ജോസ് സുരേഷ് കപ്പൂച്ചിൻ
Oct 4
കോമണ്‍വെല്‍ത്ത് ഗയിംസിനോട് അനുബന്ധിച്ചുണ്ടായ അഴിമതി കഥകളെക്കുറിച്ച് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. അലമാരയിലിരിക്കുന്ന അസ്ഥികൂടങ്ങള്‍ പുറത്തുചാടുമെന്നു പ്രതീക്ഷിക്കാം. ഗയിംസിന്റെ തുടക്കത്തിലും ഒടുക്കത്തിലും അരങ്ങേറിയ ദൃശ്യവിസ്മയങ്ങളെക്കുറിച്ചും അന്വേഷണം നടത്തുമെന്നു നമുക്കു വിശ്വസിക്കാം. ഈ രണ്ടു 'വിസ്മയങ്ങളും' സാധാരണ പൗരന്മാരെ ഭയചകിതരാക്കുന്നു. 'ഇന്ത്യക്കാരന്' എന്ന സ്വത്വത്തിനു വലിയ ക്ഷതമേറ്റു എന്നു ഞാന്‍ കരുതുന്നു. എന്റെ അറിവിലും അനുഭവത്തിലുമുള്ള ഇന്ത്യയുടെ മരണമൊഴിയാണ് ആ 'വിസ്മയങ്ങള്‍' ഒരുക്കിയതെന്നു തോന്നിപ്പോകുന്നു. നമുക്ക് ഗയിംസിനുമുമ്പും പിമ്പും നടന്നവയെക്കുറിച്ച് ഒന്നുകൂടി ചിന്തിക്കേണ്ടതുണ്ട്.
2008-ലെ ഒരു പ്രഭാതത്തില്‍ പതിവുപോലെ പ്രഭാതസവാരിക്ക് ഇറങ്ങിയതായിരുന്നു ഞാന്‍. വഴിയരികിലുള്ള ഒരു മരത്തിനുചുറ്റും ഒരു കുഴി കുഴിച്ചിരിക്കുന്നത് പെട്ടെന്നാണ് ഞാന്‍ ശ്രദ്ധിച്ചത്. വേരുചീയലിനുള്ള ചികിത്സക്കായിരിക്കും അതു ചെയ്തതെന്നായിരുന്നു എന്റെ ധാരണ. പിറ്റേദിവസം ഇത്തരത്തിലുള്ള കുഴികളുടെ എണ്ണം ഏറിയിരിക്കുന്നതായിട്ടാണു കണ്ടത്. തുടര്‍ന്നുള്ള ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വളര്‍ച്ചയെത്തിയ നൂറുകണക്കിനു മരങ്ങള്‍ അവിടെനിന്ന് അപ്രത്യക്ഷമായി; വാ തുറന്നിരിക്കുന്ന കുഴികള്‍മാത്രം അവശേഷിച്ചു. വെളുപ്പാന്കാലത്തിനുമുമ്പേ വലിയലോറികള്വന്ന് അവയെ എങ്ങോട്ടേയ്ക്കോ കൊണ്ടുപോയി. ഒരു മരം മാറ്റുന്നതിന് കോണ്‍ട്രാക്ടര്‍ക്ക് 10,000 രൂപയാണ് ചാര്‍ജെന്നാണ് ആളുകള്‍ പറഞ്ഞറിയുന്നത്. ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ പരിസരത്തും നഗരത്തിന്റെ മറ്റിടങ്ങളിലുമായി നടന്ന ഇത്തരം അനേകം പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആര്‍ക്കും ഒരെത്തും പിടിയുമില്ല. അന്വേഷണ കമ്മീഷന് ഈ മരങ്ങള്‍ക്ക് എന്തുപറ്റിയെന്നുകൂടി അന്വേഷിക്കുമോ ആവോ!
ഗയിംസിനെക്കുറിച്ച് വലിയ അഭിമാനത്തോടെയാണ് ഇവിടെ ചിലര്‍ പറയുന്നത്. അതിനു ചില 'ത്യാഗങ്ങള്‍' ഒക്കെ സഹിക്കണമത്രേ. പക്ഷേ, ഈ ഗയിംസുകൊണ്ട് നമ്മുടെ നാടിന് എന്താണു കിട്ടിയത്? ഡല്‍ഹി യൂണിവേഴ്സിറ്റി ക്യാംപസിലുള്ള പ്ലാറ്റിനം ജൂബിലിപാര്ക്ക് മുഴുവന്‍ തകര്‍ത്ത് വണ്ടികള്‍ക്കു പാര്‍ക്കുചെയ്യാനുള്ള സ്ഥലമാക്കി. ഒരു ചര്‍ച്ചയുമില്ല ഒന്നിനെക്കുറിച്ചും. വലിയ തുക മുടക്കിയാണ് ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ പാര്‍ക്കുണ്ടാക്കിയത്. ഏതോ വലിയ ശക്തികള്‍ എല്ലാം പക്ഷേ തച്ചുടച്ചു. ഒരുപാട് കെട്ടിടങ്ങള്‍ തകര്‍ക്കപ്പെട്ടു. ടെലിഫോണ്‍ കേബിളുകള്‍ അറത്തുമുറിച്ചു. വൈദ്യുതിയുടെയും വെള്ളത്തിന്റെയും കണക്ഷനുകള്‍ നശിപ്പിച്ചു. ട്രാഫിക് മുഴുവനും അലങ്കോലപ്പെടുത്തി. ആളുകള്‍ നടക്കാനുപയോഗിക്കുന്ന നടപ്പാതയില്‍ ദശലക്ഷക്കണക്കിനു ടൈല്‍സ് പാകി. ഏതാനും മാസങ്ങള്‍ക്കു മുമ്പിട്ട ടൈല്‍സ് കുത്തിയിളക്കി, പുതിയവ ഇട്ടു. ചിലയിടങ്ങളില്‍ പുതുതായിട്ടവ തന്നെ നീക്കംചെയ്ത്, അതിലും പുതിയവ ഇട്ടതായി കേള്‍ക്കുന്നു. സൈക്കിള്‍ റിക്ഷക്കാരെയും നിരത്തിലെ കച്ചവടക്കാരെയും കീടങ്ങളെയെന്നപോലെ ഓടിച്ചുവിട്ടു. റോഡുകള്‍ ലോകോത്തരമാക്കണമെന്ന് അധികാരികള്‍ക്കു തോന്നിയ നിമിഷം ഈ പാവപ്പെട്ടവര്‍ക്കു ശപിക്കപ്പെട്ട നിമിഷമായിരുന്നു. നിര്‍മ്മാണത്തിലേര്‍പ്പെട്ട തൊഴിലാളികള്‍ക്കു രാത്രിയും പകലും പണിയെടുക്കേണ്ടിവന്നു. പലരും രോഗികളായി, പലര്‍ക്കും മുറിവേറ്റു; ചിലര്‍ മരിച്ചു; പക്ഷേ എല്ലാവരും എവിടെയൊക്കെയോ മറഞ്ഞുപോയി.
