ജോര്ജ് വലിയപാടത്ത്
Oct 4
പള്ളിമണികള്‍ നിറുത്താതെ അടിക്കുന്നു. കൂട്ടമണിയല്ല, മരണമണി. ആരാ മരിച്ചത്? എല്ലാവരും ചോദിച്ചു. ഗ്രാമത്തിലാരും മരിച്ചിട്ടില്ലല്ലോ. ഗ്രാമവാസികള്‍ പള്ളിക്കു മുന്‍പില്‍ കൂടി. ആരാ മരിച്ചത്, അവര്‍ ചോദിച്ചു. ഒരു ഗ്രാമീണന്‍ ഇറങ്ങി വന്നു. "മണിയടിക്കാരന്‍ മരിച്ചോ?" അവര്‍ ചോദിച്ചു. "ഇല്ല. ഞാനാണ് മണിയടിച്ചത്. നീതി മരിച്ചു. അതാണ് മണിയടിച്ചത്."
"ഇവിടത്തെ ജന്മി എന്‍റെ പറമ്പിന്‍റെ അതിര്‍ത്തിക്കല്ലുകള്‍ നിരന്തരം മാറ്റി. എന്‍റെ പറമ്പ് ഇല്ലാതായി. ഞാന്‍ പള്ളിയില്‍ പറഞ്ഞു, അധികാരികളോടു പറഞ്ഞു. ആരും ഒന്നും ചെയ്തില്ല. ഞാന്‍ അയാളുടെ കാലുപിടിച്ചു. എന്നിട്ടും എനിക്കു നീതി കിട്ടിയില്ല. നീതിയുടെ മരണവിവരം മാലോകരെ (Urbi et orbi) അറിയിക്കാനാണ് മണിയടിച്ചത്."
ഇതുമൂലം എല്ലാ പള്ളികളും മണിയടിച്ച് എല്ലാവരേയും അറിയിക്കുമെന്നും പ്രശ്നപരിഹാരം ഉണ്ടാകുമെന്നും അയാള്‍ ധരിച്ചു. ഒന്നും സംഭവിച്ചില്ല. ഗ്രാമീണര്‍ തലയും താഴ്ത്തി തിരിച്ചുപോയി. അയാള്‍ക്ക് എന്തുപറ്റി എന്നും അറിയില്ല.
ജൊസ്സെ സരമാഗു പറയുന്നതാണ് ഈ കഥ. 400 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഫ്ളോറന്‍സില്‍ നടന്നു എന്നു പറയുന്ന കഥ. "പള്ളിമണികള്‍ മരണം മാത്രമല്ല അറിയിച്ചത്. ദിനരാത്രങ്ങളുടെ മണിക്കൂറുകളുടെ മാറ്റവും അറിയിച്ചു. വിശ്വാസികളെ വിളിച്ചുകൂട്ടി. അടുത്തകാലം വരെ ദുരന്തങ്ങള്‍, മലവെള്ളം, തീപിടുത്തം, അപകടങ്ങള്‍ എന്നിവയും അറിയിച്ചു. ഇപ്പോള്‍ ഈ മണികള്‍ക്ക് വെറും അനുഷ്ഠാനപരമായ പ്രസക്തിയേയുള്ളൂ." നീതിയുടെ മരണമറിയിച്ച മണിയടി ഒരു ഭ്രാന്തായി, അല്ലെങ്കില്‍ പൊലീസിന്‍റെ മാത്രം പ്രശ്നമായി. മണി മുഴങ്ങുന്നത് ആര്‍ക്കുവേണ്ടി എന്ന് ഇന്ന് ആരും അന്വേഷിക്കാതായി. നീതിയുടെ മരണമറിയിക്കാന്‍ വേറെ മണികള്‍ ഇടത്തും വലത്തും വന്നു. സാഹചര്യങ്ങളാണ് മനുഷ്യനെ സൃഷ്ടിക്കുന്നതെങ്കില്‍ സാഹചര്യങ്ങള്‍ മാനുഷികമാക്കണം എന്നു മാര്‍ക്സും ഏംഗല്‍സും എഴുതിയിട്ടും കാലമായി. പക്ഷേ ആഗോളവത്കരണത്തിന്‍റെ പൂച്ച മനുഷ്യാവകാശങ്ങളാകുന്ന എലികളെ വിഴുങ്ങുന്നു, ആരും മണിയടിക്കുന്നില്ല.
