top of page

ഭ്രമങ്ങളെ മുറിച്ചുമാറ്റുക

Jun 1, 2011

4 min read

റ്റോണി ഡിമെല്ലോ
Image of human face
Image of human face

"നിന്‍റെ കൈ നിനക്കു ദുഷ്പ്രേരണയ്ക്കു കാരണമാകുന്നുവെങ്കില്‍, അതു വെട്ടിക്കളയുക." മര്‍ക്കോ. 9:43

ജന്മനാ അന്ധരായവരുടെ സംവേദനക്ഷമത നമ്മെ ചിലപ്പോള്‍ അത്ഭുതപ്പെടുത്തിയിട്ടില്ലേ? നമുക്ക് ഒട്ടും അറിയില്ലാത്ത ഏതെല്ലാം ഗന്ധവും രുചിയുമൊക്കെയാണ് അവരുടെ അനുഭൂതിയുടെ മണ്ഡലത്തിലുള്ളത്! നാം അവരുടെ അന്ധതയെക്കുറിച്ച് സഹതാപപ്പെടാറുണ്ട്. പക്ഷേ, അവരുടെ മറ്റ് ഇന്ദ്രിയങ്ങള്‍ എത്രയേറെ സംവേദനക്ഷമതയുള്ളവയാണെന്നും അവ അവരുടെ ജീവിതത്തെ എത്രയേറെ സമ്പുഷ്ടമാക്കുന്നുവെന്നുമുള്ള യാഥാര്‍ത്ഥ്യം നമുക്ക് കാര്യമായി അറിയില്ല. കാഴ്ചയെന്ന വലിയ വില കൊടുത്തിട്ടാണ് അവര്‍ക്ക് ആ സംവേദനക്ഷമത കിട്ടിയതെന്നത് തീര്‍ച്ചയായും ദുഃഖകരം തന്നെ. പക്ഷേ, നമുക്ക് സാധ്യമായ സംവേദനക്ഷമത എത്രയേറെയെന്ന് അവര്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. കാഴ്ച നഷ്ടപ്പെടാതെതന്നെ കൂറെക്കൂടി ജീവസ്സുറ്റതാക്കി നമ്മുടെ ജീവിതത്തെ നമുക്കു മാറ്റാനാകും.

ഒരു കാര്യം തര്‍ക്കമറ്റതാണ്, സംശയാതീതമാണ്: നിങ്ങളുടെ ഭ്രമങ്ങളെ അറത്തുമുറിച്ചുകളയാതെ സ്നേഹമെന്ന ലോകം നിങ്ങള്‍ക്ക് അപ്രാപ്യമായിരിക്കും. ഇതു നിങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍, സ്നേഹം- മനുഷ്യാസ്തിത്വത്തിന് അര്‍ത്ഥം നല്കുന്ന ഒരേയൊരു കാര്യമാണത് -എന്തെന്ന് ഒരിക്കലും നിങ്ങള്‍ അനുഭവിക്കാന്‍ പോകുന്നില്ല. സ്നേഹമെന്ന പാസ്പോര്‍ട്ട് ഉപയോഗിച്ചു മാത്രമേ പരിധിയില്ലാത്ത ആനന്ദത്തിന്‍റെയും ശാന്തിയുടെയും സ്വാതന്ത്ര്യത്തിന്‍റെയും ലോകത്തേയ്ക്കു നിങ്ങള്‍ക്കു പ്രവേശിക്കാനാകൂ. അതിലേക്കുള്ള നിങ്ങളുടെ പ്രവേശനത്തെ തടയുന്ന ഒരേയൊരു കാര്യമേയുള്ളൂ -നിങ്ങളുടെ ഭ്രമങ്ങള്‍. നിങ്ങളുടെ കാമാസക്തിയുള്ള കണ്ണുകളോ, വിട്ടുകളയാന്‍ തയ്യാറാകാതെ എന്തിലെങ്കിലും അള്ളിപ്പിടിച്ചിരിക്കുന്ന കൈകളോ ഒക്കെയാണ് നിങ്ങളില്‍ ഭ്രമങ്ങള്‍ നിറയ്ക്കുന്നത്. സ്നേഹം നിങ്ങളുടെ ഉള്ളില്‍ ഉയരണമെങ്കില്‍ ഈ കണ്ണുകളെ ചൂഴ്ന്നെടുത്തേ മതിയാകൂ. ഈ കരങ്ങള്‍ മുറിച്ചുമാറ്റിയേ തീരൂ. മുറിക്കൈകള്‍കൊണ്ട് ഇനിമുതല്‍ നിങ്ങള്‍ക്ക് ഒന്നും അള്ളിപ്പിടിച്ചിരിക്കാനാവില്ല. കണ്ണുകള്‍ നഷ്ടപ്പെട്ടതുകൊണ്ട് ഇന്നുവരെ അറിയില്ലാതിരുന്ന പലതും നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടുതുടങ്ങും.

