ഫാ. ജോസഫ് പുത്തന്പുരയ്ക്കല്
Nov 3
അസാധാരണമായ പെണ്‍പോരാട്ടം
2011-ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം പങ്കിട്ട ലെയ്മാ ബോവിയുടെ ജീവിതം ഇതിഹാസതുല്യമാണ്. ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയായില്‍ സമാധാനത്തിനും സ്ത്രീകളുടെ അവകാശങ്ങള്‍ക്കുംവേണ്ടി പോരാടിയ ലെയ്മാ ബോവി അനന്യമായ അനുഭവങ്ങളിലൂടെ കടന്നുപോയി. 'അസാധാരണമായ പെണ്‍പോരാട്ടം' എന്ന ആത്മകഥ (Mighty be our Powers) തുറന്നിടുന്നത് നമുക്ക് അപരിചിതമായ അനുഭവതീക്ഷ്ണതയാണ്. ജീവിതം ഒരു പരീക്ഷണശാലയായിത്തീരുമ്പോള്‍ ഉരുത്തിരിയുന്ന അസാമാന്യമായ കരുത്ത് ചിലരെ അമാനുഷികരാക്കുന്നു. ലെയ്മാബോവി അത്തരത്തിലുള്ള ഒരു സ്ത്രീരത്നമാണ്. 'സമാധാനത്തിന്‍റെ അമ്മ' എന്നാണ് അവര്‍ അറിയപ്പെടുന്നത്. "യുദ്ധകഥകളുടെ പരമ്പരാഗതമായ വര്‍ണ്ണനയില്‍ സ്ത്രീകള്‍ എപ്പോഴും പിന്നാമ്പുറങ്ങളിലായിരിക്കും" എന്ന് ലെയ്മ ആമുഖത്തില്‍ കുറിക്കുന്നു. "ഇത് സാമ്പ്രദായിക മട്ടിലുള്ള യുദ്ധകഥയല്ല, മറ്റാരും തന്നെ നിവര്‍ന്നുനില്‍ക്കാത്ത ഒരു കാലത്ത് നിര്‍ഭയം നിവര്‍ന്നുനിന്ന, വെള്ളവസ്ത്രമണിഞ്ഞ പോരാളികളെക്കുറിച്ചാണിത്. സംഭവിക്കാവുന്ന ഏറ്റവും മോശം കാര്യങ്ങളെല്ലാംതന്നെ ഞങ്ങള്‍ അനുഭവിച്ചുകഴിഞ്ഞിരുന്നു. യുദ്ധത്തിനെതിരെ ശബ്ദമുയര്‍ത്താനും ഞങ്ങളുടെ മണ്ണിലേക്ക് വിവേകം തിരിച്ചുകൊണ്ടുവരാനുമുള്ള ധീരതയും നിശ്ചയദാര്‍ഢ്യവും ധാര്‍മ്മികമായ സ്പഷ്ടതയും ഞങ്ങള്‍ നേടിയതെങ്ങനെ എന്നതിനെക്കുറിച്ചാണ് ഈ ഓര്‍മ്മക്കുറിപ്പ്" എന്നാണ് ലെയ്മ ബോവി ആമുഖത്തില്‍ കുറിക്കുന്നത്.
