top of page
മൃദുതരളമായ ഒരു സ്നേഹത്തിന്‍റെ ചുവപ്പിറ്റുന്ന കഥയാണ് ദ ബ്രിഡ്ജസ് ഓഫ് മഡിസന്‍ കൗണ്ടി എന്ന ഇംഗ്ലീഷ് ചലച്ചിത്രം. പ്രണയം വഴുതിയിറങ്ങുന്ന താഴ്വാരങ്ങളില്‍ അനശ്വരമായി പൂത്തുനില്‍ക്കാന്‍ ഹൃദയങ്ങള്‍ക്കു മാത്രമാണ് കഴിയുക എന്നു പറയുന്ന ഒരു കഥ. പറഞ്ഞു ഫലിപ്പിക്കാന്‍ ഏറ്റവും പ്രയാസകരമായൊരു വികാരഛായയെ പ്രേക്ഷകനിലെത്തിക്കാന്‍ ഇതിന്‍റെ സംവിധായകനും ഇതിലെ അഭിനേതാക്കള്‍ക്കും കഴിഞ്ഞിട്ടുണ്ട്. പ്രായത്തിന്‍റെയും സാഹചര്യങ്ങളുടെയും അതിരുകളെ അതിലംഘിച്ച് പരസ്പരം കണ്ടെത്തുന്നവരാണ് ഈ കഥയിലെ നായകനും നായികയും.
എവിടെവച്ചാകും ഒരാള്‍ക്ക് സ്വയം നഷ്ടപ്പെടേണ്ടി വരുന്നതും തന്‍റെ ഉണ്മയെ തിരിച്ചറിയേണ്ടിവരുന്നതും എന്ന ഒരവലോകനം കൂടിയുണ്ട് ഇതില്‍. വളരെ ലാഘവത്വത്തോടെ മാറ്റിനിര്‍ത്തേണ്ട ഒരു സീനില്‍ നിന്നാണ് ഒരു വലിയ കഥയുടെ തുടക്കം. ഇതിലെ കഥാനായികയുടെ ഡയറിക്കുറിപ്പുകളിലൂടെയും തുടര്‍ന്നുള്ള അന്വേഷണത്തിലൂടെയുമാണ് അവരുടെ മകളും ഭര്‍ത്താവും അമ്മയുടെ ജീവിതത്തില്‍ നടന്ന ജീവസ്സുറ്റ ചില സംഭവങ്ങളെ കണ്ടെടുക്കുന്നത്.
1992-ലെ ബെസ്റ്റ് സെല്ലിങ്ങ് നോവല്‍ ആയിരുന്ന, റോബര്‍ട്ട് ജെയിംസ് വാലറുടെ പുസ്തകമാണ് സിനിമയായി രൂപപ്പെട്ടത്. ഇതിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച ക്ലിന്‍റ് ഈസ്റ്റ്വുഡിന്‍റെ സംവിധാന മികവിലൂടെയാണ് ഈ സിനിമ നമ്മുടെ മുന്‍പിലെത്തുന്നത്. മധ്യവയസ്ക്കരായ നായികാനായകന്മാരിലൂടെ ജീവിതഗന്ധിയായ ചില സംഭവവികാസങ്ങള്‍ പുനരവതരിപ്പിക്കപ്പെടുന്നു.
