top of page

ഇരുണ്ട ഭൂഖണ്ഡത്തിന്‍റെ സൂര്യന്‍ അസ്തമിക്കുമ്പോള്‍

Jan 1, 2014

3 min read

ജക
Nelson Mandella

95 വര്‍ഷം നീണ്ട ജീവിതം. 27 വര്‍ഷത്തെ തടവറവാസം. 46 വര്‍ഷം വര്‍ണവിവേചനത്തിനെതിരെയുള്ള കലാപം. അത് 'സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു നീണ്ട നടത്തമായിരുന്നു'; അവസാനിക്കുന്നതാകട്ടെ 2013 ഡിസംബര്‍ 5 നും. വിവേചനത്തിനെതിരെയുള്ള ദക്ഷിണാഫ്രിക്കന്‍ പോരാട്ടത്തിന്‍റെ ഒരു യുഗമായിരുന്നു നെല്‍സണ്‍ മണ്ടേല.


'മനുഷ്യന്‍ സ്വയം നിര്‍മ്മിക്കുന്നു' എന്ന ചൊല്ല് മണ്ടേലയുടെ ജീവിതത്തിന്‍റെ രത്നച്ചുരുക്കമായി വേണമെങ്കില്‍ വായിക്കാം. ഒരാള്‍പ്പോലും സാക്ഷരത നേടിയിട്ടില്ലാത്ത കുടുംബപശ്ചാത്തലം. നന്നേ ചെറുപ്പത്തില്‍ കാലിമേയിച്ചു നടന്നിരുന്ന മണ്ടേലയെ അച്ഛന്‍റെ മരണശേഷം സമ്പന്നനായ ഒരാള്‍ ദത്തെടുത്ത് വിദ്യാഭ്യാസം കൊടുത്തതോടെയാണ് കാര്യങ്ങള്‍ക്ക് മാറ്റമുണ്ടായത്. അറിവിന്‍റെ ജാലകങ്ങള്‍ തുറക്കുമ്പോള്‍ കടന്നുവരുന്ന പരിവര്‍ത്തനത്തിന്‍റെ ശക്തിയെക്കുറിച്ച് അദ്ദേഹം പിന്നീട് പറഞ്ഞതിങ്ങനെ: "ലോകത്തെ മാറ്റാന്‍ ഉപയോഗിക്കാവുന്ന ഏറ്റവും ശക്തിയുള്ള ആയുധം വിദ്യാഭ്യാസമാണ്."


കറുത്തവര്‍ഗ്ഗക്കാര്‍ക്കെതിരെ നടക്കുന്ന മനുഷ്യവിരുദ്ധമായ ചൂഷണങ്ങള്‍ക്കെതിരെ ആ വിദ്യാര്‍ത്ഥി ചിന്തിച്ചുതുടങ്ങി. കോളേജ് വിദ്യാഭ്യാസകാലത്ത് വിദ്യാര്‍ത്ഥി കൗണ്‍സില്‍ അംഗമായിക്കൊണ്ടാണ് പൊതുജീവിത പ്രവേശനം. നിലവാരം കുറഞ്ഞ ഭക്ഷണം ബഹിഷ്ക്കരിച്ചതിന് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു. തുടര്‍ന്ന് ബിരുദം നേടാനാകാതെയാണ് പിരിഞ്ഞത്. അതിന് ശേഷമാണ് എ.എന്‍.സി.യിലൂടെ (African National Congress) രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് കടക്കുന്നത്.


