top of page

തൊട്ടില്‍

Dec 1, 2012

4 min read

ഫാ. ബോബി ജോസ് കട്ടിക്കാട്
A baby on the cradle.

അവള്‍ ഹൃദയംകൊണ്ടും അവന്‍ ശിരസ്സുകൊണ്ടുമാണ് ജീവിക്കുന്നതെന്നാണ് പൊതുവേയുള്ള വിചാരം. അവളുടെ കാര്യത്തില്‍ അതല്ല അതിന്‍റെ ശരി. പെരുവിരല്‍തൊട്ട് ഉച്ചിവരെ അവളൊരു ഗര്‍ഭപാത്രമാണ്! അങ്ങനെയാണ് കന്യക ഗര്‍ഭംധരിക്കുകയെന്ന അപൂര്‍വ്വചാരുതയുള്ള കവിതയുണ്ടാകുന്നത്. വാത്സല്യമാണ് അവളുടെ സനാതനഭാവം. പാവയ്ക്കുപോലും പാല്‍ കൊടുക്കാന്‍ ശ്രമിക്കുന്ന നിങ്ങളുടെ ചെറിയ മകളെ തെല്ല് മാറിനിന്ന് ഒന്ന് നിരീക്ഷിക്കൂ. ബുദ്ധയുടെ വരണ്ടുകീറിയ ചുണ്ടിലേക്ക് ആട്ടിന്‍പാല്‍ ഇറ്റുവീഴ്ത്തിക്കുന്ന സുജാതയെന്ന ഇടയബാലികയെ കാണൂ. അമ്മയെന്നു പറയുമ്പോള്‍ ഒരു കുഞ്ഞിനെപ്പോലും തന്‍റെയുള്ളില്‍ വഹിക്കാത്ത അല്‍ബേനിയക്കാരിയായ ഒരു വയോധികയെ നിങ്ങള്‍ ആദ്യമോര്‍ത്തതെന്തുകൊണ്ട്? നിങ്ങളെ പൊതിഞ്ഞുസൂക്ഷിക്കുവാന്‍ ദൈവം കരുതിവച്ച തൊട്ടിലാണ് അവള്‍. അതില്‍നിന്ന് പുറത്തുകടക്കാനുള്ള നമ്മുടെ ശ്രമത്തെ ചിലപ്പോള്‍ കണ്ണീരുകൊണ്ടും മറ്റു ചിലപ്പോള്‍ കലഹംകൊണ്ടും അവള്‍ തടഞ്ഞെന്നിരിക്കും.


നമുക്കിനി എന്തു സംഭവിക്കും എന്നാണവളുടെ ആധി. താപാഘാതത്തിലേക്ക് എറിയപ്പെട്ട പൈതലിനെപ്പോലെ നിസ്സഹായരായി നമ്മള്‍ നിലവിളിക്കുന്നത് അവള്‍ക്ക് ഓര്‍ക്കാനേ ആവില്ല. അമ്മ മരിച്ച അന്നാണ് അമ്മയെന്നെ പ്രസവിച്ചതെന്ന അര്‍ത്ഥത്തില്‍ കല്‍പ്പറ്റയുടെ ഒരു കവിത വായിച്ചു. അതത്രയും ശരിയാണെന്ന് തോന്നിയത് ഏറെ വര്‍ഷങ്ങളായി ഒന്നുമുരിയാടാത്ത കിടക്കയിലേക്ക് ചുരുങ്ങിയ പ്രിയമുള്ള ഒരു അമ്മയുടെ വേര്‍പാടിലാണ്. മക്കളപ്പോള്‍ ചരടുപൊട്ടിയ ഒരു മുത്തുമാലപോലെ അനുഭവപ്പെട്ടു. അമ്മയായിരുന്നു അവരെ ചേര്‍ത്തുനിര്‍ത്തുന്ന ഘടകം. ജ്വരപ്പായയിലും അമ്മയ്ക്ക് മക്കളെ രൂപപ്പെടുത്താന്‍ ആകും. അമിതാഹ്ളാദത്തിലേക്ക് വഴുതരുതെന്നും കാതലില്ലാത്ത ഒന്നിലും കുരുങ്ങരുതെന്നും അമ്മ നിശ്ശബ്ദയായി പഠിപ്പിക്കുകയായിരുന്നു. വീട്ടിലേയ്ക്കുള്ള ഇടുങ്ങിയ വഴി പുല്ലുപിടിക്കാതെ കാത്തുസൂക്ഷിച്ചത് അവരുടെ ദുര്‍ബ്ബലമായ പ്രാണന്‍റെ വരപ്രസാദമായിരുന്നു.


