top of page

മറക്കുക, പൊറുക്കുക....ജീവിതം മുന്നോട്ട് കൊണ്ടുപോവുക

Apr 1, 2012

3 min read

ഡഈ
Forgive others and to self.

പരിശോധനയ്ക്കായി രോഗികളെ കാണാന്‍ പോകുന്ന വേളകളിലാണ് വളരെ അപ്രതീക്ഷിതരായ വ്യക്തികളില്‍നിന്ന്, എനിക്ക് ആരോഗ്യത്തെക്കുറിച്ചും സൗഖ്യത്തെക്കുറിച്ചുമുള്ള പാഠങ്ങള്‍ പലപ്പോഴും കിട്ടിയിട്ടുള്ളത്. ലോകത്തിലുള്ള ഒരു പാഠപുസ്തകത്തിലും ഉള്‍ക്കൊള്ളുന്നതല്ല ഈ 'ആരോഗ്യ പാഠങ്ങള്‍.' അത്തരമൊരു ആരോഗ്യപാഠം 1980-ല്‍ ഒക്ടോബറിന്‍റെ അവസാന സായാഹ്നങ്ങളിലൊന്നില്‍ കരമനപുഴയുടെ തീരത്തുവച്ച് എനിക്ക് തുറന്നുതന്നത് ചുപ്പയ്യന്‍ (സുബ്ബയ്യന്‍) എന്ന ഒരു നാടന്‍ മനുഷ്യനായിരുന്നു.

തിരുവനന്തപുരം സിറ്റിയുടെ പ്രാന്തപ്രദേശ ഗ്രാമമായ കരമനയിലാണ് സ്വന്തമായി വീടില്ലാത്ത ചുപ്പയ്യന്‍ അലഞ്ഞുനടന്നത്. അവനൊരു അനാഥനായിരുന്നെങ്കിലും ഒരു ഭിക്ഷാടകനായിരുന്നില്ല. വല്ലപ്പോഴും തനിക്ക് വീണുകിട്ടുന്ന ജോലികള്‍ ചെയ്താണവന്‍ ജീവിച്ചത്. മാത്രമല്ല അല്പം തുടുത്ത ഒരു മാലാഖയുടേതു പോലുള്ള മുഖമായിരുന്നു അവന്‍റേത്. പരിത്യക്തതയുടെയോ അനാഥത്വത്തിന്‍റെയോ ദീനഭാവം ചുപ്പയ്യനുണ്ടായിരുന്നില്ല. സ്വന്തം അദ്ധ്വാനഫലം വിശപ്പിന് തികയാതെ വരുമ്പോള്‍ മാത്രമെ ആരോടെങ്കിലും പണം യാചിച്ചിരുന്നുള്ളൂ.

ചുപ്പയ്യന് ആരോടെങ്കിലും അടുപ്പമുണ്ടായിരുന്നെങ്കില്‍ അത് വള്ളിയമ്മയോട് മാത്രമായിരുന്നു. പച്ചക്കറി പനയോലക്കുട്ടയില്‍ തലച്ചുമടായി വീടു വീടാന്തരം കയറിയിറങ്ങി വില്ക്കുന്ന ഒരു വൃദ്ധയായിരുന്നു വള്ളിയമ്മ. അവര്‍ തമ്മിലുള്ള ബന്ധം എന്താണെന്ന് ആര്‍ക്കും അറിവുണ്ടായിരുന്നില്ല. മിക്കപ്പോഴും ആ വൃദ്ധസ്ത്രീയുടെ സഹായിയായി ചുപ്പയ്യനെ അവരുടെ കൂടെ കാണാമായിരുന്നു.

അന്ന് ഞാനും സുഹൃത്തും കൂടി കരമനയാറിന്‍റെ തീരത്തുകൂടി നടന്നുവരികയായിരുന്നു. പക്ഷാഘാതത്തെതുടര്‍ന്ന് അവശയായി കിടന്നിരുന്ന ഒരു സ്ത്രീക്ക് വൈദ്യശുശ്രൂഷ നല്‍കി തിരിച്ചുവരികയായിരുന്നു ഞാന്‍. തെങ്ങോലകള്‍ തണല്‍വിരിച്ച ആ പാതയ്ക്കരുകില്‍ കുറച്ച് ആളുകള്‍ വട്ടത്തിലിരുന്ന് ചീട്ടുകളിക്കുന്നുണ്ടായിരുന്നു. അവരുടെ ചുറ്റിലും ഒഴിഞ്ഞ ചാരായ കുപ്പികളുമുണ്ട്.

