top of page
ഹൃസ്വമാണീ ജന്മം. യാത്ര പിക്നിക് അല്ല, പില്‍ഗ്രിമേജ് (pilgrimage) ആണെന്ന തോന്നല്‍ ഈയിടെ തെല്ലു കൂടിയിട്ടുണ്ട്. യാക്കോബ് ഈ ജന്മത്തിന്‍റെ ക്ഷണികതയെക്കുറിച്ചു പറഞ്ഞു: "നാളത്തെ ജീവിതം എങ്ങനെയുള്ളതായിരിക്കും എന്ന് നിങ്ങള്‍ക്കറിഞ്ഞുകൂടാ. അല്പനേരത്തേക്ക് പ്രത്യക്ഷപ്പെടുകയും അതിനുശേഷം അപ്രത്യക്ഷമാകുകയും ചെയ്യുന്ന മൂടല്‍മഞ്ഞാണ് നിങ്ങള്‍" (4: 14). ജ്ഞാനിയായ സോളമന്‍ പറഞ്ഞു;ڈ "ഒരിക്കലും ഉണ്ടായിരുന്നില്ല എന്ന വിധം നാം മറഞ്ഞു പോകും.... ക്രമേണ നമ്മുടെ നാമം വിസ്മൃതമാകും" (2: 2). ഈ ചെറിയ ജീവിതത്തിനിടയില്‍ ചിലര്‍ മാലാഖമാരെ കാണാറുണ്ട്. അവരുടെ മനസ്സ് മോഷ്ടിക്കാറുണ്ട്. അത് നമ്മെ കാണിച്ചു തരാറുണ്ട്. അങ്ങനെ ഈയിടെ സംഭവിച്ചു എന്‍റെ ജീവിതത്തില്‍.
മൂന്നു മാസത്തോളം കാലിനു പറ്റിയ ഒരു പൊട്ടലുമായി വിശ്രമത്തിലായിരുന്നു ഞാന്‍. കാണുവാന്‍ വന്ന ഒരാള്‍ തന്‍റെ കദനകഥ വിവരിച്ചത് ഞാന്‍ കേട്ടിരുന്നു. ആരോഗ്യത്തോടെ ഓടി നടക്കുമ്പോഴാണ്, അയാളും എന്നെപ്പോലെ ഒന്നു വീണത്; തുടര്‍ന്ന് ഡങ്കുപനി പിടിച്ച് ആശുപത്രിയില്‍ പത്തു ദിവസത്തോളം ഐ.സി.യു. വില്‍ കിടക്കേണ്ടി വന്ന കഥ. തൊട്ടടുത്തു കിടന്ന പലരെയും അല്പനേരത്തെ ഉറക്കത്തിനു ശേഷം അദ്ദേഹം കണ്ടില്ല. ഡിസ്ചാര്‍ജ് ആയതല്ല. മരിച്ച് കൊണ്ടുപോയതാണ്. തന്‍റെയും ജീവിത കഥ ദുരന്തപര്യവസായി ആകുമെന്ന് ഉറപ്പാക്കി, പ്രാര്‍ത്ഥനകള്‍ ഉരുവിട്ട് കിടന്നു അയാള്‍. ഒടുവില്‍ പക്ഷെ, അയാള്‍ ജീവിതത്തിലേക്ക് വന്നു. രോഗക്കിടക്കയില്‍ തീര്‍ത്തും നിസ്സഹായനായ ഒരുവന്‍റെ വേദന ഞാന്‍ ആ മുഖത്തു കണ്ടു. ഞാന്‍ ചോദിച്ചു: മരണത്തിന് തീര്‍ത്തും ഒരുങ്ങിയിരുന്നല്ലൊ? അദ്ദേഹം മറുപടി പറഞ്ഞു: ഒരുങ്ങിയെന്നു മാത്രമല്ല, എല്ലാവരോടും ക്ഷമിച്ചു പ്രാര്‍ത്ഥിച്ചു ഞാന്‍. അല്ല, ഇനി ഞാന്‍ ആരോടാണ് കോപിക്കുക? സ്വരമുയര്‍ത്തി ശകാരിക്കുക? കലഹിക്കുക? ഇന്നു കണ്ട് നാളെ ഞാന്‍ കാണാത്ത, അഥവാ എന്നെ കാണാത്ത മരണത്തിന്‍റെ പിടിയില്‍ നിന്ന് കുതറാന്‍ വെമ്പുന്ന സാധു മനുഷ്യരോട് എനിക്കിനി യാതൊരു പരിഭവവും ഇല്ലല്ലോ? ഇനി എനിക്ക് കലഹങ്ങളില്ല. മരണം അത്രമേല്‍ അടുത്താണ്, ഒരു കൈയ്യെത്തും ദൂരത്ത്. ഞാനത് കണ്ടറിഞ്ഞു. അപ്പോള്‍ ആ കണ്ണുകളില്‍ ഞാന്‍ കണ്ടു, ഒരു സൗമ്യ നിലാവ്; ഇനി അയാള്‍ കഠിനമാകാന്‍ സാധ്യതയില്ല. കൂടാതെ, ഒരു തീരുമാനവും അദ്ദേഹം