ഫാ. ജോസ് വെട്ടിക്കാട്ട്
Dec 4, 2024
വീണ്ടും മാര്‍കേസ്!
മാര്‍കേസിന്‍റെ ഭൗതികസാന്നിദ്ധ്യം ഇല്ലാതായിട്ട് വര്‍ഷങ്ങളാകുന്നു. എങ്കിലും അദ്ദേഹത്തിന്‍റെ ആത്മീയസാന്നിദ്ധ്യം നമുക്കിടയിലുണ്ട്. മാര്‍കേസിന്‍റെ മരണശേഷമാണ് അദ്ദേഹത്തിന്‍റെ പ്രഭാഷണങ്ങള്‍ ഗ്രന്ഥ രൂപത്തിലായത്. അതുപോലെ തന്നെ ശ്രദ്ധേയമാണ് 'The last Interview and their Conversations' എന്ന ചെറുപുസ്തകം. മഹാനായ ഒരെഴുത്തുകാരന്‍റെ എഴുത്തിലേക്കും ജീവിതത്തിലേക്കുമുള്ള വഴിത്താരയായി ഈ വാക്കുകള്‍ മാറുന്നു. സ്വന്തം കൃതികളുടെ ആത്മാവിലേക്കുള്ള എത്തിനോട്ടമാണ് ഈ അഭിമുഖങ്ങള്‍ 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' ലാറ്റിനമേരിക്കയുടെ ചരിത്രത്തെ മുഴുവന്‍ വാറ്റിയെടുത്ത പ്രതീകാത്മക രചനയാണെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. ചരിത്രവും രാഷ്ട്രീയവും ഇഴചേരുന്ന എഴുത്തായിരുന്നു മാര്‍കേസിന്‍റേത്.' കുലപതിയുടെ ശരത്കാലത്തില്‍ അധികാരം എങ്ങനെ കടന്നുവരുന്നുവെന്നും അദ്ദേഹം എടുത്തുപറയുന്നു. ചരിത്രത്തോട് അധികാരത്തെ ചേര്‍ത്തുവയ്ക്കുകയാണ് അദ്ദേഹം. അധികാരത്തിന്‍റെ സൂക്ഷ്മരൂപങ്ങള്‍ നമ്മുടെ ജീവിതത്തിന്‍റെ എല്ലാ തലങ്ങളിലുമുണ്ട് എന്ന് മാര്‍കേസ് നിരീക്ഷിക്കുന്നു.
പാശ്ചാത്യ ചിന്തയിലെ യുക്തിയുടെ ആധിപത്യത്തിനു ബദലായിട്ടാണ് ലാറ്റിനമേരിക്കന്‍ സാഹിത്യത്തിന്‍റെ നിലനില്പെന്ന് മാര്‍കേസ് പറയുന്നുണ്ട്. യുക്തിവാദികള്‍ക്ക് മനസ്സിലാക്കാനാവാത്ത മാന്ത്രിക യാഥാര്‍ത്ഥ്യത്തിന്‍റെ രാവണന്‍കോട്ടകള്‍ ആവിഷ്കരിച്ച എഴുത്തുകാരുടെ വഴികള്‍ വ്യത്യസ്തമായിരുന്നു. ലാറ്റിനമേരിക്കയുടെ ഏകാന്തതയെയാണ് അദ്ദേഹം അവതരിപ്പിക്കാന്‍ ശ്രമിച്ചത്. അതില്‍ രാഷ്ട്രീയവും ചരിത്രവും സംസ്കാരവും മിത്തുകളുമെല്ലാം ഇടകലരുന്നു. നോമ്പിനെ യാഥാര്‍ത്ഥ്യത്തിന്‍റെ കാവ്യാത്മകാവിഷ്കാരമായി അദ്ദേഹം പരിവര്‍ത്തിപ്പിക്കുന്നു. രേഖീയവും ചാക്രികവുമായ കാലത്തെ അടയാളപ്പെടുത്തുന്ന ദൗത്യം എപ്രകാരമാണ് സാഹിത്യം ഏറ്റെടുക്കുന്നതെന്ന് മാര്‍കേസ് പ്രസ്താവിക്കുന്നു. "As a writer, I’m interested in power, because in it can found all the greatness and misery of human existance" എന്നു പറഞ്ഞ മാര്‍കേസിനെ നാം ഈ അഭിമുഖങ്ങളിലൂടെ കൂടുതല്‍ അടുത്തറിയുന്നു. സമകാലിക ഭാരതത്തില്‍ അധികാരം എങ്ങനെയെല്ലാം മനുഷ്യജീവിതത്തില്‍ ഇടപെടുന്നു എന്നു മനസ്സിലാക്കാന്‍ കൂടി മാര്‍കേസിന്‍റെ ചിന്തകള്‍ സഹായകമാകും.