top of page

അഴിമതിയില്‍ മുങ്ങിയ കായിക ലോകം

Aug 1, 2010

3 min read

ഐഗ
Image : A cricket ball kept in darkness (Symbolizes corruption in games)

അഴിമതി സമസ്തമേഖലകളേയും വിഴുങ്ങിയിരിക്കുന്ന കാലഘട്ടത്തില്‍ കൂടിയാണ് നാം കടന്നു പോകുന്നത്. എന്തുകാര്യം സാധിക്കാനും കൈക്കൂലി കൊടുക്കേണ്ട അവസ്ഥയാണ് അതില്‍ നമുക്കൊട്ട് വിഷമവുമില്ല. കാരണം അഴിമതി സ്ഥാപനവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞു. ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ടാണ് ഏറ്റവുമധികം അഴിമതികഥകള്‍ പുറത്തു വരുന്നത്. അപ്പോഴെല്ലാം ചുരുക്കം ചില മേഖലകള്‍ അഴിമതി വിമുക്തമാണെന്ന് നാം കരുതിയിരുന്നു. അതിലൊന്നാണ് സ്പോര്‍ട്സ്. എന്നാല്‍ ആ ധാരണ അസംബന്ധമാണെന്ന് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നു.

ആഗോളപ്രശസ്തനും മലയാളിയുമായ ശശിതരൂരിന് കേന്ദ്രമന്ത്രി സ്ഥാനം നഷ്ടപ്പെടാനിടയാക്കിയ സംഭവവികാസങ്ങള്‍ മാധ്യമങ്ങള്‍ വളരെ വിശദമായി ചര്‍ച്ച ചെയ്തത് നാം കണ്ടു. കേരളത്തിന് ഐ.പി.എല്‍ ടീം അനുവദിക്കുന്നതിന് കേന്ദ്രമന്ത്രി എന്ന രീതിയില്‍ വഴിവിട്ട് പ്രവര്‍ത്തിച്ചു എന്നതായിരുന്നല്ലോ തരൂരിനെതിരായ ആരോപണം. എന്നാല്‍ തരൂരിന്‍റെ സ്ഥാനനഷ്ടത്തിന് പ്രധാന കാരണക്കാരനായ ലളിത് മോഡിയെ കുറിച്ച് പിന്നീട് പുറത്തുവന്ന കഥകള്‍ അതിലേറെ ഗൗരവമുള്ളതായിരുന്നു. മോഡിയുടെ നിരവധി ബന്ധുക്കള്‍ ബിനാമികളായി പല ടീമുകള്‍ക്കു പുറകിലുമുണ്ടെന്ന യാഥാര്‍ത്ഥ്യമാണ് പുറത്തുവന്നത്. കോടികളുടെ അഴിമതികഥകള്‍ ആരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. പണത്തിന്‍റെ കളിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ക്രിക്കറ്റ് ജ്വരം ഇന്ത്യയില്‍ ഇത്രമാത്രം രൂക്ഷമായിട്ട് അധികകാലമായില്ല. മറ്റു കായികരംഗങ്ങളുടെയും തകര്‍ച്ചക്ക് പരോക്ഷമായ ഒരു പ്രധാന കാരണം ക്രിക്കറ്റ് തന്നെ. കോടികള്‍ ഒഴുകുന്ന മേഖലയായതിനാല്‍ അഴിമതിയും ക്രിക്കറ്റിന്‍റെ കൂടെപ്പിറപ്പാണ്.

എന്നാല്‍ ക്രിക്കറ്റില്‍ മാത്രമാണോ അഴിമതിയുള്ളത്? അല്ല എന്നതാണ് വാസ്തവം. ഒളിമ്പിക്സടക്കമുള്ള കായികമേളകള്‍ക്ക് വേദിയനുവദിക്കുന്നതുമുതല്‍ അഴിമതികഥകള്‍ ആരംഭിക്കുന്നു. പണത്തിനുവേണ്ടി തോറ്റുകൊടുക്കുന്ന സംഭവങ്ങള്‍ നിരവധിയാണ്. പലപ്പോഴും വാതുവെപ്പുകാരുടെ കൈകളിലെ ഉപകരണം മാത്രമായി കായികതാരങ്ങള്‍ അധഃപതിക്കുന്നു. കളിക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം വാതുവെപ്പുകാരില്‍നിന്നു ലഭിക്കുമ്പോള്‍ എന്തിനുകളിക്കണം എന്നാണ് പല കായിക താരങ്ങളും ചിന്തിക്കുന്നത്. കായികപ്രേമികള്‍ പലരും കരുതുന്നപോലെ പിറന്ന നാടിനുവേണ്ടി മരിച്ചുകളിക്കുക എന്ന വികാരമൊന്നും ഭൂരിപക്ഷം താരങ്ങള്‍ക്കുമില്ല. കായികമേഖലക്കുണ്ടെന്ന് വിശ്വസിക്കപ്പെട്ടിരുന്ന വിശുദ്ധിയൊക്കെ എങ്ങോ പോയ്മറഞ്ഞു.