കുട്ടിക്കാലം തന്‍റെ ഗോത്രജീവിതവുമായി എങ്ങനെ ബന്ധപ്പെട്ടുകഴിഞ്ഞുവെന്ന് ലെയ്മ വിവരിക്കുന്നു. ദാരിദ്ര്യവും കഷ്ടപ്പാടുകളും നിറഞ്ഞ ജീവിതം നിറം മങ്ങിയതായിരുന്നു. "സാമൂഹികമായ അസമത്വവും സമ്പത്തിന്‍റെ അസന്തുലിതമായ വിതരണവും ചൂഷണവും തങ്ങളുടേതായിരുന്നത് തിരിച്ചുപിടിക്കാനുള്ള തദ്ദേശീയരുടെ ആഗ്രഹവുമായിരുന്നു ഞങ്ങള്‍ അഭിമുഖീകരിച്ച നിരവധി പ്രശ്നങ്ങളുടെ പ്രധാനപ്പെട്ട കാരണം" എന്ന തിരിച്ചറിവാണ് അവരെ മുന്നോട്ടു നയിച്ചത്. കുട്ടിക്കാലത്തെ അവസ്ഥ പെട്ടെന്നു മാറുകയും യുദ്ധത്തിന്‍റെ അന്തരീക്ഷം വ്യാപകമാകുകയും ചെയ്യുന്നത് നാം ഞെട്ടലോടെ അറിയുന്നു. "പതിനേഴുവയസ്സില്‍ മരണത്തെക്കുറിച്ച്, പ്രത്യേകിച്ചും സ്വന്തം മരണത്തെക്കുറിച്ചാലോചിക്കാന്‍ തുടങ്ങിയിട്ടുണ്ടാവില്ല. എന്നാല്‍ മരണം എന്‍റെ ചുറ്റിലുമുണ്ട്. അതെപ്പോള്‍ വേണമെങ്കിലും കടന്നുവരുമെന്ന് മനസ്സിലാക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി." ഈ അറിവാണ് അവരെ പുതിയ വഴികളിലൂടെ സഞ്ചരിക്കാന്‍ പ്രേരിപ്പിച്ചത്.
എല്ലാ പ്രഭാതത്തിലും ഭീതിയോടെ ഉണര്‍ന്നിരുന്നുവെന്ന് ലെയ്മ എടുത്തുപറയുന്നു. എല്ലാം നേരെയാകാന്‍ അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. യുദ്ധം എല്ലാ സ്വപ്നങ്ങളും ശിഥിലമാക്കി. "ജീവിതം എന്നില്‍ നിന്ന് കട്ടെടുക്കപ്പെടുകയും കല്ലോടുകല്ലവശേഷിപ്പിക്കാതെ തകര്‍ക്കപ്പെടുകയും ചെയ്തിരിക്കുന്നു"വെന്ന് കണ്ടെത്തുന്നവള്‍ ജീവിതം വഴുതിപ്പോകുന്നതറിയുന്നു. "നിഷ്കളങ്കതയുടെ ലോകത്തുനിന്ന് ഭീതിയുടെയും വേദനയുടെയും നഷ്ടത്തിന്‍റെയും ലോകത്തേക്ക് പെട്ടെന്ന് കടക്കുമ്പോള്‍ നിങ്ങളുടെ ഹൃദയത്തിലെയും മനസ്സിലെയും മാംസം പന്നിത്തുടയിലെ കഷണങ്ങളെന്നതുപോലെ മുറിച്ചെടുക്കപ്പെടുന്നതായി തോന്നും. എല്ലിന്‍ കഷണങ്ങളല്ലാതെ യാതൊന്നും അവസാനം അവശേഷിക്കില്ല" എന്നാണ് ലെയ്മ നിരീക്ഷിക്കുന്നത്.
പ്രത്യാശയുടെയും നിരാശയുടെയും ഇടവേളകള്‍ ജീവിതത്തെ ചലനാത്മകമാക്കുകയും നിശ്ചലമാക്കുകയും ചെയ്തുകൊണ്ടിരുന്നു. "വിഷാദം വിചിത്രമായ സംഗതിയാണ്. വിഷാദചിത്തയായ ഒരുവള്‍ക്ക് തനിക്കെല്ലാം കൈമോശം വന്നെന്നും ധൈര്യമെല്ലാം ചോര്‍ന്നുപോയെന്നുമുള്ള തോന്നലുണ്ടാകും. വന്നുപെട്ട ഇടം എത്ര ദുരിതപൂര്‍ണമാണെങ്കിലും അവള്‍ അതിലേക്ക് ആഴ്ന്നുപോകും. മുന്നോട്ടുപോകുന്നത് ദുഷ്കരമാണെന്നും അവിടെ ഒടുങ്ങുകയാണ് ഹിതകരമെന്നും അവള്‍ സങ്കല്പിക്കും." ഇത്തരം പ്രതിസന്ധികളില്‍ നിന്നാണ് ലെയ്മ തന്‍റെ പോരാട്ടത്തിനുള്ള ഊര്‍ജ്ജം സ്വീകരിച്ചതെന്നറിയുമ്പോള്‍ നാം വിസ്മയരാകും. ആന്തരികമായ വ്യഥകള്‍ മറികടക്കുക അത്ര എളുപ്പമല്ലെങ്കിലും മുന്നോട്ടു പോകാതിരിക്കാനാവില്ലല്ലോ. "മറിക്കുന്ന ഓരോ താളിലും ഇരുട്ടുകാണുമ്പോള്‍ എന്താണ് ചെയ്യുക? എവിടെയോ വെളിച്ചത്തിന്‍റെ ലോകമുണ്ടെന്ന പ്രത്യാശയാണ് വഴിനടക്കാന്‍ പ്രചോദനമാകുക."