ഇതിലെ നായികാ കഥാപാത്രമായ ഫ്രാന്‍സെസ്ക്കാ ജോണ്‍സനെ അവതരിപ്പിക്കുന്നത് അഭിനയത്തികവാര്‍ന്ന നടി മെറില്‍ സ്ട്രീപ് ആണ്. ഏറെക്കുറെ ചെറിയ ചുറ്റുവട്ടങ്ങളില്‍ മാത്രമൊതുങ്ങിനില്‍ക്കുന്ന, വെറും നാലുദിനങ്ങളുടെ മാത്രം കഥപറയുന്ന ഈ സിനിമ എങ്ങനെയാവും ഇത്രയധികം ചലനാത്മകമായി മനസുകളിലേയ്ക്കിറങ്ങി വരിക എന്ന് അത്ഭുതം തോന്നിപ്പോവുകയാണ്. ഒരു ഫോട്ടോഗ്രഫിക് എസ്സേയ്ക്കുവേണ്ടി ചിത്രങ്ങളെടുക്കാന്‍ മഡിസന്‍ കൗണ്ടിയിലെ പാലങ്ങള്‍ നിറഞ്ഞ പ്രദേശത്തേയ്ക്കുള്ള വഴി അന്വേഷിച്ചു വരികയാണ് റോബര്‍ട്ട് കിന്‍കെയ്ഡ് എന്ന നായകന്‍. പ്രകൃതിരമണീയമായ പ്രദേശങ്ങളിലൂടെ വഴി അന്വേഷിച്ചു വരുന്ന അയാള്‍ വഴിയരികിലെ ഒരു വീട്ടില്‍ നില്‍ക്കുന്ന സ്ത്രീയെകണ്ട് മഡിസണ്‍ കൗണ്ടിയിലേയ്ക്കുള്ള വഴിയേതാണെന്ന് തിരക്കുന്നു. അതുല്യമായ നിഷ്കളങ്കതയോടും സ്വാഭാവികതയോടും കൂടെ ഫ്രാന്‍സിസ്ക്കയായി മെറില്‍ സ്ട്രീപ് ഇവിടെ രംഗപ്രവേശം ചെയ്യുന്നു. വഴി പറഞ്ഞു കൊടുക്കുന്നതിനിടെ സ്വയം സംശയമുണ്ടാവുകയാണ് അവര്‍ക്ക്. തുടര്‍ന്ന് ആ സ്ത്രീ ആ ഫോട്ടോഗ്രാഫറുടെ വാഹനത്തില്‍ കയറി അങ്ങോട്ടേയ്ക്ക് അയാളെ കൂട്ടിക്കൊണ്ടുപോകുന്നു. എത്ര അശ്രദ്ധമായി വിട്ടുകളയാവുന്ന ഒരു രംഗമാണ് അവരുടെ ജീവിതത്തിന്‍റെ നിര്‍ണ്ണായകവും തുടുപ്പാര്‍ന്നതുമായ ഒരു ഘട്ടത്തിലേയ്ക്ക് വാതില്‍ തുറക്കുന്നതെന്ന് പിന്നീടാണ് തിരിച്ചറിയുക. കാട്ടുചെടികള്‍ പൂവിട്ടു നില്‍ക്കുന്ന താഴ്വാരങ്ങള്‍ക്കുമേല്‍ തീവണ്ടി മാതൃകയില്‍ മേലാപ്പുള്ള പാലങ്ങളാണുള്ളത്. ആ വശ്യസൗന്ദര്യത്തില്‍ മുഴുകിനില്‍ക്കുന്ന ഫ്രാന്‍സിസ്ക്കയുടെ ഒരു മനോഹര ചിത്രം റോബര്‍ട്ട് എടുക്കുകയാണ്.
