ഫാ. ജോസ് വെട്ടിക്കാട്ട്
Dec 4
ജീവിതത്തിന്‍റെ നല്ലൊരു പങ്ക് ഒരു ഗണികാലയത്തില്‍പെട്ടുപോയ റാബിയ മാനവരാശിയോട് ഇങ്ങനെ നിലവിളിക്കുന്നു: Men and women live with dignity, a few things will more enhance our beauty as much... മദ്യപാനത്തിന്‍റെ ശരിതെറ്റുകളെക്കുറിച്ചുള്ള തര്‍ക്കത്തില്‍ ഞാനവരെ ഓര്‍മ്മിച്ചെടുക്കുന്നു. കാതലായ പ്രശ്നം അതാണ്, ഈ സുരപാനം നിങ്ങളുടെ ശ്രേഷ്ഠതയെ ഏതെങ്കിലും തരത്തില്‍ സഹായിക്കുന്നുണ്ടോ ഇല്ലയോയെന്നുള്ളത്. അവനവനോടു തന്നെ മതിപ്പ് കുറയാന്‍ പ്രേരകമായ എന്തിനെയും പാപമെന്ന് വിളിച്ചു തുടങ്ങുന്നതല്ലേ നല്ലത്? നിങ്ങള്‍ക്ക് ആ പദം ഇഷ്ടമല്ലെങ്കില്‍പ്പോലും.
പാപത്തെക്കുറിച്ചുള്ള ചില പുതിയനിയമ സൂചനകള്‍ മദ്യകോപ്പയോട് നിര്‍ഭാഗ്യവശാല്‍ ഇണങ്ങുന്നുണ്ട്. ഒരാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ചില നഷ്ടങ്ങള്‍ക്ക് ക്രിസ്തു ഇട്ട പേരാണ് പാപം. നഷ്ടപ്പെട്ട ആട്, നാണയം, മകന്‍ എന്നിങ്ങനെ അര്‍ത്ഥപൂര്‍ണ്ണമല്ലാത്ത ചില നിലനില്‍പ്പുകള്‍ക്ക് അര്‍ഹിക്കുന്ന വിശേഷണമാണത്. ലളിതമായ ഒരുദാഹരണമിതാണ്; ഒരു ബന്ത് ദിവസം നിങ്ങളുടെ ചെറിയെരു കട നിങ്ങള്‍ തുറന്നില്ല. അന്ന് വൈകിട്ട് നിങ്ങള്‍ മക്കളോട് പറയുന്നു: ഇന്നെനിക്ക് അഞ്ഞൂറു രൂപയുടെ നഷ്ടമുണ്ടായി. കച്ചവടം ചെയ്തുണ്ടായ നഷ്ടമല്ല, അത് ചെയ്യാതെയുണ്ടായ നഷ്ടമെന്നുതന്നെ സാരം. എന്തിന്‍റെയും നിലനില്‍പ്പുകള്‍ അപ്രസക്തമാകുന്ന വിധത്തില്‍ അപരിഹാര്യമായ ചില പാളിച്ചകള്‍ സംഭവിക്കുന്നു. കുടിച്ചതിന്‍റെ കെട്ടഴിയുവോളമെങ്കിലും ഒരാള്‍ക്ക് അയാളുടെമീതെ കാര്യമായ ഏകാഗ്രതയോ, നിയന്ത്രണമോ ഇല്ല. അയാള്‍ എന്തെങ്കിലും പറഞ്ഞു തുടങ്ങുമ്പോള്‍ അയാളുടെ കൂട്ടുകാര്‍ പറഞ്ഞു തുടങ്ങുന്നു. നമുക്ക് പിന്നീട് സംസാരിക്കാം..... തടവറയില്‍ ദീര്‍ഘനാള്‍ ചെലവഴിച്ച ഒരാള്‍ തന്‍റെ ആത്മകഥയ്ക്കിട്ട പേര്, 'എന്‍റെ നഷ്ടപ്പെട്ട സംവത്സരങ്ങള്‍' എന്നാണ്. ഏതൊരാള്‍ക്കഹോളിന്‍റെയും ആത്മരേഖയ്ക്ക് ഈ തലക്കെട്ട് നന്നായി വഴങ്ങും.
