ജോര്‍ജ് വലിയപാടത്ത്
Oct 4
പൊയ്കയില്‍ യോഹന്നാന്‍ പറയാറുണ്ടായിരുന്ന 'ഒരു ചക്കിപ്പരുന്തിന്‍റെ കഥ' രാഘവന്‍ അത്തോളി ചോരപ്പരിശം എന്ന നോവലില്‍ ചേര്‍ത്തിട്ടുണ്ട്. അടിമകളായ പറയദമ്പതികള്‍ക്കു മൂന്നു കുട്ടികളായിരുന്നു. മൂത്തവന് ഒന്‍പതുവയസ്സ്. ഇളയവള്‍ക്കു ആറുവയസ്സ്. ഏറ്റവും ഇളയ ആണ്‍കുട്ടിക്ക് മൂന്നു വയസ്സ്. ഒരിക്കല്‍ തമ്പ്രാന്‍റെ കാര്യസ്ഥന്‍ പറഞ്ഞതനുസരിച്ച് മക്കളെ കുടിയിലിരുത്തി അപ്പനും അമ്മയും തമ്പ്രാന്‍റെ പടിക്കല്‍ ചെന്നു. അപ്പോള്‍ അവര്‍ക്കു രണ്ടുപേര്‍ക്കും ഓരോ തുടം എണ്ണ വീതം കയ്യിലൊഴിച്ചു കൊടുത്തു. കുളിച്ചിട്ടു വരാന്‍ പറഞ്ഞു. എണ്ണ തലയില്‍ പൊത്തിയ അടിമകളായ അവരുടെ കണ്ണിലൂടെ കണ്ണുനീര്‍ത്തുള്ളികള്‍ അണമുറിയാതെ ഒഴുകി. അടിമകളെ കൈമാറ്റം ചെയ്യുമ്പോഴും ശിക്ഷാവിധിയായി വധിക്കുന്നതിനുമുമ്പായും ഓരോ തുടം എണ്ണ നല്കി കുളിച്ചുവരുമ്പോള്‍ ഒരു നേരത്തെ ഭക്ഷണം ഇലയിട്ടു വിളമ്പിക്കൊടുക്കുമായിരുന്നു. അവര്‍ കുളിച്ചുവന്നപ്പോള്‍ അവരുടെ മൂന്നു കുട്ടികളും അവിടെ വന്നു. അവര്‍ കുട്ടികളെ മാറി മാറി മടിയിലിരുത്തി. അവസാനത്തെ ചോറുരുളയായി അവര്‍ക്കു നല്കി. അപ്പനെ തെക്കുള്ളവര്‍ക്കാണു വിറ്റത്. അമ്മയെ വടക്കുള്ളവര്‍ക്കും. അവരെ ഓരോ കയറില്‍ ബന്ധിച്ചു തെക്കോട്ടും വടക്കോട്ടും കൊണ്ടുപോയി. കണ്ണെത്താദൂരംവരെ അവര്‍ പോകുന്നതുനോക്കി കുട്ടികള്‍ നിന്നു. അപ്പനും അമ്മയുമില്ലാത്ത കുടിലിലേക്ക് അവര്‍ പോയില്ല. അവര്‍ വിജനമായ കാട്ടിലൂടെ നടന്നു. സന്ധ്യയായപ്പോള്‍ ഒരു മരച്ചുവട്ടിലിരുന്നു. ഇളയ കുട്ടികളെ ചേര്‍ത്തുപിടിച്ചു മൂത്തവന്‍ കരഞ്ഞു. "എങ്ങക്കപ്പനില്ലേ, എങ്ങക്കമ്മയില്ലേ, എങ്ങക്കാരുമില്ലേ..." അനാഥരായ അടിമസന്തതികളുടെ കണ്ണുനീരും ദുഃഖവും സ്വര്‍ഗ്ഗത്തെ ഇളക്കിയെന്നും ദൈവം ഒരു ചക്കിപ്പരുന്തായി വന്ന് അനാഥക്കുഞ്ഞുങ്ങളുടെ മുകളില്‍ വട്ടമിട്ടുപറന്ന് അവരെ ആശ്വസിപ്പിച്ചെന്നുമാണ് കഥ.
