top of page

പ്രണയത്തിന്‍റെയും മരണത്തിന്‍റെയും ഗീതം

May 12, 2018

3 min read

അത
gloomy sunday movie poster

'ഗ്ലൂമി സണ്‍ഡേ' എന്ന അനശ്വര നിരാശാ ഹംഗേറിയന്‍ ഗാനം  ഡിജിറ്റല്‍ കാലഘട്ടത്തിന് മുമ്പുള്ള 'വൈറലു'കളില്‍ ഒന്നാണ്. ഒരു കാലഘട്ടത്തിലെ മനുഷ്യരാശിയെ കലയും സര്‍ഗ്ഗാത്മകതയും നിഷേധാത്മകമായി സ്വാധീനിക്കുന്നതിന്‍റെ ഉത്തമ ഉദാഹരണമായിരുന്നു ഇത്.

 

കാമുകിയുടെ മരണാനന്തരം അവളുടെ കൂടെ ചേരാന്‍ ഉല്‍ക്കടമായി ആഗ്രഹിക്കുന്ന കാമുകന്‍റെ വിലാപഗാനമാണ് ഗ്ലൂമി സണ്‍ഡേ. 1933 ല്‍ വിരഹികളായ പ്രണയികളുടെ ഹൃദയങ്ങളില്‍ അലയടിച്ചുയര്‍ന്ന ഈ ഗാനം കമ്പോസ് ചെയ്തത് റെസോ സെറസ് എന്ന എന്ന ഹംഗേറിയന്‍ പിയാനിസ്റ്റാണ്. വിഷാദഭരിതമായ ഈ ഗാനം എഴുതിയതും അദ്ദേഹം തന്നെ. 1968 ല്‍ ഇദ്ദേഹം തന്‍റെ ഫ്ളാറ്റില്‍ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. നിരാശ നിറഞ്ഞ ഈ ഗാനത്തില്‍ വിലാപത്തിന്‍റെ വരികള്‍ കൂട്ടിച്ചേര്‍ത്തത് ഹംഗേറിയന്‍ കവി ലാസ്ലോ ജാവര്‍ ആണ്. പിന്നീട് പലരും വരികള്‍ കൂട്ടിച്ചേര്‍ത്തതിനാല്‍ നിരവധി ഭാഷ്യങ്ങളുണ്ട് ഇപ്പോള്‍ ഈ ഗാനത്തിന്.

  അസ്വസ്ഥമായ മനുഷ്യമനസ്സുകളെ വേട്ടയാടുന്ന ഈ സംഗീതത്തിന്‍റെ ശില്‍പ്പികള്‍ ഇരുവരും വിഷാദരോഗികളായിരുന്നു. ലോകത്തെ വിവിധ റേഡിയോ പ്രക്ഷേപണ കേന്ദ്രങ്ങളുടെ പ്ലേ ലിസ്റ്റില്‍ നിന്നു 'ഗ്ലൂമി സണ്‍ഡേ' വെട്ടിമാറ്റപ്പെട്ടു. ഗാനത്തിന്‍റെ പൊതു പ്രക്ഷേപണത്തിന് പല യൂറോപ്യന്‍ രാഷ്ട്രങ്ങളും വിലക്ക് ഏര്‍പ്പെടുത്തി. യുദ്ധങ്ങളും വംശഹത്യകളും സംഘര്‍ഷഭരിതമാക്കിയ ഇരുപതാം നൂറ്റാണ്ടിന്‍റെ പൂര്‍വാര്‍ദ്ധത്തില്‍ 'ഗ്ലൂമി സണ്‍ഡേ' എന്ന ഗാനം കേട്ട് യൂറോപ്പിലാകമാനം ധാരാളം വിഷാദരോഗികള്‍ ആത്മഹത്യ ചെയ്തു. സ്വീഡിഷ്, ജാപ്പനീസ്, ചൈനീസ്, ഇംഗ്ലീഷ് ഭാഷകളിലേക്ക് ഈ ഗാനം മൊഴിമാറ്റം ചെയ്യപ്പെട്ടു. 1941 ല്‍ പ്രമേയ വ്യതിയാനം വരുത്തി മൂന്നാമതൊരു ചരണം കൂട്ടിച്ചേര്‍ത്തുവെങ്കിലും ആത്മഹത്യാ ഗാനം എന്ന മുദ്ര മാറിക്കിട്ടിയില്ല. ഈ ഗാനത്തിന്‍റെ ഉദ്ഭവത്തെ പശ്ചാത്തലമാക്കി നിക് ബാര്‍കോവ് എഴുതിയ നോവലില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് റോള്‍ഫ് ഷൂബെല്‍ സംവിധാനം ചെയ്ത ഹംഗറി ചിത്രമാണ് ഗ്ലൂമി സണ്‍ഡേ (1999). ജീവിതത്തോട് പുറം തിരിഞ്ഞു നില്‍ക്കുന്ന ഒരു നാഗരികതയുടെ ഭൂതകാലത്തിലേക്ക് കണ്ണോടിക്കുകയാണ് നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ ലഭിച്ച ഈ ചിത്രം. 

