Delicia Devassy
Nov 28
യുഗാന്ത്യത്തെ സാര്‍വ്വത്രികമായ യുഗാന്ത്യമെന്നും വ്യക്തിപരമായ യുഗാന്ത്യമെന്നും തരംതിരിക്കാറുണ്ട്. ബിബ്ലിക്കല്‍ യുഗാന്ത്യചിന്തയും ഗ്രീക്കുയുഗാന്ത്യചിന്തയും തമ്മിലുള്ള അന്തരമാണ് ഈ തരംതിരിവിനു പിന്നിലുള്ളത്. ബൈബിളിന്‍റെ വീക്ഷണമനുസരിച്ച് യഥാര്‍ത്ഥത്തില്‍ ഒരു യുഗാന്ത്യമേയുള്ളൂ. അതു സാര്‍വ്വത്രികമായ യുഗാന്ത്യമാണ്. മരിച്ചവരുടെ ഉയിര്‍പ്പില്‍ ആത്മശരീരൈക്യമായ മനുഷ്യന്‍ മനുഷ്യകുലം മുഴുവനോടും കൂടെ സമ്പൂര്‍ണസാക്ഷാത്കാരത്തില്‍ എത്തിച്ചേരുന്നതാണ് സാര്‍വ്വത്രികമായ യുഗാന്ത്യമെന്നു പറയാം. മനുഷ്യന്‍റെ വ്യക്തിപരമായ അന്ത്യത്തെ അഥവാ സാക്ഷാത്ക്കാരത്തെപ്പറ്റി ആനുഷംഗികമായ ചില പരാമര്‍ശങ്ങള്‍ മാത്രമേ ബൈബിളില്‍ കാണുന്നുള്ളൂ. ഗ്രീക്ക് തത്വചിന്തയനുസരിച്ച് മനുഷ്യന്‍ അമര്‍ത്യമായ ആത്മാവോടും മര്‍ത്യമായ ശരീരത്തോടും കൂടിയ ഒരു ദ്വിത്വമാണ്. മരണത്തിലൂടെ ശരീരമാകുന്ന ജയിലറയില്‍നിന്നു മോചിതമാകുന്നതാണ് ആത്മാവിന്‍റെ സ്വയം സാക്ഷാത്കാരം. ഈ സങ്കല്പമത്രേ വ്യക്തിപരമായ യുഗാന്ത്യചിന്തയിലേക്കു നയിച്ചത്. ഗ്രീക്കു മോഡല്‍ യുഗാന്ത്യചിന്തയും ബിബ്ലിക്കല്‍ മോഡല്‍ യുഗാന്ത്യചിന്തയും കൂടിച്ചേര്‍ന്ന ഈ ദ്വിവിധ യുഗാന്ത്യചിന്ത യഹൂദമതത്തില്‍ രൂപമെടുക്കുകയും സഭ ഏറ്റുവാങ്ങുകയും ചെയ്തു. ഇതാണ് ഇന്നു പൊതുവേയുള്ള ക്രൈസ്തവ യുഗാന്ത്യസങ്കല്പം ഈ സങ്കല്പത്തില്‍. വ്യക്തിപരമായ യുഗാന്ത്യത്തിനുശേഷം സംഭവിക്കുന്ന ഒന്നായി കണക്കാക്കപ്പെട്ടു, സാര്‍വ്വത്രികമായ യുഗാന്ത്യം. ഇതിന്‍റെ അനന്തരഫലമാണ് വ്യക്തിപരമായ യുഗാന്ത്യത്തിനും സാര്‍വ്വത്രികമായ യുഗാന്ത്യത്തിനുമിടയില്‍ അഥവാ മരണത്തിനും മരിച്ചവരുടെ ഉയിര്‍പ്പിനുമിടയില്‍ സങ്കല്പിക്കപ്പെടുന്ന ഇടക്കാലാവസ്ഥ.