ലോകകപ്പ് ഫുട്ബോള്‍ ലഹരി ഇനിയും വിട്ടൊഴിയാത്ത അവസ്ഥയിലാണല്ലോ ലോകം. ഒളിമ്പിക്സ് കഴിഞ്ഞാല്‍ ഇന്നുള്ള ഏറ്റവും വലിയ കായിക വിനോദം. ദേശസ്നേഹം കളിയുടെ കൂടപ്പിറപ്പാണല്ലോ. ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ കളിക്കുന്നില്ലെങ്കില്‍ പോലും നമുക്ക് ഇഷ്ടടീമുകളുണ്ട്. ആ ടീമുകള്‍ക്കുവേണ്ടി മരിക്കാന്‍ പോലും ആരാധകര്‍ തയ്യാര്‍. എന്നാല്‍ പലപ്പോഴും ആ വികാരമൊന്നും കളിക്കാര്‍ക്കോ സംഘാടകര്‍ക്കോ ഇല്ല എന്നതാണ് വസ്തുത. ഫിഫ വേള്‍ഡ് കപ്പിന്‍റെ പോലും പിന്നാമ്പുറ വാര്‍ത്തകളായി എത്രയോ അഴിമതി കഥകള്‍ പുറത്തു വന്നിരിക്കുന്നു.

വാതുവെപ്പിന്‍റെ ഏറ്റവും വലിയ ദുരന്തചിത്രം എസ്കോബാറിന്‍റേതായിരുന്നു. എസ്കോബാര്‍ കൊളംബിയ ലോകകപ്പ് ഫുട്ബോള്‍ ടീം അംഗമായിരുന്നു. 1994ലെ ഫിഫ ലോകകപ്പിലായിരുന്നു ദുരന്തം അരങ്ങേറിയത്. അമേരിക്കയോട് ആദ്യറൗണ്ടില്‍ തന്നെ 2-1ന് കൊളംബിയ തോല്‍ക്കുകയായിരുന്നു. രണ്ടിലൊരു ഗോള്‍ എസ്കോബാറിന്‍റെ സെല്‍ഫ് ഗോളായിരുന്നു. എന്നാല്‍ ആ അബദ്ധത്തിന് വിലയായി തന്‍റെ ജീവന്‍തന്നെ നല്കേണ്ടി വരുമെന്ന് എസ്കോബാര്‍ കരുതിയില്ല. കൊളംബിയ പരാജയപ്പെട്ടതോടെ വാതുവെപ്പുസംഘത്തില്‍ ഒരു വിഭാഗം കോപാകുലരായി. നാട്ടിലെത്തിയ എസ്കോബാറിനെ പരസ്യമായി വെടിവെച്ചുകൊന്നായിരുന്നു അവര്‍ അമര്‍ഷം തീര്‍ത്തത്. കായികചരിത്രത്തിന് അപമാനകരമായി എന്നും ഓര്‍ക്കും ഈ ദുരന്തം.

അടുത്തകാലത്ത് ക്രിക്കറ്റിലും സമാനമായ ഒരു സംഭവമുണ്ടായി. പാക് ക്രിക്കറ്റ് കോച്ച് ബോബ് വൂമറുടെ സംശയാസ്പദമായ മരണം ഒത്തുകളിയുടെ ബാക്കിപത്രമാണോ എന്ന സംശയം ഇനിയും ബാക്കി നില്‍ക്കുന്നു. ലോകകപ്പില്‍ പാക് ടീം അയര്‍ലണ്ടിനോട് തോറ്റതാണ് സംശയത്തിന്‍റെ നിഴലില്‍ നില്ക്കുന്നത്. തുടര്‍ന്നായിരുന്നു വൂമറുടെ സംശയാസ്പദമായ മരണം. എന്നിട്ടും നാം ദേശസ്നേഹത്തിന്‍റെ പ്രതീകമായി ക്രിക്കറ്റിനെ കാണുന്നു. സിനിമാതാരങ്ങളേക്കാള്‍ ആരാധകരും പണവുമുള്ള വിഭാഗമായി ക്രിക്കറ്റ് താരങ്ങള്‍ മാറുന്നു. പാക്കിസ്ഥാനുമായുള്ള കളിയെ യുദ്ധമെന്നൊക്കെ വിശേഷിപ്പിച്ച് അനാവശ്യമായ വര്‍ഗ്ഗീയവികാരം ഇളക്കി വിടുന്നു.

