top of page

ചത്തവര്‍

Jan 1, 2010

4 min read

ഡോ. ഫെലിക്സ് പൊടിമറ്റം, (Dr. Felix Podimattom)
Holding hands
Holding hands

ഒരുഗ്രാമത്തിലെ ഇടവകയില്‍ സഹായത്തിന് കുറച്ച് കാലം ഉണ്ടായിരുന്നു.  ഏതാനും ദിവസത്തേയ്ക്ക് വികാരിയച്ചന്‍ എവിടെയോ പോയിരുന്ന സമയത്താണ്  ഒരു ഇടവകാംഗം വിഷം കഴിച്ച് മരിച്ചത്. വളരെ ചെറിയ ഒരു സെമിത്തേരി, ഇടവകയിലെ കൂടിയ മരണനിരക്ക്. അതുകൊണ്ടുതന്നെ അടക്കാനുള്ള സ്ഥലം സെമിത്തേരിയില്‍ കണ്ടെത്തുകയെന്നത് ഏറെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. പള്ളിയില്‍ ഔദ്യോഗികമായ ഒരു കുഴിവെട്ടുകാരനില്ലാത്തതിനാല്‍ കുഴിയെടുക്കാനായി സാധാരണ വരുന്നത് സന്നദ്ധരായ കുറെ ചെറുപ്പക്കാരാണ്.  കാഴ്ചയില്‍ അടുത്തകാലത്തെങ്ങും  അടക്ക് നടന്നിട്ടില്ലായെന്നു തോന്നിക്കുന്ന ഒരു സ്ഥലം സെമിത്തേരിയുടെ ഏകദേശം മദ്ധ്യഭാഗത്തായി ഞങ്ങള്‍ കണ്ടെത്തി. അപ്പോള്‍ കൂട്ടത്തിലുണ്ടായിരുന്ന ഒരു ചേട്ടന്‍ എന്നെ മാറ്റി നിര്‍ത്തി, "അച്ചാ, ഇത് ആത്മഹത്യാ കേസാ... ഇത്തരം കേസുകളെയൊക്കെ അടക്കുന്ന സ്ഥലം അവിടെയാ..." എന്ന് പറഞ്ഞുകൊണ്ട് സെമിത്തേരിയുടെ ഒരു കോണിലേയ്ക്ക് ചൂണ്ടിക്കാട്ടി. 'തെമ്മാടിക്കുഴി' എന്ന സങ്കല്പത്തിന്‍റെ കാലം കഴിഞ്ഞെന്ന് വിചാരിച്ചിരുന്ന ഞാന്‍ അന്നാണ് തിരിച്ചറിഞ്ഞത്: ഇന്നും ഒരു അലിഖിത നിയമം പോലെ 'ചത്തവനൊന്നും മരിച്ച വിശ്വാസികള്‍ക്കൊപ്പം കിടക്കാന്‍ യോഗ്യനല്ലെന്ന' കാഴ്ചപ്പാട് മനുഷ്യമനസ്സില്‍ ശക്തമായിത്തന്നെ നിലനില്‍ക്കുന്നുണ്ടെന്ന്.

ജീവന്‍ അമൂല്യമാണ്. അത് എന്നും സംരക്ഷിക്കപ്പെടേണ്ടതാണ്. ജീവിതത്തിന്‍റെ പ്രതിസന്ധികളില്‍ നിന്ന് ഒളിച്ചോടിയെത്താനുള്ള ഇടമല്ല മരണം. വി. പൗലോസ് പറയുന്നതുപോലെ പ്രതിസന്ധികളെ മറികടന്ന് ജീവിതമെന്ന ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ദൈവം ഒരുക്കിവച്ചിരിക്കുന്ന വിജയകിരീടമാണ് മരണം. ഏതൊരു മനുഷ്യനും അംഗീകരിക്കേണ്ടതും ആത്മീയനേതൃത്വം എന്നും വിശ്വാസികളെ പഠിപ്പിക്കേണ്ടതും പ്രചോദിപ്പിക്കേണ്ടതുമായ സത്യമാണിത്.

ദാനമായി കിട്ടിയ അനുഗ്രഹമാണ് ജീവിതം; ദാനം തന്നവന്‍ നിത്യതയിലേയ്ക്ക് കൂട്ടിച്ചേര്‍ക്കുവോളം നന്ദിയോടെ അനുഭവിക്കേണ്ട അനുഗ്രഹം. നിത്യനായവന്‍ വച്ചുനീട്ടിയ ദാനം നിരാകരിച്ചുകൊണ്ട് അവന് മടക്കിയേല്‍പ്പിക്കുന്നതിലെ ധാര്‍ഷ്ട്യവും നന്ദികേടുമാണ് ആത്മഹത്യയെ ഒരു പാപമായി പരിഗണിക്കുന്നതിന്‍റെ ആത്മീയവശം. എന്നാല്‍ ആത്മഹത്യ എപ്പോഴും ധാര്‍ഷ്ട്യത്തിന്‍റെയും  നന്ദികേടിന്‍റെയും അടയാളമായിക്കൊള്ളണമെന്നുണ്ടോ?

ഏതാണ്ട് ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് പിന്നിലുള്ള അവ്യക്തമായ ഓര്‍മ്മകളില്‍നിന്ന് ക്രൂരമായ ഈയൊരു വാചകം മനസ്സില്‍ എത്താറുണ്ട്: "അത് ചത്തതാ അമ്മിണിയെ..!" സ്ഥലത്തെ ആകാശവാണി എന്ന് വിശേഷിപ്പിക്കുന്ന സ്ത്രീയുടെ വാര്‍ത്താവിതരണമാണ്. ഒപ്പം ഒരു കൂട്ടനിലവിളിയോടെ പാഞ്ഞുപോകുന്ന ഒരു ജീപ്പിന്‍റെ ശബ്ദവും. അധികനാളെടുത്തില്ല, എന്നും ഒക്കത്ത് പുസ്തകക്കെട്ടുമായി ഞങ്ങളുടെ നാട്ടുവഴിയിലൂടെ പൊയ്ക്കൊണ്ടിരുന്ന പ്രസരിപ്പുള്ള ആ പെണ്‍കുട്ടി ഞങ്ങളുടെയൊക്കെ ഓര്‍മ്മയുടെ ഭാഗമായി മാറാന്‍. കൂലിപ്പണി ചെയ്ത് കുടുംബം പോറ്റിയിരുന്ന അപ്പനമ്മമാരുടെ മൂന്നുപെണ്‍കുട്ടികളില്‍ മൂത്തവള്‍. രണ്ടാം വര്‍ഷം പ്രീ- ഡിഗ്രിയ്ക്ക് പഠിച്ചിരുന്നു, ഒരുപക്ഷേ വലിയ മോഹങ്ങളൊന്നുമില്ലാതിരുന്ന, ആ തനി ഗ്രാമീണ പെണ്‍കുട്ടി. ചാരിത്ര ശുദ്ധി പവിത്രമായി മാത്രം കാണാന്‍  ശീലിച്ച ഇവളുടെ ശരീരത്തെ ബലാത്ക്കാരമായി വശപ്പെടുത്തിയ ആ മനുഷ്യന്‍ ആരാണെന്ന് ഇന്നും ഞങ്ങളുടെ ഗ്രാമവാസികള്‍ക്ക് അറിഞ്ഞുകൂടാ. ഒരുപക്ഷേ അവളുടെ അധ്യാപകന്‍ തന്നെ..? മരിക്കുമ്പോള്‍ അവള്‍ക്ക് മൂന്നു മാസം ഗര്‍ഭമുണ്ടായിരുന്നു. മാതാപിതാക്കളുടെ അഭിമാനം, അനിയത്തിമാരുടെ ഭാവി, നഷ്ടപ്പെട്ടുപോയ തന്‍റെ ജീവിതം, അപ്പനില്ലാത്ത കുഞ്ഞിനെ വളര്‍ത്തേണ്ടിവരുന്നതിലെ അപമാനം...  എല്ലാം ചേര്‍ന്നു സൃഷ്ടിച്ച ഭയം... ഇതിനെല്ലാം മുമ്പില്‍ ആ കൊച്ചു മനസ്സ് കണ്ടെത്തിയ ഏക പോംവഴി 'ഒരു കുപ്പി വിഷം' മാത്രമായിരുന്നു. മരണത്തിലേയ്ക്ക് അവളെ പറഞ്ഞു വിട്ടതാരെന്നുപോലും ചിന്തിക്കാതെ ഈ കുട്ടിയുടെ വിയോഗത്തെ ഒരു തെരുവ് നായുടെ ചാവിനോട് തുല്യതപ്പെടുത്തിയപ്പോള്‍ ഒരു സമൂഹത്തിന് അവളോട് ചെയ്യാനാവുന്ന അവസാനത്തെ അനീതിയും പൂര്‍ത്തിയായി.

  ചില മരണങ്ങളെങ്കിലും, നമ്മള്‍ അനുഗ്രഹമെന്ന് വിളിച്ച ജീവിതം കയ്പാണെന്ന് തിരിച്ചറിഞ്ഞ്, എത്ര ശ്രമിച്ചിട്ടും പിടിച്ച് നില്ക്കാനാവാതെ തോറ്റുപോയവരുടെ അവസാന സങ്കേതമാണ്. ആധുനിക മനഃശാസ്ത്രം കണ്ടെത്തിയതുപോലെ ആത്മഹത്യകളൊക്കെ തകര്‍ന്നുപോയ മനസ്സിന്‍റേയും ജീവിതത്തിന്‍റേയും പ്രതിഫലനങ്ങളാണ്. ഇവരുടെ ജീവിതത്തേയും മനസ്സിനേയും തളര്‍ത്തിക്കളഞ്ഞതാകട്ടെ ഒരു തരത്തിലല്ലെങ്കില്‍  മറ്റൊരുതരത്തില്‍ നമ്മുടെ സമൂഹവും.  ഭര്‍ത്താവിന്‍റെ നിരന്തര പീഡനം സഹിക്കവയ്യാതെ തീകൊളുത്തി മരിച്ച ഭാര്യയും കുഞ്ഞുങ്ങളും,  മാനസിക വിഭ്രാന്തിയില്‍പ്പെട്ട് കുളത്തില്‍ചാടി ജീവിതമവസാനിപ്പിച്ച ഒരാള്‍, കൂടുതല്‍ക്കാലം ജീവിച്ചാല്‍ കൂടുതല്‍ കടങ്ങളുണ്ടാകുകയേയുള്ളൂ... ഈ ജന്മം തനിക്ക് ഇവയൊന്നും വീട്ടിത്തീര്‍ക്കാനാവില്ലെന്നറിഞ്ഞ  കീടനാശിനി കഴിച്ച് മരിച്ച കര്‍ഷകന്‍... സത്യമായി പറയൂ, ഇവരുടെയൊക്കെ മരണത്തിനുത്തരവാദികള്‍ ഇവര്‍ തന്നെയോ?

  ജീവിച്ചിരുന്ന കാലത്ത് ഇവരെ ഒരു കൈ സഹായിക്കാന്‍ കഴിയാത്ത നമുക്ക് ഇവരുടെ മരണശേഷം ഇവര്‍ക്ക് കിട്ടാന്‍ പോകുന്ന സ്വര്‍ഗ്ഗ-നരകങ്ങളെക്കുറിച്ച് വിധി പറയാതിരുന്നു കൂടെ? അത്രയെങ്കിലും കാരുണ്യം നാം അവരോട് കാണിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല നമ്മളൊക്കെച്ചേര്‍ന്ന് ജീവിതമെന്ന അനുഗ്രഹത്തെ കയ്പാക്കിമാറ്റിയ ഇവര്‍ക്ക് നിത്യജീവന്‍ എന്ന അനുഗ്രഹവും ദൈവം നിഷേധിക്കുമെന്ന് പറയുന്നതല്ലെ ഒരുപക്ഷേ ദൈവദൂഷണങ്ങളിലൊന്ന്?

