top of page
കുടുംബശ്രീ സ്വയംസഹായ സംഘങ്ങളുടെ രൂപീകരണത്തിനും പഞ്ചായത്ത്രാജ് വ്യവസ്ഥയിലെ സ്ത്രീ സംവരണത്തിനും ശേഷം കേരളത്തിലെ കുടുംബങ്ങളില്‍ വിപ്ലവകരമായ മാറ്റം സംഭവിച്ചിരിക്കുന്നുവെന്നും, സ്ത്രീസ്വാതന്ത്ര്യം വളരെയധികം വര്‍ദ്ധിച്ചിരിക്കുന്നുവെന്നും മറ്റുമുള്ള അഭിപ്രായപ്രകടനങ്ങള്‍ അടുത്തകാലത്തു വളരെ സുപരിചിതമായി തീര്‍ന്നിരിക്കുന്നു. പലപ്പോഴും സ്ത്രീകളുടേതായ ഒരു സവിശേഷ രാഷ്ട്രീയം ആവശ്യമില്ലെന്ന വാദത്തെ പിന്തുണയ്ക്കാനാണ് മേല്‍പ്പറഞ്ഞ നിരീക്ഷണങ്ങള്‍ വിനിയോഗിക്കപ്പെടുന്നത്. സമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍കൊണ്ട് 'തന്നെത്താന്‍' പരിഹരിക്കപ്പെടാന്‍ പോകുന്ന പ്രശ്നം മാത്രമാണ് സ്ത്രീളുടെ സ്വാതന്ത്ര്യമില്ലായ്മ എന്നു കരുതുന്നവരാണ് ഈ വാദഗതി പലപ്പോഴും സ്വീകരിക്കാറുള്ളത്, അതായത്, കൂടുതല്‍ സ്ത്രീകള്‍ വരുമാനം നേടുമ്പോള്‍, പൊതുരംഗത്തിറങ്ങുമ്പോള്‍, ഈ പ്രശ്നമെല്ലാം അവസാനിച്ചുകൊള്ളും. ഇപ്പോള്‍ത്തന്നെ അവര്‍ കുടുംബത്തിനുള്ളില്‍ ഉറച്ച ചുവടുകള്‍ വച്ചുതുടങ്ങിയിരിക്കുന്നു. ക്രമേണ ഇവര്‍ സ്വന്തം അവകാശങ്ങള്‍ നേടിക്കൊള്ളും. അപ്പോള്‍ സ്ത്രീകളുടെ സ്വാതന്ത്ര്യക്കുറവ് ഒരു താല്‍ക്കാലിക പ്രശ്നം മാത്രമാണെന്നും അതിനെപ്പറ്റി ഇത്രയധികം ഒച്ചപ്പാടൊന്നും ഉണ്ടാക്കേണ്ടതില്ലെന്നുമുള്ള ധ്വനി സൃഷ്ടിക്കപ്പെടുന്നു.
നവലിബറല്‍ സാമ്പത്തിക-സാംസ്കാരിക കാലാവസ്ഥയില്‍ 'കുടുംബമൂല്യങ്ങള്‍ അപകടത്തില്‍' എന്ന അപായസൂചന മുഴങ്ങിക്കേള്‍ക്കുന്ന പശ്ചാത്തലത്തില്‍ മേല്‍പ്പറഞ്ഞതരം വാദങ്ങള്‍ ഉന്നയിക്കപ്പെടുമ്പോള്‍ അവയ്ക്ക് അല്പം കനം വര്‍ദ്ധിക്കുന്നുവെന്നു സമ്മതിക്കാന്‍ വിഷമമില്ല. തീര്‍ച്ചയായും കുടുംബമെന്ന സ്ഥാപനത്തിന് അത്ര വലിയ ഭീഷണിയൊന്നും ഇപ്പറഞ്ഞ പ്രതിഭാസങ്ങള്‍ ഉയര്‍ത്തുന്നില്ല. വിവാഹമോചനങ്ങളുടെ തോതു വര്‍ദ്ധിക്കുന്നുവെന്ന കണക്കുകള്‍ കണ്ടു സത്യത്തില്‍ ഭയപ്പെടാന്‍ കഴിയുമെന്നു പറയാനാവില്ല. കാരണം, 20-ാം നൂറ്റാണ്ടിന്‍റെ മദ്ധ്യദശകങ്ങള്‍ കഴിയുന്നതുവരെയും വിവാഹം സര്‍ക്കാര്‍ ചട്ടങ്ങള്‍ക്കു വിധേയമായി രജിസ്റ്റര്‍ ചെയ്യുന്ന രീതിക്ക് അത്ര പ്രാധാന്യം കല്പിക്കപ്പെട്ടിരുന്നില്ല. മിക്കവാറും കൂട്ടുകുടുംബങ്ങള്‍ക്കുള്ളിലോ, സമുദായത്തിനുള്ളിലോ ആണ് വിവാഹബന്ധത്തിന്‍റെ സാധുതയെക്കുറിച്ചുള്ള തീര്‍പ്പുകള്‍ സൃഷ്ടിക്കപ്പെട്ടിരുന്നത്. അതുകൊണ്ട് അക്കാലങ്ങളില്‍ വിവാഹബന്ധം