ഫിഫ വേള്‍ഡ്കപ്പ് ഫുട്ബോളില്‍ ഓരോ ഗ്രൂപ്പിലേയും അവസാന രണ്ടു ലീഗ് മത്സരങ്ങള്‍ ഒരേ സമയത്താണ് നടക്കുന്നതെന്ന് നമുക്കറിയാം. നേരത്തെ അതങ്ങനെയായിരുന്നില്ല. ഈ മാറ്റത്തിനു കാരണം മറ്റൊന്നുമല്ല, ഒത്തുകളി തന്നെ. 1982ലെ ലോകപ്പ്. ഗ്രൂപ്പിലെ അവസാന കളിയില്‍ പടിഞ്ഞാറന്‍ ജര്‍മനിയും ആസ്ട്രിയയും ഏറ്റുമുട്ടുന്നു. ജര്‍മനി ഒന്നോ രണ്ടോ ഗോളിനാണ് ജയിക്കുന്നതെങ്കില്‍ ഇരു ടീമുകള്‍ക്കും പ്രീക്വാര്‍ട്ടര്‍ കളിക്കാം. കൂടുതല്‍ ഗോളിനു ജയിച്ചാല്‍ ആസ്ട്രിയക്കുപകരം അള്‍ജീരിയയായിരിക്കും യോഗ്യത നേടുന്നത്. ലോകം മുഴുവന്‍ കളികാണാന്‍ കാത്തിരുന്നു. തുടങ്ങി പത്തുമിനിട്ടിനകം തന്നെ ജര്‍മനി ആദ്യഗോളടിച്ചു. ആരാധകര്‍ ആവേശഭരിതരായി. പിന്നീടാണ് ആര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ വിരസമായ ഒത്തുകളി അരങ്ങേറിയത്. ഇരുകൂട്ടരും ഗോളടിക്കേണ്ടതില്ല എന്നു തീരുമാനിച്ച കളി. കളികണ്ടുകൊണ്ടിരുന്ന ജര്‍മന്‍ ആരാധകര്‍ അപ്പോള്‍ പ്രതികരിച്ചത് സ്വന്തം രാജ്യത്തിന്‍റെ കൊടി കത്തിച്ചായിരുന്നു. കോപാകുലരായ അള്‍ജീരിയക്കാരാകട്ടെ ഗ്രൗണ്ടിലേക്ക് പണം വലിച്ചെറിയുകയായിരുന്നു. കമന്‍റേറ്റര്‍ പോലും പ്രതിഷേധസൂചകമായി കമന്‍ററി നിര്‍ത്തി ടി.വി ഓഫ് ചെയ്യാന്‍ പ്രേക്ഷകരോടാവശ്യപ്പെട്ട സംഭവവും അരങ്ങേറി. ഈ സംഭവത്തെ തുടര്‍ന്നാണ് അവസാന രണ്ടുലീഗുമത്സരങ്ങള്‍ ഒരേ സമയത്താക്കാന്‍ തീരുമാനമായത്. ഒത്തുകളിയുടെ സാധ്യതക്ക് ചെറിയ ഒരു കുറവു വരുത്താന്‍ മാത്രം.

കുതിര പന്തയ മത്സരത്തിലെ പന്തയങ്ങള്‍ കുപ്രസിദ്ധങ്ങളാണ്. കുതിരയുടെ പരിചാരകരേയും മറ്റുമാണ് പന്തയക്കാര്‍ നോട്ടമിടുക. അവര്‍ക്ക് പണം കൊടുത്ത് സ്വാധീനിച്ച് കുതിരയുടെ ഭക്ഷണക്രമങ്ങളില്‍ മാറ്റം വരുത്തുകയാണ് മുഖ്യമായും ചെയ്യുന്നത്. ഭക്ഷണക്രമങ്ങളിലെ മാറ്റം കുതിരയുടെ ഓട്ടത്തെ ബാധിക്കുന്നത് സ്വാഭാവികം. അതുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള കലാപങ്ങള്‍ എത്ര.

