top of page

'പാകം'

Oct 18, 2017

3 min read

 feet of a person

ജീവിതവുമായി അഭേദ്യമായ ബന്ധമുള്ളൊരു വാക്കാണത്, പാകം... ചിലപ്പോള്‍ ജീവിതത്തെ തന്നെ ആ വാക്കുകൊണ്ട് അളക്കാനായേക്കും. പാകമാവുന്ന ഒന്നാണ് എവിടെയും ആര്‍ക്കും ആവശ്യം.

കഥയില്‍ സിന്‍ഡ്രല്ലായുടെ കാലിനു മാത്രം പാകമാകുന്ന ഒരു ചെരിപ്പുണ്ട്. ഒരു രാജ്യത്തെ മുഴുവന്‍ പെണ്‍കുട്ടികളുടെയും കാലിനു പാകമാകാതെ, ഒരേയൊരാളുടെ കാലിനു മാത്രം പാകമാകുന്ന ഒരേയൊരു ചെരിപ്പ്. അങ്ങനെയൊരു ചെരിപ്പുണ്ടാകുമോ...? അപ്പോള്‍ പാകമാവുക എന്നതിന് ഒരുപാട് അര്‍ത്ഥാന്തരങ്ങള്‍ ....

ഒരിക്കല്‍ ശിഷ്യന്‍ ഗുരുവിനരികില്‍ ചെന്നു...

"എന്താവും... " ഗുരു.

"ഒരു unwanted feeling.." ശിഷ്യന്‍ പരിതപിച്ചു.

"ഉം...."

"എന്നെ ആര്‍ക്കും വേണ്ടാത്ത പോലെ.. ഒരിടത്തും ഞാനൊരു ആവശ്യമൊന്നുമല്ല. എന്തിനാണിങ്ങനെ?"

ശിഷ്യന്‍ സങ്കടത്തോടെ നിര്‍ത്തി. ബാക്കി അങ്ങ് മനസ്സിലാക്കുമല്ലോ എന്ന് മൗനം കൊണ്ട് രേഖപ്പെടുത്തി.

ഗുരു ഒന്നും മിണ്ടുന്നില്ല.

മൗനം ഇത്തിരി നീണ്ടപ്പോള്‍ ശിഷ്യന്‍ പതിയെ പറഞ്ഞു, ആത്മഗതമാണ്, എന്നാലും ഗുരു കേള്‍ക്കണം...

"മനസ്സിലാവണമെന്നില്ല, എല്ലാ അര്‍ത്ഥത്തിലും സ്വീകാര്യരാവുന്നവര്‍ക്കൊന്നും, എല്ലാ അര്‍ത്ഥത്തിലും അസ്വീകാര്യരാവുന്നതിന്‍റെ സങ്കടമൊന്നും മനസ്സിലാവാന്‍ വഴിയില്ല. പിന്നെ, വെറുതേ..."

അപ്പോള്‍ ഗുരു പറഞ്ഞു,

"നീയിങ്ങനെ നിരാശപ്പെടാതെ, പരിഹാരമുണ്ടാക്കാം. നമുക്കെന്തെങ്കിലും ഒന്നു കഴിച്ചിട്ടു സംസാരിക്കാം. നിനക്കു വിശക്കുന്നുണ്ട്, ഇല്ലേ?"

ആവട്ടെ എന്ന് ശിഷ്യന് മൗനസമ്മതം.

ഗുരു മേശമേല്‍ വിഭവങ്ങള്‍ നിരത്തി. ശിഷ്യന്‍ കൈ കഴുകി വന്നിരുന്നപ്പോള്‍ മുമ്പില്‍ ഒരു സമചതുര പാത്രത്തില്‍ ഒരു തുണ്ട് നെല്‍പ്പാടം കാറ്റത്തിളകി നില്‍ക്കുന്നു. മണ്ണോടു കൂടി അടര്‍ത്തിയെടുത്തു വച്ച പോലെ...

ശിഷ്യന്‍ ഒന്നു പകച്ചു. അപ്പോള്‍ തൊട്ടടുത്ത് മറ്റൊരു പാത്രത്തില്‍ ഒരു കോഴി ജീവനോടെ, എന്തൊക്കെയോ കൊത്തിപ്പെറുക്കി നില്‍ക്കുന്നു..

ശിഷ്യന്‍ അന്ധാളിപ്പോടെ നോക്കി...

അപ്പോള്‍ ഗുരു: "നല്ല ഭംഗിയില്ലേ..?"

"മനസ്സിലായില്ല." ശിഷ്യന്‍.

അപ്പോള്‍ ഗുരു: "എന്താണിത്ര മനസ്സിലാവാന്‍..? കഴിച്ചോളൂ.."

ശിഷ്യന്‍ ഞെട്ടി. ഇങ്ങേര്‍ക്കു വട്ടാണോ? ശരിക്കും...

അപ്പോഴും ഗുരു ആത്മാര്‍ത്ഥതയോടെ നിലകൊള്ളുന്നു..

ശിഷ്യന്‍ പറഞ്ഞു: "എനിക്ക് ഇപ്പോ... കുഴപ്പമൊന്നുമില്ല. ഒക്കെ ഓരോ തോന്നലായിരുന്നു.. ഇപ്പോ അതൊക്കെ മാറി..."

എന്നിട്ട് പതുക്കെ എഴുന്നേല്‍ക്കാന്‍ തുടങ്ങി. ഗുരു അവിടെ പിടിച്ചിരുത്തിയിട്ട് പറഞ്ഞു: "അതു പറ്റില്ല. നീ കഴിച്ചിട്ടു പോയാല്‍ മതി. നിനക്കു നല്ല വിശപ്പുണ്ട്... എനിക്കറിയാം... "

ശിഷ്യന് സങ്കടം വന്നു.

"ഇതെങ്ങനെ കഴിക്കും?" അയാള്‍ ക്ഷോഭത്തോടെ ചോദിച്ചു.

അപ്പോള്‍ ഗുരു പറഞ്ഞു: "അതു സാരമില്ല. വെന്തിട്ടില്ലെന്നല്ലേയുള്ളൂ.."

ശിഷ്യന് മനസ്സിലായി, പാവം, വെളിപാടുകളുടെ ആധിക്യം കൊണ്ട് വെളിവു പോയതാണ്. എങ്ങനെയും രക്ഷപ്പെടണം. ശിഷ്യന്‍ കൈകൂപ്പിക്കൊണ്ട് എഴുന്നേറ്റു.

"എനിക്കൊന്നും വേണ്ട.. ഞാന്‍ പൊയ്ക്കോളാം, പിന്നെ വരാം."

ഗുരു: "ശ് ശ് വേണ്ടാന്നൊന്നും പറയരുത്. അതിനൊക്കെunwanted feeling വരും... ചോറായില്ലെന്നല്ലേ ഉള്ളൂ. അരിമണി കതിരിനുള്ളില്‍ തന്നെ ഉണ്ടല്ലോ.. കറി ആയില്ലെന്നല്ലേ ഉള്ളൂ.. ദാ, കോഴി ഇറച്ചിയോടു കൂടി നില്‍പ്പുണ്ടല്ലോ..."

ശിഷ്യന് മിഴി നിറഞ്ഞു.

"അങ്ങെന്നെ പരിഹസിക്കുകയാണല്ലേ."

ഗുരു എഴുന്നേറ്റ് ശിഷ്യനരികെ ചെന്നു.

"അല്ല, സത്യമായും ഞാന്‍ കുറേ പരിശ്രമിച്ചതാണ് ഇതൊക്കെ ഒന്നു പാകപ്പെടുത്തിയെടുക്കാന്‍. പക്ഷേ, ഈ കതിരൊക്കെ പാടത്തിറങ്ങി അരിവാളുകൊണ്ട് കൊയ്ത്, കറ്റ കെട്ടി, മെതിച്ച്, തൊലി കളഞ്ഞ്, പുഴുങ്ങി, ഉണക്കി, വീണ്ടും വേവിച്ച്, ചോറാക്കുമെന്നു പറഞ്ഞപ്പോള്‍ അത് തനിക്ക് ഓര്‍ക്കാന്‍ പോലും വയ്യെന്ന് പാടം പറഞ്ഞു.. പാടത്തിറങ്ങാന്‍ പോലും അതെന്നെ സമ്മതിച്ചില്ല.