അസാധാരണ പ്രതിഭയുള്ള കുറെയധികം പേരെ മലയാളിസമൂഹത്തിന് ഏതാനും മാസങ്ങള്‍ക്കിടയില്‍ നഷ്ടപ്പെട്ടു. അവര്‍ക്കിടയില്‍ ഒരു പൊതുഘടകം ഉണ്ടായിരുന്നു; ക്രമാതീതമായ മദ്യപാനം. തങ്ങളുടേതായ മേഖലകളില്‍ ഇനിയും വളരെദൂരം സഞ്ചരിക്കേണ്ട ആ നല്ലമനുഷ്യര്‍, വായനക്കാരാ, നിങ്ങളില്‍ ഖേദമുണര്‍ത്തുന്നില്ലേ? ഇതൊക്കെ ഓരോരുത്തരുടെയും സ്വകാര്യജീവിതമാണെന്നും അതില്‍ നമുക്കൊരു കാര്യവുമില്ലെന്നും പറഞ്ഞ് സമാശ്വസിക്കേണ്ടതുണ്ടോ... ഞാന്‍ മുന്തിരിച്ചെടിയും നിങ്ങളതിന്‍റെ ശാഖകളുമാണെന്ന് ക്രിസ്തു പറയുന്നതിന്‍റെ പൊരുളെന്താണ് ? ഓരോ ഇലയുടെയും ചില്ലയുടെയും ദൃഢതയും ആരോഗ്യവും മുഴുവന്‍ വൃക്ഷത്തിന്‍റെയും പ്രശ്നമാണ്. വ്യക്തിപരമായ തെരഞ്ഞെടുപ്പുകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചില കാര്യങ്ങള്‍ തങ്ങളുടെ ഉറ്റവരില്‍ ഉണ്ടാക്കുന്ന ഉലച്ചിലുകള്‍ എത്ര നാള്‍ കണ്ടില്ലെന്ന നടിക്കാനാവും.
ഞാനോര്‍ക്കുന്നു, സ്കൂളിലേക്ക് പോകുന്ന ഒരു ചെറിയ പെണ്‍കുട്ടിയെ. പള്ളിക്കൂടത്തിന്‍റെ മതില്‍ക്കെട്ടിനോട് ചേര്‍ന്നുള്ള ഓടയില്‍ മദ്യപിച്ച് ഉടുമുണ്ടുരിഞ്ഞ് ഒരാള്‍ കിടപ്പുണ്ട്. പള്ളിക്കൂടം പിള്ളേര്‍ അയാളെ വളഞ്ഞുനിന്നു 'കൂക്കിവിളി' എന്ന നാടന്‍ കലയിലേര്‍പ്പെടുന്നു. കുട്ടികളെ വകഞ്ഞ് അവളുമൊന്നകത്തേക്ക് പാളിനോക്കി. പിന്നെ പുസ്തകക്കെട്ടു താഴെയിട്ട് നിലവിളിയോടെ ഓടിപ്പോയി. ഊഹിച്ചെടുക്കാവു ന്നതുപോലെ അതവളുടെ അച്ഛനായിരുന്നു. പിന്നീടവള്‍ പള്ളിക്കൂടത്തില്‍ വന്നിട്ടില്ല. അവളെ അനുനയിപ്പിക്കാനുള്ള സതീര്‍ത്ഥ്യരുടെ ശ്രമം പാഴായി. അവര്‍ മടങ്ങി വരുമ്പോള്‍ അവളുടെ അച്ഛന്‍ തൊട്ടടുത്തുള്ള ആലയില്‍ കൂനിപ്പിടിച്ചിരുപ്പുണ്ട്- അയാള്‍ പ്രത്യാശയോടെ അവരോട് ചോദിക്കുകയാണ്, "മക്കളേ അവള്‍ സമ്മതിച്ചോ...?" അയാള്‍ക്കെന്തു സംഭവിക്കുന്നു വെന്നതിനെക്കാള്‍ അയാളുടെ ചുറ്റിനും ഉള്ളവര്‍ക്കെന്തു സംഭവിക്കുന്നുവെന്ന് ആകുലപ്പെടുവാന്‍ എന്നെ പ്രേരിപ്പിക്കുന്നത് ആ പഴയ ഓര്‍മ്മയാണ്.