വേര്‍പെടുത്തല്‍, അകന്നുതാമസിക്കല്‍ മുതലായവയ്ക്കു കോടതിയുടെയും നിയമത്തിന്‍റെയും രേഖപ്പെടുത്തല്‍ രീതികളും കാലതാമസവും മറ്റും പലപ്പോഴും ബാധകമായിരുന്നില്ല. മരുമക്കത്തായരീതി പിന്തുടര്‍ന്നിരുന്ന സമുദായക്കാര്‍ക്കിടയില്‍ ഇതൊന്നും പുതുമ ആയിരുന്നില്ല. അതുകൊണ്ടുതന്നെ ഇന്നത്തെ കാലത്ത് പണ്ടത്തെയപേക്ഷിച്ച് വിവാഹമോചനങ്ങള്‍ വളരെയധികമുണ്ടെന്ന് ആധികാരികമായി സ്ഥാപിക്കാന്‍ എളുപ്പമല്ല. മാത്രമല്ല, വിവാഹമെന്ന സ്ഥാപനം ഇന്നും വളരെയധികം മാനിക്കപ്പെടുന്നുവെന്നു സൂചിപ്പിക്കുന്ന പല തെളിവുകളും നമ്മുടെ മുന്നില്‍ത്തന്നെയുണ്ട്. ഉദാഹരണത്തിന്, സ്ത്രീധനം എല്ലാ സമുദായങ്ങളിലും പടര്‍ന്നുപിടിച്ചു കഴിഞ്ഞതുകൊണ്ട് കുടുംബജീവിതം എന്നതു സാധാരണ സ്ത്രീയെ സംബന്ധിച്ചിടത്തോളം വിലയേറിയ സ്വപ്നമാണ്. കുടുംബജീവിതം സ്ത്രീയുടെ വശത്തുനിന്നു നോക്കുമ്പോള്‍ അത്രയൊന്നും ആകര്‍ഷകമല്ലെന്നു നമ്മെ ബോധ്യപ്പെടുത്തുന്ന നിരവധി തെളിവുകള്‍ പത്രങ്ങളിലും ഇതരമാദ്ധ്യമങ്ങളിലും ധാരാളമായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. എങ്കിലും വിവാഹം കൊതിക്കാത്ത വ്യക്തികളുടെ - സ്ത്രീകളുടെ - എണ്ണം കുറഞ്ഞിരിക്കുന്നുവെന്ന് അനുമാനിക്കാന്‍ അനുവദിക്കും വിധമുള്ള തെളിവുകളൊന്നും നമ്മുടെ മുന്നില്‍ ഹാജരില്ല.
ഈ വിധം സ്ത്രീവിരുദ്ധമായ രീതിയില്‍ - സ്ത്രീധനത്തിന്‍റെ അടിസ്ഥാനത്തിന്മേല്‍ - കെട്ടിപ്പൊക്കിയ കുടുംബമെന്ന സ്ഥാപനത്തില്‍ സാമ്പത്തിക-രാഷ്ട്രീയ ശാക്തീകരണത്തിന്‍റെ ഭാഗമായി സ്ത്രീകള്‍ മേല്‍ക്കൈ നേടിക്കൊണ്ടിരിക്കുന്നു എന്ന അവകാശവാദമാണ് ഇവിടെ ചര്‍ച്ചാവിഷയം. ഒറ്റനോട്ടത്തില്‍ പരസ്പര വിരുദ്ധമെന്നു തോന്നുമെങ്കിലും തീരെ അസാധുവായ ഒരു വാദമല്ല ഇത്. പിതൃമേധാവിത്വ സ്ഥാപനങ്ങള്‍ക്കുള്ളില്‍ എല്ലാ സമയത്തും എല്ലാ സ്ത്രീകളും എല്ലാ പുരുഷന്മാര്‍ക്കും വിധേയരാണെന്ന തോന്നല്‍ സത്യത്തില്‍ അതിശയോക്തിപരമാണ് - അല്ലെങ്കില്‍ ഏറ്റവും വിശാലമായ അര്‍ത്ഥത്തില്‍ മാത്രമേ അതിനു സാധുത്വമുള്ളൂ. പിതൃമേധാവിത്വ സ്ഥാപനങ്ങളില്‍ പലപ്പോഴും സ്ത്രീകള്‍ 'പിതൃമേധാവിത്വവുമായി സന്ധിചെയ്യലിന്' (Negotiating with Patriarchy) ശ്രമിക്കുന്നുവെന്ന സ്ത്രീപക്ഷനരവംശശാസ്ത്ര നിരീക്ഷണം ഇവിടെ പ്രധാനമാണ്. അതായത്, വിമോചനകരമായ തങ്ങളുടെ ആശയങ്ങളെയും വിമോചനപരമായ പ്രായോഗികസാദ്ധ്യതകളെയും മാറ്റിവച്ചുകൊണ്ട് സ്ത്രീകള്‍ പിതൃമേധാവിത്വവ്യവസ്ഥ തങ്ങള്‍ക്കനുവദിക്കുന്ന ചില