"നിനക്കത് കഴിയും" എന്ന ചിന്ത നല്കി പ്രചോദിപ്പിച്ചവരെ ലെയ്മ ഓര്‍ക്കുന്നു. "വിഷാദവാനാണെങ്കില്‍ നിങ്ങള്‍ നിങ്ങള്‍ക്കുള്ളില്‍ തന്നെ തുറുങ്കിലടക്കപ്പെടുകയും കൂടുതല്‍ സൗഖ്യം തരുന്ന പ്രവൃത്തികള്‍ക്കാവശ്യമായ ഊര്‍ജ്ജം നിങ്ങള്‍ക്ക് നഷ്ടപ്പെടുകയും ചെയ്യുന്നു" എന്നാണ് അവള്‍ മനസ്സിലാക്കുന്നത്. വിഷാദത്തെ പിന്നില്‍ ഉപേക്ഷിച്ച് പലതും ചെയ്യാന്‍ കഴിഞ്ഞത് അതുകൊണ്ടാണ്. അറിവിന്‍റെ വഴിയിലൂടെയുള്ള സഞ്ചാരം ഒരു പരിധിവരെ ഇതിനു സഹായകമായി. "പ്രവര്‍ത്തനപഥത്തിലേക്കിറങ്ങുമ്പോള്‍ നിങ്ങള്‍ ആശയങ്ങളുടെ ആയുധം ധരിക്കേണ്ടതുണ്ട്" എന്നാണ് ലെയ്മ നിര്‍ദേശിക്കുന്നത്. അറിവ് പോരാടാനുള്ള ശക്തികവചമായി മാറുന്നത് നാം കാണുന്നു. "ഓരോരുത്തരും അവരുടെ വേദനയില്‍ തനിച്ചായിരുന്നു" എന്നതാണ് സ്ത്രീജീവിതത്തിന്‍റെ ഉണ്മ. "സ്ത്രീകള്‍ സ്പോഞ്ചുപോലെയാണെന്ന് എനിക്കു തോന്നി. അവര്‍ എല്ലാം അകത്തേക്കു വലിച്ചെടുക്കുന്നു." അങ്ങനെ ജീവിതത്തെ സമഗ്രമായി ഉള്‍ക്കൊണ്ട ലെയ്മയെയാണ് ഓര്‍മ്മക്കുറിപ്പുകളില്‍ നാം കാണുന്നത്. എല്ലാ യുദ്ധങ്ങളും കലാപങ്ങളും ദുരിതവും വേദനയുമായി മാറുന്നത് സ്ത്രീകള്‍ക്കാണല്ലോ. "ഓര്‍മ്മിക്കുന്ന കാലം മുതല്‍ ദുരിതമനുഭവിക്കുന്ന സ്ത്രീകള്‍ താഴേക്കു നോക്കുന്ന മാനസികാവസ്ഥയിലെത്തിയിരുന്നു. മുന്നോട്ടു പോകുകയെന്നത് അവര്‍ക്ക് ഏറെക്കുറെ അസാദ്ധ്യമായിരുന്നു. പക്ഷേ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്തോറും അവര്‍ മുകളിലേക്കു നോക്കാനും ശ്രദ്ധിക്കാനും തുടങ്ങി." ഇത് വലിയൊരു ചുവടുവയ്പായി ചരിത്രത്തില്‍ സ്ഥാനം പിടിച്ചു.
