top of page
കഴിഞ്ഞ ഒരു മാസത്തോളമായി ലോകം അസാധാരണമായ ഭീതിയിലാണ്. പ്രതിവിധി പോലും കണ്ടുപിടിക്കപ്പെടാത്ത കോവിഡ്-19 എന്ന വൈറസ് രോഗത്തിനുമുന്നില്‍ എല്ലാ ലോകരാജ്യങ്ങളും പകച്ചുനില്‍ക്കുന്ന കാലയളവിലൂടെയാണ് സമൂഹം കടന്നുപോകുന്നത്. നമ്മുടെ നാട്ടില്‍ കുട്ടികള്‍ക്ക് ഈ മാസങ്ങളില്‍ പരീക്ഷാക്കാലവും തുടര്‍ന്ന് അവധിക്കാലവുമാണ്. രോഗത്തിന്‍റെ അസാധാരണ സാഹചര്യത്തില്‍ ഒട്ടുമിക്ക പരീക്ഷകളും നിര്‍ത്തിവെക്കുകയോ നീട്ടിവെക്കുകയോ ചെയ്യുകയും കുട്ടികള്‍ അവധിക്കാലത്തിന്‍റെ സന്തോഷത്തിലേക്ക് നേരത്തെതന്നെ കടക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇക്കുറി അവര്‍ക്ക് അവധിക്കാലം അത്ര സുഖകരമാകില്ല എന്നാണ് കരുതപ്പെടുന്നത്.
നിയന്ത്രണങ്ങള്‍ ഇല്ലാത്തതോ,കുറവുള്ളതോ ആയ സമയങ്ങളാണ് അവധിക്കാലം. രോഗവും അതിന്‍റെ ഭീതിയും കൊണ്ടുവരുന്ന നിയന്ത്രണങ്ങള്‍ കുട്ടികളുടെ അവധിക്കാലത്തെ പൂര്‍ണ്ണമായും കവര്‍ന്നെടുക്കുമോ എന്ന ആശങ്ക പങ്കുവെക്കപ്പെടുന്നുണ്ട്. പലരും സ്വയം സ്വീകരിച്ചതോ, നിര്‍ബന്ധപ്പെടുത്തപ്പെട്ടതോ ആയ തടങ്കലുകളിലുമാണ്. കുട്ടികള്‍ക്ക് ഇത്തരം തടങ്കലുകള്‍ ഒരിക്കലും ഇഷ്ടപ്പെടുന്നില്ലാത്തവരാണ്. അവര്‍ക്ക് നിയന്ത്രണങ്ങളില്ലാതെ പാറിപ്പറന്ന് നടക്കണം. സാഹചര്യവശാല്‍ വന്നു ചേര്‍ന്നിട്ടുള്ള ഇത്തരം നിയന്ത്രണങ്ങള്‍പോലും അവരുടെ ക്രിയാത്മകതയെയും, ചലനാത്മകതയെയും ബാധിച്ചേക്കാം. അപ്പോള്‍, കാലഘട്ടം ആവശ്യപ്പെടുന്ന ഈ സാഹചര്യത്തില്‍പോലും കുട്ടികളുടെ സര്‍ഗ്ഗാത്മകത വറ്റാതെ സൂക്ഷിക്കേണ്ട കടമകൂടി നമ്മള്‍ ഇപ്പോള്‍ നിര്‍വഹിക്കേണ്ടതുണ്ട്. വ്യത്യസ്തസാഹചര്യമാണെങ്കില്‍ കൂടി തടങ്കലുകള്‍ കുട്ടികളില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് നാം അറിയുകയും, പഠിക്കുകയും ചെയ്യേണ്ടതുണ്ട്. സമീറ മഖ്മല്‍ബഫിന്‍റെ ദി ആപ്പിള്‍ എന്ന ചലച്ചിത്രം പ്രസക്തമാകുന്നത് ഇക്കാരണങ്ങള്‍ കൊണ്ട് കൂടിയാണ്.
ലോകസിനിമാചരിത്രത്തില്‍ ഇറാനിയന്‍ സിനിമകള്‍ക്ക് അനിഷേധ്യമായ സ്ഥാനമുണ്ട്.
വളരെ ലളിതമായ സന്ദര്‍ഭങ്ങളില്‍ നിന്നും ഉള്ളുരുക്കുന്ന ചലനചിത്രങ്ങള്‍ നിര്‍മ്മിക്കുന്നവരാണ് സമകാലീന ഇറാനിയന്‍ ചലച്ചിത്രകാരന്‍മാര്‍. പരീക്ഷണ ചിത്രങ്ങളും ഇറാനിയന്‍ സിനിമാ കളരികളില്‍ നിന്നും ജന്‍മമെടുക്കാറുമുണ്ട്. പ്രത്യേകിച്ചും കുട്ടികളുടെ ചിന്തകളും ജീവിതവും പ്രമേയമാക്കിയ വിശ്വപ്രസിദ്ധങ്ങളായ പല ചിത്രങ്ങളും ഇറാനില്‍ നിന്നുള്ളവയാണ്. സമീറ മഖ്ല്‍ബഫിന്‍റെ ആദ്യ സ്വതന്ത്ര സിനിമയായ ദി ആപ്പിള്‍ (1998) എന്ന ചലച്ചിത്രവും കുട്ടികളുടെ വ്യത്യസ്തമായ ജീവിതകഥ പങ്കുവെക്കുന്ന ഒരു അസാധാരണ കാഴ്ച തന്നെയാണ്.
