top of page

രംഗബോധമില്ലാത്ത അതിഥി

Feb 18, 2020

4 min read

ഡമ

image of dry leaves

ഞാന്‍ അംഗമായിരിക്കുന്ന ഏക വാട്സ്ആപ്പ് ഗ്രൂപ്പ് ആണ് ഞങ്ങളുടെ പ്രീ ഡിഗ്രി ഗ്രൂപ്പ്. ഞാന്‍ തന്നെ ഉണ്ടാക്കിയത് ഉള്‍പ്പെടെ പല ഗ്രൂപ്പുകളില്‍നിന്നും ഞാന്‍ ഇറങ്ങി പോന്നിട്ടുണ്ട്. ഒരു കാര്യവുമില്ലാതെ തള്ളുന്ന ഗുഡ്മോര്‍ണിങ് മെസേജുകളും, സത്യ വിരുദ്ധമായവീഡിയോകളുംകൊണ്ട് എന്‍റെ മനസ്സും ഫോണും മലീമസമാക്കേണ്ട എന്ന് കരുതിയാണ് ഇത്. എന്നാല്‍ ഈ പ്രീഡിഗ്രി ഗ്രൂപ്പില്‍ ഞാന്‍ ഇപ്പോഴും തുടരുന്നു.

25 വര്‍ഷങ്ങള്‍ക്കുശേഷം മായാറാണി എന്ന ഞങ്ങളുടെ കൂട്ടുകാരി വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഇട്ട ഒരു ശബ്ദസന്ദേശമാണ്  എന്നെ  സുനിതയെക്കുറിച്ച് ഓര്‍മിപ്പിച്ചത്.

ആ ശബ്ദസന്ദേശം ഏതാണ്ട് ഇങ്ങനെ ആയിരുന്നു: 'നമ്മുടെ കൂടെ പഠിച്ച സുനിതയുടെ മകന്‍ മരിച്ചു പോയി. എന്തോ അപകടമാണ്. മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കാണപ്പെട്ടത്. അവളെ കാണുവാന്‍ ഞാന്‍ അടുത്തദിവസം പോവുകയാണ്.'

ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഞെട്ടിക്കുന്ന ഒരു വാര്‍ത്തയായിരുന്നു അത്. മായ അവളെ കാണുകയും സംസാരിക്കുകയും ചെയ്തു. സുനിത   തന്‍റെ മകന്‍റെ മരണത്തിന്‍റെ ആഘാതത്തില്‍നിന്നും പതുക്കെ കയറി വരുന്നു. മാസങ്ങള്‍ക്കുശേഷം സുനിതയെ ംwhatsapp  ഗ്രൂപ്പില്‍ ചേര്‍ത്തു. മകന്‍റെ  കാര്യം മാത്രം ആരും ചോദിക്കരുത് എന്ന നിര്‍ബന്ധനയോടെ.

ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍  സുനിതയുടെ  നമ്പറില്‍  വിളിച്ചു സൗഹൃദം പുതുക്കി. ഏതാണ്ട് ഒരു മണിക്കൂര്‍ സംസാരിച്ചു. അവള്‍ മകന്‍റെ കാര്യവും   പറഞ്ഞു. ഞാന്‍ എല്ലാം ശ്രദ്ധയോടെ കേട്ടു. എന്തു പറഞ്ഞാണ് ഞാന്‍ അവളെ ആശ്വസിപ്പിക്കുന്നത്? ഒരുപക്ഷേ ക്ഷമയോടെ ബാക്കിയുള്ളവരെ  ശ്രവിക്കുക എന്നതുതന്നെയാണ് ഏറ്റവും നല്ല ആശ്വസിപ്പിക്കല്‍  എന്നെനിക്കറിയാം.

പിന്നീട് മാസങ്ങള്‍ക്കുശേഷം   മനശ്ശാസ്ത്രപര മായ ചില സംശയങ്ങള്‍ ചോദിക്കുവാന്‍ അവള്‍ എന്നെ വിളിച്ചു. അതിനുശേഷം സുനിത ഒരുകാര്യം  എന്നോട് ആവശ്യപ്പെട്ടു.

