top of page
വിശുദ്ധ അഗസ്റ്റിന്‍ യേശുവിന്‍റെ പ്രാര്‍ത്ഥനയുടെ മൂന്നുമാനങ്ങളെ ഇപ്രകാരം സംഗ്രഹിക്കുന്നു. "നമ്മുടെ പുരോഹിതനായി അവിടുന്നു നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു". നമ്മുടെ ശിരസ്സായി നമ്മില്‍ പ്രാര്‍ത്ഥിക്കുന്നു". "നമ്മുടെ ദൈവമായി നമ്മുടെ പ്രാര്‍ത്ഥന ശ്രവിക്കുന്നു". അതുകൊണ്ട് അവിടുന്നില്‍ നമ്മുടെ ശബ്ദവും നമ്മില്‍ അവിടുത്തെ ശബ്ദവും നമുക്ക് ഏറ്റുപറയാം.
പ്രാര്‍ത്ഥനയെ സംബന്ധിച്ച പ്രധാനപ്പെട്ട മൂന്ന് ഉപമകള്‍ വി. ലൂക്കാ നമുക്കുവേണ്ടി രേഖപ്പെടുത്തിയിട്ടുണ്ട്.
1) ലൂക്ക 11:5-11 നിര്‍ബന്ധബുദ്ധിയായ സ്നേഹിതന്‍റെ ഉപമ. നമ്മെ അവിരാമമായ പ്രാര്‍ത്ഥനയ്ക്കു ക്ഷണിക്കുന്നു. മുട്ടുവിന്‍ നിങ്ങള്‍ക്കു തുറന്നുകിട്ടും. ഇപ്രകാരം പ്രാര്‍ത്ഥിക്കുന്ന ഒരുവന് ആവശ്യമുള്ളതെന്തും സര്‍വോപരി എല്ലാ ദാനങ്ങളെയും ഉള്‍ക്കൊള്ളുന്ന പരിശുദ്ധാത്മാവിനെയും സ്വര്‍ഗീയ പിതാവു നല്‍കുന്നു.
2) ലൂക്ക 18:1-8 "നിര്‍ബന്ധ ബുദ്ധിക്കാരിയായ വിധവ"യുടെ ഉപമ. പ്രാര്‍ത്ഥനയ്ക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങളിലൊന്ന് ഊന്നിപ്പറയുന്നു. നിരന്തരമായും വിശ്വാസജന്യമായും ക്ഷമയോടുകൂടിയും പ്രാര്‍ത്ഥിക്കുന്നതിന്‍റെ ആവശ്യകത. "...രാവും പകലും തന്നെ വിളിച്ചു കരയുന്ന, തന്‍റെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു ദൈവം നീതി നടത്തി കൊടുക്കുകയില്ലേ? അവിടുന്ന് അതിനു കാലവിളംബം വരുത്തുമോ? അവര്‍ക്ക് വേഗം നീതി നടത്തി കൊടുക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു".
3) ലൂക്ക 18:9-14. ഫരിസേയനും ചുങ്കക്കാരനും പ്രാര്‍ത്ഥിക്കുന്ന ഹൃദയത്തിന്‍റെ വിനയമാണ് അതിലെ പ്രതിപാദ്യം. "ദൈവമേ പാപിയായ എന്‍റെ മേല്‍ കനിയണമേ". യേശു തുടര്‍ന്നു പറയുന്നു "ഇവന്‍ ആ ഫരിസേയനെക്കാള്‍ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്ക് മടങ്ങി. എന്തെന്നാല്‍ തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും. തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടുകയും ചെയ്യും".
ലൂക്കായുടെ സുവിശേഷം 18-ാം അധ്യായത്തിലെ രണ്ടു കാര്യങ്ങള്‍; ഫരിസേയന്‍റെയും ചുങ്കക്കാരന്‍റെയും ഉപമ, അന്ധനു കാഴ്ച നല്‍കുന്ന അത്ഭുതം, ഇവ രണ്ടിലും അടങ്ങിയിരിക്കുന്ന യാചന, ഏറ്റുപറച്ചില്‍, വിശ്വാസം എന്നിവ: "ദൈവമേ പാപിയായ എന്നില്‍ കനിയണമേ" എന്ന് ചുങ്കക്കാരനും, "ദാവീദിന്‍റെ പുത്രനായ യേശുവേ എന്നില്‍ കനിയണമേ" എന്ന് ഭിക്ഷ യാചിച്ചിരുന്ന അന്ധനും പ്രാര്‍ത്ഥിക്കുന്നു. ഇതോടുചേര്‍ന്ന് ഫിലിപ്പിയര്‍ക്ക് പൗലോസ് എഴുതിയ ലേഖനത്തിലെ രണ്ടാം അധ്യായത്തിലെ ക്രിസ്തുവിജ്ഞാനിയവും (Christology) ഫിലിപ്പി 2:9-11, പൗലോസ് തെസലോനിക്കാര്‍ക്ക് എഴുതിയ ഒന്നാം ലേഖനം 5-ാം അധ്യായം 17-ാം വാക്യം "ഇടവിടാതെ പ്രാര്‍ത്ഥിക്കുവിന്‍" എന്ന ആഹ്വാനവും: ഇവയെല്ലാം ചേര്‍ന്നതാണ് "യേശുനാമജപം".