എടുത്തിരുന്നു: ശേഷിച്ച കാലം, സഞ്ചരിക്കണം... ഏതെങ്കിലുമൊക്കെ കിടപ്പുരോഗികളുടെ ചാരെ ഇരിക്കണം.... ഇത്രയും നാള്‍ ഇമ പൂട്ടാതെ അവരെ ശുശ്രൂഷിച്ച് കൂട്ടിരിപ്പുകാരോടു പറയണം: ഇന്ന് ഞാന്‍ ഇവിടെ ഇരിക്കാം, ശുശ്രൂഷിച്ചോളാം.... നിങ്ങള്‍ കുറേ നാളായിട്ടുണ്ടാവും പുറത്തേക്ക് ഒക്കെ ഒന്നു പോയിട്ട്, അല്ലെ... പൊയ്ക്കോളൂ.. പോയി ഒരു സിനിമയൊക്കെ കണ്ടിട്ടു വന്നാല്‍ മതി. ഞാന്‍ കൂട്ടിരുന്നോളാം. മരുന്നൊക്കെ ഒന്നെടുത്തു വച്ചാല്‍ മതി...
അന്ന്, സ്നേഹത്തിന് അസാമാന്യമായ ഒരു വശ്യതയുള്ളതായി എനിക്കു തോന്നി. നാളേറെയായി രോഗികളെ പരിപാലിക്കുന്നരുടെ മനസ്സറിയുക, അവര്‍ക്കായി തെല്ലു നേരം മാറ്റിവയ്ക്കുക. അയാളുടെ മുഖം നക്ഷത്രം പോലെ മിന്നുന്നു... തേനില്‍ വീണ ഈച്ചയെപ്പോലെ ചിറകിന് കനംവച്ച് അയാള്‍ ഇനി കിടപ്പുരോഗികളുടെ കൂടെയുണ്ടാവും...
ടാഗോര്‍ കുറിച്ച കവിത ഓര്‍മ്മ വരുന്നു: "ലോകമെ, ഞാന്‍ വേര്‍പിരിയുമ്പോള്‍ എനിക്കായി നിന്‍റെ നിശബ്ദതയില്‍ ഒരു വാക്കു കരുതിവയ്ക്കുക, ഞാന്‍ സ്നേഹിച്ചിരുന്നുവെന്ന്."
ആഴ്ചയുടെ എല്ലാ അവസാന നാളുകളിലും അപ്രത്യക്ഷനാകുന്ന ഒരു ഗുരുവിനെക്കുറിച്ച് ഒരു കഥ കേട്ടിട്ടുണ്ട്. ശിഷ്യന്മാര്‍ ആകുലപ്പെട്ടു: ഗുരുവിന്‍റെ തിരോധാനത്തിന്‍റെ പൊരുളറിയാന്‍ അവര്‍ ആശിച്ചു. അവര്‍ അനുമാനച്ചു: ഏകാന്തതയില്‍ നിഗൂഢമായ ദൈവസമാഗമത്തിലാവും അദ്ദേഹം... ശിഷ്യര്‍ക്ക് സ്വപ്നം കാണാന്‍ ആവാത്ത ആത്മീയ സംഗമത്തിലാവും ഗുരു.. അങ്ങനെ അവര്‍ ആശ്വസിച്ചിരിക്കെ, ഒരു ശിഷ്യന്‍ ഗുരുവിന്‍റെ പുറകെ പോകാന്‍ തീരുമാനിച്ചു, ചാരനായി. ഗുരുവിന്‍റെ രഹസ്യ പ്രയാണത്തിന്‍റെ ഒടുവില്‍ അവന്‍ കണ്ടെത്തി: ഒരു സാധാരണക്കാരന്‍റെ വേഷം ധരിച്ച്, ഗുരു അങ്ങ് ഗ്രാമത്തില്‍, ഒരു പുറജാതിക്കാരിയുടെ വീട്ടിലെത്തുന്നു. ആ കുടിലില്‍ അവളുടെ തളര്‍ന്നു പോയ ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്നു. മുറി വൃത്തിയാക്കി, പാചകം ചെയ്യുന്നു. വീട്ടുവേലയ്ക്കു പോയ ആ സ്ത്രീയുടെ ഇളയ കുഞ്ഞുങ്ങളെ ഊട്ടുന്നു... പിന്നെ, അല്പനേരം പ്രാര്‍ത്ഥിച്ചിട്ട് മടങ്ങുന്നു. തിരികെയെത്തിയ ചാരനോട് മറ്റുള്ളവര്‍ തിരക്കി. അദ്ദേഹം ഏഴാം സ്വര്‍ഗ്ഗം കടക്കുന്നതു കണ്ടോ? അയാള്‍ മറുപടി പറഞ്ഞു: "അദ്ദേഹം അതിലും ഉയരത്തിലേക്കാണ് പോയത്." അതു പറയുമ്പോള്‍ അയാളുടെ വാക്കുകള്‍ മുറിയുന്നുണ്ടായിരുന്നു.