വളരെ വിചിത്രവും സങ്കീര്‍ണവുമായ ചില ജീവിതാവസ്ഥകളിലൂടെയാണ് അവള്‍  കടന്നു പോയത്. ഞാന്‍ അതിനെക്കുറിച്ച് എഴുതണം എന്ന് അവള്‍ ആവശ്യപ്പെട്ടു. എഴുതാമെന്ന് ഞാന്‍ സമ്മതിച്ചു. ഫോണില്‍ വിളിച്ചും വാട്സാപ്പില്‍ വോയിസ് മെസ്സേജ്ആയി കൈമാറിയതുമായ  സന്ദേശങ്ങളാണ് താഴെ സംഗ്രഹിച്ചിരിക്കുന്നത്.

വിവാഹം കഴിഞ്ഞ് രണ്ടു വര്‍ഷമായിട്ടും സുനിതക്ക്   ഒരു കുഞ്ഞ് പിറന്നില്ല. ചികിത്സയും പ്രാര്‍ത്ഥനയും നേര്‍ച്ചയുമായി ഒരുപാട് പണവും, സമയവും, പ്രയത്നവും ചെലവായി. അവസാനം ചികിത്സ ഫലിച്ചു. സുനിത ഗര്‍ഭിണിയായി. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഗര്‍ഭം അലസി. വീണ്ടും അവള്‍  ഗര്‍ഭിണിയായി. അവള്‍ക്ക് ഒരു ആണ്‍കുട്ടി ഉണ്ടായി.

കുട്ടി ജനിക്കുമ്പോള്‍ സുനിത ഒരു കേന്ദ്രസര്‍ ക്കാര്‍ ഉദ്യോഗസ്ഥയായിരുന്നു.  സുനിതയുടെ ഭര്‍ത്താവും  കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. സുനിതയുടെയോ ഭര്‍ത്താവ് ദിലീപിന്‍റെയോ  മാതാപിതാക്കന്മാരുടെ സഹായമൊന്നും കുട്ടിയെ വളര്‍ത്താന്‍ നിര്‍ഭാഗ്യവശാല്‍ അവര്‍ക്ക് ലഭിച്ചില്ല.  സുനിതക്ക്   രാവിലെ 9 മുതല്‍ 5 മണി വരെ ആയിരുന്നു ജോലി. ഈ സമയത്ത് ഭര്‍ത്താവ് കുട്ടിയെ നോക്കും. ഭര്‍ത്താവിന് ജോലി വൈകിട്ടത്തെ ഷിഫ്റ്റിലാണ്. സുനിത   ഓഫീസില്‍നിന്ന് ഇറങ്ങ ുമ്പോള്‍ കുട്ടിയെയും എടുത്തു ദിലീപ്  പലപ്പോഴും റെയില്‍വേസ്റ്റേഷനില്‍ എത്തുമായിരുന്നു. അവിടെവച്ച് കുട്ടിയെ കൈമാറും. അങ്ങിനെ ദുരിതപൂര്‍ണമായ തിരക്കില്‍  കുറെനാള്‍ മുന്‍പോട്ടു പോയി. അവസാനം കുട്ടിയുടെ കാര്യവും ജോലിയും കൂടി ഒന്നിച്ചു നോക്കുവാന്‍ സാധിക്കില്ല  എന്ന അവസ്ഥ വന്നപ്പോള്‍ സുനിത  ജോലി ഉപേക്ഷിച്ചു. വളരെയേറെ പ്രമോഷന്‍ സാധ്യതയുള്ള ഒരു കേന്ദ്രസര്‍ക്കാര്‍ ജോലിയാണ് തങ്ങളുടെ മാതാപിതാക്കന്മാരുടെ സഹായം ലഭിക്കാത്തതുകൊണ്ട് അവള്‍  വേണ്ടെന്നുവച്ചത്.

 ഒരു പരിചാരികയെ വീട്ടില്‍ വയ്ക്കാം എന്ന സുനിതയുടെ ആവശ്യം ദിലീപിന്‍റ വീട്ടുകാര്‍ മാനിച്ചില്ല എന്നുമാത്രമല്ല, ഞങ്ങളറിയാതെ  പരിചാരികയെ സുനിതയുടെ വാക്കുകേട്ട് നിര്‍ത്തി  ദിലീപ് അനുസരണക്കേട് കാണിക്കില്ല എന്ന ദിലീപിന്‍റ മാതാപിതാക്കളുടെ പരസ്യ പ്രസ്താവനയില്‍ ദിലീപ് നിസ്സംഗനായി.

