top of page
എത്ര മായ്ച്ചാലും മാപ്പുപറഞ്ഞാലും അനുതപിച്ചാലും ഉണക്കാനോ പൊറുപ്പിക്കാനോ കഴിയാത്ത അപരിഹാര്യമായ ചില കളങ്കങ്ങള്‍ ഉണ്ടാകാറുണ്ട് ഓരോ മനുഷ്യന്‍റെയും ജീവിതത്തില്‍. ചിലപ്പോള്‍ ചെറുതും ചിലപ്പോള്‍ വലുതുമാകാം അത്. അത്തരത്തിലുള്ള ജീവിതാനുഭവങ്ങളുടെ തീക്ഷ്ണമായ കഥയാണ് 2007-ല്‍ പുറത്തിറങ്ങിയ അറ്റോണ്‍മെന്‍റ് എന്ന ഇംഗ്ലീഷ് ചിത്രം അനാവരണം ചെയ്യുന്നത്. അറ്റോണ്‍മെന്‍റ് എന്നാല്‍ പ്രായശ്ചിത്തം എന്നാണ് അര്‍ഥം. പ്രായശ്ചിത്തം ചെയ്യണമെങ്കില്‍ അപ്പോള്‍ തെറ്റ് അല്ലെങ്കില്‍ ശരികേട് ചെയ്യേണ്ടതുണ്ട്. എല്ലാത്തരം ശരികേടിലും മനുഷ്യര്‍ പ്രായശ്ചിത്തം ചെയ്യാറുണ്ടോ. ഇല്ല എന്നാണുത്തരം. കാരണം നിസാരമാണ്, ആ പ്രവൃത്തി ഉത്ഭവിക്കുന്ന അവന്‍റെ മനസിന് അതു ശരികേടായോ തെറ്റായോ തോന്നിയിട്ടുണ്ടാകില്ല. എപ്പോഴാണോ അല്ലെങ്കില്‍ ഏതു അനുഭവമാണോ അത്തരം പ്രവൃത്തികള്‍ അവനെ കുറ്റക്കാരനാക്കുന്നത് അപ്പോഴാണ് പ്രായശ്ചിത്തത്തിന്‍റെ ഒരു സാധ്യതപോലും അവനില്‍ ഉടലെടുക്കുന്നത്.
രണ്ടാം ലോകമഹായുദ്ധത്തിനും നാലുവര്‍ഷം മുമ്പ് ഇംഗ്ലണ്ടിലെ ധനികകുടുംബത്തിന്‍റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. 13 വയസ് പ്രായമുണ്ടായിരുന്ന ബ്രിയോണിക്കു എഴുത്തിനോടും സാഹിത്യത്തോടും വല്ലാത്ത അഭിനിവേശമായിരുന്നു. കാല്പനികതയിലും സ്വപ്നങ്ങളിലും അഭിരമിച്ചിരുന്ന അവള്‍ക്കു ഹൗസ്കീപ്പറുടെ മകനായ റോബ്ബിയോട് കൗമാര പ്രണയവുമുണ്ടായിരുന്നു. കുടുംബത്തിലെ അംഗങ്ങള്‍ ഒന്നിരിച്ചിരിക്കുമ്പോള്‍ അവതരിപ്പിക്കുന്നതിനു അവള്‍ ഒരു നാടകം തയ്യാറാക്കിയിരുന്നു. നാടകത്തിന്‍റെ അവതരണത്തിനായി ഒരുക്കങ്ങള്‍ നടക്കുന്നതിനിടയില്‍ തന്‍റെ സാഹോദരിയായ സെസില്ലയെയും റോബിയെയും അവള്‍ ഒരുമിച്ചു കാണുകയും അവരുടെ പെരുമാറ്റം തെറ്റിദ്ധരിക്കുകയും ചെയ്യുന്നു. തന്‍റെ സഹോദരിയോട് മോശമായി പെരുമാറുകയും സെസില്ലയെ വിവസ്ത്രയാക്കാന്‍ പ്രേരിപ്പിക്കുകയുമാണ് റോബി ചെയ്തതെന്ന് അവള്‍ കരുതുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. ആ സംഭവത്തില്‍ ക്ഷമാപണം അറിയിച്ചുകൊണ്ട് റോബി സെസില്ലാക്കു രണ്ടു കത്തുകള്‍ എഴുതുന്നു. ഒരു കത്തു വളരെ അനൗപചാരികവും അവരുടെ സൗഹൃദത്തിന്‍റെ പരിധിയില്‍ നിന്നുള്ള കുസൃതിയും കളിവാക്കും നിറഞ്ഞതും മറ്റേതു തികച്ചും ഔപചാരികവുമായിരുന്നു. സെസില്ലയോടുള്ള തന്‍റെ ശാരീരിക അഭിനിവേശം തുറന്നു പറയുന്നതിനായാണ് അവന്‍ ഒരു അശ്ലീല ചുവയുള്ള വാക്ക് ആദ്യത്തെ കത്തില്‍ ഉപയോഗിച്ചത്. രണ്ടാമത്തെ കത്തെന്നു കരുതി റോബി ബ്രയോണിയുടെ കയ്യില്‍ കൊടുത്തയച്ചത് ആദ്യത്തെ കത്തായിരുന്നു. എഴുത്തിന്‍റെ ഉള്ളടക്കത്തില്‍ കൗതുകം പൂണ്ട ബ്രയോണി കത്തുവായിക്കുകയും റോബി ഒരു വിടലന്‍ ആണെന്ന് ഉറപ്പിക്കുകയും തന്‍റെ ബന്ധുവായ ലോലയോടു ഇക്കാര്യം പങ്കുവെക്കുകയും ചെയ്യുന്നു.