ഇന്നും ഇങ്ങനെയുള്ളവര്‍ ഉണ്ടോ? ഒടുങ്ങാത്ത ചര്‍ച്ചകളും കേമത്വം മുഴച്ചു നില്‍ക്കുന്ന സംവാദങ്ങളും വിളറി പിടിച്ച ആവേശങ്ങളും, ഉത്സവങ്ങള്‍ മാത്രം തിരയുന്ന ആള്‍ക്കൂട്ടങ്ങളും പെരുകുന്ന ഈ കാലത്ത് ചിലര്‍ നമ്മെ അത്ഭുതപ്പെടുത്തും. സൗഖ്യത്തിന്‍റെ സങ്കീര്‍ത്തനങ്ങള്‍ ഉരുവിട്ടുകൊണ്ട് എല്ലാവരും മടങ്ങുമ്പോള്‍, നമ്മെ തെരഞ്ഞ് അവരെത്തും.. മാലാഖമാര്‍!
എങ്ങനെയാണ് ഈ ഭൂമിയില്‍ ചിലര്‍ മാലാഖയുടെ മനസ്സുള്ളവരാകുക...? എനിക്കു തോന്നുന്നു... അവര്‍ തീവ്രമായ വേദനകള്‍ ഏറ്റവരാകും.. പീഡാനുഭവങ്ങളുടെ നിഴല്‍ വീണ യാതനകളാകും അവരുടെ മനസ്സിനെ ഇത്രത്തോളം ഇളതാക്കിയത്. വീണുപോയ മനുഷ്യന്‍റെ ആര്‍ത്തനാദം ശ്രദ്ധിക്കുവാന്‍ സ്വന്തം അനുഭവങ്ങളുടെ പാഠശാലയില്‍ വികാസം പ്രാപിച്ച ഒരു മനസ്സ് വേണം. ആ മനസ്സ് ഒരു തൈലമാകും. ആശ്വാസത്തൈലം.
സീറോ മലങ്കര ക്രമത്തില്‍ രോഗികളുടെ തൈലാഭിഷേക ക്രമം, ചൊല്ലിത്തീരും മുമ്പേ രോഗി മരണപ്പെടാന്‍ സാധ്യതയുണ്ട്. സാമാന്യം ദൈര്‍ഘ്യമുണ്ടതിന്; എന്നാല്‍ ചൊല്ലുന്ന പ്രാര്‍ത്ഥന രോഗിയുടെ പ്രാണനെ വീണ്ടെടുക്കുന്ന ശുശ്രൂഷയാണ്. അത് മരണത്തിനൊരുക്കുകയല്ല, മറിച്ച് നിത്യതയുടെ കവാടം കടക്കാന്‍ ആത്മാവിലവശേഷിച്ചിരിക്കുന്ന മാലിന്യങ്ങള്‍ തുടച്ചുമാറ്റുന്ന ശുചീകരണ പ്രക്രിയയാണ്. തെല്ലുബോധത്തോടെ അതില്‍ പങ്കു ചേര്‍ന്നാല്‍ ബോധ്യപ്പെടുന്ന ഒന്നുണ്ട്: ഈ സൗഖ്യത്തിന്‍റെ സങ്കീര്‍ത്തനം സഭയുടെ വലിയൊരു നിധിയാണ് - സഭ ക്രിസ്തുവിന്‍റേതും. കഫ്ക്ക പറഞ്ഞു: "ക്രിസ്തു വെളിച്ചം നിറഞ്ഞ അഗാധമായ ഒരു ഗര്‍ത്തമാണ്. കണ്ണു തുറന്നുപിടിച്ചു നടക്കുന്ന ഏവരും അതില്‍ വീഴും."