ദൈവപുത്രന്‍ തന്‍റെ മനുഷ്യാവതാരവേളയില്‍ സ്വീകരിച്ച "യേശു" എന്ന പേരില്‍ എല്ലാം അടങ്ങിയിരിക്കുന്നു. ദൈവവും മനുഷ്യനും സൃഷ്ടിയുടെയും രക്ഷയുടെയും പദ്ധതി മുഴുവനും അതില്‍ ഉണ്ട് ! റോമ 10:13 "എന്തെന്നാല്‍ കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷ പ്രാപിക്കും" "കര്‍ത്താവായ യേശുക്രിസ്തുവേ, ദൈവപുത്രാ, പാപിയായ എന്നില്‍ കനിയണമേ": ഇതാണ് യേശുനാമജപത്തിന്‍റെ പൂര്‍ണ്ണരൂപം. ഈ പ്രാര്‍ത്ഥന പൗരസ്ത്യ പാശ്ചാത്യസഭകളില്‍ പല രൂപങ്ങളില്‍ പ്രാര്‍ത്ഥനാ പാരമ്പര്യമായി വളര്‍ന്നു വികസിച്ചു. സീനായ്, സിറിയ, ആതോസ് എന്നിവിടങ്ങളിലെ ആധ്യാത്മിക ഗ്രന്ഥകാരന്മാരിലൂടെ കൈമാറി വന്നിട്ടുള്ള സര്‍വ്വസാധാരണമായ പാരമ്പര്യാധിഷ്ഠിതമായ പ്രാര്‍ത്ഥനയാണ് ഇത്.
എപ്പോഴും പരിപാവനമായ യേശുനാമം വിളിച്ചപേക്ഷിക്കുന്നതാണ് ഏറ്റവും ലളിതമായ പ്രാര്‍ത്ഥനാ മാര്‍ഗ്ഗം. വിനീതമായി വിശ്വാസത്തോടെ ഹൃദയം യേശുനാമം വിളിച്ച് അപേക്ഷിക്കുമ്പോള്‍ തീര്‍ച്ചയായും ഫലം പുറപ്പെടുവിക്കുന്നു. ഈ പ്രാര്‍ത്ഥന എപ്പോഴും സാധ്യമാണ്. പൗരസ്ത്യ പാരമ്പര്യത്തില്‍ അതിവിശിഷ്ടമായി കരുതുന്ന 'പിലോക്കാലിയ' എന്ന ഗ്രന്ഥസമാഹാരത്തിന്‍റെ അടിത്തറ യേശുനാമജപമാണ്. തന്‍റെ ദൈവവിളിയോട് പൂര്‍ണ്ണമായും സഹകരിച്ച് "ഇതാ കര്‍ത്താവിന്‍റെ ദാസി, അവിടുത്തെ വാക്കനുസരിച്ച് എന്നില്‍ ഭവിക്കട്ടെ" എന്നതാണു ക്രിസ്തീയ പ്രാര്‍ത്ഥന. പൂര്‍ണ്ണമായും ദൈവത്തിന്‍റെ ആയിരിക്കുക എന്നാല്‍ "അവിടുന്ന്" പൂര്‍ണ്ണമായും നമ്മുടേതാണ്. മറിയം നമുക്കായ് എപ്രകാരം മാധ്യസ്ഥ്യം വഹിക്കുന്നു എന്നതിന് സുവിശേഷത്തില്‍ ഉള്ള ഭാഗങ്ങളാണ്; കാനായിലെ കല്യാണവും, കുരിശിന്‍ ചുവട്ടിലെ യേശുവിന്‍റെ പ്രഖ്യാപനവും, പെന്തക്കുസ്തായ്ക്ക് ഒരുക്കമായി ശ്ലീഹന്മാരോടൊത്ത് പ്രാര്‍ത്ഥിക്കുന്നതും.
മറിയത്തിന്‍റെ സ്തോത്രഗീതം ലത്തീന്‍ പാരമ്പര്യത്തില്‍ 'മാഗ്നിഫിക്കാത്ത്' എന്നും ബൈസന്‍റയിന്‍ പാരമ്പര്യത്തില്‍ 'മെഗേലി നാരിയോണ്' എന്നും അറിയപ്പെടുന്നു. മറിയത്തെ എല്ലാ യുഗങ്ങളിലേയും ജനത്തിന്‍റെ അമ്മയായി അറിയപ്പെടാന്‍ ലൂക്കാ എന്ന സുവിശേഷകന്‍റെ ഏറ്റവും വിശേഷമായ സൃഷ്ടിയാണ് അത്. (ലൂക്കാ 1:46-55).