അധികാരങ്ങളെ കൂടുതല്‍ വിപുലമാക്കാനായി ശ്രമിക്കുന്നു. പിതൃമേധാവിത്വസ്ഥാപനങ്ങള്‍ക്കുള്ളില്‍ ഉയര്‍ന്നുവരാന്‍ പലപ്പോഴും ഇത്തരം ശ്രമങ്ങള്‍ സ്ത്രീകളെ അനുവദിക്കുന്നു; എന്നാല്‍ സ്ഥാപനങ്ങളില്‍നിന്ന് വിമര്‍ശനപരമായ അകലം പുലര്‍ത്താനോ, അവയില്‍നിന്ന് പുറത്തുകടക്കാനോ അവര്‍ക്കു കഴിയില്ല. ഇത്തരത്തിലുള്ള ഒരു bargaining with patriarchy ഇപ്പോള്‍ ഫലപ്രദമായ രീതിയില്‍ നടന്നുകൊണ്ടിരിക്കുന്നുവെന്നാണ് മുന്‍പുപറഞ്ഞ കൂട്ടര്‍ അവകാശപ്പെടുന്നത്. ഇത്തരം സന്ധിചെയ്യലിലൂടെ തങ്ങളുടെ അവകാശങ്ങളെ വികസിപ്പിച്ചെടുത്ത് സ്ത്രീകള്‍ തങ്ങളുടെ ബന്ധനങ്ങളില്‍നിന്ന് ക്രമേണ രക്ഷപെടുമെന്ന പ്രതീക്ഷയാണ് ഇവര്‍ക്കുള്ളത്. ഇത് മെല്ലെ, ഓരോരോ ചുവടായി, ക്രമേണ മാത്രമേ സാമൂഹ്യമാറ്റം ഉണ്ടാകൂ എന്ന reformistic വാദമാണ്.
രണ്ടുവിധത്തിലുള്ള പ്രതികരണമാണ് എനിക്ക് ഈ അവകാശവാദത്തോടുള്ളത്, ഒന്ന്, സ്ത്രീശാക്തീകരണത്തെക്കുറിച്ചുള്ളതായ ഒഴുക്കന്‍മട്ടിലുള്ള പ്രസ്താവങ്ങള്‍ മുഴുവന്‍ അസത്യമല്ല - മറിച്ച് അവ തെറ്റിദ്ധാരണാജനകങ്ങളാണ്. അതുകൊണ്ടുതന്നെ അവ കൂടുതല്‍ സൂക്ഷ്മമായ ആലോചനയും അന്വേഷണവും ആവശ്യപ്പെടുന്നു. രണ്ടാമത്, കുടുംബത്തിനുള്ളിലെ അധികാരബന്ധങ്ങളിന്മേല്‍ അമിതശ്രദ്ധ പതിയുമ്പോള്‍ 'സ്ത്രീകള്‍' എന്ന വിഭാഗം നവലിബറല്‍ ദേശീയ വ്യവസ്ഥയിലും ആഗോളവ്യവഹാരങ്ങളിലും ഏതുവിധത്തില്‍ പ്രതിഷ്ഠിക്കപ്പെടുന്നു എന്ന ചോദ്യം വിസ്മരിക്കപ്പെടുന്നു.
ഒന്നാമത്തെ കാര്യം കൂടുതല്‍ വിശദമായി പറഞ്ഞാല്‍; കുടുംബത്തിനുള്ളില്‍, പ്രത്യേകിച്ച് ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളില്‍, സ്ത്രീകള്‍ക്കിന്ന് മുന്‍പുള്ളതിലധികം പ്രാധാന്യവും ദൃശ്യതയും കൈവന്നിരിക്കുന്നുവെന്നതു വ്യക്തമാണ്. പഞ്ചായത്തില്‍നിന്നു ലഭ്യമാകുന്ന ജനക്ഷേമ സംഖ്യകളും സൗകര്യങ്ങളും അവര്‍ വഴിയാണ് കുടുംബത്തിലേയ്ക്കിന്ന് ഒഴുകിയെത്തുന്നത്. കുടുംബശ്രീ പ്രവര്‍ത്തനം വഴി ഉദ്യോഗസ്ഥവര്‍ഗത്തിനും എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും ഈ വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ അഭിമതരായിത്തീര്‍ന്നിരിക്കുന്നുവെന്നതും നേരാണ്. ഭര്‍ത്താവിന്‍റെയും സഹോദരന്‍റെയും പിതാവിന്‍റെയും രാഷ്ട്രീയ കണക്കുകൂട്ടലുകളില്‍ ഭാര്യ/സഹോദരി/മകള്‍ സ്ഥാനം പിടിച്ചതോടുകൂടി വീട്ടിനുള്ളില്‍ അവര്‍ക്കു കല്പിക്കപ്പെട്ടിരുന്ന പ്രാധാന്യവും വര്‍ദ്ധിച്ചുവെന്നു