ലെയ്മാബോവിയുടെ ജീവിതം വലിയൊരു സന്ദേശമാണ്. "നിങ്ങള്‍ക്ക് നിങ്ങളില്‍ത്തന്നെ അചഞ്ചലമായ വിശ്വാസമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്തും ചെയ്യാനാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നു" എന്ന ലെയ്മയുടെ വാക്കുകള്‍ നമുക്കു പ്രചോദനമേകുന്നു. പ്രത്യാശയുടെ പ്രതീകമാണവള്‍. തന്‍റെ പ്രവര്‍ത്തനം നിര്‍ത്താന്‍ തനിക്കവകാശമില്ലെന്ന തിരിച്ചറിവില്‍ "ഞാന്‍ ഒരിക്കലും അവസാനിപ്പിക്കുകയില്ല" എന്നവള്‍ പ്രഖ്യാപിക്കുന്നു. എല്ലാവരും തീര്‍ച്ചയായും വായിക്കേണ്ട പുസ്തകമാണ് 'അസാധാരണമായ പെണ്‍പോരാട്ടം."
(അസാധാരണമായ പെണ്‍പോരാട്ടം- ലെയ്മ ബോവി- വിവ. കബനി സി., ഡി. സി. ബുക്സ് കോട്ടയം)
പ്രാണന്‍ വായുവിലലിയുമ്പോള്‍
ന്യൂറോ സര്‍ജനെന്ന നിലയില്‍ പ്രശസ്തിയുടെ കൊടുമുടിയിലെത്തി നില്‍ക്കുമ്പോഴാണ് പോള്‍ കലാനിധിയെ ശ്വാസകോശാര്‍ബുദം പിടികൂടുന്നത്. അസാധാരണ ധീരതയോടെ അദ്ദേഹം ജീവിതം തിരിച്ചുപിടിക്കാന്‍ ശ്രമിച്ചു. ഒരു പുസ്തകമെഴുതണമെന്ന ആഗ്രഹത്തില്‍ നിന്ന് പിറവിയെടുത്തതാണ് 'പ്രാണന്‍വായുവിലലിയുമ്പോള്‍' എന്ന ഗ്രന്ഥം. മരണത്തെ അഭിമുഖീകരിച്ചെഴുതിയ ഈ ഗ്രന്ഥം നമ്മെ പുതിയൊരവബോധത്തിലേക്കു നയിച്ചു. മരണത്തോടു ചേര്‍ത്തുനിര്‍ത്തുമ്പോഴാണ് നാം ജീവിതത്തിന്‍റെ യഥാര്‍ത്ഥപൊരുള്‍ മനസ്സിലാക്കുന്നത്.
വിദ്യാഭ്യാസകാലവും വായനയും അന്വേഷണങ്ങളുമെല്ലാം ഹൃദ്യമായി വിവരിക്കുന്ന ലേഖകന്‍ പ്രതിഭയുടെ തിളക്കം കാണിച്ചുതരുന്നു. "പുസ്തകങ്ങളായിരുന്നു എന്‍റെ വിശ്വസ്തസ്നേഹിതര്‍. അവ എനിക്ക് പുതിയ ലോകദര്‍ശനം സാധ്യമാക്കി തന്ന ലെന്‍സുകള്‍പോലെയായിരുന്നു" എന്ന് അദ്ദേഹം കുറിക്കുന്നു. മനുഷ്യമസ്തിഷ്കത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുന്ന പോള്‍ കലാനിധി സവിശേഷമായ തിരിച്ചറിവുകളില്‍ എത്തുന്നു. "മനുഷ്യരുടെ മസ്തിഷ്കങ്ങളെ തമ്മില്‍ കൂട്ടിയിണക്കി സാമൂഹ്യജീവിതം സാധ്യമാക്കുന്നത് ഭാഷയാണ്. ഒരു വാക്ക് എന്നു പറയുന്നത്, മനുഷ്യര്‍ തമ്മില്‍ തമ്മിലുള്ള എന്തോ ഒന്നിനെ സൂചിപ്പിക്കുന്നതാണ്. അതു ബന്ധങ്ങളുടെ താക്കോലാണ്. ജീവിതം അതിന്‍റെ അര്‍ത്ഥം, മൂല്യങ്ങള്‍ എന്നിവ നമ്മള്‍ മനുഷ്യരുടെ ഒരു കൂട്ടായ്മയിലെ പരസ്പരബന്ധത്താല്‍ പരിപോഷിപ്പിക്കപ്പെടുന്നതാണ്. മാനുഷിക ബന്ധങ്ങളുടെ അടിത്തറ അരക്കിട്ടുറപ്പിക്കുന്നത് ഭാഷയാണ് എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടിയായിരുന്നു അദ്ദേഹത്തിന്‍റെ യാത്ര. "വ്യത്യസ്തവും മനോഹരവുമായ നന്മയുടേതായ ഒരാശയത്തെ പുണരുക, കഷ്ടപ്പെടുന്നവരോട് ബന്ധപ്പെടുക. മരണത്തിന്‍റെയും ജീര്‍ണതയുടെയും മുന്‍പില്‍ പോലും മനുഷ്യജീവിതം അര്‍ത്ഥവത്തായിത്തീരുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തെ പിന്തുടരുക" എന്ന ദര്‍ശനമാണ് പോള്‍ കലാനിധിയെ മുന്നോട്ടു നയിച്ചത്.
