top of page

പപ്പിലിയോ ബുദ്ധ: ദലിത് രാഷ്ട്രീയവും ആവിഷ്കാരസ്വാതന്ത്ര്യവും

Nov 1, 2012

4 min read

രഎ
Papilio Buddha, an Indian film written and directed by Jayan K. Cherian.
Papilio Buddha, an Indian film written and directed by Jayan K. Cherian

ഗാന്ധിവിമര്‍ശനത്തിന്‍റെ പേരില്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ച സിനിമയുടെ ഒരു സ്വകാര്യ പ്രദര്‍ശനം ചൊവ്വാഴ്ച (18/09/2012) തിരുവനന്തപുരം അജന്താ തീയേറ്ററില്‍ നടന്നു. സെന്‍സര്‍ ബോര്‍ഡിന്‍റെ നടപടി ആവിഷ്കാരസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം എന്ന് വ്യാഖ്യാനിക്കപ്പെട്ടപ്പോള്‍ സെന്‍സര്‍ ചെയ്യാത്ത ചിത്രത്തിന്‍റെ ഈ സ്വകാര്യ പ്രദര്‍ശനം അതിനെതിരെയൊരു പ്രതിഷേധസമരമായിരുന്നു. സിനിമ പ്രതിനിധാനം ചെയ്യുന്ന ദലിതരുടെ ചില സംഘടനാപ്രതിനിധികളും സിനിമാപ്രവര്‍ത്തകരും മാദ്ധ്യമപ്രവര്‍ത്തകരുമടക്കം ക്ഷണിക്കപ്പെട്ട ഒരു കൂട്ടം ആളുകളായിരുന്നു സിനിമ കാണുവാന്‍ എത്തിയത്.


കഥാഗതി

ഒരു ആദിവാസി ഭൂസമരത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഒരു സാമൂഹ്യ-രാഷ്ട്രീയ വിമര്‍ശന ചിത്രമാണ് ജയന്‍ ചെറിയാന്‍റെ ആദ്യചിത്രമായ പപ്പിലിയോ ബുദ്ധ. പ്രകാശ് ബരെയും തമ്പി ആന്‍റണിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

മേപ്പാറ എന്ന പശ്ചിമഘട്ട മേഖലയിലാണ് ചിത്രത്തിന്‍റെ കഥ നടക്കുന്നത്. പശ്ചിമഘട്ടത്തിലെ പൂമ്പാറ്റകളെക്കുറിച്ച് പഠിക്കാന്‍ വന്ന ജാക്കി (ഡേവിഡ് ബ്രിഗ്സ്) എന്ന അമേരിക്കക്കാരന്‍റെ സഹായിയാണ് ശങ്കരന്‍ (ശ്രീജിത്ത്). ജെ എന്‍ യുവില്‍ പഠിച്ച ശങ്കരന് ഇംഗ്ലീഷ് സംസാരിക്കാന്‍ വശമുണ്ട്. മേപ്പാറയിലെ ആദിവാസികളുടെ സമരനേതാവായ കരിയേട്ടന്‍റെ (കല്ലന്‍ പൊക്കുടന്‍) മകനാണ് ശങ്കരന്‍. തന്‍റെ ആരാധ്യപുരുഷനായിരുന്ന ഇ എം എസിന്‍റെ പേരാണ് അയാള്‍ മകന് നല്‍കിയത്.

ജാക്കിനൊപ്പം അമേരിക്കയില്‍ പോയി പഠിക്കാനാണ് ശങ്കരന്‍റെ ആഗ്രഹം. പക്ഷേ നാട്ടില്‍ സമരം നടക്കുമ്പോള്‍ അതില്‍ പങ്കെടുക്കാതെ പോയാല്‍ നാണക്കേടാണെന്നാണ് കരിയേട്ടന്‍റെ പക്ഷം.

ഓട്ടോഡ്രൈവറായ മഞ്ജുശ്രീ (സരിത), ഓട്ടോ ഓടിച്ച് കിട്ടുന്ന വരുമാനംകൊണ്ട് ആദിവാസികളുടെ പഠനം നടത്തുന്നു. പക്ഷേ ആ തൊഴില്‍ അവള്‍ക്കൊരു ബാദ്ധ്യതയാണ്. മറ്റുള്ളവരുടെ അശ്ലീലം കലര്‍ന്ന നോട്ടവും വാക്കുകളും അവള്‍ കൈകെട്ടിനിന്ന് സഹിക്കുന്നില്ല. ഒരിക്കല്‍ അവള്‍ പ്രതികരിച്ചപ്പോള്‍ ദാസപ്പന്‍ എന്ന ഡ്രൈവറുടെ തലയ്ക്കടി കൊണ്ടു.