പഴയനിയമത്തില്‍ മരിച്ചുപോയവര്‍ ഈ ഇടക്കാലാവസ്ഥയില്‍ തങ്ങുന്ന ഇടമാണ് പാതാളം. ആദ്യമെല്ലാം ഇത് ഭൂമിക്കടിയില്‍ എങ്ങോ സ്ഥിതിചെയ്യുന്ന അന്ധകാരമയമായ ഒരു സ്ഥലമായിട്ടാണ് കരുതപ്പെട്ടത്. അവിടെ യഥാര്‍ത്ഥമായ ഒരു ജീവിതമില്ല. നിഴല്‍ സമാനമായ ഒരു അസ്തിത്വമേയുള്ളൂ. ദൈവത്തില്‍നിന്നും സഹമര്‍ത്യരില്‍നിന്നും അകന്ന ഒന്നാണ് അവിടുത്തെ ജീവിതം. ആദ്യം ശിക്ഷയുടെ സ്ഥലമായി പരിഗണിക്കപ്പെട്ടെങ്കിലും പിന്നീട് ദുഷ്ടര്‍ക്കും ശിഷ്ടര്‍ക്കും പാതാളത്തില്‍ പ്രത്യേകം പ്രത്യേകം സ്ഥലങ്ങളുണ്ടെന്ന ചിന്ത പ്രബലമായി. പുതിയ നിയമത്തിലും ഈ ചിന്തയുടെ പ്രതിഫലനം നാം കാണുന്നുണ്ട്. ഉദാ. ലൂക്കാ 16: 19-31, (ലാസറിന്‍റെയും ധനവാന്‍റെയും ഉപമ).
ശരീരത്തെ തിന്മയായി കരുതി അവഗണിച്ച ജ്ഞാനവാദികളുമായുള്ള സംവാദത്തില്‍, സഭാപിതാക്കന്മാര്‍ ശരീരത്തിന്‍റെ ഉയിര്‍പ്പിനും ഈ ഉയിര്‍പ്പിനുവേണ്ടിയുള്ള കാത്തിരിപ്പിനും പ്രത്യേകം ഊന്നല്‍ നല്‍കുകയുണ്ടായി. ജെസ്റ്റിന്‍, ഇറേനേവൂസ്, തെര്‍ത്തുല്യന്‍, അംബ്രോസ് തുടങ്ങിയ സഭാപിതാക്കന്മാര്‍ ഏറെക്കുറെ പഴയനിയമത്തില്‍ പറയുന്നതുപോലെയുള്ള ഒരു പാതാളമാണ് ഈ കാത്തിരിപ്പിന്‍റെ വേദിയായി കാണുന്നത്. തെര്‍ത്തുല്യന്‍റെ അഭിപ്രായത്തില്‍, വിശ്വാസികളുടെ പ്രാര്‍ത്ഥന മരിച്ചവര്‍ക്കു പാതാളത്തില്‍ മെച്ചപ്പെട്ട ഒരു സ്ഥലം ലഭ്യമാക്കും. രക്തസാക്ഷികള്‍ മാത്രമാണ് പാതാളത്തിലൂടെ കടന്നുപോകാതെ നേരെ 'പറുദീസാ'യില്‍ എത്തിച്ചേരുന്നത്. 'മര്‍ത്യത' (ഡി മോര്‍ട്ടാലിറ്റേറ്റ്) എന്ന പുസ്തകത്തില്‍ വി. സിപ്രിയന്‍ പറയുന്നത്, രക്തസാക്ഷികള്‍ മാത്രമല്ല എല്ലാ നീതിമാന്മാരും മരണശേഷം 'ദൈവരാജ്യത്തില്‍' പ്രവേശിക്കുമെന്നാണ്. എന്നാല്‍, തെര്‍ത്തുല്യനും സിപ്രിയനും പറുദീസാ, ദൈവരാജ്യം തുടങ്ങിയ പദങ്ങള്‍ക്കൊണ്ടു വിവക്ഷിക്കുന്നത് ക്രിസ്തുവിനോടൊത്തുള്ള അസ്തിത്വം എന്നു മാത്രമാണ്. നാം മനസ്സിലാക്കുന്ന സ്വര്‍ഗ്ഗമല്ല. വി. അഗസ്റ്റിന്‍റെ അഭിപ്രായത്തില്‍ രക്തസാക്ഷികള്‍പോലും ഈ കാത്തിരിപ്പിന്‍റെ കാലത്ത് പൂര്‍ണസൗഭാഗ്യത്തില്‍ എത്തിച്ചേരുന്നില്ല. സൗഭാഗ്യത്തിന്‍റെ ഒരംശം മാത്രമാണ് അവര്‍ക്കു ലഭിക്കുക. മരണത്തിനും മരിച്ചവരുടെ ഉയിര്‍പ്പിനുമിടയ്ക്ക് സ്വര്‍ഗസൗഭാഗ്യത്തില്‍ നിന്നു വ്യത്യസ്തമായ കാത്തിരിപ്പിന്‍റെ ഒരു കാലമുണ്ടെന്നാണ് ഓര്‍ത്തഡോക്സ് ദൈവശാസ്ത്രം ഇന്നും കരുതുന്നത്.
മഹാനായ ഗ്രിഗറി ഒന്നാമന്‍ മാര്‍പാപ്പയാണ് മരിച്ചുകഴിഞ്ഞാല്‍ ഉടന്‍ തന്നെ നീതിമാന്മാരുടെ ആത്മാക്കള്‍ സ്വര്‍ഗ്ഗത്തിലെത്തി ദൈവത്തെ ദര്‍ശിക്കുമെന്നും ദുഷ്ടരുടെ ആത്മാക്കള്‍ നരകശിക്ഷയിലായിത്തീരുമെന്നും ആദ്യമായി പഠിപ്പിച്ചത്. സ്കൊളാസ്റ്റ്ക് ദൈവശാസ്ത്രത്തെയും ഈ പ്രബോധനം സ്വാധീനിച്ചു. ഇതു നിഷേധിക്കുന്നതു പാഷണ്ഡതയായിട്ടാണ് തോമസ് അക്വീനാസ് കരുതുന്നത്. മിഖായേല്‍ പാലൊയോലോഗുസ് ചക്രവര്‍ത്തിക്ക് 1224ല്‍ സമ്മേളിച്ച രണ്ടാം ലിയോണ്‍സ് സൂനഹദോസില്‍ ഈ നിലപാട് ഏറ്റുപറയുകയും ഇതിനെതിരായ അഭിപ്രായം പിന്‍വലിക്കുകയും ചെയ്യേണ്ടിവന്നു. വെളിപാട് 6:9-11 വാക്യങ്ങളെ ആധാരമാക്കിക്കൊണ്ട് 22-ാം യോഹന്നാന്‍ മാര്‍പാപ്പ 1331/32ല്‍ നടത്തിയ നാലു പ്രസംഗങ്ങളില്‍ മരണമടഞ്ഞവരുടെ ആത്മാക്കള്‍ ദൈവത്തിന്‍റെ ബലിപീഠത്തിനു കീഴില്‍ സൂക്ഷിക്കപ്പെട്ടിരിക്കുകയാണെന്നു പറയുകയുണ്ടായി. ദൈവശാസ്ത്രജ്ഞന്മാര്‍ക്കിടയില്‍ ഇതു വാദപ്രതിവാദങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും കാരണമായിത്തീര്‍ന്നു. ഈ സന്ദിഗ്ദ്ധാവസ്ഥയ്ക്കു ഒരു പരിഹാരമെന്നോണം 22-ാം യോഹന്നാന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായ ബെനഡിക്ട് പന്ത്രണ്ടാമന്‍ മാര്‍പാപ്പ 1336ല്‍ 'ബെനഡിക്തൂസ് ദേവൂസ്' എന്ന പ്രമാണരേഖയിലൂടെ സഭയുടെ നിലപാടു വ്യക്തമാക്കി. മരണമടഞ്ഞ നീതിമാന്മാരുടെ ആത്മാക്കള്‍ ഉടന്‍തന്നെ, അഥവാ ശുദ്ധീകരണപ്രക്രിയ ആവശ്യമെങ്കില്‍ അതിനുശേഷം, സ്വര്‍ഗീയ സൗഭാഗ്യത്തിലും ഗുരുതരമായ പാപാവസ്ഥയില്‍ മരിച്ചവരുടെ ആത്മാക്കള്‍ ഉടന്‍തന്നെ നിത്യശിക്ഷയിലും ആയിത്തീരുമെന്നായിരുന്നു മാര്‍പാപ്പായുടെ പ്രബോധനം.
