top of page
കലൂഷമായ മനസുമായി ലക്ഷ്യമില്ലാതെ അയാള്‍ കടലിനു സമാന്തരമായി നടന്നു. അയാളുടെ ദുഃഖത്തില്‍ പങ്കുചേരാനെന്ന വണ്ണം തിരകള്‍ തീരത്ത് തല തല്ലി കരഞ്ഞുകൊണ്ടിരുന്നു. ഒരാശ്വാസത്തിനു വേണ്ടിയാണ് അയാള്‍ കടല്‍ത്തീരത്തെത്തിയത്. ജീവിതത്തിന്‍റെയും ചിന്തകളുടെയും ഇടയില്‍ മനസ് തളരുമ്പോഴെന്നും അയാള്‍ ആശ്വാസം തേടിയെത്തിയിരുന്നത് ആ കടല്‍ തീരത്തായിരുന്നു.
വൈകുന്നേരങ്ങളില്‍ കടല്‍ക്കരയിലെ തണുത്ത കാറ്റില്‍ കടലയും കൊറിച്ച് കാഴ്ചകള്‍ കണ്ടിരിക്കു മ്പോള്‍ എല്ലാം മറക്കും. ചിപ്പികള്‍ പെറുക്കി മണലില്‍ കൊട്ടാരമുണ്ടാക്കുന്ന കുട്ടികളും 'കടലമ്മ കള്ളി' എന്നെഴുതി തിരകള്‍ക്ക് പിടികൊടുക്കാതെ ഓടിയകലുന്ന വികൃതികളും നോക്കിയിരുന്നങ്ങനെ നേരം പോവും. ആ ആരവങ്ങള്‍ക്കിടയില്‍ തന്‍റെ മനസിന്‍റെ ഭാരം താനറിയാതെ തന്നെ നഷ്ടപ്പെടുക യാണ് പതിവ്.
പക്ഷെ, ഇന്നെന്തോ... കടലമ്മയ്ക്ക് പോലും തന്നെ വേണ്ടാത്തത് പോലെ.. എത്ര നേരമായി താനിങ്ങനെ ഇവിടെ നടക്കുന്നു. മനസ്സിന്‍റെ ഭാരത്തിനൊരു മാറ്റവുമില്ല.
'എന്തൊരു ജീവിതം' അയാള്‍ പിറുപിറുത്തു. കൂട്ടിയും കിഴിച്ചും നോക്കുമ്പോള്‍ നഷ്ടങ്ങളുടെ കണക്ക് മാത്രം.
അതെ, എവിടെയും നഷ്ടങ്ങള്‍ മാത്രം... മനസിലെ കാര്‍മേഘം അയാളുടെ കണ്ണില്‍ ചാറ്റല്‍ മഴ സൃഷ്ടിച്ചു. കണ്ണും തുടച്ച് കൊണ്ടയാള്‍ ഒരിടത്ത് സ്ഥാനമുറപ്പിച്ചു.
ആര്‍ക്കും വേണ്ടാത്ത ഒരു ജീവിതം. ഇങ്ങിനെ ജീവിക്കുന്നതിന് ഒരു അര്‍ത്ഥം വേണ്ടെ? എത്ര കാലം താനിങ്ങനെ കിടന്ന് നരകിക്കണം.. അയാളുടെ കണ്ണില്‍നിന്നും പെയ്തിരുന്ന ചാറ്റല്‍ മഴ മെല്ലെ പേമാരിയ്ക്ക് വഴിമാറി കൊടുത്തു. അയാള്‍ കവിളിലൂടെ ഒഴുകിയിറങ്ങിയ നീര്‍ച്ചാല്‍ മെല്ലെ തുടച്ചു. തടയണ പൊട്ടിയ നീരുറവപോലെ വീണ്ടും വീണ്ടും കണ്ണുനീര്‍ കവിളിലൂടെ പെയ്തിറങ്ങി ക്കൊണ്ടിരുന്നു. നീരൊഴുക്ക് നിയന്ത്രിക്കാനാവാതെ കൈവെള്ളക്കുള്ളില്‍ മുഖംപൊത്തി കൊണ്ടയാള്‍ പൊട്ടിക്കരഞ്ഞു.