സീം എന്ന സംഘടനയുടെ ചില ആക്ടിവിസ്റ്റുകള്‍ ആദിവാസികളുടെ ജീവിതം ഡോക്കുമെന്‍റ് ചെയ്യുന്നുണ്ട്. ശങ്കരന്‍ അവര്‍ക്ക് സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നു. പക്ഷേ ശബ്ദമില്ലാത്തവരുടെ ശബ്ദമായി പ്രവര്‍ത്തിക്കുന്നു എന്ന് പറയുന്ന സീം അംഗങ്ങളുടെ ഉള്ളില്‍ ദലിതരോട് തികഞ്ഞ അവജ്ഞയാണെന്ന് ശങ്കരന്‍ തിരിച്ചറിയുന്നു. ഒരു ദിവസം ജാക്കിനൊപ്പം പൂമ്പാറ്റയെപ്പിടിക്കാന്‍ പോയി മടങ്ങുമ്പോള്‍ പോലീസ് രണ്ടാളെയും അറസ്റ്റ് ചെയ്യുന്നു. ജാക്കിനെ സ്റ്റേറ്റ്മെന്‍റ് എടുത്തശേഷം വിട്ടയച്ചെങ്കിലും ഛത്തീസ്ഗഢ് സ്വദേശിയായ ഒരു മാവോവാദിയെ ഒളിവില്‍ താമസിപ്പിക്കുന്നു എന്നാരോപിച്ച് പോലീസ് എസ് പി (പ്രകാശ് ബരെ)യുടെ നേതൃത്വത്തില്‍ ശങ്കരനെ ക്രൂരമായി പീഡിപ്പിക്കുന്നു. അനുഭവങ്ങള്‍ ശങ്കരനിലെ ദലിത് സ്വത്വത്തെ ഉണര്‍ത്തി. പിന്നീട് മഞ്ജുശ്രീയുടെ പക്കല്‍നിന്ന് പുസ്തകങ്ങള്‍ വാങ്ങി വായിച്ചു കൂട്ടി സ്വയം ആക്ടിവിസ്റ്റായി പരിണമിക്കുന്നു.

ഇതേസമയം തലയ്ക്കടിച്ചതിന്‍റെ പ്രതികാരമായി ദാസപ്പനും സംഘവും മഞ്ജുശ്രീയെ ബലാത്സംഗം ചെയ്യുകയും അവളുടെ ഓട്ടോ കത്തിക്കുകയും ചെയ്യുന്നു. (ഓട്ടോയിലെ ബുദ്ധന്‍ അപ്പോള്‍ തീയില്‍ അകപ്പെടുന്നത് സ്ക്രീനില്‍ കാണാം). ആ സംഭവത്തെ തുടര്‍ന്ന് ആദിവാസികളും സീം പ്രവര്‍ത്തകരും പ്രതിഷേധം ശക്തമാക്കുമ്പോള്‍, സര്‍ക്കാര്‍ സമവായത്തിനായി കപട ഗാന്ധിയനായ രാംദാസിനെ (തമ്പി ആന്‍റണി) അങ്ങോട്ടയയ്ക്കുന്നു. കരിയേട്ടന്‍ സമാധാനശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കാം എന്നുപറയുമ്പോള്‍, ശങ്കരന്‍ അതിനെ എതിര്‍ക്കുന്നു. ശങ്കരന്‍റെ വാദം പൊതുസമ്മതി നേടി.

മേപ്പാറയിലെ മുന്‍തലമുറയുടെ വക്താവായ കരിയേട്ടന് ഇ എം എസ് ദൈവമായിരുന്നു. ഒരിക്കല്‍ ദൈവമായാല്‍പ്പിന്നെ അത് എപ്പോഴും അങ്ങനെതന്നെയായിരിക്കും എന്ന് പറഞ്ഞ അതേയാള്‍തന്നെ അപ്പോള്‍ ഇ എം എസിനെ മാറ്റി ബുദ്ധനെ പ്രതിഷ്ഠിക്കുന്നു.

