top of page

അന്ധതയ്ക്ക് എന്തൊരു സുഖം!

Mar 9, 2020

3 min read

ഷക

save earth

2001 സെപ്റ്റംബര്‍ പതിനൊന്നാം തീയതി അമേരിക്കയിലെ ഇരട്ടഗോപുരങ്ങള്‍ തകര്‍ത്തതിന്‍റെ ഉത്തരവാദിത്വം ഒസാമാ ബിന്‍ലാദന്‍ ഏറ്റെടുത്തുകൊണ്ടുള്ള വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് അമേരിക്കയിലെ സിഖുകാര്‍ അവിടെ പലയിടങ്ങളിലുംവെച്ച് അതിക്രമത്തിനു വിധേയരായി. സിഖുകാര്‍ ധരിച്ച തലപ്പാവിന് അവര്‍ കൊടുക്കേണ്ടിവന്ന വില വലുതായിരുന്നു എന്നാണ് 2001 സെപ്റ്റംബര്‍ പത്തൊന്‍പതാം തീയതിയിലെ ന്യൂയോര്‍ക്ക് ടൈംസ് അഭിപ്രായപ്പെട്ടത്. ബിന്‍ലാദനും സിഖുകാരും തമ്മിലെന്താണു ബന്ധം? ഉത്തരം ലളിതം: അമേരിക്കയിലെ ചില വെള്ളക്കാരുടെ കാഴ്ചയില്‍ ഇരുവരും തമ്മില്‍ സമാനതകള്‍ ഏറെ --രണ്ടുപേരും ഏഷ്യാക്കാര്‍; രണ്ടുപേരും താടിമീശയുള്ളവര്‍; രണ്ടുപേരും തലപ്പാവുധരിച്ചവര്‍!  ഈ സമാനതകള്‍ വിചിത്രമായി നമുക്കു തോന്നുന്നുണ്ടെങ്കില്‍, നാം ചെയ്യുന്നത് എന്താണെന്നുംകൂടെ ഒന്നാലോചിക്കേണ്ടതുണ്ട്. നമ്മുടെ നാട്ടിലെത്തുന്ന എല്ലാ ഉത്തരേന്ത്യന്‍ തൊഴിലാളികളും നമുക്കു 'ഭായി'മാരാണല്ലോ. ബീഹാറിയും ബംഗാളിയും ഉത്തരാഖണ്ഡുകാരനും തമ്മില്‍ വൈജാത്യങ്ങളേറെ ഉള്ളപ്പോഴും നാം അവരെയെല്ലാം ഏകതാനമായ 'ഭായി' എന്ന ക്യാറ്റഗറിയില്‍ ഒതുക്കുകയാണ്. ഏതെങ്കിലും ഒരു അന്യസംസ്ഥാനതൊഴിലാളി എന്തെങ്കിലും അതിക്രമം കാണിച്ചാല്‍, എല്ലാ ഭായിമാരെയും സംശയിക്കാന്‍ അതു നമുക്കു മതിയായ കാരണമായി മാറുകയാണ്.