പിന്നെ കോഴി... ആദ്യം കൊല്ലും എന്നു പറഞ്ഞതേ, അത് മരിക്കാറായി. പിന്നെ ഉപ്പും മുളകും മഞ്ഞളും ഒക്കെ ചേര്‍ത്ത് കഷണങ്ങളാക്കി നുറുക്കി തീയില്‍ വച്ച് വേവിക്കുമെന്നൊക്കെ കേട്ടപ്പോള്‍ അതെന്നെ കൊല്ലാന്‍ വന്നു. ഒരു കഠിനതകളിലൂടെയും കടന്നു പോകാന്‍ അതിനു മനസ്സില്ലത്രേ... വേണമെങ്കില്‍ ഇങ്ങനെ തിന്നോളാന്‍ പറഞ്ഞു രണ്ടും..

അല്ല, ചോറും കറിയുമൊക്കെ നിത്യവും കഴിക്കുന്ന നിനക്കെന്തേ ഇത് വേണ്ടെന്ന് തോന്നാന്‍.....?"

ശിഷ്യന്‍ ദയനീയമായി ഗുരുവിനെ നോക്കി. കിറുക്കായതാണോ എന്നൊരു ചോദ്യത്തിന്‍റെ നിഴല്‍ കൂടി ആ നോട്ടത്തിലൊളിച്ചു.

അപ്പോള്‍ ഗുരു ചിരിച്ചു.

"നീ വേണ്ടെന്നൊന്നും പറയരുത്. ഞങ്ങളെ ആര്‍ക്കും വേണ്ടെന്നും പറഞ്ഞ് അവ കൂടി കരഞ്ഞുകൊണ്ടു വന്നാല്‍ ഞാന്‍ വേണ്ടേ പരിഹാരമുണ്ടാക്കാന്‍.. നമ്മള്‍ അവയ്ക്ക് You are wanted എന്ന feel കൊടുക്കണം. ഇല്ലെങ്കില്‍ ഒരു ൗിംunwanted feeling ല്‍ അവരും നിന്നെപ്പോലെ....."

ശിഷ്യന്‍റെ മുഖം കുനിഞ്ഞു. ഉള്ള് നീറി.

ഗുരു സാന്ത്വനപൂര്‍വ്വം പറഞ്ഞു:

"നിന്‍റെ അനുഭവങ്ങളിലൂടെയാണ് നീ പാകപ്പെടേണ്ടത്. നീ unwanted എന്നു തോന്നുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം ഇപ്പോള്‍ ആയിരിക്കുന്നതു പോലെയല്ല, നീ ആയിരിക്കേണ്ടതെന്നാണ്...."

ഗുരു തുടര്‍ന്നു: "നീ കടന്നു പോകേണ്ട കഠിനതകള്‍ ഉണ്ട്, പാകപ്പെട്ട ഒന്നായി മാറാന്‍ നിന്‍റെ മേല്‍ വന്നുഭവിക്കുന്ന കഠിനതകള്‍ക്ക് നീ വിധേയപ്പെടണം. അങ്ങനെ, ആയിരിക്കേണ്ടതു പോലെ, നീ ആയിരിക്കുമ്പോള്‍ നീ wanted ആണെന്നു മറ്റുള്ളവര്‍ക്കെന്ന പോലെ നിനക്കും തോന്നും. അല്ലാതെ, മറ്റുള്ളവര്‍ ഇപ്പോള്‍, ഈ അവസ്ഥയില്‍ എന്നെ അംഗീകരിക്കണം എന്നു പറയുന്നത് പാകപ്പെടാത്ത പാടവും കറി വെക്കാത്ത കോഴിയും തിന്നണം എന്ന് പറയുന്നതു പോലെയല്ലേ...?"

ശിഷ്യന്‍ അപ്പോള്‍ താന്‍ ഓടി രക്ഷപ്പെട്ട അവസ്ഥകളെയും ഒഴിഞ്ഞു മാറിയ അനുഭവങ്ങളെയും ഒട്ടും വിധേയപ്പെടാതെ മര്‍ക്കടമുഷ്ടി കൊണ്ട് കീഴ്പ്പെടുത്തിയ അവസരങ്ങളെയും ഒക്കെ ഓര്‍ത്തു. അപ്പോള്‍ ഗുരു പറഞ്ഞു: സഹനമെന്നത് പാകപ്പെടലാണ്.. അതല്ലെങ്കില്‍ ഒടുവിലത്തെ മഹാവിരുന്നിലേക്ക് നീയി പാടവും കോഴിയും പോലെ വിളമ്പപ്പെട്ടാലോ...."