അയാളോടൊപ്പം വസിക്കുന്നവരുടെയുള്ളില്‍ പേരിടാനാവാത്ത ഒരു ഭയത്തിന്‍റെ രാപ്പുള്ളുകള്‍ സദാ കുറുകുന്നു. അയാള്‍ക്കെന്തും സംഭവിച്ചേക്കാം, അല്ലെങ്കില്‍ അയാളില്‍ നിന്നെന്തും സംഭവിച്ചേക്കാം. ഒരു വിരുന്നിനയാളോടൊപ്പം പുറപ്പെടുമ്പോള്‍ അവര്‍ സകലദൈവങ്ങളെയും കാവലിനു വിളിക്കുന്നു. എന്നിട്ടും അയാള്‍ ദൈവങ്ങളെ കൂളായി തോല്‍പ്പിക്കുന്നു. ഉറക്കെയുള്ള ഭാഷണങ്ങള്‍, പൊട്ടിച്ചിരി, ആത്മാനുതാപങ്ങള്‍... ഉറ്റവരുടെ ശിരസ്സ് ഭൂമിയോളം താഴ്ത്തി നില്‍ക്കാനാവശ്യമുള്ള എല്ലാം അയാളില്‍ നിന്ന് സംഭവിക്കുന്നുണ്ട്. ആ മരത്തെയും ഞാന്‍ മറന്നു എന്ന മീരയുടെ കഥയുണ്ട്. മകളുമായി നഗരത്തിലെത്തിയ അച്ഛന്‍. അവളെ ഒരിടത്ത് നിര്‍ത്തിയിട്ട് അയാള്‍ തന്‍റെ കൗതുകങ്ങളിലേക്ക് പോവുകയാണ്. അരണ്ട വെളിച്ചത്തില്‍ അയാളുടെ സ്ഥലകാലങ്ങള്‍ നിശ്ചലമാകുന്നു. ആ ഇടവേളയിലാണ് ആ ചെറിയ മകള്‍ ആരാലോ ദുരുപയോഗിക്കപ്പെടുന്നത്. ചരട് പൊട്ടിയ പട്ടംപോലെയൊരാള്‍ എന്ന് സംഗ്രഹിക്കാവുന്നതേയുള്ളൂ അയാളുടെ ജീവിതം. A life without stings is chaos - ചരടുകളില്ലാത്ത ജീവിതം. വെറുതെയൊരു ആരവം മാത്രം. ഒന്നും അയാളെ വിലക്കുന്നില്ല. ആരും അയാളെ തടയാനില്ല.
പുതിയനിയമത്തില്‍ പാപത്തിന് വേണ്ടി ഉപയോഗിക്കുന്ന വാക്കിന് ലക്ഷ്യം തെറ്റുക എന്നൊരര്‍ത്ഥം കൂടിയുണ്ട്- missing the target.. ആ ആരോപണവും അയാളുടെമേല്‍ പതിക്കുന്നുണ്ട്. കോംപസ് നഷ്ടപ്പെട്ടവന്‍റെ സമുദ്രയാനങ്ങള്‍! അയാള്‍ എങ്ങോട്ടും പോകുന്നില്ല. തുടങ്ങിയേടത്തു തന്നെയുണ്ട്, വട്ടം ചുറ്റി. മദ്യപാനം പാപമല്ലെന്ന് ശഠിക്കുന്നവര്‍ അത് പല ഇടര്‍ച്ചയുടെയും വേരാണെന്ന് സമ്മതിക്കാതിരിക്കുമോ.