ഞങ്ങളുടെ പിന്നാലെ നടന്നുവരികയായിരുന്ന ചുപ്പയ്യനെ കണ്ടയുടനെ അവിലൊരാള്‍ ചാടിയെഴുന്നേറ്റ് അയാളെ ചീത്ത വിളിക്കാന്‍ തുടങ്ങി. മറ്റുള്ളവരും അവനോടൊപ്പം ചേര്‍ന്ന് ചുപ്പയ്യായെ അധിക്ഷേപിക്കാന്‍ തുടങ്ങി. മാതാപിതാക്കളെപ്പറ്റി പ്രത്യേകിച്ച് അവന്‍റെ അമ്മയെപ്പറ്റി അവര്‍ വളരെ പരിഹസിച്ചു പറഞ്ഞു. എന്നാല്‍ ചുപ്പയ്യ ഒന്നും കേട്ടതായി ഭാവിക്കാതെ തലയുംതാഴ്ത്തി മുന്നോട്ടുനീങ്ങി. ഇതു കണ്ടപ്പോള്‍ ചീട്ടുകളിക്കാരിലൊരാള്‍ അവന്‍റെനേരെ ഭീഷണിയുമായി ചാടിയടുത്തു. കുടിച്ചുലക്കുകെട്ട അവരുടെ പ്രവൃത്തികണ്ട് സഹികെട്ട എന്‍റെ സുഹൃത്ത് അവരുടെ നേരെ ഒച്ചയെടുത്തു. അവരെ ശകാരിച്ചു. സുഹൃത്തിന്‍റെ പ്രതികരണത്തില്‍ ഭയപ്പെട്ട ചീട്ടുകളിക്കാര്‍ ചുപ്പയ്യായുടെ നേരെ ചീറിയടുത്ത കുടിയനെ പിടിച്ചുവലിച്ചു കൊണ്ടുപോയി.

"അവന്മാരോട് നീ എന്താ ഒന്നും മിണ്ടാതെ നിന്നത്?" സുഹൃത്ത് ചുപ്പയ്യയോടു ചോദിച്ചു. "അവര്‍ കുടിച്ചു വെളിവുകെട്ടവരാണ്." ചുപ്പയ്യ പറഞ്ഞു. ഞങ്ങള്‍ യാത്ര തുടര്‍ന്നു.

എരിതീയില്‍ എണ്ണ ഒഴിക്കണമെന്നു വാശിയുള്ള സ്വഭാവക്കാരനായ സുഹൃത്ത് പ്രശ്നം വീണ്ടുമെടുത്തിട്ടു. "ഒരുത്തന്‍റെ അപ്പനെയും അമ്മയെയും പറ്റി ആരെങ്കിലും ചീത്തവിളിച്ചാല്‍, അവനിട്ട് അടികൊടുക്കുകതന്നെ ചെയ്യണം. സാധാരണക്കാരനുപോലും അതൊന്നും ക്ഷമിക്കാന്‍ പറ്റില്ല. പക്ഷേ നീ ഒരു വാക്കുപോലും തിരിച്ചുപറയാതെ പൊട്ടനെപ്പോലെ?"

"അണ്ണാ, സത്യമായും എനിക്കും അറിയില്ല എന്‍റെ മാതാപിതാക്കള്‍ ആരാണെന്ന്. പിന്നെ ഞാന്‍ അവരോട് മറുപടി പറഞ്ഞാലും ഇല്ലെങ്കിലും ആ അവസ്ഥയ്ക്കു മാറ്റമുണ്ടാകാന്‍ പോകുന്നില്ലല്ലോ." ചുപ്പയ്യ ശാന്തനായിത്തന്നെ പറഞ്ഞു. അവന്‍റെ നിര്‍വികാരിത എന്നെ അത്ഭുതപ്പെടുത്തി. അവനെക്കുറിച്ചുള്ള സത്യങ്ങള്‍ വള്ളിയമ്മയോടു ചോദിച്ചറിയണമെന്നു മനസ്സിലുറച്ചു.