ഗുരു ചിരിച്ചു. പിന്നെ ശാന്തനും സ്വസ്ഥനുമായ ശിഷ്യന് ഗുരു ഭക്ഷണം കൊടുത്തു.

സകല കഠിനതകളിലൂടെയും കടന്ന് നളപാകം രുചിയേറിയ ഭക്ഷണം.

നിറവോടെ, തൃപ്തിയോടെ ശിഷ്യന്‍ യാത്രയായി. പാകപ്പെടാന്‍ വേണ്ടി ജറുസലേമിലേക്കു പോയ, യുഗാന്ത്യത്തോളം കൂടെയിരിക്കാന്‍ തക്ക വിധം, ഉള്ളിലേക്ക് വരാന്‍ തക്കവിധം പാകപ്പെട്ട അപ്പവും വീഞ്ഞുമായ ഗുരുവിനൊപ്പം അയാള്‍ നടന്നു.

ഇനി അയാള്‍ തന്‍റെ അനുഭവങ്ങളില്‍ പുടപാകം ചെയ്യപ്പെടും എന്നു ഗുരുവിന് ഉറപ്പാണ്.

സ്വര്‍ഗ്ഗരാജ്യത്തിനായി പാകപ്പെടുന്നതിനെക്കുറിച്ചാണ് എപ്പോഴും അവിടുന്നു പറഞ്ഞുകൊണ്ടിരുന്നത്.

കലപ്പയില്‍ കൈ വച്ചിട്ട് തിരിഞ്ഞു നോക്കുന്നവന്‍, ധനികന്‍, എന്നെക്കാളുപരി മറ്റു പലതിനെയും സ്നേഹിക്കുന്നവന്‍ ... ഒന്നും എനിക്ക് പാകമല്ല, എന്‍റെ രാജ്യത്തിനും, എന്നു തന്നെയാണ് അവിടുന്ന് പറഞ്ഞത്.

സ്വര്‍ഗ്ഗരാജ്യത്തിലെ വിരുന്നിന് ചേര്‍ന്ന വിധം പാകപ്പെട്ട ഒരാളുണ്ട്... ലോകത്തിന്‍റെ എല്ലാം, ഉടുവസ്ത്രങ്ങള്‍ വരെ ഉരിഞ്ഞു കൊടുത്തിട്ടയാള്‍ നടന്നത് ഒരു ബലിക്കല്ലിലേക്കാണ്.. പാകപ്പെടാന്‍ വേണ്ടി, അങ്ങനെ ക്രിസ്തുവിന്‍റെ കാലടികള്‍ക്കൊപ്പം തന്‍റെ കാലടികളെയും അയാള്‍ പാകപ്പെടുത്തി, ദ്വിതീയ ക്രിസ്തു.. വി. ഫ്രാന്‍സിസ്..

അങ്ങനെ പാകപ്പെട്ട മറ്റാരാണുള്ളത്..

ചുറ്റുപാടുകളും അനുഭവങ്ങളും ഒക്കെ പാകപ്പെടുത്തുകയാണ്. അവയോട് കലഹിച്ചിട്ടെന്താവാന്‍.. പാകപ്പെടാനുള്ള വിളിയാണ് ജീവിതം, മനസ്സുള്ളവര്‍ക്ക്.. ധൈര്യമുള്ളവര്‍ക്ക്... വി. ഫ്രാന്‍സിസിനെപ്പോലെ.

സ്വര്‍ഗ്ഗരാജ്യത്തിലെ വിരുന്നിന് ചേര്‍ന്ന വിധം പാകപ്പെട്ട ഒരാളുണ്ട്... ലോകത്തിന്‍റെ എല്ലാം, ഉടുവസ്ത്രങ്ങള്‍വരെ ഉരിഞ്ഞു കൊടുത്തിട്ടയാള്‍ നടന്നത് ഒരു ബലിക്കല്ലിലേക്കാണ്.. പാകപ്പെടാന്‍ വേണ്ടി, അങ്ങനെ ക്രിസ്തുവിന്‍റെ കാലടികള്‍ക്കൊപ്പം തന്‍റെ കാലടികളെയും അയാള്‍ പാകപ്പെടുത്തി, ദ്വിതീയ ക്രിസ്തു.. വി. ഫ്രാന്‍സിസ്..




Featured Posts