ബിന്‍ലാദന്‍റെ അല്‍ ഖെയ്ദ അമേരിക്കയിലെ ഗോപുരങ്ങള്‍ തകര്‍ത്തതിനു ശേഷമാണല്ലോ ഇറാഖ് ആക്രമിക്കപ്പെട്ടതും സദ്ദാം ഹുസൈന്‍ വധിക്കപ്പെട്ടതും. ബിന്‍ലാദനും സദ്ദാം ഹുസൈനും തമ്മില്‍ എന്താണു ബന്ധം? അവര്‍ തമ്മില്‍ ബന്ധമുണ്ടെന്ന് അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷ് പറഞ്ഞു, അത്രതന്നെ. "ഭീകരതയ്ക്കെതിരായ യുദ്ധത്തില്‍ അല്‍ഖെയ്ദയെയും സദ്ദാം ഹുസൈനെയും വേര്‍തിരിച്ചു  കാണാനാകില്ലെ"ന്നാണ് ബുഷ് പത്രസമ്മേളനത്തില്‍ പറഞ്ഞത്. 2001ല്‍ അമേരിക്കയിലെ ഗോപുരങ്ങള്‍ തകര്‍ത്തതിനുശേഷം 2003ല്‍ ഇറാഖ് ആക്രമിക്കപ്പെടുന്നതുവരെയുള്ള കാലയളവില്‍, ജോര്‍ജ് ബുഷിന്‍റെയും മറ്റും പരാമര്‍ശങ്ങളില്‍ അല്‍ ഖെയ്ദാ പിന്നാമ്പുറങ്ങളിലേക്കു പോകുകയും ഇറാഖ് കൂടുതല്‍ കൂടുതല്‍ ടാര്‍ഗറ്റഡ് ആകുകയും  ചെയ്തുവെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. അമേരിക്ക-ഇറാഖ് യുദ്ധാനന്തരം നാളിതുവരെ ഏതെങ്കിലും നിഷ്പക്ഷ അന്വേഷണത്തിനു ബിന്‍ലാദനും സദ്ദാം ഹുസൈനും തമ്മില്‍ ഏതെങ്കിലും ബന്ധം കണ്ടെത്താനായില്ല എന്നതു നാം മറന്നുകൂടാ. അപ്പോള്‍ ബുഷിന് സദ്ദാമിനോടു തോന്നിയ പക മാത്രമാണ് ലാദനും സദ്ദാമിനുമിടയില്‍ ഒരു വ്യത്യാസവുമില്ല എന്ന പ്രചരണം നടത്താന്‍ ബുഷിനെ പ്രേരിപ്പിച്ചത്.

ഇതിനു  സമാനമായ അനുഭവങ്ങള്‍ ഇന്നാട്ടിലുമുണ്ട്. തെക്കേ ഇന്ത്യക്കാര്‍ ഉത്തരേന്ത്യയില്‍ പൊതുവേ അറിയപ്പെടുന്നത് മദ്രാസികള്‍ എന്നാണല്ലോ. തമിഴരുടെ ഹിന്ദിവിരുദ്ധ പ്രക്ഷോഭങ്ങളുടെ ഓര്‍മകളൊക്കെ ഇന്നും ചില ഉത്തരേന്ത്യന്‍ മനസ്സുകളില്‍ മായാതെ കിടപ്പുണ്ടാകണം. മലയാളിയും തമിഴനും കന്നഡിഗയും തെലുഗനും എല്ലാം അവരില്‍ ചിലര്‍ക്കെങ്കിലും മദ്രാസികളാണ്. മദ്രാസികളായതു കൊണ്ടുതന്നെ നമുക്ക് ആര്‍ക്കും ഹിന്ദി ഇഷ്ടമല്ലെന്നും അതുകൊണ്ടുതന്നെ നമുക്കു വേണ്ടത്ര ദേശസ്നേഹമില്ലെന്നും ഉള്ള ധാരണ ഇന്നും അവിടെയും ഇവിടെയും ഉത്തരേന്ത്യയില്‍ പച്ചപിടിച്ചു നില്‍പ്പുണ്ട്. ഗോവക്കാരനായ ഒരു ദൈവവചന സന്ന്യാസ വൈദികന്‍ (അദ്ദേഹം കേരളത്തില്‍ പലതവണ വന്നയാളാണ്) ഒരിക്കല്‍ ചോദിച്ചത്, "നിങ്ങള്‍ കേരളത്തിലെ വിദ്യാലയങ്ങളില്‍ ദേശീയഗാനം ആലപിക്കാറില്ലല്ലോ, അല്ലേ?" എന്നാണ്! ഉത്തരേന്ത്യക്കാരുടെ അത്രയും ദേശീയബോധവും ദേശസ്നേഹവും 'മദ്രാസികള്‍'ക്ക് ആര്‍ക്കുമില്ല എന്ന് എത്ര ഉറപ്പാണ് അദ്ദേഹത്തിന്!