പ്രബലരും ദുര്‍ബലരും അധികാരമുള്ളവരും ഇല്ലാത്തവരും അപകടകരമായ സാമൂഹ്യ രാഷ്ട്രീയാന്തരീക്ഷത്തില്‍ അവരുടെ പ്രണയവും ലൈംഗികതയും എങ്ങനെ പ്രകടിപ്പിക്കുന്നു എന്ന് ലളിതമായി ഈ ചിത്രം പറയുന്നു. യൂറോപ്പിനെ നാസിസത്തിന്‍റെ ദുര്‍ഭൂതം പിടികൂടിയ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ കാലത്തെ രാഗദ്വേഷങ്ങളാണ് ഈ സിനിമ ആവിഷ്കരിക്കുന്നത്. 'ഡോ. ഷിവാഗോ' പോലെ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിലുള്ള പ്രണയ കഥകള്‍ ധാരാളമുണ്ട് ചലച്ചിത്ര ചരിത്രത്തില്‍. പ്രണയ കാമനയുടെയും വഞ്ചനയുടെയും സംഗീതാഭിനിവേശത്തിന്‍റെയും സര്‍വോപരി മനുഷ്യ ചരിത്രത്തിലെ ഏറ്റവും നിഷ്ഠൂരമായ വംശഹത്യയുടെയും പല തലങ്ങളില്‍ സ്പര്‍ശിക്കുന്ന പ്രമേയമാണിത്. 

1990 കളിലെ ബുഡാപെസ്റ്റാണ് ചിത്രത്തിന്‍റെ തുടക്കത്തില്‍ കാണുന്നത്. സാബോ റസ്റ്റോറന്‍റിന്‍റെ ഉടമ ഒരു വിശിഷ്ടാതിഥിയെ കാത്തിരിക്കുകയാണ്. വന്‍കിട ജര്‍മന്‍ വ്യവസായിയായ ഹാന്‍സ് വിക്ക് തന്‍റെ 80 -ാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയില്‍ സാബോ റസ്റ്റോറന്‍റില്‍ ഭാര്യാസമേതം എത്തിച്ചേരുന്നു. യൗവനകാലത്ത് അവിടുത്തെ പതിവുകാരനായിരുന്നു അയാള്‍. അവിടെ സ്ഥിരമായി കേള്‍ക്കാറുണ്ടായിരുന്ന വിഷാദ ഗാനം വയലിനില്‍ വായിക്കാന്‍ അയാള്‍ ആവശ്യപ്പെടുന്നു. ഗാനത്തില്‍ ലയിച്ച് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പിയാനോവിന്‍റെ മുകളില്‍ വെച്ച സുന്ദരിയുടെ ഫോട്ടോ അയാള്‍ തിരിച്ചറിയുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് അയാള്‍ എടുത്ത ഫോട്ടോയായിരുന്നു അത്. അജ്ഞാതമായ ഏതോ ആഘതത്താല്‍ അയാള്‍ കുഴഞ്ഞുവീണ് മരിക്കുന്നു. റസ്റ്റോറന്‍റ് ഉടമ ആ നശിച്ച ഗാനത്തെ ശപിക്കുന്നു. 