ആയിടക്ക് ബ്രയോണിയുടെ സഹോദരന്‍റെ സുഹൃത്തും സുന്ദരനുമായ പോള്‍ ലോലയില്‍ അനുരക്തനാകുകയും ചെയ്തു. അത്താഴത്തിനു മുന്‍പ് പകലത്തെ സംഭവത്തെകുറിച്ച് സംസാരിക്കാനെത്തിയ റോബിയെ ആഹ്ലാദവിവശനാക്കി ക്കൊണ്ടു സെസില്ല തന്‍റെ രഹസ്യപ്രണയം അവനോടു തുറന്നു പറയുന്നു. അനുരാഗത്തിന്‍റെ ഫലമായി അവര്‍ ലൈബ്രറിയില്‍ വെച്ച് പ്രണയം പങ്കുവെക്കുന്നു. ഇതേസമയം അവിടെയെത്തിയ ബ്രയോണി റോബി സെസില്ലയെ ബലാല്‍ക്കാരം ചെയ്യുകയാണെന്ന് തെറ്റിദ്ധരിക്കുന്നു. അത്താഴത്തിനിടയില്‍ ലോലയുടെ ഇരട്ട സഹോദരന്മാരിലൊരാളെ കാണാതാവുകയും എല്ലാവരും തിരച്ചിലില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. തിരച്ചിലിനിടയില്‍ ലോലയെ ഒരാള്‍ ശാരീരികമായി ഉപദ്രവിക്കുന്നത് ബ്രയോണി കണ്ടു. ഓടിപ്പോയ അയാള്‍ റോബി ആണെന്ന് അവര്‍ നിഗമനത്തിലെത്തുന്നു. ബ്രയോണിയുടെ മൊഴിയുടെയും പഴയ കത്തിന്‍റെയും പിന്‍ബലത്തില്‍ റോബി അറസ്റ്റിലാവുകയും ജയിലില്‍ അടക്കപ്പെടുകയും ചെയ്യുന്നു.
സൈന്യത്തില്‍ ചേരാമെന്ന നിബന്ധനക്കൊടുവില്‍ 4 വര്‍ഷത്തിന് ശേഷം ജയില്‍മോചിതനായ റോബി പട്ടാളത്തില്‍ സേവനത്തിനായി പോകുന്നു. റോബിയെ കുറ്റക്കാരനാക്കിയതില്‍ ബ്രയോണിക്കു അടങ്ങാത്ത ദുഃഖമുണ്ടായിരുന്നു. പത്രത്തില്‍ നിന്നും പോളിന്‍റെയും ലോലയുടെയും വിവാഹവാര്‍ത്തയറിഞ്ഞ ബ്രയോണി ചടങ്ങിനെത്തുന്നു. അവിടെ വെച്ച് പോള്‍ ആണ് ലോലയെ ഉപദ്രവിച്ചത് എന്ന് മനസിലായ അവള്‍ സത്യം പറയുന്നതിന് സഹോദരിയുടെ അടുത്തെത്തുന്നു. അവിടെ റോബിയും സെസില്ലയും ഒന്നിച്ചായിരിക്കുന്നതു കണ്ടപ്പോള്‍ അവള്‍ക്കു ആശ്ചര്യം തോന്നി. കോപാകുലനായ റോബി ബ്രയോണിക്ക് മാപ്പു നല്കാന്‍ തയ്യാറായില്ല . റോബിയെ ശാന്തനാക്കിയ സെസില്ല റോബിയുടെ നിരപരാധിത്വം നിയമത്തിനു മുന്‍പില്‍ തെളിയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. അതിനായി ലോലയുടെ അടുത്തെത്തിയ ബ്രയോണിക്ക് നിരാശയോടെ മടങ്ങേണ്ടി വന്നു. ഭര്‍ത്താവിനെതിരെ സാക്ഷി പറയുന്നതിന് ലോല തയ്യാറായിരുന്നില്ല. ഈ ഓര്‍മ്മകളുടെ നടുവില്‍ യുദ്ധത്തില്‍ മാരകമുറിവേറ്റ റോബി evacuation നടപടികള്‍ക്കായി ദുന്‍കിര്‍ക്കില്‍ കാത്തുനില്ക്കുകയായിരുന്നു.