"എല്ലാ ജീവജാലങ്ങളും നേരിടുന്ന അടിസ്ഥാനപരമായ ആ പ്രശ്നം നിലനില്പിന്‍റെയും മരണത്തിന്‍റെയും ആ പ്രശ്നം" എന്നു വൈദികവിദ്യാര്‍ത്ഥിയായിരുന്ന കാലത്തുതന്നെ പോള്‍കാലനിധി മനസ്സിലാക്കിയിരുന്നു. അനേകം സാഹിത്യകൃതികളുമായി ബന്ധപ്പെട്ട അദ്ദേഹത്തിന് ജീവിതത്തെപ്പറ്റി സമഗ്രമായ ഒരു ദര്‍ശനം രൂപപ്പെടുത്താന്‍ സാധിച്ചു. ധാര്‍മ്മികമായ ഉള്‍വിളികളാണ് അദ്ദേഹത്തിനു വഴികാണിച്ചത്. "ഈ തൊഴില്‍ തിരഞ്ഞെടുക്കുമ്പോള്‍ എന്‍റെ ഉദ്ദേശ്യങ്ങളിലൊന്ന് മരണത്തെ പിന്‍തുടരുകയും പിടികൂടുകയും വിവസ്ത്രയാക്കുകയും കണ്ണിമയ്ക്കാതെ കണ്ണോടു നോക്കിക്കാണുകയും ചെയ്യുക എന്നായിരുന്നു" എന്നാണ് പോള്‍ കലാനിധി എഴുതുന്നത്. സ്വന്തം അസ്തിത്വത്തിന് ഉയര്‍ന്ന മാനം നല്‍കാനാണ് അദ്ദേഹം ശ്രമിച്ചത്. "ഞാനെന്ന ഭാവത്തിന്‍റെ നിസ്സാരതകളില്‍ നിന്നും ജീവിതത്തിന്‍റെയും മരണത്തിന്‍റെയും സമസ്യകളിലേക്ക്, വിഷയത്തിന്‍റെ ഹൃദയത്തിലേക്ക് അതെന്നെ കൈപിടിച്ച് നടത്തും. അതീന്ദ്രീയമായ ഒരു ആനന്ദം അവിടെ കണ്ടെത്താനാകും." അഗാധമായ ഈ കാഴ്ചപ്പാടാണ് അദ്ദേഹത്തിന്‍റെ ജീവിതം ധന്യമാക്കുന്നത്.
രോഗിയായപ്പോഴും അദ്ദേഹം യാതനകളില്‍ നിന്ന് ഒളിച്ചോടിയില്ല. "നിരന്തരമായ പരിശ്രമമാണ് അല്ലെങ്കില്‍ പോരാട്ടമാണ് ജീവിതത്തെ അര്‍ത്ഥവത്താക്കുന്നത്. നേരെ വിപരീതമായ രീതിയില്‍ ജീവിതത്തെ സമീപിക്കുന്നത് വരകളില്ലാത്ത ഒരു കടുവയെ ചിത്രീകരിക്കുന്നതുപോലെയയാണ്" എന്നാണ് പോള്‍ കലാനിധിയുടെ അഭിപ്രായം. ജീവിതത്തെ സമഗ്രമായി മനസ്സിലാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. "സ്വയം നിര്‍വചിച്ചുകൊണ്ട്, മുന്നോട്ടുമുന്നോട്ട് അടിവച്ചു നീങ്ങാനായി മരണത്തെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരവബോധം സൃഷ്ടിക്കാന്‍ സഹായിക്കുന്ന പദസഞ്ചയത്തിനുവേണ്ടി പരതുകയാണ് ഞാന്‍" എന്നെഴുതുന്ന ഗ്രന്ഥകാരന്‍ നമുക്ക് പുതിയൊരവബോധമാണ് പകര്‍ന്നുനല്കുന്നത്. പോള്‍ കലാനിധിയുടെ 'പ്രാണന്‍ വായുവിലലിയുമ്പോള്‍' എന്ന ഗ്രന്ഥം നമുക്ക് ഉള്‍ക്കാഴ്ചനല്കുന്നതാണെന്നത് വാസ്തവമാണ്.