ഈ കഥയുടെ പശ്ചാത്തലം ഇങ്ങനെയാണ്. ഫ്രാന്‍സിസ്ക്ക എന്ന സ്ത്രീ വീട്ടമ്മയും വളരെ ഉത്തരവാദിത്വമുള്ള കുടുംബിനിയുമാണ്. അന്നുരാവിലെ അവരുടെ ഭര്‍ത്താവും മക്കളും നാലുദിവസത്തേയ്ക്ക് ഒരു യാത്ര പോകുന്നു. വീട്ടില്‍ ഒറ്റയ്ക്കാവുന്ന ഒരു സാധാരണ വീട്ടമ്മ. എന്നാലെത്രയോ കളിചിരികള്‍ മിണ്ടാതെ കുനിഞ്ഞിരിപ്പുണ്ട് അവളുടെ മനസിലും. അന്നത്തെ ദിവസം അവര്‍ മഡിസണ്‍ കൗണ്ടിയുടെ മായികതയിലൂടെ ഒരു കുഞ്ഞിനെപ്പോലെ ഇളകി നടക്കുകയാണ്. പാലങ്ങളിലൂടെയും പൂത്തു നില്‍ക്കുന്ന താഴ്വാരങ്ങളിലൂടെയും ഇരുവരും സ്വയം മറന്നാസ്വദിച്ചു നീങ്ങുമ്പോള്‍ അദൃശ്യമായൊരു ചരടിലെന്നപോലെ പരസ്പരം ചേര്‍ത്തു നിര്‍ത്തപ്പെടുന്നുമുണ്ട്. വളരെ സ്വാഭാവികതയോടെയുള്ള ഈ തുടക്കം നിറഞ്ഞു ജീവിക്കുന്ന നാലുദിനങ്ങളുടെ തുടക്കമായി മാറുന്നു. ബാല്യത്തിന്‍റെ കുസൃതികളും യൗവനത്തിന്‍റെ ഊര്‍ജ്ജസ്വലതയും ഏതൊരാളിലും ഒളിമങ്ങാതെ കിടക്കുന്നു എന്നതിന്‍റെ തെളിവു ചിത്രം. അന്നുവൈകിട്ട് മടങ്ങുമ്പോള്‍ ഫ്രാന്‍സിസ്ക്കയെ വീടിനു വാതില്‍ക്കലിറക്കിവിട്ട് തങ്ങാനൊരിടമന്വേഷിച്ച് പോകാനൊരുങ്ങുന്നു റോബര്‍ട്ട്. ഏതോ ഒരു വാക്ക് പുറത്തേയ്ക്കു വരാന്‍ വെമ്പി നില്‍ക്കുന്നുണ്ട് അവള്‍ക്ക്. എന്നിട്ട് അവള്‍ അയാളെ തന്‍റെ വീട്ടില്‍ താമസിക്കാന്‍ ക്ഷണിക്കുന്നു. കാത്തിരുന്ന ക്ഷണമെന്നോണം അയാള്‍ അതിനു തയാറാവുകയാണ്. പിറ്റേന്നും മഡിസണ്‍ കൗണ്ടിയിലേയ്ക്ക് പോകേണ്ടതുണ്ട്. ഇരുവരും ഒരുമിച്ചിരുന്നു ചായകുടിക്കുന്നു, തങ്ങളുടെ കുടുംബ വിശേഷങ്ങള്‍ പറയുന്നു. ജടകെട്ടിനിന്ന മുടിയിഴകള്‍ താനേ വിടര്‍ന്ന് ഒഴുകിയാടുംപോലെ മനസ്സില്‍ വര്‍ണ്ണ നൂലിഴകള്‍ ചലിക്കാന്‍ തുടങ്ങുന്നു. സ്വാഭാവികമായ ചില പരിണാമങ്ങളിലേയ്ക്ക് അവര്‍ പടവുകള്‍ കയറിത്തുടങ്ങുകയാണ്. പിറ്റേന്നു രാവിലെ പ്രഭാതഭക്ഷണം കഴിഞ്ഞ് അയാള്‍ താഴ്വാരത്തിലേയ്ക്ക് യാത്രയായി. ഫ്രാന്‍സിസ്ക്കയെന്ന ചിത്രശലഭം കൂടുവിട്ട് പറക്കുകയാണ്. അവള്‍ തന്‍റെ വാഹനത്തില്‍ റോബര്‍ട്ടിന്‍റെ പിന്നാലെ അവിടെ ചെല്ലുന്നു. കാട്ടുചെടികള്‍ക്കിടയിലൂടെ നടന്ന് ചിത്രങ്ങളെടുത്തും സംസാരിച്ചും വീണ്ടും അവര്‍ തിരികെ ഫ്രാന്‍സിസ്ക്കയുടെ വീട്ടിലെത്തുന്നു. ഒരു ജന്മം മുഴുവന്‍ കാത്തിരുന്ന് കണ്ടെത്തിയവരെപ്പോലെയാണ് ഇപ്പോള്‍ റോബര്‍ട്ടും ഫ്രാന്‍സിക്കയും. ശരിതെറ്റുകളുടെ ചോദ്യചിഹ്നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴാന്‍ തുടങ്ങുകയാണ് ഇനി. കടമകളേറ്റുവാങ്ങി ജീവിക്കുന്ന ഒരു ഭാര്യയില്‍ നിന്നും പ്രണയഭാവത്തിന്‍റെ സ്വാഭാവിക തിളക്കമാര്‍ന്നൊരു നദി നിറഞ്ഞൊഴുകുകയാണ്. അവിടെ, മറയ്ക്കപ്പെടാത്തവരായി അവര്‍ പരസ്പരം തിരിച്ചറിയുന്നു. മിഴികളടയുന്ന ധ്യാനനിമീലതമായൊരു ആവരണത്തിനുള്ളില്‍ ഉള്ളകങ്ങളെല്ലാം വിരിയുകയാണ്. അങ്ങനെ നാലാം ദിനവും കഴിയവേ പിരിയാനുള്ള സമയമായി. വേദനയൊതുക്കിയും പിടച്ചിലുകളെ അടിച്ചൊതുക്കിയും പിരിയുകയാണവര്‍. ഏതാനും സമയത്തിനുള്ളില്‍ ഫ്രാന്‍സിസ്ക്കയുടെ ഭര്‍ത്താവും മകളുമൊക്കെ തിരിച്ചെത്തി. ഒരു നിമിഷം കൊണ്ടാണവര്‍ ദുഃഖംകൊണ്ട് കാറുകൊണ്ട തന്‍റെ മുഖത്ത് ഒരു തിരിവെട്ടം തെളിച്ചുവച്ച് അവരെ സ്വീകരിക്കാനോടിച്ചെല്ലുന്നത്. മറ്റൊരു മാര്‍ഗ്ഗവുമില്ലാതെ വരുന്ന ഒരു പാവം വീട്ടമ്മയ്ക്ക് ദൈവം നല്‍കുന്ന സിദ്ധിയല്ലാതെ മറ്റെന്താണിത്?.
അടുത്തദിവസം ഫ്രാന്‍സിസ്ക്കയും ഭര്‍ത്താവും കൂടി മാര്‍ക്കറ്റില്‍ പോയതാണ്. കനത്തമഴയും കാറ്റും. വണ്ടിയില്‍ ഒറ്റയ്ക്കിരുന്ന ഫ്രാന്‍സിസ്ക്ക റോബര്‍ട്ടിന്‍റെ വാഹനം കാണുന്നു. അയാള്‍ മഴനനഞ്ഞങ്ങനെ നില്‍ക്കുകയാണ്; കുതിര്‍ന്നുലഞ്ഞ മാനം പോലെ. സാധനങ്ങള്‍ വാങ്ങി മടങ്ങിയെത്തിയ ഭര്‍ത്താവ് വണ്ടി സ്റ്റാര്‍ട്ടാക്കി. ചുവന്ന സിഗ്നല്‍ തെളിഞ്ഞപ്പോള്‍ വാഹനങ്ങളുടെ നീണ്ടനിര നിശ്ചലമായി. അവരുടെ വാഹനത്തിന്‍റെ തൊട്ടുമുന്‍പില്‍ റോബര്‍ട്ടിന്‍റെതാണ്. തൊടാതെ തൊടുന്ന മനങ്ങളുടെ പൊള്ളല്‍ പ്രേക്ഷകര്‍ക്കും തിരിച്ചറിയാനാവും ഈ വേളയില്‍. ഒന്നും മിണ്ടാതെ അയാള്‍ ക്ഷണിക്കുന്നുണ്ട് അവളെ, തന്‍റെ കൂടെപ്പോരാന്‍. ലൂര്‍ദ്ദില്‍ നിന്നും തനിക്കു കിട്ടിയ ഒരു വെഞ്ചരിച്ച കുരിശുമാല അവള്‍ റോബര്‍ട്ടിനു കൊടുത്തിരുന്നു. അതയാള്‍ ഉയര്‍ത്തിപ്പിടിച്ച് വാഹനത്തിന്‍റെ മേലെത്തട്ടില്‍ തൂക്കിയിടുന്ന ഒരു രംഗമുണ്ട്. വിതുമ്പിയെത്തുന്ന ഒരു നദി പൊട്ടിയൊഴുകുകയാണ് അവളുടെ മിഴികളിലൂടെ. ഡോര്‍ ഹാന്‍ഡിലില്‍ പിടിച്ച് അറിയാതെ തിരിച്ചുപോവുന്നുണ്ടെങ്കിലും തുറക്കാനുള്ള ധൈര്യവുമില്ല അവള്‍ക്ക്. ഹൃദയം നെഞ്ചുകൂടു തുറന്ന് പുറത്തേയ്ക്കോടിപ്പോകുന്നുമുണ്ട്. പക്ഷേ... പച്ചസിഗ്നല്‍ തെളിഞ്ഞു. അല്പനേരം കൂടി കാത്തശേഷം റോബര്‍ട്ടിന്‍റെ വാഹനം തിരക്കിലേയ്ക്കലിഞ്ഞുപോയി.