അങ്ങനെ സമാധാന ജാഥ മേപ്പാറയില്‍ എത്തുമ്പോള്‍, "ഞങ്ങള്‍ ആരുടെയും ഹരിജനങ്ങളല്ല" എന്ന പ്രഖ്യാപനത്തോടെ ജാതിവിവേചനത്തില്‍നിന്നു രക്ഷനേടാന്‍ ബുദ്ധമതം സ്വീകരിക്കുന്ന പ്രതിഷേധക്കാര്‍ അവരെ സ്വീകരിക്കാന്‍ കൂട്ടാക്കുന്നില്ല. ഒപ്പം കപടസമാധാന ജാഥയ്ക്കെതിരെയെന്നോണം ഗാന്ധിവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി ഗാന്ധിയുടെ കോലത്തില്‍ ചെരുപ്പുമാല ഇട്ട് കത്തിക്കുന്നു.

പ്രതിഷേധക്കാര്‍ക്കെതിരെ ലാത്തിച്ചാര്‍ജ് നടത്തുന്ന പോലീസ് അയ്യങ്കാളിയുടെ ചിത്രം കത്തിക്കുന്നുണ്ട്. യുവാക്കളെ അറസ്റ്റ് ചെയ്ത്, ഭൂസമരം നടത്തിയിരുന്ന ആദിവാസികളെ അവിടെനിന്നു കുടിയിറക്കുന്നു. സമരം ചെയ്യുന്ന ആദിവാസികളോട്, കൊടുക്കാന്‍ ഭൂമിയില്ല എന്നു പറയുമ്പോഴും പലതരം വന്‍കിട കയ്യേറ്റങ്ങള്‍ അവിടെ നടക്കുന്നതായി കാണാം. അതിനെതിരെയൊന്നും അധികാരത്തിന്‍റെ കരങ്ങള്‍ ഉയരാതിരിക്കുമ്പോള്‍ അത്തരം വന്‍കിട കയ്യേറ്റങ്ങളുടെ പശ്ചാത്തലത്തില്‍, കയ്യേറിയ ഭൂമിയില്‍നിന്ന് ഒഴിപ്പിക്കപ്പെട്ട ആദിവാസികള്‍ എങ്ങോട്ടെന്നറിയാത്ത പലായനം നടത്തുന്ന അവസാന ദൃശ്യം നീതിയുടെ ത്രാസ് ഒരു വശത്തേക്ക് താഴ്ന്നിരിക്കുന്നു എന്ന സത്യത്തിന്‍റെ നേര്‍ക്കാഴ്ചയാണ്.

പ്രധാനവേഷങ്ങളിലെത്തിയ അഭിനേതാക്കളെല്ലാം പൂര്‍ണ്ണമായ ആത്മസമര്‍പ്പണത്തോടെ അവരവരുടെ വേഷങ്ങള്‍ മികച്ചതാക്കി.


സിനിമയും രാഷ്ട്രീയവും

രാഷ്ട്രീയം ഉറക്കെ പറയുന്ന ചിത്രത്തെക്കുറിച്ച് പറയുമ്പോള്‍ അതിലെ രാഷ്ട്രീയത്തെക്കുറിച്ച് പറയാതെ പോകുന്നത് ശരിയല്ല.

കേരളത്തില്‍ സ്ത്രീ ഒരു ഉപഭോഗവസ്തുവാണ് എന്ന അവസ്ഥ ചിത്രത്തില്‍ പ്രതിപാദിക്കുമ്പോള്‍ അവിടെ മറ്റു മേഖലകളില്‍ കാണുന്ന അവര്‍ണ്ണതയുടെ തൊട്ടുകൂടായ്ക ഒരു പ്രശ്നമല്ലെന്നും വിളിച്ചുപറയുന്നു. പീഡിപ്പിക്കപ്പെടുന്നത് ദളിത് സ്ത്രീയാകുമ്പോള്‍ അതിന് വേണ്ടത്ര മാദ്ധ്യമശ്രദ്ധ ലഭിക്കുന്നില്ല. ഒപ്പം നിയമത്തിന്‍റെ വാതിലും തുറക്കപ്പെടുന്നില്ല.