പിന്നീട് കുറച്ചുവര്‍ഷങ്ങള്‍ സുനിത ഭര്‍ത്താവിനോടൊപ്പം അഹമ്മദാബാദില്‍ ജീവിച്ചു.  രണ്ടാമത്തെ കുട്ടി ഉണ്ടായപ്പോള്‍ അവര്‍  അങ്കമാലിയില്‍ ഒരു വീടുവെച്ച് സുനിതയും മക്കളും അവിടെ   താമസം തുടങ്ങി. സ്വന്തം മക്കള്‍ക്കുവേണ്ടി ഉഴിഞ്ഞുവച്ച ഒരു ജീവിതമായിരുന്നു  സുനിതയുടെ   പിന്നീടുള്ള ജീവിതം.

മൂത്തമകന്‍ റിജോ  അല്‍പ്പം ഹൈപ്പര്‍ആക്റ്റിവ്  ആയിട്ടുള്ള ഒരു കുട്ടിയായിരുന്നു. ഏഴാംക്ലാസില്‍ പഠിക്കുമ്പോഴേ അവന്‍ ജൂഡോ ചാമ്പ്യന്‍ ആയിരുന്നു. സ്കേറ്റിംഗ്, ശാസ്ത്രീയസംഗീതം, ഡ്രംസ്, കീബോര്‍ഡ്, ഗിറ്റാര്‍, നീന്തല്‍, ഫുട്ബോള്‍,  വര, ഗ്ലാസ്പെയിന്‍റിങ്, നൃത്തം, പാശ്ചാത്യസംഗീതം  തുടങ്ങിയ മേഖലകളിലെല്ലാം അവന്‍  ഒന്നും രണ്ടും സ്ഥാനത്ത് ഉണ്ടായിരുന്നു. മാതാപിതാക്കന്മാര്‍ രണ്ടുപേരും മുത്തശ്ശനും മുത്തശ്ശിയും പരിചാരകരും ഒക്കെ സഹായിക്കുവാന്‍ ഉള്ള സ്ഥലങ്ങളില്‍ പോലും  കുട്ടിയെ ഇത്രയധികം സ്ഥലങ്ങളില്‍ കൊണ്ടുപോയി ട്രെയിനിങ് കൊടുക്കുക ദുഷ്കരമാണ്   എന്നോര്‍ ക്കുക. പക്ഷെ സുനിത ഇതെല്ലാം ഒറ്റയ്ക്കുതന്നെ ചെയ്തു. ദിലീപിന്‍റെ ശക്തമായ പിന്‍ന്തുണ അവള്‍ക്ക് കരുത്തേകി. പാചകവും വീടുവൃത്തിയാക്കലും ഇളയകുട്ടിയുടെ കാര്യവും അവള്‍ ഭംഗിയായിത്തന്നെ നോക്കി. അവന്‍റെ ഹൈപ്പര്‍ആക്റ്റിവിറ്റി  കൊണ്ടുള്ള ചില ബുദ്ധിമുട്ടുകള്‍ ഒഴിച്ചാല്‍ റിജോ വളരെ നല്ല മിടുക്കനായ കുട്ടിയായിരുന്നു. അവനെക്കൊണ്ട് കാര്യമായ ബുദ്ധിമുട്ടുകള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. റിജോക്ക് അനിയത്തികുട്ടിയെ ജീവനായിരുന്നു.

