് നേരമില്ല. ചിരിക്കാൻ മറന്നേ പോയിരിക്കുന്നു; ചിരിച്ചാൽ ചിരിയാവുന്നുമില്ല.
അത്ഭുതങ്ങളേതുമില്ല. ഞാനുമുണ്ട്. എൻ്റെ കാര്യം കൂടിയാണീ പറയുന്നത്. യുക്തിയാണ് ഭരണം നടത്തുന്നത്. മറ്റുള്ളവരെ വിധി പറച്ചിലാണ് ഹോബി. മറ്റുള്ളവർ ഓരോന്ന് ചെയ്യുന്നത് ഇന്നയിന്ന കാരണങ്ങൾ കൊണ്ടാണ് എന്ന് സംശയലേശമേതുമില്ലാതെ പ്രസ്താവനകളാവുകയാണ്!
നമ്മുടെ ടെലവിഷൻ ചർച്ചകൾ നോക്കൂ. എത്ര ആധികാരികമായാണ് മറ്റുള്ളവരുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് തീർപ്പുകൾ ഉണ്ടാകുന്നത്!
നമ്മുടെ സോഷ്യൽ മീഡിയയിൽ എന്തെങ്കിലും പൊളിറ്റിക്കൽ കൺടൻ്റ് ഉള്ള പോസ്റ്റുകളുടെ ചുവട്ടിൽ കുറിക്കപ്പെടുന്ന കമൻ്റുകൾ നോക്കൂ. എത്ര മലീമസമായ അധിക്ഷേപങ്ങളാണ്!
ബസ്സിൽ, ട്രെയിനിൽ, റോഡിൽ, ഒക്കെ ഒരു ചെറിയ സംഭവത്തിന് മനുഷ്യർ നല്കുന്ന വ്യാഖ്യാനങ്ങൾ ശ്രദ്ധിക്കൂ, നമ്മൾതന്നെ പലപ്പോഴും ഉപയോഗിക്കുന്ന വാക്കുകൾ ശ്രദ്ധിക്കൂ - എല്ലാവരും മുതിർന്നു പോയിരിക്കുന്നു.
സംശയങ്ങളില്ല, അന്വേഷണങ്ങളില്ല, ചോദ്യങ്ങളില്ല, കൗതുകങ്ങളില്ല, അത്ഭുതമില്ല, അറിവില്ലായ്മകളില്ല!
ഉള്ളത് തീർച്ചകളാണ്, അറിവുകളാണ്, ഉത്തരങ്ങളാണ്, തള്ളിക്കളയലാണ്, ദ ോഷൈക വീക്ഷണമാണ്, വിധികളാണ്, പുച്ഛമാണ്!
ഒരവസരത്തിൽ യേശു പ്രസ്താവിക്കുന്നുണ്ട്, 'ബുദ്ധിമാന്മാർക്കും അറിവാളന്മാർക്കും പിടികിട്ടാത്തത് ശിശു-സമാനർക്കാണ് വെളിപ്പെട്ടുകിട്ടുന്നത് '.
അതേ, അവർക്കാണത് പിടികിട്ടുന്നത് !
2
ഉറഞ്ഞുപോകൽ

ഈയ്യിടെ ആരുടെയോ ഒരു നുറുങ്ങു വീഡിയോ കണ്ടിരുന്നു. അതിൻ്റെ ഉള്ളടക്കം ഇങ്ങനെയാണ്. പുരാതന മതവിശ്വാസത്തിൻ്റെ കാലത്ത് മനുഷ്യർ വിശ്വസിച്ചിരുന്നു, തങ്ങൾക്ക് എല്ലാക്കാര്യങ്ങളെക്കുറിച്ചും "അറിവു"ണ്ടെന്ന്. അവർക്ക് ഒന്നിനെക്കുറിച്ചും അറിവില്ലായ്മകൾ ഇല്ലായിരുന്നു. തങ്ങൾക്ക് അറിവില്ല എന്ന് അംഗീകരിക്കുമ്പോഴാണ് - അവബോധപ്പെടുമ്പോഴാണ് ആത്മീയവും ഭൗതികവുമായ അന്വേഷണം ഉണ്ടാകുന്നത്. ആഴമുള്ള ആത്മീയതയും ശാസ്ത്രവും ഉണ്ടാകുന്നത്. ശാസ്ത്രത്തിൻ്റെയും വിജ്ഞാനത്തിൻ്റെയും ആരംഭം അറിവിൽ അല്ല, "അറിവില്ല" എന്ന എളിമയിലാണ്.
ഇന്ന് നമുക്ക് 'എല്ലാം അറിയാം' എന്ന ധാരണയാണ്. അവിടെ ചോദ്യം, അന്വേഷണം, ശാസ്ത്രം, അത്ഭുതം, ആത്മീയത നിലയ്ക്കുന്നു. നാം വീണ്ടും പ്രാകൃതകാലത്തെ മനുഷ്യരാകുന്നു!






