ഇതാ, ഇനി മുതല്‍ നിങ്ങള്‍ സ്നേഹിക്കാന്‍ പോവുകയാണ്. ഇതുവരെ നിങ്ങള്‍ക്കുണ്ടായിരുന്നത് കുറച്ചു നന്മകളും മഹാമനസ്കതയും അപരനോടുള്ള സഹാനുഭൂതിയും താത്പര്യവും ഒക്കെയായിരുന്നു. ഇവയെയൊക്കെ സ്നേഹമാണെന്നു നിങ്ങള്‍ തെറ്റിദ്ധരിച്ചതാണ്. ഒരു മെഴുകുതിരിക്കും സൂര്യനും തമ്മിലുള്ള ബന്ധമേ ഇവയ്ക്കും യഥാര്‍ത്ഥ സ്നേഹത്തിനും തമ്മിലുള്ളൂ.

എന്താണു സ്നേഹം? നിങ്ങളുടെ ഉള്ളിലും വെളിയിലുമുള്ള എല്ലാറ്റിനോടും - ഓരോ അണുവിനോടും - ഉള്ള സംവേദനക്ഷമത (Sensitivity) യാണു സ്നേഹം. നിങ്ങളുടെ മുഴുവന്‍ ഹൃദയത്തോടെയും നിങ്ങള്‍ കണ്ടുമുട്ടുന്ന ഓരോന്നിനോടും പ്രതികരിക്കാന്‍ അതു നിങ്ങളെ പ്രാപ്തയാക്കുന്നു.

കണ്ടുമുട്ടുന്നതിനെ ചിലപ്പോള്‍ നിങ്ങള്‍ ആലിംഗനം ചെയ്യും, ചിലപ്പോള്‍ ആക്രമിക്കും, ചിലപ്പോള്‍ അവഗണിക്കും, ചിലപ്പോള്‍ പൂര്‍ണ്ണമായ ശ്രദ്ധ കൊടുക്കും. ഏതു പ്രതികരണമാണെങ്കിലും ശരി, അതു നിങ്ങള്‍ ചെയ്യുന്നത് നിങ്ങളിലെ ജീവിക്കാനുള്ള ഏതെങ്കിലും മോഹം നിമിത്തമായിരിക്കില്ല, പിന്നെയോ നിങ്ങളുടെ സംവേദനക്ഷമത നിമിത്തമായിരിക്കും.

എന്താണു ഭ്രമം? നിങ്ങളുടെ സംവേദനക്ഷമതയുടെ മുനയൊടിക്കുന്ന പറ്റിപ്പിടിച്ചിരിക്കലാണത്; നിങ്ങളുടെ കാഴ്ചയെ മറയ്ക്കുന്ന മയക്കുമരുന്നാണത്. എന്തിനോടെങ്കിലും നിങ്ങള്‍ക്കു തോന്നുന്ന ചെറിയ ഭ്രമം പോലും നിങ്ങളിലെ സ്നേഹത്തെ ഇല്ലാതാക്കുമെന്ന് അതുകൊണ്ടാണു പറയുന്നത്.