ഇത്തിരിനേരം കരഞ്ഞപ്പോള്‍ എന്തോ ഒരാശ്വാസം പോലെ. ആ കണ്ണീരില്‍ തന്‍റെ മനസിന്‍റെ ഭാരം അലിഞ്ഞില്ലാതായതുപോലെ. എങ്കിലും അയാള്‍ മുഖമുയര്‍ത്താതെ അതേ ഇരുപ്പ് തുടര്‍ന്നു.
അയാള്‍ കണ്ണുകള്‍ തുറന്ന് മുഖമുയര്‍ത്തിയ പ്പോള്‍ സൂര്യന്‍ കടലിനെ സിന്ദൂരമണിയിച്ച് ഓടിയൊളിക്കാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു. കുട്ടികളും കമിതാക്കളുമെല്ലാം മെല്ലെ തീര മൊഴിഞ്ഞു തുടങ്ങി. അയാള്‍ അവിടെ തന്നെ ഇരുന്നു.
ചെഞ്ചായമണിഞ്ഞ ആകാശം. ആകാശത്തിനു കീഴെ കൂടണയാന്‍ ധൃതി കൂട്ടുന്ന പറവ കൂട്ടങ്ങള്‍..
ആളൊഴിഞ്ഞു തുടങ്ങിയ തീരവും പറന്നകലുന്ന പക്ഷിക്കൂട്ടങ്ങളും.. അയാളുടെ നെഞ്ചിനകത്ത് വീണ്ടും ആരോ ഭാരം കയറ്റി വെച്ചതുപോലെ..
എല്ലാവരും തങ്ങളുടെ വീടെത്താന്‍ നോക്കുന്നു. താന്‍ മാത്രം..
കടലിന്‍റെ ആഴങ്ങളില്‍ അലിഞ്ഞ് ചേര്‍ന്നാലോ എന്നയാള്‍ ഒരു നിമിഷം ചിന്തിച്ചു. നഷ്ടങ്ങള്‍ മാത്രം വിരുന്നെത്തുന്ന ഈ ജീവിതത്തേക്കാള്‍ നല്ലത് മരണം തന്നെയല്ലേ. മരണത്തെ കുറിച്ചോര്‍ക്കു മ്പോള്‍ മാത്രം എന്തോ വലിയ വിജയം നേടുന്നൊരു തോന്നലാണ്. ജീവിതത്തില്‍ വന്നെത്തിയ അപ്രതീക്ഷിതമായ നഷ്ടങ്ങള്‍ എല്ലാം മരണത്തിന് മുന്നില്‍ ഒന്നുമല്ലാതാകും.
ജീവിതത്തിന്‍റെ തുടക്കം മുതലേ താന്‍ ഒരു തോല്‍വിക്കാരനായിരുന്നു. തള്ളയേതെന്നോ തന്തയാരെന്നോ അറിയാത്ത ജീവിതത്തെ തോല്‍വി എന്നല്ലാതെ എന്തു വിളിക്കാനാണ്.
മറക്കാന്‍ ശ്രമിച്ചിരുന്നതെല്ലാം പൂര്‍വ്വാധികം തെളിച്ചത്തോടെ ഓര്‍മയില്‍ വന്നു നിറഞ്ഞു. ജീവിതത്തില്‍ എന്തെങ്കിലും നേടി എന്ന് ആദ്യമായി തോന്നിയത് തന്‍റെ ശെല്‍വിയമ്മയെ കിട്ടിയപ്പോളാണ്. തമിഴ് കലര്‍ന്ന മലയാളത്തില്‍ മുറുക്കാന്‍ ചുവപ്പില്‍ സ്നേഹമലിയിച്ച് അവര്‍ തന്നെ ഉറക്കിയിരുന്ന ഈരടികളുടെ മാറ്റൊലി അയാളുടെ കണ്ണില്‍ വീണ്ടും നനവു പടര്‍ത്തി.