ന്യായമായും പറയാവുന്നതാണ്. എന്നാല്‍ ഈ വസ്തുതകളെപ്പറ്റിയുള്ള സൂക്ഷ്മപരിശോധന ആവശ്യം തന്നെയാണ്. പഞ്ചായത്തിലും രാഷ്ട്രീയപാര്‍ട്ടികളിലും മറ്റും പ്രവര്‍ത്തിക്കാനുള്ള അനുമതി പുരുഷബന്ധുക്കളില്‍നിന്നു ലഭിക്കുന്നതിന്‍റെ സാദ്ധ്യതകളെ വിലയിടിച്ചു കാണാതെതന്നെ, അതിന്‍റെ പരിമിതികളെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ഗാര്‍ഹിക ഉത്തരവാദിത്വങ്ങളുടെ ധാര്‍മ്മിക-പ്രായോഗിക ബാദ്ധ്യതകളില്‍നിന്ന് പലപ്പോഴും സ്ത്രീകളെ ഇത് ഒഴിവാക്കുന്നില്ല. ഭര്‍ത്താവിന്‍റെ അനുഗ്രഹത്തോടുകൂടി പഞ്ചായത്ത് അദ്ധ്യക്ഷമാരായിത്തീര്‍ന്ന സ്ത്രീകളുമായി ഗവേഷണാര്‍ത്ഥം നടത്തിയ അഭിമുഖങ്ങളില്‍ ഞാനിതു തിരിച്ചറിഞ്ഞു. പലപ്പോഴും ഗാര്‍ഹിക ഉത്തരവാദിത്വങ്ങളെ ഇട്ടെറിഞ്ഞുകൊണ്ടല്ല തങ്ങള്‍ പൊതുരംഗത്തെത്തിയതെന്നും, ഭര്‍ത്താവിന്‍റെ സഹകരണമുണ്ടെങ്കിലും ഗൃഹകാര്യങ്ങള്‍ക്ക് പൂര്‍ണശ്രദ്ധ നല്‍കിക്കൊണ്ടു മാത്രമേ തങ്ങള്‍ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നുള്ളൂവെന്നും മറ്റും എന്നെ ബോദ്ധ്യപ്പെടുത്താന്‍ അവരില്‍ പലരും ശ്രമിക്കുന്നതായി ഞാന്‍ കണ്ടു. bargaining with patriarchy എന്ന പ്രയോഗത്തിന്‍റെ സവിശേഷ സ്വഭാവങ്ങളിലൊന്നാണിത്: പിതൃമേധാവിത്വം സ്ത്രീകളുടെമേല്‍ ആരോപിക്കുന്ന ഉത്തരവാദിത്വങ്ങളെ ഇറക്കിവയ്ക്കാനല്ല, അവയെ കൂടുതല്‍ ഉത്സാഹത്തോടെ ഏറ്റെടുത്തുകൊണ്ടുമാത്രം പുതിയ ഇടങ്ങളും അവസരങ്ങളും തേടാനാണ് ഈ പ്രയോഗം സ്ത്രീകളെ പ്രേരിപ്പിക്കുന്നത്. സ്ത്രീകളുടെ ജോലിഭാരം വളരെ വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് അവരുടെ പൊതുവ്യക്തിത്വം ഇന്ന് കുടുംബത്തിനുള്ളില്‍ അംഗീകരിക്കപ്പെടുന്നതെന്നര്‍ത്ഥം! കായികമായ ജോലികളുടെ ഭാരം വര്‍ദ്ധിച്ചിട്ടില്ലെങ്കിലും ധാര്‍മ്മികമായ ഭാരവും വൈകാരികസമ്മര്‍ദ്ദവും വളരെ വര്‍ദ്ധിച്ചിട്ടുണ്ടെന്നു വ്യക്തം. മുന്‍പു സൂചിപ്പിച്ച ഒഴുക്കന്‍മട്ടിലുള്ള അവകാശവാദങ്ങള്‍ ഇത്തരം ഭാരങ്ങളും സമ്മര്‍ദ്ദങ്ങളും തിരിച്ചറിയപ്പെടേണ്ടവയും പരിഹരിക്കപ്പെടേണ്ടവയും ആണെന്ന ബോധത്തെ അപ്രധാനമായി ചിത്രീകരിക്കുന്നു. മാത്രമല്ല, പുരുഷന്‍റെ അനുഗ്രഹത്തോടെയും സഹായത്തോടെയുമാണ് സ്ത്രീ പൊതുരംഗത്തു വരേണ്ടതെന്ന ധാരണയില്‍ പുരുഷന്‍ നിഷ്ക്കാമിയായിരിക്കണമെന്ന സൂചനയുണ്ടെങ്കിലും, പ്രായോഗികതലത്തില്‍ കാര്യങ്ങള്‍ പലപ്പോഴും അങ്ങനെയല്ല. അനുഗ്രഹിക്കുന്ന പുരുഷന്‍ സങ്കല്പിക്കുന്ന വിധത്തില്‍നിന്ന് വ്യത്യസ്തമായ രീതിയില്‍ തന്‍റെ പൊതുജീവിതത്തെ ചിട്ടപ്പെടുത്താന്‍ പുരുഷന്‍റെ അനുഗ്രഹം സ്വീകരിച്ച് പുറത്തിറങ്ങുന്ന സ്ത്രീക്ക് അധികാരമില്ലെന്ന ധാരണ പരക്കെ നിലനില്‍ക്കുന്ന നാടാണ് നമ്മുടേത്. ഇതേച്ചൊല്ലിയുള്ള തീവ്രസംഘട്ടനങ്ങള്‍ പലതും പൊതുപ്രവര്‍ത്തകരായ സ്ത്രീകളുടെ കുടുംബങ്ങളില്‍ ഇന്ന് അരങ്ങേറുന്നുണ്ട്. ഇതു തീര്‍ച്ചയായും ശാക്തീകരണത്തിന്‍റെ ലക്ഷണമാണ ്- സ്ത്രീകള്‍ അത്ര എളുപ്പത്തില്‍ മുകളില്‍നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്കു വഴങ്ങുന്നില്ലെന്ന സൂചന. എന്നാല്‍ ഇവിടെയും ഒഴുക്കന്‍മട്ടില്‍ 'സ്ത്രീവിമോചനം ഇതാ ആസന്നമായിരിക്കുന്നു' എന്നു പറയുന്ന രീതി, പ്രശ്നത്തിന്‍റെ ഗൗരവത്തിനു നേരെയുള്ള കണ്ണടയ്ക്കലാണ്. അതായത്, എതിര്‍ക്കാന്‍ ശക്തി നേടിയവരായ സ്ത്രീകള്‍ തടസ്സങ്ങളെ എങ്ങനെയെങ്കിലും മറികടന്നുകൊള്ളുമെന്ന അലസധാരണയിലാണ് ഈ മനോഭാവം കലാശിക്കുന്നത്. മൂന്നാമതായി, സ്ത്രീകളോട് ഇന്നു കുടുംബങ്ങളിലുണ്ടായ അനുകൂലഭാവം ഏതിനെയൊക്കെ സ്പര്‍ശിക്കുന്നില്ല എന്നും തിരിച്ചറിയേണ്ടതുണ്ട്. ഉദാഹരണത്തിന് ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ പ്രയോഗത്തെക്കുറിച്ചന്വേഷിച്ചാല്‍, സ്ത്രീശാക്തീകരണത്തിനുള്ള മുറവിളി സര്‍ക്കാര്‍-സര്‍ക്കാരേതര വൃത്തങ്ങളില്‍നിന്ന് ഒരേ മട്ടില്‍, ഉച്ചത്തില്‍, ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഈ വേളയിലും വന്ധ്യംകരണത്തിന്‍റെ ഭാരം മുഴുവന്‍ സ്ത്രീകളുടെ ചുമലുകളില്‍ തന്നെയാണെന്നു കാണാം. കുടുംബത്തിനുള്ളില്‍ സ്ത്രീക്ക് സ്വന്തം ശരീരത്തിന്മേലും ലൈംഗിക-പ്രജനന തീരുമാനങ്ങളിലും അധികാരം വലുതായി വര്‍ദ്ധിച്ചിട്ടില്ല. 25 നും 30 നും ഇടയിലുള്ള പ്രായത്തിലാണ് ശരാശരി മലയാളി യുവതി വന്ധ്യംകരണത്തിനു വിധേയയാകുന്നത്. ട്യൂബക്ടമി എന്ന ശസ്ത്രക്രിയ എളുപ്പത്തില്‍ reverse ചെയ്യാന്‍ കഴിയുന്ന ഒന്നല്ല; പുരുഷന്മാരുടെ വാസെക്ടമിക്ക് ഈ പ്രയാസം ഇല്ലതാനും. എങ്കിലും വാസെക്ടമിക്ക് വിധേയരാകുന്ന പുരുഷന്മാരുടെ എണ്ണം വെറും തുച്ഛമാണ്, ഈ സ്ത്രീശാക്തീകരണകാലത്തുപോലും! ഇത്തരത്തില്‍ 25-30 വയസ്സില്‍ തന്‍റെ പ്രജനനശേഷി 'കുടുംബനന്മ'യ്ക്കായി സ്ത്രീ ബലികഴിക്കുന്നു. ഏതൊരാളുടെ സന്തതികളെയാണോ താന്‍ പ്രസവിച്ചത്, അയാളുടെ -ഭര്‍ത്താവിന്‍റെ- മാത്രമായിരിക്കും അവളുടെ ശരീരത്തിന്‍റെ പ്രജനനശേഷി! കാരണം, 25-30 വയസ്സിനുശേഷം മറ്റൊരു പുരുഷനെ വരിക്കാന്‍ ഇടവന്നാലും അവള്‍ക്കു പ്രസവിക്കാന്‍ കഴിയില്ലല്ലോ? സുനാമിയില്‍ കുഞ്ഞുങ്ങള്‍ നഷ്ടപ്പെട്ട അമ്മമാരുടെ അനുഭവം തന്നെയാണ് ഇതിനു നല്ല തെളിവ്. അവരുടെ ഭര്‍ത്താക്കന്മാരായിരുന്നു വന്ധ്യംകരിക്കപ്പെട്ടതെങ്കില്‍, സുനാമിയിലുണ്ടായ നഷ്ടം കൂടുതല്‍ എളുപ്പത്തില്‍ പരിഹരിക്കപ്പെടുമായിരുന്നു. എന്നാല്‍ ട്യൂബക്ടമികള്‍ക്കു വിധേയരായ സ്ത്രീകളായിരുന്നു ആ പ്രദേശങ്ങളില്‍ അധികം. അവര്‍ സഹിച്ച നഷ്ടത്തിനു പരിഹാരം എളുപ്പമായിരുന്നില്ല. ഒരു ജീവിതത്തില്‍ ഒരു സ്ത്രീക്ക് ഒരേയൊരു പങ്കാളി മാത്രമേ ഉണ്ടാകൂ എന്ന മുന്‍വിധിയാണ് 25-30 വയസ്സില്‍ സ്ത്രീകളെ വന്ധ്യംകരിക്കുന്നതിനു പിന്നിലുള്ള സാമൂഹ്യ മനോഭാവം. ഇത്തരം പ്രവണതകള്‍ക്കെതിരെയുള്ള പോരാട്ടത്തെ കുടുംബത്തിനുള്ളിലിന്നു സ്ത്രീകള്‍ക്കു ലഭിച്ചിരിക്കുന്ന കൂടിയ പ്രാധാന്യം അപ്രസക്തമാക്കുന്നില്ലെന്നര്‍ത്ഥം. എല്ലാത്തിനുമുപരിയായി ഇത്തരത്തിലുള്ള സ്ത്രീശാക്തീകരണം സ്ത്രീധനം വരവിലയായി മാറുന്ന ഇന്നത്തെ രീതിയെ തള്ളിപ്പറയാന്‍ സ്ത്രീകളെ തെല്ലും പ്രാപ്തരാക്കുന്നില്ലെന്നതും വ്യക്തമാണ്. ചുരുക്കിപ്പറഞ്ഞാല്‍ 'പിതൃമേധാവിത്വത്തോടു സന്ധിചെയ്യല്‍' മട്ടിലുള്ള സ്ത്രീശാക്തീകരണത്തില്‍ നിന്നുള്ള നേട്ടങ്ങളെയും കോട്ടങ്ങളെയും സൂക്ഷ്മവും വസ്തുതാപരവുമായ രീതിയില്‍ വേര്‍തിരിച്ചു പഠിക്കേണ്ടതാണ്; ഒപ്പം ഒഴുക്കന്‍മട്ടിലുള്ള ലളിതവത്കൃത പ്രസ്താവങ്ങളെ ഒഴിവാക്കേണ്ടതുമുണ്ട്.എന്‍റെ രണ്ടാമത്തെ പ്രതികരണം, കുടുംബത്തിനുള്ളില്‍ മാറുന്ന അധികാരബന്ധങ്ങള്‍ കണ്ടെത്താന്‍ നാം കാട്ടുന്ന അമിതാവേശം നമുക്കുണ്ടാക്കിത്തരുന്ന രാഷ്ട്രീയ അന്ധതയെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ്. സ്ത്രീവിമോചനം ആസന്നമായിരിക്കുന്നുവെന്ന മട്ടിലുള്ള ലളിതവത്കരണങ്ങള്‍ തട്ടിവിടുന്ന ഇടതുപക്ഷ ബുദ്ധിജീവികളും ഇത്തരത്തിലുള്ള അന്ധത ബാധിച്ചവരായാണ് കണ്ടുവരുന്നത്. വിശാല സ്വഭാവമുള്ള രാഷ്ട്രീയ പ്രക്രിയകളെ തിരിച്ചറിയാന്‍ കഴിയാതെ പോകുമ്പോള്‍ കുടുംബത്തിനുള്ളില്‍ കിട്ടിയ ചില്ലറ ആനുകൂല്യം അമൂല്യസമ്പത്തായി തെറ്റിദ്ധരിക്കപ്പെടുന്നു. ഇന്ന് കുടുംബശ്രീ മുതലായ സ്ഥാപനങ്ങള്‍ വഴി സ്ത്രീകള്‍ 'പൊതു സേവകരായി' പരിണമിച്ചുകഴിഞ്ഞിരിക്കുന്നു. എന്നാല്‍ അവര്‍ നടത്തുന്ന സേവനം ഇന്നും ലിംഗമൂല്യശോഷണത്തിനു വിധേയമാണ്. അതായത്, സ്ത്രീകളുടെ ജോലികള്‍ക്കു മൂല്യം കുറവാണെന്ന ധാരണ ഇപ്പോഴും ശക്തമാണ്. അതുകൊണ്ട് അവരുടെ പൊതുസേവനം വേണ്ടവിധം ആദരിക്കപ്പെടുന്നില്ല; അര്‍ഹിക്കുന്ന മൂല്യം അതിനു കല്പിക്കപ്പെടുന്നില്ല. രണ്ടാംതര പൊതുജന സേവകരായ സ്ത്രീകള്‍ നവലിബറല്‍ 'സ്വയംസഹായ' സംസ്കാരത്തിന്‍റെ വാഹകരായും വര്‍ദ്ധിച്ചുവരുന്ന സര്‍ക്കാര്‍ ഭരണ ശൃംഖലയുടെ കണ്ണികളായും മാറുന്നു. ഈ ബന്ധം ഒരിക്കലും ജനാധിപത്യ സ്വഭാവമുള്ളതല്ല. മിക്കപ്പോഴും സ്വയംസഹായ സംഘങ്ങളില്‍ പങ്കാളികളായി ശാക്തീകരിക്കപ്പെട്ട സ്ത്രീകള്‍ ഉദ്യോഗസ്ഥര്‍ക്കും പഞ്ചായത്ത് സംവിധാനത്തിലെ ജനപ്രതിനിധികള്‍ക്കും വിധേയരായിത്തന്നെയാണ് നിലകൊള്ളുന്നത്. പ്രാദേശിക രാഷ്ട്രീയകക്ഷികളോടും പ്രവര്‍ത്തകരോടും പലപ്പോഴും ഇവര്‍ ഏറ്റുമുട്ടുന്നതിന്‍റെ വാര്‍ത്തകള്‍ നാമിന്ന് കാണാറുണ്ടെങ്കിലും, സര്‍ക്കാര്‍ ചട്ടങ്ങള്‍ക്കും ഉദ്യോഗസ്ഥ ശ്രേണിക്കും ഇവര്‍ അധികവും വിധേയരായിക്കഴിയുന്നുവെന്നു വ്യക്തമാണ്. തങ്ങളുടെ ആവശ്യങ്ങളും അവകാശങ്ങളും ഉന്നയിക്കാന്‍ സര്‍ക്കാരേതര സ്വഭാവമുള്ള വേദികളധികമൊന്നും ഇവര്‍ക്കു ലഭ്യമല്ലെന്നര്‍ത്ഥം. ഈ തലങ്ങളില്‍ ഏറ്റുമുട്ടലുകളുണ്ടാകുമ്പോള്‍ സ്ത്രീകള്‍ക്കാവശ്യമായ കൈത്താങ്ങും ധാര്‍മ്മികപിന്തുണയും ലഭിക്കാന്‍ എളുപ്പമല്ല; കാരണം, മുന്‍പറഞ്ഞ ഒഴുക്കന്‍ ധാരണകള്‍ അത്തരം ദൗര്‍ബല്യസാദ്ധ്യതയെക്കുറിച്ച് ചിന്തിക്കാന്‍പോലും നമ്മെ അനുവദിക്കുന്നില്ല. കേരളത്തിലെ ഒരു വടക്കന്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഒരു പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ ആയി പ്രവര്‍ത്തിച്ചുവന്നിരുന്ന ഒരു സ്ത്രീ ഞങ്ങള്‍ക്കു വിവരിച്ചുതന്ന ഒരു വിഷമസന്ധിയും ഇവിടെ ഓര്‍മ്മവരുന്നു. പഞ്ചായത്തിന്‍റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന പുരുഷന്‍ രണ്ടുമൂന്നുതവണ തന്നെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും നല്ല കരുതലോടെയാണ് താന്‍ ദിവസവും ഓഫീസില്‍ വരുന്നതെന്നും അവര്‍ പറഞ്ഞു. ഇക്കാര്യം വീട്ടില്‍ അറിയിക്കണമെന്ന ഞങ്ങളുടെ നിര്‍ദ്ദേശത്തോട് അവര്‍ ഇങ്ങനെയാണ് പ്രതികരിച്ചത്: "ഭര്‍ത്താവിന് ഇപ്പോള്‍ എന്‍റെ പ്രവര്‍ത്തനത്തില്‍ മതിപ്പാണ്. സഹകരണവുമുണ്ട്. ഈ കാര്യം പക്ഷേ വീട്ടിലറിയിച്ചാല്‍ അതിയാന്‍ എന്നെ ഇങ്ങോട്ട് വിടില്ല. വീട്ടില്‍ നിന്ന് ഇറങ്ങാന്‍പോലും പറ്റാതായിപ്പോകും!" ഭരണയന്ത്രത്തിന്‍റെ ഏറ്റവും താഴെത്തട്ടില്‍ ഉള്‍പ്പെടുത്തപ്പെട്ടവരെന്ന നിലയ്ക്ക് സ്ത്രീകള്‍ അനുഭവിക്കേണ്ടിവരുന്ന