top of page
I do not particularly like the word ‘work.’ Human beings are the only animals who have to work,
and I think that is the most ridiculous thing in the world’-
Masanobu Fukuoka, The one ........ Revolution.
പകലന്തിയോളം പണിയെടുക്കുന്ന ഒരു കര്‍ഷകന്‍റെ അദ്ധ്വാനസമയം നിശ്ചയിക്കാനോ ആ സമയത്തിനും അദ്ധ്വാനത്തിനും വിലയിടാനോ നമുക്ക് സാധിക്കില്ല. ഒരു ചുരുങ്ങിയ വൃത്തത്തിനുള്ളില്‍ പഴയ പരസ്യവാക്യത്തിലേതുപോലെ 'അദ്ധ്വാനമേ സംതൃപ്തി' എന്ന രീതിയില്‍ ജീവിതം അദ്ധ്വാനിച്ചു തീര്‍ക്കാനാണിന്നു കര്‍ഷകന്‍റെ വിധി. ഇന്നത്തെ കാലത്ത് അദ്ധ്വാനിച്ചു മാത്രം തീരുന്നില്ല എന്നതും ശ്രദ്ധേയമാണ്. അനാവശ്യതൊഴില്‍ സമ്മര്‍ദ്ദങ്ങളും സാഹചര്യപിരിമുറുക്കങ്ങളും ഒപ്പം വിഷലിപ്തമായ ഭക്ഷണക്രമീകരണങ്ങളും കൊണ്ട് പണ്ടെന്നത്തേതിലും രോഗിയായി, ദുരിതമനുഭവിച്ചു തീര്‍ന്നുപോകുകയാണ് കര്‍ഷകന്‍.
കര്‍ഷകനൊരു സാമ്പത്തികശാസ്ത്രം ഉരുത്തിരിഞ്ഞുവരേണ്ട കാലം ഇന്ന് അതിക്രമിച്ചിരിക്കുന്നു. ലോകരാഷ്ട്രങ്ങളില്‍ വികസനത്തിന്‍റെ ആളോഹരി അവകാശപ്പെടാനുള്ളവര്‍ക്കെല്ലാം അവരവലംബിക്കുന്ന കൃത്യമായ ധനതത്വശാസ്ത്രങ്ങളും അവ നടപ്പിലാക്കാനുള്ള സാങ്കേതികശാസ്ത്ര വിദ്യകളും ഇന്ന് സ്വന്തമാണ്.
എന്‍റെ കഴിഞ്ഞ മുപ്പത്തിയഞ്ചു വര്‍ഷത്തെ കാര്‍ഷികപരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഉരുത്തിരിഞ്ഞതും പരീക്ഷിച്ചറിഞ്ഞതും കണ്ടതും കേട്ടതുമായ നിരവധി അനുഭവങ്ങള്‍ എന്നിലെ കര്‍ഷകനെ പരുവപ്പെടുത്തിയിട്ടുണ്ട്. സാംസ്കാരിക ജീര്‍ണത മുതല്‍ വികലമാക്കപ്പെട്ട നയങ്ങളും മനുഷ്യന്‍റെ സ്വാര്‍ത്ഥതയും എല്ലാം കര്‍ഷകന്‍റെ നടുവൊടിക്കുന്നതാണ് എന്നതാണ് വാസ്തവം. നിരവധി സംഘടനകളും പ്രസ്ഥാനങ്ങളും മത-സാമുദായിക- രാഷട്രീയ മേഖലകളില്‍ വന്നുപോയി. ആരംഭദശയിലെ അവരുടെ ആവേശങ്ങള്‍ പിന്നീട് നിഷിപ്തതാത്പര്യങ്ങളില്‍ കുടുങ്ങി ഇല്ലാതാകുന്ന അവസ്ഥ സമീപകാല കേരളം കണ്ടതാണ്.
എവിടെയാണ് നമുക്ക് തെറ്റുപറ്റിയത്? ഇനി നമുക്കാണോ അതോ ഭരണഉദ്യോഗസ്ഥ മേഖലകളില്‍ മാത്രമാണോ തെററുകള്‍ സംഭവിച്ചത്? കര്‍ഷകമനസ്സിനെ ചോദ്യം ചെയ്യലല്ലിത്, അതിലുപരി തിരികെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയാണ്. ചില തിരിച്ചറിവുകളില്‍ നിന്ന് നമുക്കൊരു ഉയിര്‍ത്തെഴുന്നേല്പ് സാധ്യമാണെന്നെന്‍റെ അനുഭവങ്ങള്‍ പറയുന്നു.
"കര്‍ഷകന്‍റെ സാമ്പത്തികശാസ്ത്രം അവനവന്‍ തന്നെ സ്വയം കണ്ടെത്തേണ്ടതാണ്. എനിക്കുള്ളത് മുപ്പത് സെന്‍റ് ആയാലും 30 ഏക്കര്‍ ആയാലും എനിക്ക് പരീക്ഷിച്ചും നിരീക്ഷിച്ചും പഠിക്കാനായാല്‍ അഥവാ അങ്ങനെ പഠിച്ച കര്‍ഷകരെ പഠിക്കാനായാല്‍ എനിക്കു വേണ്ടത് എന്താണെന്നു എനിക്കു സ്വയം രൂപംകൊടുക്കാന്‍ പറ്റും."