(പ്രാണന്‍ വായുവിലലിയുമ്പോള്‍ - പോള്‍ കലാനിധി- വിവ. രാധാകൃഷ്ണന്‍ തൊടുപുഴ, ഡി. സി. ബുക്സ്, കോട്ടയം)
ജൈവികതയുടെ കഥാകാരന്‍
മലയാളസാഹിത്യത്തില്‍ സവിശേഷസ്ഥാനമുള്ള എഴുത്തുകാരനാണ് അയ്മനം ജോണ്‍. ജൈവസമഗ്രതയുടെ കഥാകാരനാണ് അദ്ദേഹം. മരവും മണ്ണും മനുഷ്യനും നദിയും സര്‍വചരാചരങ്ങളും ഉള്‍ച്ചേരുന്ന ഇക്കോസിസ്റ്റമാണ് അദ്ദേഹത്തിന്‍റെ എഴുത്തില്‍ പ്രതിഫലിക്കുന്നത്. മനുഷ്യകേന്ദ്രിതമായ ജീവിതദര്‍ശനത്തെ, ലോകബോധത്തെ, പ്രപഞ്ചവീക്ഷണത്തെ, വികസനരീതികളെയെല്ലാം അദ്ദേഹം വിമര്‍ശനവിധേയമാക്കുന്നു. എല്ലാ ജീവജാലങ്ങള്‍ക്കും ഭൂമിയില്‍ അവകാശം കല്പിച്ചു കൊടുക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. "ഇതരചരാചരങ്ങളുടെ ചരിത്രപുസ്തകമായി അദ്ദേഹത്തിന്‍റെ കഥകള്‍ മാറുന്നു. ഭൗമരാഷ്ട്രീയത്തിന്‍റെ, ഹരിതരാഷ്ട്രീയത്തിന്‍റെ ഉത്തമമാതൃകയായി അയ്മനം ജോണിന്‍റെ കഥകള്‍ ഉയര്‍ത്തിനിര്‍ത്താം. ഹരിതനിരൂപണത്തിന്‍റെ ഏറ്റവും ശക്തനായ വക്താവായ ജി. മധുസൂദനന്‍, അയ്മനം ജോണിന്‍റെ കഥകളെ അവതാരികയില്‍ ശരിയായ വിധത്തില്‍ സ്ഥാനപ്പെടുത്തുന്നു. അദ്ദേഹമാണ് ജൈവികതയുടെ കഥാകാരന്‍ എന്ന് അയ്മനം ജോണിനെ വിളിക്കുന്നത്.
ഗ്രാമത്തെ വിഴുങ്ങുന്ന നഗരം ജോണിന്‍റെ കഥകളില്‍ നിരന്തരം കടന്നുവരുന്ന പ്രമേയമാണ്. പുതിയ സംസ്കാരത്തിന്‍റെ കടന്നുവരവില്‍ വിലപ്പെട്ടതു പലതും നഷ്ടപ്പെടുന്നത് കഥാകാരന്‍ തിരിച്ചറിയുന്നു. "നദീതടത്തെ സ്നേഹിച്ചവന്‍ നദികളില്ലാത്ത നഗരത്തിലേക്കയയ്ക്കപ്പെടുന്നു. തുളസിയിലകള്‍ നഗരത്തിലെ പുകമഞ്ഞില്‍ അപരിചിതത്വത്തിന്‍റെ വീര്‍പ്പുമുട്ടലുകളായി പരിണമിക്കുന്നു" എന്ന് അദ്ദേഹം കുറിക്കുമ്പോള്‍ ഈ മാറ്റം വ്യക്തമാകുന്നു.