ബോക്സിങ്ങിലാണ് ഏറ്റവും കൂടുതല്‍ വാതുവെപ്പുകളും പണമിടപാടുകളും നടക്കാറുള്ളത്. അത് സ്വാഭാവികമാണുതാനും. ബോക്സിംഗ് ഒറ്റക്കുള്ള മത്സരമാണല്ലോ. തോറ്റുകൊടുക്കാന്‍ എളുപ്പമാണ്. കാണികള്‍ക്കോ സംഘാടകര്‍ക്കോ അത് കണ്ടുപിടിക്കാന്‍ എളുപ്പമല്ല. തളര്‍ന്നുവീണാല്‍ മതിയല്ലോ.

കളിക്കാര്‍ മാത്രമാണ് വാതുവെപ്പുസംഘങ്ങളുടെ പണക്കെണിയില്‍ പെടുന്നതെന്ന് കരുതുന്നത് മൗഢ്യമാണ്. റഫറിമാരും അമ്പയര്‍മാരും ജഡ്ജുമാരുമൊന്നും കൈക്കൂലി ആരോപണങ്ങളില്‍ നിന്നു വിമുക്തരല്ല. അമ്പയര്‍മാരുടേത് അവസാനതീരുമാനമായതിനാല്‍ അവയ്ക്കുപിറകിലെ കള്ളക്കളികള്‍ പലപ്പോഴും പുറത്തുവരാറില്ല. സാങ്കേതിക വിദ്യകളുടെ വികാസവും ടെലിവിഷനിലെ റീപ്ലേയും മറ്റുമാണ് അല്പം ആശ്വാസം. എന്നാല്‍ ഫിഫയെപോലുള്ളവര്‍ ഇനിയും ഇവ സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല.

കഴിഞ്ഞ ഒളിമ്പിക്സില്‍ ഇന്ത്യക്ക് ലഭിച്ചത് ഒരു സ്വര്‍ണ്ണവും രണ്ടു ഓടും. അതുപോലും നമ്മുടെ ഭേദപ്പെട്ട പ്രകടനം! ഇന്ത്യയുടെ ദയനീയ സ്ഥിതിക്കു കാരണമായി പലതും ചൂണ്ടികാണിക്കുന്നുണ്ട്. നമ്മുടെ കായികക്ഷമതയില്ലായ്മയാണ് ഒരു പ്രധാന കാരണമായി ചൂണ്ടികാട്ടുന്നത്. എന്നാല്‍ അവിടേയും അഴിമതി കറകള്‍ കാണാം. നിരന്തരമായ പരിശീലനത്തിലൂടെയാണല്ലോ കായികക്ഷമതയുണ്ടാക്കിയെടുക്കാന്‍ കഴിയുക. പരിശീലനത്തിന് പണം വേണം. ഇന്ത്യയെപോലെയുള്ള ഒരു രാജ്യത്ത് കായികമേഖലക്ക് പരമാവധി എത്ര പണം അനുവദിക്കാമെന്ന ചോദ്യം അവിടെ നില്ക്കട്ടെ. അനുവദിക്കപ്പെടുന്ന പണംതന്നെ എവിടെ പോയിമറയുന്നു? ബീജിംഗ് ഒളിമ്പിക്സ് തന്നെ ഉദാഹരണം. ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന അത്ലറ്റിക് ടീമിന്‍റെ പരിശീലനത്തിനും മറ്റു തയ്യാറെടുപ്പുകള്‍ക്കുമായി കേന്ദ്രം അനുവദിച്ചത് വെറും 6.59 കോടി രൂപ. എന്നാല്‍ ഇതില്‍ ടീമിനു ലഭിച്ചത് 3.19 കോടി. ബാക്കി എവിടെ പോയെന്ന് ആര്‍ക്കുമറിയില്ല. ഈ തുകയില്‍തന്നെ മൂന്നില്‍ രണ്ടുഭാഗം ചെലവഴിച്ചത് 9 ഷൂട്ടിംഗ് താരങ്ങള്‍ക്കുവേണ്ടി. ബാക്കി 48 പേര്‍ക്കുവേണ്ടി മാറ്റി വെച്ചത് വെറും 1.11 കോടി. ഒരാള്‍ക്ക് കേവലം 2.3 ലക്ഷം മാത്രം. കായികമേഖലയിലെ നമ്മുടെ ദയനീയസ്ഥിതിയെ ഇതുമായി കൂട്ടിചേര്‍ത്തു വായിക്കണം. അഭിനവ് ബിന്ദ്ര സ്വര്‍ണ്ണം നേടിയത് വര്‍ഷങ്ങള്‍ നീണ്ടുനിന്ന സ്വപ്രയത്നത്തിന്‍റെ ഫലമായാണ്. അതിനുള്ള സാമ്പത്തികശേഷി അയാള്‍ക്കുണ്ടായിരുന്നു. ഇല്ലാത്തവരുടെ അവസ്ഥയോ? അവരുടെ കഞ്ഞിയിലാണ് നമ്മുടെ ബ്യൂറോക്രസി കയ്യിട്ടുവാരുന്നത്. അവര്‍ക്ക് കായികമേഖല ഒരു കറവപശുവാണ്. ഇത്തരം രാജ്യത്താണ് ഐ.പി.എല്ലില്‍ കൊച്ചി ടീമുമായി ബന്ധപ്പെട്ട് 1530 കോടിയുടെ അഴിമതിയാരോപണം കേന്ദ്രമന്ത്രിക്കെതിരെ തന്നെ ഉയര്‍ന്നതെന്ന് ഓര്‍ക്കുക. അരചാണ്‍ വയറുനിറയ്ക്കാനാകാതെ നിരവധി പ്രതിഭകള്‍ കായികമേഖലയോട് വിടപറയുമ്പോള്‍ തലേന്നുരാത്രിയിലെ ലക്ഷങ്ങളുടെ പാര്‍ട്ടിയുടെ ഫലമായി ഉറക്കക്ഷീണംകൊണ്ട് ക്രിക്കറ്റ് ടീം തോല്ക്കുന്നതും ഇവിടെതന്നെ.