അവളുടെ ഉദരത്തില്‍നിന്ന് പുറന്തള്ളപ്പെട്ടതാണ് ശരിക്കുമുള്ള പറുദീസാ നഷ്ടം. എന്തൊരു സ്വാസ്ഥ്യമായിരുന്നു. കാതടപ്പിക്കുന്ന ശബ്ദങ്ങളില്ല. കണ്ണഞ്ചിപ്പിക്കുന്ന പ്രകാശമില്ല. ഇളവെയില്‍ വീണ തെളിഞ്ഞ വെള്ളത്തിലെ പരല്‍മീനെപ്പോലെ പ്രാണന്‍. ശിഷ്ടകാലത്തിലെ അലച്ചിലുകളില്‍ മുഴുവന്‍ അതിന്‍റെ അഗാധസ്മൃതികളുണ്ട്. ഒന്നിടറി വീണാലുടനെ അമ്മയുടെ അടുക്കലേക്ക് ഒരു റിഫ്ളക്സ് കണക്ക് ഓടിയെത്തുന്ന മുതിര്‍ന്ന കുഞ്ഞുങ്ങള്‍തന്നെ നമ്മള്‍. വല്ലാതെ തോറ്റൊരു മനുഷ്യനെ തിരിച്ചറിയാന്‍ വല്യബുദ്ധിയൊന്നും വേണ്ട. ആലിലക്കണ്ണനെപ്പോലെ സ്വയമൊരു വൃത്തം സൃഷ്ടിച്ച് പരമാവധി ചുരുണ്ടുകിടന്ന് നിക്കദേമൂസിനെപ്പോലെ, ഈ പ്രായത്തില്‍ അമ്മയുടെ ഉദരത്തില്‍ പ്രവേശിക്കാന്‍ ആവുമോയെന്നയാള്‍ സ്വയം ആരായുകയാണ്. ബോധമണ്ഡലത്തിലെന്നതിനെക്കാള്‍ അബോധ-അര്‍ത്ഥബോധ ഇടങ്ങളിലാണ് ആ സ്മൃതിയുടെ വേരുകള്‍ എന്നു തോന്നുന്നു.