ഏതാനും മാസങ്ങള്‍ കടന്നുപോയി. വേനല്‍ക്കാലം വന്നു. പലപല തിരക്കുകള്‍ക്കിടയില്‍ ചുപ്പയ്യായുടെ കാര്യമേ ഞാന്‍ വിട്ടുപോയി. മെയ്മാസത്തിലെ ഒരു ദിവസം ഉച്ചതിരിഞ്ഞ സമയം വള്ളിയമ്മ ചെറിയൊരു ആരോഗ്യപ്രശ്നവുമായി എന്‍റെയടുത്തെത്തി. അവരെ പരിശോധിക്കുന്നതിനിടയില്‍ ഞാന്‍ ചുപ്പയ്യന്‍റെ കാര്യം എടുത്തിട്ടു.

"ചുപ്പയ്യന്‍റെ അപ്പനും അമ്മയും ആരാണെന്ന് നിങ്ങള്‍ക്കറിയാമോ? അതോ, അവന്‍ നിങ്ങളുടെതന്നെ മകനാണോ?" എന്‍റെ ചോദ്യം അവരെ അത്ഭുതപ്പെടുത്തി.

"അവന്‍റെ അപ്പനും അമ്മയും ആരാണെന്ന് അവനറിയാം, അവന്‍റെ കുടുംബം പൂതപ്പാണ്ടിയിലാണ്. വളരെ നല്ല നിലയില്‍ ജീവിക്കുന്ന ഒരു കുടുംബം. ചുപ്പയ്യായ്ക്ക് വളരെ ചെറുപ്പത്തില്‍ അപസ്മാരം പിടിപെട്ടു. അക്കാരണത്താല്‍ മാതാപിതാക്കള്‍ അവനെ കരമനയാറിന്‍റെ തീരത്ത് ഉപേക്ഷിച്ചു. അങ്ങനെയാണ് അവന്‍ എന്നോടൊപ്പം കൂടുന്നത്. വളരെ നേരത്തെതന്നെ എന്‍റെ ഭര്‍ത്താവും മരിച്ചുപോയി. പിന്നീടെനിക്ക് കൂട്ടായിനിന്നത് ആ ചെക്കനാണ്. അവന്‍ കുറച്ചുവളര്‍ന്നു കഴിഞ്ഞപ്പോള്‍ മാതാപിതാക്കള്‍ അവനെ കുടുംബത്തിലേക്കു വിളിച്ചതാണ്. പക്ഷേ അവന്‍ പറഞ്ഞു; ഞാന്‍ പോരുന്നില്ല. വള്ളിയമ്മയുടെ കൂടെ കഴിയാനാണ് എനിക്കിഷ്ടം."

ചുപ്പയ്യായെ ചീട്ടുകളിക്കാര്‍ അവഹേളിച്ച ആ ദിവസം വീണ്ടും ഞാന്‍ ഓര്‍മ്മിച്ചെടുത്തു. തന്നെ അപമാനിച്ച ചീട്ടുകളിക്കാരോടും വഴിയിലുപേക്ഷിച്ച മാതാപിതാക്കളോടും അവനുള്ള പ്രതികരണം തികച്ചും വ്യത്യസ്തമായിരുന്നു. അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഒരുവന് ഇത്ര ശാന്തമായി പെരുമാറാന്‍ സാധിച്ചത് തികച്ചും അവിശ്വസനീയമാണ്. സാധാരണ ആളുകള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ കോപംകൊണ്ട് അന്ധരാകുകയും പ്രക്ഷുബ്ധരാകുകയും ചെയ്യാറുണ്ട്. എന്നാല്‍ ചുപ്പയ്യായില്‍ ഒരു നിര്‍വികാരിത മാത്രമാണ് പ്രകടമായത്. ചിത്തക്ഷോഭത്താല്‍ അന്യരുടെ നേരെ കടുത്ത ഭാഷയില്‍ പ്രതികരിക്കുന്ന തരക്കാരെയാണ് നമ്മളധികവും കണ്ടുമുട്ടാറുള്ളത്. അത്തരം സന്ദര്‍ഭത്തില്‍ അവര്‍ യുക്തിക്ക് യാതൊരുവിധ പ്രാധാന്യവും നല്‍കാറില്ല.