മാവോയിസ്റ്റുകളെന്ന് മുദ്രകുത്തപ്പെട്ട് പോലീസ് പീഡനം ഏറ്റുവാങ്ങേണ്ടിവരുന്ന ഒരു ജനതയുടെ അവസ്ഥ പലപ്പോഴായി നാം കണ്ടിട്ടുള്ളതാണ്. എല്ലാ അര്‍ത്ഥത്തിലും അടിച്ചമര്‍ത്തപ്പെടുമ്പോഴാണ് മനുഷ്യന്‍റെ ചിന്ത തീവ്രവാദത്തിലേക്ക് നീങ്ങുന്നത്. അതുണ്ടാകാതിരിക്കാന്‍ ഭരണകൂടത്തിന്‍റെ ഭാഗത്തുനിന്ന് ക്രിയാത്മകമായ ഇടപെടല്‍ വേണം. അല്ലെങ്കില്‍ ഇപ്പോള്‍ ആ പേരില്‍ പീഡിപ്പിക്കപ്പെടുന്നവര്‍ പിന്നീട് അങ്ങനെ ആയിത്തീര്‍ന്നേക്കാം.

ബിംബവത്കരണത്തിനെതിരെ വിമര്‍ശനം നടത്തുമ്പാഴും അതിന്‍റെ മറ്റൊരു വശമാണ് സിനിമ മുന്നോട്ട് വയ്ക്കുന്നത്. ഗാന്ധിയെയും ഇം.എം.എസിനെയും വിഗ്രഹമാക്കുന്നതിനെ എതിര്‍ക്കുന്നവര്‍, അംബേദ്കറിനെയും അയ്യങ്കാളിയെയും ബുദ്ധനെയും അത്തരത്തില്‍ കുടിയിരുത്തുന്നു.

ആരെയും ബിംബങ്ങളാക്കേണ്ട കാര്യമില്ല. മഹാന്മാരൊന്നുംതന്നെ എല്ലാം തികഞ്ഞവരായിരുന്നില്ല. പക്ഷേ ഇതൊന്നും അവര്‍ സമൂഹത്തിനു നല്‍കിയ സേവനങ്ങളെ തമസ്കരിക്കുന്നതിനോ അവരെ വെറുക്കപ്പെടേണ്ടവര്‍ എന്ന് മുദ്രകുത്തുന്നതിനോ ന്യായീകരണമാകുന്നില്ല.

അവര്‍ണ്ണനൊപ്പംനിന്ന് സ്വാതന്ത്ര്യസമരം നയിച്ച ഗാന്ധിയും മണ്ണില്‍ പണിയെടുക്കുന്നവര്‍ക്കായി ഭൂപരിഷ്കരണനിയമം കൊണ്ടുവന്ന മന്ത്രിസഭയ്ക്ക് നേതൃത്വം നല്‍കിയ ഇഎംഎസ്സും എങ്ങനെ വെറുക്കപ്പെടേണ്ടവരാകും! ഭൂപരിഷ്കരണ നിയമം പ്രാവര്‍ത്തികമാക്കുന്നതില്‍ വന്ന പാളിച്ചകള്‍ വിളിച്ചുപറഞ്ഞ് വിപ്ലവകരമായ കാഴ്ചപ്പാടുകളെ പൂര്‍ണ്ണമായും തള്ളിക്കളയുന്നത് ശരിയല്ല. ഭൂപരിഷ്കരണത്തിന്‍റെ ഗുണഫലങ്ങള്‍ കൊയ്തത് ഇടത്തരക്കാരാണെന്നുള്ള വാദം ഒരുപരിധിവരെ സത്യമാണെന്നിരിക്കെ, അംബേദ്ക്കര്‍ മുന്നോട്ടുവെച്ച ആശയങ്ങളുടെ ഗുണഭോക്താക്കളും ഇടത്തരക്കാര്‍ തന്നെയെന്ന് മനസ്സിലാവും.

ആരും വിമര്‍ശനങ്ങള്‍ക്കതീതരാണെന്ന് പറയുന്നില്ല. പക്ഷേ പൊതുബിംബങ്ങളെ കല്ലെറിഞ്ഞാലേ വിപ്ലവം വരൂ എന്ന തത്വത്തിന്‍റെ പുനര്‍ചിന്തനം തീര്‍ച്ചയായും അവശ്യമാണ്.