പഴയനിയമം മദ്യപാനത്തെ കഠിനമായി നേരിടുന്നുണ്ട്. ഒരേ വേദപുസ്തകത്തിന്‍റെ പശ്ചാത്തലത്തില്‍ നിന്ന് രൂപപ്പെട്ടതുകൊണ്ടാവണം കള്ളിനെ ചെകുത്താന്‍റെ 'രക്ത'മെന്ന് വിളിക്കാനുള്ള ധൈര്യം ഇസ്ലാമിനുണ്ട്. 'നരകതീര്‍ത്ഥ'മെന്ന ചുള്ളിക്കാടിന്‍റെ ഒരു പദം ഓര്‍മ്മിക്കുന്നു. യഹൂദമതവും അതിനെ പാപമായി തന്നെ ഗണിച്ചു. അവരുടെ ഇടയിലെ കഥയിതാണ്, എല്ലാം കത്തിയെരിഞ്ഞ ഒരു ദേശത്തില്‍നിന്ന് ഓടി രക്ഷപ്പെടുമ്പോള്‍ ലോത്ത് കൈവശം കരുതിയത് ഒരു മുന്തിരിച്ചെടി മാത്രമായിരുന്നു. സങ്കല്‍പ്പിക്കാനാവാത്ത ഹീനതകളിലേക്ക് അയാളെ കൊണ്ടുപോയി എത്തിക്കുന്നത് മുന്തിരിവള്ളിയുടെ ഫലങ്ങളായിരുന്നു. സുബോധമുള്ള ആര്‍ക്കും ഓര്‍ത്താല്‍ വിറയല്‍ വരുന്ന ഒരു കാര്യം, അയാള്‍ക്കും പെണ്‍മക്കള്‍ക്കുമിടയില്‍ സംഭവിക്കുന്നു. മദ്യം അതില്‍തന്നെ തിന്മയല്ലെന്നു വയ്ക്കുമ്പോഴും കുറഞ്ഞപക്ഷം ഒരു നിമിത്തമായെങ്കിലും കാണാന്‍ നെഞ്ച് പ്രകാശിക്കേണ്ടേ? ഏതെങ്കിലും തരത്തില്‍ ദൈവാഭിമുഖ്യമുള്ള മനുഷ്യര്‍ ചെറുപ്പംതൊട്ടേ വീഞ്ഞില്‍ നിന്നുപോലും മാറി നില്‍ക്കണമെന്ന് ഓരോ പ്രവാചകന്മാരുടെയും തെരെഞ്ഞെടുപ്പുകളില്‍ ദൈവം ഓര്‍മിപ്പിച്ചു. കാരണം ദൈവമെന്ന ലഹരിയെക്കുറിച്ച് ഭൂമിയോട് പറയേണ്ടവര്‍ അതിനെക്കാള്‍ ചെറിയ ലഹരികളില്‍ കുരുങ്ങിക്കൂടാ.
ശരിയാണ്, പുതിയ നിയമം മദ്യത്തോട് ഒരു മൃദുസമീപനം പുലര്‍ത്തുന്നുണ്ട്. നിയമങ്ങളും, ശാഠ്യങ്ങളും കൊണ്ടല്ല ധ്യാനവും പ്രകാശവും കൊണ്ട് ജീവിതത്തെ അഭിമുഖീകരിക്കണമെന്ന അതിന്‍റെ നിശ്ചയം കൊണ്ടാണത്. ക്രിസ്തു വീഞ്ഞു കുടിച്ചിരുന്നുവെന്നതും കുറെക്കൂടി നന്നായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. മുന്തിരി വിളയുന്ന ഒരു നാട്ടില്‍ വീഞ്ഞ് അവരുടെ മേശയുടെ ഭാഗമായിരുന്നു. മദ്യമായി അതിനെ ആരും ഗണിച്ചിട്ടില്ല. എന്നാല്‍, അവരുടെ ഇടയിലും മദ്യമുണ്ടായിരുന്നു. കരിക്കിനും കള്ളിനുമിടയിലെ ഒരകലം പോലെ. സുവിശേഷത്തില്‍ ഒരിടത്ത് അതിന്‍റെ സൂചനയുണ്ട്. അവര്‍ അവന് മീറ കലര്‍ത്തിയ വീഞ്ഞു കൊടുത്തു എന്ന്. കഠിനവേദനയില്‍ അവന്‍ ഉലയുന്നതു കണ്ടിട്ട് പടയാളികള്‍ അവനോടു കാണിച്ച ഏക കരുണയായിരുന്നു അത്. തങ്ങളുടെ സങ്കടങ്ങള്‍ മറക്കാനാണ് തങ്ങള്‍ മദ്യപിക്കുന്നുതെന്ന് പറയുന്നവര്‍ ഇനി അവനിലേക്ക് നോക്കി പ്രകാശിക്കട്ടെ. തന്‍റെ സങ്കടങ്ങളെ മറക്കാന്‍ യേശുവിന് മീറകലര്‍ത്തിയ വീഞ്ഞു വേണ്ട. സങ്കടങ്ങളെ ആണിനെപ്പോലെ - പെണ്ണിനെപ്പോലെയും - അഭിമുഖീകരിക്കുകയാണ് പ്രധാനമെന്ന് നസ്രത്തിലെ ആ ചെറുപ്പക്കാരനറിയാം.