തുടര്‍ന്ന് ഫ്ളാഷ്ബാക്ക്. അറുപതു വര്‍ഷം പുറകിലേക്കാണ് സിനിമ കാഴ്ചക്കാരനെ കൊണ്ടു പോകുന്നത്. 1930 കളുടെ ഒടുവില്‍ നാസി അധിനിവേശത്തിനു മുമ്പുള്ള ബുഡാപെസ്റ്റ്. ജൂതനായ റസ്റ്റോറന്‍റ് ഉടമ ലാസ്ലോ, അവിടുത്തെ മുഖ്യ പരിചാരിക ഇലോണ, പിയാനിസ്റ്റ് ആന്‍ഡ്രോസ് എന്നിവരുടെ ത്രികോണ പ്രണയത്തിലൂടെ നാസി അധിനിവേശത്തിന്‍റെ രൂക്ഷ യാഥാര്‍ത്ഥ്യങ്ങളിലേക്ക് പ്രേക്ഷകനെ വലിച്ചിടുവിക്കുകയാണ് ചലച്ചിത്രകാരന്‍. പലരെയും ഓഡിഷന്‍ നടത്തിയ ശേഷം ആന്‍ഡ്രാസിനെ പിയാനിസ്റ്റായി ലാസ്ലോയും ഇലോണയും തെരഞ്ഞെടുക്കുന്നു. ഇലോണയുടെ ജന്മദിനത്തിന് ആന്‍ഡ്രാസ് ഈണമിട്ട പ്രണയഗാനമാണ് 'ഗ്ലൂമി സണ്‍ഡേ'. റേഡിയോ സംഗീത വ്യവസായ രംഗത്തെ മൂന്ന് പ്രമുഖര്‍ ഒരു ദിവസം രാത്രി റസ്റ്റോറന്‍റില്‍ വന്നപ്പോള്‍ അവര്‍ക്ക് മുന്നില്‍ ആന്‍ഡ്രാസ് തന്‍റെ ഗാനം കേള്‍പ്പിക്കുന്നു. പാട്ട് ഇഷ്ടപ്പെട്ട വ്യവസായികള്‍ ലാസ്ലോവുമായി കരാറില്‍ ഏര്‍പ്പെടുന്നു. പ്രക്ഷേപണത്തിന് അവകാശവും വാങ്ങുന്നു. അതോടെ ബുഡാപെസ്റ്റില്‍ നിന്നും ആ ഗാനത്തിന്‍റെ അലകള്‍ രാജ്യം മുഴുവന്‍ പടരുന്നു. വിഷാദഭരിതമായ സംഗീതം ആയിരങ്ങളെ ആകര്‍ഷിക്കുന്നു. പലരും അതിന്‍റെ മാരകമായ പ്രരോദനത്തിനു വഴങ്ങി ആത്മഹത്യ ചെയ്യുന്നു. ഇതോടെ ആന്‍ഡ്രാസില്‍ കുറ്റബോധം വളരുന്നു. ഒടുവില്‍ സ്വയം വെടിവെച്ച് അയാള്‍ ആത്മഹത്യ ചെയ്യുന്നു. ന്യൂസ് റീല്‍ ഫൂട്ടേജിലൂടെ ഈ ഗാനം പടര്‍ത്തിയ ദുരന്തം കാട്ടുന്നുണ്ട് സംവിധായകന്‍. 1930 കളിലെ സാമ്പത്തിക മാന്ദ്യവും നാസി അധിനിവേശം സൃഷ്ടിച്ച അരക്ഷിതാവസ്ഥയും ഈ ഗാനത്തില്‍ നിഴലിച്ചിരുന്നു. ഹിപ്നോട്ടിക് സ്വഭാവമുള്ള ഈ ഗാനത്തിന്‍റെ സ്വാധീനത്തിന് ഈ രാഷ്ട്രീയ സാമൂഹിക സാഹചര്യവും പ്രേരകമായി എന്നു വേണം കരുതാന്‍. 

ബീഫ് റോളിന് പേരുകേട്ട റസ്റ്റോറന്‍റാണ് ലാസ്ലോവിന്‍റേത്. ഹാന്‍സ് വിത്ത് എന്ന ജര്‍മ്മന്‍കാരന്‍ ഈ റസ്റ്റോറന്‍റിലെ നിത്യസന്ദര്‍ശകനായിരുന്നു. അയാളുടെ വിവാഹാഭ്യര്‍ത്ഥന ഇലോണ നിരസിക്കുന്നു. നിരാശനായ ഹാന്‍സ്, ഡാന്യൂബ് നദിയില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നു. എന്നാല്‍, ലാസ്ലോ അയാളെ രക്ഷപെടുത്തുന്നു. എന്തെങ്കിലും പ്രത്യുപകാരം ചെയ്യാമെന്ന് അയാള്‍ ലാസ്ലോക്ക് ഉറപ്പു നല്‍കുന്നുണ്ട്. ജര്‍മ്മനിയിലേക്കു മടങ്ങുന്ന ഹാന്‍സ്, നാസി അധിനിവേശ കാലത്ത് സ്വസ്തിക പച്ച കുത്തിയ കൈയുമായി തിരിച്ചു വരുന്നു. നാസി എസ്. എസ് ബ്രിഗേഡിന്‍റെ കമാന്‍ററാണ് ഇപ്പോള്‍ അയാള്‍. ഹംഗറി നാസികള്‍ പിടിച്ചടക്കിയിട്ടു. റസ്റ്റോറന്‍റ് നല്ല നിലയില്‍ നടന്നു പോവുകയായിരുന്നു. റസ്റ്റോറന്‍റ് ഉടമ ലാസ്ലോ ജൂതനാണെന്ന വസ്തുത കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. ലാസ്ലോവിസിന് പ്രത്യേക പരിഗണന തരാമെന്ന് ഹാന്‍സ് വിക്ക് ഉറപ്പു നല്‍കുന്നുണ്ട്. നാസി വാഴ്ചക്കാലത്തും റസ്റ്റോറന്‍റ് നടത്തിക്കൊണ്ടു പോകുവാന്‍ ഹാന്‍സ് അനുമതിയും നല്‍കുന്നു. 