പൂണൂലു മുറിച്ചെങ്കിലും

ഇ എം എസിന്‍റെ പേരില്‍ നമ്പൂതിരി ഉണ്ടായിരുന്നു, റെഡ്ഢി എന്ന വാല്‍ മുറിച്ചിട്ടും സുന്ദരയ്യയുടെ കുടുംബം റെഡ്ഢികളായിത്തന്നെ ജീവിച്ചു എന്നൊക്കെ ഗദ്ദര്‍ വിളിച്ചുപറഞ്ഞതായി മാധ്യമം വാരികയില്‍ കണ്ടിരുന്നു. ഇവിടെ ഗാന്ധിക്കെതിരെയുള്ള പ്രസംഗങ്ങളും ചെരുപ്പുമാല ചാര്‍ത്തലും കോലംകത്തിക്കലും, ഇ എം എസിനെതിരെയുള്ള പ്രസ്താവനകളും ഒക്കെ അതേ ദിശയിലുള്ളതുതന്നെയാണ്. ഇത്തരത്തിലുള്ള ചരിത്രവ്യാഖ്യാനങ്ങള്‍ പുതിയ തലമുറയില്‍ വിദ്വേഷത്തിന്‍റെ വിത്തുകള്‍ മാത്രമേ വിതയ്ക്കൂ എന്നതാണ് സത്യം. ഈ രംഗങ്ങള്‍ക്ക് ലഭിച്ച വന്‍ കരഘോഷം അതിന്‍റെ ദൃഷ്ടാന്തമാണ്. സിനിമയില്‍ കാണുന്ന ചെരുപ്പുമാലയും കോലംകത്തിക്കലും മേല്‍പ്പറഞ്ഞ വിദ്വേഷ രാഷ്ട്രീയത്തിന് ഇന്ധനം നല്‍കുക മാത്രമാണ് ചെയ്യുന്നത്.

തമിഴ്നാട്ടിലും മറ്റും കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ കണ്ട, അംബേദ്ക്കര്‍ പ്രതിമകള്‍ തകര്‍ത്ത സംഭവങ്ങള്‍ കൂടി ഈയൊരവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. അവിടെ ദലിതരോടുള്ള അമര്‍ഷമാണ് അതിലേക്ക് നയിച്ചത്. അപ്പോള്‍ ആത്യന്തികമായി ഉണ്ടാകുന്നത്- അവര്‍ണ്ണന് അവന്‍ എന്നും പാര്‍ശ്വവത്കരിക്കപ്പെട്ടവനാണ് എന്ന ബോധവും, സവര്‍ണ്ണന്‍റെ കാഴ്ചപ്പാടില്‍ അവര്‍ എല്ലാം തച്ചുടയ്ക്കുന്ന സംഘടിതശക്തിയായി ഉയര്‍ന്നു വരുന്നു എന്നൊരു ചിന്തയുമായിരിക്കും. ഇത്തരം ചിന്തകള്‍ ഒരിക്കലും സമത്വം എന്നൊരു ആശയത്തിലേക്ക് ഉരുത്തിരിയില്ല എന്നു പറയേണ്ടതില്ലല്ലോ!

ഗാന്ധിയും അംബേദ്ക്കറും ഒക്കെ മുന്നോട്ടുവെച്ച ആശയത്തിലൂന്നിയ ഒരു പിന്തുടരലല്ല ഇന്ന് നാം കാണുന്നത്. ഗാന്ധിയെ സവര്‍ണ്ണ ബിംബമായും അംബേദ്ക്കറിനെ ദളിതരുടെ ദൈവമായും കുടിയിരുത്താന്‍ ശ്രമിക്കുന്നത് ഒരര്‍ത്ഥത്തില്‍ അവരുടെ സംഭാവനകളെ മൊത്തത്തില്‍ അവഹേളിക്കുന്നതിനു തുല്യമാണ്.

പക്ഷംപിടിച്ചുള്ള അപൂര്‍ണ്ണമായ ചരിത്രവായനയാണ് ഇവിടെ പ്രധാനപ്രശ്നം. വ്യക്തികളുടെ ചരിത്രം വായിക്കേണ്ടത്, അവരുടെ നിലപാടുകളെ അളക്കേണ്ടത്, അവര്‍ ജീവിച്ചിരുന്ന കാലഘട്ടത്തെയും അന്നത്തെ സാമൂഹ്യഘടനയേയും മുന്‍നിര്‍ത്തിയാവണം. ഹിറ്റ്ലറിനെയും സ്റ്റാലിനെയും ഒക്കെ ന്യായീകരിക്കണം എന്നതല്ല ഈ പറഞ്ഞതിന്‍റെ പൊരുള്‍.