ബിന്‍ലാദനും സദ്ദാമും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നു പറയുന്നതും തെക്കേഇന്ത്യയിലെ നാനാഭാഷകള്‍ സംസാരിക്കുന്നവരെല്ലാം മദ്രാസികളാണെന്നു പറയുന്നതും സത്യത്തില്‍ ഒരേ ലോജിക്കില്‍ അധിഷ്ഠിതമാണ്. ഇവര്‍ക്കിടയിലെ വൈജാത്യങ്ങള്‍, അനന്യതകള്‍, നാനാവിധ ലോകവീക്ഷണങ്ങള്‍ എല്ലാം തേച്ചുമായ്ച്ചുകളഞ്ഞിട്ട് എല്ലാവരെയുംകൂടെ ഒരേ കുട്ടയിലിടുകയാണ് അമേരിക്കക്കാരനും ഉത്തരേന്ത്യക്കാരനുമൊക്കെ. (അവിടെയുള്ള എല്ലാവരെയും കുറിച്ചല്ല ഇതു പറയുന്നത് എന്നതു പ്രത്യേകം പ്രസ്താവിക്കേണ്ടതില്ലല്ലോ.)

തങ്ങള്‍ക്കു പരിചയമില്ലാത്ത എല്ലാവരെയുംകൂടെ ഒരേ കുട്ടയിലാക്കുന്ന പരിപാടി എല്ലാ വിഭാഗങ്ങളും ഏറ്റെടുത്തു നടത്തുന്നതു നിത്യകാഴ്ചയാണല്ലോ. നമുക്കു വെളുത്തിരിക്കുന്ന ഏതൊരാളും സായിപ്പും കറുത്തിരിക്കുന്ന ഏതൊരാളും ആഫ്രിക്കക്കാരനുമാണ്. യൂറോപ്പില്‍ കുറച്ചുകൂടി ലൈംഗികസ്വാതന്ത്ര്യമുള്ളതു കൊണ്ട് നാട്ടിലെത്തുന്ന ഏതു വെള്ളക്കാരിയെയും വളയ്ക്കാമെന്നും ഒന്നോ രണ്ടോ നൈജീരിയക്കാര്‍ മയക്കുമരുന്നോടെ പിടിക്കപ്പെട്ടതുകൊണ്ട് കറുത്തവരെല്ലാം കഞ്ചാവാണെന്നും ഉള്ള പെട്ടെന്നുള്ള തീരുമാനങ്ങളിലേക്കും വിധിവാക്യങ്ങളി ലേക്കും മലയാളിയും വീണുപോകുന്നു.