സ്നേഹമെന്നത് സംവേദനക്ഷമത -സെന്‍സിറ്റിവിറ്റി - ആണെന്നു നാം കണ്ടു. സംവേദനക്ഷമതയ്ക്ക് ഏല്‍ക്കുന്ന ചെറിയ ക്ഷതംപോലും അതിനെ നശിപ്പിക്കുന്നു. റഡാര്‍ സിസ്റ്റത്തിന്‍റെ ഒരു പ്രധാനഭാഗത്തിന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അതിന്‍റെ പ്രവര്‍ത്തനം അപ്പാടെ തകരുന്നതുപോലെ, നിങ്ങളുടെ ഭ്രമങ്ങള്‍, നിങ്ങളുടെ കാഴ്ചയെ വല്ലാതെ വളച്ചൊടിക്കുന്നു.

എന്തെങ്കിലും തകരാറുള്ള സ്നേഹം, കുറവുകളുള്ള സ്നേഹം, പക്ഷപാതം കാണിക്കുന്ന സ്നേഹം എന്നിങ്ങനെയുള്ള ഒന്നും സ്നേഹത്തെ സംബന്ധിച്ചു ശരിയായിരിക്കില്ല. സ്നേഹവും സംവേദനക്ഷമതയും കുറേശ്ശെ, കുറേശ്ശെയായിട്ടല്ല ഒരാളിലുണ്ടാവുക. ഒന്നുകില്‍ അവ മുഴുവനായിട്ടും നിങ്ങളിലുണ്ട്, അല്ലെങ്കില്‍ അവ നിങ്ങളില്‍ ഇല്ല. ഇതിനിടയിലുള്ള ഒരവസ്ഥ സാധ്യമല്ല.

ഭ്രമങ്ങള്‍ അപ്രത്യക്ഷമാകുന്നതോടെ, അതിരുകളില്ലാത്ത ആത്മീയ സ്വാതന്ത്ര്യത്തിന്‍റെ ഭൂമികയിലേക്കു നിങ്ങള്‍ പ്രവേശിക്കുന്നു. അതാണു സ്നേഹം. സ്വയം മോചിതയായിത്തീരുന്ന നിങ്ങള്‍ക്കു ഇനി എന്തിനെയും അതായിരിക്കുന്ന വിധത്തില്‍ കാണാനും അതിനോടു പ്രതികരിക്കാനുമാകും. പക്ഷേ ഒരു ഭ്രമവും ഒരിക്കലും ബാധിക്കാതിരുന്ന ഒരാളുടെ നിസ്സംഗതയായി ഈ സ്വാതന്ത്ര്യത്തെ സങ്കല്പിക്കരുത്.

നിങ്ങള്‍ക്കില്ലാത്ത കണ്ണു പിഴുതുകളയാനോ, കൈ മുറിച്ചുമാറ്റാനോ എങ്ങനെയാണ് സാധിക്കുക? നിസ്സംഗതയെ ചിലര്‍ സ്നേഹമായി തെറ്റിദ്ധരിക്കാറുണ്ട്. (ആരോടും അവര്‍ക്കു പ്രത്യേകമായ ഭ്രമമൊന്നും ഇല്ലാത്തതുകൊണ്ട്, എല്ലാവരേയും സ്നേഹിക്കുന്നതായി അവര്‍ കരുതുന്നു.) നിസ്സംഗത സംവേദനക്ഷമതയല്ല; പിന്നെയോ, തിരസ്കരിക്കപ്പെട്ടതുകൊണ്ടോ, പ്രതീക്ഷയസ്തമിച്ചതുകൊണ്ടോ, ബലം പ്രയോഗിച്ചുള്ള പരിത്യാഗ പ്രവൃത്തികള്‍ കൊണ്ടോ ഹൃദയം കല്ലിച്ചു പോകുന്നതാണ് അത്. ഭ്രമങ്ങളുടെ തിരമാലകള്‍ നിറഞ്ഞ സമുദ്രം നീന്തിക്കടന്നേ ഒരാള്‍ക്കു സ്നേഹത്തിന്‍റെ തീരത്ത് അണയാനാകൂ. നീന്താന്‍ ഒന്നു ശ്രമിക്കുകപോലും ചെയ്യാതെ ചിലര്‍ തങ്ങള്‍ തീരത്തണഞ്ഞു എന്നു കരുതി സംതൃപ്തിയടയുന്നു.