ഒരു പ്രണയകവിത നോക്കൂ - You are my womb, അതിന്‍റെ സുഖദശീതപ്രവാഹങ്ങളില്‍ എന്‍റെ ഇളംപ്രാണന്‍ കത്തിയുരുകുകയാണ്. വേണ്ട, എനിക്കു പുറത്തു കടക്കണ്ടാ. അതേ, എല്ലാ ശുഭകരമായ ഓര്‍മ്മകളിലും ആ ഒമ്പതുമാസത്തിന്‍റെ വിരലടയാളമുണ്ട്. ഒരു പള്ളിയെക്കുറിച്ചുപോലും അതെത്ര ശരിയാണ്. A Cathedral is an extension of your mother’s womb. . അമ്മയുടെ ഉദരത്തിന്‍റെ വികാസഭാവമാണെന്ന അര്‍ത്ഥത്തില്‍ നഗരത്തിലെ കാമ്പില്ലാത്ത ആരവങ്ങളില്‍നിന്ന് ആവശ്യത്തിലേറെ പരിക്കുകളുമായി അതിലേക്ക് പ്രവേശിക്കുമ്പോള്‍, പേരിടാനാവാത്ത ഒരു വാത്സല്യം നിങ്ങളെ അണച്ചുപൊതിയുമ്പോള്‍ അതിനെ മറ്റെന്തുവിളിക്കുവാന്‍? ദൈവകാരുണ്യത്തിനും ഗര്‍ഭപാത്രത്തിനും ഹീബ്രുവേദത്തില്‍ സദൃശപദം തന്നെയാണത്രെ ഉപയോഗിക്കുന്നത് - റഹാമെ. അറബിയിലും സമാനമായ ഒരു വിശേഷണമുണ്ടെന്ന് വായിച്ചറിഞ്ഞു. മഹാകാരുണ്യത്തെ വിശേഷിപ്പിക്കുവാന്‍ അവര്‍ ഉപയോഗിക്കുന്ന റഹ്മാന്‍ എന്നവാക്കില്‍ അമ്മയുടെ ഉദരത്തിന്‍റെ സൗമ്യധ്വനിയുണ്ട്. വെറുതെയല്ല ഒരു ഉദരംപോലെ ഭൂമിയെ പൊതിയാന്‍ ക്രിസ്തു ആഗ്രഹിച്ചത്. നിറമിഴികളോടെ ജറുസലേമിനെ ഉറ്റുനോക്കി അവന്‍ ഇങ്ങനെ പറഞ്ഞു: ജറുസലേം, ജറുസലേം, തള്ളപ്പക്ഷി തന്‍റെ ചിറകിന്‍കീഴില്‍ ഒതുക്കുവാന്‍ കൊതിച്ചതുപോലെ നിന്നെ എന്‍റെ ചിറകോട് അണച്ചുപിടിക്കുവാന്‍ ഞാന്‍ എത്രമാത്രം ആശിച്ചിരുന്നു. അത്യുന്നതന്‍ എന്‍റെ കോട്ടയാകുന്നു. അവന്‍റെ ചിറകിന്‍കീഴില്‍ ഞാന്‍ എന്നെത്തന്നെ ഒളിപ്പിക്കുമെന്ന സങ്കീര്‍ത്തനങ്ങളും പാടി, തീര്‍ത്ഥാടകരുടെ ചെറുസംഘങ്ങള്‍ ദേവാലയത്തിന്‍റെ പടവുകള്‍ ചവിട്ടിവരുന്നുണ്ട്.


നിറവയറുള്ള ഒരു ചെറിയ പെണ്‍കുട്ടിയുടെ പ്രസാദചിത്രവുമായി വീണ്ടും ഡിസംബര്‍ പുലരികള്‍. ഏതൊരു വിസ്മയത്തിലേക്കും സുകൃതത്തിലേക്കുമാണ് പെട്ടെന്നവളുടെ ജീവിതം ഉണരുന്നത്. ഒന്നോര്‍ത്താല്‍ അമ്മയുടെ ഉദരംപോലെ വിസ്മയിപ്പിക്കുന്ന എന്തുണ്ടീ ഭൂമിയില്‍! ദീര്‍ഘമായ ഒമ്പതുമാസം. ചെറിയ ഗര്‍ഭകാലം ആവശ്യമുള്ള കംഗാരുവിനെ ഓര്‍ക്കുന്നു. അമ്മയുടെ ഉദരത്തില്‍നിന്ന് പുറത്തുവന്നിട്ടും അതിന്‍റെ വികാസം പൂര്‍ണ്ണമാകാത്തതുകൊണ്ട് അമ്മയ്ക്കതിനെ പിന്നെയും കുറെക്കാലം സഞ്ചിയില്‍ സൂക്ഷിക്കേണ്ടതായിവരുന്നു! ജീവന്‍റെ ഒരു കണിക കാഴ്ചയായി, കേള്‍വിയായി, ശ്രദ്ധയായി, ധ്യാനമായി ഒക്കെ പരിണമിക്കുന്നതിനെക്കാള്‍ അത്ഭുതകരമായ എന്തുണ്ടീ വാഴ്വില്‍! ശരീരത്തിലല്ല, മനസ്സിലാണ് ആദ്യം കുഞ്ഞുപിറക്കേണ്ടതെന്ന സൂചനയുമായി മേരി ഹൃദയംകൊണ്ട് അതേയെന്ന് തന്നോടുതന്നെ മന്ത്രിച്ചതിനുശേഷമാണ് ജീവന്‍റെ ആ മഹാവിസ്മയം അരങ്ങേറിയത്.


