

തൊണ്ടക്കുഴിയില്‍ കൊലക്കയര്‍ മുറുകുമ്പോള്‍ ഒരാള്‍ കാണുന്ന കിനാവ് അതുതന്നെയാണ്, വീട്ടിലേക്കുള്ള ദുര്‍ഘടമായ വഴി തേടുക. പൊള്ളുന്ന ചുംബനംകൊണ്ട് ആ മടക്കയാത്രയെ ഘോഷിക്കാന്‍ ആയുമ്പോള്‍ കുരുക്കുമുറുകുക. പലയാവര്‍ത്തി നമ്മള്‍ പരാമര്‍ശിച്ച ഒരു ചിത്രത്തിന്‍റെ കഥാസാരംപോലെ എളുപ്പമല്ല വീട്ടിലേക്കുള്ള വഴി. പുല്ലുപിടിച്ച, ഓരോ ചുവടിലും വഴുതുന്ന വഴി. ആ പേരില്‍ മനോഹരമായ കവിതയെഴുതിയ ഒരാള്‍ വാടകവീടിന്‍റെ നിരാലംബതയില്‍ കടന്നുപോയി. ബാലമാസികകളിലെ കളിപോലെ വെറുതെ അങ്ങോട്ടുമിങ്ങോട്ടും വലംചുറ്റി പതറിയും പരുങ്ങിയും ഉള്ളിലേക്ക് പ്രവേശിക്കാനാവാതെ നമ്മളിങ്ങനെ. സരളമായിരുന്നില്ല ഒരാള്‍ക്കും ഈ വഴി. സോക്രട്ടീസും ഗാന്ധിയും ടോള്‍സ്റ്റോയിയും ഒക്കെ തോറ്റുപോയ കളമാണ്. അപ്രതീക്ഷിതമായ ആ കളിയില്‍ പതറിയ വനദേശത്തിന്‍റെ ജ്ഞാനവൃദ്ധന്‍, ഒരു കലഹത്തിനുശേഷം രാവുവെളുപ്പിക്കുവാന്‍ റയില്‍വേസ്റ്റേഷനിലെ തണുത്ത ബെഞ്ചിലിരുന്ന് തെരുവുയാചകനെ കണക്ക് കടന്നുപോയ ക്രിസ്തുവിന്‍റെ മനസ്സുള്ള ആ റഷ്യന്‍ കവി, ആള്‍ക്കൂട്ടത്തില്‍നിന്ന് നിങ്ങളാണ് എന്‍റെ ജീവിതം തകര്‍ത്തതെന്ന് കൈചൂണ്ടി ആക്രോശിക്കുന്ന മൂക്കറ്റം മദ്യപിച്ച മകനെ കാണാതിരിക്കാന്‍ കണ്ണടയെടുത്തു മാറ്റുന്ന മഹാത്മാഗാന്ധി! തോറ്റത് സ്വന്തം വീട്ടങ്കണങ്ങളിലായിരുന്നു. തോല്പിച്ചത് പതിവുപോലെ ഉറ്റവരും. വീടുപണിയുന്നപോലെ എളുപ്പമല്ല വീടിനകം ഭംഗിയാക്കുക. വീട് ഇഷ്ടികകൊണ്ട് കെട്ടേണ്ടതാണെന്ന് ധരിച്ചവരോട് എന്തുപറയുവാന്‍. ഒരു ഇഷ്ടികകട്ട പോലുമില്ലാതെ പണിയാവുന്ന ഒന്നാണത്. ഒരാത്മീയ പരിസരത്തിന്‍റെ പര്യായമാണത്.
വീട്ടിലേക്കുള്ള വഴി ഈശ്വരനിലേക്കുള്ള വഴിയാണെന്ന് ക്രിസ്തു ഭൂമിക്കും പറഞ്ഞുതന്നു. ധൂര്‍ത്തപുത്രന്‍റെ ഉപമയാണത്. പടിയിറങ്ങിയവര്‍ അന്നത്തിലേക്കും ആനന്ദത്തിലേക്കും ഈശ്വരനിലേക്കും ഒരുമിച്ചാണ് മടങ്ങുന്നത്. ആവശ്യത്തിലേറെ അലഞ്ഞതുകൊണ്ടാവണം വീട് ഹരിതാഭമായ ഒരു കിനാവുപോലെ അയാള്‍ കൂടെ കൊണ്ടുനടന്നത്. വീടിന്‍റെ ആത്മീയവും ഭൗതികവുമായ പരിസരങ്ങളില്‍ ആയിരിക്കുവാന്‍ ക്രിസ്തു പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മിക്കവാറും വിരുന്നുമേശയുടെ ഹൃദ്യതയില്‍ ഇങ്ങനെ മിഴിയടച്ച്. ലോകത്തിന്‍റെ ദൃഷ്ടിയിലേക്ക് അവിടുന്ന് ഇറങ്ങിച്ചെന്നതുപോലും ഒരു വീട്ടങ്കണത്തിലെ ആഘോഷത്തിനിടയില്‍ ആയിരുന്നു. വീടായിരുന്നു അഗാധബന്ധങ്ങളെ അടയാളപ്പെടുത്തുവാന്‍ ക്രിസ്തു കണ്ടെത്തിയ രൂപകം - നിങ്ങള്‍ എന്നില്‍ വസിക്കുക! ഏതു കാലത്തിലേക്ക് വച്ചും ഏറ്റവും അഴകും ആത്മാവുമുള്ളഗൃഹം അവിടുന്നുതന്നെ. ഓരോ ഇടങ്ങളെയും വീടെന്ന് കണ്ടെത്തി ജീവിതത്തിന്‍റെ ഉഷ്മളതകളെ നിലനിര്‍ത്തി. പ്രാര്‍ത്ഥനാലയങ്ങളെ ദൈവത്തിന്‍റെ വീടെന്ന് വിളിച്ചു. എന്‍റെ പിതാവിന്‍റെ ഭവനത്തെ അശുദ്ധമാക്കിയെന്ന സങ്കടത്തില്‍ അടിമുടിനിന്നു കത്തി. ഇതിനപ്പുറത്തേക്ക് നീളുന്ന അനുഭവത്തെയും വീടെന്ന മെറ്റഫര്‍ കൊണ്ടുതന്നെ അടയാളപ്പെടുത്തി. എന്‍റെ പിതാവിന്‍റെ ഗൃഹത്തില്‍ നിറയെ മുറികളാണ്. നിങ്ങള്‍ക്കുവേണ്ടി അതൊരുക്കുവാന്‍ ഞാന്‍ നേരത്തെപോകുന്നു.