നമ്മുടെ കൈ മുറിച്ചു മാറ്റുന്നതിനും കണ്ണുകള്‍ ചൂഴ്ന്നുകളയുന്നതിനുംമുമ്പ് വ്യക്തമായ കാഴ്ച നമുക്കുണ്ടാകേണ്ടതുണ്ട്. ഇത്തരം ബലപ്രയോഗങ്ങളില്ലാതെ നമ്മില്‍ സ്നേഹം ജനിക്കാന്‍ പോകുന്നില്ല. ദൈവരാജ്യം സ്വന്തമാക്കുന്നത് ബലമുള്ളവര്‍ മാത്രമാണല്ലോ.

എന്തുകൊണ്ടാണ് സ്നേഹമുണരാന്‍ ബലപ്രയോഗം ആവശ്യമായി വരുന്നത്? ജീവിതത്തെ വെറുതെയങ്ങ് അഴിച്ചുവിട്ടാല്‍, അത് ഒരിക്കലും സ്നേഹത്തിന്‍റെ ലോകത്ത് എത്തിച്ചേരില്ല. അത് ആകര്‍ഷണങ്ങളിലേക്കും സുഖത്തിലേക്കും പറ്റിപ്പിടിച്ചിരിക്കലിലേക്കും താത്കാലിക സംതൃപ്തിയിലേക്കും അവസാനം മടുപ്പിലേക്കും വിരസതയിലേക്കും നമ്മെ കൊണ്ടെത്തിക്കുന്നു. കുറെക്കാലം അതങ്ങനെ തുടരും. പിന്നീട് പുതിയൊരു ആകര്‍ഷണം, അതിനെത്തുടര്‍ന്ന് സുഖം, പറ്റിപ്പിടിച്ചിരിക്കല്‍, സംതൃപ്തി, വിരസത എന്നിവയുടെ ആവര്‍ത്തനം. ഇവയോട് അനുബന്ധിച്ച് ആകുലത, അസൂയ, പിടിച്ചുവെക്കല്‍, ദുഃഖം, വേദന തുടങ്ങിയവയും നമ്മെ മഥിക്കുന്നു. അങ്ങനെ ആടിയുലയുകയാണ് മിക്കപ്പോഴും നാം.

ഇത്തരം ആവര്‍ത്തനങ്ങളിലൂടെ പലതവണ പോയി മടുക്കുന്ന നിങ്ങള്‍ അവസാനം എല്ലാം മതിയാക്കി, ഇനിമേല്‍ വലയുന്നതു നിര്‍ത്താന്‍ തീരുമാനിക്കുന്നു. കാഴ്ചയ്ക്കു കൗതുകമുള്ള മറ്റൊന്നിനാല്‍ ആകര്‍ഷിക്കപ്പെടുന്ന ദൗര്‍ഭാഗ്യത്തില്‍പ്പെട്ടുപോയില്ലെങ്കില്‍, നിങ്ങളില്‍ തുച്ഛമായ ഒരു സമാധാനം ഉടലെടുക്കുന്നു. ജീവിതത്തെ അതിന്‍റെ വഴിക്ക് അഴിച്ചുവിട്ടാല്‍ അതിനു നിങ്ങള്‍ക്ക് അങ്ങേയറ്റം നല്കാനാവുന്നത് ഈ തുച്ഛമായ സമാധാനം മാത്രമാണ്. ഇതിനെ നിങ്ങള്‍ ആന്തരികസ്വാതന്ത്ര്യമായി തെറ്റിദ്ധരിക്കാനും, യഥാര്‍ത്ഥ സ്വാതന്ത്ര്യവും സ്നേഹവും എന്തെന്നറിയാതെ മരിക്കാനുമുള്ള സാധ്യതയേറെയുണ്ട്.