ഹൈപ്പര്‍ ആയിരുന്ന റിജോയുടെ അവസ്ഥ മനസ്സിലാക്കാന്‍ ശ്രമിക്കാതെ, സുനിതയുടെയും ദിലീപിന്‍റെയും വിശദീകരണങ്ങളെ പരിഹസിച്ചു കൊണ്ടിരുന്ന, ഇരുകുടുംബാംഗങ്ങളും ചെയ്തിരുന്നത്  സ്വന്തം പാരമ്പര്യത്തില്‍ ആര്‍ക്കും ഇങ്ങനെയില്ല  എന്ന വാദമായിരുന്നു. ജീവിതാനുഭവങ്ങളുടെ കണക്കുകള്‍ നിരത്തി, പ്രസവിച്ച കണക്കുമുതല്‍ വളര്‍ത്താന്‍ ചെലവാക്കിയ ഓരോ ചില്ലറവരെ നിരത്തിയ സുനിതയുടെയും ദിലീപിന്‍റെയേയും മാതാപിതാക്കള്‍. ഉത്തരവാദിത്തത്തില്‍നിന്ന് ഒളിച്ചോടുവാന്‍ ഉള്ള ഏറ്റവും നല്ല വഴി പഴിചാരുക എന്നതാണല്ലോ.

റിജോക്ക് റോപ്പ് ഡാന്‍സ് വളരെ ഇഷ്ടമായിരുന്നു. ജനലില്‍ കയര്‍കെട്ടി, അതില്‍ തൂങ്ങി വിവിധ അഭ്യാസങ്ങള്‍ കാണിക്കാന്‍ വിരുതനായിരുന്നു അവന്‍. വായനാപ്രിയനായ അവനുവേണ്ടി ഏതാണ്ട് ആയിരത്തോളം  പുസ്തകങ്ങള്‍ തന്നെ സുനിത  വാങ്ങിയിട്ടുണ്ട്. അങ്ങനെയിരിക്കെ  ഒരു ദിവസം ചില  മുതിര്‍ന്ന കുട്ടികള്‍ റിജോയെ ഉപദ്രവിച്ചു. മലയാളം സംസാരിക്കുന്നതിനു പേരെഴുതി ടീച്ചറെ ഏല്‍പ്പിച്ചു എന്നതാണ് അവന്‍ ചെയ്ത തെറ്റ്. അവര്‍  അവന്‍റെ   കഴുത്തില്‍  മുറുകെപിടിച്ച് ശ്വാസംമുട്ടിച്ചു.

താന്‍ മരിച്ചുപോകുമെന്നു റിജോ കരുതിയ  നിമിഷം. എന്നാല്‍ കഴുത്തില്‍നിന്ന്  പിടിവിട്ടപ്പോള്‍ അവന്‍ പഴയപടിയായി.

കഴുത്തിലെ ജുഗലാര്‍ നാഡി ബ്ലോക്ക് ആവുകയും മസ്തിഷ്കത്തിലേക്കുള്ള ശ്വാസം നിലയ്ക്കുകയും ചെയ്ത ആ  നിമിഷം ഒരു പ്രത്യേകതരം അവസ്ഥയിലൂടെ റിജോ കടന്നുപോയിട്ടുണ്ടാവാം. അപ്പോഴുണ്ടാകുന്ന അവസ്ഥ  മരണവെപ്രാളം അല്ല, ഒരുതരം മയക്കം പോലത്തെ അനുഭൂതിയാണ് അനുഭവപ്പെടുക.

കഴുത്തില്‍ പിടിച്ച് ശ്വാസംമുട്ടിച്ചാലും  മരിച്ചു പോവുകയില്ല എന്ന് അവനു മനസ്സിലായി. അങ്ങനെ റിജോ അമ്മയോടു പറയുകയും ചെയ്തു. എന്നാല്‍ കഴുത്തില്‍ കയര്‍ കുരുങ്ങിയാല്‍  അപകടമാണെന്നും, മരിച്ചുപോകും എന്നും  ഉള്ള അറിവ് അമ്മ അവനുമായി  പങ്കുവെച്ചു.

2018  സെപ്റ്റംബര്‍ 20. അടുത്തദിവസം റിജോയുടെ  അച്ഛന്‍ അഹമ്മദാബാദില്‍നിന്നും വരുന്നുണ്ട്. അപ്പനെ  വിസ്മയിപ്പിക്കാന്‍വേണ്ടി ചില നമ്പറുകള്‍ ഒക്കെ അവന്‍  പ്ലാന്‍ ചെയ്തിട്ടുണ്ട്.