അതിനിടെ മറ്റൊരിടത്തുനിന്ന് നിയമത്തില്‍ ഡിഗ്രിയെടുത്ത് അഭിഭാഷകനായി. നിറത്തിന്‍റെയും വര്‍ഗ്ഗത്തിന്‍റെയും പേരില്‍ അഫ്രിക്കക്കാരനെ മനുഷ്യനായിപ്പോലും പരിഗണിക്കാത്ത ഒരു ഭരണകൂടത്തിനെതിരെ അഹിംസാത്മകമായ ഒരു സമരമുറ വിജയിക്കുന്ന കാര്യം സംശയമായി മാറിയപ്പോഴാണ് എ.എന്‍.സി. സായുധസമരമുറ സ്വീകരിക്കുന്നത്. എ.എന്‍.സി. യുടെ സായുധവിഭാഗ സ്ഥാപകചെയര്‍മാന്‍ മണ്ടേലയായിരുന്നു. മനുഷ്യനെ ആയുധം കൈയിലെടുക്കാന്‍ പ്രേരിപ്പിക്കുന്ന വ്യവസ്ഥിതിയാണ് സായുധവിപ്ലവത്തേക്കാള്‍ ഹിംസാത്മകമെന്ന തിരിച്ചറിവിലാണ് മണ്ടേല ഇങ്ങനെ പറഞ്ഞത്: "ഒരു മനുഷ്യന് താന്‍ വിശ്വസിക്കുന്ന ജീവിതം ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുമ്പോള്‍ കലാപകാരിയാവുകയല്ലാതെ മറ്റൊരു പോംവഴിയില്ല." 1962 ല്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുംവരെ അദ്ദേഹം കൊണ്ടുനടന്ന രാഷ്ട്രീയ വിശ്വാസം അതായിരുന്നു.


182 സാക്ഷികളും പതിനായിരക്കണക്കിന് പേജ് തെളിവുകളും തനിക്കെതിരെ ഭരണകൂടം ചമച്ച് നിരത്തിയപ്പോള്‍ മനുഷ്യന്‍റെ കോടതിക്ക് മുന്നില്‍ അദ്ദേഹം ഭയരഹിതനായി പറഞ്ഞതിങ്ങനെ: "സ്വന്തം ദുരിതങ്ങളില്‍നിന്നും അനുഭവങ്ങളില്‍നിന്നും പ്രചോദിതരായ ആഫ്രിക്കന്‍ ജനതയുടെ പ്രക്ഷോഭമാണിത്. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള പ്രക്ഷോഭം. എല്ലാ വ്യക്തികളും തുല്യാവസരങ്ങള്‍ അനുഭവിക്കുന്ന സ്വതന്ത്രവും ജനാധിപത്യപരവുമായ സമൂഹമെന്ന ആദര്‍ശമാതൃകയാണ് ഞാന്‍ ഉള്ളില്‍ കൊണ്ടുനടക്കുന്നത്. ഈ ലക്ഷ്യം നേടാനായി ജീവിക്കാന്‍ കഴിയണമെന്നാണ് ആഗ്രഹിക്കുന്നത്. ദൈവം ആഗ്രഹിക്കുകയാണെങ്കില്‍, ഈ ഒരു ലക്ഷ്യത്തിനായി മരിക്കാനും തയ്യാറാണ്."


ഭ്രാന്തുപിടിപ്പിക്കുന്ന നീണ്ട 27 വര്‍ഷങ്ങള്‍ അയാള്‍ തടവറയില്‍ എന്തെടുക്കുകയായിരുന്നു? ഈ ചോദ്യം തടവറയിലെ നെഹ്റുവിനെക്കുറിച്ചും ചോദിക്കപ്പെട്ടിട്ടുണ്ട്. തടവറയില്‍ നെഹ്റു 'ഇന്ത്യയെ കണ്ടെത്തുകയായിരുന്നു' എന്നാണ് പറയുന്നത്. 'Discovery of India' രചിക്കപ്പെടുന്നത് അദ്ദേഹത്തിന്‍റെ ജയില്‍വാസകാലത്താണ്. നെഹ്റുവിന്‍റേതുമായി സമാനതകളില്ലാത്ത ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ മുറ്റിയ തടവറയില്‍ മണ്ടേലയും വെറുതെയിരിക്കുകയായിരുന്നില്ല. അയാള്‍ സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു നീണ്ട നടത്തത്തിലായിരുന്നു. “The Long Walk to Freedom” എന്ന ആത്മകഥയ്ക്ക് പശ്ചാത്തലമായ ജീവിതം രൂപപ്പെടുന്നത് അക്കാലത്താണ്. ഒരു പുരുഷായുസ്സ് മുഴുവന്‍ ഇങ്ങനെ ജയിലഴികള്‍ക്ക് പിന്നില്‍ കഴിഞ്ഞ മനുഷ്യന്‍ തീര്‍ച്ചയായും ഒരു പ്രതികാരദാഹിയായിട്ടായിരിക്കും പുറത്തിറങ്ങുക. എന്നാല്‍ മണ്ടേലയുടെ കാര്യത്തില്‍ അതങ്ങനെയല്ല. തന്നെ ദ്രോഹിച്ചവനും ആഫ്രിക്കക്കാരനാണെന്നും അവനും ഈ മണ്ണില്‍ തുല്യാവസരങ്ങളോടെ ജീവിക്കാന്‍ അവകാശമുണ്ടെന്നുള്ള ബോധ്യമായിരുന്നു അപ്പോഴും അദ്ദേഹത്തിന്‍റെ മനസ്സില്‍.