നിന്ദിതരുടെ നൊമ്പരങ്ങള്‍ മണ്ണില്‍ നിറഞ്ഞൊഴുകി കല്ലിനെപ്പോലും അലിയിക്കുമ്പോഴാണ് ദൈവപുത്രന്മാര്‍ സ്വര്‍ഗ്ഗംവിട്ട് മനുഷ്യപുത്രന്മാരായി ജന്മമെടുക്കുന്നത്. അകൃത്യങ്ങളില്‍നിന്നു പിന്‍തിരിയാനും വരാനിരിക്കുന്ന നാശത്തില്‍നിന്നു മുക്തി നേടാനും ദുഷ്പ്രവൃത്തിക്കാരെ ആഹ്വാനം ചെയ്ത സ്നാപകന്‍റെ തലയറുത്ത് താലത്തിലാക്കി സലോമി എന്ന അഭിസാരികയ്ക്കു സമ്മാനിച്ച ഹെറോദ് രാജാവിന്‍റെ വാഴ്ചക്കാലം യഹൂദിയായിലെ മര്‍ദ്ദിതരുടെ പീഡനകാലമായിരുന്നു. റോമന്‍സാമ്രാജ്യത്വത്തിന്‍റെ അടിച്ചമര്‍ത്തലും തദ്ദേശരാജഭരണത്തിന്‍റെ അധര്‍മ്മം നിറഞ്ഞ അഴിഞ്ഞാട്ടവും സഹിച്ച് മരണഭയത്തിന്‍റെ നിഴലില്‍ കഴിഞ്ഞിരുന്ന ഇടയനില്ലാത്ത ആടുകള്‍ക്കുവേണ്ടി മനുഷ്യചരിത്രത്തില്‍ നടന്ന ദൈവികതയുടെ ഇടപെടലാണ് യേശുവിന്‍റെ ജനനം. കൊട്ടാരത്തിനു വെളിയില്‍, വരേണ്യവര്‍ഗ്ഗത്തിനുപുറത്ത്, നിസ്വരുടെ ചേരിയില്‍ നടന്ന തിരുജനനം ഉയര്‍ത്തിയ ഭീഷണി ഹെറോദ്രാജാവ് നേരിട്ടത് യേശുവിന്‍റെ പ്രായക്കാരായ ശിശുക്കളെ മുഴുവന്‍ കൂട്ടക്കുരുതി കഴിച്ചുകൊണ്ടാണ്. ഹെറോദ് രാജാക്കന്മാരുടെ അധര്‍മ്മങ്ങള്‍ക്കെതിരായ ഓര്‍മ്മയുടെ യുദ്ധമാണ് യഥാര്‍ത്ഥ ക്രിസ്മസ്സ്.
രണ്ടു പരികല്പനകള്‍ വിശദമാക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. ഒന്നാമതായി, ദൈവികതയുടെ ഇടപെടല്‍ എന്നാലെന്താണ്? ഒരു വിശദീകരണമെന്ന നിലയില്‍ ഒന്നുരണ്ട് കാര്യങ്ങള്‍ സൂചിപ്പിക്കാം. മതങ്ങളുടെ ഇടപെടല്‍ ദൈവികതയുടെ ഇടപെടലായി പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കുക പതിവാണ്. ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ ഏകോപനം നടന്നേക്കാമെന്നതൊഴിച്ചാല്‍ ഇവ രണ്ടും തമ്മില്‍ കാടും കടലാടിയും തമ്മിലുള്ള ബന്ധമേ ഉള്ളൂ. കേരള രാഷ്ട്രീയത്തില്‍ മതങ്ങളുടെ ഇടപെടലും ദൈവികതയുടെ ഇടപെടലും തമ്മിലുള്ള സാങ്കല്പികസമാനത വലതുപക്ഷത്തിനനുകൂലമായി പ്രയോജനപ്പെടുത്തുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്. 