"സ്വസ്ഥതയുടെ തുരുത്താ"ണ് കഥാകൃത്തിന്‍റെ സങ്കല്പത്തിലുള്ളത്. പൂക്കളും ചിത്രശലഭങ്ങളും പുഴകളും പുല്‍മേടുകളും ചേര്‍ന്നൊരുക്കുന്ന നിറങ്ങളുടെ നൃത്തങ്ങള്‍ ഭ്രമിപ്പിച്ച ബാല്യകാലം മനസ്സില്‍ സൂക്ഷിക്കുന്ന ഒരാള്‍ക്ക് എല്ലാം നശിപ്പിക്കുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളാനാവില്ല. "ഓരോ ഒറ്റയടിപ്പാതകളും ഓരോ മരച്ചുവടും എന്നില്‍ ഓരോരോ ഓര്‍മകളുണര്‍ത്തിക്കൊണ്ടിരുന്നത്" അതുകൊണ്ടാണ്. "നഗരവാസികള്‍ ഏറെയും ഓര്‍മ്മകള്‍ കുറഞ്ഞവരാണെന്നും എനിക്കു തോന്നിയിട്ടുണ്ട്. അതുകൊണ്ടുമാത്രമല്ല മറ്റെല്ലാം മറക്കുന്നത്ര വേഗത്തില്‍തന്നെ തണല്‍മരങ്ങളെയും അവര്‍ മറന്നത്" എന്ന് മറവിയുടെ പുതിയ കാലവും കഥാകൃത്ത് വരച്ചിടുന്നു. 'ആഡംബരങ്ങളല്ല, ആദര്‍ശങ്ങളാണ് ജീവിതമൂല്യങ്ങളെ നിര്‍ണയിക്കുന്നത്' എന്നു വിശ്വസിക്കുന്ന തലമുറയ്ക്ക് വര്‍ത്തമാനകാലത്തെ മറവിയുടെ സംസ്കാരത്തെ ഉള്‍ക്കൊള്ളാനാവില്ല.
"പുരോഗതി എന്നാല്‍ ഉയരത്തില്‍നിന്ന് ഉയരത്തിലേക്കുള്ള അതിരുകളില്ലാത്ത പറന്നുപൊങ്ങലാണെന്നു' കരുതുന്ന വികസനത്തിന്‍റെ വക്താക്കളെ കഥാകൃത്ത് സംശയത്തോടെയാണ് നോക്കുന്നത്. വികസനത്തെക്കുറിച്ച് കൃത്യമായ ധാരണ കഥാകൃത്തിനുണ്ട്. ഉള്ളതിനെയെല്ലാം നശിപ്പിച്ചുകൊണ്ട് മുന്നേറുന്ന ആധുനികമനുഷ്യന്‍ ഭൂമിയെ മരുഭൂമിയാക്കാനാണ് ഒരുങ്ങുന്നത്." ജീവനു നേരെ അപായസൂചനകളുണ്ടാകുന്ന സന്ദര്‍ഭത്തില്‍ പ്രപഞ്ചത്തിലെ ജീവികള്‍ അവയുടെ പേര്‍വ്യത്യാസങ്ങള്‍ മറന്ന് ഒന്നടങ്കം ഉണര്‍ന്ന് ഒറ്റത്തലച്ചോറായി പ്രവര്‍ത്തിക്കുക തന്നെ ചെയ്യും എന്നെഴുതുമ്പോള്‍ മനുഷ്യര്‍ ഒറ്റ മനസ്സോടെ അപായത്തെ ഒഴിവാക്കാന്‍ ശ്രമിക്കേണ്ട ആവശ്യകതയിലാണ് ഊന്നുന്നത്.