പ്രത്യേക ശ്രദ്ധയും കരുതലും ആവശ്യമുള്ള കാലമാണിതെന്ന് വേദപുസ്തകത്തിന് നല്ല ധാരണയുണ്ട്. ജീവന്‍റെ ഇളംസ്പന്ദനവുമായി വാര്‍ദ്ധക്യത്തില്‍ തളിര്‍ത്ത തന്‍റെയൊരു ബന്ധുവിനെത്തേടി മേരി തിടുക്കത്തില്‍ പോവുകയാണ്. ആ വയോധികയെ പരിചരിക്കാനാണിതെന്ന പരമ്പരാഗത വ്യാഖ്യാനത്തിനപ്പുറം എന്തെങ്കിലും ഉണ്ടോ അവളുടെ ആ അതിവേഗത്തില്‍? മേരി, തന്നെ മനസ്സിലാക്കുന്നൊരിടം തേടി പോവുകയായിരുന്നുവെന്ന നനവുള്ള ഒരു വ്യാഖ്യാനം കേട്ടു, അടുത്തിടെ. അതില്‍ കഴമ്പുണ്ടെന്നു തോന്നി. കന്യക ഗര്‍ഭം ധരിക്കുകയെന്ന അസാധ്യതയിലൂടെയാണ് അവളുടെ ജീവിതമിപ്പോള്‍ കടന്നുപോകുന്നത്. ലോകത്തുള്ള ഏതൊരാളും കെട്ടുകഥയെന്നു വിളിക്കേണ്ട ഒരു കാര്യത്തെ സാദരം സ്വീകരിക്കുവാന്‍ ഇപ്പോള്‍ ഒരാള്‍ക്കുമാത്രമേ കഴിയൂ. വാര്‍ദ്ധക്യത്തില്‍ ഗര്‍ഭം ധരിക്കുകയെന്ന അസാധ്യതയിലൂടെ കടന്നുപോകുന്ന ഒരുവള്‍ക്ക് - അത് എലിസബത്താണ്. എന്തൊരു ഹര്‍ഷത്തോടെയാണ് ആ ചെറിയ പെണ്‍കുട്ടിയെ സ്വീകരിക്കുവാന്‍ അവള്‍ പടവുകളിറങ്ങുന്നത്. ഹോസ്പിറ്റലില്‍നിന്നു ലഭിച്ച പോസിറ്റീവ് റിസല്‍ട്ട് അവളോട് പറയാന്‍ പിന്നെയും ദിവസങ്ങള്‍ എടുത്ത തന്‍റെ പുരുഷന്‍ ഒരു സ്ത്രീയിലുണ്ടാക്കിയ ആഘാതത്തെക്കുറിച്ച് എനിക്കറിയാം.


