ഫാ. ബോബി ജോസ് കട്ടിക്കാട്
Oct 13
ആറായിരം വര്‍ഷമായി ചോദ്യം ചെയ്യപ്പെടാതെ നില്ക്കുന്ന നിയമമാണ് മോശയുടെ പത്തുപ്രമാണങ്ങള്‍. എന്നിരുന്നാലും എല്ലാദിവസവും മനുഷ്യര്‍ ആ പ്രമാണം ലംഘിച്ചുകൊണ്ടിരിക്കുന്നു. ജീവിതത്തില്‍ എന്തൊക്കെയോ തെറ്റായി സംഭവിക്കുന്നുണ്ട് എന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. ജീവിതപരിസരങ്ങള്‍ മറ്റൊരു ജീവിതമൂല്യവ്യവസ്ഥയിലേക്ക് മനുഷ്യരെ വലിച്ചുകൊണ്ടുപോകുന്നുണ്ട്.
എന്താണ് ജീവിതം എന്ന് വളരെ സഹാനുഭൂതിയോടെ മനുഷ്യര്‍ എന്നും സ്വയം ചോദിച്ചുകൊണ്ടിരുന്നു. ഉത്തരം കിട്ടാത്ത അടിസ്ഥാനപരമായ ചോദ്യങ്ങള്‍ക്ക് സമകാലികജീവിതത്തില്‍ ഉത്തരം കണ്ടെത്താനുള്ള ശ്രമമാണ് പത്തുപ്രമാണങ്ങളെ പുതിയകാലത്തില്‍ അവതരിപ്പിക്കുന്ന ഈ പത്തു ജീവിതകഥകള്‍.
മോഷ്ടിക്കരുത് എന്നാണല്ലോ ഏഴാം പ്രമാണം. ഒരാള്‍ തന്‍റെതല്ലാത്ത ഒരു വസ്തു ആരുടെയാണോ ആ വസ്തു, ആ വ്യക്തിയുടെ അറിവു കൂടാതെ സ്വന്തമാക്കുന്നതാണല്ലോ മോഷണം. എന്നാല്‍ ഇവിടെ ആറു വയസ്സായ തന്‍റെ മകളെ ഒരമ്മ സ്വയം മോഷ്ടിക്കുകയാണ്. ഞാന്‍ എന്നെത്തന്നെ മോഷ്ടിക്കുന്നു എന്നാണ് ഈ അമ്മ അവളുടെ അമ്മയോട് പറയുന്നത്. അമ്മയും മകളും മകളുടെ മകളും ചേരുന്നതാണ് കഥാസന്ദര്‍ഭം. സ്വന്തം അമ്മയുടെ പക്കല്‍നിന്ന് തന്‍റെ മകളെ മോഷ്ടിച്ചുകൊണ്ടുപോകേണ്ടി വന്ന കഥാപാത്രമാണ് മജ്ക (Majka). അനിയ (Ania) അവളുടെ ആറുവയസ്സുള്ള സുന്ദരിയായ പെണ്‍കുട്ടിയാണ്. മജ്കയുടെ അമ്മയാണ് ഇവ (Eva).
ഇവ- മജ്കയുടെ അമ്മ, ഒരു സ്കൂള്‍ ഹെഡ്മിസ്ട്രസ് ആണ്. മജ്ക അതേ സ്കൂളില്‍ത്തന്നെ പഠിക്കുന്നു. അവള്‍ക്ക് 16 വയസ്സ് പ്രായമുള്ളപ്പോള്‍ ആ സ്കൂളിലെ ഒരു അദ്ധ്യാപകനുമായി പ്രണയത്തിലാകുകയും അയാളില്‍ അവള്‍ക്കൊരു കുഞ്ഞ് ജനിക്കുകയും ചെയ്യുന്നു. തന്‍റെ മകള്‍ക്കു പിറന്ന പെണ്‍കുഞ്ഞിനെ ഇവ സ്വന്തം മകളായി വളര്‍ത്തുന്നു. മജ്കയ്ക്കുശേഷം മറ്റൊരു കുഞ്ഞിനു ജന്മം നല്കാന്‍ കഴിയാതിരുന്ന ഇവയക്ക് അനിയയുടെ ജനനം വളരെ സന്തോഷമായി. അവള്‍ കുഞ്ഞിനെ സ്വന്തം കുഞ്ഞായി വളര്‍ത്തി. മജ്കയുടെ അനിയത്തിയാണ് അനിയ എന്ന് അനിയയെ വിശ്വസിപ്പിച്ചു.