നാളുകള്‍ക്കുശേഷം ഫ്രാന്‍സിസ്ക്കയുടെ ഭര്‍ത്താവ് രോഗാതുരനായി. 'ഉത്തമ'ഭാര്യയായി അവര്‍ അയാളെ ആശ്വസിപ്പിക്കുകയും മരണം വരെ ശുശ്രൂഷിക്കുകയും ചെയ്തു. വീണ്ടും കുറേക്കാലം കൂടി കഴിഞ്ഞപ്പോള്‍ ഒറ്റയ്ക്കു കഴിയുന്ന വൃദ്ധയായ ഫ്രാന്‍സിസ്ക്കയെത്തേടി ഒരു കൊറിയറെത്തി. റോബര്‍ട്ടിന്‍റെ വില്‍പത്ര പ്രകാരം അയാളുടെ വക്കീല്‍ അയച്ചതായിരുന്നു അത്.
വിറയ്ക്കുന്ന കരങ്ങളോടെയാണ് അവര്‍ ആ പെട്ടി തുറക്കുന്നത്. അനശ്വരമായ നാലുദിനങ്ങള്‍ എന്ന തലക്കെട്ടെഴുതിയ ഒരു ഫോട്ടോ ഡയറി, അവള്‍ പണ്ട് അയാള്‍ക്കു കൊടുത്ത കുരിശുമാല, തന്‍റെ ഫോട്ടോഗ്രാഫിക് എസ്സേയ്ക്ക് അവാര്‍ഡ് ലഭിച്ചതിന്‍റെ വാര്‍ത്തയും ഫലകവും എന്നിവയായിരുന്നു പെട്ടിയ്ക്കുള്ളില്‍. വിറയ്ക്കുന്ന മനവും കൈകളുമായി ഫ്രാന്‍സിസ്ക്ക നില്‍ക്കുകയാണ്. നിറകണ്ണുകളെ മെല്ലെ തൊട്ടുണക്കി അവള്‍ ആ അക്ഷയസ്നേഹത്തിനു മുന്‍പില്‍ നിശ്ചലയായി. നന്ദിയോടെ, നിറവോടെ, അനശ്വരമായൊരു വികാര വായ്പോടെ...
തുടര്‍ന്നുള്ള രംഗങ്ങളില്‍ മക്കള്‍ തങ്ങളുടെ അമ്മയുടെ വില്‍പ്പത്രം വായിക്കുകയാണ്. തന്‍റെ ചിതാഭസ്മം മഡിസന്‍ കൗണ്ടിയിലെ പാലത്തില്‍ നിന്ന് താഴ്വാരത്തിലേയ്ക്കു തൂവണമെന്നാണ് അതില്‍ പറഞ്ഞിരിക്കുന്നത്. മിഴിനീരോടെ മക്കളത് ചെയ്യുന്നുണ്ട്. അദൃശ്യപ്രണയത്തിന്‍റെ കെടാത്ത ദീപ്തിയുമായ് റോബര്‍ട്ടും ഫ്രാന്‍സിസ്ക്കയും പ്രേക്ഷക ഹൃദയങ്ങളിലേയ്ക്ക് ചേക്കേറുകയാണ് ഈ സിനിമയിലൂടെ.