ഒളിമ്പിക്സില്‍ മാത്രമല്ല, നമ്മുടെ നാട്ടില്‍ നടക്കുന്ന എല്ലാ മത്സരങ്ങളുടേയും അവസ്ഥ ഇതുതന്നെ. കായികമേഖലക്ക് അനുവദിക്കുന്ന പണത്തില്‍ വലിയൊരു ഭാഗം ചോര്‍ന്നുപോകുന്നു. പണമില്ലാതെ കായികപ്രതിഭയുണ്ടാകുന്നത് എളുപ്പമാണോ? വല്ലപ്പോഴും ഒരു ഐ.എം വിജയന്‍ ഉയര്‍ന്നുവന്നെങ്കിലായി. കേരളത്തിലെ കായികമേഖലയില്‍ സര്‍വ്വത്ര നിറഞ്ഞുനില്ക്കുന്ന അഴിമതിയേയും സ്വജനപക്ഷാഭേദത്തേയും കുറിച്ചൊക്കെ വിജയനേയും പി.ടി ഉഷയേയും പോലുള്ളവര്‍ എത്ര പറഞ്ഞിരിക്കുന്നു. എന്തിനേറെ, കായികരംഗത്തിന് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നതിനാല്‍ നമ്മുടെ സ്കൂളുകളില്‍പോലും മോശപ്പെട്ട സംഭവങ്ങള്‍ അരങ്ങേറുന്നുണ്ടത്രെ. ഗ്രേസ്മാര്‍ക്ക് പലപ്പോഴും ലഭിക്കുന്നത് അര്‍ഹതപ്പെട്ടവര്‍ക്കല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഈ സാഹചര്യത്തില്‍ യുവപ്രതിഭകള്‍ ഉയര്‍ന്നു വരാത്തതില്‍ വിഷമിച്ചിട്ടെന്തുകാര്യം? വികസിതരാഷ്ട്രങ്ങളില്‍ എല്ലാ കായികമേഖലകളിലും നമ്മുടെ രാജ്യത്ത് ക്രിക്കറ്റിലും മറ്റും പണക്കൊഴുപ്പാണ് പ്രശ്നമെങ്കില്‍ മറ്റുമേഖലകളില്‍ പണമില്ലാത്തതാണ് പ്രശ്നം. കായികതാരങ്ങള്‍ക്കവകാശപ്പെട്ട പണം തട്ടിയെടുക്കപ്പെടുന്നതാണ് പ്രശ്നം. അതുപോലെ പണത്തിനുമുന്നില്‍ അര്‍ഹതക്കു സ്ഥാനമില്ലാത്തതും. ഇവയ്ക്കു പരിഹാരമുണ്ടാകാത്തിടത്തോളം കാലം എല്ലാം വനരോദനം മാത്രമായി അവശേഷിക്കും.

Featured Posts

bottom of page