അമ്മ എന്ന വാക്കിനര്‍ത്ഥം പഠിപ്പിച്ചത് അവരായിരുന്നു. വിശ ന്നൊട്ടിയ വയറ്റില്‍ സാരി മുറുക്കി യുടുത്ത് വിശപ്പിനെ തോല്‍പ്പിച്ച്, തെണ്ടി കിട്ടിയ ചില്ലറ തുട്ടുകള്‍ കൂട്ടിവെച്ച് തന്നെ ഊട്ടിയിരുന്ന ദേവത.
തണുപ്പിന്‍റെ സൂചിമുനകള്‍ തന്‍റെ പിഞ്ചു ശരീരത്തെ നോവിക്കാതിരിക്കന്‍ കടത്തിണ്ണയിലാണെങ്കിലും തന്നെ മാറോട് ചേര്‍ത്ത് ഉറക്കിയിരുന്ന ശെല്‍വിയമ്മ.
കോരിച്ചൊരിയുന്ന മഴയത്ത് താന്‍ നനയാതിരിക്കാന്‍ അന്നും തന്നെ ചേര്‍ത്ത് പിടിച്ച് തന്നെയായിരുന്നു ശെല്‍വിയമ്മ ഉറങ്ങിയത്. പക്ഷെ, പിറ്റേന്ന് രാവിലെ കണ്ടത് പിച്ചിചീന്തിയ വസ്ത്രങ്ങളും ചോര പുരണ്ട ശരീരവുമായി കിടക്കുന്ന ശെല്‍വിയമ്മ യെയും കാഴ്ച കാണാന്‍ ചുറ്റിലും കൂടി നില്‍ക്കുന്ന ആളുകളെയുമാണ്.
വീണ്ടും ഒറ്റപ്പെട്ട ജീവിതം.. വല്ലാത്ത നഷ്ടം.. എന്തു ചെയ്യണമ റിയാതെ പകച്ചു നിന്ന ബാല്യം. കിട്ടിയത് കഴിച്ചും കണ്ടയിടങ്ങളില്‍ കിടന്നും അങ്ങനെ വര്‍ഷങ്ങള്‍ പോയി.
പൈപ്പിലെ വെള്ളത്തിനും പൊതിച്ചോറിലെ എച്ചിലുകള്‍ക്കും തന്‍റെ വിശപ്പടക്കാന്‍ കഴിയാതെ വന്നപ്പോള്‍ എന്ത് ചെയ്യണമെന്ന് ചിന്തിച്ച് നില്‍ക്കുമ്പോഴാണ് വെള്ളയുടു പ്പിട്ട ഒരു മാലാഖ തന്‍റെ ജീവിതത്തില്‍ വീണ്ടും സൗഭാഗ്യമായെത്തിയത്.
അതെ, തന്‍റെ ജീവിതത്തില്‍ അതൊരു മാലാഖ തന്നെയായിരുന്നു. വിശപ്പിന്‍റെ കത്തിമുന പള്ളയില്‍ ആഴ്ന്നിറങ്ങിയപ്പോഴാണ് കുറച്ച് മാറി ഒരു കടയില്‍ പോക്കറ്റിലെ പേഴ്സില്‍ നിന്നും കാശെടുക്കുന്ന ആ മാലാഖയെ കണ്ടത്. ഒന്നും ചിന്തിച്ചില്ല. അതും തട്ടിപ്പറിച്ചെടുത്ത് ഓടുമ്പോള്‍ വിശപ്പിന്‍റെ കാഠിന്യം മാത്രമേ ചിന്തിച്ചുള്ളൂ. വിശന്നൊട്ടിയ വയറിനും തളര്‍ന്ന് തുടങ്ങിയ കാലുകള്‍ക്കും 'കള്ളന്‍' എന്ന് വിളിച്ച് പുറകെ ഓടി വന്നിരുന്ന ആള്‍ക്കൂട്ടത്തെ ജയിക്കുവാന്‍ മാത്രം കരുത്തുണ്ടായിരുന്നില്ല.