ഉദാഹരണത്തിന് ഒരനുഭവം പങ്കുവയ്ക്കാം. ഒരിക്കല്‍ ചക്ക ഒരെണ്ണത്തിന് രണ്ടുരൂപയ്ക്കെടുക്കാം എന്ന് ഞാനുള്‍പ്പെടുന്ന 'ഫാര്‍മേഴ്സ് ക്ലബി'ലെ സുഹൃത്തുക്കള്‍ എന്നോടു പറഞ്ഞു. എന്‍റെ അഭിപ്രായത്തില്‍ ഇന്നത്തെക്കാലത്ത് ഒരു രൂപയ്ക്ക് ഒരു സാധനവും ഒരു കിലോ കിട്ടില്ല. അങ്ങനെയെങ്കില്‍ 10-12 കിലോ തൂക്കം വരുന്ന ഒരു ചക്കയെന്തിനു വെറും രണ്ടു രൂപയ്ക്കു കൊടുക്കണം? ഇന്നിതാ ചക്ക വെറുതെ മൂത്തുപൊട്ടി മണ്ണില്‍ വീണെന്നിരിക്കട്ടെ, അവ അവിടെ കിടന്ന് ചീഞ്ഞ് ജൈവവളമായി മാറും. ലക്ഷക്കണക്കിന് സൂക്ഷ്മാണുക്കളെ ഉത്പാദിപ്പിച്ച് മണ്ണിനെ ഉര്‍വ്വരമാക്കുന്ന ഒന്നാന്തരം ജൈവവളം കുറഞ്ഞത് ഒരു മൂന്നു കിലോ എങ്കിലും എനിക്ക് ഈ ചക്കയില്‍നിന്ന് ലഭിക്കും. ഇന്ന് ജൈവവളം എന്നു വിളിക്കുന്ന സാധനത്തിന് (ജൈവമാകണമെന്നുപോലുമില്ല) മാര്‍ക്കറ്റ് വില കുറഞ്ഞത് കിലോയ്ക്ക് എട്ടുരൂപയാണ്. അതായത് മൂന്നു കിലോ ജൈവവളം വാങ്ങാന്‍ ഞാന്‍ 24 രൂപ കൊടുക്കണം. എന്നാല്‍ രണ്ടു രൂപയ്ക്ക് ചക്ക കൊടുക്കാതിരുന്നാല്‍ 22 രൂപയില്‍ കൂടുതല്‍ ഉപകാരമുള്ള ഒന്നായി അത് രൂപാന്തരം പ്രാപിക്കുന്നു. ഇതില്‍ വലിയ ശാസ്ത്രവും തത്വങ്ങളും ഒന്നുമില്ല. വെറും പ്രായോഗിക ബുദ്ധിമാത്രം. ഈ പ്രായോഗികപരീക്ഷണങ്ങള്‍ക്കാണ് ഓരോ കര്‍ഷകനും സ്വയം മുന്നിട്ടിറങ്ങേണ്ടത്. എങ്കില്‍ മാത്രമേ സ്വന്തം ആവശ്യങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കൂ.
തീര്‍ച്ചയായും ശാസ്ത്രീയ വിശകലനങ്ങളും പഠനങ്ങളും നടക്കണം. എന്നാല്‍ സാധാരണ കര്‍ഷകനെ സംബന്ധിച്ച് അവന്‍ ആഗ്രഹിച്ചാലും ഇല്ലെങ്കിലും നിരവധി പ്രതിസന്ധികളിലൂടെ, സമയം മുതല്‍ സമ്പത്ത് വരെ, അനാരോഗ്യം മുതല്‍ അസമത്വങ്ങള്‍ വരെ കടന്നുപോകാതെ തരമില്ല. ഇതിനിടയില്‍ പഠനങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും കുറഞ്ഞപക്ഷം മെച്ചപ്പെട്ട ഒരു വിത്തിനത്തെ തിരയാനുള്ള സമയം പോലും ലഭിക്കില്ല. ഒരു കാര്‍ഷിക സംഘങ്ങളും സംഘടനകളും ഇതില്‍ താങ്ങാവുമെന്നു കരുതാനാവില്ല. പുതിയ സര്‍ക്കാര്‍ സംവിധാനത്തില്‍ പ്രായോഗികമായി നടപ്പിലാക്കാന്‍ പറ്റിയ പദ്ധതികളെങ്കിലും സമയത്താരംഭിച്ചാല്‍ കാര്യങ്ങള്‍ക്ക് വ്യത്യാസമുണ്ടാകും. എന്നാല്‍ അതൊരു സ്വപ്നം മാത്രമായി അവശേഷിക്കാനാണ് സാധ്യത. കാരണം സമീപകാല ചരിത്രങ്ങള്‍ ശരിവയ്ക്കുന്നതങ്ങനെയാണ്. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ നാം ഇനി കര്‍ഷകന്‍ എന്ന നിലയില്‍ എന്തു ചെയ്യും? ഇതൊരു കൂട്ടായ ചര്‍ച്ചയ്ക്ക് വഴിതുറക്കുമെന്ന് കരുതട്ടെ.