പിന്നീട് വലിയ എഴുത്തുകാരിയായി പേരെടുത്ത ബ്രിയോണി തന്‍റെ ആത്മകഥാപരമായ പുസ്തകം എഴുതിത്തീര്‍ത്തു. യഥാര്‍ത്ഥ ജീവിതത്തില്‍ തനിക്കു പറയാനോ ചെയ്യാനോ കഴിയാതിരുന്ന കാര്യങ്ങള്‍ ബ്രയോണി പുസ്തകത്തിലൂടെ വായനക്കാര്‍ക്ക് നല്‍കുകയായിരുന്നു. ജീവിതത്തില്‍ ഒരിക്കലും ഒന്നിക്കാതിരുന്ന റോബിയും സെസില്ലയും പുസ്തകത്തില്‍ ഒരുമിക്കുകയായിരുന്നു. എന്നാല്‍ ജീവിതം തന്നെ നഷ്ടമായ അവര്‍ക്കു കാല്പനികതയില്‍ ജീവിക്കാനാവുമായിരുന്നില്ല, ബ്രയോണിക്ക് ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ലായിരുന്നു.
ഓരോ മനുഷ്യനും അവന്‍റെ ജീവിതത്തില്‍ പലപ്പോഴും അഭിമുഖീകരിച്ചേക്കാവുന്ന കാര്യമാണ് റോബിയുടെയും ബ്രയോണിയുടെയും ജീവിതത്തില്‍ സംഭവിച്ചത്. യഥാര്‍ത്ഥമായി നാം കാണുന്നത് പലപ്പോഴും സത്യത്തിന്‍റെ ഒരംശം മാത്രമാകാം. എന്നാല്‍ മനുഷ്യസഹജമായ മുന്‍വിധിയോടെ നാം അത്തരം സന്ദര്‍ഭങ്ങളെ സമീപിക്കുമ്പോള്‍ പലരുടെയും ജീവിതം മാറിമറിയുന്നു. കുലംകുത്തിയൊഴുകിയിരുന്ന ഒരു നദിക്കു കുറുകെ ഒരു തടയണ കെട്ടുന്നത് പോലെയാണത്. ജീവിതത്തിന്‍റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുന്നു. പിന്നീട് ആ തടസങ്ങള്‍ പൊളിക്കുവാനോ മാറ്റുവാനോ നമുക്ക് സാധിക്കാറില്ല. അപ്പോഴേക്കും സംഭവിക്കാനുള്ളത് സംഭവിക്കുകയും നമ്മുടെ കയ്യില്‍ നിന്നും എല്ലാം വിട്ടുപോകുകയും ചെയ്യും.
പിന്നെയുള്ളത് പ്രായശ്ചിത്തം ചെയ്യലാണ്. ബ്രയോണിക്കും അതല്ലാതെ വഴിയില്ലായിരുന്നു. അതിനവള്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുകയും ചെയ്തു. റോബിയോട് കൗമാരകാലത്തു തോന്നിയ അഭിനിവേശം കൊണ്ടാകണം അവള്‍ തെറ്റ് ചെയ്തു പോയത്. പിന്നീട് തിരിച്ചറിവുണ്ടായപ്പോള്‍ പ്രവൃത്തിയാലും സംഭാഷങ്ങളാലും അവള്‍ അത് തിരുത്താന്‍ ശ്രമിച്ചു. എന്നാല്‍ തകര്‍ക്കപ്പെട്ട ജീവിതങ്ങള്‍ക്ക് പെട്ടെന്ന് ക്ഷമിക്കാനുള്ള മാനസിക ക്ഷമത ഉണ്ടായിരുന്നില്ല. എങ്കിലും അവള്‍ക്കു മാപ്പിരക്കണമായിരുന്നു, അവരോടും തന്നോട് തന്നെയും. അതിനവള്‍ തന്‍റെ കഴിവുകളെ മാറ്റി വെച്ചു. തന്‍റെ പുസ്തകം വായിച്ചിട്ടെങ്കിലും ആളുകള്‍ മാറിചിന്തിക്കണമെന്നു അവള്‍ ആഗ്രഹിച്ചു. കാല്പനികമായ പ്രായശ്ചിത്തം എന്നല്ലാതെ ഇതിനെന്താണ് പറയാന്‍ കഴിയുക.