'മതമില്ലാത്ത ജീവന്‍' എന്ന പാഠപുസ്തകഭാഗത്തെ സംബന്ധിച്ച് തീപിടിച്ച വിവാദത്തില്‍ മതേതരത്വത്തെ ദൈവികതയുടെ വിപരീതപദമായിട്ടാണ് വലതുപക്ഷങ്ങള്‍ പ്രതിഷ്ഠിച്ചത്. സ്വാശ്രയവിദ്യാഭ്യാസക്കച്ചവടത്തിനനുകൂലമായും ഇതുപോലൊരു വിപരീതദ്വന്ദ്വം പ്രവര്‍ത്തിപ്പിക്കുന്നതു കാണാം. ദൈവികതയുമായി ബന്ധപ്പെട്ട് പറയാവുന്ന മറ്റൊരു കാര്യം അത് ഈ ലോകത്തിനുപുറത്തെവിടെയോ ശൂന്യതയില്‍ പ്രത്യക്ഷപ്പെടുന്ന ഒരു പ്രതിഭാസമല്ലെന്നതാണ്. അത് ഇവിടെ, ഭൂമിയില്‍, പ്രകൃതിയില്‍, ചരിത്രത്തില്‍ ഇടപെട്ടുകൊണ്ടാണ് പ്രത്യക്ഷപ്പെടുന്നത.് ലോകത്തില്‍നിന്നു വേറിട്ടൊരു ദൈവികതയില്ല. നൈതികതയിലാണ് അതിന്‍റെ വേരുകള്‍ കിടക്കുന്നത്. അധര്‍മ്മമാണ് അതിന്‍റെ വിപരീതപദം. യഹൂദിയായിലെ അധര്‍മ്മപൂരിതമായ സാമൂഹികാന്തരീക്ഷത്തിലാണ് യേശുവിന്‍റെ വിധ്വംസകജനനം സംഭവിച്ചത്. ദൈവികതയുടെ ഇടപെടലുകള്‍ നിഷ്പക്ഷമല്ലെന്നതാണ് മറ്റൊരു കാര്യം. അതിന്‍റെ നയം ചേരിചേരായ്മയല്ല. അത് സാമൂഹികമായ അനാഥത്വം അനുഭവിക്കുന്നവരുടെ പക്ഷം പിടിക്കുന്നതാണ്.
രണ്ടാമതായി, യഥാര്‍ത്ഥ ക്രിസ്മസ്സ് എന്നാല്‍ എന്താണ്? നമ്മുടെ മുന്‍പില്‍ രണ്ടുതരം ക്രിസ്മസ്സുകളുണ്ട്. സമ്പന്നരുടെ ക്രിസ്മസ്സും ദരിദ്രരുടെ ക്രിസ്മസ്സും. കല്‍ക്കട്ടയിലെ ആംഗ്ളോ ഇന്‍ഡ്യന്‍ സമുദായത്തിന്‍റെ ദയനീയമായ പതനം ചിത്രീകരിക്കുന്ന അപര്‍ണാ സെന്നിന്‍റെ 36 ചൗരംഗീ ലെയ്ന്‍ എന്ന സിനിമ രണ്ടു തരം ക്രിസ്മസ്സുകള്‍ കാട്ടിത്തരുന്നുണ്ട്. പശ്ചാത്തലത്തില്‍ 'സൈലന്‍റ് നൈറ്റ് ഹോളി നൈറ്റ്' എന്ന ഗാനം അലയടിക്കുമ്പോള്‍ സമ്പന്നരുടെ ക്രിസ്മസ്സ് ആഘോഷദൃശ്യങ്ങള്‍ വെള്ളിത്തിരയില്‍ നിറയുന്നു. പാട്ടില്‍ 'മദര്‍ ആന്‍ഡ് ചൈല്‍ഡ്' എന്ന ഭാഗം വരുമ്പോള്‍ ക്യാമറ പെട്ടെന്നു തെരുവിലേക്കു തിരിയുന്നു. കീറിപ്പറിഞ്ഞ സാരിത്തലപ്പുകൊണ്ട് ചോരക്കുഞ്ഞിനെ പുതപ്പിക്കാന്‍ പാടുപെടുന്ന അമ്മയിലേക്കു ക്യാമറ ഫോക്കസ് ചെയ്യുന്നു. മദര്‍ ആന്‍ഡ് ചൈല്‍ഡ്. അവര്‍ക്കെങ്ങനെ സ്വര്‍ഗ്ഗീയശാന്തിയനുഭവിച്ച് ഉറങ്ങാന്‍ കഴിയും? ഈ യാഥാര്‍ത്ഥ്യത്തിലേക്ക് ശ്രദ്ധ തിരിക്കുന്നതാണ് യഥാര്‍ത്ഥ ക്രിസ്മസ്സ്. ഓ.എന്‍.വി.യുടെ 'ദാവീദിനൊരു ഗീതം' അവസാനിക്കുന്നത് യഥാര്‍ത്ഥ ക്രിസ്മസ്സിന്‍റെ സ്പിരിറ്റ് പ്രതിഫലിപ്പിച്ചുകൊണ്ടാണ്:
'ദാവീദേ നീയെന്‍ ശത്രു
എന്‍റെ കുഞ്ഞാട്ടിന്‍ രക്തം ആവിപാറുമെന്‍ രക്തം
നിന്‍ വീഞ്ഞുപാത്രത്തിന്‍നിന്നാവോളം പാനം ചെയ്തു
കിന്നരം വായിക്കുവാനാവില്ല നിനക്കിനി
ദാവീദേ ഞാന്‍ നിന്‍ ശത്രു'.