ഇത്തരം 'കാടടച്ചുള്ള വെടികള്‍'ക്കു പിന്നില്‍ ഒരു വസ്തുനിഷ്ഠതയും ഇല്ലെന്നു തെളിയിക്കാന്‍ മറ്റൊരു സംഭവം സഹായകരമായേക്കും. അമേരിക്ക ഇറാഖിനെ ആക്രമിച്ചു തടവുകാരാക്കിയ ഇറാഖികളെ താമസിപ്പിച്ചിരുന്നത് ക്യൂബയിലെ വളരെ കുപ്രസിദ്ധമായ ഗ്വന്തനാമോ തടങ്കല്‍പാളയത്തിലായിരുന്നല്ലോ. അവിടത്തെ കൊടിയ ക്രൂരതകളും നായകളെ അഴിച്ചുവിട്ടു തടവുകാരെ ആക്രമിച്ചതും സമാനതകളില്ലാത്ത മനുഷ്യാവകാശധ്വംസനങ്ങളും ആംനെസ്റ്റിയുടെ കടുത്തവിമര്‍ശനത്തിന് ഇടയാക്കിയിട്ടുള്ളതാണ്. ക്രിസ്റ്റിന്‍ ജെ. ആന്‍ഡേഴ്സന്‍റെ Benign Bigotry എന്ന പുസ്തകത്തില്‍ ഗ്വന്തനാമോ തടവുകാരെക്കുറിച്ചു പറയുന്ന ചില കാര്യങ്ങള്‍ നമ്മുടെ സകല മുന്‍വിധികളെയും വിധിവാക്യങ്ങളെയും സംശയത്തോടെ കാണാന്‍ നമ്മെ പ്രേരിപ്പിക്കുന്നതാണ്. 2004ലെ റെഡ്ക്രോസ് റിപ്പോര്‍ട്ടുപ്രകാരം 70 മുതല്‍ 90 ശതമാനം വരെയുള്ള ഗ്വന്തനാമോ തടവുകാര്‍ തെറ്റിദ്ധാരണകൊണ്ട് തടവുകാരാക്ക പ്പെട്ടതാണത്രേ. ആകെയുള്ള തടവുകാരില്‍ എട്ടുശതമാനം മനുഷ്യര്‍ മാത്രമേ യുദ്ധമേഖലയില്‍നിന്നു പിടിക്കപ്പെട്ടിട്ടുള്ളൂ. ബാക്കിയുള്ള തടവുകാര്‍ ചന്തസ്ഥലങ്ങളില്‍നിന്നോ, വീടുകളില്‍നിന്നോ ഒക്കെ പിടിച്ചുകൊണ്ടു പോകപ്പെട്ടവരാണ്. അഫ്ഗാനിസ്താനില്‍ ഉടനീളം അമേരിക്കന്‍ പട്ടാളം വിതരണം ചെയ്ത ലഘുലേഖകളില്‍ എഴുതപ്പെട്ടത് ഇതായിരുന്നു: "നിങ്ങള്‍ക്കു സ്വപ്നംപോലും കാണാനാകാത്ത പണം സ്വന്തമാക്കാം. കൊലപാതകികളില്‍നിന്നും ഭീകരരില്‍നിന്നും അഫ്ഗാനിസ്താനെ രക്ഷിക്കാന്‍ ഞങ്ങളെ സഹായിക്കൂ... ലക്ഷക്കണക്കിനു ഡോളര്‍ നിങ്ങള്‍ക്കു ലഭിക്കും... നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ഭാവിയിലേക്കു വേണ്ടതു മുഴുവനും നിങ്ങള്‍ക്കു കിട്ടും..." ഈ കെണിയില്‍ വീണുപോയ ചിലര്‍ ഒറ്റിക്കൊടുത്തതുകൊണ്ടാണ് ചിലരൊക്കെ ആ പൈശാചികമായ തടങ്കല്‍പാളയത്തില്‍ എത്തിപ്പെട്ടത്.

ധരിച്ചവസ്ത്രം സമാനമായതുകൊണ്ടോ, താടിയോ മീശയോ വെട്ടിയരീതി ഒന്നായതുകൊണ്ടോ ഒക്കെയാണ് അനേകം നിരപരാധികളുടെ ജീവിതം തെരുവുകളിലും തടങ്കല്‍പാളയങ്ങളിലും വലിച്ചിഴയ്ക്കപ്പെട്ടത്. എന്‍റേതല്ലാത്ത, എന്നില്‍നിന്നു വിഭിന്നമായ, എല്ലാറ്റിനെയും ഒരേ തൊഴുത്തില്‍ കൊണ്ടു കെട്ടിത്തളയ്ക്കാനുള്ള ധാര്‍ഷ്ട്യത്തിനുമുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ കെല്പില്ലാത്തവര്‍ കൊടുക്കേണ്ടിവന്ന വില അചിന്തനീയമാണ്. അന്‍പതോളം വെള്ളക്കാരുടെയും കറുത്തവരുടെയും ശാരീരിക പ്രത്യേകതകള്‍ (താടിയെല്ല്, തലയോട്ടി, കൈനീളം) വിശദമായി പഠിച്ചിട്ട് 1799ല്‍ ബ്രിട്ടീഷ് സര്‍ജനായിരുന്ന ചാള്‍സ് വൈറ്റ് കണ്ടെത്തിയത് ഇതാണ്: "ജെനറ്റിക്കലായി കറുത്തവര്‍ മൃഗങ്ങളോട് വളരെയധികം സമാനതകള്‍ പുലര്‍ത്തുന്നു; വെള്ളക്കാരാകട്ടെ, മൃഗങ്ങളില്‍നിന്നു വലിയ വ്യത്യാസമുള്ളവരുമാണ്." (Jennifer L. Eberhardt എഴുതിയ Biased  എന്ന ഗ്രന്ഥത്തില്‍നിന്നാണ്). ഒരു കുറ്റബോധവും കൂടാതെ കുരങ്ങുകളെ ചാക്കിട്ടുപിടിക്കുന്ന കണക്ക് കറുത്തവരെ പിടിച്ചുകൊണ്ടുപോകാന്‍ വെള്ളക്കാരന് പറ്റിയത് കറുത്തവനെക്കുറിച്ചുള്ള ഈ വിധിതീര്‍പ്പുകൊണ്ടാണ്. ആ വിധിതീര്‍പ്പ് ശുദ്ധ അസംബന്ധമായിരുന്നു എന്നു തിരിച്ചറിയാന്‍ കാത്തുനില്ക്കേണ്ടിവന്നത് ദശകങ്ങളാണ്. അതിനിടയില്‍ നഷ്ടപ്പെട്ടതോ തലമുറകളും. നമ്മോടോ, നമുക്കു പരിചയമുള്ളതിനോടോ പൊരുത്തങ്ങള്‍ ഇല്ലാത്തവരോട് നമ്മള്‍ പുലര്‍ത്തുന്ന മുന്‍വിധികള്‍കൊണ്ട് ഇവിടെ വീണ ചോരയ്ക്ക് കൈയുംകണക്കുമില്ല.