ഡക്കലോഗ് സീരിസിലെ അതേ അപ്പാര്‍ട്ടുമെന്‍റുകള്‍ തന്നെയാണ് ഈ കഥയിലും പശ്ചാത്തലം. ഇവയുടെ ഭര്‍ത്താവ് സ്റ്റീഫന്‍ സംഗീതോപകരണം ഉണ്ടാക്കിവില്ക്കുന്ന ആളാണ്. 16 വയസ്സായ തങ്ങളുടെ മകള്‍ മജ്കയ്ക്ക് ഒരു മകള്‍ ജനിച്ചപ്പോള്‍ മജ്കയുടെ അപ്പനും അമ്മയും, അനിയ മജ്കയുടെ അനിയത്തിയാണെന്ന്, മജ്കയെയും പറഞ്ഞു പഠിപ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ തന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന് മജ്കയുടെ കാമുകന്‍ വോജാക് (Woyjak) എളുപ്പത്തില്‍ രക്ഷപ്പെട്ടു. അനിയ, മജ്കയെ തന്‍റെ മൂത്തസഹോദരിയായിത്തന്നെ കരുതി. മജ്കയ്ക്ക് അതില്‍ കടുത്ത പ്രയാസമുണ്ടായിരുന്നെങ്കിലും അത് പ്രകടിപ്പിക്കാന്‍ നിവൃത്തിയില്ലാതെ അവള്‍ അവിടെത്തന്നെ കഴിഞ്ഞു. അങ്ങനെ അവളുടെ പഠനം തീരാറായ സമയത്താണ് അവള്‍ അമ്മയോട് അനിയയുടെ പാസ്പോര്‍ട്ട് ചോദിക്കുന്നത്. തങ്ങള്‍ കാനഡയിലേക്ക് പോകുവാന്‍ ആഗ്രഹിക്കുന്നു എന്നറിയിക്കുന്നതും. അത് അമ്മ സമ്മതിക്കില്ല എന്നറിഞ്ഞ മജ്ക, അനിയയുടെ സ്കൂളില്‍ ഒരു തിയ്യേറ്റര്‍ പരിശീലനം നടക്കുന്ന ദിവസം അവിടെനിന്ന് അവളെ മോഷ്ടിച്ചുകൊണ്ടുപോരുന്നു. ചേച്ചി അമ്മയെ പറ്റിക്കാന്‍ നടത്തുന്ന ഒരു ഒളിച്ചുകളിയായേ അനിയ ഇതിനെ കാണുന്നുള്ളൂ. മജ്ക മകളെയും കൂട്ടി മകളുടെ അച്ഛനായ വോജാക്കിന്‍റെ അടുത്തുവരുന്നു. അധ്യാപനം വേണ്ടെന്നു വെച്ച് പാവനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ട് ഒരു ഗ്രാമത്തില്‍ ഒറ്റയ്ക്കു താമസിക്കുകയാണയാള്‍. അയാള്‍ കുഞ്ഞിനെയും മജ്കയെയും സ്വീകരിക്കാന്‍ തയ്യാറാണ്. എന്നാല്‍ അനിയ, മജ്ക എത്ര നിര്‍ബന്ധിച്ചിട്ടും അവളെ അമ്മ എന്ന് വിളിക്കുന്നില്ല. മാത്രമല്ല, കുഞ്ഞ് രാത്രിയില്‍ എന്തോ പേടി സ്വപ്നം കണ്ട് നിലവിളിക്കുക പതിവായി. താന്‍ എന്തു സ്വപ്നമാണ് കാണുന്നതെന്ന് കുട്ടി മജ്കയോടു പറയുന്നില്ല. മജ്ക ആകെ ധര്‍മ്മസങ്കടത്തിലാകുന്നു. കുഞ്ഞുങ്ങള്‍ക്ക് അവര്‍ക്ക് പരിചിതമായ ലോകം, സ്നേഹം, നഷ്ടപ്പെടുന്നത് സങ്കടമാണെന്നാണ് വോജാക്കിന്‍റെ അഭിപ്രായം. അങ്ങനെ കുഞ്ഞിന് നഷ്ടപ്പെട്ട അവളുടെ ഇടം തിരിച്ചുകൊടുക്കാനായി കുഞ്ഞിനെയും കൊണ്ട് വീട്ടിലേക്കു തിരിച്ചുപോകാന്‍ അയാള്‍ നിര്‍ബന്ധിക്കുന്നു. പക്ഷേ മജ്ക തന്‍റെ കുഞ്ഞിനെ ഇനിയും അനുജത്തിയായി കാണാന്‍ തയ്യാറല്ല. അങ്ങനെ അവള്‍ കുഞ്ഞിനെയും കൊണ്ട് അവിടെനിന്നു പോകുകയാണെന്ന് അമ്മയ്ക്ക് ഫോണ്‍ ചെയ്ത്, വോജാക്കിന്‍റെ വീട്ടില്‍ നിന്ന് അയാള്‍ ഇല്ലാത്ത സമയത്ത് കുഞ്ഞിനെയും കൊണ്ടുപോകുന്നു. മജ്കയുടെ മാതാപിതാക്കളും അനിയയുടെ പിതാവും ഇവരെ തിരഞ്ഞ് നടക്കുന്നു. മജ്കയും അനിയയും കാനഡയ്ക്കു പോകാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുമ്പോഴേക്കും ഒരു ട്രെയിന്‍ പോയികഴിഞ്ഞു. അന്ന് ഞായറാഴ്ചയായതുകൊണ്ട് രണ്ട് മണിക്കൂര്‍ കഴിഞ്ഞേ അടുത്ത ട്രെയിന്‍ ഉള്ളൂ എന്ന് ടിക്കറ്റ് കൗണ്ടറിലെ സ്ത്രീ പറയുന്നു. പാളത്തിലൂടെ ഒരു എഞ്ചിന്‍ മാത്രം വരുന്നതു കണ്ട് മജ്ക അതിന് കൈകാണിക്കുന്നു. തിരക്കു കണ്ടപ്പോള്‍ ഏതോ ഗാര്‍ഹികപീഡനത്തിന് ഇരയായി ഇറങ്ങിപ്പോന്ന പെണ്‍കുട്ടിയാണ് എന്ന് കരുതി ടിക്കറ്റ് കൗണ്ടറിലെ സ്ത്രീ അവരെ അകത്തേക്കു വിളിച്ച് വിശ്രമിക്കാന്‍ മുറിയും പുതയ്ക്കാന്‍ കമ്പിളിയും കൊടുത്തു. അപ്പോഴേക്കും ഇവ മകളെ അന്വേഷിച്ചു നടന്ന് ഈ സ്റ്റേഷനില്‍ എത്തുന്നു. ഒരു പെണ്‍കുട്ടി ആറുവയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയുമായി ഇവിടെ വന്നിരുന്നോ എന്ന് അന്വേഷിക്കുമ്പോള്‍, ഓ വന്നിരുന്നു. രണ്ടുമണിക്കൂര്‍ മുമ്പുള്ള ട്രെയിനില്‍ അവര്‍ കയറിപ്പോയി എന്ന് ആ പെണ്‍കുട്ടിയെ രക്ഷിക്കാനായി അവര്‍ കളവ് പറയുന്നു. എന്നാല്‍, വിശ്രമമുറിയില്‍ ഉറങ്ങികിടന്നിരുന്ന അനിയ, ഇവയുടെ ശബ്ദം കേട്ട് ഉണരുകയും മമ്മീ എന്നു വിളിച്ച് ഇവയുടെ അടുത്തേക്ക് ഓടി ചെല്ലുകയും ചെയ്യുന്നു. ഇത്, കണ്ട മജ്ക നിരാശയും സങ്കടവും സഹിക്കാതെ തനിച്ച് അപ്പോള്‍ വന്ന ട്രെയിന്‍ കയറി പോകുന്നു.