ഗര്‍ഭകാലപരിചരണം ഏതൊരു ആരോഗ്യമുള്ള സമൂഹത്തിന്‍റെയും ആദ്യപരിഗണനകളില്‍ ഒന്നാവേണ്ടതാണ്. പഴയ കൂട്ടുകുടുംബങ്ങളില്‍ ഒക്കെ അതു വളരെ സ്വാഭാവികമായി സംഭവിച്ചേക്കും. രണ്ടറ്റവും കൂട്ടിമുട്ടിക്കുവാന്‍ രണ്ടുപേരും ജോലി ചെയ്യേണ്ട നഗരത്തിലെ ഒറ്റമുറി ഫ്ളാറ്റിലേക്കു ചുരുങ്ങിയ നമ്മുടെ വര്‍ത്തമാനകാലത്തിലെ പ്രതിശ്രുത അമ്മമാര്‍ക്ക് തത്കാലമതിന്‍റെ ഭാഗ്യമില്ല. എന്നാലും അവളുടെ കൂട്ടുകാരനും ശ്രദ്ധിക്കാന്‍ ചില കാര്യങ്ങളുണ്ട്. അനുഭാവവും ആദരവുമുള്ള ഒരു പരിസരം അവള്‍ക്കുവേണ്ടി മെനയുക. അവളുടെ അനുദിനകര്‍മ്മങ്ങളില്‍ കൈകോര്‍ത്തു പിടിക്കുക, അവളെ തെല്ലും സങ്കടപ്പെടുത്താതിരിക്കുക തുടങ്ങി. അതുവഴി നമ്മള്‍ അവളെ മാത്രമല്ല അവളുടെ ഉദരത്തിലെ കുഞ്ഞിനെയും ബലപ്പെടുത്തുകയാണ്.അതേ, അവള്‍ക്കും കുഞ്ഞിനും ഒരേ മനസ്സാണ്. നിന്‍റെ അഭിവാദ്യം കേട്ടപ്പോള്‍ എന്‍റെയുള്ളിലെ കുഞ്ഞുകുതിച്ചു ചാടിയെന്ന എലിസബത്തിന്‍റെ ഉദീകരണത്തില്‍ അതിന്‍റെ അനുരണനങ്ങളുണ്ട്. പൊക്കിള്‍ക്കൊടിയിലൂടെ അമ്മ തന്‍റെ വൈകാരിക പ്രപഞ്ചത്തിലേക്ക് കുഞ്ഞിനെ ദത്തെടുക്കുന്നുണ്ട്. അതു വളരെ പഴക്കമുള്ള അറിവാണ്. കൃഷ്ണന്‍റെ ഭാഷണങ്ങള്‍ക്ക് ഉത്തരം മൂളുന്നത് അര്‍ജുനനല്ല മറിച്ച,് സുഭദ്രയുടെ ഉള്ളിലെ കുഞ്ഞാണ്. പാതിമുറിഞ്ഞ ആ ഭാഷണംകൊണ്ട് പത്മവ്യൂഹത്തിലേക്ക് പ്രവേശിക്കാനുള്ള വഴി കുഞ്ഞറിയുകയും പുറത്തേക്കുള്ള വഴിയറിയാതെ പതറുകയും ചെയ്യും. ഗര്‍ഭിണിയായ ഒരു സ്ത്രീയെ ചില കവികള്‍ ചേര്‍ന്ന് മംഗളം പാടി അഭിനന്ദിക്കുകയാണ.് അവരുടെ ഉച്ചാരണശുദ്ധിയില്ലായ്മയുടെ നടുവില്‍ ഉള്ളിലെ കുഞ്ഞ് എട്ടായി ഒടിഞ്ഞത്രെ. അങ്ങനെയാണ് അഷ്ടവക്രന്‍റെ പിറവി. എട്ടൊടിവുള്ള ഒരാള്‍ എന്നുതന്നെയര്‍ത്ഥം! ഗര്‍ഭപാത്രമാണ് അറിവിന്‍റെ ആദ്യത്തെ ആശാന്‍ കളരി.