ഈ വരികളെ ക്രിസ്മസിനോടു ചേര്‍ത്ത് അനുഭവിക്കാനാകുമോ? നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ പോലെയാണെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍റെ 'ആടുജീവിതത്തില്‍' പറയുന്നുണ്ട്. ക്രിസ്മസ് ഒരു കെട്ടകഥയല്ലല്ലോ. ക്രിസ്തു ജനിച്ചുവീണതുതന്നെ ഈ ഭൂമിയുടെ മുറിവുകള്‍ ഉണക്കാനായിരുന്നു. ഏശയ്യ 53/4 പറയുംപോലെ, നമ്മുടെ വേദനകളാണ് അവന്‍ വഹിച്ചത്, നമ്മുടെ ദുഃഖങ്ങളാണ് അവന്‍ ചുമന്നത്. ഇതാ, ഒരു സദ്വാര്‍ത്ത. നിങ്ങള്‍ക്കായി ഒരു രക്ഷകന്‍ ജനിച്ചിരിക്കുന്നു. ബേത്ലഹേമിലെ കാലിത്തൊഴുത്തില്‍. സദ്വാര്‍ത്ത സുവിശേഷമാണ്. സുവിശേഷം ചിലരെ തിരഞ്ഞുപിടിച്ച് വലതുവശത്തേക്ക് മാറ്റിനിര്‍ത്തും. 'കാണുന്നവനെ' ആണ് വേദം വലതുവശത്താക്കുക. ഞാന്‍ വിശന്നിരുന്നു, നീ കണ്ടോ? ദാഹിച്ചിരുന്നു, നഗ്നനായിരുന്നു, ജയിലിലായിരുന്നു, രോഗക്കിടക്കിയിലായിരുന്നു... 'നീ കണ്ടോ...?' ക്രിസ്മസ് രാത്രിയിലും തൊഴുത്തില്‍ കിടന്ന ആ കുഞ്ഞില്‍ ദൈവത്തെ കാണാന്‍ പറ്റുന്നുണ്ടോ? ആഘോങ്ങളേറുമ്പോള്‍ കണ്ണ് മങ്ങിത്തുടങ്ങും. ജോസ്സെ സരമാഗുവിന്‍റെ 'ഗോസ്പല്‍ അക്കോര്‍ഡിങ്ങ് റ്റു ജീസ്സസ് ക്രൈസ്റ്റ്' എന്ന പുസ്തകത്തില്‍ പിതാവിനെക്കുറിച്ച് ഒരു കഥയുണ്ട്. ഹേറോദേസ് രാജാവിന് അമ്പലം പണിയുകയാണ് ജോസഫ്. അപ്പോഴാണ് രാജാവു കണ്ട സ്വപ്നത്തെക്കുറിച്ച് പടയാളികള്‍ ചര്‍ച്ചചെയ്യുന്നത് കേള്‍ക്കാന്‍ ഇടവന്നത്. രണ്ടുവയസുളള 24 കുട്ടികളുടെ ലിസ്റ്റ് എടുത്ത് വായിക്കുകയാണ് പടയാളികള്‍. നാളത്തെ പുലരി അവര്‍ക്കുള്ളതല്ല. ഉണ്ണീശോയുമുണ്ടതില്‍. ആ സന്ധ്യയില്‍ ജോസഫ് മേരിയെയും കുഞ്ഞിനെയും കൂട്ടി രക്ഷപെട്ടു, ഈജ്പ്തിലേക്ക്. പക്ഷേ ജോസഫിന് ഉറക്കം നഷ്ടപ്പെട്ടു. ആ പൈതങ്ങള്‍ കൊല്ലപ്പെട്ടത് താന്‍ മൂലമാണെന്ന കുറ്റബോധം ജോസഫിനെ അലട്ടാന്‍ തുടങ്ങി. നീതിമാനായിരുന്നു ജോസഫ്. നീതിയെന്നാല്‍ കാണലാണ്. ദൈവത്തിന്‍റെ പ്രത്യക്ഷമാണത്. ക്രിസ്മസ് ഒരു ദര്‍ശനം കൂടിയാണ്. 'ഒപ്റ്റിക്സ്' ആണ് എത്തിക്സ്.
Featured Posts
bottom of page