

പ്രാർത്ഥനയിൽ ശക്തിയുണ്ടോ? തീർച്ചയായും പ്രാർത്ഥനയിൽ ശക്തിയുണ്ട്. പ്രാർത്ഥിക്കുന്ന ഓരോ ആളും കൂടുതൽ ശക്തിയാർജ്ജിക്കുന്നുണ്ട്: മനസ്സിലും ഇച്ഛയിലും ശരീരത്തിലും.
പ്രാർത്ഥനക്ക് ശക്തിയുണ്ടോ? നിശ്ചയമായും പ്രാർത്ഥനക്ക് ശക്തിയുണ്ട്. പ്രാർത്ഥിക്കുന്ന മനുഷ്യർ തങ്ങൾ സ്നേഹിക്കുന്ന ലോകത്തെ പരിവർത്തിപ്പിക്കുന്നുണ്ട്.
പ്രാർത്ഥനക്ക് പരിമിതികളുണ്ടോ? എന്താ സംശയം? പ്രാർത്ഥനക്ക് പരിമിതികളുമുണ്ട്.
ഒന്നാമതായി, നമ്മുടെ ഇഷ്ടമനുസരിച്ച് കാര്യങ്ങൾ നടത്താനാണോ പ്രാർത്ഥന? ഒര ിക്കലുമല്ല. ദൈവഹിതം പൂർത്തിയാവൽ തന്നെയാണ് പരമപ്രധാനം. എങ്കിലും നമ്മുടെ പ്രിയപ്പെട്ടവർക്കും നമുക്കും നന്മവരുത്തണമേ എന്നും ദുഃഖദുരിതരോഗങ്ങൾ ഇല്ലാതാക്കണേ എന്നും പ്രാർത്ഥിക്കാം. പക്ഷേ, ദൈവപുത്രൻ്റെ ഗത്‌സേമനിയിലെ പ്രാർത്ഥന പോലെ, നാം ഇച്ഛിക്കുന്നതു പോലെ എല്ലായ്പ്പോഴും കാര്യങ്ങൾ നടക്കണമെന്നില്ല. ഗത്‌സേമനിയിൽ യേശു പ്രാർത്ഥിച്ചു കാണിച്ചതും, 'ഇങ്ങനെ പ്രാർത്ഥിക്കുവിൻ' എന്നു പറഞ്ഞുകൊണ്ട് കർത്തൃപ്രാർത്ഥനയിൽ യേശു പഠിപ്പിച്ചതും 'എൻ്റെ ഹിതമല്ല, നിൻ്റെ ഹിതം നിറവേറട്ടെ' എന്ന് പ്രാർത്ഥിക്കാനാണ്.
പ്രാർത്ഥനയുടെ കുറവുകൊണ്ടാണ് ലോകം ഇത്രമേൽ വിശ്വാസരഹിതവും തിന്മ നിറഞ്ഞതും ആയിരിക്കുന്നത് എന്ന് ഇക്കാലത്ത് ഭക്തരായ ഒത്തിരിപ്പേർ വിശ്വസിക്കുന്നുണ്ടെന്നു തോന്നുന്നു. അതിനായി അവർ മണിക്കൂറുകളോളം ആരാധന നടത്തുകയും നൂറുകണക്കിന് ജപമാലകൾ ചൊല്ലി പ്രാർത്ഥിക്കുകയും ചെയ്യുന്നു. തീർച്ചയായും അതിനവരെ പ്രേരിപ്പിക്കുന്നത് കുറേയെങ്കിലും ദൈവസ്നേഹവും പരസ്നേഹവുമാണ് എന്ന് സമ്മതിക്കണം. അതുകൊണ്ടുതന്നെ അവരുടെ ഉദ്യമങ്ങളും പ്രാർത്ഥനകളും ഫലമുളവാക്കുന്നുണ്ട്. എന്നാൽ, ലോകം കൂടുതൽ കൂടുതൽ തിന്മ നിറഞ്ഞതാകുന്നു എന്നത് കാഴ്ചപ്പാടിൻ്റെ പ്രശ്നം മാത്രമാണ്. എക്കാലത്തും ലോകത്തിൽ തിന്മയുണ്ടായിരുന്നു. എന്നാൽ, മെല്ലെ മെല്ലെ ലോകം വിശുദ്ധീകരിക്കപ്പെട്ടു കൊണ്ടാണിരിക്കുന്നത്. 'ദൈവരാജ്യം' എന്നത് ദൈവത്തിൻ്റെ ദീർഘകാല പ്രോജക്റ്റ് ആണ്.
ഇപ്പോൾത്തന്നെ ലോകം വിശുദ്ധമാകണം, തിന്മകളെല്ലാം ഇല്ലാതാകണം എന്നു കരുതുന്നതും പ്രാർത്ഥിക്കുന്നതും ദൈവിക പദ്ധതിയെ അംഗീകരിക്കാതിരിക്കലാവണം.
ദൈവഹൃദയവുമായി നമ്മുടെ ഹൃദയത്തെ ബന്ധത്തിലാക്കുന്നതാണ് പ്രാർത്ഥന. പ്രവൃത്തികൂടാതെയുള്ള വിശ്വാസം നിഷ്ഫലമാണ് എന്നു പറയുന്നതുപോലെ തന്നെ പ്രവൃത്തി (ഉള്ളിലെയും പുറത്തെയും) കൂടാതുള്ള പ്രാർത്ഥനയും വെറും അധരവ്യായാമവും, അതിനാൽത്തന്നെ നിഷ്ഫലവുമായിരിക്കും.






