  കര്‍ഷക ആത്മഹത്യകളുടെ നീണ്ടനിരയില്‍ ജോസഫിന്‍റെ പേരുമുണ്ട്. ജോസഫ് മരിച്ചിട്ട് ആറുമാസം കഴിഞ്ഞെങ്കിലും നാല് കുഞ്ഞുമക്കളോടൊപ്പം ജീവിതത്തില്‍ അനാഥയായിപ്പോയ ആ കുടുംബിനി എല്ലാ ദിവസവും കുര്‍ബാനയില്‍ പങ്കുകൊണ്ട് കുഴിമാടത്തില്‍ പ്രാര്‍ത്ഥിക്കുന്നു. ഒരു വര്‍ഷം മുഴുവന്‍ ജോസഫിന് വേണ്ടി കുര്‍ബാനയില്‍ പങ്കെടുത്തേക്കാം എന്നവള്‍ നേര്‍ന്നിരിക്കുകയാണ്; ഒപ്പം പത്ത് കുര്‍ബാന ജോസഫിന്‍റെ പേരിലും. ഒരു ദിവസം ഇളയ രണ്ട് കുഞ്ഞുങ്ങളേയും കൂട്ടി കുഴിമാടത്തില്‍നിന്ന് പ്രാര്‍ത്ഥന കഴിഞ്ഞ് വരുന്ന അവള്‍ നിറഞ്ഞ കണ്ണുകളോടെ ഇങ്ങനെ ചോദിക്കുന്നു. "സത്യം പറയണം എന്‍റെ ജോസഫേട്ടന്‍റെ ആത്മാവ് സ്വര്‍ഗ്ഗത്തില്‍ പോക്വോ?" ഈ പെങ്ങളോട് ഞാന്‍ എന്ത് പറയും, "തീര്‍ച്ചയായും നിത്യതയുടെ ലോകത്ത് നിന്നോടൊപ്പം അവനുമുണ്ടായിരിക്കു"മെന്ന ദൈവകാരുണ്യത്തിന്‍റെ ഉറപ്പിന്മേലുള്ള എന്‍റെ വിശ്വാസത്തിന്‍റെ വാക്കല്ലാതെ...?

  ആത്മഹത്യ ചെയ്തയാളുടെ ശവസംസ്കാര ചടങ്ങുകളോട് നാം പുലര്‍ത്തുന്ന അവജ്ഞാപൂര്‍വ്വമായ മനഃസ്ഥിതിയ്ക്ക് സഭയുടെ പരിഷ്കരിച്ച കാനോനിക നിയമത്തിന്‍റെ പിന്‍ബലമില്ലായെന്ന വസ്തുതകൂടി നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. പുതുക്കിയ കാനോനിക നിയമത്തില്‍ (കാനോ. 1184) ആത്മഹത്യചെയ്തയാള്‍ക്ക് ആദരപൂര്‍വ്വമായ ക്രിസ്ത്യന്‍ സംസ്കാരം പാടില്ലയെന്ന പഴയകാനോനിക നിയമത്തിലെ (കാനോ. 1240) സൂചന ബോധപൂര്‍വ്വം ഉപേക്ഷിച്ചിരിക്കുകയാണ്. സമൂഹത്തിന് ഉതപ്പിന് കാരണമാകാതിരിക്കാനായിരുന്നു പഴയ കാനോനിക നിയമം തന്നെ ഇത് ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഏതാണ് സമൂഹ മനസ്സാക്ഷിയ്ക്ക് വലിയ ഉതപ്പ്-തന്‍റെ പ്രിയപ്പെട്ടവന്‍റെ/ ളുടെ വിയോഗത്തില്‍ മനം നുറങ്ങുന്നവരോടൊപ്പം  മരിച്ചയാള്‍ക്ക് വേണ്ടി ആദരപൂര്‍വ്വം പ്രാര്‍ത്ഥിക്കാതിരിക്കുന്നതോ, ജീവിതം തകര്‍ന്നുപോയ ഒരാളുടെ മനസ്സിന്‍റെ ദുര്‍ബല നിമിഷത്തില്‍ സംഭവിച്ച ഈ മരണമോ? തീര്‍ച്ചയായും മരിച്ചവരോട് സമൂഹം കാരുണ്യം കാണിക്കും, എന്നാല്‍ ജീവിച്ചിരിക്കുന്നവരുടെ സ്നേഹരഹിതമായ പ്രവൃത്തികള്‍ മനുഷ്യര്‍ക്ക് ഉതപ്പിന് കാരണമാകും.  ആത്മഹത്യ ചെയ്തവരാരുമാകട്ടെ ജീവിച്ചിരുന്ന കാലത്ത് അവരുടെ തകര്‍ന്ന മനസ്സുകള്‍ക്കും ജീവിതങ്ങള്‍ക്കും താങ്ങാകുവാന്‍ കഴിയാതെ പോയതിന്‍റെ പേരില്‍ ഉള്ളുനിറഞ്ഞ പശ്ചാത്താപത്തോടെ നമുക്ക് അവര്‍ക്കായി കൊടുക്കാന്‍ കഴിയുന്ന അവസാന കാരുണ്യം അന്ത്യവിലാപയാത്രയിലെ പ്രാര്‍ത്ഥന നിറഞ്ഞ സാന്നിധ്യവും,  കണ്ണില്‍ നിന്ന് എന്നേയ്ക്കുമായി മറയുന്നതിന് മുന്‍പ് ആദരവോടെ ഒരുപിടി മണ്ണും മാത്രമാണ്.