'ഇതരചരാചരങ്ങളുടെ ചരിത്രപുസ്തകം' ഒരു എതിര്‍പുസ്തകമാണ്. ഈ ബദല്‍പുസ്തകം മനുഷ്യനെ വിചാരണ ചെയ്യുന്നു. "ഒരു വന്‍വെട്ടുക്കിളിക്കൂട്ടം പറന്നുവന്നാലെങ്ങനെയോ അങ്ങനെയാണ് മനുഷ്യവര്‍ഗം ഭൂമിയിലേക്ക് വന്ന് കണ്ടതെല്ലാം ആര്‍ത്തിയോടെ തിന്നുതീര്‍ക്കാന്‍ തുടങ്ങിയത്" എന്നാണ് ഈ പുസ്തകം പരാതിപ്പെടുന്നത്. ഈ കഥ ബദല്‍സംസ്കാരത്തിനായുള്ള അന്വേഷണമായി മാറുന്നു. അയിത്തത്തിന്‍റെ പുതിയ ചിന്ത വളരുമ്പോള്‍ ഇതരചരാചരങ്ങള്‍ പടിക്കുപുറത്താകുന്നു. അയിത്തോച്ചാടനത്തിന്‍റെ അര്‍ഥസാധ്യതകള്‍ വിപുലമാക്കുകയാണ് കഥാകൃത്ത്.
'നിയാന്‍ഡര്‍താല്‍ താഴ്വരയില്‍' എന്ന കഥ അയ്മനം ജോണിന്‍റെ പരിസ്ഥിതി ദര്‍ശനം സമഗ്രമായി ആവിഷ്കരിക്കപ്പെടുന്ന കഥയാണ്. നിയാന്‍ഡര്‍താല്‍ കാലഘട്ടവും ആധുനികകാലഘട്ടവും തമ്മിലുള്ള താരതമ്യത്തിലൂടെ മനുഷ്യസമൂഹത്തിന് നഷ്ടപ്പെട്ടതെന്തെല്ലാമാണെന്ന് കഥാകൃത്ത് വ്യക്തമാക്കുന്നു. പ്രപഞ്ചം എന്ന അനുഭവം അന്ന് വ്യത്യസ്തമായിരുന്നു. "ജീവജാലങ്ങളുടെ വലിയ കൂട്ടുകെട്ട് അന്ന് ഭൂമിയിലുണ്ടായിരുന്നു. മനുഷ്യന് മനുഷ്യന്‍ മാത്രമായിരുന്നില്ല കൂട്ട്. ഒത്തുചേരലിന്‍റെ ലാവണ്യം അന്നത്തെ സംസ്കാരത്തിനുണ്ടായിരുന്നു." പാരസ്പര്യങ്ങളുടെ ഒരു ജൈവവ്യവസ്ഥതന്നെ നിയാന്‍ഡര്‍താല്‍ താഴ്വരയിലുണ്ടായിരുന്നു" എന്ന് എഴുതുമ്പോള്‍ നമുക്ക് നഷ്ടപ്പെട്ടത് ഈ പാരസ്പര്യമാണെന്ന് നാം തിരിച്ചറിയുന്നു. "സഹജീവജാലങ്ങളുടെ ദയ നിറഞ്ഞ കണ്ണുകളില്‍തന്നെയായിരുന്നു നിയാന്‍ഡര്‍താല്‍ താഴ്വരയിലെ ദൈവദര്‍ശനങ്ങള്‍" എന്ന ചിന്ത ഹരിത ആത്മീയതയിലേക്കുള്ള എത്തിനോട്ടമാണ്. "നിയാന്‍ഡര്‍താല്‍ താഴ് വരയിലേക്കു മടങ്ങിപ്പോകാന്‍ സാധിച്ചിരുന്നെങ്കില്‍ എത്ര ആനന്ദത്തോടെ എനിക്ക് ഉറങ്ങാന്‍ കഴിയുമായിരുന്നു എന്നു ഞാന്‍ ആഗ്രഹിച്ചുപോയി" എന്നെഴുതി കഥ അവസാനിപ്പിക്കുമ്പോള്‍ വര്‍ത്തമാനകാലം നേരിടുന്ന പ്രതിസന്ധികളില്‍ നിന്ന് രക്ഷപ്പെടാനുള്ള ആഗ്രഹമാണ് വ്യക്തമാകുന്നത്.
'അയ്മനം ജോണിന്‍റെ കഥകള്‍' നമ്മെ പുതിയൊരു ജീവിതദര്‍ശനത്തിലേക്കും പരിസ്ഥിതി നൈതികതയിലേക്കും നയിക്കുന്നു.
(അയ്മനം ജോണിന്‍റെ കഥകള്‍ - കറന്‍റ് ബുക്സ്, തൃശൂര്‍).