അംബേദ്ക്കര്‍ ഗാന്ധിയെ വിമര്‍ശിച്ചതിനെ പിന്തുടര്‍ന്ന് അതിനെ ഒരു മൂവ്മെന്‍റായി ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ എന്തു കഴമ്പാണുള്ളത്! അതിനെക്കുറിച്ച് വാദിക്കാം, തര്‍ക്കിക്കാം. പക്ഷേ അതിവൈകാരികതയോടെ ഇത്തരം കാര്യങ്ങളെ നോക്കിക്കാണുന്നതും, അതുമാത്രമാണ് പരമമായ സത്യം എന്ന് കരുതുന്നതും ചരിത്രത്തോടുള്ള നിന്ദയാണ്, സ്വാതന്ത്ര്യസമരകാലത്ത് അംബേദ്ക്കറുടെ കൂറ് ആരോടായിരുന്നു എന്ന് പരിശോധിക്കുന്നത് ഈ അവസരത്തില്‍ നന്നായിരിക്കും.

ഇപ്പോള്‍ സെന്‍സര്‍ഷിപ്പിനെതിരെ വാദിക്കുന്നവര്‍ തന്നെയല്ലേ എന്‍ സി ഈ ആര്‍ ടി പുസ്തകത്തില്‍ നിന്നും ശങ്കറിന്‍റെ കാര്‍ട്ടൂണ്‍ മാറ്റണമെന്ന് പറഞ്ഞ് സമരം ചെയ്തത്? 'ഞങ്ങള്‍ക്ക് ആരെയും വിമര്‍ശിക്കാം. ഞങ്ങളുടെ ദൈവങ്ങളെ ആരെങ്കിലും വിമര്‍ശിച്ചാല്‍ പ്രതിഷേധിക്കാന്‍ തെരുവിലിറങ്ങും' എന്നു പറയുന്നത് ഇരട്ടത്താപ്പല്ലാതെന്താണ്?

ജാതീയമായ വേര്‍തിരിവുകളില്‍നിന്ന് രക്ഷനേടാന്‍ ബുദ്ധമതം സ്വീകരിക്കുമ്പോള്‍ ഒരു പക്ഷേ അവിടെയും അവര്‍ണ്ണതയുടെ മേലങ്കി പേറേണ്ടിവരും എന്ന് ചിത്രം പറയാതെ പറയുന്നു. ഇടയ്ക്ക് ശങ്കരനെ മതം മാറ്റി ക്രിസ്ത്യാനിയാക്കുന്ന കാര്യം ഒരാള്‍ പറയുമ്പോള്‍ അവിടെ ഉയര്‍ന്ന ബ്രാഹ്മണര്‍ മാര്‍ഗ്ഗം കൂടിയ തിയറി സമൂഹത്തിന്‍റെ മനസ്സില്‍ ആഴത്തില്‍ തറച്ച വിവേചനത്തിന്‍റെ പ്രതിഫലനമാണ്. അതിനാല്‍ മൊത്തത്തിലുള്ള ഒരു വസ്ത്രമാറ്റമല്ല സമൂഹം മനസ്സില്‍ പേറുന്ന മതില്‍ക്കെട്ടുകളാണ് പൊളിച്ചുമാറ്റപ്പെടേണ്ടത്. അതിലേക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു. പക്ഷെ അതിനായി സ്വീകരിക്കേണ്ട മാര്‍ഗ്ഗം വിദ്യാഭ്യാസം ആ വാക്കിന്‍റെ അര്‍ത്ഥത്തെ പൂര്‍ണ്ണമായും സാംശീകരിക്കുന്ന രീതിയില്‍ കുറ്റമറ്റതാക്കുക മാത്രമാണ്.