സ്കൂളില്‍നിന്ന് വന്ന്    ഭക്ഷണവും കഴിച്ച് അവന്‍ മുറിയിലേക്ക് കയറി. കതകടച്ചിരുന്നാണ് റിജോ   സാധാരണ പഠിക്കുകയും പരിശീലിക്കുകയും ചെയ്യുന്നത്. അനിയത്തിയുമായി കളിച്ചശേഷം പഠിക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് അവന്‍ അകത്തേക്കുകയറി. പഠനം കഴിഞ്ഞു കുറച്ചുനേരം ഉറങ്ങും. അതിനുശേഷം സംഗീതത്തിന്  പോകണം എന്നു പറഞ്ഞിരുന്നു.

സമയം ഏതാണ്ട് നാലുമണിയായി. സുനിതയും ഒരു ഉറക്കം കഴിഞ്ഞശേഷം ഡോറില്‍ മുട്ടുന്നു. അതിനു ശേഷം അവള്‍  അടുക്കളയിലേക്കുപോയി. എന്നാല്‍ ഏറെനേരം കഴിഞ്ഞിട്ടും അവന്‍ വാതില്‍ തുറക്കാത്തതുകൊണ്ട്   സുനിത വാതിലില്‍ ശക്തിയായി   ഇടിച്ചു. ശബ്ദം കേട്ട് അടുത്ത വീട്ടില്‍ ഉള്ള ആളുകള്‍ വന്നു. എന്നാല്‍ കുട്ടി ഉറങ്ങുകയാ യിരിക്കും    എന്നുപറഞ്ഞ് അവര്‍ തിരിച്ചുപോയി. വീണ്ടും ഏറെനേരം ശ്രമിച്ചിട്ടും വാതില്‍ തുറക്കാത്തതുകൊണ്ട്  സുനിത വാതില്‍ തല്ലിപ്പൊളിക്കുവാന്‍  ശ്രമിച്ചു.

അയല്‍പക്കത്തുനിന്ന് ആളുകള്‍ വീണ്ടും എത്തി. മോന്‍ വഴക്ക് ഉണ്ടാക്കിയിട്ട് ആണോ അകത്തേക്ക് കയറിപ്പോയതെന്ന് അവര്‍ ചോദിച്ചു. എന്നാല്‍ അല്ല എന്നും ഉറങ്ങിയിട്ട് സംഗീതക്ലാസ്സില്‍ പോകണം എന്നും പറഞ്ഞാണ്  അവന്‍ കതകടച്ചത് എന്നും  അവള്‍ മറുപടി പറഞ്ഞു.

എല്ലാവര്‍ക്കും സംശയമായി. പുറത്തുനിന്ന് രണ്ടുപേര്‍ വന്നു കല്ല്, കമ്പിപ്പാര തുടങ്ങിയവ ഉപയോഗിച്ച് വാതില്‍ കുത്തിത്തുറന്നു. വാതില്‍ തുറന്ന് അകത്തു കയറിയവര്‍  കണ്ട കാഴ്ച ഭയാനകമാ യിരുന്നു. ഒരു ബെല്‍റ്റില്‍ തൂങ്ങികിടക്കുകയാണ് റിജോയുടെ  നിശ്ചലമായ ശരീരം.

സുനിതയുടെ സമനില തെറ്റി. അവള്‍ നേരെ പോയി മെയിന്‍റോഡില്‍ കിടന്നു. നല്ല ട്രാഫിക് ഉള്ള നേരം. മകന്‍ പോയ വഴിയേ പോകുവാനുള്ള മാതാവിന്‍റെ അവസാനശ്രമം. പുറകെ വന്നവര്‍   തക്കസമയത്ത് അവളെ അവിടെനിന്നു മാറ്റി. പെട്ടെന്നാണ് തന്‍റെ  ഇളയമകള്‍ ഒറ്റയ്ക്കാണ് എന്ന് സുനിത  ഓര്‍ക്കുന്നത്. മോളെ നോക്കണം എന്നു പറഞ്ഞ് അവള്‍ കരഞ്ഞു.

