top of page

മരണം

Jul 22

1 min read

George Valiapadath Capuchin
Flower bouquet

ഇന്നലെയും ഇന്നുമായി രണ്ട് മൃതസംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കേണ്ടതായി വന്നു. പത്തുവർഷം കൂടെ പഠിച്ച രണ്ട് സഹോദരങ്ങളുടെ മാതാപിതാക്കൾ ആയിരുന്നു. ഇന്നലെ ഒരാളുടെ അമ്മ (91 വയസ്സ്) ഇന്ന് മറ്റൊരാളുടെ അപ്പൻ (103 വയസ്സ്). രണ്ടുപേരുടെയും ജീവിതപങ്കാളികൾ ജീവിച്ചിരിക്കുന്നുണ്ട്.

ഇന്നലെ കേരളത്തിൻ്റെ ഒരു മുൻ മുഖ്യമന്ത്രിയും കാലയവനികക്കുള്ളിൽ മറഞ്ഞു: V.S. എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന അച്ചുതാനന്ദൻ (102 വയസ്സ്).


നാട്ടിലെ മൃതസംസ്കാര ശുശ്രൂഷയുടെ ആരംഭത്തിൽ തന്നെ 39-ാം സങ്കീർത്തനത്തിൽ നിന്ന് ഒരു ഭാഗം വരുന്നുണ്ട്: "എന്റെ ദിവസങ്ങൾ എത്ര പരിമിതങ്ങളാകുന്നു;

എന്റെ ജീവിതം നിൻ്റെ മുമ്പിൽ എത്ര നിസ്സാരമാകുന്നു!

എന്തുകൊണ്ടെന്നാൽ ജീവിതം നിഴൽ പോലെ കടന്നുപോകുന്നു.

മനുഷ്യനോ നിക്ഷേപം കൂട്ടുന്നു;

അത് ആർക്കുവേണ്ടിയാണെന്ന് അവൻ അറിയുന്നില്ല.

കർത്താവേ, നീയല്ലാതെ ആരെനിക്ക് ആശ്രയം?" (സങ്കീർത്തനങ്ങൾ 39:4-7)


സങ്കീർത്തനങ്ങൾ പലതും അങ്ങനെയാണ്. ജീവിതത്തിൻറെ ഹ്രസ്വതയും ക്ഷണഭംഗുരതയും ഓർമ്മിപ്പിക്കും അവ. അതേപോലെ ദൈവാശ്രയബോധം അരക്കിട്ടുറപ്പിക്കുകയും ചെയ്യും.

ആർക്കുവേണ്ടിയാണിതൊക്കെ; ആരിത് അനുഭവിക്കും, എന്ന് നിശ്ചയം ഇല്ലാതെ, കൂട്ടിവെക്കപ്പെടുന്ന നിക്ഷേപങ്ങൾ!


ഓരോ മൃതസംസ്കാര ശുശ്രൂഷയിലും, ഓരോ വിടവാങ്ങലിലും ഒരുപക്ഷേ എത്രയോ ആയിരങ്ങളാണ് - ചിലപ്പോൾ ലക്ഷങ്ങളും - ആണ് പങ്കെടുക്കുന്നത്!

എന്നിട്ടും ദിവസങ്ങളുടെ പരിമിതിയോ നിഴലിന്റെ ഹ്രസ്വതയോ ജീവിതത്തിന്റെ ക്ഷണഭംഗുരതയോ നിക്ഷേപങ്ങളുടെ അനിശ്ചിതത്വമോ മിക്കവരുടെയും അവബോധത്തിലേക്കെത്തുന്നില്ലല്ലോ!


മഹാഭാരതത്തിലെ വിഖ്യാതമായ ചോദ്യവും ഉത്തരവും ഉണ്ടല്ലോ!

"ഏറ്റവും ആശ്ചര്യകരമായ കാര്യം എന്താണ്?"

"മറ്റുള്ളവർ മരിക്കുന്നത് കാണുമ്പോഴും തങ്ങൾ നിത്യമായി ജീവിക്കും എന്നെല്ലാവരും കരുതുന്നത്!" എന്നാണ് ഉത്തരം !


Jul 22

0

8

Recent Posts

bottom of page