മത്തായിയുടെ സുവിശേഷപ്രകാരം അന്ത്യവിധിയാളനായ ക്രിസ്തു ഇടത്തും വലത്തുമായി മനുഷ്യരെ സ്വര്‍ഗ്ഗനരകങ്ങള്‍ക്കു വിധിക്കുന്നതിന്‍റെ ഏകമാനദണ്ഡം നീതിയാണ്. "ഈ നീതിമാന്മാര്‍ സ്വര്‍ഗ്ഗരാജ്യത്തിലേക്ക്" പോകുമ്പോള്‍ "അനീതി പ്രവര്‍ത്തിച്ചവരെ" നരകത്തില്‍ തള്ളുന്നു. നീതിയുടെ ശബ്ദമാകേണ്ട പള്ളിമണികള്‍ക്കു പറ്റിയ അപചയം വിമര്‍ശിക്കുന്ന സാരമാഗു പക്ഷേ പുതിയ നീതിയുടെ മണിനാദങ്ങളും പരാജയപ്പെട്ടു എന്നു പറയുന്നു. നീതിയോട് നാഗരികത അന്ധമായതിന്‍റെ ദുരന്തകഥയാണ് അദ്ദേഹത്തിന്‍റെ "ആന്ധ്യം" (Blind) എന്ന നോവല്‍.
അദ്ദേഹം നോബല്‍ പുരസ്കാരം സ്വീകരിച്ചുകൊണ്ട് 1998-ല്‍ പറഞ്ഞു "ഈ എഴുത്തുകാരന്‍ വിചാരിച്ചു, നാം അന്ധരാണെന്ന്. എന്നിട്ട് കുത്തിയിരുന്ന് 'ആന്ധ്യം' എഴുതി. ജീവനെ മാനഭംഗപ്പെടുത്താനും മനുഷ്യ മഹത്വത്തെ നിന്ദിക്കാനും നാം അനുവദിക്കുമ്പോള്‍ നമ്മുടെ ബുദ്ധിയെ വഴിതെറ്റിക്കുകയാണ് എന്നു വായനക്കാരെ ഓര്‍മ്മപ്പെടുത്താന്‍. സാര്‍വ്വത്രിക നുണ ബഹുത്വമാര്‍ന്ന സത്യങ്ങളുടെ സ്ഥാനം കവരുന്നു. തന്‍റെ സഹസൃഷ്ടികളെ ബഹുമാനിക്കാതാകുമ്പോള്‍ മനുഷ്യന്‍ തന്നെത്തന്നെ ആദരിക്കുന്നത് നിറുത്തുന്നു. ബുദ്ധിയുടെ അന്ധത സൃഷ്ടിച്ച ദുര്‍ഭൂതങ്ങളെ ഉച്ചാടനം ചെയ്യാനുള്ള ശ്രമത്തില്‍ ഈ എഴുത്തുകാരന്‍ ലളിതകഥകള്‍ എഴുതാന്‍ തുടങ്ങി: ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ അന്വേഷിക്കുന്ന കഥകള്‍. കാരണം ഒരു കാര്യം എഴുത്തുകാരന്‍ മനസ്സിലാക്കുന്നു: മനുഷ്യജീവിതത്തില്‍ ഇതിനെക്കാള്‍ വലിയ ഒന്നുമില്ല." അദ്ദേഹം തുടര്‍ന്നു: "നാം അന്ധരാണ് എന്നു ഞാന്‍ കരുതുന്നു. കാണാന്‍ കഴിയുന്നവര്‍; പക്ഷേ, കാണാന്‍ കൂട്ടാക്കാത്ത അന്ധന്മാര്‍." വെളുത്ത അന്ധതയുടെ പകര്‍ച്ചവ്യാധി ബാധിച്ച സോദോം ഗൊമോറകളുടെ നഗരകഥകള്‍ വര്‍ദ്ധിക്കുന്നു. സോദോമിലേക്കു വന്ന പരദേശികളെ വേട്ടയ്ക്കു പറ്റിയ ഇരകളായി കണ്ട നാട്ടുകാരെ ദൈവദൂതന്മാര്‍ അന്ധരാക്കി എന്ന് വേദഗ്രന്ഥം സാക്ഷിക്കുന്നു (ഉല്‍പത്തി 19:11). നാഗരികമായ അന്ധത ബാധിച്ച നമുക്ക് "മറ്റു ഗ്രഹങ്ങളിലേക്ക് അവയുടെ കല്ലുകളുടെ ഘടന പഠിക്കാന്‍ യന്ത്രങ്ങള്‍ അയക്കാന്‍ കഴിയും. പക്ഷേ, ദാരിദ്ര്യംകൊണ്ട് മരിക്കുന്ന ദശലക്ഷങ്ങളെ നാം നിര്‍വികാരരായി നോക്കുന്നു. അയല്‍ക്കാരനിലേക്കു പോകുന്നതിനേക്കാള്‍ എളുപ്പം ചൊവ്വയിലേക്ക് പോകുകയാണ്."