അംബേദ്കറിസത്തില്‍ അധിഷ്ഠിതമായ സമകാലിന ദളിത്ചിന്തകളുടെ പ്രതിഫലനമാണ് ഈ സിനിമയില്‍ കാണുന്നത്. അതില്‍ പുതുതലമുറയുടെ പ്രതിഷേധമുണ്ട്. രണ്ട് ചിന്താധാരകള്‍ക്കിടയില്‍പ്പെട്ട് ആശയക്കുഴപ്പം ഉള്ളില്‍ പേറുന്ന മുന്‍തലമുറയുടെ നിസ്സാഹായവസ്ഥയുണ്ട്. ഇതൊക്കെയും ഇന്നത്തെ കാലഘട്ടത്തില്‍നിന്ന് ഡോക്കുമെന്‍റ് ചെയ്യുമ്പോള്‍ ചിത്രത്തില്‍ സീം എന്ന സംഘടന ചെയ്യുന്നതുപോലെയുള്ള ഒരു പ്രവൃത്തിയല്ലേ ഇത് എന്ന് കാഴ്ചക്കാരന് സംശയം തോന്നാം. പക്ഷേ അത്തരം ചോദ്യങ്ങള്‍ അവര്‍ സ്വയം ചോദിക്കേണ്ടതാണ്.

സമരം ചെയ്യുന്ന ആദിവാസികള്‍ക്ക് ഭൂമി കൊടുക്കേണ്ടതുത്തന്നെയാണ്. പക്ഷേ അത് ലഭിക്കാത്തതിന് അവര്‍ കത്തിക്കേണ്ടത് ഗാന്ധിയുടെയോ ഇ എം എസ്സിന്‍റെയോ കോലങ്ങളല്ല, മറിച്ച് കമ്പോളതാത്പര്യങ്ങള്‍ക്ക് മാത്രം ചെവികൊടുത്ത് ഒരു ജനതയുടെ നേരെ കണ്ണടയ്ക്കുന്ന ഭരണകൂടത്തിന്‍റെയാണ്.


രാഷ്ട്രീയവും സെന്‍സര്‍ ബോര്‍ഡും

രതിരംഗങ്ങളും ബലാത്സംഗവും ഗാന്ധിവിമര്‍ശനങ്ങളുമാണ് സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റാന്‍ നിര്‍ദ്ദേശിച്ചത്. കൂടാതെ ചില രംഗങ്ങള്‍ ബ്ലര്‍ ചെയ്യാനും അശ്ലീല പദങ്ങള്‍ക്ക് ബീപ്പ് കൊടുക്കാനും നിര്‍ദ്ദേശങ്ങളുണ്ട്. സിനിമയുടെ രാഷ്ട്രീയത്തെക്കുറിച്ച് പറഞ്ഞ കുഴപ്പങ്ങളോ അശ്ലീലരംഗങ്ങളോ അതിന്‍റെ പ്രദര്‍ശന നിഷേധത്തിനു ന്യായീകരണമാകുന്നില്ല. എത്രതന്നെ 'ഭീകര'മാണെങ്കിലും അതിന് പ്രദര്‍ശനാനുമതി നല്‍കി സമൂഹത്തിന് ചര്‍ച്ചചെയ്യാന്‍ അവസരമൊരുക്കകയാണ് യഥാര്‍ത്ഥ ജനാധിപത്യത്തിന്‍റെ ലക്ഷണം. ഇത്തരം ആശയങ്ങളെ അനുകൂലിക്കുമ്പോഴും പ്രതികൂലിക്കുമ്പോഴും അതിവൈകാരികതയുടെ തലം ഉപേക്ഷിച്ചാലേ ചര്‍ച്ചകള്‍ക്ക് അവസരമൊരുങ്ങൂ എന്നതും മറന്നുകൂടാ.

ഗാന്ധിക്ക് ചെരുപ്പുമാലയിട്ട് കോലം കത്തിക്കുന്നതും അംബേദ്കറിന്‍റെ കാര്‍ട്ടൂണ്‍ വരയ്ക്കുന്നതും ഇപ്പറഞ്ഞ സംഭവങ്ങളിലൊക്കെയും ഒരു കലാകാരന്‍റെ ആവിഷ്കാരത്തിന്‍റെ ഭാഗമാണ്. അതിനെ അനുകൂലിച്ചാലും പ്രതികൂലിച്ചാലും അത് പ്രദര്‍ശിപ്പിക്കാനുള്ള അവസരം നിഷേധിക്കാന്‍ പാടില്ല.

ഒരു കോലത്തിനൊപ്പം കത്തിത്തീരുന്ന സംഭാവനകളല്ല ഗാന്ധി നല്‍കിയിട്ടുള്ളത്. ഒരു കാര്‍ട്ടൂണില്‍ ചോര്‍ന്നു പോകുന്നതല്ല അംബേദ്കറിന്‍റെ തലയെടുപ്പ്.

Featured Posts