ആകര്‍ഷണ-വികര്‍ഷണങ്ങള്‍ക്കും അവസാനം മടുപ്പിനും വലം വെച്ചുകൊണ്ടിരിക്കുന്നതില്‍നിന്നു പുറത്തുകടന്ന് സ്നേഹത്തിന്‍റെ ലോകത്തിലേക്കു പ്രവേശിക്കണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ഭ്രമങ്ങളെ അറത്തുമുറിച്ചു മാറ്റിയേ മതിയാകൂ. പക്ഷേ അതു നിങ്ങള്‍ ചെയ്യേണ്ടത് ഭ്രമങ്ങളോടു മടുപ്പുതോന്നിക്കഴിഞ്ഞല്ല, അവയോടു വലിയ ഇഷ്ടം തോന്നുമ്പോള്‍തന്നെയാണ്. ഭ്രമങ്ങളെ മുറിച്ചുമാറ്റാന്‍ നിങ്ങള്‍ ഉപയോഗിക്കേണ്ട കത്തി നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്ന പരിത്യാഗത്തിന്‍റെ കത്തിയല്ല, അവബോധമെന്ന കത്തിയാണ്.

നിങ്ങള്‍ക്കു മൂന്നുകാര്യങ്ങളെക്കുറിച്ച് അവബോധമുണ്ടാകട്ടെ:

1. ഭ്രമങ്ങളെന്ന മയക്കുമരുന്ന് നിങ്ങളെ എങ്ങനെ കഷ്ടപ്പെടുത്തുന്നുവെന്നു കാണുക. അത്യുത്സാഹവും വിരസതയും സംതൃപ്തിയും സങ്കടവും ആകുലതയും നിരാശയും എല്ലാം നിങ്ങളെ വല്ലാതെ വലയ്ക്കുകയാണ്.

2. അനുനിമിഷം ആനന്ദിക്കാനും കണ്ടുമുട്ടുന്ന ഓരോന്നിനെയും സ്നേഹിക്കാനുമുള്ള നിങ്ങളുടെ കഴിവാണ് ഈ മയക്കുമരുന്ന് തല്ലിക്കെടുത്തുന്നത്.

3. നിങ്ങള്‍ അറിയേണ്ട മറ്റൊരു കാര്യം, നിങ്ങളുടെ അടിമത്തവും തലയിലെ ചില പ്രോഗ്രാമിംഗും മൂലം, നിങ്ങള്‍ക്കു ഭ്രമം തോന്നുന്നതിന്, അതിനില്ലാത്ത ചില സൗന്ദര്യവും മൂല്യവും നിങ്ങള്‍ കല്പിച്ചുകൊടുക്കുന്നുണ്ട്. നിങ്ങള്‍ ഇഷ്ടപ്പെടുന്നത് നിങ്ങളുടെ പ്രിയപ്പെട്ടവനെക്കുറിച്ച് നിങ്ങള്‍ തലയില്‍ കൊണ്ടുനടക്കുന്ന ചില ചിത്രത്തെയാണ്, അല്ലാതെ യഥാര്‍ത്ഥമായ വ്യക്തിയെയല്ല. ഇതു ശരിക്കൊന്നു കാണാന്‍ കഴിഞ്ഞാല്‍, അവബോധമെന്ന കത്തി അതിന്‍റെ പണി ചെയ്തുകൊള്ളും.