ക്രിസ്തു വെള്ളം വീഞ്ഞാക്കിയെന്ന അത്ഭുതമാണ് ചീയര്‍ വിളികളോടെ മദ്യപാനികള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഫലിതം. ക്രിസ്തു കാട്ടിയ ആദ്യത്തെ അടയാളമായിരുന്നു അതെന്ന യോഹന്നാന്‍റെ സാക്ഷ്യമാണ് ശ്രദ്ധിക്കേണ്ടത്. അടയാളമെന്നാല്‍ വ്യക്തമായ സൂചനയെന്നു തന്നെയര്‍ത്ഥം - വരുംകാലങ്ങളില്‍ മാനവരാശിയനുഭവിക്കാന്‍ പോകുന്ന ആത്മപൂരിത ജീവിതത്തെക്കുറിച്ചുള്ള രേഖപ്പെടുത്തല്‍. ഒപ്പം നമ്മുടെ ജലം പോലുള്ള സാധാരണജീവിതത്തെ ധ്യാനംകൊണ്ടും സ്നേഹംകൊ ണ്ടും പതഞ്ഞുപൊങ്ങുന്ന വീഞ്ഞാക്കാമെന്നുള്ള ഓര്‍മപ്പെടുത്തലും. സാധാരണജീവിതത്തില്‍ നിന്ന് ലഹരി പടിയിറങ്ങിപ്പോയവര്‍ക്കാണല്ലോ കൃത്രിമ ലഹരികള്‍ തിരയേണ്ടിവരുന്നത്. ഒന്നോര്‍ത്താല്‍ മനസ്സിനു ലഹരിപിടിപ്പിക്കുന്ന എത്രമാത്രം അനുഭവങ്ങളാണ് നിയതി നിങ്ങള്‍ക്കു വേണ്ടി കരുതി വയ്ക്കുന്നത്! ആഷാ മേനോന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ പ്രകാശമാനമായ ഒരു കടലിനരികെ നില്‍ക്കുന്ന ഉള്ളുകെട്ടുപോയ മനുഷ്യര്‍. അഗാധമായ ഒരു സ്നേഹാനുഭവമുള്ള ആരെയും ശ്രദ്ധിക്കൂ. ഏതൊരു മദ്യപാനിയെക്കാളും അയാള്‍ ഭൂമിയെ തൊടാതെ നടക്കുന്നുണ്ട് - ഫ്ളോട്ടിംഗ്. നടപടി പുസ്തകത്തില്‍ അപ്പോസ്തോലന്മാര്‍ മദ്യപിച്ചിട്ടുണ്ട് എന്ന ഒരു ആരോപണം നഗരമുയര്‍ത്തുന്നുണ്ട്. പത്രോസ് ഒരു ചെറുപുഞ്ചിരിയോടെ അവരെ നേരിടുന്നുമുണ്ട്: ചങ്ങാതിമാരേ, ഇത്രയും വെളുപ്പിനെയോ?
പറഞ്ഞുവരുമ്പോള്‍ മദ്യം ഒരു ഇല്യൂഷനാണ്. അതെന്തൊക്കെ തോന്നലാണ് നിങ്ങളില്‍ നിലനിര്‍ത്തുന്നത്. സൗഹൃദത്തിന്‍റെ കാറ്റലിസ്റ്റ് ആയി അതിനെ ഗണിക്കുന്നവരുണ്ട്. മദ്യകോപ്പയ്ക്ക് മീതെയുള്ള സൗഹൃദത്തിന് എത്ര ആയുസ്സുണ്ടെന്നാണ് നിങ്ങള്‍ വിചാരിക്കുന്നത്? തങ്ങളുടെ ഉയിരിനെപ്പോലും സ്നേഹിക്കാത്തവര്‍ നിങ്ങളെ സംരക്ഷിക്കുമെന്ന് കരുതുന്നതിനെക്കാള്‍ വലിയ ഫലിതമെന്തുണ്ട്? തങ്ങളുടെ സൃഷ്ടിപരതയും പ്രതിഭയും ഇത് സഹായിക്കുന്നുവെന്ന തോന്നല്‍ എങ്ങനെയോ ബുദ്ധിജീവികളും, ഉത്സാഹകമ്മറ്റികളും കൂടി നിലനിര്‍ത്തുന്നത് കാണാറുണ്ട്. തിരുവനന്തപുരത്ത് നില്‍ക്കുമ്പോള്‍ പുസ്തകങ്ങളില്‍ മാത്രം കണ്ടു പരിചയമുള്ള കവി, ഭൂമിയോളം വിനീതനായി അയാള്‍ക്കുപോലും വിശ്വാസം തോന്നാത്ത കള്ളം പറഞ്ഞ് കള്ളിന് കാശുചോദിക്കുന്നു. വടക്കൊരിടത്ത് ഒരു സത്രത്തിന്‍റെ ടെറസ്സില്‍ ഭൂമിമലയാളത്തിലെ ഏറ്റവും സാധ്യതയുണ്ടായിരുന്ന ഒരു ചലച്ചിത്രകാരന്‍ പാട്ടുപാടി നൃത്തം ചവിട്ടി നിരത്തിലേക്ക് വഴുതിവീണു മരിക്കുന്നു.