മനോഹരങ്ങളായ കൃതികള്‍, യുദ്ധങ്ങള്‍, സംഗീതം ഇതൊക്കെ ചലച്ചിത്രങ്ങളാക്കിയ പ്രതിഭയാണ് ജോ റൈറ്റ്. അദ്ദേഹത്തിന്‍റെ പ്രൈഡ് ആന്‍റ് പ്രെജുഡീസ്, ഹന്നാ, അന്ന കരിനീന, പാന്‍, ദി സോളോയിസ്റ്, ദി ഡാര്‍കെസ്ററ് അവര്‍ എന്നീ ചിത്രങ്ങള്‍ ഉദാഹരങ്ങളാണ്. ഏതു സിനിമയായാലും ജീവിതം കൊണ്ടുള്ള ഞാണിന്മേല്‍ കളികളാണ് അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍. അറ്റോണ്‍മെന്‍റും അതില്‍നിന്നും വ്യത്യസ്തമല്ല. ഒരുപക്ഷെ അദ്ദേഹത്തിന്‍റെ ഏറ്റവും മികച്ച ചിത്രവും അറ്റോണ്‍മെന്‍റ് തന്നെയാകും.
മികച്ച ഛായാഗ്രഹ അനുഭവങ്ങള്‍ കൂടിയാണ് ജോ റൈറ്റിന്‍റെ എല്ലാ ചിത്രങ്ങളും. അറ്റോണ്‍മെന്‍റും അത് ശരിവെക്കുന്നു. ട്രാക്കിങ് ഷോട്ടുകള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ അഗ്രഗണ്യനാണ് അദ്ദേഹം. ചിത്രം കാണുമ്പോഴാണ് കാഴ്ചയുടെ ആ നവ്യാനുഭവം പ്രേക്ഷകന് അനുഭവവേദ്യമാകുന്നത്.ആത്യന്തികമായി അറ്റോണ്‍മെന്‍റ് നമുക്ക് സമ്മാനിക്കുന്നത് വേദനയാണ്. കാല്പനികമായ ഒരു പ്രായശ്ചിത്തവും തകര്‍ന്നുപോയ ജീവിതങ്ങളെ വിളക്കിച്ചേര്‍ക്കുന്നില്ല എന്ന തിരിച്ചറിവ് ചിത്രം നമുക്ക് സമ്മാനിക്കുന്നു. പ്രായശ്ചിത്തം പലപ്പോഴും അപഹാസ്യമാകുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ് . അവനവന്‍റെ ഹൃദയങ്ങള്‍ക്ക് ലേപനം പുരട്ടുക എന്നത് മാത്രമാണ് അതിനു ചെയ്യാനാകുക. എന്നാല്‍ അനുതാപം പിന്നീടുള്ള ജീവിതത്തിനു പ്രചോദനവും വളവുമായിത്തീരും എന്നതിനാല്‍ പ്രായശ്ചിത്തം ചെയ്യുന്നതിനെ നിരുത്സാഹപ്പെടുത്താനുമാവില്ല. അങ്ങനെയാണെങ്കില്‍ അതാണ് നല്ലത്. സത്യം അറിയുന്നതിന് കൂടുതല്‍ സമയം കൊടുക്കുകയും വൈകാരികമായി പ്രതികരിക്കാതിരിക്കുകയും ചെയ്യുക. അറ്റോണ്‍മെന്‍റ് അന്തിമമായി പറഞ്ഞു വെക്കുന്നതും അതാണ്. കാല്പനികമായ പ്രായശ്ചിത്തം തകര്‍ക്കപ്പെട്ട ജീവിതങ്ങള്‍ക്ക് ഒരു മരുന്നല്ല എന്നതിനാല്‍ ജീവിതത്തോടുള്ള നമ്മുടെ പ്രതികരണം സത്യസന്ധമാകണം എന്ന് കൂടിയാണത്.