

ഇന്നത്തെ ജോർദ്ദാൻ എന്ന രാജ്യത്തിൻ്റെ കൈവശമുള്ള ജോർദ്ദാൻ നദിയുടെ കിഴക്കേ കര മേഖല മരുഭൂമി പോലുള്ള കുന്നുകളും മലകളും മലകളിൽ നിരവധി ചെറു ഗുഹകളും ഒക്കെ ഉള്ളതാണ്. ഈജിപ്തിൽ നിന്ന് പുറപ്പെട്ട് വന്ന ഹെബ്രായ ജനതയെ നയിച്ചിരുന്നത് മോശ ആയിരുന്നു. നെബോ മലയിൽ നിന്ന് ദൂരെ വാഗ്ദത്ത ഭൂമി കാണിച്ച ശേഷം ദൈവം മോശയെ തിരികെ വിളിച്ചു. അതായത് നെബോ മലക്കും ജോർദ്ദാനിനും ഇടയ്ക്ക് എവിടെയോ അദ്ദേഹം അപ്രത്യക്ഷനായി. നെബോ മലയിൽ നിന്ന് ജോർദ്ദാൻ കരവരെ 10 കി.മീറ്റർ ആണ് വിഹഗദൂരം. (അദ്ദേഹം എവിടെ മരിച്ചു എന്നോ ആര് അദ്ദേഹത്തെ അടക്കം ചെയ്തു എന്നോ ആർക്കും അറിവില്ല. ദൈവം തന്നെ അദ്ദേഹത്തെ അടക്കം ചെയ്തു, അഥവാ അദ്ദേഹത്തെ സ്വർഗ്ഗത്തിലേക്കെടുത്തു എന്നാണ് ഹെബ്രായ ജനതയുടെ വിശ്വാസം). ജോർദ്ദാൻ്റെ ഈ കിഴക്കേ കരയിൽ വിജന പ്രദേശത്തുനിന്നാണ് ഹെബ്രായ ജനത ജോഷ്വയുടെ നേതൃത്വത്തിൽ ജോർദ്ദാൻ അത്ഭുതകരമായി മുറിച്ചു കടന്ന് വാഗ്ദത്ത ഭൂമിയിലേക്ക് പ്രവേശിച്ച് ഗിൽഗാലിൽ എത്തിയത്. അതായിരുന്നു ആദ്യത്തെ മുറിച്ചു കടക്കൽ.
പിന്നെ, ഏലിയാ എന്ന മഹാ പ്രവാചകൻ തൻ്റെ ശിഷ്യനായ ഏലീഷായോടൊപ്പം ഗിൽഗാലിൽ നിന്ന് ജോർദ്ദാൻ നദി അത്ഭുതകരമായി മുറിച്ചു കടന്ന് കിഴക്കേ കരയിലെ വിജനതയിലേക്ക് പോയി. അവിടെ വച്ച് ഏലിയായെ ദൈവം ആഗ്നേയ രഥത്തിൽ സ്വർഗ്ഗത്തിലേക്ക് സംവഹിച്ചു.
തുടർന്ന് ഏലീഷാ പ്രവാചകൻ വീണ്ടും ജോർദ്ദാൻ ഭേദിച്ച് തിരിച്ച് ഗിൽഗാലിലേക്ക് തിരിച്ചുവരുന്നു.
നൂറ്റാണ്ടുകൾക്കിപ്പുറം സ്നാപക യോഹന്നാൻ ജോർദ്ദാൻ കടന്ന് ഏലിയായുടെ ശക്തിയോടുകൂടി പ്രത്യക്ഷപ്പെട്ടതും ഏലിയാ എടുക്കപ്പെട്ട ജോർദ്ദാൻ്റെ കിഴക്കേ കരയിലെ വിജന പ്രദേശത്തുതന്നെ.
സ്നാപകൻ സ്നാനം നല്കിയിരുന്നതും ജോർദ്ദാൻ്റെ മറുകരെ (കിഴക്കേ കര) ആയിരുന്നു.
ജോർദ്ദാൻ കടന്ന് യേശുവും കിഴക്കേ കരയിലേക്ക് വന്ന് യോഹന്നാനിൽ നിന്ന് സ്നാനം സ്വീകരിക്കുന്നു. സ്വർഗ്ഗം തുറക്കപ്പെടുന്നതും പരിശുദ്ധാത്മാവ് പ്രാവിനെപ്പോലെ അവൻ്റെ മേൽ ആവസിക്കുന്നതും ജോർദ്ദാൻ്റെ അതേ കരയിൽത്തന്നെ.
യോഹന്നാൻ വധിക്കപ്പെട്ടതിനു ശേഷം, യേശുവിനെ വധിക്കാൻ ജറുസലേമിലെ അധികാരികൾ കോപ്പുകൂട്ടുമ്പോൾ യേശു ഒരാവർത്തി കൂടി ജോർദ്ദാൻ കടന്ന് മറുകരക്ക് (കിഴക്കേകര) പോകുന്നതും അവിടെ വിജനതയിൽ കുറേ ദിവസം ജനത്തിൻ്റെ തിരക്കുകളിൽ നി ന്നും അധികാരികളുടെ അറസ്റ്റിൽ നിന്നും ഒഴിഞ്ഞ് താമസിക്കുന്നതും നാം യോഹന്നാൻ 10-ാം അധ്യായത്തിൽ വായിക്കുന്നുണ്ട്.
അടുത്ത അധ്യായത്തിൽ ലാസർ മരിച്ചു എന്നറിഞ്ഞ് യേശു വീണ്ടും തിരിച്ച് ജോർദ്ദാൻ കടന്ന് ജറൂസലേമിന് അടുത്തുള്ള ബേഥനിയയിലേക്ക് പോകുന്നു.