പലപ്പോഴും നമ്മള്‍ കേട്ടിട്ടില്ലേ, സ്നേഹിക്കപ്പെട്ടാലേ സ്നേഹിക്കാനാകൂ എന്ന്. ശരിയല്ല അത്. ആരുമായെങ്കിലും പ്രണയത്തിലായവന്‍ മറ്റുള്ളവരെ സമീപിക്കുന്നത് സ്നേഹം കൊണ്ടല്ല, മതിമറന്ന സന്തോഷം കൊണ്ടാണ്. അവന്‍റെ ലോകം യാഥാര്‍ത്ഥ്യത്തോടു നിരക്കാത്തവിധത്തില്‍ സുന്ദരവും സുവര്‍ണവുമായിരിക്കും. മതിമറന്ന അയാളുടെ സന്തോഷം ഇല്ലാതാകുന്ന നിമിഷം അതെല്ലാം പൊടുന്നനെ അപ്രത്യക്ഷമാകും. അയാളിലെ സ്നേഹം ഉണര്‍ന്നത് കാഴ്ചയില്‍ നിന്നല്ല, ഏതോ ഒരു ബോധ്യത്തില്‍ നിന്നാണ്. ആ ബോധ്യം- താന്‍ ഒരാളുടെ പ്രിയപ്പെട്ടവനാണെന്ന ബോധ്യം- ശരിയോ തെറ്റോ ആകാം. പക്ഷേ അത് ഏതു നിമിഷവും തകരാവുന്ന ഒന്നാണ്. കാരണം അയാളെ സ്നേഹിക്കുന്നു എന്നു പറയുന്ന വ്യക്തി ഏതു നിമിഷവും മാറ്റത്തിനു വിധേയനാകാവുന്ന വ്യക്തിയാണ്. അയാളെ സ്നേഹിക്കുന്ന വ്യക്തിക്ക് ഏതു സമയത്തുവേണമെങ്കിലും അയാളുടെ സന്തോഷം ഇല്ലാതാക്കാനാകും. ഇത്തരം ജീവിതം നയിക്കുന്നവര്‍ക്ക് എപ്പോഴും കൂടെയുണ്ടായിരിക്കുക ഒരു അരക്ഷിതാവസ്ഥയായിരിക്കും.

അവബോധമെന്ന കത്തിയുപയോഗിച്ച് നിങ്ങള്‍ ഭ്രമങ്ങളില്‍നിന്നു സ്നേഹത്തിലേക്കു യാത്ര തിരിക്കുമ്പോള്‍, പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം നിങ്ങള്‍ നിങ്ങളോടു തന്നെ അക്ഷമയോടെയോ കാര്‍ക്കശ്യത്തോടെയോ വെറുപ്പോടെയോ ഇടപെടരുത് എന്നതാണ്. ഇത്തരം മനോഭാവങ്ങളാണു നിങ്ങള്‍ വച്ചുപുലര്‍ത്തുന്നതെങ്കില്‍, എങ്ങനെയാണു സ്നേഹം ഉടലെടുക്കുക? അതുകൊണ്ട് ഒരു സര്‍ജന്‍റെ സഹാനുഭൂതിയോടെയും കാര്യപ്രാപ്തിയോടെയും കത്തിയുപയോഗിക്കുക. ഒടുക്കം അത്ഭുതകരമായ ഒരു കാര്യം നിങ്ങളില്‍ സംഭവിക്കും: നിങ്ങള്‍ക്കു ഭ്രമം തോന്നിയതിനെ നിങ്ങള്‍ സ്നേഹിക്കും. അതോടൊപ്പംതന്നെ, മറ്റുള്ള വസ്തുക്കളെയും വ്യക്തികളെയും നിങ്ങള്‍ സ്നേഹിച്ചു തുടങ്ങും.