ഏറെ വൈകാരികമായി, ബന്ധങ്ങളുടെ കഥ പറയുന്ന ഈ സിനിമ, എങ്ങനെ സ്നേഹം ഒരാളില്‍ നിന്ന് കവര്‍ന്നെടുക്കപ്പെടുന്നു എന്നു കാണിക്കുന്ന അര്‍ത്ഥവത്തായ ഒരു ധ്യാനം കൂടിയാണ്. അവനവനെത്തന്നെ മോഷ്ടിക്കുക എന്നതാണ് ഈ സിനിമയുടെ പ്രമേയം.
ആറുവയസ്സുകാരിയായ അനിയ തന്‍റെ അമ്മയുടെയും അമ്മമ്മയുടേയും സ്നേഹത്തിന്‍റെ ഇരയാവുകയാണ്. അതേ സമയം മജ്കയുടെ അമ്മ അവളില്‍ നിന്ന് അവളുടെ മകളുടെ സ്നേഹം കവര്‍ന്നെടുക്കുന്നു. സ്നേഹമാണ് ഒരാളില്‍നിന്ന് കവര്‍ന്നെടുക്കുന്ന ഏറ്റവും വലിയ വസ്തു എന്നാണ് ഈ സിനിമ പറയുന്നത്. അതുകൊണ്ട്, ദയയോടുകൂടി സ്നേഹം പരിശീലിക്കപ്പെടണം എന്നുകൂടി അര്‍ത്ഥമുണ്ടാകുന്നു നമ്മുടെ കാലത്ത് ഈ സിനിമയ്ക്ക.് ആറുവയസ്സായ ഒരു പെണ്‍കുഞ്ഞാണ് ഇതിലെ മോഷണവസ്തു. ആ കുഞ്ഞിന്‍റെ കരച്ചിലില്‍ തുടങ്ങി അവളുടെ കരച്ചിലില്‍ അവസാനിക്കുന്ന തീവ്രവൈകാരികതയാണ് ഈ സിനിമയുടെ കാതല്‍. മറ്റു സിനിമകളെപ്പോലെതന്നെ ഛായാഗ്രഹണവും പശ്ചാത്തലസംഗീതവും സമീപദൃശ്യങ്ങളും ഈ ചിത്രത്തെയും കൂടുതല്‍ മിഴിവുറ്റതാക്കുന്നു. മറ്റ് ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി പോളണ്ടിലെ ഒരു ചെറുപുഴ ഇതിലെ പരിസരമാകുന്നു. മജ്ക അനിയയെയും കൊണ്ടു പോകുമ്പോള്‍ വോജാക്കിന്‍റെ കാര്‍ വരുന്നതു കാണുമ്പോള്‍ ഒളിച്ചിരിക്കുന്നതും കുഞ്ഞിന് പുഴയുടെ ഒഴുക്ക് കാട്ടിക്കൊടുത്ത് എന്നെ ഇഷ്ടമല്ലേ എന്നു ചോദിക്കുന്നതും വോജാക് അനിയയുടെ പാവക്കുട്ടിയെ കണ്ടെടുക്കുന്നതും കഴുത്തറ്റം വെള്ളത്തിലിറങ്ങി അമ്മയെയും മകളെയും തിരയുന്നതും ഏറെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നത് ഈ പുഴയില്‍ ആണ്. 6000 വര്‍ഷം പഴക്കമുള്ള, മോഷ്ടിക്കരുത് എന്ന കല്പന നമ്മുടെ കാലത്തെത്തുമ്പോള്‍ ഈ പുഴ പോലെ എത്രമാത്രം ഗതിമാറി ഒഴുകിയിരിക്കുന്നു എന്നു നമുക്കു മനസ്സിലാകും.