എവിടെ ജോണ്‍ ?
കൂട്ടുകാര്‍ കോറസ്സു പാടുന്നു - അവനു കാവലാള്‍ ഞങ്ങളല്ല.
ഒരു ചെറിയ അളവില്‍പ്പോലും ഇത് സര്‍ഗ്ഗാത്മകതയെ സഹായിക്കില്ല എന്ന കൃത്യമായ ശാസ്ത്രീയ പഠനങ്ങളുണ്ട്. സങ്കടം മായിക്കാനിത് നല്ലതെന്ന് മറ്റു ചിലര്‍. കൂടുതല്‍ ധൈര്യം ഇത് തങ്ങള്‍ക്ക് തരുന്നുവെന്ന് വേറെ ചിലര്‍. മദ്യം ഉണ്ടാക്കുന്ന മായാപ്രപഞ്ചത്തെക്കാള്‍ കഠിനമാണ് മദ്യത്തെക്കുറിച്ചുള്ള മായാവിചാരങ്ങള്‍. ഹാ, കുപ്പിയിലടച്ച ഭൂതത്തിന്‍റെ ഓരോരോ വിസ്മയങ്ങള്‍!
ഇത്തരം ആഭിമുഖ്യങ്ങളില്‍ നിന്ന് ഒരാളെ തടയാന്‍ സദ് ചിന്തകളുടെ പ്രതിരോധം മാത്രം മതിയെന്ന അബദ്ധധാരണയൊന്നുമില്ല. കാരണം നമ്മള്‍ കരുതുന്നതിനെക്കാള്‍ സങ്കീര്‍ണ്ണമാണ് അയാളെ വലിഞ്ഞുമുറുക്കുന്ന ചരടുകള്‍. എന്നാലും വാക്കിന്‍റെ അപ്പം ഭക്ഷിക്കാതെ അനിയന്ത്രിതമായ ആസക്തികളെ അയാള്‍ എങ്ങനെ നേരിടും. ആ പുരാതന ക്ഷേത്രത്തിന്‍റെ ഓര്‍മയെ തിരികെപ്പിടിക്കുകയാണ് പ്രധാനം. ശരീരമാണ് ആ ക്ഷേത്രം. ദൈവം മണ്ണുകൊണ്ട് അവനെ മെനഞ്ഞെടുത്ത് നാസാരന്ധ്രങ്ങളില്‍ നിശ്വസിച്ചു - ഈ മണ്‍കൂട്ടിലെ ദൈവത്തിന്‍റെ ശ്വാസം മറന്നുപോകുന്നിടത്താണ് ശരീരത്തിന്‍റെ പാളിച്ചകളൊക്കെ ആരംഭിക്കുന്നത്. നോക്കണം, ദേവാലയമുറ്റത്തു നിന്ന് മുപ്പത്തിമൂന്ന് വയസ്സുള്ള ഒരു ചെറുപ്പക്കാരന്‍ നിലവിളിക്കുന്നത്: ഈ ദേവാലയം തകര്‍ക്കുക, ഞാനതിനെ മൂന്നാം ദിവസം കെട്ടിയുയര്‍ത്തും. അവന്‍റെ കേള്‍വിക്കാര്‍ ആര്‍ത്തു ചിരിച്ചു. നാല്പത്തിയാറ് സംവത്സരങ്ങള്‍കൊണ്ട് ഉയര്‍ത്തിയ ദേവാലയം മൂന്നു ദിനം കൊണ്ട് പൊളിച്ചു പണിയാന്‍ പോകുന്ന ഒരാള്‍! തന്‍റെ ശരീരമാകുന്ന ദേവാലയ ത്തെക്കുറിച്ചാണ് അവനത് പറയുന്നതെന്ന് അവര്‍ക്ക് മനസ്സി