മരണത്തിനും മരിച്ചവരുടെ ഉയിര്‍പ്പിനുമിടയ്ക്ക് സംഭവിക്കുമെന്നു ചിലര്‍ കരുതുന്ന 'ആത്മാവിന്‍റെ നിദ്ര' യെന്ന സങ്കല്പത്തെ ഈ തീരുമാനങ്ങളിലൂടെ സഭ നിരാകരിക്കുന്നു. അതുപോലെതന്നെ, മരണത്തില്‍ ആത്മാക്കള്‍ നിശ്ശേഷം ഉന്മൂലനം ചെയ്യപ്പെട്ടിട്ട് മരിച്ചവരുടെ ഉയിര്‍പ്പില്‍ പുനഃസൃഷ്ടിക്കപ്പെടുമെന്ന സങ്കല്പത്തെയും സഭ അംഗീകരിക്കുന്നില്ല. മരണാനന്തരമുള്ള നീതിമാന്മാരുടെ അവസ്ഥ ക്രിസ്തുവിലും ക്രിസ്തുവിനോടുകൂടെയുമാണ്. "നാം ജീവിക്കുന്നുവെങ്കില്‍ കര്‍ത്താവിനു സ്വന്തമായി ജീവിക്കുന്നു; മരിക്കുന്നുവെങ്കില്‍ കര്‍ത്താവിനു സ്വന്തമായി മരിക്കുന്നു. ആകയാല്‍, ജീവിച്ചാലും മരിച്ചാലും നാം ക്രിസ്തുവിനുള്ളവരാണ്. എന്തെന്നാല്‍, മരിച്ചവരുടെയും ജീവിക്കുന്നവരുടെയും കര്‍ത്താവായിരിക്കുന്നതിനു വേണ്ടിയാണ് ക്രിസ്തു മരിച്ചതും പുനര്‍ജീവിച്ചതും" (റോമാ 14:8-9) എന്നും മരണത്തിനുപോലും "നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെയുള്ള ദൈവസ്നേഹത്തില്‍ നിന്നു നമ്മെ വേര്‍പെടുത്താന്‍ കഴിയുകയില്ലെന്നും" ആണല്ലോ (റോമാ 8: 35-39 കാണുക) പൗലോസ് ശ്ലീഹാ പറയുന്നത്. ദൈവദര്‍ശനം നീതിമാന്മാരുടെ മരണാവസ്ഥയുടെ അവശ്യഭാഗമാണെന്നു ബെനഡിക്ട് പന്ത്രണ്ടാമന്‍റെ പ്രബോധനം വ്യക്തമാക്കുന്നു. എങ്കിലും, ഈ അവസ്ഥയ്ക്ക് ഒരു താത്ക്കാലികതയുണ്ട്. ഇത് അന്തിമ സാക്ഷാത്ക്കാരമാണെന്ന് പറഞ്ഞുകൂടാ. മരണത്തോടെ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്ന യുഗാന്ത്യത്തിനും ഇന്ന് സാക്ഷാത്കരിക്കപ്പെടാനിരിക്കുന്ന യുഗാന്ത്യത്തിനുമിടയ്ക്കുള്ള ആയതി അഥവാ വലിവ്(ടെന്‍ഷന്‍) മരണാനന്തരം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഒരു കാര്യം തീര്‍ച്ചയായും പറയുവാന്‍ കഴിയും മരണത്തോടെ നീതിമാന്‍ നിശ്ചിതമായ യുഗാന്ത്യത്തിലേക്കു കടന്നുകഴിഞ്ഞിരിക്കുന്നു. അത് ഇനി ഒരിക്കലും നഷ്ടപ്പെടുന്നില്ല. അതുപോലെതന്നെ, ഗുരുതരമായ പാപത്തില്‍ മരിക്കുന്നവന്‍ നിര്‍ണായകമായ നിരര്‍ത്ഥകതയില്‍ അമര്‍ന്നു കഴിഞ്ഞിരിക്കും. ദൈവദര്‍ശനം അവന് ഒരിക്കലും സാധ്യമായിരിക്കുകയില്ല.
നീതിമാനായ മനുഷ്യന്‍ മരണത്തോടെ യേശുവിലും യേശുവിനോടുകൂടെയും ദൈവസന്നിധിയില്‍ ആയിരിക്കുകയും ദൈവദര്‍ശനം ആസ്വദിക്കുകയും ചെയ്യുമെന്നതു വ്യക്തമാക്കുവാന്‍ ഗ്രീക്കു മോഡല്‍ യുഗാന്ത്യചിന്ത സഹായിക്കുന്നു. എന്നാല്‍, ഈ സാക്ഷാത്കാരത്തിന് ഒരു താല്‍ക്കാലികതയുണ്ടെന്നും അന്തിമ യുഗാന്ത്യസാക്ഷാത്കാരം ഇനിയും സംഭവിക്കാനിരിക്കുന്നുവെന്നുമുള്ള സത്യം പ്രകാശിപ്പിക്കുവാന്‍ മരിച്ചവരുടെ ഉയിര്‍പ്പെന്ന ബിബ്ലിക്കല്‍ മോഡല്‍ യുഗാന്ത്യചിന്ത സഹായകരമാകുന്നു. മേല്‍പ്പറഞ്ഞവ രണ്ടും മോഡലുകള്‍ മാത്രമാണ്. യഥാര്‍ത്ഥത്തില്‍ വ്യക്തിപരമായ യുഗാന്ത്യവും സാര്‍വ്വത്രികമായ യുഗാന്ത്യവും രണ്ടല്ല. ഒരേ യുഗാന്ത്യസംഭവത്തിന്‍റെ ചലനാത്മകമായ രണ്ടു ധ്രുവങ്ങള്‍ മാത്രമത്രേ.