ഗയിംസിനുവേണ്ടി ചെലവഴിക്കപ്പെട്ട തുകയെത്രമാത്രമെന്ന് ആര്‍ക്കുമറിയില്ല. ലഭ്യമായ ചില ശരാശരിക്കണക്കുകള്തന്നെ നമ്മെ അതിശയിപ്പിക്കും. സര്വ്വശിക്ഷാഅഭിയാനു (SSA) വേണ്ടി കേന്ദ്രം ചെലവഴിക്കുന്ന ആകെ തുകയേക്കാള്‍ അധികമാണത്. ഭരണകൂടം ഇന്നും പറയുന്നത് വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ അവകാശം സാക്ഷാത്കരിക്കാന്‍ വേണ്ട പണം കൈവശമില്ലെന്നാണ്. ഛത്തിസ്ഖ ഢിലും ഝാര്‍ഖണ്ഡിലും ഖനനം നിമിത്തം പിഴുതെറിയപ്പെട്ട ആദിവാസികളെ പുനരധിവ സിപ്പിക്കാനും തങ്ങളുടെ കൈയില്‍ പണമില്ലെന്ന് അവര്‍ പറയുന്നു. താന്‍ അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ട് മുകേഷ് അംബാനി പണിതുണ്ടാക്കിയ 27 നില കെട്ടിടം അദ്ദേഹത്തെക്കൊണ്ട് മുംബൈയിലെ കുട്ടികള്‍ക്കുള്ള അമ്യൂസ്മെന്റ് പാര്‍ക്കാക്കി മാറ്റിക്കണമെന്നു ചിലര്‍ വിചാരിക്കുന്നുണ്ട്. അദ്ദേഹം ആ കെട്ടിടമുണ്ടാക്കാന്‍ ചെലവിട്ടത്, SSA യുടെ വാര്ഷികബഡ്ജറ്റിന്റെ പകുതിമാത്രമാണ്.
ഗയിംസിന്റെ ഒടുക്കത്തില്‍ അരങ്ങേറിയ സാംസ്കാരിക പരിപാടികളെക്കുറിച്ചും നാമൊന്നു ചിന്തിക്കണം. ഒരു പ്രധാനപരിപാടി, ലേസര്‍ സംവിധാനങ്ങളുപയോഗിച്ച് നിര്‍മ്മിച്ച ഒരു നഗ്നസ്ത്രീരൂപം നൃത്തംചവിട്ടുന്ന രംഗമായിരുന്നു. ജര്‍മ്മനിയില്‍നിന്ന് ഇറക്കുമതി ചെയ്തതായിരുന്നു ഈ ദൃശ്യവിസ്മയം എന്നുപറയപ്പെടുന്നു. ആരാണ് ഇത്തരമൊരു നൃത്തത്തിന് അനുവാദം കൊടുത്തതെന്ന് ആര്‍ക്കുമറിയില്ല. അന്വേഷണ കമ്മീഷന് അതു കണ്ടെത്തേണ്ടതുണ്ട്.
ഗയിംസിന്റെ തുടക്കത്തിലെ പ്രോഗ്രാമില്‍ ബുദ്ധനെയും ഗാന്ധിയെയും കാണിച്ചിരുന്നു. ലേസര്ഷോയെക്കുറിച്ചുള്ള അവരുടെ അഭിപ്രായമെന്തെന്നു ഭാവനകൊണ്ട് ഒന്നു കണ്ടെത്തുന്നതു നന്നായിരിക്കും. ഭരണകൂടമാണ് കുട്ടികളുടെയും സ്ത്രീകളുടെയും പുരുഷന്മാരുടെയും അന്തസ്സ് സംരക്ഷിക്കേണ്ടത്. പക്ഷേ ഈ ഗയിംസ് ഭരണകൂടത്തിന്റെ വിശ്വാസ്യതയെ തകര്‍ത്തിരിക്കുന്നു. ഭരണകൂടത്തിന്റെ നിയമങ്ങളിലും തീരുമാനങ്ങളിലും പൊതുജനം ഇനിയും വിശ്വാസമര്‍പ്പിക്കുമോ? വിശ്വാസ്യതയ്ക്കേറ്റ ക്ഷതത്തെ ക്ഷമാപൂര്‍വ്വം പരിഹരിക്കുകതന്നെ വേണം.
(കടപ്പാട്: ദ ഹിന്ദു)