കേവലം 17 വയസുമാത്രം പ്രായമുള്ളപ്പോഴാണ് സമീറ ഈ സിനിമയെടുക്കുന്നത്. അസാധാരണ പ്രതിഭയും, ലോകപ്രശസ്ത ചലച്ചിത്രകാരനുമായ മെഹ്സിന്‍ മഖ്മല്‍ബഫ് എന്ന പിതാവിന്‍റെ സഹായംകൂടി സമീറക്ക് ആദ്യസിനിമയില്‍ ലഭിച്ചു. സമീറയുടെ പ്രായത്തില്‍, ഇപ്പോള്‍പോലും നാം പറയാന്‍ മടിക്കുന്ന കുട്ടികളുടെ പ്രശ്നങ്ങള്‍ യഥാര്‍ത്ഥ ജീവിതവുമായി ബന്ധപ്പെട്ട് അവള്‍ കണ്ടെത്തിയതും, അവളെ തേടിയെത്തിയതുമായ സംഭവപരമ്പരകളാണ് ചെറുപ്രായത്തില്‍ തന്നെ ഈ സിനിമയുടെ പൂര്‍ത്തീകരണത്തിലേക്ക് സമീറയെ നയിച്ചത്.1978-79 കാലഘട്ടത്തിലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷം ഇസ്ലാമിക് റിപ്പബ്ലിക്കായി മാറിയ ഇറാനില്‍ കലാപരമായ സ്വതന്ത്ര പ്രവര്‍ത്തനങ്ങള്‍ക്കും, നിര്‍മ്മിതികള്‍ക്കും നിയന്ത്രണമുണ്ട്. അതിനാല്‍തന്നെ അവിടുത്തെ പല ചലച്ചിത്രകാരന്‍മാരും രാജ്യത്തിന് പുറത്ത് നിന്നാണ് ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത്. എങ്കിലും മഹത്തായ കലാ-സാംസ്കാരിക ചരിത്രം പേറുന്ന പേര്‍ഷ്യന്‍ പിന്തുടര്‍ച്ചക്ക് അവരുടെ കലാപരമായ ഔന്നത്യം വെളിവാക്കിയേ മതിയാകുകയുള്ളൂ. സമീറയുടെ ആപ്പിള്‍ എന്ന ചലച്ചിത്രവും കലാപരമായ ഉന്നതിയില്‍ നിന്നുകൊണ്ടുതന്നെയുള്ള സാംസ്കാരിക വിപ്ലവം തന്നെയാണെന്നതില്‍ സംശയമില്ലാത്ത കാര്യമാണ്.
ദി ആപ്പിള്‍ ഒരു സിനിമയേക്കാള്‍ ഡോക്യുമെന്‍ററി-ഡ്രാമാ സ്വഭാവമുള്ളതാണ്. യഥാര്‍ത്ഥ ജീവിതപരിസരങ്ങളില്‍ നിന്നും പ്രചോദിപ്പിക്കപ്പെട്ട കലാസൃഷ്ടിയില്‍ ചിലപ്പോള്‍ തീവ്രമായ ജീവിതാനുഭവങ്ങള്‍ യഥാര്‍ത്ഥമായി ഉള്‍പ്പെടുത്തേണ്ടിവരുമ്പോഴാണ് ചിത്രങ്ങള്‍ക്ക് ആ സ്വഭാവം കൈവരുന്നത്. മതപരമായതും, ശാരീരികപരവുമായ കാര്‍ക്കശ്യങ്ങളാല്‍ ബന്ധിതരായ രണ്ട് കൗമാരക്കാരികളുടെ കഥയാണ് ദി ആപ്പിള്‍. സ്ഥിരവരുമാനം ഇല്ലാത്ത പിതാവിന്‍റെയും, അന്ധയായ മാതാവിന്‍റെയും കീഴില്‍ ജനിച്ച നാള്‍ മുതല്‍ സ്വന്തം വീട്ടില്‍ തടവിലാക്കെപ്പെട്ട കുട്ടികളായിരുന്നു അവര്‍. നീണ്ട 11 വര്‍ഷം അവര്‍ വീട്ടിനുള്ളില്‍ കഴിഞ്ഞു. പുറംലോകം കാണുവാനോ, അതിനെ കേള്‍ക്കുവാനോ അറിയുവാനോ അവര്‍ക്ക് കഴിഞ്ഞില്ല. മാതാപിതാക്കള്‍ അതിന് അനുവദിച്ചതുമില്ല. പുറത്ത് നടക്കുന്ന യാതൊരു കാര്യങ്ങളും അറിയാത്തതിനാല്‍ തങ്ങള്‍ ബന്ധിക്കപ്പെട്ടിരിക്കുയാണെന്ന സത്യപോലും ആ കുട്ടികള്‍ക്ക് അറിവുണ്ടായിരുന്നില്ല.