1994ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ആദ്യത്തെ ജനാധിപത്യ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെയാണ് മണ്ടേല പ്രസിഡന്‍റായത്. അദ്ദേഹം പ്രസിഡന്‍റ്സ്ഥാനമേല്‍ക്കുമ്പോള്‍ തന്നെ ജയിലില്‍ സഹായിച്ച വെള്ളക്കാരനെ പ്രത്യേക അതിഥിയായി ക്ഷണിച്ചു. ഓര്‍മ്മകളില്‍ വര്‍ണവിവേചനത്തിന്‍റെ കയ്പുനിറഞ്ഞിട്ടും പ്രതികാരത്തിന്‍റെ വഴിയിലേക്ക് ദക്ഷിണാഫ്രിക്കയെ അദ്ദേഹം നയിച്ചില്ല. വര്‍ണവിവേചനം തുടച്ചുനീക്കാന്‍ 12,500 പേര്‍ കൊല്ലപ്പെട്ട രാജ്യത്താണ് ഈ മഹാമനസ്കത. "സ്വന്തം കാലിലെ ചങ്ങല അഴിച്ചുമാറ്റല്‍ മാത്രമല്ല സ്വാതന്ത്ര്യം; അന്യന്‍റെ സ്വാതന്ത്ര്യത്തെ അംഗീകരിക്കലും ബഹുമാനിക്കലും കൂടിയാണ്" എന്നദ്ദേഹം വിശ്വസിച്ചു.


വെള്ളക്കാരന്‍റെ കൈയില്‍നിന്ന് സ്വാതന്ത്ര്യം തിരിച്ച് പിടിച്ച് അധികാരത്തിലെത്തിയ ആഫ്രിക്കന്‍ നേതാക്കള്‍ കൊളോണിയല്‍ ശക്തികളേക്കാള്‍ നിഷ്ഠൂരരായ ഭരണാധികാരികളാകുകയും ആഫ്രിക്കന്‍ മനസ്സില്‍ കുടിപ്പകയുടെ അടങ്ങാത്ത ചിത കൊളുത്തുകയും ചെയ്തു. അവരാരും തങ്ങളുടെ സ്ഥാനം സ്വമേധയാ ഒഴിയാന്‍ മനസ്സായില്ല. വിപ്ലവകരമായ അട്ടിമറിയിലൂടെ പലരും വധിക്കപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്തു. ആഫ്രിക്കയുടെ ആ മണ്ണിലാണ് മണ്ടേല അധികാര വിനിയോഗത്തിന്‍റെ മറ്റൊരു ചരിത്രം രചിച്ചത്.