ഗര്‍ഭകാലത്തെ പ്രാര്‍ത്ഥനയാക്കുകയെന്ന് വിളി മുഴങ്ങുന്ന ഒരു ചെറിയ പുസ്തകം വായിച്ചു. അല്ലെങ്കില്‍ത്തന്നെ എന്താണീ പ്രാര്‍ത്ഥന, പ്രതീക്ഷാനിര്‍ഭരമായ കാത്തിരിപ്പല്ലാതെ. ഒരു കുഞ്ഞിനെ സ്വീകരിക്കുന്നവര്‍ തന്നെത്തന്നെയാണ് സ്വീകരിക്കുന്നതെന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കില്‍ ഇതിനെക്കാള്‍ മനോഹരമായ ഒരു പ്രാര്‍ത്ഥനാകാലമില്ല. ഉള്ളിലെ ചലനങ്ങളില്‍ അവിടുത്തെ കാല്‍പ്പെരുമാറ്റമുണ്ട്. മറാനാത്ത-വരിക പ്രഭോ, എന്ന സുകൃതജപം ഉരുവിട്ടുകൊണ്ടിങ്ങനെ. മുമ്മൂന്നു മാസങ്ങള്‍ക്ക് ആവശ്യമായ ചില ചെറിയ വിചിന്തനങ്ങളുമായാണ് പുസ്തകത്തിന്‍റെ പദവിന്യാസം. ആദ്യത്തെ ഠൃശാലലെേൃ ഉള്ളിലെ ദൈവസാന്നിദ്ധ്യത്തെക്കുറിച്ചുള്ള ധാരണയില്‍ സ്വയം പ്രകാശിക്കാനുള്ള വിളിയാണ്. അത്യുന്നതന്‍റെ ശക്തിയാവസിച്ച് നീയൊരു കുഞ്ഞിനെ പ്രസവിക്കും എന്നാണല്ലോ മേരിയോടുള്ള മാലാഖയുടെ മംഗളദൂത്. അതേ, അതു മാത്രമാണ്, കുഞ്ഞിന്‍റെ പിറവിയുടെ കാരണം. അതുമാത്രമാണെന്ന് കാട്ടാനാണ് വേദപുസ്തകത്തിലെ പ്രധാനപ്പെട്ട വ്യക്തികളൊക്കെ അവരുടെ മാതാപിതാക്കന്മാരുടെ വാര്‍ദ്ധക്യത്തില്‍ പിറന്നവരെന്ന് സൂചിപ്പിക്കുവാന്‍ ബൈബിള്‍ ശ്രദ്ധിക്കുന്നത്. മാനുഷികമായ കാരണങ്ങളൊന്നുംതന്നെയല്ല ജീവന്‍റെ പൊരുളെന്നു സാരം. വേദപുസ്തകത്തിന്‍റെ ആരംഭത്തിലെന്നപോലെ ജലത്തിനുമീതെ അവിടുത്തെ സാന്നിദ്ധ്യം അടയിരിക്കുകയാണ്. അവളുടെ ഉദരത്തിലെ അമ്നോട്ടിക ദ്രവമാണ് ഭൂമിയുടെ നിര്‍മ്മലജലാശയം. ഉദരഫലം ഒരു സമ്മാനമാണ് തുടങ്ങിയ സങ്കീര്‍ത്തനങ്ങള്‍ ഉരുവിടാനും മക്കബായരുടെ പുസ്തകത്തിലെ അമ്മയെപ്പോലെ നിങ്ങളെങ്ങനെയാണ് എന്‍റെ ഉദരത്തില്‍ രൂപപ്പെട്ടതെന്ന് എനിക്കറിയില്ലെന്നും എന്‍റെ ഉദരത്തോട് ചേര്‍ത്ത് നിങ്ങളെ തുന്നിയത് ഞാനല്ലെന്നും പറഞ്ഞു വിസ്മയിക്കേണ്ട കാലം.