ഈ സമയം കൊണ്ട് നാട്ടുകാര്‍ റിജോയുടെ ശരീരം  ബെല്‍റ്റില്‍   നിന്ന് ഊരിമാറ്റി എടുത്തു ആശുപത്രിയില്‍ കൊണ്ടുപോയി. പക്ഷെ  അവന്‍  പണ്ടേ  ഈ ലോകം വിട്ടുപോയിരുന്നു.. തന്‍റെ മകന്‍ പോയെന്ന്  അറിഞ്ഞ സുനിത  അതുവരെ വിശ്വസിച്ചിരുന്ന  സകല ദൈവങ്ങളെയും ശപിച്ചു.

പോലീസ് വന്ന് മുറിപൂട്ടി.  ശവസംസ്ക്കാരം  കഴിഞ്ഞു പോലീസ് വീണ്ടും വന്ന് മുറി തുറന്ന് പരിശോധിച്ചു. കുട്ടി  ആത്മഹത്യ ചെയ്തതാണ് എന്ന നിഗമനത്തിലാണ് പൊലീസ് എത്തിച്ചേര്‍ന്നത്. ജനലില്‍ മുന്‍പ് ഒരു കയര്‍ കെട്ടിയിരുന്നു. ആ  കയര്‍ കെട്ടിയത് കുട്ടിയാണെന്നും അവനു മുന്‍പ് തന്നെ അങ്ങനെ ഒരു ചിന്ത മനസ്സില്‍ ഉണ്ടായിരുന്നു എന്ന നിഗമനത്തിലാണ് പോലീസ് എത്തിച്ചേര്‍ന്നത്. എന്നാല്‍ ആ കയര്‍ നേരത്തെതന്നെ വാഴക്കുല തൂക്കുവാന്‍ വേണ്ടി സുനിതയുടെ  സഹോദരന്‍ കെട്ടിയതായിരുന്നു.

പിന്നീട് പോലീസ് വീണ്ടും സമഗ്രമായി അന്വേഷിച്ചിട്ടും ആത്മഹത്യചെയ്യുവാനുള്ള ഒരു കാരണവും അവര്‍ക്ക് കണ്ടെത്താനായില്ല.  ശരീരത്തില്‍  ബെല്‍റ്റ്  കെട്ടി പുതിയ ഏതോ ഒരു ട്രിക്ക് പരിശീലിച്ചതാണ് റിജോ .  അപ്പന്‍ വരുമ്പോള്‍ പുതിയ അഭ്യാസം കാണിച്ചു വിസ്മയിപ്പിക്കുവാന്‍ ഉള്ള ഒരു ശ്രമം. പക്ഷേ സംഗതി  ഒരു ദുരന്തത്തിലാണ് കലാശിച്ചത്. കുട്ടിയുടെ കഴുത്തിലെ ജുഗുലാര്‍  നാഡി അമര്‍ന്ന് ബ്രെയിനിലേക്കുള്ള ഓക്സിജന്‍ നിന്നുപോവുകയും, ഒരു മയക്കത്തില്‍നിന്നും അവന്‍ ക്രമേണ മരണത്തിലേക്ക്  നീങ്ങുകയും ചെയ്തു.

സുനിതയും ദിലീപും ഇളയ കുട്ടിയും ഇപ്പോള്‍ ഈ ഷോക്കില്‍നിന്ന് കരകയറി വരുന്നതേ ഉള്ളു.  തികച്ചും പ്രതീക്ഷിക്കാത്ത സമയത്ത് വന്നുകയറിയ വിളിക്കാത്ത അതിഥിയായ രംഗബോധമില്ലാത്ത കോമാളി അവരുടെ ജീവന്‍റെ ഒരു ഭാഗമാണ് എടുത്തു കൊണ്ടുപോയത്.

25വര്‍ഷങ്ങള്‍ക്കുശേഷം സുനിതയോട്  സംസാരിക്കേണ്ടി വന്നത്  ഇതാണല്ലോ എന്നോര്‍ത്ത് എന്‍റെ മനസ്സിലും ദുഃഖം അലയടിക്കുന്നു. ഇക്കാര്യങ്ങളൊക്കെ ലോകം അറിയണമെന്ന് സുനിത  ആഗ്രഹിക്കുന്നതുകൊണ്ടു മാത്രമാണ് ഇതെഴുതിയത്.

