

കുറേ വർഷങ്ങൾക്കു മുമ്പ് സന്ന്യാസിനീ സന്ന്യാസികളുടെ ഒരു ടീം സ്കൂളുകളിൽ പോയി മൂല്യബോധനം, ലൈംഗിക വിദ്യാഭ്യാസം, ജീവിത ദർശനം എന്നിങ്ങനെയുള്ള വിഷയങ്ങളെ ഉൾപ്പെടുത്തി സൗജന്യമായി ഒരു മുഴുവൻ ദിവസം ക്ലാസ്സുകളും കൗൺസിലിങ്ങും നടത്തിയിരുന്നു. ജനാധിപത്യത്തിൻ്റെ നാനാർത്ഥങ്ങൾ അതിൽ ഒരു വിഷയമായിരുന്നു. ജനാധിപത്യം വളരുമ്പോൾ കൈയ്യൂക്കിൻ്റെയും അധികാരത്തിൻ്റെയും പ്രയോഗം കുറഞ്ഞുവരും എന്നും, ചിലർക്ക് കൂടുതൽ അവകാശങ്ങൾ എന്നത് ഇല്ലാതായി സമഭാവന വളരുമ്പോഴേ ജനാധിപത്യം ഉണ്ടാകൂ എന്നും കുട്ടികളോട് അവർ പറയാൻ ശ്രമിച്ചിരുന്നു.
ഏതാണ്ട് അതേ കാലത്തുതന്നെ, നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള സന്ന്യസ്ത വേദി 'മനുഷ്യാവകാശങ്ങൾ സഭയിൽ' എന്ന വിഷയത്തിന്മേൽ എറണാകുളത്തുവച്ച് ഒരു നാഷണൽ സെമിനാർ നടത്തിയിരുന്നു.
നീതി ഒരു കൂട്ടർക്ക് മാത്രമായി സംലഭ്യമാവില്ല. എനിക്ക് നീതി വേണം എന്നു പറയും മുമ്പ് നാം അന്യർക്ക് അത് കൊടുത്തിരിക്കണം. എല്ലാവർക്കും നീതി ഉറപ്പാക്കുകയാണ് വേണ്ടത്. നീതി ദേവതക്ക് കണ്ണു കാണരുത്. മുഖം നോക്കാതെ / കാണാതെ ഇരിക്കേണ്ടതിനാണ് യുസ്റ്റീസിയദേവതയുടെ കണ്ണുകൾ മൂടിക്കെട്ടിയിരിക്കുന്നത്.
കാൽ നൂറ്റാണ്ട് ആവുന്നു. ഇപ്പോഴാണ് ആരെങ്കിലുമൊക്കെ അത്തരം ചർച്ചകൾ കലാലയങ്ങളിലും സമൂഹത്തിലും നടത്തേണ്ടത് എന്നു തോന്നുന്നു.
