രണ്ടാമത്തെ ഘട്ടത്തില്‍ ജീവിതത്തിന്‍റെ നൈര്‍മല്യത്തെ കുറെക്കൂടി ഉറപ്പുവരുത്തുകയെന്ന ചുവടുണ്ട്. കന്യകയാണ് ഗര്‍ഭം ധരിക്കേണ്ടത്. മേരിയുടെ കാര്യത്തില്‍ അതു ശരീരത്തിന്‍റെയും മനസ്സിന്‍റെയും കാര്യമാണെന്ന് ഡോഗ്മ നമുക്കുണ്ട്. തീയില്‍ എരിയാത്ത മുള്‍പ്പടര്‍പ്പ്, നിര്‍മ്മലദന്തമുള്ള കോട്ട തുടങ്ങിയ മരിയന്‍ പ്രകീര്‍ത്തനങ്ങളില്‍ അതിന്‍റെ വ്യക്തമായ സൂചനകളുണ്ട്. അതോടൊപ്പംതന്നെ പൊതുവേ ധ്യാനിക്കാവുന്ന ഒരു വിചാരം കൂടിയാണതെന്ന് തോന്നുന്നു. ഒന്നു നീന്തിയാല്‍, സൈക്കിളുചവിട്ടിയാല്‍ ഒക്കെ സംഭവിക്കാവുന്ന ഒരു ശാരീരിക പ്രത്യേകതയാണ് കന്യാത്വം എന്ന മട്ടിലുള്ള വിചാരങ്ങള്‍ മാപ്പര്‍ഹിക്കുന്നില്ല. ഒരു ജീവിതരീതിയുടെയും സമീപനത്തിന്‍റെയും പേരാണ് കന്യാത്വം. നിഷ്കളങ്കതയുടെ നീലജലാശയങ്ങളില്‍ ഉദരത്തിലെ കുഞ്ഞ് നീന്തിക്കളിക്കട്ടെ. സ്പര്‍ദ്ധയോ കഠിനവിഷാദമോ സമ്മര്‍ദ്ദമോ ഇല്ലാത്തൊരു കാലം. വടക്കന്‍ മലബാറില്‍ തീയസമൂഹത്തില്‍പ്പെട്ട വീടുകളില്‍ ഗര്‍ഭകാലത്ത് ഒരു കറിക്കത്തിയെടുക്കാന്‍പോലും മുതിര്‍ന്നവര്‍ സ്ത്രീകളെ അനുവദിക്കില്ലെന്നത് നല്ലൊരു മെറ്റഫറാണ്. ആത്മാവില്‍നിന്ന് പിറക്കുന്നത് ആത്മാവിന്‍റേതായും ശരീരത്തില്‍ നിന്നു പിറക്കുന്നവര്‍ ശരീരത്തിന്‍റേതായും നിലനില്ക്കുമെന്ന പുതിയനിയമസൂചന കഠിനമായ ഒരാരോപണമാണ്. ഓര്‍ക്കുന്നു ഒരു ചെറിയ പെണ്‍കുട്ടി. ഭഗവാന്‍റെ ദശാവതാരകഥകള്‍ അച്ഛന്‍റെ മടിയിലിരുന്ന് കേള്‍ക്കുകയാണ്. എനിക്കുമുണ്ടാവുമോ ഉദരത്തിലൊരവതാരം എന്നാണ് ആ കൊച്ചുമകളുടെ ആശയം. അച്ഛന്‍ അവളെ പരിഹസിച്ചില്ല. പ്രാര്‍ത്ഥിക്കാന്‍ മാത്രം ആവശ്യപ്പെട്ടു. ആദ്യമൊക്കെ കഥയറിയാതെ, പിന്നെ കഥയറിഞ്ഞ് അവള്‍ പ്രാര്‍ത്ഥിച്ചു. അവളുടെ ഉദരത്തില്‍നിന്ന് സൂര്യതേജസ്സുള്ള ഒരു പുത്രന്‍ രൂപപ്പെട്ടു. വിവേകാനന്ദന്‍റെ അമ്മയെക്കുറിച്ചാണ് പറഞ്ഞുവന്നത്.