ആരോഗ്യത്തെ സംബന്ധിച്ച് പരമപ്രധാനമായ ഒരു പാഠം പഠിച്ചത് അങ്ങനെയാണ്. ഓരോരുത്തര്‍ക്കും അവരവരെക്കുറിച്ച് ഒരു അവബോധം ആവശ്യമാണ്. മറക്കാനും പൊറുക്കാനും പഠിക്കുക. മറ്റുള്ളവരെ മുറിപ്പെടുത്താതെ ലളിതമായി ജീവിക്കുക. നമുക്കു ചുറ്റിലുമുള്ള എല്ലാ കാര്യങ്ങളെയും തിരുത്തിക്കുറിക്കാന്‍ നമുക്കായെന്നു വരില്ല.

മൃഗങ്ങളില്‍ ഏറ്റവും അരക്ഷിതമായ ജീവിതം നയിക്കുന്ന മനുഷ്യവര്‍ഗ്ഗത്തിന് ഈ ഭൂവിലെ വാസത്തില്‍ പുറത്തുനിന്ന് ഒന്നും അവന്‍റെ മാനസിക-ശാരീരിക സുരക്ഷിതത്വത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ ഏറെ മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. ജ്യോതിഷം, സമ്പാദ്യം, മതം ഇവയിലൊക്കെയാണ് നമ്മള്‍ സുരക്ഷിതത്വം അന്വേഷിക്കുന്നത്. വൈദ്യശാസ്ത്ര സംവിധാനം ഇന്ന് വളരെയധികം വികസിച്ചിട്ടുണ്ട്. MT, CT സ്കാനുകള്‍, വിവിധതരത്തിലുള്ള രക്തപരിശോധനകള്‍ അതുപോലെ ഒട്ടേറെ സൂക്ഷ്മപരിശോധനാരീതികളും നിലവിലുണ്ട്. അവയുടെ കാര്യക്ഷമതയിലാണ് ഇന്ന് പലയാളുകളും സമാശ്വാസം തേടുന്നത്.

മനുഷ്യന്‍റെ സന്തോഷത്തിന്‍റെയും ആരോഗ്യത്തിന്‍റെയും അടിസ്ഥാനം അവന്‍റെ മനസ്സും അതിന്‍റെ ചിന്തകളുമാണ്. ബുദ്ധിപരമായി ചിന്തിച്ചാല്‍ ഇതു ഗ്രഹിക്കാവുന്നതാണ്. താന്‍ ഇഷ്ടപ്പെടുന്ന ടീം ക്രിക്കറ്റില്‍ പരാജയപ്പെട്ടാല്‍ ഹാര്‍ട്ടറ്റാക്കു വരുന്നവനും, മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ ലോകം തന്നെ അവസാനിച്ചുവെന്നു കരുതുന്ന വിദ്യാര്‍ത്ഥിയും, പിതൃസ്വത്തു ഭാഗം വച്ചപ്പോള്‍ സഹോദരന്‍ തന്നോടു നീതികേടു കാണിച്ചുവല്ലോയെന്നു ചിന്തിച്ച് രക്തസമ്മര്‍ദ്ദം കൂട്ടുന്നവരും ബിസിനസില്‍ തനിക്കു ലഭിക്കാമായിരുന്ന നേട്ടം തന്‍റെ ശത്രുവിനു കിട്ടിയെന്നറിഞ്ഞ് സ്തംഭിച്ചു നില്‍ക്കുന്ന ബിസിനസുകാരനും ഈ സത്യം തിരിച്ചറിയാത്തവരാണ്. അഭിമുഖീകരിച്ച പ്രശ്നങ്ങളോട് ഒരുവന്‍ കൈക്കൊള്ളുന്ന നിലപാടുകളും സമീപനങ്ങളുമാണ് ജീവിതത്തില്‍ സുഖദുഃഖ അനുഭവങ്ങളുടെ മാനദണ്ഡമായി മാറുന്നത്. ഇവിടെയാണ് ചുപ്പയ്യന്‍റെ മാതൃക പഠനവിധേയമാക്കേണ്ടതാണ്.


മൊഴിമാറ്റം - ലിസി നീണ്ടൂര്‍

Featured Posts