ലായില്ല. അല്ലെങ്കില്‍ത്തന്നെ ആര്‍ക്കാണത് മനസ്സിലാവുന്നത്! ശരീരത്തിന്‍റെ ക്ഷേത്ര വിശുദ്ധികളെ ധ്യാനിക്കുന്ന ഒരാള്‍ക്ക് വേണമെങ്കില്‍ മാറിനടക്കാവുന്നതേയുള്ളു. നിങ്ങള്‍ പങ്കുചേരുന്ന ആ കുര്‍ബ്ബാനപോലും എന്താണ്? അപ്പവും വീഞ്ഞും ഉയര്‍ത്തി ഇടറിയ സ്വരത്തില്‍ ക്രിസ്തുവിനുവേണ്ടി കാര്‍മ്മികന്‍ ഉച്ചരിക്കുന്ന ആ കൂദാശവചനങ്ങളില്ലേ. 'അവന്‍ തന്‍റെ ശരീരരക്തങ്ങളെ എടുത്തു വാഴ്ത്തി'. വാഴ്ത്തിയ ഒരു ശരീരബോധത്തിന് എന്നെ നിശ്ചയമായും സഹായിക്കാനാകും.
ചില പ്രതിരോധങ്ങളും അനിവാര്യമാണ്. അതുകൊണ്ടാണ് ഏതിടത്തില്‍ ചെന്നാലും ആയിടത്തിലെ അര്‍ഹതയുള്ളവരോടൊപ്പം ചിലവഴിക്കുവാന്‍ ക്രിസ്തു തന്‍റെ സ്നേഹിതരെ ഓര്‍മ്മിപ്പിച്ചത്. ചില സത്സംഗ ങ്ങളിലായിരിക്കുകയാണ് പ്രധാനം. പ്രകാശത്തെയും പുസ്തകങ്ങളെയും സംഗീതത്തെയും ധ്യാനത്തെയും ഒക്കെ സ്നേഹിക്കുന്നവരുടെ സൗഹൃദങ്ങളിലാ യിരിക്കുക. അവര്‍ നിങ്ങളുടെ വഴുതാവുന്ന പാദങ്ങളെ തെല്ലെങ്കിലും ദൃഢപ്പെടുത്താതിരിക്കില്ല.
കുറച്ചുകാലമായി ഇങ്ങനെയോരോരോ കുറിപ്പുകള്‍ എഴുതുമ്പോഴും മദ്യപാനത്തെക്കുറിച്ച് എന്നെങ്കിലും എഴുതണമെന്ന് തോന്നിയിട്ടില്ല. വ്യക്തിപരമായി അനുഭവപ്പെട്ട ഒരു ധൈര്യക്കുറവ് തന്നെ കാരണം. മറ്റൊന്ന് യൂസഫ് റോത്തിന്‍റെ വിശുദ്ധ മദ്യപാനിയെന്ന പുസ്തകത്തില്‍ പരിചയപ്പെട്ടതുപോലുള്ള നിഷ്കളങ്കരും സഹൃദയരുമായ കുറെയധികം പേരോടുള്ള ആദരവ് കൊണ്ട്. ചിലരിലെങ്കിലും അത് പുറത്ത് കടക്കാനാവാത്ത ഒരു രോഗാതുരതയാണെന്ന സാമാന്യവിവരവും ഉണ്ട്. എന്നിട്ടും ആരംഭത്തില്‍ പരാമര്‍ശിച്ച ആചാര്യയോടൊപ്പം ഒന്നാവര്‍ത്തിച്ചോട്ടെ. ശ്രേഷ്ഠതയില്‍ ജീവിക്കുക - അതിനെക്കാള്‍ ജീവിതത്തിന് ചാരുത തരുന്നതെന്താണ് ?