ഗാന്ധിജി പറയാതെ പോയ ഒരു സത്യമാണ് ആത്മാര്‍ത്ഥതയോടെ തുറന്ന് സമ്മതിക്കാനുള്ള ചങ്കൂറ്റം മണ്ടേല കാണിച്ചത്. ഗാന്ധി ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍റെ പട നയിച്ച അജയ്യനായ ഒറ്റയാള്‍ വ്യക്തിത്വമായി നമ്മുടെ മുന്നില്‍ ഉയര്‍ന്നുനില്‍ക്കുന്നു. എന്നാല്‍ സ്വാതന്ത്ര്യപൂര്‍വ്വ ഇന്ത്യയുടെ ആവശ്യമായിരുന്നു ഒരു ഗാന്ധി എന്നത് നാം ഇന്നും തിരിച്ചറിഞ്ഞിട്ടില്ല. അതേ, ഗാന്ധി സ്വതന്ത്ര്യാനന്തര ഇന്ത്യയില്‍ വന്നാല്‍ എന്തായിതീരുമെന്നതിനെക്കുറിച്ച് ഇനിയും നമ്മുടെ ഭാവന ഉണര്‍ന്ന് ചിന്തിച്ച് തുടങ്ങിയിട്ടില്ല. ഈറോം ഷര്‍മ്മിളയുടെ ഒരു വ്യാഴവട്ടക്കാലം നീണ്ട നിരാഹാരസമരത്തിന് നേരെ കണ്ണടച്ച ഗാന്ധിയുടെ പിന്‍തലമുറക്കാരുടെ നാട്ടില്‍ ഗാന്ധി വെറുതെ പട്ടിണികിടന്ന് ചത്തുപോയേനെ എന്ന് പറയാന്‍ ഭാവന പലപ്പോഴും നിര്‍ബന്ധിക്കാറുണ്ട്.


കലുഷിതമായിരുന്നു സ്വകാര്യജീവിതം. എന്നാല്‍ ആര്‍ക്കുമുമ്പിലും പരിഭവങ്ങളോ പരാതികളോ ചൊരിയാന്‍ മാത്രം അദ്ദേഹം അമിത വൈകാരികതയുടെ ചളിപ്പുനിലങ്ങളില്‍ നടന്നിട്ടില്ല. നീണ്ട വര്‍ഷങ്ങളിലെ ജയില്‍ വാസവും വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകളും ദാമ്പത്യജീവിതത്തെ രണ്ടു വട്ടം കശക്കിയെറിഞ്ഞിട്ടുണ്ട്. സ്വകാര്യജീവിതം ദുശ്ശീലങ്ങളിലൊന്നും ചെന്നുപെടാത്തവിധം കൃത്യനിഷ്ഠയുടേതായിരുന്നു. തലക്കനമില്ലാതെ തമാശകള്‍ പറഞ്ഞ്, പ്രസിഡന്‍റ് ആയിരിക്കുമ്പോഴും സ്വന്തം കിടക്കവരെ സ്വയം ക്രമീകരിച്ച് ഏവരേയും ഹൃദ്യമായി സ്വാഗതം ചെയ്ത് ഒരു സാധാരണ ജീവിതശൈലിയെ അദ്ദേഹം ഇഷ്ടപ്പെട്ടു. തന്‍റെ സമ്പാദ്യത്തിന്‍റെ ഏറിയ പങ്കും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി അദ്ദേഹം മാറ്റിവച്ചു.


