top of page
മതാചാര്യന്മാരെല്ലാംതന്നെ ജീവിതലക്ഷ്യമായി അവതരിപ്പിക്കുന്നത് ആത്മസാക്ഷാത്കാരമെന്നും വിശുദ്ധിയെന്നുമൊക്കെ വിശേഷിപ്പിക്കുന്ന 'പരിപൂര്‍ണ്ണത'യാണല്ലോ. ഈ പൂര്‍ണ്ണതയിലെത്താനുള്ള മാര്‍ഗ്ഗങ്ങളാണ് അവര്‍ സ്വജീവിതങ്ങളിലൂടെ സ്പഷ്ടമാക്കിയതും ദിവ്യപ്രബോധനങ്ങളായി വിശുദ്ധഗ്രന്ഥങ്ങളില്‍ വിവരിക്കുന്നതും. ശ്രീബുദ്ധനും ശ്രീരാമകൃഷ്ണനും ശ്രീ അരവിന്ദോയും രമണ മഹര്‍ഷിയുമെല്ലാം ജീവിതലാളിത്യവും ആഗ്രഹനിഗ്രഹവും താപസജീവിതത്തിലെ സാധനയുമെല്ലാം ഈ ലക്ഷ്യപ്രാപ്തിയുടെ മാര്‍ഗ്ഗങ്ങളായി സ്വീകരിച്ചവരാണ്. ഗാന്ധിജിയും നെല്‍സണ്‍മണ്ടേലയും മാര്‍ട്ടിന്‍ ലൂഥര്‍കിങ്ങ് ജൂണിയറും ലളിതജീവിതത്തിന്‍റെ മാഹാത്മ്യം സാമൂഹ്യരാഷ്ട്രീയ മേഖലകളിലേക്ക് വ്യാപിപ്പിച്ചവരാണ്. ടാഗോറിന്‍റെയും ഹെര്‍മന്‍ ഹെസ്സെയുടെയും നിക്കോസ് കസാന്‍ദ്സാക്കീസിന്‍റെയും വിക്ടര്‍ ഹ്യൂഗോയുടെയും ദോസ്തോയ്വിസ്ക്കിയുടെയും കൃതികള്‍ ആത്മാവിന്‍റെ ആര്‍ദ്രതയുടെയും സ്നേഹത്തിന്‍റെയും ഊഷ്മളതയിലേക്ക് വെളിച്ചം വീശുന്നവയാണ്. അസ്സീസിയിലെ ഫ്രാന്‍സിസിന്‍റെയും കല്‍ക്കട്ടയിലെ മദര്‍ തെരേസയുടെയും മൊറൊക്കൊയിലെ ചാള്‍സ് ദ് ഫുക്കോയുടെയും ജീവിതശൈലികള്‍ ലാളിത്യവും കരുണാര്‍ദ്രമായ സ്നേഹവും ശൂശ്രൂഷയും മനോഹരമായി സമന്വയിപ്പിക്കുന്നതായി കാണാം. വികസനത്തെപ്പറ്റിയും വളര്‍ച്ചയെപ്പറ്റിയുമുള്ള ചര്‍ച്ചകളില്‍ മേല്പറഞ്ഞ കാര്യങ്ങള്‍ അവഗണിക്കപ്പെടുന്നതിന്‍റെ കാരണം ജീവിതത്തിന്‍റെ അന്തിമമായ ലക്ഷ്യത്തെപ്പറ്റി വ്യക്തതയില്ലാത്തതാണ്. "ഭൗതിക പുരോഗതി ആത്മീയ പുരോഗതിയെക്കാള്‍ വേഗത്തിലാവാന്‍ പാടില്ല" എന്ന് ഒരു ചൈനീസ് പഴമൊഴിയുണ്ട്.
പൊതുസമൂഹത്തില്‍ ഭൗതിക വളര്‍ച്ചയും സമൃദ്ധിയും ആഘോഷിക്കപ്പെടുന്നു. സമ്പത്തും സുഖസൗകര്യങ്ങളും വളരുന്നത് നന്മയാണ്. സമ്പത്തും ആരോഗ്യവും വിദ്യാഭ്യാസവും സുഖസൗകര്യങ്ങളും എല്ലാ മനുഷ്യര്‍ക്കും അവകാശപ്പെട്ടതാകയാല്‍ ഒരു ന്യൂനപക്ഷം മാത്രം അത് അവകാശപ്പെടുത്തുമ്പോള്‍, മറ്റുള്ളവര്‍ക്ക് അത് നിഷേധിക്കപ്പെടുമ്പോള്‍, ഭൗതിക വളര്‍ച്ചയും വികസനവും തിന്മയായി ഭവിക്കുന്നു. അതായത് സമ്പത്ത്, വികസനം, സുഖസൗകര്യങ്ങള്‍ തുടങ്ങിയവയുടെ ധാര്‍മ്മിക അടിസ്ഥാനം മനുഷ്യര്‍ തമ്മിലുള്ള ബന്ധത്തിലാണ് നാം കാണേണ്ടത്. അനീതിയായി സമ്പാദിക്കുന്നതും അനര്‍ഹമായി കൈവശം വയ്ക്കുന്നതും ഇല്ലാത്തവരുമായി പങ്കുവയ്ക്കാന്‍ തയ്യാറാകാത്തതുമായ സമ്പാദ്യം മനുഷ്യന് തിന്മയുടെ ഭാരമായിത്തീരും; ജീവിതലക്ഷ്യപ്രാപ്തിക്ക് പ്രതിബന്ധമായിഭവിക്കും.