അഞ്ചു ലക്ഷത്തോളം ജൂതന്മാര്‍ വസിക്കുന്ന രാജ്യമാണ് ഹംഗറി. സമ്പന്നരായ ജൂതന്മാരെ സുരക്ഷിതമായി നാടുകടത്തുന്നതിന് പണം പറ്റുന്നുണ്ട് ഹാന്‍സ്. യുദ്ധത്തിനു ശേഷം തനിക്ക് ഏതെങ്കിലും തരത്തില്‍ സഹായമാകുമെന്നു കരുതുന്ന സമ്പന്ന ജൂതരെ മാത്രമേ അയാള്‍ രക്ഷപ്പെടുത്തുന്നുള്ളൂ. ലാസ്ലോവിനെ രക്ഷിക്കാന്‍ ഹാന്‍സ് തയ്യാറാവുന്നില്ല. ലാസ്ലോവിനെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ കൊണ്ടുപോകുന്നതില്‍ നിന്നും ഹാന്‍സിനെ പിന്തിരിപ്പിക്കാനുള്ള ലോണയുടെ ശ്രമങ്ങള്‍ വിജയിക്കുന്നില്ല. ഗര്‍ഭിണിയായ ഇലോണ രണ്ട് പങ്കാളികളെയും നഷ്ടപ്പെട്ട് റസ്റ്റോറന്‍റില്‍ മടങ്ങിയെത്തുന്നു. ഇവിടെ ഫ്ളാഷ് ബാക്ക് അവസാനിക്കുന്നു. ചിത്രത്തിന്‍റെ തുടക്കത്തില്‍ ഹാന്‍സ് ഹൃദയാഘാതം മൂലം മരിക്കുകയാണെന്നാണ് കാഴ്ചക്കാര്‍ കരുതുന്നത്. ഇവിടെയാണ് ചിത്രത്തിലെ ഞെട്ടിക്കുന്ന സസ്പെന്‍സ്. ഈ സസ്പെന്‍സ് അതിവിദഗ്ദ്ധമായി ചിത്രത്തിന്‍റെ അവസാനം വരെ നിലനിര്‍ത്തുന്നതില്‍ സംവിധായകന്‍ അസാധാരണമായൊരു കൈയൊതുക്കമാണ് കാണിച്ചിരിക്കുന്നത്. പ്രണയനൈരാശ്യത്താല്‍ ആത്മഹത്യക്കുവരെ ഒരുങ്ങുന്ന വ്യക്തിയില്‍ നിന്ന് ഒരു മൃഗത്തിലേക്കുള്ള ഹാന്‍സിന്‍റെ പരിണാമം തികച്ചും വിശ്വസനീയമായി ചിത്രീകരിച്ചിരിക്കുന്നു. 

ഹംഗറിയുടെ ചരിത്രത്തിലെ നിര്‍ണ്ണായകമായ സംഭവങ്ങള്‍ വ്യക്തികളുടെ പശ്ചാത്തലത്തിലേക്ക് ഒതുക്കി അവതരിപ്പിക്കുകയാണ് സംവിധായകന്‍ ഷൂബെല്‍. സംഭാഷണങ്ങളില്‍ ചലച്ചിത്രകാരന്‍ നാസിസത്തിനെതിരായ നിലപാട് പ്രഖ്യാപിക്കുന്നുമുണ്ട്. ന്യൂസിലാന്‍റ് തിയറ്ററില്‍ രണ്ടു വര്‍ഷത്തോളം പ്രദര്‍ശിപ്പിച്ച സിനിമയാണിത്. ബെന്‍ ബെക്കര്‍ ആണ് ഹാന്‍സ് വിക്കിനെ അവതരിപ്പിക്കുന്നത്. നാസി അധിനിവേശക്കാലത്ത് ഹംഗറിയില്‍ അഞ്ചുലക്ഷത്തോളം ജൂതര്‍ ഓപ്പ്വിറ്റ്സിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ എരിഞ്ഞടങ്ങി. ചരിത്രം കണ്ട എക്കാലത്തെയും വലിയ വംശഹത്യയുടെ ഭീകരതയും പ്രണയത്തിന്‍റെ തീവ്രതയും സംഗീതത്തിന്‍റെ മാസ്മരികതയും പ്രേക്ഷകനെ അനുഭവിപ്പിക്കുന്ന ഈ ചിത്രം സമകാലിക ക്ലാസിക് ചിത്രമാണെന്ന് നിസംശയം പറയാം.

 

ഫിലിം ക്ലബ് എസ്. ബി. കോളജ്, ചങ്ങനാശ്ശേരി


അത

0

0

Featured Posts