മരണത്തോളം കര്‍മ്മനിരതനായിരിക്കുക എന്നതിന്‍റെ മറുവാക്കായിരുന്നു മണ്ടേല. 1999ല്‍ വിരമിച്ച മണ്ടേല ആഗ്രഹിച്ചത് സ്വസ്ഥമായ ഒരു കുടുംബജീവിതമായിരുന്നു. എന്നാല്‍ വെറുതെയിരിക്കുക എന്നതിന്‍റെ മടുപ്പ് അദ്ദേഹത്തിലെ കര്‍മ്മയോഗിക്ക് അസഹനീയമായിരുന്നു. അതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെ; "ഞാനിപ്പോള്‍ വിശ്രമജീവിതത്തിലാണ്. എന്നാല്‍ ഒന്നും ചെയ്യാനില്ലാതെ കാലത്തെ ഉണരുക എന്നത് എന്നെ സംബന്ധിച്ച് ആത്മഹത്യാപരമാണ്". ഗ്രാമീണവികസനം, സ്കൂള്‍ നിര്‍മ്മാണം, എയ്ഡ്സ് ബോധവത്കരണപരിപാടികള്‍ എന്നിവയുമായി അദ്ദേഹം വീണ്ടും പ്രവര്‍ത്തനനിരതനാവുകയായിരുന്നു. ആ കാലഘട്ടങ്ങളിലൊക്കെ ഒന്നാം ലോകരാജ്യങ്ങളുടെ വിദേശനയങ്ങള്‍ക്കെതിരെ വിമര്‍ശന ശബ്ദമുയര്‍ത്തുന്നതില്‍നിന്ന് പിന്മാറിയില്ല. ഭീകരതയുടെ പേരില്‍ അമേരിക്ക ഇറാക്കിനെ ആക്രമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെ: "അമേരിക്കയ്ക്ക് വേണ്ടത് ഇറാന്‍റെ എണ്ണയാണ്." 2004 ഓടെ വാര്‍ദ്ധക്യപ്രശ്നങ്ങളാല്‍ ആരോഗ്യം ക്ഷയിച്ച് തുടങ്ങിയപ്പോഴാണ് "ഇനി എന്നെ വിളിക്കണ്ട, ഞാന്‍ നിങ്ങളെ വിളിച്ചുകൊള്ളാം" എന്ന് ഹാസ്യാത്മകയമായ പരാമര്‍ശത്തോടെ പൊതുജീവിതത്തില്‍നിന്ന് പിന്മാറുന്നത്.


2013 ഡിസംബര്‍ 5ന് നമ്മില്‍ നിന്ന് വിടവാങ്ങിയ മണ്ടേലയില്‍ നമുക്ക് ഒരു ആദര്‍ശപുരുഷനെ കണ്ടെത്താനാവില്ല. ആത്മാര്‍ത്ഥതയുള്ള ഒരു നേതാവ്‌, മനുഷ്യനെ സ്നേഹിച്ച ഒരു പച്ചമനുഷ്യന്‍, താന്‍ വിശ്വസിക്കുന്നതിന് വേണ്ടി നിലകൊണ്ട ചങ്കൂറ്റമുള്ള ഒരാള്‍ അത്രയേ പ്രതീക്ഷിക്കേണ്ടതുള്ളു. എന്നാല്‍ അവയെല്ലാം നമുക്ക് ഒരു ജന്മം മുഴുവന്‍ ജീവിക്കാനുള്ള ജീവിതപാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. മണ്ടേലയും ഇങ്ങനെ പറയും: "വിശുദ്ധന്‍ എന്നാല്‍ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു പാപിയെന്ന് നിങ്ങള്‍ക്ക് വിശ്വസിക്കാനാവാത്തിടത്തോളം ഞാനൊരു വിശുദ്ധനല്ല."


കാലവും ആരോഗ്യവും അനുവദിച്ച് കൊടുത്തതിന്‍റെ പരമാവധി ചെയ്തുതീര്‍ത്തിട്ടാണ് ഞാന്‍ പോകുന്നത് എന്ന ഉറപ്പ് ജീവിതത്തോട് വിട പറയുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ മഡിബയ്ക്ക് കൈമുതലായുണ്ടായിരുന്നു. "ഒരിക്കല്‍ കൂടി കാലം തിരിച്ച് വരികയാണെങ്കില്‍ ചെയ്തവയൊക്കെത്തന്നെ ഞാന്‍ ആവര്‍ത്തിക്കും. മനുഷ്യനെന്ന് സ്വയം വിളിക്കാന്‍ ആഗ്രഹിക്കുന്ന ആരും അങ്ങനെയൊക്കെത്തന്നെയേ ചെയ്യൂ" എന്നതായിരുന്നു ദക്ഷിണാഫ്രിക്കയുടെ ഉരുക്കുമനുഷ്യന്‍റെ ആത്മവിശ്വാസത്തിന്‍റെ വാക്കുകള്‍. പോയ നൂറ്റാണ്ടില്‍ ദൈവം കുറിച്ച അക്ഷരത്തെറ്റില്ലാത്ത വാക്കുകളില്‍ ഒന്നായിരുന്നു 'മണ്ടേല.'

Featured Posts