യാതൊന്നും അറിയാതെയുള്ള പതിനൊന്ന് വര്‍ഷത്തെ ജീവിതത്തിനുശേഷം ഒരു സാമൂഹിക പ്രവര്‍ത്തകയാണ് കുട്ടികളെ കണ്ടെത്തിയത്. അവര്‍ കുട്ടികളെ കാണുമ്പോള്‍ നന്നായി സംസാരിക്കാനോ, എന്തിന് ശരിയായി നടക്കുവാനോ കഴിയാത്തവിധം ശൈശവദശയിലായിരുന്നു അവര്‍. എന്തുകൊണ്ടാണ് തങ്ങളുടെ മക്കളെ പൂട്ടിയിട്ടത് എന്ന ചോദ്യത്തിനു മുന്നില്‍ സാമൂഹിക പ്രവര്‍ത്തകയായ അവര്‍ക്ക് ലഭിച്ച ഉത്തരം ഞെട്ടിക്കുന്നതായിരുന്നു. കുട്ടികളെ വീടിനുവെളിയിലേക്ക് അയക്കുന്നത്കൊണ്ട് അവര്‍ കളങ്കിതരാകുമെന്നും, സമൂഹത്തിലെ ദുഷിച്ച പ്രവണതകള്‍ അവരെ ബാധിക്കുമെന്നുമായിരുന്നു മാതാപിതാക്കളുടെ ഉത്തരം. ആ ഉത്തരം ഒരു ചോദ്യചിഹ്നമായി അവരെ നോവിച്ചുകൊണ്ടിരുന്നു.
അത്യന്താപേക്ഷിതമായതും. താല്‍ക്കാലികമായതുമായ ചില സാമൂഹികനിയന്ത്രണങ്ങള്‍ കൊണ്ട് പോലും അവധിക്കാലം യഥാര്‍ത്ഥമായി ആഘോഷിക്കാനാകാതെപോകുന്ന കുട്ടികള്‍ക്കു മുമ്പിലാണ് സഹ്റ നദേരി, മാസുമ്ഹ് നദേരി എന്നീ പെണ്‍കുട്ടികള്‍ കുട്ടിക്കാലം തന്നെ പൂര്‍ണ്ണമായും നഷ്ടപ്പെട്ട് നില്‍ക്കുന്നത്. കുട്ടിക്കാലത്തിന്‍റെ എല്ലാ നിറങ്ങളും ചോര്‍ന്നുപോയ അവര്‍ നല്‍കുന്ന വേദന ചെറുതല്ല. അവര്‍ നടക്കാന്‍ പഠിക്കുന്നതും, എഴുതാന്‍ പഠിക്കുന്നതും, വായിക്കാന്‍ പഠിക്കുന്നതും തീര്‍ച്ചയായും വേദന തന്നെയാണ് നമുക്ക് സമ്മാനിക്കുന്നത്. തിരിച്ചെടുക്കാന്‍ കഴിയാതെ പറിച്ചെറിയപ്പെടുന്ന ഓരോ കുട്ടിയുടെയും ബാല്യകാലം ജീവിതകാലം മുഴുവന്‍ അവരെ വേട്ടയാടുമെന്നതില്‍ സംശയമില്ല. ഹൃദയം നുറുങ്ങുന്ന വേദനയോടെ നിസഹായതയോടെ മാത്രമേ ഈ ചിത്രം നമുക്ക് കണ്ടിരിക്കാന്‍ കഴിയുകയുള്ളൂ.
അത്രമേല്‍ ആ കുട്ടികള്‍ നമ്മളെ കരയിച്ചുകളയും. മാതാപിതാക്കളും, കുട്ടികളും ഒരുമിച്ച് കാണേണ്ട ഒരു ചിത്രം കൂടിയാണ് ദി ആപ്പിള്‍. 17-മത്തെ വയസില്‍ ഇത്ര തീവ്രതയോടെ ഈ സിനിമ പൂര്‍ത്തീകരിക്കണമെങ്കില്‍ സമീറ മഖ്മല്‍ബഫ് എന്ന പെണ്‍കുട്ടി എത്രത്തോളം നീറിയിട്ടുണ്ടാകണം, കരഞ്ഞിട്ടുണ്ടാകണം. എന്‍റെ കുട്ടിക്കാലം നഷ്ട്ടപ്പെടുത്തരുതേ എന്ന ഓരോ കുട്ടികളുടെയും പ്രാര്‍ത്ഥനകൂടിയാണ് ഈ ചിത്രം ഓരോ മാതാപിതാക്കള്‍ക്കും സമ്മാനിക്കുന്നത്.