  ക്രിസ്തുവിന്‍റെ മരണത്തെക്കുറിച്ചുള്ള രണ്ട് വ്യാഖ്യാനങ്ങളില്‍ ഒന്നിങ്ങനെയാണ്: അവന്‍ മരണത്തിന് സ്വയം ഏല്പിച്ചു കൊടുക്കുകയായിരുന്നു. ക്രിസ്തുവിന് കുരിശുമരണത്തില്‍നിന്ന് രക്ഷപെടാന്‍ മാര്‍ഗ്ഗങ്ങള്‍ പലതുമുണ്ടായിരുന്നു. എന്നാല്‍ സ്നേഹിതര്‍ക്ക് വേണ്ടി ജീവനര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ലെന്ന് തിരിച്ചറിഞ്ഞ ക്രിസ്തു മനുഷ്യജീവന് പരസ്നേഹത്തിനേക്കാള്‍ വില കല്പിക്കാന്‍ തയ്യാറായില്ല. അങ്ങനെയെങ്കില്‍ ക്രിസ്തുവിന്‍റെ മരണത്തെ ഒരു ആത്മഹത്യയെന്ന് വിശേഷിപ്പിക്കാനുള്ള സാധ്യതകളൊക്കെ അതിനുള്ളിലുണ്ട്. എന്നാല്‍ നാം അതിനെ ബലിയെന്നാണ് വിളിക്കുക.

  1998- മെയ് 6 ന് പാക്കിസ്ഥാനിലെ സഭയില്‍ അരങ്ങേറിയതും ഇത്തരം ഒരു സംഭവമായിരുന്നു. ഫൈസ്ലാബാദിലെ ബിഷപ് ജോണ്‍ ജോസഫ് (65)ഷൈവാള്‍ ടൗണിലെ സെഷന്‍ കോടതിയുടെ മുന്നില്‍വച്ച് സ്വയം വെടിവച്ച് മരിച്ചു. സംഭവത്തിന്‍റെ പശ്ചാത്തലമിങ്ങനെ: മദ്ധ്യപഞ്ചാബ് പ്രവിശ്യയിലെ ഒരു കത്തോലിക്കാ വിശ്വാസി അയ്യൂബ് മാസിഷിനെ ദൈവദൂഷണക്കുറ്റത്തിന്‍റെ പേരില്‍ (തികച്ചും അന്യായമായ ഒരു ആരോപണം) കൃത്യം ഒരുവര്‍ഷം മുന്‍പ് ഷൈവാള്‍  കോടതിവിധിപ്രകാരം വെടിവച്ച് കൊന്നു. തന്‍റെ വിശ്വാസസമൂഹത്തിലെ ഒരാളോട് രാഷ്ട്രം കാണിച്ച അനീതി  ആ നല്ല ഇടയനെ വല്ലാതെ  വേദനിപ്പിച്ചു. അയ്യൂബിന്‍റെ വിയോഗത്തിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ ഒരു പ്രാര്‍ത്ഥനാ കൂട്ടായ്മ നേതൃത്വം കൊടുത്ത ശേഷം മുന്‍പ് എപ്പോഴോ മനസ്സില്‍ തീരുമാനിച്ചുറപ്പിച്ച പ്രകാരം ആ നല്ലിടയന്‍ അയ്യൂബ് കൊല്ലപ്പെട്ട അതേ സ്ഥലത്ത് വച്ച് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. ഈ മരണത്തെക്കുറിച്ച് ആ രൂപതയിലെ ഒരു മുതിര്‍ന്ന വൈദികന്‍ പറഞ്ഞതിങ്ങനെ " ആ ഒരു വെടിയൊച്ചയ്ക്ക് ഒരു ബോംബ് സ്ഫോടനത്തേക്കാള്‍ ശബ്ദമുണ്ടായിരുന്നു. സമൂഹ മനഃസാക്ഷിക്കും കത്തോലിക്ക ധാര്‍മ്മിക ദൈവശാസ്ത്രത്തിനും മുന്നില്‍ ഇതൊരു ചോദ്യചിഹ്നമായി നിലകൊള്ളും." സ്വയം ജീവനൊടുക്കുന്നതെല്ലാം ആത്മഹത്യകളല്ലെന്ന് ഇനി മുതല്‍ നാം പറയേണ്ടിയിരിക്കുന്നു... ചിലതൊക്കെ പവിത്രമായ ബലികളുമാവാം. അവയെക്കുറിച്ചുള്ള വിധിതീര്‍പ്പുകള്‍ അത് തിരഞ്ഞെടുത്തവരുടെ മനഃസാക്ഷിക്കും  ദൈവത്തിനും വിട്ടുകൊടുക്കാം.