ഇതുവരെ നാം കണ്ടതിന് ഒരു മറുപുറം കൂടിയുണ്ട്. അതു വ്യക്തമാക്കാന്‍ ഹെന്‍റി റ്റാജ്ഫെല്‍ നടത്തിയ ഒരു പരീക്ഷണത്തിന്‍റെ കണ്ടെത്തലുകള്‍ സഹായകരമാകും. (Benign Bigotry എന്ന പുസ്തകത്തില്‍ ഇതിനെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.) മുന്‍പരിചയമൊന്നുമില്ലാത്ത കുറച്ചുപേരോട് ഒരു സ്ക്രീനില്‍ തെളിഞ്ഞ ഡോട്ടുകള്‍ വേഗത്തില്‍ എണ്ണാന്‍ പറയുന്നു. ശരിക്കുള്ള എണ്ണത്തില്‍നിന്ന് വളരെക്കൂടുതല്‍ എണ്ണം പറഞ്ഞവരെ ഒരു ഗ്രൂപ്പിലും വളരെക്കുറച്ച് എണ്ണം പറഞ്ഞവരെ മറ്റൊരു ഗ്രൂപ്പിലുമാക്കുന്നു. ഓരോ ഗ്രൂപ്പിലും ഉള്ള അംഗങ്ങള്‍ക്കിടയില്‍ ഡോട്ടുകളുടെ എണ്ണം എന്ന പൊരുത്തമല്ലാതെ മറ്റൊന്നുമില്ലെന്നതു എടുത്തുപറയേണ്ടതാണ്. ഈ വ്യക്തികള്‍ക്കെല്ലാം കുറെ കാശു കൊടുത്തിട്ട്, തങ്ങളുടെ കൈയിലെ തുകകൊണ്ട് ആരെയെങ്കിലും സഹായിക്കാന്‍ പറയുന്നു. പരീക്ഷണത്തില്‍ കണ്ടെത്തിയതു, തന്‍റെതന്നെ ഗ്രൂപ്പിലുള്ളവരെയാണ് ഓരോരുത്തരും കൂടുതലും സഹായിക്കാന്‍ ശ്രമിച്ചത് എന്നാണ്. മറ്റേ ഗ്രൂപ്പിലെ വ്യക്തികളെ സഹായിച്ചതുകൊണ്ട് ഒരു പ്രശ്നവുമില്ലാതിരുന്നിട്ടും, സ്വന്തം ഗ്രൂപ്പിലുള്ളവര്‍ക്ക് ഒരു മുന്‍പരിചയവുമില്ലാതിരുന്നിട്ടും അവര്‍ സഹായം ചെയ്തത് സ്വന്തം ഗ്രൂപ്പിലുള്ളവര്‍ക്കാണ്. സ്വന്തം ഗ്രൂപ്പിലുള്ളവരോടു വളരെ പൊടുന്നനെ ഒരു മമത ഗ്രൂപ്പംഗങ്ങള്‍ക്കിടയില്‍ ഉടലെടുക്കുകയാണ്.