നിര്‍-ശാക്തീകരണമെന്ന ഓട്ടയെ കുടുംബത്തിനുള്ളിലെ (പരിമിത) ശാക്തീകരണമെന്ന ഇരുട്ടുകൊണ്ട് അടയ്ക്കാന്‍ ശ്രമിക്കുന്നത് അബദ്ധമാണെന്നാണ് എന്‍റെ അഭിപ്രായം. മാത്രമല്ല, രണ്ടാമത്തേതു കേവലം ദുര്‍ബലമാകാമെന്നതിന്‍റെ സൂചനയാണ് മേല്‍പ്പറഞ്ഞ യുവതിയുടെ അനുഭവത്തില്‍നിന്നു ലഭിക്കുന്നത്. ഇതിനുള്ള പരിഹാരം സ്ത്രീകളെ പൊതുരംഗത്തുനിന്നു പിന്‍വലിച്ച് വീട്ടിലിട്ടടയ്ക്കലല്ല. മറിച്ച്, നിലവിലുള്ള അധികാര സമത്വങ്ങളെയും തടസ്സങ്ങളെയും യാഥാര്‍ത്ഥ്യബോധത്തോടെ തിരിച്ചറിഞ്ഞ്, അവയ്ക്കെതിരെ പൊതുരംഗത്ത് പ്രതിഷേധവും ചര്‍ച്ചയും സംഘടിപ്പിക്കുകയാണു വേണ്ടത്. എന്നാല്‍ ആദ്യം പറഞ്ഞതുമാതിരിയുള്ള ഒഴുക്കന്‍മട്ടിലുള്ള പ്രസ്താവങ്ങള്‍ ഇത്തരം തിരിച്ചറിവുകളിലേക്കു നമ്മെ നയിക്കുന്നില്ല. മറിച്ച്, ഇത്തരം തടസ്സങ്ങളുടെ യാഥാര്‍ത്ഥ്യത്തെ മറയ്ക്കാനോ നിസ്സാരവല്‍ക്കരിക്കാനോ മാത്രമേ അവ ഉതകൂ.
കുടുംബത്തിനുള്ളിലും ഭരണ-പൊതുരംഗങ്ങളിലും ഇന്നു പല സ്ത്രീകളും തീവ്രസമരങ്ങള്‍ നടത്തിവരുന്നുണ്ടെന്ന കാര്യത്തെക്കുറിച്ച് യാതൊരു സംശയത്തിനുമിടയില്ല. എന്നാല്‍ 'കാലക്രമേണ സ്ത്രീ സ്വാതന്ത്ര്യം ഇവിടെ നടന്ന ഭരണപരിഷ്കാരങ്ങളുടെ ഭാഗമായി ഉണ്ടായിക്കൊള്ളു'മെന്നാശ്വസിച്ച് കൈയുംകെട്ടിയിരിക്കാനുള്ള അനുവാദമല്ല ഈ യാഥാര്‍ത്ഥ്യം നമുക്കു തരുന്നത്. ലോകചരിത്രത്തില്‍ ഒരിക്കലും ഭരണപരിഷ്കാരങ്ങള്‍ കൊണ്ടു മാത്രം ഒരു ജനവിഭാഗവും ശാക്തീകരിക്കപ്പെട്ടിട്ടില്ല. തങ്ങള്‍ക്കനുകൂലമായ ഭരണപരിഷ്കാരങ്ങളില്‍ നിന്നുള്ള ഗുണഫലങ്ങള്‍ കൊയ്തെടുക്കാന്‍ ശ്രമിച്ച മര്‍ദ്ദിതവര്‍ഗങ്ങള്‍ക്ക് എല്ലായ്പ്പോഴും ഒറ്റയ്ക്കും കൂട്ടായും സമരം ചെയ്യേണ്ടിവന്നിട്ടുണ്ട്. അത്തരം സമരങ്ങളിലൂടെ മാത്രമാണ് ഈ വിഭാഗങ്ങള്‍ക്കു തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞത്. കേരളത്തിലെ ഭരണ പരിഷ്കാരങ്ങളിലൂടെ (കുടുംബശ്രീ, പഞ്ചായത്ത് സംവിധാനത്തിലെ സ്ത്രീസംവരണം മുതലായവയിലൂടെ) കുടുംബത്തിനുള്ളിലും പുറത്തും സജീവനിലകളിലേക്ക് ഉയര്‍ന്നുവരുന്ന സ്ത്രീകള്‍ തങ്ങളുടെ മുന്നിലുള്ള തടസ്സങ്ങള്‍ക്കെതിരെ അധികവും ഒറ്റയൊറ്റയായി നടത്തിവരുന്ന സമരങ്ങളില്‍ അവര്‍ക്കൊപ്പംനിന്നു പോരാടാന്‍ ഇവിടുത്തെ പുരോഗമനപ്രസ്ഥാനങ്ങള്‍ക്കെങ്കിലും ബാദ്ധ്യതയുണ്ട്. എന്നാല്‍ ആദ്യം പറഞ്ഞ ലളിതവത്കൃത പ്രതികരണം ഏറ്റവുമധികം നാം കേള്‍ക്കുന്നത് ഇടതുപക്ഷ പുരുഷബുദ്ധിജീവികളില്‍ നിന്നാണെന്ന കാര്യമാണ് ഏറ്റവും സങ്കടകരം!