റിജോയുടെ മരണശേഷം, സുനിതയുടെയും  ദിലീപിന്‍റെയെയും അമ്മമാര്‍ ഒരേ സ്വരത്തില്‍ ചോദിച്ച ചോദ്യമുണ്ട്, ഞങ്ങള്‍ നിങ്ങളുടെ  വീട്ടില്‍ താമസിക്കുകയോ, റിജോയുടെ ചെറുപ്പത്തില്‍ നിങ്ങള്‍ പറഞ്ഞതനുസരിച്ച് ഒരു വേലക്കാരിയെ ഏര്‍പ്പെടുത്തി തരികയോ ചെയ്തിരുന്നു   എങ്കില്‍ റിജോയുടെ മരണത്തിന്‍റെ ഉത്തരവാദിത്തം ഞങ്ങള്‍ക്കായേനേ.

തന്‍റെ സഹോദരിയുടെ രണ്ടു മക്കളെയും പൊന്നുപോലെ നോക്കുകയും എല്ലാ  അവധിക്കാല ങ്ങളിലും വീട്ടില്‍ കൊണ്ടു നിര്‍ത്തുകയും ചെയ്യുന്നതു കാണുബോള്‍ റിജോയെ ചേര്‍ത്തു പിടിച്ച് അടുത്ത അവധിക്കാലത്ത് പോകാം എന്ന് പ്രതീക്ഷയോടെ പറഞ്ഞിരുന്ന ദിലീപിന് ഇനി ആ കള്ളം ആവര്‍ത്തിക്കണ്ട.

മക്കളെ മനസ്സിലാക്കാന്‍  സാധിക്കാത്തതാണോ, അതോ മരുമക്കളെ അംഗീകരിക്കാനുള്ള മടിയാണോ തങ്ങളുടെ മാതാപിതാക്കളുടെ പ്രശ്നം എന്ന് പരസ്പരം ചോദിച്ചു തളളിനീക്കിയ നീണ്ട പതിനാലുവര്‍ഷം. ഇരുവീട്ടുകാരും ആലോചിച്ച്  നടത്തിയ വിവാഹത്തില്‍,  പിന്നീടുളള ജീവിതത്തില്‍ തങ്ങളുടെ മാതാപിതാക്കളുടെ നിസ്സഹകരണം അവര്‍ രണ്ടുപേരെയും തളര്‍ത്തിയിരുന്നു.

നാളെ എല്ലാം ശരിയാകും എന്ന് വിശ്വസിക്കുകയും പ്രതീക്ഷക്കുകയും ചെയ്തുകൊണ്ട് അസ്തമന സൂര്യനെ നോക്കി,  പിന്നിട്ട വര്‍ഷങ്ങളിലെ തിക്താ നുഭവങ്ങളില്‍നിന്ന്  പാഠം പഠിച്ചുകൊണ്ട്, ബന്ധ നമായ എല്ലാ ബന്ധനങ്ങളെയും പൊട്ടിച്ചെറിഞ്ഞു താന്‍ ജീവിക്കാന്‍ പോവുകയാണെന്ന അവളുടെ  വാക്കുകളിലെ ദൃഢതയുടെ ആഴം അളക്കാനാവാ ത്തതായിരുന്നു.

നമുക്കു ചുറ്റുമുള്ള ആളുകളുടെ ജീവിതത്തില്‍  യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതും നമ്മള്‍ മനസിലാക്കുന്നതും തമ്മില്‍ എത്ര അന്തരമാണ് ഉള്ളത്. പുറമെനിന്നു കാണുന്നതോ മാധ്യമങ്ങള്‍ വിധിക്കുന്നതോ നീതിയില്‍ ചാലിച്ച നിയമ വ്യവസ്ഥിതിയും പലപ്പോളും പലരോടും ചെയ്യുന്നത് അനീതിയാണ്. അതുപോലെ തന്നെ മാതാപിതാക്കന്‍ മാരെ നോക്കാത്ത മക്കളെക്കുറിച്ചുള്ള ക്ളീഷേ വിലാപങ്ങള്‍ക്ക് അപ്പുറമാണ് പല വീടുകളിലെയും യാഥാര്‍ഥ്യം.


ഡമ

0

0

Featured Posts