ജീവിതത്തിന്‍റെ നിരന്തരമായ തകര്‍ച്ചയില്‍ മനം തകര്‍ന്ന് ജീവിതം വേണ്ടെന്നുവയ്ക്കുന്നവരേക്കാള്‍, ജീവിച്ചിരിക്കുമ്പോള്‍ തന്നെ ആത്മഹത്യ എന്ന പാപത്തിന്‍റെ വിശേഷങ്ങള്‍ കൊടുക്കേണ്ട മറ്റ് പല പ്രവൃത്തികളുമുണ്ട്. സ്വന്തം ജീവനോടും തന്നെ ആശ്രയിച്ച് നില്‍ക്കുന്നവരുടെ ജീവിതങ്ങളോടും ബഹുമാനമില്ലാത്ത എല്ലാ പ്രവൃത്തികളും ആത്മഹത്യ എന്ന പാപത്തിന്‍റെ നിഴലിലാണ്. ട്രാഫിക് നിയമങ്ങളെപ്പോലും കാര്യമായി ഗൗനിക്കാതെ അമിതവേഗതയില്‍ വാഹനമോടിക്കുന്നയൊരാള്‍, മദ്യം കഴിച്ചും പുകവലിച്ചും മയക്കുമരുന്നുകള്‍ ഉപയോഗിച്ചും സ്വന്തം ആരോഗ്യവും ജീവിതവും നശിപ്പിക്കുന്നവര്‍, രോഗിയാണെന്നറിഞ്ഞിട്ടും ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകളും ഭക്ഷണവും യഥാസമയം കഴിക്കാന്‍ വിസമ്മതിക്കുന്നവര്‍.. ഇവരൊക്കെ സ്വന്തം ജീവിതത്തിന്‍റെ മൂല്യം ബോധപൂര്‍വ്വം നിഷേധിച്ചുകൊണ്ട് സാവകാശം മരണത്തെ ജീവിതത്തിലേയ്ക്ക് വിളിച്ചു വരുത്തുകയാണ്. ജീവിതമൊരു അനുഗ്രഹമാണ് അതിനെ സംരക്ഷിക്കുക. ഒപ്പം ആര്‍ക്കും ജീവിതം ശാപമാണെന്ന് തോന്നാതിരിക്കാന്‍ അപരന്‍റെ ജീവിതത്തിന്‍റെ കൂടി കാവലാളാവണം നാം. തളര്‍ന്നു പോയ മനസ്സുകള്‍ക്ക് താങ്ങായി... നരകിക്കുന്ന ജീവിതങ്ങള്‍ക്ക് ആലംബമായി... ഏവരോടും എന്നും ആദരപൂര്‍വ്വം...

ഡോ. ഫെലിക്സ് പൊടിമറ്റം, (Dr. Felix Podimattom)

0

0

Featured Posts

bottom of page