'ആദ്യായിട്ടാണല്ലേ മോഷ്ടിക്കുന്നത്' എന്ന ചോദ്യത്തിന് 'വിശന്നിട്ടാ'ണെന്ന് താന്‍ മറുപടി പറഞ്ഞപ്പോള്‍ തല്ലാനൊരുങ്ങിയ ആളുകളില്‍ നിന്നും തന്നെ രക്ഷിച്ച് ആളിപ്പടര്‍ന്നു കൊണ്ടിരുന്ന വിശപ്പിനെ കെടുത്താന്‍ ഒരു പൊതിച്ചോറും വാങ്ങി തന്ന അവരെ മാലാഖ എന്നല്ലാതെ എന്ത് വിളിക്കാനാണ്.
'എന്തിനാണെങ്കിലും ഇനി മോഷ്ടിക്കരുതെന്നും' പറഞ്ഞ് തന്നെ പോലെ ഒരു പാട് പേരുള്ള കാരുണ്യാലയം എന്ന വീട്ടിലേക്ക് പോവും വഴിയാണ് ആ വെള്ളയുടുപ്പിട്ട മാലാഖയുടെ പേര് ഗബ്രിയേല്‍ എന്നാണെന്ന് മനസിലായത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കരിഞ്ഞുണങ്ങിയ ജീവിതം വീണ്ടും പച്ചപിടിച്ചത് അവിടെ വെച്ചാണ്. തന്നെപോലെ തന്നെ പല സാഹചര്യങ്ങളില്‍ അവിടെ എത്തിപ്പെട്ടവര്‍.. ശരിക്കും കൂടപ്പിറപ്പുക ളുടെ സ്നേഹം തന്നെ..
ഗബ്രിയേലച്ചന്‍റെ തണലില്‍ ഒരുപാട് കാലം. ഒരു കുടുംബം പോലെ.. ആ മാലാഖ എല്ലാവരെയും പഠിപ്പിച്ചു, ജോലി ചെയ്യാന്‍ പ്രാപ്തരാക്കി.
പക്ഷെ, ഇപ്പോള്‍..
നെഞ്ചിനകത്തൊരു നീറ്റല്‍ അയാള്‍ക്കുഭവപ്പെട്ടു.
ഓഫീസില്‍ വന്ന ആ ഫോണ്‍ കോള്‍..
തന്‍റെ ഗബ്രിയേലച്ചന്‍റെ മരണവാര്‍ത്തയുമാ യെത്തിയ ആ ഫോണ്‍ കോള്‍..
എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. ജീവിതത്തിന്‍റെ വസന്തവും വെളിച്ചവും എല്ലാം അദ്ദേഹത്തോടൊപ്പം നഷ്ടമായിരിക്കുന്നു. നഷ്ടങ്ങള്‍ മാത്രം നിറഞ്ഞ ജീവിതത്തേക്കാള്‍ മരണം തന്നെയാണ് നല്ലത്. അയാള്‍ വേഗം കടലിന് അഭിമുഖമായി നടന്നു. താന്‍ ഇനി ആര്‍ക്കുവേണ്ടി ജീവിക്കണം? അയാളുടെ നടത്തത്തിന്‍റെ വേഗത കൂടി.. ആരുമില്ലാത്ത താന്‍ ഇനി എന്തിനു ജീവിക്കണം? തന്‍റെ ഗബ്രിയേലച്ചന്‍ ആര്‍ക്കുവേണ്ടിയാണ് ജീവിച്ചത്? പെട്ടെന്നയാള്‍ തന്‍റെ ചോദ്യത്തിനുത്തരം കിട്ടിയതു പോലെ നിന്നു.
തിരിച്ച് കാരുണ്യാലയത്തില്‍ കയറുമ്പോള്‍ അയാളുടെ കൈ വിരലില്‍ തൂങ്ങി ഒട്ടിയ വയറുള്ള ഒരുത്തന്‍ വസന്തത്തിലേക്ക് ചുവടു വെക്കുകയായിരുന്നു.