ഒടുവിലത്തെ മൂന്നുമാസക്കാലമെങ്കിലും ചില ക്ലേശങ്ങളെ സ്വീകരിക്കുവാന്‍ മനസ്സിനെ പരിശീലിപ്പിക്കുകയാണ് വേണ്ടത്. അതീവ ക്ലേശകരമായ യാത്രയ്ക്കു പുറപ്പെടുന്ന, നേരത്തെ സൂചിപ്പിച്ച ആ പെണ്‍കുട്ടിയെത്തന്നെ ശ്രദ്ധിച്ചുകൊള്ളൂ. നിറവയറുള്ള തന്‍റെ ഭാര്യയുമായി ഒരു കൂലിപ്പണിക്കാരന്‍ കാനേഷുമാരിയില്‍ പങ്കുചേരുവാന്‍ നഗരത്തിലേക്ക് പോവുകയാണ്. അതീവക്ലേശം നിറഞ്ഞ ഈ യാത്രയില്‍ ആ ക്ലേശത്തെ മായിക്കുന്ന ഒരു കാരണം അവളുടെ ഉള്ളില്‍ തുള്ളിത്തുള്ളി തുടിക്കുന്നുവെന്ന ഓര്‍മ്മയില്‍ ധ്യാനത്തിന്‍റെ പാതിമയക്കത്തിലാണ് അവളുടെ മിഴിയിണ. സ്ത്രീ പാടേ മറന്നുപോകുന്ന ഏക ക്ലേശമാണതെന്ന് അവളുടെ മകന്‍ പിന്നീട് അതിനെ അടയാളപ്പെടുത്തുന്നു. ബാക്കിയുള്ളതൊക്കെ വ്രണമായോ വടുവായോ അവള്‍ കൂടെക്കൊണ്ടുപോകുന്നുണ്ട്. കൊടിയ ദാരിദ്ര്യത്തിലും നിശിതനിന്ദനങ്ങളിലും ഭൂമിയിലെ ഏതൊരു നിറംകെട്ട സ്ത്രീയെയും സഹായിക്കുന്ന നിഗൂഢകാരണമാണത്. കണ്ടില്ലേ, അടിമപ്പണി ചെയ്തുകൊണ്ടിരിക്കുമ്പോഴും ഹാഗാര്‍ വെറുതെയിരുന്ന് ചിരിക്കുന്നത്. അത് തന്നോടുള്ള പരിഹാസമായി സാറാ എണ്ണിയിട്ടുണ്ടാവും. മോണോലിസയുടെ ഇനിയും വ്യാഖ്യാനിക്കാത്ത ചിരിയുടെ കാരണംപോലും അവര്‍ കുഞ്ഞിനെ ഉള്ളില്‍ വഹിച്ചിരുന്നുവെന്നതാണെന്നുള്ള ഒരു നിരീക്ഷണം ജോസ് സുരേഷിന്‍റെ ഒരു കുറിപ്പില്‍ വായിച്ചതോര്‍ക്കുന്നു. ഈറ്റുനോവെന്ന കഠിനവേദനയും അവള്‍ കുറുകെ കടക്കും. പുഞ്ചിരിയോടെ വയറ്റാട്ടി എടുത്തുയര്‍ത്തുന്ന കുഞ്ഞിന്‍റെ നെറ്റിത്തടത്തില്‍ ചുംബിച്ച് അവള്‍ അതെല്ലാം മറക്കും.


കുഞ്ഞിന്‍റെ പിറവിയാണ് ശരിക്കുമുള്ള ഘോഷം. കുഞ്ഞിനെ പോയി കാണുകയെന്ന പഴയ ഗ്രാമീണശീലം ഇപ്പോള്‍ മാഞ്ഞുതുടങ്ങുന്നുണ്ട്. മരിച്ചവരെ പോയി കാണുകയാണ് പ്രധാനമെന്നാണ് എല്ലാവരും കരുതുന്നത്. ഒരര്‍ത്ഥത്തില്‍ അതോരോരുത്തരുടെയും കുറ്റബോധം കൊണ്ടാണ്, ജീവിച്ചിരുന്നപ്പോള്‍ അവരോട് പുലര്‍ത്താതെപോയ നീതിബോധത്തെയോര്‍ത്ത്. ഒരു ദരിദ്ര സ്ത്രീയുടെ, പെരുവഴിയില്‍ പിറന്ന കുഞ്ഞിനെത്തേടി ആരൊക്കെയാണ് വന്നതെന്നു നോക്കിക്കേ. സംഗീതവുമായി ദേവദൂതര്‍, നൃത്തച്ചുവടുകളുമായി ഇടയര്‍, സമ്മാനവുമായി കിഴക്കുനിന്നുള്ള ജ്ഞാനികളും. ഓരോ സ്ത്രീയുടെ ഉദരവും മറ്റൊരു വാഗ്ദാനപേടകം. ഓരോ പിറവിയും ഭൂമിയുടെ മറ്റൊരു ക്രിസ്തുമസ്.

Featured Posts