മതം, പാര്‍ട്ടി, ജാതി തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള ഏതു ഗ്രൂപ്പുകള്‍ക്കുമിടയില്‍ ഇതേ പ്രതിഭാസം വളരെ ശക്തമായി നിലനില്‍ക്കുന്നതു നമുക്ക് അറിവുള്ളതാണല്ലോ. ഖുറാന്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നു വിധിതീര്‍പ്പു കല്പിക്കുന്ന നാം  മറ്റുമതങ്ങളിലെ ദൈവത്തിന്‍റെ പേരിലുള്ള നരഹത്യകള്‍  കാണാതെ പോകുന്നു. 'യേശുവാണ് ഏകരക്ഷകന്‍' എന്നു നാടുമുഴുവന്‍ കേള്‍ക്കേ പറയുന്നതു വിശ്വാസപ്രഘോഷണമായി മാറുകയും 'അള്ളാഹുവാണു സത്യദൈവ'മെന്നു അവര്‍ പറയുന്നത്  തീവ്രവാദമായി ചിന്തിക്കുകയും ചെയ്യുന്നവര്‍ സമൂഹത്തിലുണ്ട്.

യേശുവിന്‍റേതു സമറിയാക്കാരും യഹൂദരും തമ്മില്‍ വലിയ പകയുണ്ടായിരുന്ന കാലമായിരുന്നല്ലോ. എന്നിട്ടും യഹൂദന്മാര്‍ മാത്രം ഓഡിയന്‍സിലുണ്ടായിരുന്ന സമയത്തുപോലും ഒരു നല്ല സമരിയാക്കാരന്‍റെ കഥ പറഞ്ഞുകൊടുത്തയാളാണ് യേശു. നല്ല യഹൂദന്‍റെ കഥ മനഃപൂര്‍വം വേണ്ടെന്നുവയ്ക്കുകയായിരുന്നില്ലേ യേശു?  പഴയകാലചരിത്രം ചികഞ്ഞെടുത്തു വിഴുപ്പലക്കുകയല്ല പോപ്പ് ഫ്രാന്‍സിസ് ചെയ്തത്; പകരം ഒരു പെസഹാവ്യാഴാഴ്ച ഒരു മുസ്ലീം സ്ത്രീയുടെ കാലുകഴുകുകയാണു ചെയ്തത്.  

മാതൃകകള്‍ക്കൊന്നും ഒരു കുറവുമില്ല, നമുക്ക്. പക്ഷേ അതൊക്കെ നോക്കിക്കൊണ്ടിരുന്നാല്‍ സ്വന്തക്കാരുടെ കൈയടിയോ അവരുടെ പിന്‍ബലമോ കിട്ടിയെന്നുവരില്ല. അതുകൊണ്ട് നമുക്കു വട്ടംകൂടിയിരുന്നു നമ്മെക്കുറിച്ച് അഭിമാനിക്കുകയും വെളിയിലുള്ളവരെക്കുറിച്ച് പരിഹസിക്കുകയും ചെയ്യാം. അതിനു നല്ലൊരു സുഖമുണ്ട്. ഈ ഭൂമിയിലെ ഏറ്റവും നല്ല തറവാട് എന്‍റേതാണെന്നു പറയുന്നതുപോലുള്ള ഒരു സുഖം. ശരിയാണ്, അന്ധതയ്ക്കുതന്നെയാണ് ഒരു സുഖം.

ഇത്തരത്തില്‍ ജാതി-മതി-വര്‍ഗ്ഗ വാദങ്ങളും പ്രതിവാദങ്ങളുമായി നാം ചേരിതിരിയുമ്പോള്‍ നമുക്കു നഷ്ടമാകുന്നത് നമ്മുടെ വര്‍ത്തമാനവും ഭാവിയുമാണെന്നു നാം മറന്നുപോകുന്നുണ്ടോ? ഭരണഘടന വിഭാവനം ചെയ്യുന്ന ഒരു മതേതര ഇന്ത്യയുടെ നിര്‍മാണത്തില്‍ കഴിയാവുന്നതു ചെയ്ത് അന്ധതയ്ക്കു കീഴ്പ്പെടാതെ വെളിച്ചത്തിന്‍റെ വക്താക്കളാകാം.      


ഷക

0

0

Featured Posts