നിങ്ങള്‍ക്കു യഥാര്‍ത്ഥ സ്നേഹമുണ്ടോയെന്നറിയാനുള്ള യഥാര്‍ത്ഥ പരീക്ഷ അതാണ്: സ്നേഹമെന്നതു നിസ്സംഗതയല്ല. നിങ്ങള്‍ക്കു ഭ്രമം തോന്നിയതിന്‍റെ സാന്നിധ്യത്തില്‍ സന്തോഷിച്ചത്രയും മറ്റുള്ളവയുടെ സാന്നിധ്യത്തിലും നിങ്ങള്‍ സന്തോഷിച്ചു തുടങ്ങുന്നെങ്കില്‍ നിങ്ങള്‍ സ്നേഹിക്കുന്നു എന്നു പറയാനാകും. ഇത്തരം സ്നേഹത്തില്‍ നിങ്ങള്‍ക്ക് വലിയ ത്രില്ലോ, അതിനോടനുബന്ധിച്ച നിരാശയോ ഉണ്ടാകില്ലെന്നു മാത്രം. ശരിക്കുപറഞ്ഞാല്‍ നിങ്ങള്‍ എല്ലാം ആസ്വദിക്കുന്നു; അതേസമയം ഒന്നും ആസ്വദിക്കുന്നുമില്ല. ഓരോ വ്യക്തിയെയും വസ്തുവിനെയും കണ്ടുമുട്ടി സന്തോഷിക്കുമ്പോള്‍ നിങ്ങളുടെ ഉള്ളില്‍ത്തന്നെയുള്ള എന്തോ ഒന്നുമായി സംവദിക്കുകയാണ്.

നിങ്ങളുടെ ഉള്ളില്‍ ഒരു സംഗീതമുണ്ട്. നിങ്ങള്‍ പോകുന്നിടത്തൊക്കെ അതു നിങ്ങളെ അനുധാവനം ചെയ്യുന്നുമുണ്ട്. മറ്റുള്ള വ്യക്തികള്‍ക്കും വസ്തുക്കള്‍ക്കും അതിന്‍റെ ഈണത്തെ മാത്രമേ സ്വാധീനിക്കാവൂ. ആരും നിങ്ങളെ ശ്രദ്ധിക്കാനില്ലാത്തപ്പോള്‍ ആ സംഗീതം അതിനിഷ്ടമുള്ള രീതിയില്‍ മീട്ടപ്പെടും. വെളിയിലുള്ള ഒന്നിനും നല്കാനാവാത്തതും, അതുകൊണ്ടു തന്നെ തിരിച്ചെടുക്കാനാകാത്തതുമായ ഒരു സന്തോഷം നിങ്ങളിലുണരും.

നിങ്ങളില്‍ സ്നേഹമുണ്ടോ എന്നറിയാന്‍ ഇതാ മറ്റൊരു പരീക്ഷണം: നിങ്ങള്‍ എന്തുകൊണ്ട് സന്തോഷിക്കുന്നു എന്ന് നിങ്ങള്‍ക്ക് അറിയാനേ ആകില്ല. ഈ സന്തോഷം നിലനില്ക്കുമോ? അക്കാര്യത്തില്‍ ഉറപ്പൊന്നുമില്ല. ഉറപ്പുള്ള ഒരു കാര്യം ആ സ്നേഹം എല്ലാറ്റിനോടും തുറവിയുള്ള ഒന്നായിരിക്കുമെന്നതാണ്. പക്ഷേ നിങ്ങളുടെ മനസ്സ് ഉണര്‍ന്നിരിക്കുന്നുവോ അല്ലയോ എന്നതിനെ ആശ്രയിച്ച് ആ സ്നേഹം നിലനില്ക്കുകയോ ഇല്ലാതാവുകയോ ചെയ്തേക്കാം. ഒരിക്കലെങ്കിലും നിങ്ങള്‍ക്ക് ആ സ്നേഹം അനുഭവിക്കാനായാല്‍ ഒരു കാര്യം നിങ്ങള്‍ തീര്‍ച്ചയായും തിരിച്ചറിയും: എന്തു വില -കണ്ണു ചൂഴ്ന്നു കളയുന്നതോ, കൈമുറിച്ചു മാറ്റുന്നതോ- കൊടുത്താലും ജീവിതത്തെ ധന്യമാക്കുന്ന സ്നേഹത്തിന് അതു പക

Featured Posts