മയക്കുന്ന ആഘോഷമല്ല, ഉണര്‍ത്തുന്ന പ്രത്യാശയാണ് ജനങ്ങളുടെ ക്രിസ്മസ്സിന്‍റെ കാതല്‍. വേദനയുടെ തീരങ്ങളെ തഴുകുമ്പോഴാണ് സന്തോഷം സ്വര്‍ഗ്ഗീയമാകുന്നത്. നീതിയുടെ പാദങ്ങളില്‍ ചുംബിക്കുമ്പോഴാണ് സമാധാനം ദൈവികമാകുന്നത്.
ഹെറോദ്രാജാവിന്‍റെ യഹൂദിയായെ അനുസ്മരിപ്പിക്കുന്ന സ്ഥിതിവിശേഷങ്ങളാണ് നമുക്കുചുറ്റും നിലനില്ക്കുന്നത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെ കുടക്കീഴില്‍ സമ്പന്നവിഭാഗങ്ങള്‍ക്കു സാന്ത്വനവും നിസ്വവര്‍ഗ്ഗങ്ങള്‍ക്ക് അടിച്ചമര്‍ത്തലും സമ്മാനിക്കുന്ന ദേശീയ-പ്രാദേശിക ഭരണകൂടങ്ങള്‍ അതിക്രമങ്ങളില്‍ അഭിരമിക്കുന്ന കാഴ്ചയാണ് മാധ്യമങ്ങള്‍ നിത്യവും വിളമ്പുന്നത്. അഴിമതി, മലിനീകരണം, പരിസ്ഥിതി തുടങ്ങിയ പ്രശ്നങ്ങളെ സ്വയംശുദ്ധിവാദം ഉപയോഗിച്ചാണ് രാഷ്ട്രീയകക്ഷികള്‍ നേരിടുന്നത്. ദലിതര്‍, ആദിവാസികള്‍ തുടങ്ങിയ സാമൂഹ്യവിഭാഗങ്ങള്‍ കേരളീയരേയല്ലെന്ന മട്ടിലാണ് ഇടതു-വലതു സഖ്യങ്ങള്‍ പെരുമാറുന്നത.് ദലിത്-ആദിവാസി ഭൂസമരങ്ങളെ തച്ചുതകര്‍ക്കുകയും വന്‍കിടഭൂമികയ്യേറ്റങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നതില്‍ ഇരുമുന്നണികളും ഒറ്റക്കെട്ടാണ്. സര്‍ക്കാര്‍പണം ഉപയോഗിച്ചു നടത്തുന്ന എയ്ഡഡ് സ്ഥാപനങ്ങളില്‍ പട്ടികവിഭാഗങ്ങള്‍ക്ക് ഉദ്യോഗസംവരണം നടപ്പിലാക്കാത്തത് ഇരുമുന്നണികളും കണ്ണടയ്ക്കുന്നതുകൊണ്ടാണ.് പട്ടികവിഭാഗങ്ങള്‍ കുട്ടികളെ പിന്‍വലിച്ചാല്‍ സര്‍ക്കാര്‍സ്കൂളുകളും എയ്ഡഡ് വിദ്യാലയങ്ങളും നിന്നുപോകുമെന്ന കാര്യം പട്ടികവിഭാഗങ്ങള്‍ക്കു മനസ്സിലാകാത്തത് മുഖ്യധാരക്കാരുടെ ഭാഗ്യം.
ദലിത്-ആദിവാസിപ്രശ്നങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം, മലിനീകരണം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ ഇരുമുന്നണികളെയും വേര്‍തിരിക്കുന്ന വരകള്‍ മാഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്നു. ഓര്‍വലിന്‍റെ ആനിമല്‍ഫാം ആയി കേരളം മാറുകയാണോ? മാറ്റമില്ലാതെ തുടര്‍ന്നുവന്ന യഹൂദിയായുടെ വ്യവസ്ഥിതിയില്‍ പോറലേല്പിച്ച സംഭവമായിരുന്നു ബേത്ലഹേമിലെ കാലിക്കൂട്ടില്‍ പ്രകാശം പരത്തിയതും ഹെറോദിന്‍റെ ഹൃദയത്തില്‍ ഇടിത്തീ വീഴ്ത്തിയതും.